വടക്കന്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫാസ്റ്റിലെ ജയിലില്‍ 66 ദിവസം ഉപവാസം അനുഷ്‌ഠിച്ച് മരണം വരിച്ച ബോബി സാന്‍ഡ്‌സ് എന്ന വിപ്ലവകാരിയുടെ കഥ പറയുന്ന 'ഹംഗര്‍' എന്ന ഐറിഷ് സിനിമയെപ്പറ്റി
1981. വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയില്‍. സദാ ഇരുട്ടും നിശ്ശബ്ദതയും ഏകാന്തതയും കനത്തുനില്‌ക്കുന്ന തടവറ. അവിടെ, അവകാശങ്ങള്‍ക്കുവേണ്ടി തടവുകാരുടെ ശബ്ദമുയര്‍ന്നു. ആ ശബ്ദം ലോകമെങ്ങും അലയടിച്ചു. ബോബി സാന്‍ഡ്‌സ് എന്ന ഇരുപത്തിയേഴുകാരനായിരുന്നു തടവുകാരുടെ നേതാവ്. രാഷ്‌ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടിയാണ് പ്രതിഷേധസ്വരം ഉയര്‍ന്നത്. ബ്രീട്ടീഷ് ഭരണകൂടം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ബോബി സാന്‍ഡ്‌സ് ഗാന്ധിയന്‍ മാതൃകയില്‍ ഉപവാസസമരം തുടങ്ങി. 66-ാം ദിവസം ബോബിയെ മരണം കീഴ്‌പ്പെടുത്തി. ആ യുവധീരന്‍െറ ആത്മബലിയാണ് `ഹംഗര്‍' എന്ന ഐറിഷ് സിനിമയുടെ വിഷയം.
2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ്`ഹംഗര്‍' പരിഗണിക്കപ്പെടുന്നത്. ബ്രിട്ടീഷ് നടന്‍ സ്റ്റീവ്‌മക്വീനാണ് സംവിധായകന്‍. ഒട്ടേറെ അന്താരാഷ്‌ട്ര മേളകളില്‍ `ഹംഗര്‍' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള `ക്യാമറ ഡി ഓര്‍' അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു.
കവികൂടിയായ ബോബി സാന്‍ഡ്‌സ് ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ ഭടനായിരുന്നു. ഐക്യ അയര്‍ലന്‍ഡ് ആയിരുന്നു ബോബിയുടെ സ്വപ്‌നം. ഐറിഷ് സമരഭടന്മാരെ ബ്രിട്ടീഷ് ഭരണകൂടം ക്രിമിനലുകളായാണ് പരിഗണിച്ചിരുന്നത്. തങ്ങള്‍ക്കു നേരത്തേ അനുവദിച്ചിരുന്ന രാഷ്‌ട്രീയത്തടവുകാരുടെ പദവി തിരിച്ചുകിട്ടുകയായിരുന്നു ഐറിഷ് ഭടന്മാരുടെ ലക്ഷ്യം.1981 മാര്‍ച്ച് ഒന്നിനാണ് ബോബി സാന്‍ഡ്‌സ് നിരാഹാരം തുടങ്ങിയത്. മെയ് അഞ്ചിന് അദ്ദേഹം മരിച്ചു. സമരതീക്ഷ്‌ണമായ ഈ കാലയളവാണ് സിനിമയില്‍ വരുന്നത്. (ബോബിയെ പിന്തുടര്‍ന്ന് ഒന്‍പതു തടവുകാര്‍കൂടി ഉപവാസമനുഷ്‌ഠിച്ച് മരണം വരിക്കുകയുണ്ടായി.)
ബല്‍ഫാസ്റ്റിലെ ബാര്‍ലിപ്പാടങ്ങളില്‍ ഓടിനടന്നിരുന്ന ബാല്യം. ക്രോസ്‌കണ്‍ട്രി മത്സരങ്ങളില്‍ ബോബി എന്നും ജേതാവായിരുന്നു. യുവത്വത്തില്‍ അവന്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. സമരരംഗത്ത് ബോബി തീപ്പൊരിയായി. ആയുധം കൈവശംവെച്ചു എന്ന കുറ്റം ചുമത്തി ബോബിയെ 14 വര്‍ഷം തടവിനു ശിക്ഷിച്ചു. ആ ദീര്‍ഘദൂര ഓട്ടക്കാരന്‍ അങ്ങനെ മാസെ ജയിലിന്‍െറ ഇരുണ്ട നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി.ഐറിഷ് സേനാനികള്‍ പ്രത്യേകതരം സമരമുറയാണ് ജയിലില്‍ സ്വീകരിച്ചത്. ജയില്‍പ്പുള്ളികളുടെ വസ്‌ത്രമണിയാന്‍ അവര്‍ കൂട്ടാക്കിയില്ല. സ്വന്തം വസ്‌ത്രം ധരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതു നിരസിക്കപ്പെട്ടപ്പോള്‍ അവര്‍ വസ്‌ത്രം ഉപേക്ഷിച്ചു. പകരം ഒരു പുതപ്പു മാത്രം സ്വീകരിച്ച് നഗ്‌നത മറച്ചു. മുടിവെട്ടാതെ, താടി വടിക്കാതെ, കുളിക്കാതെ അവര്‍ പ്രതിഷേധിച്ചു. സ്വന്തം ശരീരത്തിന്‍െറ ദുര്‍ഗന്ധം സഹിച്ച് അനീതിക്കെതിരെ പൊരുതിനിന്നു. ജയിലിലെ അഴുക്കിന്‍െറ ലോകത്ത് അവര്‍ ദേഹത്തെ ആത്മപീഡനത്തിനിരയാക്കി. ജയിലധികൃതര്‍ക്കുമുന്നില്‍ അവര്‍ വിവസ്‌ത്രരാക്കപ്പെട്ടു. വിശപ്പിനെ ആ ചെറുപ്പക്കാര്‍ സമരമാര്‍ഗമാക്കി. ശരീരത്തെ സമരായുധവുമാക്കി.
