ജോണ്‍ ബാപ്‌റ്റിസ് ഗ്രെനവി. ഫ്രാന്‍സിലെ പാരീസില്‍ മീന്‍മാര്‍ക്കറ്റിലാണ് അമ്മ അവനെ പെറ്റിട്ടത്. പെറ്റദിവസം തന്നെ ഉപേക്ഷിക്കുകയും ചെയ്‌തു. വൃത്തികെട്ട മണം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ, ആ കുഞ്ഞിന്‍െറ മൂക്കു വിടര്‍ന്നത് ദുര്‍ഗന്ധത്തിലേക്കായിരുന്നില്ല, ഭൂമിയുടെ സുഗന്ധത്തിലേക്കായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും വിജനതയിലും അവന്‍ തിരഞ്ഞത് സുഗന്ധമാണ്. എത്ര അകലെ നിന്നും ഒരു വസ്‌തുവിന്‍െറ മണം പിടിച്ചെടുക്കാന്‍ ഗ്രെനവിക്ക് അപാര സിദ്ധിയുണ്ടായിരുന്നു. അഞ്ചുവയസ്സുവരെ അവന്‍ സംസാരിച്ചിരുന്നില്ല. വാക്കുകള്‍ അവനെ വിട്ടകന്നു നിന്നു. കിട്ടുന്നതെല്ലാം അവന്‍ മണത്തുനോക്കി. ആ മണം ഓര്‍മയിലെവിടെയോ കുറിച്ചിട്ടു.
അനാഥാലയത്തിലായിരുന്നു ഗ്രെനവിയുടെ ബാല്യം. പതിമ്മൂന്നാം വയസ്സില്‍ അനാഥാലയ നടത്തിപ്പുകാരി അവനെ വിറ്റു. തുകല്‍ ഊറയ്‌ക്കിടുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ് അവനെ വാങ്ങിയത്. വേനലിലും ശൈത്യത്തിലും ഒരുപോലെ അവന്‍ നിത്യവും പതിനഞ്ചും പതിനാറും മണിക്കൂര്‍ പണിയെടുത്തു. ഇപ്പോഴവന് സംസാരിക്കാനറിയാം. അകലെയുള്ള മരം, പുല്ല്, വെള്ളം, വെള്ളത്തിലെ കല്ലില്‍ പതുങ്ങിയിരിക്കുന്ന തവള എന്നിവയെയൊക്കെ അവന്‍ ഘ്രാണശക്തിയിലൂടെ തിരിച്ചറിയും. തുകല്‍ ഫാക്ടറിയില്‍ ഒടുങ്ങാനുള്ളതല്ല തന്‍െറ ജീവിതമെന്ന് ക്രമേണ അവനു ബോധ്യമാവുന്നു. ഇറ്റാലിയന്‍ സുഗന്ധ വ്യാപാരിയായ ഗിസപ് ബാള്‍ഡീനിയുടെ സഹായിയായി മാറുന്നു അവന്‍. പരിമളം വിറ്റ് സമ്പത്ത് കൊയ്‌തയാളാണ് ബാള്‍ഡീനി. ഇപ്പോളയാളുടെ സുഗന്ധ തൈലങ്ങള്‍ക്ക് മാര്‍ക്കറ്റില്ല. പുതിയൊരു സുഗന്ധക്കൂട്ട് നിര്‍മിക്കാനുള്ള ശ്രമത്തിലാണയാള്‍. സെന്‍സേഷണലായ ഒരു പെര്‍ഫ്യൂം. താനത് ഉണ്ടാക്കിക്കൊടുക്കാമെന്ന് ഗ്രെനവി ഏല്‍ക്കുന്നു. ആരെയും മദിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ആ സുഗന്ധതൈലം അവന്‍ ഉണ്ടാക്കിക്കൊടുക്കുന്നു. ബാള്‍ഡീനിയില്‍ നിന്ന് അവനൊരു കാര്യം പഠിക്കേണ്ടിയിരുന്നു. തന്‍െറ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്ന ഗന്ധം എങ്ങനെ ഒരിക്കലും നഷ്‌ടപ്പെടാതെ സൂക്ഷിച്ചുവെക്കാം എന്ന കാര്യം. പക്ഷേ, ബാള്‍ഡീനിക്ക് അതിനു മറുപടിയില്ലായിരുന്നു. സുഗന്ധങ്ങളുടെ നിഗൂഢത തനിക്കിപ്പോഴും അന്യമാണെന്ന് അയാള്‍ തുറന്നുപറയുന്നു.
