Tuesday, March 4, 2014

'സൈക്കോ' യും ഹിച്ച്‌കോക്കും

സസ്‌പെൻസ് ത്രില്ലറായ
'സൈക്കോ ' യുടെ 
നിർമാണവേളയിൽ 
സംവിധായകൻ ഹിച്ച്‌കോക്ക് 
കടന്നുപോയ മാനസിക 
സംഘർഷത്തിലേക്ക് 
എത്തിനോക്കുന്നു 
 'ഹിച്ച്‌കോക്ക് ' എന്ന 
ഇംഗ്ലീഷ് സിനിമ 



സസ്‌പെൻസ് ത്രില്ലർ ചിത്രങ്ങളുടെ മാസ്റ്ററായ  ആൽഫ്രഡ് ഹിച്ച്‌കോക്ക് നാല്പത്തിയാറാമത് ചിത്രമായ 'നോർത്ത് ബൈ നോർത്ത് വെസ്റ്റി'ന്റെ ആദ്യപ്രദർശനവേളയിലാണ്  ഒരു പത്രപ്രവർത്തകനിൽ നിന്ന്  അപ്രതീക്ഷിതമായ ആ ചോദ്യം നേരിട്ടത്. 'അറുപത് വയസ്സായില്ലേ, ഇനി നിർത്തിക്കൂടേ സിനിമ? '. ഓരോ സിനിമയുടെയും നിർമാണത്തിൽ ഒപ്പം നിൽക്കുന്ന ഭാര്യയുണ്ട് തൊട്ടടുത്ത്. ചോദ്യത്തിനു മുന്നിൽ ഹിച്ച് നിശ്ശബ്ദനാകുന്നു. പക്ഷേ,  അറുപതിലും തന്റെ പ്രതിഭ വറ്റിയിട്ടില്ലെന്ന് ഹിച്ച്‌കോക്ക് ഏതാനും മാസത്തിനകം വിമർശകർക്ക് കാട്ടിക്കൊടുത്തു. ആ സിനിമയാണ്  'സൈക്കോ'. ലോകത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇതിനെ നിരൂപകർ വിശേഷിപ്പിക്കുന്നത്.
   
റോബർട്ട് ബ്‌ളോക്കിന്റെ 'സൈക്കോ' എന്ന നോവലാണ് സിനിമയായി മാറിയത്.  ജോസഫ് സ്റ്റെഫാനോ തിരക്കഥ രചിച്ചു. 1959നവംബർ 11 ന് ചിത്രീകരണം തുടങ്ങി. 1960 ഫിബ്രവരി ഒന്നിന് അവസാനിച്ചു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രത്തിന്റെ ഭാഗം.
   വൻകിട നിർമാണക്കമ്പനികൾ നിർദേശിച്ച സിനിമകൾ തള്ളിയാണ് ഹിച്ച്‌കോക്ക്  'സൈക്കോ' എന്ന സ്വന്തം പ്രോജക്ടുമായി മുന്നോട്ടുപോയത്. 'നോർത്ത് ബൈ നോർത്ത് വെസ്റ്റ് ' മാതൃകയിലുള്ള ചാരക്കഥകൾ  സിനിമയാക്കാനായിരുന്നു നിർമാണക്കമ്പനികൾക്ക് താല്പര്യം. ഹിച്ച് അതിനോട് യോജിച്ചില്ല. പ്രേക്ഷകർ ഞെട്ടുന്ന ഒരു സിനിമ. വളരെ വ്യത്യസ്തമായ ഒന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കമ്പനികൾ പിന്മാറിയപ്പോൾ ചിത്രനിർമാണം ഹിച്ച് തന്നെ ഏറ്റെടുത്തു. സിനിമയുടെ വിശദാംശങ്ങൾ ആരും അറിയാതിരിക്കാൻ ഹിച്ച് ശ്രദ്ധിച്ചു. സിനിമയുടെ സസ്‌പെൻസ് പൊളിയാതിരിക്കാൻ അദ്ദേഹം ആദ്യം ചെയ്തത് പുസ്തകശാലകളിൽ നിന്ന് 'സൈക്കോ' എന്ന നോവലിനെ നാടുകടത്തുകയായിരുന്നു. 'സൈക്കോ'യുടെ കോപ്പി എവിടെക്കണ്ടാലും അതു വാങ്ങിക്കൂട്ടാൻ അദ്ദേഹം സെക്രട്ടറിക്ക് നിർദേശം നൽകി.  എട്ട് ലക്ഷം ഡോളറാണ്  സിനിമക്ക് ചെലവ് പ്രതീക്ഷിച്ചത്. നീന്തൽക്കുളമടക്കം എല്ലാ സൗകര്യങ്ങളുമുള്ള  വീട് പണയപ്പെടുത്തിയാണ് ഹിച്ച് ദമ്പതിമാർ സാഹസത്തിനു മുതിർന്നത്. വിതരണാവകാശം മാത്രം ഒരു നിർമാണക്കമ്പനിക്ക് കൊടുത്തു.
