Tuesday, November 22, 2011

ചെയുടെ ഗറില്ലാ ജീവിതം


ക്യൂബയിലും ബൊളീവിയയിലും ഗറില്ലാ പോരാട്ടം നയിച്ച ചെഗുവേരയുടെ ആദ്യനാളുകളെ ആസ്‌പദമാക്കിയുള്ള 'ചെ' എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌

വിപ്ലവനായകന്‍ ഏണസ്റ്റോ ചെ ഗുവേര എന്ന ചെ രക്തസാക്ഷിയായിട്ട്‌ ഒക്ടോബര്‍ ഒന്‍പതിന്‌ 43 വര്‍ഷമാവുന്നു. (1967 ഒക്ടോബര്‍ ഒന്‍പതിനാണ്‌ ബൊളീവിയയില്‍ അദ്ദേഹം വീരമരണം വരിച്ചത്‌.) ചെയുടെ ജീവിതം ആസ്‌പദമാക്കി ഏതാനും ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഇറങ്ങിയിട്ടുണ്ട്‌. ഫീച്ചര്‍ സിനിമയില്‍ ആദ്യത്തേത്‌ 1968-ല്‍ പുറത്തിറങ്ങി. പേര്‌ `ദ ഡെഡ്‌ ഓഫ്‌ ചെ'. ഇത്‌ ഇറ്റാലിയന്‍ സിനിമയാണ്‌. 1969-ല്‍ ഇറങ്ങിയ `ചെ' ഇംഗ്ലീഷ്‌ ചിത്രമാണ്‌. ഒമര്‍ ഷരീഫാണ്‌ ഈ ചിത്രത്തില്‍ ചെ ആയി വേഷമിട്ടത്‌. ശ്രദ്ധേയമായ മറ്റൊരു ചിത്രം 2005-ല്‍ ഇറങ്ങിയ `മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌' ആണ്‌. ആല്‍ബര്‍ട്ടൊ ഗ്രനാഡൊ എന്ന സുഹൃത്തിനൊപ്പം ബൈക്കില്‍ തെക്കേ അമേരിക്കയിലൂടെ ചെ നടത്തിയ യാത്രയാണ്‌ ഈ സ്‌പാനിഷ്‌ ചിത്രത്തിന്‍െറ ഇതിവൃത്തം. 23-ാം വയസ്സില്‍, മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ചെയുടെ യാത്ര. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ ലോകം അദ്ദേഹം അടുത്തറിഞ്ഞത്‌ ഈ യാത്രയിലാണ്‌. സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ ചെയെ പ്രേരിപ്പിച്ചത്‌ ഈ യാത്രയാണ്‌.

`സേ ഗുഡ്‌ മോണിങ്‌ ഡാഡ്‌' എന്ന സ്‌പാനിഷ്‌ ചിത്രം 2006-ല്‍ പുറത്തു വന്നു. ഏറ്റവുംഒടുവിലത്തെ ഫീച്ചര്‍ സിനിമ 2008-ല്‍ ഇറങ്ങി. പേര്‌ `ചെ'. ഇതിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. രണ്ടും കൂടി ഏതാണ്ട്‌ നാലര മണിക്കൂര്‍ വരും.`ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ ചെ ഗുവേര' (2005), `ചെ: റൈസ്‌ ആന്‍ഡ്‌ ഫാള്‍' (2007) എന്നിവയാണ്‌ ചെ ഗുവേരയെക്കുറിച്ചുള്ള പ്രധാന ഡോക്യുമെന്‍ററികള്‍. `ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ ചെ ഗുവേര' ഡച്ച്‌ ഡോക്യുമെന്‍ററിയാണ്‌. വെടിവെച്ചുകൊന്നശേഷം ചെയുടെ കൈകള്‍ ബൊളീവിയന്‍ സൈനികര്‍ വെട്ടിമാറ്റിയിരുന്നു. തിരിച്ചറിയലിന്‌ വിരലടയാളം എടുക്കാന്‍ എന്നാണിതിന്‌ ന്യായീകരണം പറഞ്ഞിരുന്നത്‌. ചെയുടെ കൈകള്‍ തേടിയുള്ള അന്വേഷണമാണ്‌ ഈ ഡോക്യുമെന്‍ററി.

