Wednesday, November 28, 2007

പത്രപ്രവര്‍ത്തനത്തിന്റെ ഭിന്നമുഖങ്ങള്‍


ഓരോ മൂന്നു സെക്കന്‍ഡിലും ഒരു ടെലിവിഷന്‍ സെറ്റ്‌ പുറത്തിറങ്ങുന്നു. ഓരോ ഏഴ്‌ സെക്കന്‍ഡിലും ഒരു കമ്പ്യൂട്ടറും. ജ്വാറസ്‌ എന്ന വ്യാവസായികനഗരത്തില്‍ നിന്നാണീ വിജയകഥയുടെ വാര്‍ത്ത വരുന്നത്‌. ഈ വിജയഗാഥയ്‌ക്കുപിന്നില്‍ കണ്ണീരും ചോരയുമുണ്ട്‌. ആരും കാണാതെ, കേള്‍ക്കാതെ തണുത്തുറഞ്ഞുപോകുന്ന ദുരിതകഥകള്‍. ആ കഥകള്‍ തേടിയെത്തുന്ന ലോറന്‍ അഡ്രിയാന്‍ എന്ന പത്രപ്രവര്‍ത്തകയുടെ സാഹസികതയാണ്‌ `ബോര്‍ഡര്‍ ടൗണ്‍' എന്ന ഹോളിവുഡ്‌ സിനിമയുടെ പ്രമേയം.

1990കളുടെ തുടക്കം. നാഫ്‌ത -വടക്കെ അമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാര്‍-യുടെ ഫലമായി അമേരിക്കയുടെ വടക്കെ അതിര്‍ത്തിയോടുചേര്‍ന്നുള്ള മെക്‌സിക്കോവിലെ ജ്വാറസ്‌ എന്ന നഗരത്തില്‍ അസംബ്ലിങ്‌ ഫാക്ടറികള്‍ കൂണുപോലെ മുളച്ചുപൊങ്ങി. എല്ലാം അമേരിക്കന്‍ കമ്പനികളുടെ വക. ഈ ഫാക്ടറികളെ നികുതികളില്‍ നിന്നൊഴിവാക്കിയിരുന്നു. ടി.വിയും കമ്പ്യൂട്ടറും മറ്റുമാണ്‌ ഇവിടെ പ്രധാനമായും നിര്‍മിക്കുന്നത്‌. നൂറുകണക്കിനു ഫാക്ടറികളിലായി ഏതാണ്ട്‌ നാലുലക്ഷം പേര്‍ ജോലിചെയ്യുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും യുവതികളാണ്‌. സ്‌ത്രീകളാകുമ്പോള്‍ കുറഞ്ഞ കൂലി മതി. കഠിനമായ സാഹചര്യങ്ങളില്‍പ്പോലും മുറുമുറുപ്പില്ലാതെ ജോലിയും ചെയ്യും. ഇത്തരം ഫാക്ടറികള്‍ 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഷിഫ്‌റ്റുകളായാണ്‌ ജോലി. ഒരു ഷിഫ്‌റ്റ്‌ കഴിഞ്ഞാല്‍ ഉടന്‍ പുറത്തുകടന്നോളണം. പത്തുമിനിറ്റിനുള്ളില്‍ അടുത്ത ഷിഫ്‌റ്റുകാര്‍ ജോലിക്ക്‌ കയറിയിരിക്കണം. രാത്രി വളരെ വൈകും ജോലി കഴിഞ്ഞുപോകാന്‍. ആട്ടിന്‍ പറ്റങ്ങളെപ്പോലെ പുറത്തിറങ്ങുന്ന യുവതികളുടെ സുരക്ഷ അവരുടെ കൈകളില്‍ത്തന്നെയാണ്‌. കമ്പനികള്‍ക്ക്‌ അതില്‍ ബാധ്യതയൊന്നുമില്ല. ഇവിടെ പലപ്പോഴും യുവതികള്‍ ആക്രമിക്കപ്പെടുന്നു. ബലാത്സംഗം ചെയ്‌തശേഷം കൊന്ന്‌ മരുഭൂമിയില്‍ തള്ളുന്നു. 1993 നുശേഷം ഇതുവരെയായി ഏതാണ്ട്‌ അയ്യായിരം യുവതികള്‍ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌. ഈ വര്‍ത്തമാനകാല ദുരന്തമാണ്‌ അമേരിക്കക്കാരനായ ഗ്രിഗറി നോവ സംവിധാനംചെയ്‌ത `ബോര്‍ഡര്‍ ടൗണ്‍' എന്ന ചിത്രത്തില്‍ അനാവരണംചെയ്യുന്നത്‌.

ജ്വാറസില്‍ മൂന്നു യുവതികള്‍കൂടി കൊല്ലപ്പെട്ടു എന്ന പുതിയ വിവരത്തോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. `എല്‍ സോള്‍' എന്ന പത്രത്തില്‍ കൂറ്റന്‍ തലക്കെട്ടോടെ വാര്‍ത്ത വരുന്നു. ഓരോ സംഭവവുമുണ്ടാകുമ്പോഴും അത്‌ മൂടിവെക്കാനാണ്‌ മെക്‌സിക്കന്‍ ഭരണകൂടം ശ്രമിച്ചിരുന്നത്‌. പോലീസ്‌ വന്ന്‌ പത്രങ്ങളെല്ലാം വാരിക്കൊണ്ടുപോകുന്നു.

അടുത്ത രംഗം ഒരു ഫാക്ടറിയാണ്‌. അവിടെ ഒരു ഷിഫ്‌റ്റ്‌ കഴിഞ്ഞു. രാത്രിയാണ്‌. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തിടുക്കത്തില്‍ ഫാക്ടറി വിടുന്നു. അവരെക്കാത്ത്‌ ബസ്സുകള്‍ നില്‌പുണ്ട്‌. ഈവ എന്ന യുവതി യാത്രയ്‌ക്കിടെ ഒരു പാവയെ വാങ്ങാനായി ബസില്‍നിന്നിറങ്ങുന്നു. തിരികെ പാവയുമായി വരുമ്പോള്‍ ഒരാള്‍ അവളെ പിന്തുടരുന്നു. അവള്‍ ഓടി ഒരു ബസ്സില്‍ കയറുന്നു. അനപ്ര കോളനിയിലേക്കാണവള്‍ക്ക്‌ പോകേണ്ടത്‌. ബസ്സിലുള്ളവര്‍ ഓരോരുത്തരായി വഴിയില്‍ ഇറങ്ങുന്നു. ഒടുവില്‍ അവള്‍മാത്രം ബാക്കി. ഡ്രൈവര്‍ വിനയത്തോടെ അവളോട്‌ ചോദിക്കുന്നു: `അല്‌പം ഗ്യാസ്‌ നിറയ്‌ക്കുന്നതില്‍ വിരോധമുണ്ടോ?' ഇല്ലെന്നു പറഞ്ഞതോടെ അയാള്‍ ബസ്‌ ആളൊഴിഞ്ഞ സ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നു. അവിടെ ഗ്യാസ്‌സ്റ്റേഷനില്ലായിരുന്നു ചതിയില്‍പ്പെട്ടുവെന്ന്‌ ഈവയ്‌ക്ക്‌ മനസ്സിലായി. ഭയചകിതയായ അവളെ ഡ്രൈവര്‍ കടന്നുപിടിക്കുന്നു. രക്ഷപ്പെട്ട്‌ ബസില്‍ നിന്നിറങ്ങിയോടുമ്പോള്‍ മറ്റൊരാള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു താടിക്കാരന്‍. സഹായിക്കണം എന്നഭ്യര്‍ഥിച്ച അവളെ ആദ്യം അയാളാണ്‌ നശിപ്പിക്കുന്നത്‌. പിന്നെ, കഴുത്തു ഞെരിക്കുന്നു. മരിച്ചെന്ന ധാരണയില്‍ അവര്‍അവളെ കുഴിച്ചുമൂടുന്നു. പക്ഷേ, ഈവ അത്ഭുതകരമായി മരണത്തെ അതിജീവിക്കുന്നു. അവള്‍ ഒരുവിധം വീടണയുന്നു.


ചിക്കാഗോ സെന്‍റിനല്‍' എന്ന അമേരിക്കന്‍ പത്രത്തിന്‍െറ റിപ്പോര്‍ട്ടറാണ്‌ ലോറന്‍ അഡ്രിയാന്‍. ഇറാഖില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട സമയമാണ്‌. ഇറാഖില്‍പ്പോയി യുദ്ധം കവര്‍ ചെയ്യാന്‍ ലോറനാഗ്രഹിച്ചു. എന്നാല്‍ പത്രാധിപര്‍ ജോര്‍ജ്‌ മോര്‍ഗന്‍ അവളെ മെക്‌സിക്കോവിലേക്കാണ്‌ പറഞ്ഞുവിടുന്നത്‌. അവിടെ ഫാക്ടറി ജീവനക്കാരികളുടെ കൊലപാതക പരമ്പരകളെക്കുറിച്ചന്വേഷിച്ച്‌ റിപ്പോര്‍ട്ടുചെയ്യാനാണ്‌ ഈ യുവപത്രപ്രവര്‍ത്തകയെ ചുമതലപ്പെടുത്തുന്നത്‌.

മെക്‌സിക്കന്‍പത്രമായ `എല്‍സോളി'ന്‍െറ സ്ഥാപക പത്രാധിപരാണ്‌ അല്‍ഫോണ്‍സോ ഡയസ്‌. അവിവാഹിതയായ ലോറന്‍െറ മുന്‍ ബോയ്‌ഫ്രണ്ടാണയാള്‍. ലോറന്‍ മെക്‌സിക്കോവിലെത്തി ആദ്യം കാണുന്നത്‌ ഡയസിനെയാണ്‌. നിസ്സഹായരായ ഫാക്ടറിത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പത്രത്തില്‍ നിരന്തരം അവതരിപ്പിക്കുന്നയാളാണ്‌ ഡയസ്‌. രാജ്യത്തു നടക്കുന്ന ഇത്തരം അതിക്രമങ്ങളില്‍ ഖിന്നനാണ്‌ അയാള്‍. ലോറന്‌ എല്ലാ സഹായവും ഡയസ്‌ വാഗ്‌ദാനം ചെയ്യുന്നു. അയാള്‍ കുടുംബവുമൊത്താണ്‌ താമസം. രണ്ട്‌ കൊച്ചുകുട്ടികളാണുള്ളത്‌.

ഈവ രക്ഷപ്പെട്ട വിവരമറിഞ്ഞ ലോറന്‍ അവളെ കണ്ടെത്തുന്നു. തന്നെ പീഡിപ്പിച്ചവരെ നിയമത്തിനു മുന്നിലെത്തിച്ച്‌ ശിക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ്‌ ഈവ. പോലീസ്‌ ഒരിക്കലും സഹായിക്കാനുണ്ടാവില്ലെന്ന്‌ അവളുടെ അമ്മ പറയുന്നു. എല്ലാം കവര്‍ന്നെടുക്കാനല്ലാതെ പോലീസ്‌ ആരെയും രക്ഷിക്കില്ലെന്നതാണവരുടെ അനുഭവം.
തന്നെ ആക്രമിച്ചവരെ തിരിച്ചറിയാനാകുമെന്ന്‌ ഈവ ലോറനോട്‌ പറയുന്നു. ഈവയെ പോലീസിന്‍െറ കണ്‍വെട്ടത്തുനിന്നു വെട്ടിച്ച്‌ ലോറന്‍ ഒരു സുരക്ഷിതസ്ഥാനത്ത്‌ എത്തിക്കുന്നു. തന്‍െറ കുടുംബത്തിന്‍െറ അത്താണിയാണ്‌ ഈവ. അവളുടെ തുച്ഛ വരുമാനം കൊണ്ടുവേണം അനിയത്തിയും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കഴിയാന്‍. പിതാവ്‌ അമേരിക്കയില്‍ ജോലിക്കു പോയതാണ്‌. വര്‍ഷങ്ങളായി അയാളെ കണ്ടിട്ട്‌.

അന്നത്തെ പീഡനരാത്രി ഈവയ്‌ക്ക്‌ മറക്കാനാവുന്നില്ല. ചെകുത്താന്‍ പിന്തുടരുന്നു എന്ന തോന്നലാണ്‌ അവള്‍ക്കെപ്പോഴും. ഈവയുടെ മനസ്സിനെ നേരെ നിര്‍ത്തി അവളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനാണ്‌ ലോറന്‍െറ ശ്രമം. ഇതിന്‍െറ ഭാഗമായി ഈവയെ ഒരു പാര്‍ട്ടിക്ക്‌ കൊണ്ടുപോകുന്നു. അവിടെ തന്‍െറ ഇഷ്‌ടഗായകനെ കണ്ട്‌ ഈവ ആഹ്ലാദവതിയാകുന്നു. പക്ഷേ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല. തന്നെ പീഡിപ്പിച്ച താടിക്കാരനെ അവള്‍ പാര്‍ട്ടിയില്‍ കണ്ടുമുട്ടുന്നു. അതോടെ അവള്‍ വീണ്ടും അസ്വസ്ഥയാകുന്നു.

ലോറന്‍ ഒരു തൊഴിലാളിസ്‌ത്രീയായി വേഷംകെട്ടി ഈവയുടെ ഫാക്ടറിയില്‍ ജോലി സമ്പാദിക്കുന്നു. ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ അവള്‍ ഈവയെ ആക്രമിച്ച ഡ്രൈവറുടെ ബസ്സില്‍ക്കയറുന്നു. പഴയ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. നേരത്തെ തയ്യാറെടുപ്പ്‌ നടത്തിയിരുന്നതിനാല്‍ അക്രമത്തെ ചെറുക്കാന്‍ ലോറന്‌ കഴിഞ്ഞു. അക്രമിയെ പരിക്കേല്‌പിച്ച്‌ ലോറന്‍ രക്ഷപ്പെടുന്നു.
തന്‍െറ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി സെ്‌പഷല്‍സ്റ്റോറി തയ്യാറാക്കി ലോറന്‍ പത്രാധിപര്‍ ജോര്‍ജിനയയ്‌ക്കുന്നു. സ്റ്റോറി നന്നായെന്ന്‌ പറഞ്ഞ്‌ ജോര്‍ജ്‌ അഭിനന്ദിക്കുന്നു. പിറ്റേന്ന്‌, സുഹൃത്ത്‌ ഡയസാണ്‌ ആ സത്യം ലോറനോട്‌ വെളിപ്പെടുത്തുന്നത്‌. `ചിക്കാഗോ സെന്‍റിനല്‍' ആ സ്റ്റോറി കൊടുത്തിട്ടില്ല. പത്രം സ്റ്റോറി `കില്‍' ചെയ്‌തു. നിരാശയും ക്ഷോഭവും ലോറനെ വിറളിപിടിപ്പിക്കുന്നു. തന്‍െറ സ്റ്റോറി പ്രസിദ്ധീകരിക്കാന്‍ പോരാടേണ്ടി വരുമെന്ന്‌ അവള്‍ ഈവയോട്‌ പറയുന്നു. പോകരുതെന്ന ഈവയുടെ അപേക്ഷ നിരസിച്ച്‌ ലോറന്‍ നാട്ടിലേക്ക്‌ മടങ്ങുന്നു. പത്രമാപ്പീസിലെത്തിയ ലോറന്‍ ജോര്‍ജുമായി കോര്‍ക്കുന്നു. മെക്‌സിക്കന്‍, അമേരിക്കന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തുന്ന ആ റിപ്പോര്‍ട്ട്‌ കൊടുക്കാനാവില്ലെന്ന നിലപാടില്‍ അയാള്‍ ഉറച്ചുനില്‍ക്കുകയാണ്‌. പെണ്‍കുട്ടികളുടെ ദുരൂഹമരണങ്ങളില്‍ നിന്ന്‌ വായനക്കാര്‍ ചൂടോടെ വായിക്കുന്ന ഒരു പൈങ്കിളിക്കഥയാണ്‌ ജോര്‍ജ്‌ പ്രതീക്ഷിച്ചിരുന്നത്‌. അതേസമയം, പ്രശ്‌നത്തിന്‍െറ ആഴത്തില്‍ പരതി കുറ്റവാളികളെ പുറംലോകത്തിന്‌ കാണിച്ചുകൊടുക്കുകയാണ്‌ ലോറന്‍ ചെയ്‌തിരിക്കുന്നത്‌.

യുവതികളുടെ നിസ്സഹായാവസ്ഥയും അവരെ മനുഷ്യപ്പുഴുക്കളായി കാണുന്ന കമ്പനികളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കറുത്ത മുഖങ്ങളുമാണ്‌ ലോറന്‍ സെ്‌പഷല്‍സ്റ്റോറിയില്‍ തുറന്നുകാട്ടുന്നത്‌. മെക്‌സിക്കന്‍ഫാക്ടറികളില്‍ നടക്കുന്നത്‌ അടിമക്കച്ചവടമാണെന്ന്‌ അവള്‍ കുറ്റപ്പെടുത്തുന്നു. ആഗോളീകരണത്തിന്‍െറ മൂടുതാങ്ങിയായ പത്രാധിപര്‍ക്ക്‌ ലോറന്‍െറ വാദമൊന്നും കേള്‍ക്കേണ്ടായിരുന്നു. തന്‍െറ കോര്‍പറേറ്റ്‌ ഉത്തരവാദിത്വം നിറവേറ്റാനായിരുന്നു അയാള്‍ക്ക്‌ താല്‌പര്യം. അവിടെ, സമൂഹത്തോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ സ്ഥാനമില്ലെന്ന്‌ ലോറന്‍ തിരിച്ചറിയുന്നു. ദുരിതജീവിതം നയിക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരിനെക്കുറിച്ചോര്‍ത്തുള്ള അവളുടെ സങ്കടം വൃഥാവിലാകുന്നു. ലോറന്‍ ജോര്‍ജുമായി വഴക്കിട്ടുപിരിയുന്നു.

മെക്‌സിക്കോവില്‍ മാഫിയകളുടെ വെടിയേറ്റ്‌ `എല്‍സോള്‍' പത്രാധിപര്‍ ഡയസ്‌ മരിക്കുന്നു. ഒരു കാറിന്‍െറ ഡിക്കിയില്‍ ഒളിച്ചിരുന്ന്‌ അമേരിക്കയ്‌ക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന ഈവയെ പോലീസ്‌ പിടികൂടി തിരിച്ചയയ്‌ക്കുന്നു. ഈ സമയത്താണ്‌ ലോറന്‍ വീണ്ടും ജ്വാറസിലെത്തുന്നത്‌. ഡയസിന്‍െറ മരണം ലോറനെ ഞെട്ടിച്ചു. അമേരിക്കന്‍കമ്പനികള്‍ക്ക്‌ ഈ മരണത്തില്‍ പങ്കുണ്ടെന്ന്‌ അവള്‍ മനസ്സിലാക്കുന്നു. രാത്രി കാറില്‍ ഈവയുടെ കോളണിയിലേക്കു പോകുന്ന ലോറനെ ഒരു വാഹനം പിന്തുടരുന്നു. കാണാമറയത്തു കഴിയുന്ന കൊലയാളിയായിരുന്നു അതില്‍. കോളണിയിലെത്തുമ്പോള്‍ അവിടമാകെ തീപ്പിടിച്ചിരിക്കുന്നു. കൊലയാളി ലോറനെ കടന്നാക്രമിക്കുന്നു. അപ്പോഴേക്കും ഈവ എത്തി ലോറനെ രക്ഷിക്കുന്നു. കൊലയാളിയെ തീ വിഴുങ്ങുന്നു.
സത്യം വിളിച്ചുപറയുന്നതു തുടരാനായി ലോറന്‍ `എല്‍സോള്‍' പത്രത്തിന്‍െറ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നു. അക്രമികള്‍ അപ്പോഴും നരവേട്ട തുടരുകയായിരുന്നു. കഴിഞ്ഞയാഴ്‌ചയും മരുഭൂമിയില്‍ ഒരുയുവതിയുടെ ജഡം കണ്ടെത്തി എന്ന വാര്‍ത്തയോടെയാണ്‌ 115 മിനിറ്റ്‌ നീണ്ട ചിത്രം അവസാനിക്കുന്നത്‌.

`ജ്വാറസില്‍നിന്ന്‌ കാണാതായവരും കൊല്ലപ്പെട്ടവരുമായ എല്ലാ വനിതകള്‍ക്കും `സമര്‍പ്പണം ചെയ്‌തിരിക്കുന്ന ഈ സിനിമ ആഗോളീകരണകാലത്ത്‌ തൊഴില്‍സംസ്‌കാരവും മാനുഷികമൂല്യങ്ങളും അപ്രസക്തമാണെന്ന സത്യത്തിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
അധികമാരും ശ്രദ്ധിക്കാതെ കിടന്ന വലിയൊരു സമൂഹത്തിന്‍െറ പ്രശ്‌നങ്ങളിലേക്ക്‌ ഒന്ന്‌ എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌ ഈ സിനിമ.

ഈവ എന്ന കഥാപാത്രം തൊഴിലിടങ്ങളില്‍ ഞെരിഞ്ഞമരുന്ന സ്‌ത്രീകളുടെ പ്രതിനിധിയാണ്‌. മറ്റാരേയും രംഗത്തുകൊണ്ടുവരാതെ ഈവയിലൂടെ മാത്രം പ്രശ്‌നത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്താന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.
പത്രപ്രവര്‍ത്തനത്തിന്‍െറ വ്യത്യസ്‌തമുഖങ്ങള്‍ `ബോര്‍ഡര്‍ ടൗണി'ല്‍ കാണാം. പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകരെ കാത്തിരിക്കുന്ന `സമ്മാന'ങ്ങളും സംവിധായകന്‍ കാണിച്ചുതരുന്നു. ആഗോളീകരണത്തിലാണ്‌ ലോകത്തിന്‍െറ ഭാവി എന്നു വിശ്വസിക്കുന്ന പത്രാധിപര്‍ ജോര്‍ജിനെപ്പോലുള്ളവര്‍ വിജയം നേടുമ്പോള്‍ മനുഷ്യത്വത്തിന്‍െറ ചേരിയില്‍ നില്‍ക്കുന്ന ഡയസും ലോറനും പരാജയപ്പെട്ടവരുടെ പട്ടികയിലാണ്‌ ഇടംനേടുന്നത്‌.

അനാഥമാക്കപ്പെട്ട ഒരു ബാല്യത്തിന്‍െറ ഓര്‍മകളിലാണ്‌ ലോറന്‍ ജീവിക്കുന്നത്‌. അച്ഛന്‍ വെടിയേറ്റുമരിക്കുന്ന ദൃശ്യം അവളുടെ ഓര്‍മയിലേക്ക്‌ ഇടയെ്‌ക്കാക്കെ കടന്നുവരുന്നുണ്ട്‌. സഹജീവികളോടുള്ള ലോറന്‍െറ കാരുണ്യത്തിനുപിന്നില്‍ ഈയൊരു അനാഥത്വവുമുണ്ട്‌. നഷ്‌ടപ്പെട്ടുപോയ ഒരു പ്രണയത്തിന്‍െറ നിശ്വാസവും ലോറനെ തഴുകുന്നതായി നമുക്കനുഭവപ്പെടും. പ്രശസ്‌ത ഗായികയും നടിയുമായ ജന്നിഫര്‍ ലോപ്പസാണ്‌ പത്രപ്രവര്‍ത്തകയുടെ വേഷം അനായാസമായി കൈകാര്യം ചെയ്യുന്നത്‌. ഈ ചിത്രത്തിന്‍െറ നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ്‌ ജന്നിഫര്‍.