    'സൈക്കോ' യുടെ നിർമാണവേളയിൽ ഹിച്ച്‌കോക്ക് നേരിടേണ്ടിവന്ന സംഘർഷത്തിന്റെ  കഥ പറയുന്ന സിനിമയാണ് 2012 ന്റെ ഒടുവിലിറങ്ങിയ 'ഹിച്ച്‌കോക്ക്'. സിനിമക്കുള്ളിൽ മറ്റൊരു സിനിമ. ബ്രിട്ടീഷ് വംശജനായ സംവിധായകൻ ഹിച്ച്‌കോക്കിന്റെ ആത്മകഥയുടെ ഒരു ഭാഗം എന്നുവേണമെങ്കിൽ  ഈ സിനിമയെ വിശേഷിപ്പിക്കാം. സിനിമയുടെ സാക്ഷാത്കാരത്തിൽ ഹിച്ച് സ്വീകരിക്കുന്ന രീതികൾ, അഭിനേതാക്കളുമായുള്ള ബന്ധം, പ്രേക്ഷകതാത്പര്യങ്ങൾക്ക് നൽകുന്ന ഊന്നൽ, തെറ്റിദ്ധാരണയുടെ പേരിൽ ഭാര്യയുമായുണ്ടായ ചെറിയൊരു അകൽച്ച തുടങ്ങിയ കാര്യങ്ങളാണ് ഒന്നര മണിക്കൂർ നീണ്ട 'ഹിച്ച്‌കോക്ക് ' എന്ന അമേരിക്കൻ ചിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ അലക്‌സാണ്ടർ സച്ചാ സൈമൺ ഗെർവസിയാണ് ഇതിന്റെ സംവിധായകൻ. സ്റ്റീഫൻ റെബല്ലോയുടെ 'ആൽഫ്രഡ് ഹിച്ച്‌കോക്ക്  ആൻഡ് ദ മേക്കിങ് ഓഫ് സൈക്കോ' എന്ന ഗ്രന്ഥമാണ്  'ഹിച്ച്‌കോക്ക് ' എന്ന സിനിമയ്ക്കാധാരം.
 
   1959 ജൂലായ് എട്ടിന് ഷിക്കാഗോവിലാണ് സിനിമ തുടങ്ങുന്നത്. 'നോർത്ത് ബൈ നോർത്ത് വെസ്റ്റി' ന്റെ അവിശ്വസനീയമായ വിജയത്തിൽ ആഹഌദിക്കുകയായിരുന്ന ഹിച്ച്‌കോക്കിന് അപ്രതീക്ഷിതമായാണ് പത്രപ്രവർത്തകന്റെ ചോദ്യം നേരിടേണ്ടിവന്നത്. ഹിച്ചിന്റെയും ഭാര്യ അൽമയുടെയും മുഖം മാറിമാറിക്കാട്ടുന്ന ക്യാമറ തുടർന്ന് അവരുടെ വീട്ടിലേക്കാണ് നീങ്ങുന്നത്. അവിടെ വെച്ചാണ് ഹിച്ച് പത്രപ്രവർത്തകന്റെ ചോദ്യത്തിന് സ്വയം മറുപടി തേടുന്നത്.  തനിക്ക് പ്രായമായോ എന്ന ചോദ്യത്തിന് ഭാര്യ നൽകുന്ന സ്‌നേഹം കലർന്ന പരിഹാസം ഹിച്ചിന്റെ ആത്മവിശ്വാസത്തിന്  ഒട്ടും പോറലേല്പിക്കുന്നില്ല. 'സൈക്കോ' വായനയിൽ മുഴുകിയ ഹിച്ച് തന്റെ അടുത്ത സിനിമ ഏതെന്ന് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അക്കാലത്തെ പ്രമുഖ സിനിമാ നിർമാണക്കമ്പനിയെ സമീപിച്ചപ്പോൾ അവർക്ക് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഹിച്ചിന് ബോധ്യമായി. സിനിമ നിർമിക്കാൻ എട്ടു ലക്ഷം ഡോളർ വേണം. വീട് പണയപ്പെടുത്തുകയേ വഴിയുള്ളു. ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങിയവരാണ് തങ്ങൾ എന്ന് ഹിച്ച് ഭാര്യയെ ഓർമപ്പെടുത്തുന്നു. സിനിമയുടെ പല പുതുവഴികളും പരീക്ഷിച്ചു. ചിലതിൽ തോറ്റു. ചിലതിൽ വിജയിച്ചു.  