2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളിലൊന്നായാണ്‌ `ചെ'യെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. ഹോളിവുഡ്‌ സംവിധായകനായ സ്റ്റീവന്‍ സൊഡര്‍ബര്‍ഗ്‌ ആണ്‌ ഈ സ്‌പാനിഷ്‌ സിനിമ സംവിധാനം ചെയ്‌തത്‌. കാന്‍, ന്യൂയോര്‍ക്ക്‌, ടൊറന്‍േറാ മേളകളില്‍ `ചെ' കാണിച്ചിട്ടുണ്ട്‌. 2009-ലെ കാന്‍ ഫിലിം മേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്‌ `ചെ'യില്‍ ചെ ഗുവേരയായി ജീവിച്ച ബനീഷ്യോ ഡല്‍ ടോറോയാണ്‌. (2000-ത്തില്‍ `ട്രാഫിക്‌' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഓസ്‌കര്‍ നേടിയിട്ടുണ്ട്‌ ബനീഷ്യോ.)39-ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച ചെ ഗുവേരയുടെ അവസാനകാലത്തെ മൂന്നു വര്‍ഷങ്ങളാണ്‌ `ചെ' എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്‌. ക്യൂബയില്‍ രണ്ടു വര്‍ഷം, ബൊളീവിയയില്‍ ഏതാണ്ട്‌ 11 മാസം.



`അര്‍ജന്‍ൈറന്‍' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യഭാഗത്ത്‌ ക്യൂബയാണ്‌ പശ്ചാത്തലം. ക്യൂബന്‍ വിപ്ലവത്തിന്‌ നായകത്വം വഹിച്ച ഫിദല്‍ കാസ്‌ട്രോയോടൊപ്പം പൊരുതുന്ന ചെയെ നമുക്കീ ചിത്രത്തില്‍ കാണാം. രണ്ടാം ഭാഗത്തിന്‌ `ഗറില്ല' എന്നാണ്‌ ശീര്‍ഷകം. ഇവിടെയെത്തുമ്പോള്‍ ചെ ഗുവേര മാത്രമേ നേതൃസ്ഥാനത്തുള്ളൂ. ഏകാധിപതിയായ സൈനികമേധാവി ജന. റെനെ ബറിയന്ദോസിനെതിരായ ഗറില്ലാസമരമാണ്‌ ബൊളീവിയയില്‍ നടന്നത്‌. ഒന്ന്‌ വിജയത്തിന്‍െറ കഥ പറയുന്നു. മറ്റൊന്ന്‌ പരാജയത്തിന്‍െറയും. ക്യൂബയില്‍ ഫിദലും ചെയും വിജയിച്ചു. ബൊളീവിയയില്‍ ചെ തോറ്റു. എങ്കിലും തോല്‍ക്കുന്നവരുടെ പോരാട്ടത്തിനും ഏറെ മഹത്ത്വമുണ്ടെന്ന്‌ സിനിമയുടെ രണ്ടാം ഭാഗം ഓര്‍മപ്പെടുത്തുന്നു.

ചരിത്രത്തിന്‌ ഏറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്‌ ആ തോല്‍വി. ``ഞങ്ങളുടെ തോല്‍വി ബൊളീവിയന്‍ കര്‍ഷകരെ ഉണര്‍ത്തിയേക്കാം'' എന്നാണ്‌ അവസാനനിമിഷത്തിലും ചെ പ്രത്യാശിച്ചിരുന്നത്‌.ചെഗുവേരയുടെ ഗറില്ലാജീവിതത്തിനാണ്‌ `ചെ' എന്ന സിനിമയില്‍ പ്രാധാന്യം. ചെയുടെ വിപ്ലവജീവിതത്തിലെ കുറെ വര്‍ഷങ്ങള്‍ സംവിധായകന്‍ വിട്ടുകളഞ്ഞിരിക്കുന്നു. അതുപോലെ, ചെയുടെ കുടുംബവും പിന്നാമ്പുറത്താണ്‌. കുടുംബത്തെപ്പറ്റി ഒന്നോ രണ്ടോ തവണ ചെ പരാമര്‍ശിക്കുന്നുണ്ട്‌. പിന്നെ ഒരു തവണ കുടുംബാംഗങ്ങളെ കാണിക്കുന്നുമുണ്ട്‌. അതിനപ്പുറം, കുടുംബത്തെക്കുറിച്ച്‌ സൂചനകളൊന്നും സിനിമ നല്‍കുന്നില്ല. നല്ല നാളേക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വിപ്ലവകാരികള്‍ക്ക്‌ കുടുംബം അപ്രസക്തമായിത്തീരുകയാണ്‌. കടുത്ത ആസ്‌ത്‌മ രോഗത്തിനുപോലും ചെയുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിഞ്ഞിരുന്നില്ല.ഒന്നാം ഭാഗത്ത്‌ ഫിദലിനൊപ്പം ചെഗുവേരയ്‌ക്കും തുല്യപ്രാധാന്യമുണ്ട്‌. ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരെ അവര്‍ ഒരുമിച്ചാണ്‌ പൊരുതുന്നത്‌. `ക്യൂബെന്‍ വിപ്ലവത്തിന്‍െറ ബുദ്ധികേന്ദ്രം. ഫിദലിനു പിന്നിലെ കരുത്ത്‌''- ഇങ്ങനെയാണ്‌ ചെയെ ആദ്യ ഭാഗത്ത്‌ വിശേഷിപ്പിക്കുന്നത്‌.