`ബോര്‍ഡര്‍ ടൗണ്‍' 2007ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇതേ വിഷയം ആധാരമാക്കി 2005ലും ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്‌. കെവിന്‍ ജയിംസ്‌ ഡോബ്‌സന്‍ സംവിധാനം ചെയ്‌ത `ദ വെര്‍ജിന്‍ ഓഫ്‌ ജ്വാറസ്‌' ആണീ ചിത്രം. ജ്വാറസിലെ കൊലപാതകങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന ഒരു പത്രപ്രവര്‍ത്തകയാണ്‌ ഈ സിനിമയിലെയും മുഖ്യകഥാപാത്രം.

Sunday, November 25, 2007

നിസ്സഹായതയുടെ വിലാപം


സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല നടന്നത്‌ റുവാണ്ടയിലാണ്‌. 1994-ലായിരുന്നു അത്‌. മൂന്നു മാസത്തിനുള്ളില്‍ എട്ടുലക്ഷംപേരാണ്‌ (പത്തുലക്ഷമാണെന്നും അഭിപ്രായമുണ്ട്‌) കൊലചെയ്യപ്പെട്ടത്‌. `ആയിരം കുന്നുകളുടെ നാട്‌' എന്നറിയപ്പെടുന്ന ഈ പൂര്‍വ്വമധ്യാഫ്രിക്കന്‍ രാജ്യത്തിന്‍െറ ആകെ ജനസംഖ്യ 90 ലക്ഷമാണ്‌. ഹുടു, ടുട്‌സി വംശങ്ങള്‍ തമ്മിലുള്ള കലാപമാണ്‌ കൂട്ടക്കുരുതിയിലേക്ക്‌ നയിച്ചത്‌. ഈ സംഭവത്തെ ആധാരമാക്കി ഐറിഷുകാരനായ ടെറി ജോര്‍ജ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഹോട്ടല്‍ റുവാണ്ട'. `ആഫ്രിക്കന്‍ ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' എന്നറിയപ്പെടുന്ന ഈ സിനിമ 2004 ല്‍ മൂന്ന്‌ ഓസ്‌കര്‍ നോമിനേഷന്‍ (മികച്ച നടന്‍, സഹനടി, ഒറിജിനല്‍ തിരക്കഥ) നേടുകയുണ്ടായി.

വംശമഹിമയെക്കുറിച്ചോര്‍ക്കാതെ, മനുഷ്യന്‍െറ വേദനയെക്കുറിച്ചുമാത്രം ചിന്തിച്ച പോള്‍ റൂസസ്‌ബഗീന എന്ന ഹോട്ടല്‍ മാനേജരുടെ കഥയാണിത്‌.

വംശമാഹാത്മ്യം നടിച്ച്‌ പോരടിച്ച്‌ ഒടുങ്ങിയ വലിയൊരു ജനസഞ്ചയത്തില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്ന ഒരാളുടെ കഥ. അടുത്തതലമുറയുടെ വരവിനെ തടയാന്‍ കുട്ടികളെ അന്ന്‌ കൂട്ടത്തോടെ റുവാണ്ടയില്‍ കശാപ്പ്‌ ചെയ്‌തു. അപമാനിതരാക്കപ്പെട്ട അമ്മമാരുടെ വിലാപങ്ങള്‍ പുറത്തുകേള്‍പ്പിക്കാതെ കൊലക്കത്തികള്‍ നിശ്ശബ്ദമാക്കി. ഈ സിനിമ കാണുമ്പോള്‍, നിസ്സഹായതയുടെ ഒരു നിലവിളി പുറത്തേക്കുവരാതെ നമ്മുടെയുള്ളില്‍ അമര്‍ന്നൊടുങ്ങും.

കലാപത്തില്‍ കൊന്നൊടുക്കിയ മനുഷ്യരുടെ ദൃശ്യങ്ങള്‍ ഈ സിനിമയുടെ ഫ്രെയിമില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ല. കലാപത്തെ അതിജീവിച്ച നിരാലംബരുടെ ശപ്‌ത ജീവിതമാണ്‌ ക്യാമറ നമ്മളെ കാണിച്ചുതരുന്നത്‌. ഉറ്റവരും ഉടയവരും നിസ്വജീവിതത്തിലെ തുച്ഛസമ്പാദ്യവും നഷ്‌ടപ്പെട്ട പാവങ്ങള്‍. തിരിച്ചുകിട്ടിയ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ സഹിക്കുന്ന ത്യാഗങ്ങള്‍. ജീവിക്കുന്ന ഓരോനിമിഷത്തിനും അവര്‍ നന്ദിപറയുകയാണ്‌. പോളിനെപ്പോലുള്ളവരുടെ ദയകൊണ്ട്‌ അനുവദിച്ചുകിട്ടിയ ജീവിതം ഒടുവില്‍ മറ്റൊരു രാജ്യത്തേക്ക്‌ പറിച്ചുനടുകയാണവര്‍. സ്വന്തം മണ്ണില്‍ നിന്നകലെ, മുഖം നഷ്‌ടപ്പെട്ട അഭയാര്‍ഥിസംഘങ്ങളായി മാറുകയാണവര്‍.

യഥാര്‍ഥ സംഭവത്തില്‍ നിന്നാണ്‌ ഈ സിനിമയുടെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. കുടുംബസേ്‌നഹത്തിനപ്പുറത്തേക്ക്‌ സേ്‌നഹത്തിന്‍െറ പാത തുറക്കുന്ന പോള്‍ റൂസസ്‌ബഗീനയുടെ സമര്‍പ്പണ ബോധമാണ്‌ ഇതിവൃത്തത്തിന്‍െറ കേന്ദ്രബിന്ദു. തന്നെ വിശ്വസിച്ച്‌ തന്‍െറഹോട്ടലില്‍ അഭയംതേടിയ ഒറ്റക്കുഞ്ഞിനെപ്പോലും പോള്‍ കൈവിടുന്നില്ല. ഹോട്ടല്‍ നടത്തിപ്പിലൂടെ നേടിയെടുത്ത സ്വാധീനം ഓരോ പ്രതിസന്ധിയിലും പോള്‍ മറ്റുള്ളവര്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഹുടു, ടുട്‌സി വിഭാഗങ്ങളില്‍പ്പെട്ട ആയിരത്തോളം പേരെയാണ്‌ അയാള്‍ മരണമുഖത്തുനിന്ന്‌ തിരിച്ചുപിടിച്ചത്‌. ഇതിനയാള്‍ സേ്‌നഹവും കൗശലവും പ്രലോഭനങ്ങളും കെട്ടുകഥകളും ഭീഷണിയും വരെ പ്രയോഗിക്കുന്നുണ്ട്‌. കൈക്കൂലിയും മദ്യവും കൊടുത്ത്‌ സൈനികരെ പാട്ടിലാക്കാനും അമേരിക്കന്‍ ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകള്‍ സൈനികമേധാവികളെ നിരീക്ഷിക്കുന്നുണ്ടെന്ന്‌ തട്ടിവിടാനും പോള്‍ മടിയ്‌ക്കുന്നില്ല. യു.എന്‍.ദൗത്യസേനയുടെയും റെഡ്‌ക്രോസിന്‍െറയും സഹായമാണ്‌ പോളിന്‍െറ ശക്തി. അവരും നിസ്സഹായരായിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമാര്‍ഗം കണ്ടെത്തി അഭയാര്‍ഥികളുടെ ആയുസ്സ്‌ നീട്ടിയെടുക്കുന്നത്‌ പോളാണ്‌.

റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയാണ്‌ ഈ സിനിമയുടെ പശ്ചാത്തലം. അവിടുത്തെ ചതുര്‍ നക്ഷത്ര ഹോട്ടലാണ്‌ ഡി.മില്ലെ കോളിന്‍സ്‌. ബല്‍ജിയം കാരാണ്‌ ഇതിന്‍െറ ഉടമകള്‍ (റുവാണ്ട 1962 വരെ ബല്‍ജിയം കോളനിയായിരുന്നു). പോള്‍ റൂസസ്‌ ബഗീന ഹോട്ടല്‍ മാനേജരാണ്‌. ഹുടുവംശജനാണ്‌ പോള്‍. അതായത്‌, റുവാണ്ടയിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തില്‍പ്പെട്ടയാള്‍. (ടുട്‌സി വംശജര്‍ എവിടെനിന്നോ വന്നുപെറ്റുപെരുകിയ പാറ്റകളാണെന്നാണ്‌ ഹുടുവംശജരുടെ ആരോപണം. `ടുട്‌സികള്‍ കൈയേറ്റക്കാരാണ്‌. അവര്‍ റുവാണ്ടയുടെ ഭൂമി കവര്‍ന്നെടുത്ത്‌ അധികാരമുറപ്പിച്ചു. ബല്‍ജിയന്‍ കോളനി വാഴ്‌ചയ്‌ക്ക്‌ ഒത്താശ ചെയ്‌തു കൊടുത്തു. ഈ ശല്യക്കാരെ റുവാണ്ടന്‍ മണ്ണില്‍ നിന്ന്‌ തുരത്തുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം -അവര്‍ പറയുന്നു. ബല്‍ജിയംകാര്‍ രാജ്യം വിട്ടിട്ടും റുവാണ്ടയില്‍ അശാന്തി നിലനിന്നു. ഹുടുവംശജനായ പ്രസിഡന്‍റ്‌ 1994 ഏപ്രില്‍ ആറിന്‌ വധിക്കപ്പെട്ടു. തുടര്‍ന്ന്‌ മൂന്നുമാസം നിലനിന്ന ആഭ്യന്തരയുദ്ധമാണ്‌ ജനലക്ഷങ്ങളുടെ (ഇതില്‍ ബഹുഭൂരിഭാഗവും ടുട്‌സികളാണ്‌) ജീവനപഹരിച്ചത്‌.

പോളിന്‍െറ ഭാര്യ തത്‌സിയാന ടുട്‌സി വംശജയാണ്‌. നഴ്‌സായ തത്‌സിയാനയെ പ്രേമിച്ച്‌ വിവാഹം കഴിച്ചതാണ്‌. പോളിന്‍െറ വിശ്വസ്‌തനായ ഡ്രൈവര്‍ ദുബെയും ടുട്‌സിയാണ്‌. ദുബെയുമൊത്ത്‌ ജോര്‍ജ്‌ റുറ്റഗന്‍ഡയെ കാണാന്‍ പോവുകയാണ്‌ പോള്‍. ഹുടുവംശജരുടെ നേതാവാണ്‌ ജോര്‍ജ്‌. രാഷ്ട്രീയത്തോടൊപ്പം ഇയാള്‍ക്ക്‌ ബിസിനസ്സുമുണ്ട്‌. കലാപകാരികള്‍ക്കുവേണ്ടി കത്തികള്‍ പോലും അയാള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ആഭ്യന്തരകലാപം കാരണം സാധനങ്ങള്‍ക്കൊക്കെ ക്ഷാമം നേരിടുകയാണ്‌. ഹോട്ടലിലേക്ക്‌ ബിയര്‍ വാങ്ങാനാണ്‌ പോള്‍ പോകുന്നത്‌. ജോര്‍ജിനെ സന്തോഷിപ്പിച്ചു നിര്‍ത്തിയാലേ ആവശ്യത്തിനുള്ള ബിയര്‍ കിട്ടുകയുള്ളൂ. ക്യൂബന്‍ ചുരുട്ട്‌ ജോര്‍ജിന്‍െറ ദൗര്‍ബല്യമാണ്‌. ഇതറിയാവുന്ന പോള്‍ പ്രശസ്‌തമായ കൊഹിബ ചുരുട്ടാണ്‌ അയാള്‍ക്കുവേണ്ടി കരുതിയിരിക്കുന്നത്‌. അന്ന്‌ കിഗാലിയില്‍ ഹുടു വിഭാഗക്കാരുടെ റാലി നടക്കുകയാണ്‌. അതില്‍ പങ്കുചേരാന്‍ പോളിനെ ജോര്‍ജ്‌ ക്ഷണിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരവും പണവും കൊണ്ടുവരും എന്നുപറഞ്ഞ്‌ അയാള്‍ പോളിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നു. വെറുപ്പിന്‍െറ രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തയാളാണ്‌ പോള്‍. അയാള്‍ അധ്വാനത്തിലും മനുഷ്യനന്മയിലും വിശ്വസിക്കുന്നു. പോളിന്‍െറ പെരുമാറ്റത്തിലെ സൗമ്യതയും വാക്കുകളിലെ ആര്‍ദ്രതയും ഹോട്ടല്‍ മാനേജരെന്ന നിലയില്‍ മിനുക്കിയെടുത്തതല്ല. അയാള്‍ ജോര്‍ജിന്‍െറ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിക്കുന്നു. ജോര്‍ജിന്‍െറ പെരുമാറ്റവും നഗരത്തിലെ അക്രമാസക്തമായ റാലിയുമൊക്കെ ആപത്‌സൂചനകളാണെന്ന്‌ പോളിനു മനസ്സിലാകുന്നു. എങ്കിലും രാജ്യത്ത്‌ സമാധാനക്കരാര്‍ ഒപ്പിട്ടതിലും യു.എന്‍. സമാധാനസേനയുടെ സാന്നിധ്യത്തിലും അയാള്‍ക്ക്‌ പ്രതീക്ഷയുണ്ട്‌. പക്ഷേ, അത്‌ അസ്ഥാനത്തായിരുന്നു. റുവാണ്ട പ്രസിഡന്‍റ്‌ വധിക്കപ്പെട്ടതായി വാര്‍ത്ത പരക്കുന്നു. നഗരത്തിലെങ്ങും വെടിയൊച്ച മുഴങ്ങുന്നു.

ഹുടു കലാപകാരികള്‍ക്കൊപ്പം സൈന്യവും അക്രമത്തിനിറങ്ങിയിട്ടുണ്ട്‌. നരവേട്ടയും കൊള്ളയുമാണെങ്ങും. അക്രമത്തിന്‍െറ മുന്‍പന്തിയില്‍ പട്ടാളക്കാരാണ്‌. കിട്ടുന്നതെന്തും അവര്‍ കൊള്ളയടിക്കും. കുടുംബാംഗങ്ങളുടെയും ഏതാനും അയല്‍വാസികളുടെയും ജീവന്‌ വന്‍സംഖ്യയാണ്‌ പോള്‍ പട്ടാളക്കാര്‍ക്ക്‌ കൈക്കൂലിയായി നല്‍കുന്നത്‌. ഒട്ടേറെ വിദേശടൂറിസ്റ്റുകളുമുണ്ട്‌ ഹോട്ടലില്‍. ഇവരുടെയൊക്കെ സുരക്ഷാചുമതലയും നോക്കണം. റെഡ്‌ക്രോസ്‌ പ്രവര്‍ത്തകയായ മാഡം ആര്‍ചര്‍ എന്ന വിദേശവനിത കലാപത്തിനിടയില്‍നിന്നു രക്ഷിച്ചെടുത്ത കുറേ കുട്ടികളുമായി ഹോട്ടലിലെത്തുന്നു. അവരെയും പോള്‍ ഏറ്റെടുക്കുന്നു.
രണ്ട്‌ വിദേശ ടി.വി.ജര്‍ണലിസ്റ്റുകള്‍ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ഫൂട്ടേജുകള്‍ പോളിനെ കാണിക്കുന്നു. സ്വന്തം രാജ്യത്തു നടക്കുന്ന കൊടുംക്രൂരതകള്‍ അയാളെ നടുക്കുന്നു. എങ്കിലും, ലോകമിതറിയട്ടെ. ആ ദൃശ്യങ്ങള്‍ ടി.വി.യില്‍ കാണിക്കണമെന്ന്‌ അയാള്‍ അഭ്യര്‍ഥിക്കുന്നു. അങ്ങനെയെങ്കിലും റുവാണ്ടയിലെ നരമേധം ലോകമറിയട്ടെ. കരുണയുള്ളവരുടെ മനഃസാക്ഷി ഈ കശാപ്പിനെതിരെ ഉയരുമെന്ന്‌ അയാള്‍ പ്രത്യാശിക്കുന്നു.

അഭയാര്‍ഥികള്‍ കൂട്ടത്തോടെ ഹോട്ടലിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. യു.എന്‍. സമാധാനസേനാ കമാന്‍ഡറായ കേണല്‍ ഒളിവര്‍ റുവാണ്ടക്കാരെ സഹായിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്‌. പക്ഷേ, വിരലിലെണ്ണാവുന്ന യു.എന്‍. സൈനികരേ കിഗാലിയിലുള്ളൂ. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതിനു പരിമിതിയുണ്ട്‌. വംശവൈരം മറന്നുള്ള പോളിന്‍െറ സേവനമനഃസ്ഥിതി കാണുമ്പോള്‍ ഒളിവറിന്‌ അയാളോട്‌ സേ്‌നഹവും ബഹുമാനവുമുണ്ട്‌.
ഒപ്പം, തനിക്കൊന്നും കാര്യമായി ചെയ്യാന്‍ പറ്റാത്തതില്‍ ജാള്യവുമുണ്ട്‌. കലാപത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതില്‍ ഫ്രഞ്ച്‌ സൈനികര്‍ കാട്ടുന്ന ഇരട്ടത്താപ്പില്‍ ഒളിവര്‍ ക്ഷുഭിതനാണ്‌. തൊലിവെളുപ്പില്ലാത്ത ആഫ്രിക്കക്കാരെ അവര്‍ക്കൊന്നും വേണ്ടെന്ന്‌ അയാള്‍ തുറന്നടിക്കുന്നു. അവരെയൊന്നും മനുഷ്യരായി ഫ്രഞ്ചുകാര്‍ പരിഗണിച്ചിട്ടില്ല.

ഹോട്ടലിലെ വിദേശികളെയെല്ലാം ഇതിനിടെ സുരക്ഷിതമായി ഒഴിപ്പിക്കുന്നു. റുവാണ്ടക്കാര്‍ മാത്രമാണിപ്പോള്‍ ബാക്കി. ഹോട്ടല്‍ സ്റ്റാഫായ നൂറുപേരും എണ്ണൂറോളം നാട്ടുകാരും. കലാപകാരികളെ മാത്രമല്ല, പോളിനിപ്പോള്‍ പേടി. സൈന്യവും അപകടകാരികളാണ്‌. സൈന്യം എത്തി അഭയാര്‍ഥികളെയെല്ലാം ഇറക്കിവിടാനാവശ്യപ്പെടുന്നു. സൈനികമേധാവിയോട്‌ യാചിച്ചുവാങ്ങിയ പത്തു മിനിറ്റ്‌ പോള്‍ പ്രയോജനപ്പെടുത്തുന്നു. ബല്‍ജിയത്തിലുള്ള ഹോട്ടലുടമയെ ഫോണില്‍വിളിച്ച്‌ ഉടനടി പ്രശ്‌നത്തിലിടപെടണമെന്നഭ്യര്‍ഥിക്കുന്നു. അതു ഫലിച്ചു. ഇരകള്‍ നഷ്‌ടപ്പെട്ടതിലെ രോഷം ഉള്ളിലൊതുക്കി സൈന്യം മടങ്ങിപ്പോകുന്നു. പട്ടാളക്കാര്‍ ഇനിയും വരും. എവിടെ നിന്നും സഹായം കിട്ടാനില്ല. ഹോട്ടലിലാണെങ്കില്‍ കരുതിവെച്ച ഭക്ഷ്യവസ്‌തുക്കളൊക്കെ തീരാറായി. വാനുമെടുത്ത്‌ രാത്രി പോള്‍ ജോര്‍ജിന്‍െറ താവളത്തിലെത്തുന്നു. നഗരം കത്തുകയാണ്‌. ജോര്‍ജിന്‍െറ താവളം പീഡനക്യാമ്പായി മാറ്റിയിരുന്നു. ടുട്‌സി വനിതകളെപ്പോലും പുലഭ്യം പറഞ്ഞ്‌ പീഡിപ്പിക്കുന്നത്‌ പോള്‍ കണ്ടു. സാധനങ്ങള്‍ക്കൊക്കെ ഇരട്ടി വിലയായിട്ടുണ്ട്‌. കലാപകാരികള്‍ അടുത്തുതന്നെ ഹോട്ടല്‍ കൈയടക്കുമെന്ന്‌ ജോര്‍ജ്‌ സൂചന നല്‍കുന്നു.

തിരിച്ചു പോകവെ, ഹൃദയം നിശ്ചലമാക്കുന്ന കാഴ്‌ചയാണ്‌ പോള്‍ കണ്ടത്‌. വിക്ടോറിയ തടാകത്തിലും കരയിലുമായി ജഡങ്ങളുടെ കൂമ്പാരം (40,000 പേരെയാണ്‌ ഇവിടെ കൊന്നിട്ടിരുന്നത്‌). ഇനി ഒട്ടും പ്രതീക്ഷ വേണ്ടെന്ന്‌ പോളിനു മനസ്സിലാകുന്നു. ഭാര്യയുമായി അയാളിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്‌ അന്ത്യനിമിഷങ്ങളെക്കുറിച്ചാണ്‌. താനും ഭാര്യയും മരിച്ചു വീഴുന്നത്‌ നാല്‌ മക്കളും കാണരുതേ എന്നു മാത്രമായിരുന്നു പോളിന്‍െറ പ്രാര്‍ഥന. മരണം വിളിപ്പാടകലെ എത്തിയിരിക്കുന്നു. ആരും രക്ഷിക്കാനില്ല.

കേണല്‍ ഒളിവറിന്‍െറ ശ്രമഫലമായി കുറച്ചു പേരെ രക്ഷിക്കാന്‍ നടപടികളുണ്ടായി. ആദ്യവിമാനത്തില്‍ത്തന്നെ രാജ്യത്തിനു പുറത്തു കടക്കാന്‍ പോളിനും കുടുംബത്തിനും നറുക്കുവീണു. ഭാര്യയെയും മക്കളെയും ട്രക്കില്‍ കയറ്റിവിട്ട്‌ പോള്‍ തിരിച്ച്‌ ഹോട്ടലില്‍ത്തന്നെയെത്തുന്നു. ബാക്കിയുള്ള അഭയാര്‍ഥികളെ മരണത്തിന്‌ എറിഞ്ഞു കൊടുക്കാന്‍ അയാള്‍ക്ക്‌ മനസ്സുവന്നില്ല. ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ ഹുടു റേഡിയോ അലറുന്നുണ്ടായിരുന്നു. ``പാറ്റകളെ സംരക്ഷിക്കുന്നവരും കുറ്റവാളികളാണ്‌. എല്ലാവരും ഒരുപോലെ. അവരുടെ വിധിയും ഒരുപോലെ. ശവക്കുഴികള്‍ ഇനിയും നിറയാനുണ്ട്‌.''
വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട അഭയാര്‍ഥി സംഘത്തെ കലാപകാരികള്‍ തടയുന്നു. ഹോട്ടലിലെ സ്റ്റാഫിലൊരാള്‍ ഒറ്റുകൊടുത്തതിനാലാണ്‌ അവരെ അക്രമികള്‍ തടഞ്ഞത്‌. കലാപകാരികളുടെ മര്‍ദനമേറ്റ്‌ ഹതാശരായി അവര്‍ വീണ്ടും ഹോട്ടലിലെത്തുന്നു. അന്നുരാത്രി ഹുടു കലാപകാരികള്‍ ഹോട്ടലിനു നേരെ റോക്കറ്റാക്രമണം നടത്തുന്നു. പലര്‍ക്കും പരിക്കേറ്റു. ഒടുവില്‍ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ നടപടിയെടുക്കും എന്നു സൈനിക മേധാവിയെ ഭീഷണിപ്പെടുത്തിയാണ്‌ പോള്‍ എല്ലാവരുടെയും മോചനം സാധ്യമാക്കുന്നത്‌.