ആദ്യകാലത്ത് നൽകിയിരുന്ന അതേ സ്വാതന്ത്ര്യം 'സൈക്കോ ' യുടെ കാര്യത്തിലും തനിക്ക് നൽകണമെന്ന് അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടു. സിനിമയുടെ ഇതിവൃത്തത്തോട് വലിയ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഹിച്ച് എന്ന പ്രതിഭയിൽ അൽമക്ക് സംശയമേയുണ്ടായിരുന്നില്ല. ചെലവുചുരുക്കി നമുക്ക് ജീവിക്കാമെന്ന് അവർ പറയുന്നു. ഷൂട്ടിങ് തുടങ്ങുംമുമ്പ് ഹിച്ച്‌കോക്ക് താരങ്ങളെയും സാങ്കേതികവിദഗ്ധരെയുംകൈാണ്ട്  സത്യപ്രതിജ്ഞയെടുപ്പിക്കുന്നു. സിനിമയുടെ ഇതിവൃത്തമോ അതിലെ നിഗൂഢതകളോ ആരോടും വെളിപ്പെടുത്തില്ല എന്നതായിരുന്നു പ്രതിജ്ഞ. അന്നത്തെ യു.എസ്. പ്രസിഡന്റ് ഐസനോവറോടുപോലും സിനിമയെപ്പറ്റി ഒന്നും മിണ്ടരുതെന്നായിരുന്നു ഹിച്ചിന്റെ ആജ്ഞ. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന വിതരണക്കാരന്റെ ആവശ്യം നിഷ്‌കരുണം തള്ളാൻപോലും അദ്ദേഹം ധൈര്യം കാണിച്ചു. സിനിമ പൂർത്തിയായപ്പോൾ തിയേറ്റർ ഉടമകൾക്കും കിട്ടി ഹിച്ചിന്റെ ഉഗ്രശാസന:  സിനിമ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ  ഒറ്റയാളെപ്പോലും തിയേറ്ററിൽ കയറ്റരുത്. തുടക്കത്തിൽ, കുളിമുറിയിലെ കൊലപാതകരംഗം കാണാൻ കഴിയാത്ത പ്രേക്ഷകർക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തോന്നും എന്നായിരുന്നു ഇതിന് ഹിച്ച് കണ്ടെത്തിയ ന്യായം. ആദ്യപ്രദർശനത്തിന് ഭാര്യയോടൊപ്പം ഹിച്ച് തിയേറ്ററിലെത്തുന്നു. ആദ്യം അദ്ദേഹം പോകുന്നത് പ്രൊജക്ഷൻ റൂമിലേക്കാണ്. പിന്നീട് പുറത്തുവന്ന് കാണികളുടെ  പ്രതികരണമറിയാൻ കാതോർക്കുന്നു. ഭയം കൊണ്ട് ആളുകൾ ആർത്തുവിളിക്കുമ്പോൾ ഹിച്ച്‌കോക്കിന്റെ മുഖം തെളിയുന്നു.
    'സൈക്കോ' യിലെ അവിസ്മരണീയമായ ചില രംഗങ്ങൾ 'ഹിച്ച്‌കോക്കി'ൽ പുനരാവിഷ്‌കരിക്കുന്നുണ്ട്.  മോട്ടലിലെ കുളിമുറിയിൽ നടന്ന ആദ്യത്തെ കൊലപാതകമാണ് ഇതിൽ പ്രധാനം. ഭീതിദമായ ആ രംഗവും അപ്പോഴുപയോഗിച്ച പശ്ചാത്തലസംഗീതത്തിന്റെ ആവർത്തനവും  നമ്മളെ ' സൈക്കോ'യുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.  
   സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ മാത്രമല്ല എഴുത്തുകാരി കൂടിയായ അൽമ റിവെലിന്റെ ഭർത്താവ് എന്ന നിലയിലും ആൽഫ്രെഡ് ഹിച്ച്‌കോക്കിന്റെ വ്യക്തിത്വം വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഈ സിനിമ. മൂന്നു പതിറ്റാണ്ട് എല്ലാ സിനിമകളിലും സഹകരിച്ച് , താഴ്ചയിലും ഉയർച്ചയിലും ഹിച്ചിന്റെ കൂടെ നിന്നവളാണ്  അൽമ. എന്നിട്ടും, തിരക്കഥാകൃത്തായ വിറ്റ്ഫീൽഡുമായുള്ള അൽമയുടെ സൗഹൃദത്തിൽ ഹിച്ച് സംശയാലുവാകുന്നു.
   'സൈക്കോ ' ഉയർത്തിയ വെല്ലുവിളി ഹിച്ച് നേരിടുന്നുണ്ട്. പക്ഷേ, അൽമയുടെ ചെറിയൊരു അടുപ്പക്കുറവുപോലും അദ്ദേഹത്തിനു താങ്ങാനാവുന്നില്ല. എല്ലാ തെറ്റിദ്ധാരണയും അകലുമ്പോൾ ഹിച്ച് കൂടുതൽ ഉന്മേഷവാനാകുന്നു.  ആറ് സിനിമകൾ കൂടി ഹിച്ച്‌കോക്ക് പിന്നീട് സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ, 'സൈക്കോ' നേടിയ വിജയത്തിനടുത്തൊന്നും എത്തിയില്ല ഈ ചിത്രങ്ങൾ.
 
  തന്റെ ചില നായികമാരോട് ഹിച്ച് പ്രത്യേക അടുപ്പം കാണിച്ചിരുന്നതായി ചെറിയൊരു സൂചന നൽകുന്നുണ്ട്  'ഹിച്ച്‌കോക്ക് ' എന്ന സിനിമ. അൽമ തന്നെ ഒരുഘട്ടത്തിൽ ഇക്കാര്യം ഓർമപ്പെടുത്തുന്നുണ്ട്. എങ്കിലും, വിശദാംശങ്ങളിലേക്ക് പോകാൻ 'ഹിച്ച്‌കോക്കി'ന്റെ സംവിധായകൻ താത്പര്യം കാട്ടുന്നില്ല. അതേസമയം, 2012 ൽത്തന്നെ നിർമിച്ച  'ദ ഗേൾ' എന്ന ബ്രിട്ടീഷ് ടി.വി. സിനിമ ഹിച്ച്‌കോക്കിനെ  പെൺവിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യംചെയ്യുന്നു.
   ഡൊണാൾഡ് സ്‌പോട്ടോയുടെ 'സ്‌പെൽബൗണ്ട് ബ്യൂട്ടി: ആൽഫ്രെഡ് ഹിച്ച്‌കോക്ക് ആൻഡ് ഹിസ് ലീഡിങ് ലേഡീസ് ' എന്ന പുസ്തകം ആസ്പദമാക്കി ജൂലിയൻ ജറോൾഡ് സംവിധാനം ചെയ്ത സിനിമയാണ് 'ദ ഗേൾ'. ഹിച്ചിന്റെ 'ദ ബേഡ്‌സ് ' എന്ന ചിത്രത്തിലെ നായികയായിരുന്ന ടിപ്പി ഹെഡ്രൻ എന്ന അമേരിക്കൻ നടിയുമായുള്ള അതിരുവിട്ട ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഹിച്ചിന്റെ ആഗ്രഹങ്ങൾക്ക് എതിരുനിന്നതിനാൽ തന്റെ സിനിമാജീവിതം അദ്ദേഹം തകർത്തതായി ഹെഡ്രൻ ആരോപിക്കുന്നു. ഹിച്ച് തന്നെ ഭ്രാന്താലയത്തിൽ തള്ളി എന്നാണ് ഹെഡ്രൻ കുറ്റപ്പെടുത്തുന്നത്. കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും ഹിച്ച് എന്ന സംവിധായകനോടുള്ള ബഹുമാനം അവർ മറച്ചുവെച്ചില്ല.
    'ദ ഗേളി'ൽ  വസ്തുതകളെല്ലാം വളച്ചൊടിച്ചതാണെന്നാണ് ഹിച്ചിന്റെ ആരാധകരും സഹപ്രവർത്തകരും ചില നായികമാരും കുറ്റപ്പെടുത്തുന്നത്.  84 വയസ്സുള്ള നടി ഹെഡ്രൻ പക്ഷേ, തന്റെ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.