രണ്ടാം ഭാഗത്ത്‌, ക്യൂബന്‍ ഭരണാധികാരിയായ ഫിദല്‍ കാസ്‌ട്രോയെ പിന്നോട്ടു തള്ളി ചെയെ പൂര്‍ണതയിലെത്തിക്കുകയാണ്‌ സംവിധായകന്‍. വേഷംമാറി റമോണ്‍ എന്ന കള്ളപ്പേരില്‍ ബൊളീവിയയിലെത്തുന്ന ചെയാണ്‌ രണ്ടാം ഭാഗത്ത്‌ ഓരോ ഫ്രെയിമിലും നിറഞ്ഞുനില്‍ക്കുന്നത്‌. ഡയറിയിലെ താളുകള്‍ മറിയുന്നതുപോലെ സംഭവങ്ങള്‍ കടന്നുവരുന്നു. ചെ ബൊളീവിയയില്‍ എത്തുന്നത്‌ 1966 നവംബര്‍ മൂന്നിനാണ്‌. 341-ാം ദിവസം ആ ജീവിതത്തിന്‌ അന്ത്യമാവുന്നു. ഈ 341 ദിവസങ്ങളിലെ നിര്‍ണായക സംഭവങ്ങളാണ്‌ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്‌. ചെ എഴുതിയ `ബൊളീവിയന്‍ ഡയറി'യെ ആധാരമാക്കിയുള്ളതാണ്‌ സിനിമയുടെ രണ്ടാം ഭാഗം. പിടിക്കപ്പെടുന്നതിന്‌ ഒരു ദിവസം മുമ്പു വരെ (1967 ഒക്ടോബര്‍ 7) അദ്ദേഹം ഡയറി എഴുതിയിരുന്നു.



മരണം വരെ പോരാടാന്‍ തയ്യാറെടുത്ത വിപ്ലവകാരിയുടെ ജീവിതമെന്തെന്ന്‌ ഈ ഡയറിക്കുറിപ്പിലുണ്ടായിരുന്നു. തന്‍െറ കൂട്ടത്തില്‍ത്തന്നെയുള്ള സംശയാലുക്കളെയും ഭീരുക്കളെയും ചെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. അതുപോലെ, പുറത്തുനിന്നുള്ള ഒറ്റുകാരെയും.ധൈര്യവും സാഹസികതയും മനുഷ്യസേ്‌നഹവും ഒത്തുചേര്‍ന്ന ഒരു വിപ്ലവകാരിയെയാണ്‌ `ചെ' എന്ന നീണ്ട സിനിമയില്‍ അവതരിപ്പിക്കുന്നത്‌.

അര്‍ജന്‍റീനക്കാരനായ ഏണസ്റ്റോ ചെ ഗുവേര ഒരു കമ്യൂണിസ്റ്റ്‌ വിപ്ലവകാരി മാത്രമായിരുന്നില്ല. ഡോക്ടര്‍, എഴുത്തുകാരന്‍, ബുദ്ധിജീവി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലും ചെ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തിന്‌ തിളക്കം കൂട്ടുന്ന ഈ സവിശേഷതകളും ചിത്രം പ്രത്യേകം എടുത്തുകാട്ടുന്നുണ്ട്‌.കലാപരമായി മികച്ചുനില്‍ക്കുന്ന സിനിമയല്ലിത്‌. എങ്കിലും ലോകജനതയെ സ്വാധീനിച്ച ഒരു വ്യക്തിത്വത്തിന്‍െറ സജീവമായൊരു രേഖാചിത്രം നല്‍കുന്നുണ്ട്‌ ഈ സിനിമ.