പരസ്‌പരമുള്ള വെറുപ്പ്‌. അതില്‍ നിന്നുണ്ടാകുന്ന ഭ്രാന്തമായ പ്രതികാരം. റുവാണ്ടയില്‍ സംഭവിച്ചത്‌ ഇതാണെന്ന്‌ പോള്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യം വന്നവരും പിന്നാലെ വന്നവരും അവരവരുടെ സംസ്‌കാരങ്ങളെ അടിച്ചേല്‌പിക്കാന്‍ മുതിര്‍ന്നപ്പോഴാണ്‌ റുവാണ്ട ചോരക്കളമായതെന്ന്‌ പോള്‍ വിശ്വസിക്കുന്നു. നിയമമില്ലാത്ത നാട്ടില്‍ എന്തു നേടാനും കൈക്കൂലിയാണ്‌ ശരണം. ഈ സൂത്രവാക്യം നന്നായി മനസിലാക്കിയിട്ടുണ്ട്‌ പോള്‍. സിനിമയുടെ തുടക്കത്തില്‍ത്തന്നെ രാജ്യത്തിന്‍െറ ഈയവസ്ഥ വെളിപ്പെടുന്നുണ്ട്‌. ഒരു രാജ്യത്തെ ഒരു ഹോട്ടലിലേക്ക്‌ ചുരുക്കിക്കൊണ്ടുവരികയാണ്‌ സംവിധായകന്‍ ചെയ്യുന്നത്‌. റുവാണ്ടയുടെ തന്നെ പ്രതീകമാണ്‌ പോളിന്‍െറ ഹോട്ടല്‍. അവിടെ അരങ്ങേറുന്ന സംഭവങ്ങളെല്ലാം രാജ്യത്ത്‌ നടക്കുന്ന ക്രമരാഹിത്യത്തിന്‍െറ വ്യക്തമായ ചിത്രം നല്‍കുന്നു.
മരണം തൊട്ടകലെ നില്‍ക്കുമ്പോഴും അതറിയാതെ കളിയില്‍ മുഴുകുന്ന കൊച്ചുകുട്ടികള്‍. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട്‌ ഒന്നു പൊട്ടിക്കരയാന്‍ പോലുമാവാതെ വിമ്മിട്ടപ്പെടുന്ന പോള്‍. അനാഥാലയത്തിലെ പെണ്‍കുട്ടികളെ കണ്‍മുന്നിലിട്ട്‌ വെട്ടിനുറുക്കുന്നതു കാണേണ്ടിവന്ന റെഡ്‌ക്രോസ്‌ പ്രവര്‍ത്തക. മരണത്തിനു മുന്നിലും തൊലിയുടെ നിറം നോക്കുന്ന പക്ഷപാതികളായ സൈനികര്‍. ഇത്തരം ദൃശ്യങ്ങള്‍ നമ്മെ വല്ലാതെ അസ്വസ്ഥരാക്കും. ഇവയൊന്നും കെട്ടുകഥയല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞെട്ടിത്തെറിച്ചുപോകും.
സ്റ്റീവന്‍ സ്‌പില്‍ബര്‍ഗിന്‍െറ `ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' എന്ന ചിത്രവുമായി ഹോട്ടല്‍ റുവാണ്ടയ്‌ക്ക്‌ സാമ്യമുണ്ട്‌. ആയിരത്തിലധികം പോളിഷ്‌ ജൂതന്മാരെ കൂട്ടക്കൊലയില്‍ നിന്നു രക്ഷിച്ച ജര്‍മന്‍ ബിസിനസ്സുകാരന്‍ ഓസ്‌കര്‍ ഷിന്‍റ്‌ലറുടെ കഥയാണ്‌ `ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌'.
റുവാണ്ട കൂട്ടക്കൊല പ്രമേയമാക്കി വേറെയും ചില ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. മൈക്കല്‍ കാറ്റന്‍ ജോണ്‍സ്‌ സംവിധാനം ചെയ്‌ത `ഷൂട്ടിങ്‌ ഡോഗ്‌സ്‌', റോള്‍ പെക്‌ സംവിധാനം ചെയ്‌ത `സംടൈംസ്‌ ഇന്‍ ഏപ്രില്‍' എന്നീ സിനിമകളാണ്‌ കൂട്ടത്തില്‍ ശ്രദ്ധേയം.

Wednesday, November 21, 2007

മരണമില്ലാത്ത ഓള്‍ഗ



``പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങള്‍, പരാജയത്തില്‍ച്ചെന്നെത്തുന്ന ധീര ശ്രമങ്ങള്‍. ഇവയും ചിലപ്പോള്‍ ചരിത്രത്തിന്‍െറ ഭാഗമായിത്തീരാറുണ്ട്‌. ഇത്തരം പരാജയങ്ങള്‍ക്കും ലോകത്തെ മാറ്റിമറിക്കാനാവും. വിപ്ലവം വിജയിക്കുമ്പോള്‍ മാത്രമല്ല ചരിത്രമാവുന്നത്‌. വിപ്ലവശ്രമങ്ങള്‍ പരാജയപ്പെടുന്നതും ചരിത്രമാകാറുണ്ട്‌''-`ഓള്‍ഗ' എന്ന സിനിമയിലെ ധീരനായിക ഓള്‍ഗ ബനാറിയോയുടെ വാക്കുകളാണിത്‌. തീവ്രാനുഭവങ്ങളുടെ സംഗ്രഹമാണ്‌ ഈ വാക്കുകള്‍. തന്‍െറ തീക്ഷ്‌ണ യൗവനം സമരപാതയിലേക്ക്‌ തിരിച്ചുവിട്ടവളായിരുന്നു ഓള്‍ഗ. സ്വന്തം ജീവിതം എരിച്ചുകളഞ്ഞ്‌ ലോകയുവത്വത്തിനു പ്രകാശപഥം തീര്‍ക്കാന്‍ ശ്രമിച്ചവള്‍. നാസി ഭീകരതയ്‌ക്കും കീഴടക്കാനാവാത്ത മനക്കരുത്തുകൊണ്ടാണ്‌ ഓള്‍ഗ ജീവിതത്തെ നേരിട്ടത്‌. എല്ലാറ്റിനോടും അവള്‍ പൊരുതിക്കൊണ്ടിരുന്നു. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോട്‌, സ്വന്തം കുടുംബത്തോട്‌, അധികാരമത്തിനോട്‌, ജീവിതകാമനകളോട്‌-അങ്ങനെ എല്ലാറ്റിനോടുമായിരുന്നു പോരാട്ടം. ജയിക്കാനല്ല. പോരാട്ടമാണ്‌ ജീവിതം എന്നു കാണിച്ചുകൊടുത്ത്‌ ലോകയുവത്വത്തെ ആവേശംകൊള്ളിക്കാനായിരുന്നു അത്‌. പരാജയങ്ങളും വിപ്ലവത്തിന്‍െറ ലക്ഷ്യപ്രാപ്‌തിയിലേക്കുള്ള പ്രകാശഗോപുരങ്ങളാണെന്ന്‌ വ്യക്തമാക്കാനായിരുന്നു.

സമ്പന്നരായ ജര്‍മന്‍ ജൂതദമ്പതിമാരുടെ ഏകമകളായിരുന്ന ഓള്‍ഗയുടെ യഥാര്‍ഥ ജീവിതമാണ്‌ ഈ ബ്രീസിലിയന്‍ സിനിമ. ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനായ ഫെര്‍ണാണ്ടോ മൊറെയ്‌സിന്‍െറ `ഓള്‍ഗ: വിപ്ലവകാരിയും രക്തസാക്ഷിയും' എന്ന ജീവചരിത്രകൃതിയാണ്‌ സിനിമയ്‌ക്കാധാരം. തന്‍െറ കുടംബം സമ്പന്നതയില്‍ മുഴുകി ആര്‍ഭാടപൂര്‍വം ജീവിച്ചപ്പോള്‍ ഓള്‍ഗ തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയത്‌ മറ്റൊരു വഴിയേ. കമ്യൂണിസത്തിന്‍െറ, സഹജീവിസേ്‌നഹത്തിന്‍െറ, ഒരു പുതുയുഗപ്പിറവി സ്വപ്‌നം കാണുന്നവരുടെ വഴിയേ. ഒടുവില്‍ ബേണ്‍ബര്‍ഗിലെ ഗ്യാസ്‌ ചേംബറില്‍ മരണം കീഴ്‌പ്പെടുത്തിയപ്പോള്‍ ഓള്‍ഗ ചരിത്രത്തിന്‍െറ ഭാഗമായി മാറി. (ജര്‍മനിയിലെ ബര്‍ളിനില്‍ ഒരു തെരുവ്‌ ഓള്‍ഗയുടെ പേരിലാണറിയപ്പെടുന്നത്‌.) പോര്‍ച്ചുഗീസ്‌ ഭാഷയിലെഴുതിയ ഓള്‍ഗയുടെ ജീവചരിത്രം പുറത്തിറങ്ങിയത്‌ 1985-ലാണ്‌. രണ്ടുപതിറ്റാണ്ടു വേണ്ടിവന്നു ഈ കൃതിക്കു ചലച്ചിത്രഭാഷ്യം കൈവരാന്‍. പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള `ഓള്‍ഗ'യുടെ സംവിധായകന്‍ ജെയ്‌മെ മൊന്‍ജാര്‍ഡിം ആണ്‌. 2004-ല്‍ ഈ സിനിമ റിലീസായി. 2005-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ ഈ ചിത്രവും മത്സരിച്ചിരുന്നു.

തണുപ്പ്‌ അകറ്റാനിട്ട തീ. അതിനു സമീപം പുഞ്ചിരിക്കുന്ന മുഖവുമായി ഓള്‍ഗ എന്ന പെണ്‍കുട്ടി. അവള്‍ ധൈര്യപൂര്‍വം ആ തീ ചാടിക്കടക്കുകയാണ്‌. തുടക്കത്തിലെ ഈ രംഗത്തുനിന്ന്‌ ക്യാമറ നമ്മളെ കൊണ്ടുപോകുന്നത്‌ ഓള്‍ഗയുടെ മറ്റൊരവസ്ഥയിലേക്കാണ്‌. ജര്‍മനിയിലെ റാവന്‍സ്‌ ബ്രൂക്ക്‌ നാസി തടങ്കല്‍പ്പാളയത്തില്‍ മരണത്തെ നേരിടാനൊരുങ്ങുകയാണ്‌ ഓള്‍ഗ. തല മൊട്ടയടിച്ച്‌ , ശരീര ചൈതന്യം വാര്‍ന്നുപോയ ഓള്‍ഗ. പക്ഷേ, അവളപ്പോഴും ധീരയായിരുന്നു. കുനിയാത്ത ശിരസ്സ്‌. തിളങ്ങുന്ന കണ്ണുകള്‍. ജീവിതത്തെപ്പോലെത്തന്നെ മരണത്തെയും നേരിടാന്‍ പോവുകയാണ്‌ ഓള്‍ഗ.

1942. തടങ്കല്‍പ്പാളയത്തില്‍ ഒട്ടേറെ തടവുകാരോടൊപ്പം ഓള്‍ഗയെ നാം കാണുന്നു. ഇനി ഒരു രാത്രികൂടിയേയുള്ളു. ബേണ്‍ബര്‍ഗിലെ ഗ്യാസ്‌ചേംബര്‍ ഇരകള്‍ക്കായി നാവുനീട്ടിത്തുടങ്ങിയിരുന്നു. നാളെ എല്ലാ ശക്തിയും മനക്കരുത്തും ആവശ്യമായി വരും എന്ന്‌ ഓള്‍ഗ പറയുന്നു. തന്‍െറ ഹൃദയത്തെ പീഡിപ്പിച്ച എല്ലാ സംഭവങ്ങളും അവള്‍ ഓര്‍ത്തെടുക്കുകയാണ്‌. തന്‍െറ ജീവിതത്തിലെ വിലപിടിപ്പുള്ള ഓര്‍മകളാണീ പീഡനങ്ങള്‍. പ്രകാശമാര്‍ന്ന ഒരു നല്ല നാളേക്കുവേണ്ടി മുള്‍പ്പഥങ്ങള്‍ താണ്ടിയപ്പോള്‍ ഏറ്റുവാങ്ങിയ മുറിവുകള്‍. ആ മുറിവുകളില്‍നിന്ന്‌ അവളുടെ ഓര്‍മയിലേക്ക്‌ ചോരയിറങ്ങുകയാണ്‌. അഞ്ചു വയസ്സുള്ള മകളുടെ ഫോട്ടോവിലേക്ക്‌ നോക്കി ഓള്‍ഗ അവള്‍ക്ക്‌ അവസാനത്തെ കത്തെഴുതുകയാണ്‌: ``മോളേ, ഒരുപാട്‌ രാത്രികളില്‍ ഞാന്‍ നിന്നെ ഓര്‍ത്തതുപോലെ ഈ രാത്രിയിലും ഓര്‍ക്കുകയാണ്‌. നിന്നോട്‌ പറയാന്‍ കാത്തുവെച്ച കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കുകയാണ്‌. നാളെ എന്നത്‌ ഞാന്‍ മറന്നുപോകുന്നു.''


ഓള്‍ഗയുടെ ഓര്‍മകളില്‍ 1926ലെ മൊബിറ്റ്‌ ജയിലറയിലെ കോടതിമുറി തെളിഞ്ഞുവരുന്നു. തന്‍െറ ആദ്യത്തെ ആക്‌ഷന്‍ നടന്ന സ്ഥലം. പതിനെട്ടാം വയസ്സിലായിരുന്നു അത്‌. 142 മിനിറ്റ്‌ നീണ്ട `ഓള്‍ഗ' എന്ന ചലച്ചിത്രം ചടുലമായ ഒരന്തരീക്ഷത്തില്‍നിന്ന്‌ ആരംഭിക്കുകയാണ്‌. ജര്‍മന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗം പ്രൊഫ. ഓട്ടോ ബ്രോണിനെ വിചാരണയ്‌ക്കിടയില്‍ രക്ഷപ്പെടുത്താനുള്ള ദൗത്യവുമായി വന്നിരിക്കയാണ്‌ ഓള്‍ഗയും നാലു സഹപ്രവര്‍ത്തകരും. രാജ്യത്ത്‌ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ്‌ ഓട്ടോയുടെ പേരിലുള്ള പ്രധാന കുറ്റം. രാജ്യരഹസ്യങ്ങള്‍ സോവിയറ്റ്‌യൂണിയനു കൈമാറി എന്നത്‌ മറ്റൊരു കുറ്റം. ഒരു കൂടയില്‍ നിറയെ ആപ്പിളുമായാണ്‌ ഓള്‍ഗ എന്ന സുന്ദരി എത്തിയിരിക്കുന്നത്‌. പെട്ടെന്ന്‌ ആപ്പിളുകള്‍ക്കിടയില്‍നിന്ന്‌ അവള്‍ തോക്കെടുത്ത്‌ സൈനികന്‍െറ തലയ്‌ക്കുനേരെ പിടിക്കുന്നു. താക്കോല്‍ വാങ്ങി കൈവിലങ്ങ്‌ അഴിച്ചുമാറ്റി ഓട്ടോയുമായി രക്ഷപ്പെടുന്നു.

ഓട്ടോ ഓള്‍ഗയെ വല്ലാതെ ഇഷ്‌ടപ്പെട്ടിരുന്നു. തടവറയില്‍ക്കിടന്ന നാളുകളില്‍ ഓള്‍ഗയുടെ അസാന്നിധ്യം തന്നെ അസ്വസ്ഥനാക്കിയിരുന്നു എന്ന്‌ ഓട്ടോ ഓര്‍ത്തു. ``കുടുംബവും കുട്ടികളും നമുക്ക്‌ വിധിച്ചിട്ടുള്ളതല്ല'' എന്നു പറഞ്ഞ്‌ ഓട്ടോയുടെ വികാരപ്രകടനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്‌ ഓള്‍ഗ. ``നീ എന്‍െറ കൂടെ ഉറച്ചുനിന്ന്‌ പോരാടണം'' എന്ന ഓട്ടോയുടെ സേ്‌നഹാഭ്യര്‍ഥനയ്‌ക്കും ഓള്‍ഗയ്‌ക്ക്‌ വ്യക്തമായ മറുപടിയുണ്ടായിരുന്നു. ``ഞാന്‍ ഏതെങ്കിലും ഒരാളിനോടൊപ്പമല്ല, എന്നും വിപ്ലവത്തിനൊപ്പം നിന്നാണ്‌ പൊരുതുക.''


പാര്‍ട്ടി നിര്‍ദേശമനുസരിച്ച്‌ ഓള്‍ഗ സോവിയറ്റ്‌ യൂണിയനിലെത്തുന്നു. യുവകമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ അതിവേഗം പ്രശസ്‌തയാകുന്നു. ഒരു യോഗത്തില്‍ വെച്ച്‌ മുന്‍ പാര്‍ലമെന്‍റംഗം ആര്‍തര്‍ എവര്‍ട്ടിനെയും ഭാര്യ എലിസ എവര്‍ട്ട്‌ എന്ന സാബുവിനെയും ഓള്‍ഗ പരിചയപ്പെടുന്നു. സോവിയറ്റ്‌ സൈനികരോടൊപ്പം കഠിനപരിശീലനം നടത്തി ഓള്‍ഗ ആയുധപ്രയോഗത്തില്‍ പ്രാവീണ്യം നേടുന്നു.
പാര്‍ട്ടിനേതൃത്വം പുതിയൊരു ദൗത്യമാണ്‌ ഓള്‍ഗയെ ഏല്‌പിക്കുന്നത്‌. അവളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്‌ ഇവിടെ വെച്ചാണ്‌. മോസേ്‌കാവില്‍ ഒളിവില്‍ കഴിയുന്ന ബ്രസീലിയന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ലൂയി കാര്‍ലോസ്‌ പ്രസ്റ്റസിന്‍െറ സുരക്ഷാച്ചുമതലയാണ്‌ ഓള്‍ഗയെ ഏല്‌പിക്കുന്നത്‌. അദ്ദേഹത്തിന്‍െറ അംഗരക്ഷകയായി ബ്രസീലില്‍ പോയി പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം. ബ്രസീലിലെ ഏകാധിപതി വര്‍ഗാസിനെതിരെ കലാപം സംഘടിപ്പിക്കുകയാണ്‌ പ്രസ്റ്റസിന്‍െറ ദൗത്യം. കപ്പലിലാണ്‌ പ്രസ്റ്റസിന്‍െറയും ഓള്‍ഗയുടെയും യാത്ര. ധനാഢ്യരായ പോര്‍ച്ചുഗീസ്‌ ദമ്പതിമാരെപ്പോലെ വേഷം ധരിച്ചാണവര്‍ യാത്രചെയ്യുന്നത്‌. ഏറെക്കാലമായി മോസ്‌കാവില്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയായിരുന്നു പ്രസ്റ്റസ്‌. ബ്രസീല്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ്‌. ഒട്ടേറെ ദിവസങ്ങള്‍ കഴിഞ്ഞ്‌ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ കപ്പലിറങ്ങുമ്പോഴേക്കും ഓള്‍ഗയും പ്രസ്റ്റസും ഗാഢമായ പ്രണയത്താല്‍ ബന്ധിതരാക്കപ്പെട്ടിരുന്നു.

ബ്രസീലില്‍ കമ്യൂണിസ്റ്റുകാര്‍ നാഷണല്‍ ലിബറേഷന്‍ അലയന്‍സുമായി ചേര്‍ന്ന്‌ കലാപത്തിനു കളമൊരുക്കുകയാണെന്ന്‌ സര്‍ക്കാറിനു സൂചന കിട്ടുന്നു. ഇതിനെല്ലാം നേതൃത്വം നല്‌കുന്ന പ്രസ്റ്റസ്‌ മോസേ്‌കാവില്‍ത്തന്നെയാണെന്നായിരുന്നു സര്‍ക്കാറിന്‍െറ ധാരണ. സാബുവും എവര്‍ട്ടും ഓള്‍ഗയോടും പ്രസ്റ്റസിനോടുമൊപ്പം ചേരാനെത്തി. വിപ്ലവകാരികളെ പരിശീലിപ്പിക്കലായിരുന്നു പ്രസ്റ്റസിന്‍െറയും സംഘത്തിന്‍െറയും ആദ്യപരിപാടി. ഇതിനാവശ്യമായ ഫണ്ട്‌ ഉടനെയെത്തും. ഒരമേരിക്കന്‍ സുഹൃത്ത്‌ റേഡിയോ സ്ഥാപിക്കും. വലിയൊരു ബഹുജന റാലി സംഘടിപ്പിച്ച്‌ സര്‍ക്കാറിനെ ഞെട്ടിക്കലായിരുന്നു ആദ്യലക്ഷ്യം.

1935 നവംബര്‍ 23. നാറ്റാള്‍ നാവിക ബാരക്കിലെ സൈനികര്‍ കലാപത്തിനിറങ്ങുന്നു. സൈനികര്‍ക്കൊപ്പം ചേര്‍ന്ന്‌ കലാപത്തിനു സമയമായി എന്നായിരുന്നു പ്രസ്റ്റസിന്‍െറയും ഓള്‍ഗയുടെയും നിലപാട്‌. സംശയിച്ചുനിന്ന സഖാക്കളെ ഇരുവരും ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. നവംബര്‍ 27ന്‌ റിയോ ഡി ജനീറോവിലെ സൈനികരും കലാപത്തിനിറങ്ങുന്നു. പക്ഷേ, സര്‍ക്കാര്‍ അതിവേഗം അത്‌ അടിച്ചമര്‍ത്തുന്നു. രാജ്യമെങ്ങും പൊതുപണിമുടക്ക്‌ നടത്തണമെന്ന പാര്‍ട്ടിയുടെ ആഹ്വാനം ജനം ചെവിക്കൊണ്ടില്ല. സ്വാഭാവികമായും കലാപശ്രമം അണഞ്ഞുപോകുന്നു. അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിപ്ലവനീക്കം പരാജയപ്പെട്ടതില്‍ പ്രസ്റ്റസ്‌ നിരാശനും ദുഃഖിതനുമായിരുന്നു. പരാജയത്തിന്‍െറ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. പ്രസ്റ്റസിനെ ആശ്വസിപ്പിക്കാന്‍ ഓള്‍ഗ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രസിലില്‍നിന്ന്‌ രക്ഷപ്പെടണമെന്ന പ്രസ്റ്റസിന്‍െറ നിര്‍ദേശം അവഗണിച്ച്‌ അവള്‍ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു.