ജയിലിലെ നിഷ്‌ഠുരതയും മര്‍ദനമുറകളും കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ തടവുകാരെയും മര്‍ദകരായ ജയിലുദ്യോഗസ്ഥരെയുമാണ് നമ്മള്‍ പരിചയപ്പെടുന്നത്. ഐറിഷ് ഭടന്മാരെ ഭയമാണ് ജയിലുദ്യോഗസ്ഥര്‍ക്ക്. ഏതു സമയത്തും ഒരു ബോംബോ വെടിയുണ്ടയോ തങ്ങളെ തേടിയെത്തുമെന്ന് അവര്‍ ശങ്കിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ക്യാമറ നീങ്ങുന്നത് ബോബിയുടെ മനസ്സിലേക്കാണ്. ജയിലിലെ ഭീകരതയില്‍നിന്ന് ഇതിവൃത്തം ബോബിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.
മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ വീരപരിവേഷത്തോടെ ബോബി സിനിമയാകെ നിറഞ്ഞുനില്‍ക്കുകയാണ്. മരണത്തിലേക്കുള്ള ബോബിയുടെ ഓരോ നിമിഷവും ക്യാമറ രേഖപ്പെടുത്തുന്നു. ഞരക്കം മാത്രം അവശേഷിക്കുന്ന ദുര്‍ബലമായ ആ ശരീരം അമ്മയുടെ ചുംബനമേറ്റുവാങ്ങി നിശ്ചലമാകുന്നു. തീവ്രാനുഭവത്തിന്‍െറ തീച്ചൂളയിലൂടെയാണ് സംവിധായകന്‍ നമ്മളെ കൊണ്ടുപോകുന്നത്.
ദീര്‍ഘമായ ഏതാനും ഒറ്റ ഷോട്ടുകളുണ്ട് ഈ ചിത്രത്തില്‍. അതിലേറ്റവും പ്രധാനം 44-ാം മിനിറ്റില്‍ തുടങ്ങുന്ന ഷോട്ടാണ്. ബോബിയുടെ വ്യക്തിത്വം സംവിധായകന്‍ അനാവരണം ചെയ്യുന്നത് ഈ ഷോട്ടിലാണ്. ബോബിയും നാട്ടുകാരന്‍കൂടിയായ കത്തോലിക്കാ പുരോഹിതനും തമ്മിലുള്ള മുഖാമുഖമാണ് സന്ദര്‍ഭം. രണ്ടു ഷോട്ടുകളിലായുള്ള ഇവരുടെ സംഭാഷണം ഏതാണ്ട് 21 മിനിറ്റ് വരും. അതിലാദ്യത്തേത് 17 മിനിറ്റ് നീളുന്നു. ബോബിയുടെ ബാല്യം, കുടുംബ പശ്ചാത്തലം, വിപ്ലവ വീര്യം, രാഷ്ട്രീയ നിലപാടുകള്‍-എല്ലാം ഇവിടെ തെളിഞ്ഞുവരുന്നു.പതിനേഴ് മിനിറ്റ് നീണ്ട ഒറ്റ ഷോട്ട് ലോക റെക്കോഡാണ്. ആള്‍ട്ട്‌മാന്‍ സംവിധാനം ചെയ്‌ത `ദ പ്ലെയര്‍' എന്ന സിനിമയുടെ റെക്കോഡാണ് `ഹംഗര്‍' തിരുത്തിയത്. `ദ പ്ലെയറി'ല്‍ തുടക്കത്തിലെ രംഗം എട്ടു മിനിറ്റുള്ള ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.
മൈക്കിള്‍ ഫാസ്‌ബിന്ദര്‍ എന്ന നടനാണ് സാന്‍ഡ്‌സിനെ അനശ്വരനാക്കിയത്. നായകന്‍െറ ആത്മവിശ്വാസവും ക്ഷോഭവും വേദനയും നിരാശയുമൊക്കെ നിയന്ത്രിത ചലനങ്ങളിലൂടെ ഫാസ്‌ബിന്ദര്‍ നമുക്കു പകര്‍ന്നുതരുന്നു. കഥാപാത്രത്തിന്‍െറ ശരീരഘടനയുമായി പൊരുത്തപ്പെടാന്‍ രണ്ടുമാസം ഈ നടന്‍ ഉപവാസമനുഷ്‌ഠിച്ചു. 73 കിലോഗ്രാമുണ്ടായിരുന്ന തൂക്കം 57-ലേക്ക് കൊണ്ടുവന്നു.
ബോബി സാന്‍ഡ്‌സിന്‍െറ ജീവിതം ആധാരമാക്കി മൂന്നു ചിത്രങ്ങള്‍ `ഹംഗറി'നു മുമ്പ് പുറത്തുവന്നിട്ടുണ്ട്. സം മദേഴ്‌സ് സണ്‍ (1996), എച്ച് 3 (2001), ദ സൈലന്‍സ് ഓഫ് ദ സൈ്‌കലാര്‍ക്ക് (2005) എന്നിവയാണീ ചിത്രങ്ങള്‍. ഇവയെ്‌ക്കാന്നിനും പക്ഷേ, ഹംഗറിന്‍െറ പ്രശസ്‌തി കിട്ടുകയുണ്ടായില്ല.