ഗ്രെനവി ബാള്‍ഡീനിയെ വിട്ട് തന്‍െറ യാത്ര തുടങ്ങുകയാണ്. സുഗന്ധങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന ഗാസ് എന്ന പട്ടണത്തിലേക്കായിരുന്നു ആ യാത്ര. പരിമളങ്ങളുടെ വാഗ്‌ദത്ത ഭൂമിയായിരുന്നു ഗാസ്. സുഗന്ധ തൈലമുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ അവന്‍ ജോലി നേടുന്നു. പുതിയ പുതിയ ഗന്ധങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു. സുന്ദരിമാരായ യുവതികളുടെ ശരീരസുഗന്ധം അവനെ ആകര്‍ഷിച്ചു. അവരുടെ ശരീരത്തോട് അവനൊട്ടും അഭിനിവേശമുണ്ടായിരുന്നില്ല. തലയ്‌ക്കടിച്ചുകൊന്നശേഷം സുഗന്ധം പകര്‍ന്നെടുത്ത് അവന്‍ ആ നഗ്‌നനശരീരങ്ങള്‍ ഉപേക്ഷിച്ചു. സ്‌ത്രീഗന്ധം ഊറ്റിയെടുത്ത് പല ചേരുവകള്‍ ചേര്‍ത്ത് വാറ്റി അവന്‍ പുതിയ സുഗന്ധക്കൂട്ടുകള്‍ നിര്‍മിച്ചു. മനുഷ്യരാശിയെ ഉന്മാദം കൊള്ളിക്കുന്ന പുതിയൊരു സുഗന്ധതൈലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയതും ഭരണകൂടം അവനു വിലങ്ങിട്ടു.
വധശിക്ഷയാണ് അവനു വിധിച്ചത്. പക്ഷേ, വിധി നടപ്പാക്കുന്ന ദിവസം ജനം അവനെ തിരിച്ചറിയുന്നു. താന്‍ നിര്‍മിച്ച എല്ലാ സുഗന്ധ തൈലങ്ങളും ചേര്‍ത്തുണ്ടാക്കിയ പുതിയ പരിമളം തൂവാലയില്‍ പകര്‍ന്ന് അവന്‍ ജനക്കൂട്ടത്തിനു നല്‌കുന്നു. അതിന്‍െറ ലഹരിയില്‍ ജനം സ്വയം മറക്കുന്നു. `ചെകുത്താന്‍' എന്ന് ആക്രോശിച്ച അവര്‍ അവനെ `മാലാഖ' എന്ന് വാഴ്‌ത്തി. പരിസരബോധം നഷ്‌ടപ്പെട്ട അവര്‍ ആനന്ദനിര്‍വൃതിയില്‍ ഇണകളെ ആലിംഗനം ചെയ്‌തു. തുറസ്സായ സ്ഥലത്ത്, ഉന്മാദത്തോടെ അവര്‍ രതിക്രീഡയിലേര്‍പ്പെട്ടു. ഭരണകൂടം തെറ്റുതിരുത്തി അവനെ മോചിപ്പിക്കുന്നു.