സാബുവും ഭര്‍ത്താവും അറസ്റ്റിലായതോടെ പ്രസ്റ്റസിനും ഓള്‍ഗയ്‌ക്കും വലിയൊരു താങ്ങ്‌ നഷ്‌ടപ്പെട്ടു. ഷോക്കേല്‌പിച്ചും മറ്റും നടത്തിയ പീഡനമുറകളില്‍ എവര്‍ട്ട്‌ തകര്‍ന്നു. പ്രസ്റ്റസും ഓള്‍ഗയും ബ്രസീലിലുണ്ടെന്ന്‌ ഒരു ദുര്‍ബല നിമിഷത്തില്‍ എവര്‍ട്ട്‌ പറഞ്ഞുപോകുന്നു. `അസാധ്യമായത്‌ സാധിക്കുമെന്ന്‌' പഠിപ്പിച്ച റഷ്യന്‍ വിപ്ലവം പ്രചോദനമായി മുന്നിലുള്ളപ്പോള്‍ തങ്ങള്‍ പരാജയപ്പെടില്ലെന്ന്‌ ഓള്‍ഗ വിശ്വസിച്ചു. വീടുകള്‍ മാറിമാറി അവര്‍ ഒളിവില്‍ത്തന്നെ കഴിഞ്ഞു. മഹത്തായ സ്വപ്‌നങ്ങളും ദര്‍ശനങ്ങളുമുള്ള പ്രസ്റ്റസിനൊപ്പം ഓള്‍ഗ എന്തും നേരിടാന്‍ ഏതു സമയവും തയ്യാറായിനിന്നു.

അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ്‌ ഇരുവരെയും പിടികൂടുന്നു. പ്രസ്റ്റസിനെ ഏകാന്തതടവിലിടുന്നു. തൊട്ടടുത്ത സെല്ലില്‍, എഴുന്നേല്‍ക്കാന്‍ പോലുമാവാതെ, മൃതപ്രായനായി എവര്‍ട്ടുമുണ്ടായിരുന്നു. തടവറയില്‍ സാബുവിന്‍െറ സാന്നിധ്യം ഓള്‍ഗയ്‌ക്ക്‌ ആശ്വാസമായി. പക്ഷേ, എവര്‍ട്ടിനെക്കുറിച്ചുള്ള ആശങ്കയില്‍ സാബു ആകെ തകര്‍ന്നിരുന്നു. ഷോക്കേല്‌പിച്ചുള്ള ചോദ്യംചെയ്യല്‍ സാബുവിനെ മാനസികനില തെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചു. ഡോക്ടര്‍മാരും എഴുത്തുകാരും സിനിമാനടികളും തൊഴിലാളികളുമടങ്ങിയ തടവറയിലാണ്‌ ഓള്‍ഗ എത്തിപ്പെട്ടത്‌. ഒരു ദിവസം തലകറങ്ങി വീണ ഓള്‍ഗ ആ സത്യം മനസ്സിലാക്കുന്നു-താന്‍ ഗര്‍ഭിണിയാണ്‌. ബ്രസീലിലെ സുപ്രീംകോടതി ഓള്‍ഗയെയും സാബുവിനെയും ജര്‍മനിയിലേക്ക്‌ നാടുകടത്താന്‍ തീരുമാനിക്കുന്നു. ഹിറ്റ്‌ലറുമായി ചങ്ങാത്തത്തിലായിരുന്നു ബ്രസീല്‍ ഭരണാധികാരി. `ഹിറ്റ്‌ലര്‍ക്കൊരു പാരിതോഷികം' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്‌ ബ്രസീല്‍ ഗവണ്‍മെന്‍റ്‌ ഓള്‍ഗയെ ജര്‍മനിക്ക്‌ കൈമാറുന്നത്‌. ഏഴു മാസം ഗര്‍ഭിണിയായിരിക്കെ, 1936-ല്‍ ഓള്‍ഗയെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ കപ്പലില്‍ എത്തിക്കുന്നു.

നാസി രഹസ്യപ്പോലീസായ ഗസ്റ്റപ്പോയുടെ കീഴിലുള്ള ബര്‍ളിനിലെ ബര്‍നിംസ്‌ട്രാസ്‌ തടവറയിലാണ്‌ ഓള്‍ഗയും സാബുവും എത്തുന്നത്‌. കഠിനമര്‍ദനവും ജോലിയെടുപ്പിക്കലും പട്ടിണിക്കിടലുമായിരുന്നു അവിടത്തെ ശിക്ഷ. ഓള്‍ഗയ്‌ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ പിറക്കുന്നു. ഓള്‍ഗ അവള്‍ക്ക്‌ പേരിട്ടു-അനിത. മുലകുടി മാറിയതും കുഞ്ഞിനെ അവളില്‍നിന്നു വേര്‍പെടുത്തുന്നു. പ്രസ്റ്റസിന്‍െറ അമ്മയും സഹോദരിയുമാണ്‌ അനിതയെ ഏറ്റെടുത്ത്‌ വീട്ടില്‍ കൊണ്ടുപോകുന്നത്‌. എല്ലാ വേദനയില്‍നിന്നും മോചിതയാക്കപ്പെട്ട്‌ സാബു തടവറയില്‍ത്തന്നെ മരിക്കുന്നു. 1942 ഏപ്രിലില്‍ റാവന്‍സ്‌ ബ്രൂക്ക്‌ തടങ്കല്‍പ്പാളയത്തിലെ ബേണ്‍ബര്‍ഗ്‌ ഗ്യാസ്‌ ചേംബറില്‍ ഓള്‍ഗയും മരണത്തിനു കീഴടങ്ങുന്നു. അന്ന്‌ ഓള്‍ഗയ്‌ക്ക്‌ പ്രായം 34.

1945-ല്‍ പ്രസ്റ്റസ്‌ ജയില്‍വിമോചിതനായി. ഓള്‍ഗ അവസാനമായി അയാള്‍ക്കയച്ച കത്ത്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ കിട്ടുന്നത്‌. അതില്‍ ഓള്‍ഗ ഇങ്ങനെ എഴുതിയിരുന്നു: ``നീതിക്കുവേണ്ടി, നല്ലതിനു വേണ്ടി ഞാന്‍ പൊരുതി; മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടിയും.''

തന്‍െറ സങ്കല്‌പത്തിലുള്ള ലോകത്ത്‌ എന്തെല്ലാം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച്‌ ഓള്‍ഗയ്‌ക്ക്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പക്ഷേ, എന്തെല്ലാം ഉണ്ടാകാന്‍ പാടില്ല എന്ന്‌ അവര്‍ക്കറിയാമായിരുന്നു. ദാരിദ്ര്യമില്ലാത്ത, ചൂഷണമില്ലാത്ത, യുദ്ധങ്ങളില്ലാത്ത ഒരു ലോകം. അതായിരുന്നു ഓള്‍ഗയുടെ സ്വപ്‌നം. ഒരുനാള്‍, പെട്ടിയുമെടുത്ത്‌ വീട്ടില്‍നിന്ന്‌ അവള്‍ പടിയിറങ്ങിയത്‌ തകര്‍ത്തുപെയ്യുന്ന മഴയിലേക്കാണ്‌. മനസ്സുകൊണ്ട്‌ എന്നും മകള്‍ക്കൊപ്പം നിന്നിരുന്ന അച്ഛന്‍ മാത്രമേ അവളെ യാത്രയാക്കാനുണ്ടായിരുന്നുള്ളൂ. കുടുംബത്തിന്‍െറ തീരാശാപംപോലെയായിരുന്നു അമ്മയ്‌ക്ക്‌ അവളെന്നും. മഴയിലേക്കുള്ള ഓള്‍ഗയുടെ ആ പടിയിറക്കം തണുപ്പിലേക്കായിരുന്നില്ല, പൊള്ളുന്ന ചൂടിലേക്കായിരുന്നു. ആ ചൂടാണ്‌ നമ്മള്‍ ഈ സിനിമയില്‍ അനുഭവിക്കുന്നത്‌. യുവവിപ്ലവകാരിയായിരിക്കവെത്തന്നെ ഓള്‍ഗ പ്രണയിനിയും ഭാര്യയും അമ്മയുമൊക്കെയായി. അതുവരെ, ഈ സ്ഥാനങ്ങളൊക്കെ ഒരു വിപ്ലവകാരിക്ക്‌ നിഷിദ്ധമാണെന്നായിരുന്നു ഓള്‍ഗയുടെ വിശ്വാസം. അതുകൊണ്ടു തന്നെ അത്തരം മൃദുലചിന്തകള്‍ അവളെ അലോസരപ്പെടുത്തിയിരുന്നില്ല. കാര്‍ലോസ്‌ പ്രസ്റ്റസുമായുള്ള അടുപ്പം അവളുടെ ജീവിതകാമനകളെ തൊട്ടുണര്‍ത്തുക മാത്രമല്ല ചെയ്‌തത്‌. അവളിലെ വിപ്ലവകാരിയെ അത്‌ ഒന്നുകൂടി മൂര്‍ച്ചയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്‌തു. തന്നിലെ ആനന്ദം താന്‍ കണ്ടെത്തിയത്‌ ബ്രസീലില്‍ വെച്ചാണെന്ന്‌ ഓള്‍ഗ അയവിറക്കുന്നുണ്ട്‌. ആ ആനന്ദം കെട്ടണഞ്ഞുപോകുന്നതും അവിടെ വെച്ചുതന്നെ.

വ്യത്യസ്‌തരായ രണ്ട്‌ അമ്മമാരെ നമുക്കീ ചിത്രത്തില്‍ കാണാം. മകന്‍െറ വിപ്ലവചിന്തകളെ ഹൃദയപൂര്‍വം പിന്തുണയ്‌ക്കുന്ന ഒരമ്മ-ഡോണ. കുടുംബത്തിന്‌ അപമാനമാണെന്ന്‌ പറഞ്ഞ്‌ മകളെ തള്ളിപ്പറയുന്ന മറ്റൊരമ്മ-യൂജിനീ ബനാറിയോ. അനീതിയോട്‌ പ്രതികരിക്കാന്‍ പ്രസ്റ്റസിന്‌ എന്നും പ്രചോദനം അമ്മ ഡോണയായിരുന്നു. മകന്‍െറയും ഭാര്യയുടെയും കുഞ്ഞിന്‍െറയും മോചനത്തിനുവേണ്ടി പ്രായം മറന്നും പ്രവര്‍ത്തിക്കുന്ന ഡോണയും പ്രസ്റ്റസിന്‍െറ സഹോദരിയും അവരുടെ നിശ്ചയദാര്‍ഢ്യംകൊണ്ട്‌ നമ്മുടെ ആദരം നേടുന്നു. ഓള്‍ഗയുടെ അമ്മ യൂജിനീക്കാവട്ടെ സഹജീവി സേ്‌നഹവും വിപ്ലവവുമൊക്കെ അലര്‍ജിയുണ്ടാക്കുന്ന വാക്കുകളായിരുന്നു.


രക്തസാക്ഷിയായിത്തീര്‍ന്ന ഓള്‍ഗ എന്ന വിപ്ലവകാരിയുടെ പൂര്‍ണവ്യക്തിത്വമാണ്‌ ഈ സിനിമയില്‍ അനാവരണം ചെയ്യുന്നത്‌. വ്യത്യസ്‌ത മുഖങ്ങളുണ്ട്‌ അവര്‍ക്ക്‌. വിപ്ലവകാരി, പ്രണയിനി, ഭാര്യ, അമ്മ എന്നിങ്ങനെ. എല്ലാം പരസ്‌പരം ബന്ധിതം. അടിയുറച്ച വ്യക്തിത്വമുള്ളവര്‍ക്കേ ഈ ബന്ധങ്ങളെയെല്ലാം അതതിന്‍െറ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാവൂ. ഓള്‍ഗ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സംവിധായകന്‍ തികഞ്ഞ കൈയടക്കമാണ്‌ കാണിച്ചിരിക്കുന്നത്‌. ഒരിടത്തും ചായക്കൂട്ട്‌ കോരിയൊഴിച്ച്‌ കഥാപാത്രത്തെ വിരൂപമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഓരോദൃശ്യവും എടുത്തു മാറ്റാനാവാത്ത വിധം ഇതിവൃത്തത്തോട്‌ ലയിച്ചുനില്‍ക്കുന്നു. അനാവശ്യം എന്ന്‌ കുറ്റപ്പെടുത്താവുന്ന ഒറ്റ ഷോട്ട്‌പോലും കാണാനാവില്ല. മറ്റുള്ളവരുടെ വേദനയെ്‌ക്കാപ്പം സ്വന്തം വേദനകളും അയവിറക്കാന്‍ ശ്രമിക്കുന്ന ഓള്‍ഗ ഈ ഭൂമിയില്‍ത്തന്നെ തൊട്ടുനില്‌ക്കുന്ന കഥാപാത്രമാണ്‌. അവരെ അമാനുഷയാക്കാന്‍ സംവിധായകന്‍ ഒളിഞ്ഞോ തെളിഞ്ഞോ ശ്രമിച്ചിട്ടില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്‌ എന്തോ അതിനെ ദൃശ്യരേഖയായി അടയാളപ്പെടുത്തുകയാണദ്ദേഹം. തീവ്രമായി അനുഭവിപ്പിക്കാനുള്ളതാണ്‌ സിനിമ എന്ന്‌ `ഓള്‍ഗ' നമ്മെ ഓര്‍മപ്പെടുത്തുന്നു. നാസി ഭീകരതയുടെ കഠിനപര്‍വങ്ങള്‍ താണ്ടിയ ഒരു ജനതയുടെ വിശ്വാസദാര്‍ഢ്യം ഈ ചിത്രത്തില്‍ തെളിയുന്നു.

Monday, November 19, 2007

നേടുന്നവരും നഷ്ടപ്പെടുന്നവരും


ആറ്‌ സ്‌ത്രീ കഥാപാത്രങ്ങള്‍, പത്തുപന്ത്രണ്ടു വയസ്സായ ഒരു ബാലന്‍, പിന്നെ ഒരു കാറും. പ്രശസ്‌ത ഇറാനിയന്‍ സംവിധായകനായ അബ്ബാസ്‌ കിരോസ്‌തമിയുടെ `ടെന്‍' എന്ന ചിത്രത്തിലാണ്‌ ഈ അപൂര്‍വത. പുരുഷ കഥാപാത്രങ്ങളില്ലാതെ തന്നെ ഇതില്‍ പുരുഷന്‍െറ വിവിധ മുഖങ്ങള്‍ തെളിഞ്ഞുവരുന്നു. ബാലനൊഴികെ മറ്റാര്‍ക്കും പേരില്ല. കാര്‍ യാത്രയ്‌ക്കിടയില്‍ കയറിവരുന്ന അതിഥികളാണ്‌ അവര്‍. അതില്‍, കാര്‍ ഡ്രൈവറായ യുവതിയുടെ സഹോദരിയുണ്ട്‌. കൂട്ടുകാരികളുണ്ട്‌. ഭക്തയായ വൃദ്ധയുണ്ട്‌. ദുര്‍ന്നടത്തക്കാരിയുണ്ട്‌. ഇവരുമായുള്ള സംഭാഷണങ്ങളിലൂടെയാണ്‌ സിനിമ മുന്നോട്ടുനീങ്ങുന്നത്‌. കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകള്‍ എല്ലാം പകര്‍ത്തിവെക്കുന്നു. കാറിലെ മുന്‍സീറ്റുകളിലുള്ള യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ `ടെന്‍' രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ ഷോട്ടുകള്‍ മാത്രമേയുള്ളൂ. അതും രണ്ട്‌ ആംഗിളില്‍ നിന്നു മാത്രം. കാറിനുപുറത്തെ ശബ്ദങ്ങള്‍ നമുക്ക്‌ കേള്‍ക്കാം. പക്ഷേ, അവിടത്തെ കാഴ്‌ചകള്‍ക്കുനേരെ ക്യാമറ കണ്ണടയ്‌ക്കുന്നു. തൊണ്ണൂറുമിനിറ്റു നീണ്ട ഈ ഇറാനിയന്‍ സിനിമ അസുലഭമായ ഒരു ചലച്ചിത്രാനുഭവമാണ്‌.

പത്തുദൃശ്യഖണ്ഡങ്ങളായി തിരിച്ചാണ്‌ കഥ പറയുന്നത്‌. ഓരോ ഖണ്ഡത്തിലും ഒരു രംഗം മാത്രം. കട്ടില്ലാതെ ഓരോരംഗവും ഒറ്റഷോട്ടില്‍ ഒതുക്കിയിരിക്കുന്നു. എല്ലാറ്റിലും പ്രത്യക്ഷപ്പെടുന്നത്‌ കഥാനായികയും കാറും മാത്രം. ഡ്രൈവിങ്‌ സീറ്റിലേ നായികയെ നമ്മള്‍ കാണൂ. ഒന്നോരണ്ടോ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ യുവതി കാറില്‍ നിന്നിറങ്ങുന്നുള്ളൂ.
കിരോസ്‌തമി കഥ തുടങ്ങുന്നത്‌ പത്താംഖണ്ഡത്തില്‍ നിന്നാണ്‌. ചിത്രത്തിലെ ഏറ്റവും നീളമേറിയ രംഗവും ഇതുതന്നെ. അമ്മയും മകനും തമ്മിലുള്ള സംഭാഷണമുള്‍ക്കൊള്ളുന്ന ഈ രംഗം 19 മിനിറ്റാണുള്ളത്‌.

കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളും കാര്‍യാത്ര തുടങ്ങുകയാണ്‌. നഗരത്തിരക്കിലൂടെയാണ്‌ യാത്ര. യുവതിയും മകന്‍ അമീനുമാണ്‌ കാറില്‍. ആദ്യത്തെ പതിനേഴ്‌ മിനിറ്റും നമ്മള്‍ പയ്യനെ മാത്രമേ കാണുന്നുള്ളൂ. കഥാനായിക അദൃശ്യയാണ്‌. കാര്‍ ഓടുന്നുണ്ട്‌, അവളുടെ വര്‍ത്തമാനവും നമുക്കുകേള്‍ക്കാം. പക്ഷേ, കഥാപാത്രത്തെ സംവിധായകന്‍ കാണിച്ചുതരുന്നത്‌ പയ്യന്‍ കാറില്‍ നിന്നിറിങ്ങിപ്പോകുമ്പോള്‍ മാത്രമാണ്‌. ആധുനിക വേഷത്തിലാണ്‌ യുവതി. സ്വാതന്ത്ര്യദാഹിയാണ്‌. സേ്‌നഹിക്കാന്‍ എന്നപോലെ സേ്‌നഹിക്കപ്പെടാനും കൊതിക്കുന്നവള്‍. ഭര്‍ത്താവില്‍ സേ്‌നഹിതനെയും നല്ലൊരു സഹചാരിയെയും തേടുന്നവള്‍. ആദ്യ ഭര്‍ത്താവില്‍ അവള്‍ക്കത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, അയാളെ ഉപേക്ഷിച്ച്‌ മറ്റൊരാളെ സ്വീകരിച്ചു. ആദ്യബന്ധത്തില്‍ ഒരു മകനുണ്ട്‌. അവനാണ്‌ അമീന്‍. സ്‌കൂളില്‍ പഠിക്കുന്നു. അവനെ നീന്തല്‍ക്കുളത്തില്‍ എത്തിക്കാനുള്ളതാണീ യാത്ര. അവിടെ സമയത്തിനെത്താനാവാത്തതിന്‍െറ രോഷം പയ്യന്‍െറ വാക്കിലും പെരുമാറ്റത്തിലും പ്രകടമാണ്‌. എങ്കിലുംപ്രധാനകാരണം ഇതൊന്നുമല്ല എന്ന്‌ അവരുടെ സംഭാഷണം മുന്നോട്ടുപോകവെ നമുക്കു മനസ്സിലാകുന്നു. വിവാഹമോചനകാരണങ്ങള്‍ സ്വയം ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും മകനെ ബോധ്യപ്പെടുത്താന്‍ യുവതിക്കു കഴിഞ്ഞിട്ടില്ല. പിതാവ്‌ മാത്രം തെറ്റുകാരന്‍ എന്ന മട്ടിലാണ്‌ അമ്മ എപ്പോഴും സംസാരിക്കുന്നതെന്ന്‌ അവന്‍ തുറന്നടിക്കുന്നു. ഈ കുറ്റപ്പെടുത്തല്‍ എത്രയോതവണ കേട്ടിരിക്കുന്നു. അതിന്‍െറ ഈര്‍ഷ്യ അവന്‍ മറച്ചുവെക്കുന്നില്ല. ഒച്ചവെച്ചും ഇടയ്‌ക്ക്‌ ചെവിപൊത്തിയും തന്‍െറ അസഹിഷ്‌ണുത അവന്‍ ശക്തമായിത്തന്നെ പ്രകടിപ്പിക്കുന്നുണ്ട്‌. നിശ്ചലമായ തടാകമായിരുന്നു താന്‍ എന്ന്‌ യുവതി അവനോട്‌ ന്യായവാദം പറയുന്നു. ഒഴുക്കില്ലാതെ അതങ്ങനെ നശിക്കുകയായിരുന്നു. അപ്പോഴാണ്‌ ധീരമായ ഒരു തീരുമാനമെടുത്തത്‌. ഇപ്പോള്‍ ഒഴുകുന്ന നദിപോലെയാണ്‌ താന്‍. പക്ഷേ, അവനതൊന്നും കേള്‍ക്കേണ്ട. വിവാഹമോചനത്തിനുള്ള ന്യായീകരണം എഴുന്നള്ളിച്ച്‌ അമ്മ എപ്പോഴും തന്നെ ബോറടിപ്പിക്കുകയാണെന്ന്‌ അവന്‍ കുറ്റപ്പെടുത്തുന്നു.അമ്മയുടെ പുതിയ ഭര്‍ത്താവിനെ അംഗീകരിക്കുന്നില്ല അവന്‍. അയാളെ വെറുപ്പാണവന്‌. അതുകൊണ്ട്‌ പിതാവിന്‍െറ കൂടെയാണ്‌ താമസം. വിവാഹമോചനം കിട്ടാന്‍ അമ്മ കള്ളംപറഞ്ഞതിലും അമീന്‌ സങ്കടവും കോപവുമുണ്ട്‌. (ഭര്‍ത്താവ്‌ മയക്കുമരുന്നിനടിമയാണെന്നു പറഞ്ഞാണ്‌ യുവതി വിവാഹമോചനം നേടിയെടുക്കുന്നത്‌.)

അടുത്തരംഗം. നിര്‍ത്തിയിട്ട കാറിന്‍െറ മുന്‍സീറ്റില്‍ ഒരു സ്‌ത്രീ. കഥാനായികയുടെ സഹോദരിയാണിവര്‍. അവര്‍ യുവതിയെ കാത്തിരിക്കുകയാണ്‌. കുറെ പഴങ്ങളുമായി യുവതി എത്തി. കാര്‍ നഗരത്തിരക്കിലേക്ക്‌ ഇറങ്ങുന്നു. അധ്യാപികയാണ്‌ സഹോദരി. ഒരു മകനുണ്ട്‌. അമീനില്‍ നിന്ന്‌ താന്‍ നേരിടുന്ന അവഗണനയെപ്പറ്റിയായി യുവതിയുടെ പരിഭവം പറച്ചില്‍. താന്‍ നല്ല അമ്മയല്ലെന്നാണ്‌ അവന്‍െറ ആവലാതി എന്നവള്‍ പറയുന്നു. അമീന്‍ അസന്തുഷ്‌ടനും ശുണ്‌ഠിക്കാരനുമാണെന്ന്‌ സഹോദരിയും ശരിവെക്കുന്നു. അവനെ മുഴുവന്‍ സമയവും പിതാവിനൊപ്പം തന്നെ വിട്ടേക്കാനാണ്‌ സഹോദരി ഉപദേശിക്കുന്നത്‌. അവന്‍ പുരുഷനായിക്കൊണ്ടിരിക്കുകയാണ്‌. ഈ സമയത്ത്‌ പിതാവിന്‍െറ കൂട്ടാണ്‌ വേണ്ടത്‌. സഹോദരി ഇറങ്ങിപ്പോകുന്നതോടെ ഈ രംഗം തീരുന്നു.


ഇനി എട്ടാംഖണ്ഡം. ഡ്രൈവറുടെ സീറ്റില്‍ യുവതിയുണ്ട്‌. ഒരിടത്ത്‌ നിര്‍ത്തി ഒരു വൃദ്ധയോട്‌ വഴി ചോദിക്കുന്നു. ഒരു വിശുദ്ധന്‍െറ ഖബറിടത്തിലേക്ക്‌ പോവുകയാണാ സ്‌ത്രീ. അവരെ കാറില്‍ കയറ്റുന്നു. പിന്‍സീറ്റിലിരിക്കുന്ന അവരെ നാം കാണുന്നില്ല. അവശമായ സംസാരം മാത്രം കേള്‍ക്കാം. ദിവസം മൂന്നുനേരം അവര്‍ പ്രാര്‍ഥിക്കാന്‍ ഈ പുണ്യസ്ഥലത്ത്‌ പോകാറുണ്ട്‌. ചിലപ്പോള്‍ ആരെങ്കിലും വാഹനത്തില്‍ വിളിച്ചുകയറ്റും. അല്ലെങ്കില്‍ നടന്നുപോകും. ഭര്‍ത്താവ്‌ മരിച്ചു. 12 വയസ്സായ മകനും മരിച്ചു. ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനാണവര്‍ പോകുന്നത്‌. സിറിയയില്‍ തീര്‍ഥാടനത്തിന്‌ പോകാനായി അവര്‍ വീടുവിറ്റു. പുണ്യസ്ഥലങ്ങളില്‍ നിന്നു വാങ്ങിയ ജപമാലകള്‍ മാത്രമേ ഇപ്പോള്‍ സ്വത്തായുള്ളൂ. ഒരു മകളുണ്ട്‌ ഈ സ്‌ത്രീക്ക്‌. അവള്‍ക്ക്‌ ഏഴുകുട്ടികള്‍. മകള്‍ക്ക്‌ വയറ്റില്‍ ട്യൂമറാണ്‌. ശസ്‌ത്രക്രിയയെ ഭയമാണവള്‍ക്ക്‌. ഇങ്ങനെ ദുരിതകഥകള്‍ നിരത്തിയ വൃദ്ധ യുവതിയെ വീണ്ടും വീണ്ടും അനുഗ്രഹിച്ചശേഷം ഇറങ്ങിപ്പോകുന്നു.

ഏഴാം ഖണ്ഡം. രാത്രിയാണ്‌. കാര്‍ ഓടുകയാണ്‌. യുവതി ഇപ്പോള്‍ ഗൗരവത്തിലല്ല. ആഹ്ലാദവതിയാണ്‌. പിന്‍സീറ്റില്‍ ഒരു യുവതിയുണ്ട്‌. അവളോട്‌ സംസാരിക്കുകയാണ്‌. അബദ്ധത്തില്‍ ഈ കാറില്‍ വന്നുപെട്ടതാണ്‌ ആ ദുര്‍ന്നടപ്പുകാരി. ഒരു മെര്‍സിഡസ്‌ കാറില്‍ നഗരത്തില്‍ വന്നിറങ്ങിയതേയുള്ളൂ. ഏതോ പുരുഷനാകാം എന്നു കരുതി കാറിനു കൈകാണിച്ചതാണ്‌. യുവതിക്ഷണിച്ചപ്പോള്‍ കയറിയിരുന്നു. അത്‌ അബദ്ധമായെന്ന്‌ അവള്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്‌. കാറില്‍ നിന്നിറങ്ങണമെന്ന്‌ അവള്‍ ഇടയ്‌ക്കിടെ ആവശ്യപ്പെടുന്നുണ്ട്‌. വ്യത്യസ്‌തയായ ഒരാളെ , ചൂടുള്ള അനുഭവങ്ങളുള്ള ഒരാളെ കിട്ടിയതിന്‍െറ ആവേശത്തിലാണ്‌ കഥാനായിക. തെറ്റായ വഴിയിലൂടെ ജീവിക്കുന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഞെട്ടിപ്പിക്കുന്ന മറുപടിയാണ്‌ കിട്ടുന്നത്‌. വളരെ അന്തസ്സുള്ള ജോലിയാണ്‌ തന്‍േറത്‌ എന്നവകാശപ്പെടുന്ന ദുര്‍ന്നടപ്പുകാരി സ്വയം പരിഹസിച്ച്‌ ആത്മനിന്ദയോടെ പൊട്ടിച്ചിരിക്കുന്നു. തന്‍െറയൊപ്പം വരുന്ന പുരുഷന്മാര്‍ ഭാര്യമാരെ വഞ്ചിക്കുന്നതിനെക്കുറിച്ചവള്‍ പറയുന്നു. എല്ലാ ബന്ധങ്ങളും, ഭാര്യ - ഭര്‍ത്തൃ ബന്ധം പോലുംവാങ്ങലും കൊടുക്കലുമാണെന്ന്‌ അവള്‍ തുറന്നടിക്കുന്നു. ദാമ്പത്യത്തിലെ സേ്‌നഹം എന്നത്‌ കാപട്യമാണെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണവള്‍. തിരക്കുള്ള ഒരിടത്ത്‌ കാര്‍ നിര്‍ത്തുമ്പോള്‍ അവള്‍ ഇറങ്ങിപ്പോകുന്നു. മറ്റൊരു കാറിനു കൈകാട്ടി അതില്‍ കയറുന്നു.

ആറാം ഖണ്ഡം തുടങ്ങുന്നു. യുവതി കാറോടിക്കുകയാണ്‌. വിശുദ്ധന്‍െറ ഖബറിടത്തില്‍ പോയി മടങ്ങുകയാണവള്‍. മറ്റൊരുത്തി കാറില്‍ കയറുന്നു. യുവതിയുടെ കൂട്ടുകാരിയാണ്‌. ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ അവള്‍ അവിടെ പോകാറുണ്ട്‌. പുണ്യസ്ഥലങ്ങളില്‍ പോകുന്നത്‌ തനിക്കിപ്പോഴും ഒരു ശീലമായിട്ടില്ലെന്ന്‌ കഥാനായിക കുറ്റബോധത്തോടെ പറയുന്നു. ഇതുവരെ മനഃസമാധാനം കിട്ടിയിട്ടില്ല. ഒരു ദിവസം കിട്ടുമായിരിക്കും എന്നവള്‍ ആശ്വസിക്കുന്നു. തന്‍െറ വിവാഹം നടന്നുകിട്ടാനാണ്‌ കൂട്ടുകാരി പ്രാര്‍ഥിക്കാന്‍ പോയത്‌. ഭാവിവരന്‍െറ മനസ്സ്‌ ചാഞ്ചാടുകയാണ്‌. വിവാഹം നടക്കുമോ എന്നവള്‍ക്ക്‌ ഉറപ്പില്ല.

അഞ്ചാം ഖണ്ഡം ആദ്യരംഗത്തിന്‍െറ ആവര്‍ത്തനമായി തോന്നും. യുവതിയും മകനുമാണ്‌ കാറിലുള്ളത്‌. തന്നെ മുത്തശ്ശിയുടെ അടുക്കലേക്കുകൊണ്ടുപോകാനാണ്‌ അവന്‍ ആവശ്യപ്പെടുന്നത്‌. അന്നുരാത്രി തന്‍െറയൊപ്പം കഴിഞ്ഞുകൂടെ എന്നവള്‍ ചോദിക്കുന്നു. അവനതില്‍ ഒട്ടും താത്‌പര്യമില്ല. നീണ്ടൊരു കോട്ടുവായില്‍ അവന്‍ തന്‍െറ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നു. ഐസ്‌ക്രീം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞതും അവന്‍ നിരസിക്കുന്നു. അവനിപ്പോഴും അമ്മയോട്‌ അകല്‍ച്ചയുണ്ട്‌, അനിഷ്‌ടവുമുണ്ട്‌. അത്‌ അവന്‍െറ ഓരോവാക്കിലും നോക്കിലും നമുക്ക്‌ തിരിച്ചറിയാം. യുവതിയുടെ മനസ്സ്‌ അസ്വസ്ഥമാണ്‌. അവള്‍ അവനോട്‌ തര്‍ക്കിക്കുന്നില്ല ഇപ്പോള്‍. ആദ്യരംഗത്തില്‍ നിന്ന്‌ വ്യത്യസ്‌തയാണവള്‍. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടവള്‍. കാറിപ്പോള്‍ നല്ല വേഗത്തിലാണ്‌. അവളുടെ കലങ്ങിമറിഞ്ഞ മനസ്സിന്‍െറ വേഗം തന്നെയാണത്‌.


നാലാം ഖണ്ഡം. രാത്രിയാണ്‌. കാറില്‍ ഒരു യുവതി കയറുന്നു. അവളുടെ മുഖം അത്രവ്യക്തമല്ല. തെരുവിലെ ഇരുട്ട്‌ മുഴുവന്‍ വീഴുന്നത്‌ ആ മുഖത്താണ്‌. ഈയടുത്ത്‌ വിവാഹമോചിതയായവളാണ്‌. ഏഴുവര്‍ഷം ഒരുമിച്ചു കഴിഞ്ഞതാണ്‌. അയാളെ നഷ്‌ടപ്പെട്ടു. അതോര്‍ത്ത്‌ വിങ്ങിക്കരയുകയാണവള്‍. അയാളെ അവള്‍ക്കത്ര ഇഷ്‌ടമായിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌ കഥാനായിക. ``നമ്മള്‍ സ്‌ത്രീകള്‍ അസംതൃപ്‌തരാണ്‌. നമ്മള്‍ നമ്മളെ സേ്‌നഹിക്കുന്നില്ല. ജീവിതം എത്ര വിശാലമാണ്‌. എന്നിട്ടും നമ്മളെന്തിന്‌ ഒരാളെ മാത്രം ആശ്രയിച്ചു കഴിയുന്നു? ഇതൊന്നും സേ്‌നഹമല്ല. വെറും തോന്നലാണ്‌. ആദ്യം നമ്മള്‍ നമ്മളെത്തന്നെ സേ്‌നഹിക്കുക. നമ്മള്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നു'' -ഇങ്ങനെയാണ്‌ അവളുടെ വാദങ്ങള്‍. ഇതൊന്നും കൂട്ടുകാരിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒന്നും നഷ്‌ടപ്പെടാതെ ആര്‍ക്കും ഒന്നും നേടാനാവില്ലെന്ന്‌ പറഞ്ഞ്‌ യുവതി വീണ്ടും അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ``നമ്മള്‍ ജനിച്ചത്‌ അതിനാണ്‌. ജയിക്കാനും നഷ്‌ടപ്പെടാനും!''

മൂന്നാം ഖണ്ഡത്തിലും അമീനും അമ്മയുമാണ്‌ യാത്രികര്‍. സംഭവങ്ങള്‍ കുറേ മുന്നോട്ടുപോയെന്ന്‌ അവരുടെ സംഭാഷണത്തില്‍ നിന്നു വ്യക്തമാണ്‌. മുന്‍രംഗങ്ങളില്‍ കണ്ടതുപോലെ രോഷാകുലനല്ല അമീന്‍. അവന്‍ സന്തോഷത്തിലാണ്‌. അമ്മ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും അവന്‍ അസഹിഷ്‌ണുത കാട്ടുന്നില്ല. അവന്‍െറ പിതാവ്‌ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു. വിവാഹം കഴിക്കണമെന്നുപറഞ്ഞത്‌ അമീന്‍തന്നെയാണ്‌. അമ്മയേക്കാളും സുന്ദരിയാണ്‌ രണ്ടാനമ്മയെന്ന്‌ അവന്‍ പറയുന്നത്‌ അവള്‍ക്ക്‌ സഹിക്കാനാവുന്നില്ല. അതുമാത്രമല്ല, പുതിയ അമ്മ വന്നാല്‍ എന്നും ഒരേ ഭക്ഷണം തന്നെ കഴിക്കേണ്ടിവരില്ലല്ലോ എന്നും അവന്‍ ആശ്വസിക്കുന്നു. അമ്മ പറയുന്ന തമാശകളെല്ലാം അവനിപ്പോള്‍ ആസ്വദിക്കുന്നുണ്ട്‌. അതില്‍ ഇടപെടാനോ ബഹളംവെക്കാനോ മുതിരുന്നില്ല. അവന്‍ മുത്തശ്ശിയുടെ അടുക്കലേക്ക്‌ പോവുകയാണ്‌. ``ഞാനും ഇന്നു നിന്‍െറ കൂടെ വന്നു താമസിക്കട്ടെ'' എന്ന അമ്മയുടെ അപേക്ഷ അവനിഷ്‌ടപ്പെടുന്നില്ല. ഒന്നിനും നേരമില്ലാത്ത അമ്മ തന്‍െറ കൂടെ വരേണ്ട എന്നവന്‍ തീര്‍ത്തുപറയുന്നു. വണ്ടിനിര്‍ത്തിയതും അവനിറങ്ങിപ്പോകുന്നു.

രണ്ടാം ഖണ്ഡം ആറാം ഖണ്ഡത്തിന്‍െറ തുടര്‍ച്ചയാണ്‌. കഥാനായികയുടെ കൂട്ടുകാരിയാണ്‌ വീണ്ടും കാറില്‍കയറുന്നത്‌. വേഷത്തില്‍ കാര്യമായ മാറ്റം കാണാം. ആറാം ഖണ്ഡത്തില്‍ സന്തോഷവതിയായിരുന്നു അവള്‍. ആധുനിക വേഷത്തിലുമായിരുന്നു. ഇപ്പോള്‍ കറുത്തവേഷമാണ്‌. തലയില്‍ വെളുത്ത സ്‌കാര്‍ഫ്‌. മുഖത്തെ പ്രസരിപ്പ്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. തലമൊട്ടയടിച്ച്‌ സൗന്ദര്യം കെടുത്തിക്കളഞ്ഞു. ആഗ്രഹിക്കുന്നതെന്തും നടക്കുമെന്ന്‌ അവള്‍ അഹങ്കരിച്ചിരുന്നു. തന്‍െറ വിവാഹം നടക്കില്ലെന്ന്‌ അയാള്‍ അറിയിച്ചിരിക്കുന്നു. അയാള്‍ തള്ളിപ്പറഞ്ഞതില്‍ അവള്‍ക്ക്‌ സങ്കടമുണ്ട്‌. അയാള്‍ മറ്റാരെയോ കണ്ടുവെച്ചിരിക്കയാണ്‌. അത്‌ തന്‍െറ വ്യക്തിത്വത്തോടുള്ള വെല്ലുവിളിയായാണ്‌ അവള്‍ക്കു തോന്നുന്നത്‌.


അവസാനരംഗം. യുവതി കാറുമായി കാത്തുനില്‍ക്കുകയാണ്‌. അമീന്‍ കയറുന്നു. മുത്തശ്ശിയുടെ അടുത്തുപോകണമെന്നതാണ്‌ അവന്‍െറ ഡിമാന്‍ഡ്‌. എതിരൊന്നും പറയാതെ അവള്‍ സമ്മതം മൂളുന്നു. വെറും രണ്ടുമിനിറ്റില്‍ ദൃശ്യം അവസാനിക്കുകയാണ്‌.
2002ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു `ടെന്‍'. ഇതിന്‍െറ ഇതിവൃത്തവും ട്രീറ്റ്‌മെന്‍റും ആഗോള ശ്രദ്ധ നേടിയെടുക്കുകയുണ്ടായി. അടഞ്ഞുപോയ ഒരു സമൂഹത്തിന്‍െറ ചെറിയൊരു കാഴ്‌ചമാത്രമാണ്‌ സംവിധായകന്‍ ഒന്നരമണിക്കൂറില്‍ നല്‍കുന്നത്‌. വേണ്ടത്ര കാറ്റോട്ടമില്ലാത്ത ജീവിത പരിതസ്ഥിതികളിലേക്കാണ്‌ അദ്ദേഹം ക്യാമറ തുറന്നുവെക്കുന്നത്‌. ഇതിലെ കഥ ഏതെങ്കിലും ഒരു രാജ്യത്തുമാത്രമായി നടക്കുന്നതല്ല. ഇത്‌ ലോകത്തെങ്ങുമുള്ള മനുഷ്യരുടെ വേദനയുടെ കഥയാണ്‌. നഷ്‌ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴമാണ്‌ കിരോസ്‌തമിയുടെ ക്യാമറ അന്വേഷിക്കുന്നത്‌. `ഒരാളെത്തന്നെയോര്‍ത്ത്‌ എന്തിനു ജീവിതം തുലയ്‌ക്കണം' എന്നു മറ്റുള്ളവരെ ഉപദേശിക്കുമ്പോള്‍പ്പോലും നായികയുടെ മനസ്സില്‍ മുന്‍ഭര്‍ത്താവിന്‍െറ രൂപം പതിഞ്ഞുകിടപ്പുണ്ട്‌. അയാളെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴും `സ്വന്തം' എന്ന അവകാശബോധം സ്ഥാപിച്ചെടുക്കുന്നുണ്ടവള്‍. താന്‍ സുന്ദരിയാണെന്നും തന്നേക്കാള്‍ സൗന്ദര്യമുള്ളവള്‍ അയാളുടെ ജീവിതത്തിലേക്കു വരരുതെന്നും അവള്‍ ഗൂഢമായി ആഗ്രഹിക്കുന്നുണ്ട്‌.

പത്തുദൃശ്യഖണ്ഡങ്ങളില്‍ ആദ്യത്തേതിന്‌ കൂടുതല്‍ സമയം അനുവദിക്കുന്നത്‌ മനഃപൂര്‍വമാണ്‌. കഥയുടെ വിശാല പശ്ചാത്തലമൊരുക്കുകയാണിവിടെ. അമ്മയും മകനും തമ്മിലുള്ള ദീര്‍ഘമായ ആ സംഭാഷണത്തില്‍ കുടുംബം മാത്രമല്ല സമൂഹവും നീതിവ്യവസ്ഥയും വിശദമായ ചര്‍ച്ചയ്‌ക്ക്‌ വിഷയമാകുന്നുണ്ട്‌. പ്രധാന കഥാപാത്രങ്ങളുടെ അകവും പുറവും വളരെ വ്യക്തമായി പ്രേക്ഷകനു ബോധ്യപ്പെടുന്നു. കൂടുതല്‍ ദൃശ്യങ്ങളിലേക്ക്‌ എത്തിപ്പെടുമ്പോള്‍ ആ കാറില്‍ നിന്ന്‌ യാത്രയുടെ താളത്തിനൊപ്പം നേരിയൊരു വിലാപവും നമുക്കു കേള്‍ക്കാനാവും. സേ്‌നഹവും സ്വാതന്ത്ര്യവും കൊതിക്കുന്ന സ്‌ത്രീ മനസ്സിന്‍െറ വിലാപമാണത്‌. സ്‌ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയില്‍ നിറയുന്നത്‌ പുരുഷാധിപത്യത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളാണ്‌. വളരെ ധീരയെന്നു തോന്നിക്കും മട്ടില്‍ തുടക്കത്തില്‍ പെരുമാറുന്ന നായിക ക്രമേണ ആത്മവീര്യം ചോര്‍ന്ന്‌ ഭക്തിയില്‍ അഭയം തേടുകയാണ്‌. മനുഷ്യബന്ധങ്ങളുടെ ഉള്‍പ്പിരിവുകള്‍ വ്യാഖ്യാനിക്കാനാവാതെ അവള്‍ പലപ്പോഴും അന്തം വിടുന്നു. ജയിക്കാനും നഷ്‌ടപ്പെടാനുമുള്ളതാണ്‌ ലോകം എന്നുപറയുമ്പോഴും തന്‍െറ നഷ്‌ടത്തെക്കുറിച്ച്‌ അവള്‍ ഇടയെ്‌ക്കങ്കിലും വ്യാകുലപ്പെടുന്നുണ്ട്‌. ജീവിതത്തില്‍ പുതിയ കൂട്ട്‌ കിട്ടിയെങ്കിലും അവള്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മകന്‍െറ സാമീപ്യമാണ്‌.

സിനിമയുടെ ട്രീറ്റ്‌മെന്‍റിലെ സൂക്ഷ്‌മത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ പുലര്‍ത്തുന്നുണ്ട്‌. ഓരോ കഥാപാത്രവും നായികയുടെ വിഹ്വലമനസ്സിലേക്ക്‌ ഓരോ വികാരമായാണ്‌ കുടിയേറുന്നത്‌. മകന്‍ വാത്സല്യമായും സഹോദരി സാന്ത്വനമായും വൃദ്ധ ഭക്തിയായും ദുര്‍നടപ്പുകാരി രതി ചിന്തയായും അവളില്‍ നിറയുന്നു.