130 മിനിറ്റു നീണ്ട `പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ എന്ന ഹോളിവുഡ് സിനിമ ഈ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ജര്‍മന്‍കാരനായ ടോം ടൈക്‌വെര്‍ ആണ് സംവിധായകന്‍. പ്രശസ്‌ത ജര്‍മന്‍ എഴുത്തുകാരനായ പാട്രിക് സസ്‌കിന്‍ഡ് 1985 ല്‍ എഴുതിയ `പെര്‍ഫ്യൂം' എന്ന നോവലിന്‍െറ ദൃശ്യസാക്ഷാത്‌കാരമാണീ സിനിമ. ബെസ്റ്റ് സെല്ലറായിരുന്നു ഈ നോവല്‍. 45 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഇതിന്‍െറ ചലച്ചിത്രാവിഷ്‌ക്കാരം നടന്നത് 2006 ന്‍െറ ഒടുവിലാണ്.��സിനിമയില്‍ ദൃശ്യവത്‌കരിക്കാന്‍ കഴിയാത്ത ഒന്നാണ് ഗന്ധം. അതുകൊണ്ടുതന്നെ തന്‍െറ കൃതി സിനിമയാക്കുന്നതില്‍ നോവലിസ്റ്റിന് ഏറെ ആശങ്കയുണ്ടായിരുന്നു. `റണ്‍ ലോല റണ്‍' എന്ന സിനിമയിലൂടെ പ്രശസ്‌തനായ ടോം ടൈക്‌വെര്‍ പക്ഷേ, നോവലിസ്റ്റിന്‍െറ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കളഞ്ഞു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ, ക്യാമറയുടെ ചലനങ്ങളിലൂടെ, പശ്ചാത്തല സംഗീതത്തിലൂടെ ഗന്ധത്തിന്‍െറ സാന്നിധ്യം പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നുണ്ട്. സെക്‌സ്, ക്രൈം, സസെ്‌പന്‍സ് എന്നിവയെല്ലാം ചേര്‍ന്ന ഈ സിനിമ പതിവ് ഹോളിവുഡ് മസാലക്കൂട്ടില്‍ നിന്നും വ്യത്യസ്‌തമാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലാണ് കഥ നടക്കുന്നത്. ജോണ്‍ ബാപ്‌റ്റിസ്‌ഗ്രെനവി എന്ന ചെറുപ്പക്കാരന്‍െറ ഇരുട്ടിലാണ്ട മുഖദൃശ്യത്തില്‍ നിന്ന് സിനിമ തുടങ്ങുന്നു. അവന്‍െറ മൂക്കുമാത്രം നമുക്കുകാണാം. ദുര്‍ഗന്ധത്തില്‍ പിറന്ന അവന്‍െറയാത്ര ജീവന്‍െറ സുഗന്ധം തേടിയായിരുന്നു. വിശിഷ്‌ടമായ ഒരു പരിമളം ലോകത്തിന് സമ്മാനിച്ചാണ് അവന്‍ തന്‍െറ ജീവിതദൗത്യം പൂര്‍ത്തിയാക്കുന്നത്. തനിക്ക് ജന്മമേകിയ മീന്‍മാര്‍ക്കറ്റിലാണവന്‍ അവസാനം തിരിച്ചെത്തുന്നത്. കൈയില്‍ കരുതിവെച്ച സുഗന്ധതൈലം തലയിലൊഴിക്കുന്നു അവന്‍. അതോടെ ആള്‍ക്കൂട്ടം അവനെ ആലിംഗനം ചെയ്യുകയായി. ആ ആലിംഗനത്തിന്‍െറ ഒടുവില്‍ അവന്‍െറ ദേഹം അപ്രത്യക്ഷമാകുന്നു. വീണുകിടക്കുന്ന സുഗന്ധ തൈലക്കുപ്പിയില്‍ അവശേഷിക്കുന്ന ഒരുതുള്ളി ഭൂമിയില്‍ പതിക്കുന്നു. ഇവിടെ സിനിമയ്‌ക്ക് ഒരാത്മീയതലം കൂടികൈവരുന്നു. സ്വന്തം അസ്‌തിത്വം മറന്ന് ഭൂമിയുടെ സുഗന്ധമാവാന്‍ ആഗ്രഹിച്ച ഒരാളുടെ സ്വയം നഷ്‌ടപ്പെടലാണ് ഇവിടെ നടക്കുന്നത്.