Friday, November 16, 2007

അതിര്‍ത്തികള്‍ മായുമ്പോള്‍


ലോകമെങ്ങും അഞ്ചുകോടി മനുഷ്യര്‍ അഭയാര്‍ഥികളായുണ്ടെന്നാണു കണക്ക്‌. യുദ്ധം, ആഭ്യന്തരകലാപം, വംശീയപീഡനം, ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥത എന്നിവ കാരണം എന്നും എവിടെയും മനുഷ്യര്‍ അഭയാര്‍ഥികളായി മാറുന്നു. തീരാത്തൊരു പ്രവാഹമാണത്‌. ഇവര്‍ക്കാവശ്യമുള്ളതൊന്നും നല്‍കാന്‍ സമൂഹത്തിനോ ഭരണകൂടങ്ങള്‍ക്കോ ആവുന്നില്ല. എവിടെയും വേരുകള്‍ ആഴ്‌ത്താനാവാതെ, പാഴ്‌ച്ചെടിയായി അഭയാര്‍ഥികള്‍ മണ്ണില്‍ വീണടിയുന്നു. നമ്മള്‍ മനസ്സിന്‍െറ വാതിലുകള്‍ അവര്‍ക്കുനേരെ കൊട്ടിയടയ്‌ക്കുന്നു. ഫണ്ടിന്‍െറ അഭാവം മൂലം അഭയാര്‍ഥികളില്‍ പകുതി പേര്‍ക്കും ഒരു സഹായവും കിട്ടുന്നില്ല. ഈ നരകജീവിതങ്ങളിലേക്കാണ്‌ കരുണയുടെ ചില കരങ്ങള്‍ നീളുന്നത്‌. അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്ന്‌, ഭാഷകള്‍ മറന്ന്‌, തൊലിയുടെ നിറംനോക്കാതെ നീളുന്ന സഹായഹസ്‌തങ്ങള്‍. എത്യോപ്യയില്‍, ചെച്‌നിയയില്‍, സുഡാനില്‍, ഇറാഖില്‍, ശ്രീലങ്കയില്‍, അഫ്‌ഗാനിസ്‌താനില്‍-പട്ടിണിയും മരണവും കൂടിക്കുഴഞ്ഞ, ഇരുണ്ട ദുരിതാശ്വാസ ക്യാമ്പുകളുള്ള എല്ലായിടത്തും അവരെത്തുന്നു. അവര്‍ക്കൊരു ഭരണകൂടത്തിന്‍െറയും സഹായമില്ല. പ്രശസ്‌തിയോ പ്രതിഫലമോ അവരാഗ്രഹിക്കുന്നില്ല. സമ്പന്നതയില്‍നിന്ന്‌, നഗരജീവിതത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന്‌ അഭയാര്‍ഥി ക്യാമ്പുകളിലെ ഇല്ലായ്‌മകളിലേക്ക്‌ സ്വയം പറിച്ചുനട്ടവരാണവര്‍. ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍. മാര്‍ട്ടിന്‍ കാംപെല്‍ സംവിധാനം ചെയ്‌ത ഹോളിവുഡ്‌ ചിത്രമായ `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌' വ്യത്യസ്‌തരായ ഈ മനുഷ്യരെയാണ്‌ അവതരിപ്പിക്കുന്നത്‌. ഭയാനകമായ അന്തരീക്ഷത്തില്‍പ്പോലും സമചിത്തതയും മനുഷ്യത്വവും കൈവിടാതെ രോഗങ്ങളോടും മരണത്തോടും പൊരുതി നില്‍ക്കുന്നു ഈ മനുഷ്യര്‍. ഇവര്‍ക്കിടയിലെ ഒത്തിണക്കവും സംഘാടക വൈഭവവും സഹജീവിസേ്‌നഹവും ലക്ഷ്യപ്രാപ്‌തിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയും ഭിന്നതകളും അടയാളപ്പെടുത്തുകയാണ്‌ `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌'. ഒപ്പം, ബഹളങ്ങളോ വര്‍ണപ്പകിട്ടോ ഇല്ലാതെ ഒരു പ്രണയകഥയും ഇതിവൃത്തത്തോടു ചേര്‍ത്തുവെക്കുന്നു. ആഞ്‌ജലീന ജൂലിയും ക്ലൈവ്‌ ഓവനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം 2003ലാണ്‌ റിലീസ്‌ ചെയ്‌തത്‌.

1984ല്‍ ലണ്ടനില്‍നിന്നു തുടങ്ങുന്ന സിനിമ പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ലണ്ടനില്‍ത്തന്നെ അവസാനിക്കുന്നു. ചിത്രകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സാറാ ബൊഫോര്‍ഡിന്‍െറ ജീവിതത്തിലെ പതിനൊന്നു വര്‍ഷങ്ങള്‍. സാറ കണ്ടതും അനുഭവിച്ചതുമായ ഒരു ദുരിതലോകവും ഏതാനും പ്രണയനിമിഷങ്ങളും ഈ സംവത്സരങ്ങളിലൂടെ നമ്മെ കടന്നുപോകുന്നു.

1984. ലണ്ടന്‍ നഗരത്തിലെ ഒരു രാത്രി. അവിടെ ഒരു ഹോട്ടലില്‍ അനുമോദനച്ചടങ്ങ്‌ നടക്കുകയാണ്‌. `എയ്‌ഡ്‌ റിലീഫ്‌ ഇന്‍റര്‍നാഷണല്‍' എന്ന സന്നദ്ധസംഘടനയുടെ ചെയര്‍മാന്‍ എന്ന നിലയ്‌ക്ക്‌ ലോറന്‍സ്‌ ബൊഫോര്‍ഡ്‌ ചെയ്‌ത സേവനങ്ങളെ ആദരിക്കാനാണ്‌ ചടങ്ങ്‌. പാട്ടും നൃത്തവും തകര്‍ക്കുന്ന വേദിയിലേക്ക്‌ ഡോ. നിക്കളസ്‌ കല്ലഗന്‍ എന്ന നിക്ക്‌ ഇരച്ചുകയറുന്നു. ക്ഷുഭിതനാണയാള്‍. ദരിദ്രബാലനായ ജോജോയുടെ കൈപിടിച്ചാണ്‌ നിക്കിന്‍െറ വരവ്‌. മൂന്നാംലോക രാജ്യങ്ങളിലെ അശരണര്‍ക്കായി സമര്‍പ്പിച്ചതാണാ ഡോക്ടറുടെ ജീവിതം. അയാളുടെ സന്നദ്ധസംഘടന എത്യോപ്യയിലാണിപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നത്‌. മുപ്പതിനായിരം പേരാണ്‌ ക്യാമ്പിലുള്ളത്‌. മരുന്നില്ലാതെ, ഭക്ഷണം കിട്ടാതെ നിത്യേന നാല്‌പതു പേര്‍ ആ മരുഭൂമികളില്‍ മരിച്ചുവീഴുന്നു. ജോജോയെപ്പോലുള്ള രണ്ടായിരം കുട്ടികളാണ്‌ ക്യാമ്പിലുള്ളത്‌. ഒരുഭാഗത്ത്‌ ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്ത്‌ മഹാപാതകമല്ലേ എന്നായിരുന്നു സദസ്സില്‍ നിക്ക്‌ എറിഞ്ഞുകൊടുത്ത ചോദ്യം. സംഘാടകര്‍ക്ക്‌ നിക്കിന്‍െറ കടന്നുകയറ്റം സഹിക്കാനായില്ല.അവര്‍ അയാളെ തല്ലിപ്പുറത്താക്കുന്നു. പയ്യനെ പോലീസില്‍ ഏല്‌പിക്കുന്നു. വികാരജീവിയായ സാറയില്‍ നിക്കിന്‍െറ ഓരോ വാക്കും ചെന്നു തറയ്‌ക്കുന്നു. വല്ലാത്ത കുറ്റബോധം തോന്നുന്നു സാറയ്‌ക്ക്‌. അവളുടെ ഭര്‍ത്താവ്‌ ഹെന്‍റി ഓഹരി ദല്ലാളാണ്‌. ഒരു മകനാണവര്‍ക്ക്‌-ജിമ്മി. ഹെന്‍റിയുടെ അച്ഛനെ അനുമോദിക്കാനായിരുന്നു അന്നത്തെ ചടങ്ങ്‌. അന്നു രാത്രി സാറയ്‌ക്ക്‌ ഉറക്കം വരുന്നില്ല. നിക്കിന്‍െറ ആത്മാര്‍ഥത അവളെ സ്‌പര്‍ശിച്ചു. എത്യോപ്യയിലെ സ്‌ത്രീകളും കുട്ടികളും അവളുടെ വേദനയായി മാറി. തന്‍െറ എല്ലാ സമ്പാദ്യവും സാറ പിന്‍വലിക്കുന്നു. 40,000 പൗണ്ടിന്‍െറ ആഹാരസാധനങ്ങളും മരുന്നും എത്യോപ്യയില്‍ എത്തിക്കാന്‍ അവള്‍ തീരുമാനിക്കുന്നു. സഹായിക്കാം, പക്ഷേ, അതിന്‌ സ്വയം കഷ്‌ടപ്പെടുന്നതെന്തിന്‌ എന്നായിരുന്നു ഭര്‍ത്താവ്‌ ഹെന്‍റിയുടെ ചോദ്യം. നഗരസൃഷ്‌ടിയായിരുന്നു അയാള്‍. പണം കണ്ടെത്താന്‍ സഹായിക്കാം. പക്ഷേ, എത്യോപ്യയിലേക്കൊന്നും പോകാന്‍ വയ്യ.

അടുത്ത രംഗം എത്യോപ്യ. ഭക്ഷണവും മരുന്നുമായി നാല്‌ ട്രക്കുകള്‍ മരുഭൂമിയിലൂടെ നീങ്ങുകയാണ്‌. ചുറ്റിലും ദീനക്കാഴ്‌ചകള്‍. നൂറുകണക്കിനു ടെന്‍റുകള്‍. അവയില്‍, മൃതപ്രായരായ ആളുകള്‍. മൂന്നുവര്‍ഷമായി അവിടെ മഴപെയ്‌തിട്ട്‌. വരണ്ട ഭൂമിയില്‍ പൊടിക്കാറ്റു മാത്രം. സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണവും വെള്ളവും മരുന്നുമാണ്‌ അഭയാര്‍ഥികള്‍ക്കാശ്രയം. ഓരോ ട്രക്ക്‌ വരുമ്പോഴും അവര്‍ ഭക്ഷണത്തിനായി ആര്‍ത്തിയോടെ ഓടിക്കൂടുന്നു. എല്ലിന്‍കൂടായി വഴിയില്‍ ഒരു ബാലന്‍. മരണം ഏതുനിമിഷവും ആ എല്ലിന്‍കൂട്ടില്‍ കയറാം. പ്രതീക്ഷയോടെ, ഒരു കഴുകന്‍ അവനു തൊട്ടടുത്ത്‌. സാറ വണ്ടിനിര്‍ത്തി ഓടിയിറങ്ങി ആ ബാലനെ തുണിയില്‍ പൊതിഞ്ഞെടുക്കുന്നു. അവന്‍െറ അമ്മ തൊട്ടടുത്ത്‌ മുറിവേറ്റു കിടക്കുന്നുണ്ട്‌. ഇരുവരെയും സാറ ട്രക്കില്‍ കൊണ്ടുപോകുന്നു. സാറ ആദ്യമായി ജീവിതം കാണുകയായിരുന്നു. വരണ്ട കാറ്റ്‌ അവളുടെ കാതില്‍ ദീനവിലാപങ്ങളോതി. റിലീഫ്‌ സംഘത്തിന്‍െറ നേതാവായ ഡോ. നിക്ക്‌ അവിടെ ഓടിനടന്ന്‌ സേവനം നടത്തുകയാണ്‌. വലംകൈയായ എലിയട്ടും ഏതാനും സഹപ്രവര്‍ത്തകരും എന്തിനും തയ്യാറായി കൂട്ടിനുണ്ട്‌. സാറയെ ഒറ്റനോട്ടത്തില്‍ നിക്കിന്‌ പിടിക്കുന്നില്ല. കൗതുകക്കാഴ്‌ചയിലുള്ള താത്‌പര്യമാണ്‌ സാറയെ അവിടെയെത്തിച്ചതെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. പ്രതീക്ഷയ്‌ക്ക്‌ വകയില്ലാത്ത ആ പയ്യനെയും അമ്മയെയും സാറയുടെ നിര്‍ബന്ധപ്രകാരം ഡോ. നിക്ക്‌ ചികിത്സിക്കുന്നു. രാത്രി ഉറക്കമിളച്ചും സാറ പയ്യനെ പരിചരിക്കുന്നു. അവളുടെ ആത്മാര്‍ഥത നിക്കിന്‌ ബോധ്യപ്പെടുന്നു. അമ്മയെ രക്ഷിക്കാനായില്ലെങ്കിലും പയ്യനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. തന്‍െറ ദൗത്യം പൂര്‍ത്തിയാക്കി സാറ ലണ്ടനിലേക്ക്‌ മടങ്ങുന്നു.

1989. ലണ്ടന്‍. സാറ ഇപ്പോള്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുകയാണ്‌. ഹെന്‍റിയുമായുള്ള ദാമ്പത്യം അത്ര സുഖകരമല്ലെന്ന്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌ സംവിധായകന്‍. സാമ്പത്തികമായി അവര്‍ തളര്‍ന്നിരിക്കുകയാണ്‌. ഓഹരിവിപണിയിലെ തകര്‍ച്ച ഹെന്‍റിയെ ഉലച്ചിട്ടുണ്ട്‌. എത്യോപ്യന്‍ ക്യാമ്പിലുണ്ടായിരുന്ന എലിയട്ട്‌ ഒരു ദിവസം സാറയെ കാണാന്‍ എത്തുന്നു. ആഭ്യന്തരയുദ്ധം കൊണ്ട്‌ ദുരിതമനുഭവിക്കുന്ന കമ്പോഡിയയിലാണ്‌ നിക്കും എലിയട്ടും സഹപ്രവര്‍ത്തകരും ഇപ്പോള്‍ കര്‍മനിരതരായിരിക്കുന്നത്‌. ഖമറൂഷ്‌ ഭരണകൂടത്തിന്‍െറ ക്രൂരതയ്‌ക്ക്‌ കീഴില്‍ അമ്പതുലക്ഷം ജനങ്ങളാണ്‌ അവിടെ നരകയാതന അനുഭവിക്കുന്നത്‌. ഓരോ ക്യാമ്പിലും 15-20 പേര്‍ നിത്യവും മരിക്കുന്നു. ഓരോ ഗ്രാമവും മൈനുകളാല്‍ സമ്പന്നം. അവ പൊട്ടിത്തെറിച്ച്‌ കാലുകള്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം ആയിരക്കണക്കിനാണ്‌. കമ്പോഡിയയിലേക്ക്‌ കുറെ മരുന്നുകള്‍ അയയ്‌ക്കണം. അതിന്‌ ഐക്യരാഷ്ട്രസഭയുടെ സഹായം വേണം. ഐക്യരാഷ്ട്രസഭയുടെ സഹായമെന്ന നിലയില്‍ ഒരു കപ്പലില്‍ മരുന്നുകളയക്കാന്‍ സാറയുടെ സഹായം തേടി എത്തിയതാണ്‌ എലിയട്ട്‌. സാറ സസന്തോഷം അക്കാര്യം ചെയ്‌തുകൊടുക്കുന്നു. മരുന്നുപെട്ടികള്‍ക്കൊപ്പം കമ്പോഡിയയിലേക്ക്‌ കപ്പല്‍ കയറാനും അവള്‍ തീരുമാനിക്കുന്നു.

ഇനിയത്തെ പശ്ചാത്തലം കമ്പോഡിയയിലെ നോംപെന്‍ ആണ്‌. മൂന്ന്‌ ട്രക്കുകളിലായി പെട്ടികള്‍ നീങ്ങുകയാണ്‌. കമ്പോഡിയന്‍ പട്ടാളം ട്രക്കുകള്‍ തടയുന്നു. പണം കൊടുത്തിട്ടും കേണല്‍ പെട്ടികള്‍ പരിശോധിക്കുന്നു. ഒരു പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച ലാപ്‌ടോപ്പും ചില രഹസ്യരേഖകളും തോക്കുകളും സൈന്യം കണ്ടെത്തുന്നു. കലാപകാരികള്‍ക്ക്‌ നല്‍കാനായിരുന്നു ആ തോക്കുകള്‍. സി.ഐ.എ. ഏജന്‍റായ സ്റ്റെയ്‌ഗര്‍ നിക്കിന്‍െറ അറിവോടെ അയച്ചതാണാ പെട്ടി. നിക്കിനെ കേണല്‍ കഠിനമായി മര്‍ദിക്കുന്നു. താന്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നിയ സാറയും അയാളെ നിലത്തിട്ടു ചവിട്ടുന്നു. എല്ലാം നിക്ക്‌ സഹിച്ചു. അന്നാട്ടുകാരെ സഹായിക്കാനാണ്‌ താനത്‌ ചെയ്‌തതെന്ന്‌ അയാള്‍ സാറയോട്‌ സമ്മതിക്കുന്നു. ഇന്‍റലിജന്‍സ്‌ ഫയലുകളും തോക്കുകളും പിടിച്ചെടുത്ത സ്ഥിതിക്ക്‌ ഉടനെ അവിടം വിടണമെന്ന്‌ എലിയട്ട്‌ നിര്‍ദേശിക്കുന്നു. ആരു പോയാലും താന്‍ കമ്പോഡിയ വിടില്ലെന്ന്‌ നിക്ക്‌ വാശി പിടിക്കുന്നു. അവിടെയും അയാള്‍ ആസ്‌പത്രി തുറന്നിട്ടുണ്ട്‌. കാലുകള്‍ നഷ്‌ടപ്പെട്ട, മാരകരോഗങ്ങള്‍ പിടിപെട്ട ആയിരങ്ങളാണ്‌ തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്നത്‌. അവരെ ഉപേക്ഷിക്കാന്‍ നിക്കിനാവില്ല. പെട്ടെന്ന്‌ ഏതാനും കമ്പോഡിയന്‍ സൈനികര്‍ അവിടെ എത്തുന്നു. വിയറ്റ്‌നാമിനുവേണ്ടി പണിയെടുക്കുന്ന സി.ഐ.എ. ചാരന്മാരാണ്‌ നിക്കും കൂട്ടരുമെന്ന്‌ അവര്‍ മുദ്രകുത്തുന്നു. മൈന്‍ കൈയില്‍ കളിക്കാന്‍ കൊടുത്ത്‌ കൊല്ലാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ എലിയട്ട്‌ വെടിയേറ്റു മരിക്കുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സന്നദ്ധപ്രവര്‍ത്തകരും അഭയാര്‍ഥികളും ചേര്‍ന്ന്‌ സൈനികരെ തുരത്തിയോടിക്കുന്നു. പെരുമഴയത്ത്‌ കാട്ടിലൂടെ അവര്‍ മറ്റൊരു ക്യാമ്പിലേക്ക്‌ നീങ്ങുന്നു.

രാത്രി. നിക്ക്‌ ആകെ അസ്വസ്ഥനാണ്‌. എലിയട്ടില്ലാതെ തന്‍െറ ദൗത്യം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന്‌ അയാള്‍ക്കറിയാം. എലിയട്ടിനെ ശരിയാംവണ്ണം സംസ്‌കരിക്കാന്‍പോലും തനിക്കായില്ലല്ലോ എന്നോര്‍ത്ത്‌ അയാള്‍ വിലപിക്കുന്നു. നിക്കിനെ ആശ്വസിപ്പിക്കാന്‍ സാറ അവിടെ എത്തിയിരുന്നു. നിക്ക്‌ കാണാതെപോയ തന്‍െറ മനസ്സ്‌ തുറന്നു കാണിക്കാനാണ്‌ അവള്‍ വന്നത്‌. നാലുവര്‍ഷമായി തന്‍െറ ഹൃദയത്തിലുള്ള നിക്കിനെപ്പറ്റി അവള്‍ പറയുന്നു. നിക്കിന്‌ എന്തു സംഭവിക്കും എന്നോര്‍ത്താണ്‌ ഓരോ ദിവസവും അവള്‍ തള്ളിനീക്കിയിരുന്നത്‌. നിക്കിന്‌ സാറയെ പൂര്‍ണമായും മനസ്സിലാവുന്നത്‌ അപ്പോഴാണ്‌. അപകടങ്ങളുടെ അഗ്‌നനിപഥത്തിലൂടെ തന്നോടൊപ്പം സഞ്ചരിക്കാനെത്തിയ ആ യുവതിയെ നിക്കിന്‌ തിരസ്‌കരിക്കാനാവുന്നില്ല. ചുറ്റും ലോകം നിശ്ചലമാവുന്നു. ആ രാത്രി അവരുടേതായി മാറുന്നു.��പിറ്റേന്ന്‌, നിക്കിലെ ദുരിതാശ്വാസപ്രവര്‍ത്തകന്‍ പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെണീക്കുന്നു. അയാള്‍ ന്യൂയോര്‍ക്കിലേക്ക്‌ പോവുകയാണ്‌. എലിയട്ടിന്‍െറ മാതാപിതാക്കളെക്കണ്ട്‌ കാര്യങ്ങള്‍ ധരിപ്പിക്കണം. ഹൃദയത്തില്‍ നിറഞ്ഞുനില്‌പുണ്ടെങ്കിലും സാറയെ കൂടെക്കൊണ്ടുപോകാന്‍ അയാള്‍ തയ്യാറാവുന്നില്ല. ഈ ജീവിതത്തിന്മേല്‍ തനിക്ക്‌ ഒരു നിയന്ത്രണവുമില്ലെന്ന്‌ നിക്കിനു ബോധ്യമുണ്ട്‌. ഇത്‌ അശരണര്‍ക്കുള്ളതാണ്‌. അവര്‍ക്കു വേണ്ടി മാത്രം. കുടുംബത്തോടൊപ്പം പോകാന്‍ നിക്ക്‌ സാറയെ ഉപദേശിക്കുന്നു. ഒരു ദീര്‍ഘചുംബനത്തോടെ ആ പ്രണയികള്‍ വേര്‍പിരിയുന്നു.

ലണ്ടന്‍. 1995. സാറയുടെ വീട്‌. അവിടെ സാറയുടെ പിറന്നാളാഘോഷമാണ്‌. മകന്‍ ജിമ്മി കേക്കും മെഴുകുതിരികളുമായി വരുന്നു. മകള്‍ അന്ന പിയാനോ വായിക്കുന്നു. ഈ ദൃശ്യം മുറിച്ചുചേര്‍ക്കുന്നത്‌ ഒരു സമ്മേളനഹാളിലേക്കാണ്‌. യു.എന്‍.എച്ച്‌.സി.ആറിന്റെ സമ്മേളനമാണത്‌. ബ്രിട്ടനിലെ വക്താവായി സാറയെ നിയമിച്ച വിവരം പ്രഖ്യാപിക്കുകയാണവിടെ.



നിക്ക്‌ ചെച്‌നിയയിലുണ്ടെന്ന്‌ പത്രപ്രവര്‍ത്തകയായ സഹോദരി ഷാര്‍ലറ്റ്‌ സാറയെ അറിയിക്കുന്നു. സാറ അവിടേക്കു പുറപ്പെടുന്നു. ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കു നടുവിലൂടെയാണാ യാത്ര. നിക്കിനെ കലാപകാരികള്‍ മലമുകളില്‍ ബന്ദിയാക്കിയിരിക്കയാണ്‌. കനത്ത മോചനദ്രവ്യം കൊടുത്തെങ്കിലേ വിടൂ. സി.ഐ.എ. ഏജന്‍റ്‌ സ്റ്റെയ്‌ഗര്‍ ചെച്‌നിയയിലും എത്തിയിരുന്നു. സാറയുടെ പ്രണയത്തിന്‍െറ തീവ്രത അയാളെ ഹൃദയാലുവാക്കുന്നു. സ്റ്റെയ്‌ഗര്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു സുഹൃത്ത്‌ സാറയെ മഞ്ഞുമൂടിയ മലമുകളില്‍ എത്തിക്കുന്നു. കലാപകാരികള്‍ക്ക്‌ പണം കൊടുത്ത്‌ അവര്‍ തടവറയില്‍ച്ചെന്ന്‌ നിക്കിനെ കാണുന്നു. നിക്കിന്‍െറ മകളാണ്‌ അന്ന എന്ന സത്യം അയാളെ അറിയിക്കുന്നു. പെട്ടെന്ന്‌ തടവറയ്‌ക്കു പുറത്ത്‌ ഏറ്റുമുട്ടല്‍. ഈ അവസരം പ്രയോജനപ്പെടുത്തി ഇരുവരും രക്ഷപ്പെട്ടോടുന്നു. നിക്കിനു വെടിയേല്‍ക്കുന്നു. സാറയോട്‌ അയാള്‍ രക്ഷപ്പെടാനാവശ്യപ്പെടുന്നു. ഒരു മൈന്‍ പൊട്ടി സാറ മരിക്കുന്നു. നിക്കിനെ റെഡ്‌ക്രോസുകാര്‍ രക്ഷപ്പെടുത്തുന്നു.

അവസാനരംഗം. ലണ്ടന്‍ നഗരം. നിക്ക്‌ സാറയുടെ വീട്ടിലേക്കുള്ള യാത്രയിലാണ്‌. അയാള്‍ സാറയുടെ അവസാനത്തെ കത്ത്‌ വായിക്കുകയാണ്‌. കാര്‍ വീടിനു മുന്നിലെത്തുമ്പോള്‍ ജനലിലൂടെ നമുക്ക്‌ അന്നയെ കാണാം. അവള്‍ പിയാനോ വായിക്കുകയാണ്‌. നിക്ക്‌ മകളെ ആദ്യം കാണുകയാണ്‌. അയാള്‍ മകളെ കണ്‍നിറയെ കണ്ട്‌, മനസ്സിലെടുത്ത്‌ താലോലിക്കുന്നു. പിയാനോയുടെ മധുരശബ്ദം ക്രമേണ അലിഞ്ഞില്ലാതാവുന്നു.

ലോകത്തെങ്ങുമുള്ള ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കും യുദ്ധത്തിന്‍െറയും പീഡനങ്ങളുടെയും ഇരകളായ ദശലക്ഷക്കണക്കിന്‌ അഭയാര്‍ഥികള്‍ക്കുമാണ്‌ 125 മിനിറ്റ്‌ നീണ്ട ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. ലണ്ടനില്‍, സാറയുടെ വീട്ടിലെ സുന്ദരമായ അകത്തളങ്ങളില്‍നിന്ന്‌ പടിയിറങ്ങുന്ന ക്യാമറ തുറന്ന ആകാശത്തിനു കീഴിലെ എത്യോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലും കമ്പോഡിയയിലെയും ചെച്‌നിയയിലെയും കലാപഭൂമികളിലും ചുറ്റിത്തിരിഞ്ഞ്‌ സാറയുടെ വീട്ടില്‍ത്തന്നെ തിരിച്ചെത്തുകയാണ്‌. ഇതിനിടയ്‌ക്ക്‌ ആ ഫ്രെയിമുകളില്‍ പതിയുന്നത്‌ ജീവിതത്തിന്‍െറ തീക്‌ഷ്‌ണചിത്രങ്ങളാണ്‌. അവയില്‍ ചിലത്‌ നമുക്കൊരിക്കലും മറക്കാനാവില്ല. കഴുകന്‍ചുണ്ടുകളില്‍ നിന്ന്‌ ആ എത്യോപ്യന്‍ ബാലനെ സാറ രക്ഷിക്കുന്ന രംഗം കാണുമ്പോള്‍ മരവിച്ചിരുന്നുപോകും. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പത്രങ്ങള്‍ പുറത്തുവിട്ട ആ ദൃശ്യം (എല്ലുകള്‍ മാത്രമായി, മൃതപ്രായനായിക്കിടക്കുന്ന ഒരു മനുഷ്യന്‍െറ ചലനം നിശ്ചലമാകുന്നതും കാത്തിരിക്കുന്ന കഴുകന്‍െറ ദൃശ്യം) ഇവിടെ പുനര്‍ജനിക്കുന്നു. തന്‍െറ കൈയിലിരിക്കുന്നത്‌ മൈനാണെന്നറിയാതെ പകച്ചിരിക്കുന്ന കമ്പോഡിയന്‍ കുഞ്ഞും അഭിജാതരുടെ സദസ്സില്‍ ഒരു പഴത്തിനുവേണ്ടി കുരങ്ങന്‍െറ ചേഷ്‌ടകള്‍ അനുകരിക്കുന്ന ആഫ്രിക്കന്‍ ബാലനും ദൈന്യതയുടെ അടയാളങ്ങളാണ്‌.



സാറയായി അഭിനയിക്കുന്ന പ്രശസ്‌ത നടി ആഞ്‌ജലീന ഷൊലിയുടെ ആത്മകഥാംശം കൂടി ഈ ചിത്രത്തിലുണ്ട്‌. 2001 മുതല്‍ യു.എന്‍.എച്ച്‌.സി.ആറിന്റെ ഗുഡ്‌വില്‍ അംബാസഡറാണ്‌ ആഞ്‌ജലീന. അഭയാര്‍ഥികള്‍ക്കായുള്ള ഫണ്ട്‌ പിരിവിനും സേവനപ്രവര്‍ത്തനങ്ങള്‍ക്കുമായി അവര്‍ സമയം കണ്ടെത്തുന്നു. ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുപതോളം രാജ്യങ്ങങ്ങളില്‍ ആഞ്‌ജലീന സേവനപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌. തന്‍െറ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി 2003ല്‍ അവര്‍ ഒരു പുസ്‌തകവും പ്രസിദ്ധീകരിച്ചു. (`ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌' എന്ന സിനിമ ഇറങ്ങിയതും 2003 ല്‍ത്തന്നെ). ക്ലൈവ്‌ ഓവനാണ്‌ ഡോ. നിക്കിന്‍െറ വേഷംചെയ്യുന്നത്‌.

കലാമൂല്യത്തിന്‍െറ തട്ടില്‍വെച്ചു നോക്കുമ്പോള്‍ മഹത്തായ സിനിമയൊന്നുമല്ല `ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌'. കൃത്രിമമായ അന്തരീക്ഷസൃഷ്‌ടിയും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും ചിലയിടത്തെങ്കിലും കാണാം. എങ്കിലും, ഈ പരിമിതികളെയൊക്കെ മറികടക്കുന്ന വിലപ്പെട്ടൊരു സന്ദേശം വഹിക്കുന്നുണ്ട്‌ ഈ സിനിമ. അതിരുകളില്ലാത്ത കാരുണ്യത്തിന്‍േറതാണ്‌ ആ സന്ദേശം. യാതനയനുഭവിക്കുന്ന ഓരോ അഭയാര്‍ഥിയുടെയും ഹൃദയത്തിലേലക്ക്‌ ദേശ, ഭാഷകള്‍ മറികടന്ന്‌ ആ സന്ദേശമെത്തുന്നു. അവരുടെ ദുഃഖം പകുത്തെടുക്കാന്‍ ഏതെല്ലാമോ കോണില്‍നിന്ന്‌ ചില മനുഷ്യരെത്തുന്നു. അവര്‍ക്കൊപ്പം ഭക്ഷണമെത്തുന്നു, മരുന്നെത്തുന്നു. കരുണയുടെ, സഹനത്തിന്‍െറ, ഇല്ലായ്‌മയോടുള്ള പോരാട്ടത്തിന്‍െറ പ്രതിനിധികളാണിവര്‍. ലോകത്തിന്‍െറ പ്രതീക്ഷയാണിവര്‍.

Thursday, November 15, 2007

അതിരുകളില്ലാത്ത നഗരം


ഓരോ മനസ്സിലേക്കും ക്യാമറ തിരിച്ചുവെച്ചു നോക്കൂ, ചാരംമൂടിയ കനലുകള്‍ എത്രയെങ്കിലും അവിടെ കണ്ടെത്താനാവും. പതുക്കെ, ഊതിയൂതി നോക്കുമ്പോള്‍ ആ കനല്‍ക്കണ്ണുകള്‍ ചുവക്കുന്നു. പൊള്ളലായി, നീറ്റലായി, ക്രമേണ ആര്‍ദ്രമായ ചെറുതേങ്ങലായി അത്‌ കെട്ടടങ്ങുന്നു. `ദ സിറ്റി ഓഫ്‌ നോ ലിമിറ്റ്‌സ്‌' എന്ന സ്‌പാനിഷ്‌ സിനിമ നമ്മള്‍ ഇഷ്‌ടപ്പെട്ടു പോകുന്നത്‌ അതിലെ ഹൃദയം തൊടുന്ന തീവ്രവികാരങ്ങള്‍ കാരണമാണ്‌. കുറ്റബോധത്തിന്‍െറ നിഴലില്‍നിന്ന്‌ മോചനം കിട്ടാതെ പാപചിന്തയിലേക്ക്‌ വഴുതി വീഴുന്ന മാക്‌സ്‌ എന്ന വൃദ്ധന്‍െറ കഥ പറയുന്ന ചിത്രമാണിത്‌. കലുഷമായ അയാളുടെ മനസ്സിനെ ക്ഷമയോടെ, കരുണയോടെ പിന്തുടരുകയും തലോടുകയും ചെയ്യുന്ന ചെറുപ്പക്കാരനായ മകന്‍െറ കൂടി കഥയാണിത്‌.

നടന്‍, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും പ്രശസ്‌തനായ അന്‍േറാണിയോ ഹെര്‍ണാണ്ടസ്‌ ആണ്‌ സംവിധായകന്‍. ശക്തമായ തിരക്കഥയും സംഭാഷണവും നടീനടന്മാരുടെ നിയന്ത്രിതാഭിനയവും ഈ ചിത്രത്തെ മുന്‍നിരയിലേക്കുയര്‍ത്തുന്നു.

മാക്‌സ്‌മില്യന്‍ മാര്‍ട്ടിന്‍ എന്ന മാക്‌സ്‌ ആണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സെ്‌പയിനിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ തലവനാണിയാള്‍. കമ്യൂണിസ്റ്റുകാരന്‍. യുവത്വത്തില്‍ ജീവന്‍ പണയംവെച്ചും പാര്‍ട്ടി സാഹിത്യം ഒളിച്ചുകടത്തി വിതരണം ചെയ്‌തിരുന്ന ധീരന്‍. മൂന്നു ആണ്‍മക്കളാണ്‌ മാക്‌സിന്‌. മൂത്തവരായ ലൂയിസും ആല്‍ബര്‍ട്ടോയും അച്ഛനൊപ്പം ബിസിനസ്സില്‍ത്തന്നെ. ഇളയമകന്‍ വിക്ടര്‍ മാത്രം മറ്റൊരു വഴിയില്‍. ശാസ്‌ത്രജ്ഞനാണ്‌ വിക്ടര്‍. അര്‍ജന്‍റീനയില്‍ ഒബ്‌സര്‍വേറ്ററിയില്‍ നക്ഷത്രങ്ങളെക്കുറിച്ച്‌ പഠിക്കുന്നു.

മരണം കാത്തുകിടക്കുകയാണ്‌ മാക്‌സ്‌. കാന്‍സറാണ്‌. മാക്‌സിന്‌ ദിവസങ്ങളേയുള്ളൂ എന്നാണ്‌ ഡോക്ടര്‍മാരുടെ പക്ഷം. എങ്കിലും, ആയുസ്സ്‌ നീട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. ഒരു ശസ്‌ത്രക്രിയയെക്കുറിച്ച്‌ ആലോചിക്കുകയാണ്‌ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും. വൃദ്ധനാവട്ടെ ഇതൊന്നുമറിയുന്നില്ല. അയാള്‍ മറ്റേതോ ലോകത്താണ്‌. വേട്ടയാടുന്നഓര്‍മകളെ തിരിച്ചറിയാന്‍ അയാള്‍ക്കാവുന്നില്ല. കോടികളുടെ സാമ്രാജ്യത്തില്‍ നിന്നും പാരീസിലെ ഒരാസ്‌പത്രിയിലാണിപ്പോള്‍ മാക്‌സ്‌. 708-ാം നമ്പര്‍ മുറിയില്‍ കുടുംബാംഗങ്ങളുടെ സേ്‌നഹശാസനകളുടെ തടവിലാണയാള്‍. സെ്‌പയിനിലെ മാഡ്രിഡില്‍ നിന്നാണ്‌ മാക്‌സും കുടുംബവും വരുന്നത്‌. കുടുംബാംഗങ്ങള്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നു. ഊഴമിട്ട്‌ ഭാര്യയും മക്കളും കൂട്ടിരിക്കുന്നു. പാരീസിലെ ഇതേ ഹോട്ടലിലാണ്‌ നാലഞ്ചു ദശകം മുമ്പ്‌ മാക്‌സും ഭാര്യ മേരിയും കണ്ടുമുട്ടിയത്‌. ഈയൊരു കാരണത്താലാവാം പാരീസില്‍ത്തന്നെ ചികിത്സയ്‌ക്ക്‌ വരണമെന്ന്‌ അച്ഛന്‍ ശഠിച്ചത്‌ എന്ന്‌ മക്കള്‍ കരുതുന്നു. സമീപകാലസംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ മാക്‌സ്‌ പരാജയപ്പെടുന്നു. തിളങ്ങിനിന്ന യൗവനകാലം ഓര്‍മകളില്‍ നിന്ന്‌ പാടേ മാഞ്ഞിട്ടില്ല. ചാരനിറത്തിലുള്ള ഒരു ബട്ടണും അതിനുപിന്നിലെ ജീവനുള്ള ചില ഓര്‍മകളും അയാളില്‍ ഇപ്പോഴുമുണ്ട്‌. ഓരോ ദിവസവും അയാളുടെ മനസ്സ്‌ മാറിക്കൊണ്ടിരിക്കുകയാണ്‌.

വിക്ടറിനോടാണ്‌ മാക്‌സിന്‌ കൂടുതല്‍ സേ്‌നഹം. കണക്കുകൂട്ടലുകളുടെ കാര്‍ക്കശ്യമില്ല വിക്ടറിന്‌. വികാരജീവിയാണ്‌. ആസ്‌പത്രിവാസം അച്ഛനെ നന്നായി വിമ്മിട്ടപ്പെടുത്തുന്നുണ്ടെന്ന്‌ വിക്ടറിന്‌ ബോധ്യപ്പെടുന്നു. കൊടുക്കുന്ന ഗുളികകളൊന്നും അദ്ദേഹം കഴിക്കുന്നില്ല. പറ്റിയ സന്ദര്‍ഭം നോക്കി ആസ്‌പത്രിയില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ അച്ഛന്‍ കൊതിക്കുന്നതെന്ന്‌ വിക്ടര്‍ മനസ്സിലാക്കുന്നു. മാക്‌സിന്‍െറ കൈയില്‍ ഒരു ഫോണ്‍ നമ്പറുണ്ട്‌. അതില്‍ ഇടക്കിടെ വിളിച്ച്‌ നോക്കുന്നുണ്ട്‌. മറുപടിയൊന്നും കിട്ടുന്നില്ല. ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ വിളിക്കേണ്ട ജോലി വിക്ടറെ ഏല്‌പിക്കുന്നു. നിലവിലില്ലാത്ത ഒരു നമ്പറായിരുന്നു അത്‌. വര്‍ഷങ്ങളായി മാക്‌സിനെ അലട്ടിക്കൊണ്ടിരുന്ന വലിയൊരു സമസ്യയിലാണ്‌ വിക്ടര്‍ കൈവെച്ചിരിക്കുന്നത്‌. അച്ഛന്‍ എന്തിനെയോ ഭയപ്പെടുന്നുണ്ട്‌. അച്ഛനെ രക്ഷപ്പെടുത്തണമെന്നുണ്ട്‌ വിക്ടറിന്‌. അയാളുടെ ഓരോ പ്രവൃത്തിയും മാറിനിന്ന്‌ അനുതാപത്തോടെ നിരീക്ഷിക്കുകയാണ്‌ വിക്ടര്‍. തരംകിട്ടിയാല്‍ മാക്‌സ്‌മുറിക്കുപുറത്തു കടക്കും. മക്കളെയോ ഡോക്ടറെയോ കണ്ടുപോയാല്‍ തിരിച്ച്‌ മുറിയില്‍ വന്ന്‌ ഒന്നുമറിയാത്തപോലെ കിടക്കും.

അമ്മ മേരിയും ലൂയിസും ആല്‍ബര്‍ട്ടോയും ഇതിനിടക്ക്‌ കമ്പനികാര്യങ്ങളിലാണ്‌ കൂടുതലും ശ്രദ്ധിക്കുന്നത്‌. കമ്പനിയുടെ ലാബറട്ടറികളെല്ലാം വില്‍ക്കാനാണ്‌ പരിപാടി. മാക്‌സ്‌ ഇനി രക്ഷപ്പെടില്ലെന്ന വിശ്വാസത്തിലാണവര്‍. തന്‍േറടിയാണ്‌ മേരി. കാര്യങ്ങളെല്ലാം അവരുടെ വിരല്‍ത്തുമ്പിലാണ്‌. മൂത്തമക്കള്‍ രണ്ടും അവര്‍പറയുന്നതിന്‌ അപ്പുറത്തേക്കു നീങ്ങില്ല. വിക്ടര്‍മാത്രം തന്‍െറ ചൊല്‌പടിക്ക്‌ നില്‍ക്കാത്തവനാണെന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. കമ്പനി, ഷെയര്‍, പണം എന്നിവയിലൊന്നും വിക്ടറിന്‌ താല്‌പര്യമില്ല. അതുകൊണ്ടുതന്നെ കമ്പനിക്കാര്യങ്ങള്‍ അയാളൊട്ട്‌ അന്വേഷിക്കാറുമില്ല.��മാക്‌സിന്‌ ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന്‌ ഡോക്ടര്‍ പറയുന്നു. വിക്ടറൊഴികെ ബാക്കിയെല്ലാവരും അതിനനുകൂലമാണ്‌. അച്ഛനോട്‌ ചോദിച്ചിട്ടേ ശസ്‌ത്രക്രിയ നിശ്ചയിക്കാവൂ എന്നാണ്‌ വിക്ടറിന്‍െറ അഭിപ്രായം. ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ അതിന്‍െറ ആവശ്യമില്ലെന്നാണ്‌ മറ്റുള്ളവരുടെ പക്ഷം. വിക്ടറിന്‍െറ നിലപാട്‌ അവരില്‍ സംശയമുണര്‍ത്തുന്നു. മേരിക്ക്‌എപ്പോഴും വിക്ടറിന്‍െറ മേല്‍ ഒരു കണ്ണുണ്ട്‌. അവന്‍ മാക്‌സിന്‌ വല്ലാതെ വഴങ്ങിക്കൊടുക്കുകയാണെന്ന്‌ അവര്‍ സംശയിക്കുന്നു.

വിക്ടറിനോടുമാത്രമാണ്‌ വൃദ്ധന്‍ മനസ്സുതുറക്കുന്നത്‌. ആസ്‌പത്രിയില്‍ നിന്നു രക്ഷപ്പെടുത്തണമെന്ന്‌ അയാള്‍ മകനോട്‌ യാചിക്കുന്നു. ഭൂതകാലത്തെ ഏതോ സംഭവമെടുത്ത്‌ അയാള്‍ വര്‍ത്തമാനകാലവുമായി യോജിപ്പിക്കുകയാണ്‌. പരസ്‌പര ബന്ധമില്ലാതെയാണ്‌ അച്ഛന്‍ സംസാരിക്കുന്നതെങ്കിലും ഇതിലെന്തോ കാര്യമുണ്ടെന്ന്‌ വിക്ടര്‍ കരുതുന്നു. `റാന്‍സല്‍' എന്നൊരു പേര്‌ മാക്‌സ്‌ ഇടക്കിടെ ഓര്‍ത്തു പറയുന്നുണ്ട്‌. ഈ റാന്‍സലിന്‌ മുന്നറിയിപ്പുകൊടുക്കാനാണ്‌ പുറത്തുപോകണം എന്ന്‌ മാക്‌സ്‌ പറയുന്നത്‌. പോലീസ്‌ ഒരുക്കിയ കെണിയില്‍ അകപ്പെടും മുന്‍പ്‌ റാന്‍സലിനെ രക്ഷിക്കണം. വിക്ടറൊഴികെ മറ്റെല്ലാവരും തന്‍െറ മരണം പ്രതീക്ഷിച്ചു കഴിയുകയാണെന്ന്‌ മാക്‌സ്‌ കരുതുന്നു.

അച്ഛന്‍െറ കൈയിലുള്ള ഫോണ്‍ നമ്പര്‍ റാന്‍സലിന്‍േറതാണെന്ന്‌ വിക്ടര്‍ മനസ്സിലാക്കുന്നു. 40 വര്‍ഷം മുമ്പത്തെ നമ്പറാണത്‌. റാന്‍സലിനെ പറ്റി ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്ന മറുപടിയാണ്‌ അമ്മയില്‍ നിന്നുണ്ടായത്‌. പക്ഷേ, അന്ന്‌ അമ്മ അച്ഛനോട്‌ ക്ഷുഭിതയായി സംസാരിക്കുന്നത്‌ വിക്ടര്‍ കണ്ടു. അവര്‍ക്കിടയില്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരു പേരാണ്‌ റാന്‍സല്‍ എന്ന്‌ വിക്ടര്‍ മനസ്സിലാക്കുന്നു.��ശസ്‌ത്രക്രിയയ്‌ക്കുവേണ്ടി കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ ദിവസം വിക്ടര്‍ മാക്‌സിനെ ആസ്‌പത്രിക്കു പുറത്തു കടത്തുന്നു. അവര്‍ കാറില്‍ പാരീസ്‌ നഗരത്തില്‍ കറങ്ങുകയാണ്‌. അച്ഛന്‍ പറയുന്നിടത്തെല്ലാം ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അവന്‍ കൊണ്ടുപോകുന്നു. ``റാന്‍സല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും മുമ്പ്‌ അയാളെക്കണ്ട്‌ വിവരമറിയിക്കണം''- ഇതാണ്‌ മാക്‌സ്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. പക്ഷേ, റാന്‍സലിനെ അയാള്‍ക്ക്‌ എവിടെയും കണ്ടെത്താനായില്ല. നിരാശനായ അയാള്‍ റാന്‍സലിനെ കണ്ടെത്താനുള്ള ദൗത്യം വിക്ടറെ ഏല്‌പിക്കുന്നു. ചാരനിറത്തിലുള്ള ഒരു ബട്ടന്‍ മകന്‌ നല്‍കുന്നു. ഇതൊരടയാളമാണ്‌. ഇതു കണ്ടാല്‍ റാന്‍സലിന്‌ വിക്ടറെ മനസ്സിലാകും. അയാള്‍ അപകടത്തിലാണെന്ന്‌ അറിയിക്കണം.

വിക്ടര്‍ അച്ഛനുവേണ്ടി അന്വേഷണം തുടങ്ങുകയാണ്‌. നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റ്‌ അച്ഛന്‍േറതാണെന്ന്‌ വിക്ടര്‍ കണ്ടുപിടിക്കുന്നു. 40 വര്‍ഷമായി അതടഞ്ഞു കിടക്കുകയാണ്‌. അച്ഛന്‍ ഇടക്ക്‌ അവിടെ പോകാറുണ്ട്‌. എന്നിട്ടും ഇക്കാര്യം എന്തേ അച്ഛന്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു എന്ന്‌ വിക്ടറിനു പിടികിട്ടുന്നില്ല. വസ്‌തുതകള്‍ പരസ്‌പരം ബന്ധിപ്പിക്കാനാവാതെ വിക്ടര്‍ കുഴങ്ങുന്നു. ഒരു വേള റാന്‍സല്‍ അച്ഛന്‍ തന്നെയാണോ? തന്നെത്തന്നെ അന്വേഷിക്കുകയാണോ അദ്ദേഹം?

40വര്‍ഷം മുമ്പുള്ള ഒരു ലോകത്താണ്‌ അച്ഛന്‍ ജീവിക്കുന്നതെന്ന്‌ അവനു ബോധ്യപ്പെടുന്നു. അന്നത്തെ നഗരവും അന്നത്തെ ചുറ്റുപാടുകളുമാണ്‌ അദ്ദേഹം തേടിക്കൊണ്ടിരിക്കുന്നത്‌. 40 വര്‍ഷം മുമ്പ്‌ ഒരു രാത്രി റെയില്‍വേ സ്റ്റേഷനില്‍ നടന്ന അനിഷ്‌ടകരമായ ഒരു സംഭവം അദ്ദേഹത്തെ കുത്തിനോവിക്കുന്നുണ്ട്‌. ആ കുറ്റബോധത്തില്‍ നിന്നു പുറത്തു കടന്നാലേ അച്ഛന്‌സ്വസ്ഥത ലഭിക്കൂ.

സെ്‌പയിനിലെ ഒരു പത്രപ്രവര്‍ത്തകനില്‍ നിന്ന്‌ വിക്ടറിന്‌ റാന്‍സലിനെക്കുറിച്ച്‌ ചില വിവരങ്ങള്‍ കിട്ടുന്നു. ജാക്വിന്‍ നെവറോ മൊന്‍ഡാവസ്‌ എന്ന റാന്‍സല്‍ സാഹിത്യാധ്യാപകനാണ്‌. എഴുത്തുകാരനാണ്‌. 1957 മുതല്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി അംഗം. പിന്നീട്‌ എപ്പോഴോ അറസ്റ്റു ചെയ്യപ്പെട്ടു. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. അപ്പോഴും റാന്‍സലും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ബാക്കി പൂരിപ്പിക്കുന്നത്‌ മേരിയാണ്‌. അതും വിക്ടര്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രം. മാക്‌സും റാന്‍സലും ഒരുമിച്ചാണ്‌ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്‌. കമ്യൂണിസ്റ്റുപാര്‍ട്ടി സാഹിത്യം മാഡ്രിഡിലേക്ക്‌ ഒളിച്ചു കടത്തുകയായിരുന്നു അവരുടെ ദൗത്യം. ഒരു ദിവസം ആരോ അവരെ ഒറ്റുകൊടുത്തു. സ്‌പാനിഷ്‌ പോലീസ്‌ വലവീശി. പോലീസിന്‍െറ സാന്നിധ്യമറിയാതെ രാത്രി ഒറ്റയ്‌ക്ക്‌ റെയില്‍വേസ്റ്റേഷനിലെത്തിയ റാന്‍സല്‍ അറസ്റ്റിലായി. മാക്‌സാണ്‌ ഒറ്റുകാരനെന്ന്‌ എല്ലാവരും സംശയിച്ചു. റാന്‍സലിനെ പത്തു കൊല്ലത്തേക്ക്‌ ശിക്ഷിച്ചു. നാലുവര്‍ത്തിനകം അയാള്‍ രോഗിയായി മരിച്ചു. അറസ്റ്റിലായശേഷം മാക്‌സ്‌ ഒരിക്കല്‍പ്പോലും റാന്‍സലിനെ കാണാന്‍ പോയില്ല. തക്ക സമയത്ത്‌ മുന്നറിയിപ്പു നല്‍കാതിരുന്നതിനാലാണ്‌ ഉറ്റ സുഹൃത്ത്‌ പിടിക്കപ്പെട്ടതെന്ന്‌ അയാള്‍ക്ക്‌ തോന്നി. തന്നോടു തന്നെ ക്ഷമിക്കാന്‍ മാക്‌സ്‌ തയ്യാറായിരുന്നില്ല. ഭര്‍ത്താവ്‌ സ്വയം മാപ്പു നല്‍കുമെന്നോ അതുമല്ലെങ്കില്‍ അക്കാര്യം മറക്കുമെന്നോ മേരി കരുതി. രണ്ടും ഉണ്ടായില്ല. മേരിയോട്‌ മിണ്ടാന്‍പോലും അയാള്‍ക്ക്‌ മടിയായി.

അമ്മയുടെ വിശദീകരണം അപ്പാടെ വിഴുങ്ങാന്‍ വിക്ടറിനു കഴിഞ്ഞില്ല. അമ്മ എന്തോ ഒളിക്കുന്നുണ്ടെന്നു വ്യക്തം. റാന്‍സല്‍ എന്നൊരാളെ അറിയില്ലെന്നും അങ്ങനെയൊരാള്‍ ഇല്ലെന്നും ആദ്യമൊക്കെ പ്രതികരിച്ച അമ്മയുടെ ഓരോ നീക്കവും അവനില്‍ സംശയമുണര്‍ത്തി. തന്‍െറ അന്വേഷണം വ്യര്‍ഥമാവുകയാണെന്ന്‌ അവനു തോന്നി. മരിച്ചുപോയ ഒരാളെത്തേടിയുള്ള അന്വേഷണം അസംബന്ധമാണ്‌. തന്‍െറ അച്ഛന്‍െറ ചതിയിലാണ്‌ റാന്‍സല്‍ അറസ്റ്റു ചെയ്യപ്പെട്ടത്‌ എന്ന സത്യം വിക്ടറെ വേദനിപ്പിച്ചു. കുടുംബത്തിലുള്ള ആരോ ഒരാള്‍ റാന്‍സലിനെ കണ്ടെത്താനുള്ള നീക്കം തടയുകയാണെന്ന്‌ അവന്‌ തോന്നിത്തുടങ്ങി.

ഒരവസാനശ്രമം എന്ന നിലയില്‍ വിക്ടര്‍ ഹോട്ടലില്‍ അമ്മയുടെ മുറി പരിശോധിക്കുന്നു. അവിടെ നിന്ന്‌ റാന്‍സലിന്‍െറ നോവല്‍ (ദ സിറ്റി ഓഫ്‌ നോ ലിമിറ്റ്‌സ്‌) കിട്ടുന്നു. 1987 ലാണത്‌ പ്രസിദ്ധീകരിച്ചത്‌. റാന്‍സല്‍ മരിച്ചിട്ടില്ലെന്ന പുതിയ അറിവ്‌ വിക്ടറിന്‌ പ്രതീക്ഷയേകുന്നു. റാന്‍സലിനെ കണ്ടുപിടിക്കാനായി മാഡ്രിഡിലേക്കു പോകുന്നു.

വിക്ടറിന്‍െറ നിരന്തര ശ്രമത്തെത്തുടര്‍ന്ന്‌ റാന്‍സല്‍ ഒരു ദിവസം രാത്രി പാരീസിലെ ഹോട്ടലിലെത്തുന്നു. വിക്ടറിന്‍െറ എല്ലാ ആശങ്കകളും അകറ്റിക്കൊണ്ട്‌ റാന്‍സല്‍ നീണ്ട സംസാരം തുടങ്ങി: ``നീതി പുലരുന്ന ഒരു സമൂഹം സ്വപ്‌നം കാണുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തവരാണ്‌ ഞങ്ങള്‍. എനിക്ക്‌ മാക്‌സിനോട്‌ ഒരുപകയുമില്ല. ജയിലില്‍ കിടക്കുമ്പോള്‍ പോലും അങ്ങനെ തോന്നിയിട്ടില്ല. നിന്‍െറ അച്ഛന്‍ എന്നും നല്ലവനായിരുന്നു. പക്ഷേ, ആത്മവിശ്വാസക്കുറവുമൂലം ഭീരുവായിരുന്നു. എന്നെ അറസ്റ്റു ചെയ്‌തപ്പോള്‍, വിചരണവേളയില്‍, ജയിലില്‍ക്കിടന്ന ആദ്യമാസങ്ങളില്‍ മാക്‌സിന്‍െറ മുഖമൊന്നു കാണാന്‍ വല്ലാതെ ആഗ്രഹിച്ചു. അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍, ഒരു കത്ത്‌. ഒന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരു ദിവസം, അത്‌ എന്നാണെന്നോ എപ്പോഴാണെന്നോ എനിക്കറിയില്ല, ഞാനവനെ മറന്നു''. മുഴക്കമുള്ള ദൃഢമായ ആ ശബ്ദം വിക്ടര്‍ ആശ്വാസത്തോടെ കേള്‍ക്കുകയാണ്‌. ``ഞങ്ങളുടെ ജീവിതത്തിലെ ഭംഗിയുള്ള കാലം കഴിച്ചുകൂട്ടിയ ആ അപ്പാര്‍ട്ട്‌മെന്‍റ്‌ മാക്‌സ്‌ ഇപ്പോഴും നിധിപോലെ കാത്തു സൂക്ഷിക്കുന്നു എന്നറിഞ്ഞപ്പോള്‍ എന്‍െറ ഹൃദയം അലിഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ പ്രധാന നാളുകളായിരുന്നു അത്‌.''

സുഹൃത്തിനെക്കാണാന്‍ റാന്‍സല്‍ ആസ്‌പത്രിയിലേക്ക്‌ വരുന്നില്ല. സമനില വീണ്ടെടുക്കാനാവാത്ത അവസ്ഥയില്‍ അയാളെ കാണുന്നത്‌ അസ്വാസ്ഥ്യമുണ്ടാക്കുമെന്ന്‌ റാന്‍സല്‍ കരുതുന്നു. അറസ്റ്റിലായ രാത്രി തന്നെ ചതിച്ചത്‌ മാക്‌സ്‌ അല്ലെന്ന്‌ റാന്‍സല്‍ വെളിപ്പെടുത്തുന്നു. മേരിയാണത്‌ ചെയ്‌തത്‌. തന്നെ മാക്‌സിന്‍െറ ജീവിതത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ വേണ്ടി. താന്‍ ആ കുടുംബത്തില്‍ ഒരു ശല്യക്കാരനാണ്‌ എന്നു മേരി കരുതിയിരുന്നു.

ഒട്ടും പശ്ചാത്താപമില്ലാതെ, താന്‍ ചെയ്‌തത്‌ ശരിയായിരുന്നു എന്ന്‌ മേരി വിക്ടറിനോട്‌ സമ്മതിക്കുന്നു. ഇതിന്‍െറ പേരില്‍ റാന്‍സല്‍ തനിക്ക്‌ മാപ്പു തന്നിട്ടില്ലെന്ന്‌ അവര്‍ക്ക്‌ മനസ്സിലായി. റാന്‍സല്‍ - മാക്‌സ്‌ ബന്ധം സ്വവര്‍ഗാനുരാഗം വരെ എത്തിയിരുന്നു എന്നു മേരി മകനോട്‌ സൂചിപ്പിക്കുന്നു. വിക്ടര്‍ അമ്മയോട്‌ ഒന്നേ അപേക്ഷിക്കുന്നുള്ളൂ. ``ഇനിയും അധികം സമയം അവശേഷിക്കാത്ത അച്ഛനെ വെറുതെ വിടുക. ശസ്‌ത്രക്രിയയൊന്നും കൂടാതെ, അധികം വേദനിക്കാതെ അദ്ദേഹം സമാധാനത്തോടെ മരിച്ചോട്ടെ''.

വിക്ടര്‍ അച്ഛന്‍െറ അടുത്തെത്തുന്നു. മാക്‌സ്‌ തീരെ അവശനാണ്‌. വിക്ടറിന്‍െറ മുഖത്തെ ചിരി കണ്ടപ്പോള്‍ അവശതക്കിടയിലും അയാള്‍ ചിരിക്കുന്നു. അവന്‍ അച്ഛനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു. അവര്‍ ആസ്‌പത്രി വിട്ട്‌ റെയില്‍വേ സ്റ്റേഷനിലെത്തുന്നു. മാക്‌സ്‌ ഓരോ യാത്രക്കാരന്‍െറയും മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കുകയാണ്‌. റാന്‍സലിനെ പരതുകയാണാ കണ്ണുകള്‍. അയാളെ പോലീസില്‍ നിന്നു രക്ഷിക്കണം. ഇതൊരു കെണിയാണെന്നറിയാതെ അയാള്‍ വരും. 40 വര്‍ഷം മുമ്പത്തെ ആ ദിവസമാണ്‌ ഇപ്പോഴും മാക്‌സിന്‍െറ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. സമയം നീങ്ങുന്നു. ട്രെയിനുകള്‍ വരുന്നു, പോകുന്നു. റാന്‍സലിനെ മാത്രം കാണുന്നില്ല. അച്ഛനോട്‌ ഒന്നും പറയാതെ, കരുണനിറഞ്ഞ പുഞ്ചിരിയുമായി വിക്ടര്‍ ഒപ്പം തന്നെയുണ്ട്‌. രാത്രിയായി. റെയില്‍വേ സ്റ്റേഷന്‍ വിജനമാണിപ്പോള്‍. ഇടത്തെ കൈയില്‍ റാന്‍സലിനു നല്‍കാനുള്ള ബട്ടനുമായി മാക്‌സ്‌ പതുക്കെ, പതുക്കെ മരണത്തിലേക്ക്‌ നിശ്ശബ്ദനായി കടന്നുപോകുന്നു.

ശവസംസ്‌കാരച്ചടങ്ങ്‌ കഴിഞ്ഞു. കുടുംബാംഗങ്ങളെല്ലാം ദുഃഖാര്‍ത്തരായി സെമിത്തേരിയിലുണ്ട്‌. പശ്ചാത്തലത്തില്‍ മാക്‌സിന്‍െറ ശബ്ദം. അയാള്‍ റാന്‍സലിനു കൊടുക്കാനായി എഴുതിയ കത്തിലെ വാചകങ്ങളാണ്‌ അന്തരീക്ഷത്തില്‍. കുറ്റബോധം നിഴലിക്കുന്ന ആ വാക്കുകളില്‍ തനിക്ക്‌ മാപ്പു തരണമെന്ന അപേക്ഷയുണ്ട്‌. അപ്പോള്‍, അങ്ങ്‌ ദൂരെ നിന്ന്‌ വടികുത്തിപ്പിടിച്ച്‌ റാന്‍സല്‍ വരുന്നത്‌ നമുക്ക്‌ കാണാം. വിക്ടര്‍ അച്ഛന്‍െറ കത്ത്‌ റാന്‍സലിനു കൈമാറുന്നു. മേരിയും റാന്‍സലും മുഖാമുഖം. അവര്‍ ഒന്നും മിണ്ടുന്നില്ല. റാന്‍സലിന്‍െറ തീക്ഷ്‌ണമായ നോട്ടത്തിനു മുന്നില്‍ മേരിക്ക്‌ അധികം പിടിച്ചു നില്‍ക്കാനാവുന്നില്ല. തലതാഴ്‌ത്തി മറ്റ്‌കുടുംബാംഗങ്ങളോടൊപ്പം അവര്‍ സെമിത്തേരിയില്‍ നിന്നു മടങ്ങുന്നു.

മൂന്നു കഥാപാത്രങ്ങളുടെ പേരില്‍ മൂന്നു ഭാഗമായി തിരിച്ചാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. വിക്ടര്‍, മാക്‌സ്‌, റാന്‍സല്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍. കഥാഗതിയില്‍ ഊന്നല്‍ ഇവര്‍ക്കാണെങ്കിലും നാലാമതൊരാള്‍ - മേരി - കൂടി ഇവിടെ മേല്‍ക്കൈ നേടുന്നുണ്ട്‌. പ്രധാന കഥാപാത്രമായ മാക്‌സിനെ ഭ്രമാത്മകമായ ഒരന്തരീക്ഷത്തില്‍ കൊണ്ടുപോയി നിര്‍ത്തിയാണ്‌ നമുക്ക്‌ പരിചയപ്പെടുത്തിത്തരുന്നത്‌. അയാളുടെ മാനസികാവസ്ഥയിലേക്ക്‌ വാതില്‍ തുറന്നിടുന്നു ഈ രംഗം.

കുറ്റാന്വേഷണത്തിന്‍െറ പിരിമുറുക്കമുണ്ട്‌ കഥയ്‌ക്ക്‌. `റാന്‍സല്‍' എന്ന അപരിചിതനാമത്തില്‍നിന്നാണ്‌ നമ്മുടെ ഉദ്വേഗം വളരുന്നത്‌. ആരെക്കുറിച്ചും വിധിയെഴുതുന്നില്ല സംവിധായകന്‍. ഓരോരുത്തര്‍ക്കും ഓരോ നിലപാടുണ്ട്‌. അതിനുള്ള ന്യായങ്ങളുമുണ്ടവര്‍ക്ക്‌. 40 വര്‍ഷം മുമ്പു നടന്ന ആ രാത്രി പുനര്‍ജനിപ്പിക്കുക എന്നതല്ല സംവിധായകന്‍െറ ദൗത്യം. വേണമെങ്കില്‍, ഒറ്റ ്‌ള്‌ളാഷ്‌ ബാക്കിലൂടെ അത്‌ നിര്‍വഹിക്കാമായിരുന്നു. ആ രാത്രിയിലെ സംഭവം ഓരോരുത്തരിലുമുണ്ടാക്കിയ പ്രതികരണങ്ങളിലൂടെ മനസ്സിന്‍െറ സങ്കീര്‍ണതകളിലേക്ക്‌ ചുഴിഞ്ഞിറങ്ങുകയാണ്‌ സംവിധായകന്‍.

40 വര്‍ഷം മുമ്പ്‌ തനിക്കു നഷ്‌ടമായ മനഃസമാധാനവും ഉറ്റസുഹൃത്തിനെയും തിരികെ പിടിക്കുകയായിരുന്നു മാക്‌സിന്‍െറ ലക്ഷ്യം. പക്ഷേ, രണ്ടും അയാള്‍ക്കു കണ്ടെത്താനാവുന്നില്ല. നഗരം അതിരുകള്‍വിട്ട്‌ വളര്‍ന്നിരിക്കുന്നു. പുറത്തുകടക്കാനാഗ്രഹിക്കുന്നവരുടെ വഴികളടച്ചുകൊണ്ട്‌ നഗരം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. മാക്‌സിന്‍െറ മനസ്സിലെ പാപചിന്തയാണ്‌ അതിരില്ലാത്ത നഗരത്തിന്‍െറ പ്രതിരൂപം കൈക്കൊള്ളുന്നത്‌.

വന്‍കിട ബിസിനസ്‌കുടുംബത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാക്‌സിന്‍െറ കുടുംബത്തിലുമുണ്ട്‌. വഴിവിട്ട ദാമ്പത്യബന്ധങ്ങളും പരസ്‌പരമുള്ള അവിശ്വാസവുമൊക്കെ ഇവിടെ രേഖപ്പെടുത്തുന്നുണ്ട്‌. പക്ഷേ, അവയൊന്നും ഇതിവൃത്തത്തിന്‍െറ ഏകാഗ്രതയെ നശിപ്പിക്കുംവിധം വളര്‍ന്നുവലുതാവുന്നില്ല.

പഴയൊരു ടെലിഫോണ്‍ നമ്പറും റാന്‍സല്‍ എന്നൊരു പേരുമായി തന്‍െറ അന്വേഷണം തുടങ്ങുന്ന വിക്ടര്‍ എന്ന കഥാപാത്രത്തെ നമ്മള്‍ വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. ബഹളമൊന്നുമില്ലാതെയാണ്‌ രഹസ്യത്തിന്‍െറ ഓരോ അറയും വിക്ടര്‍ തുറക്കുന്നത്‌. പൊട്ടിത്തെറിക്കേണ്ട അവസരങ്ങളില്‍പ്പോലും സൗമ്യനായി നില്‍ക്കുന്ന വിക്ടര്‍. ബന്ധങ്ങളുടെ കെണിയില്‍ സ്വയം വീണുകൊടുക്കുന്ന വിക്ടര്‍. എലീനോടുള്ള തീവ്രപ്രണയത്തിനിടയിലും മുന്‍ കാമുകിയെ മറക്കാനാവാത്ത വിക്ടര്‍. റാന്‍സലിനൊപ്പം പാരീസിലെ കഫേയിലിരിക്കുന്ന വിക്ടറിന്‍െറ മുഖത്ത്‌ അവസാനം തെളിയുന്ന ആശ്വാസം നമ്മുടെ ഉള്ളിലേക്കുമെത്തുന്നു. അച്ഛന്‍െറ നന്മയില്‍, ആത്മാര്‍ഥതയില്‍ വിക്ടറിന്‌ വിശ്വാസമുണ്ടായിരുന്നു. അച്ഛന്‍ കുറ്റവാളിയല്ലെന്ന്‌ അറിഞ്ഞ ആ നിമിഷത്തില്‍ത്തന്നെ അച്ഛനിനി മരണമാണ്‌ നല്ലത്‌ എന്നു വിധിക്കുന്നു ആ മകന്‍. ഓര്‍മകള്‍ നഷ്‌ടപ്പെട്ട്‌, കൊച്ചുകുഞ്ഞിനെപ്പോലെ നിസ്സഹായനായി ജീവിക്കുന്ന അച്ഛന്‍െറ രൂപം അവനു സഹിക്കാനാവുന്നില്ല. കുറ്റവിമുക്തനാക്കപ്പെട്ട വേളയില്‍ ത്തന്നെ ജീവിതവിമുക്തികൂടി നല്‌കി പിതാവിനെ കരുണയോടെ യാത്രയാക്കുകയാണ്‌ ആ മകന്‍.

Wednesday, November 7, 2007

വിവാഹശേഷം


ഇരുപതുവര്‍ഷംമുമ്പ്‌ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍നിന്ന്‌ മുംബൈയില്‍ ഒരു മനുഷ്യസേ്‌നഹി എത്തുന്നു. മുംബൈ തെരുവുകളില്‍ കൊഴിഞ്ഞുവീഴുന്ന ബാല്യങ്ങളുടെ രക്ഷകനായിത്തീരുന്നു അയാള്‍. കുട്ടികള്‍ക്കിടയില്‍ ജീവിച്ച്‌, അവരെ പഠിപ്പിച്ച്‌, അവരുടെ വളര്‍ച്ചയില്‍ ആഹ്ലാദിച്ച്‌ അയാള്‍ കഴിയുന്നു. ഒരു നിയോഗം പോലെ ഒരു ദിവസം നാട്ടില്‍നിന്ന്‌ ഒരു സഹായഹസ്‌തം അയാളുടെ നേര്‍ക്കു നീളുന്നു. അത്‌ സ്വീകരിക്കണമെങ്കില്‍, ഒരിക്കല്‍ ഉപേക്ഷിച്ച നാട്ടിലേക്ക്‌ തിരിച്ചുചെന്നേ പറ്റൂ. ജേക്കബ്‌ പെഡേഴ്‌സന്‍ എന്ന ഡാനിഷ്‌ സന്നദ്ധസേവകന്‍ കോപ്പന്‍ഹേഗനിലേക്ക്‌ പോകുന്നതങ്ങനെയാണ്‌. അവിടെ ഒട്ടേറെ അത്ഭുതങ്ങള്‍ അയാളെ കാത്തിരിക്കുകയായിരുന്നു. ആ അത്ഭുതങ്ങളെക്കുറിച്ചാണ്‌, അവിടെക്കണ്ട മനുഷ്യരെക്കുറ
ിച്ചാണ്‌ സുസന്നെ ബയര്‍ എന്ന ഡാനിഷ്‌ സംവിധായിക `ആഫ്‌റ്റര്‍ ദ വെഡ്‌ഡിങ്‌' എന്ന ഡാനിഷ്‌ സിനിമയില്‍ പറയുന്നത്‌.
`ഓപ്പണ്‍ ഹാര്‍ട്ട്‌സ്‌' , `ബ്രദേഴ്‌സ്‌' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തയാണ്‌ സുസന്നെ. 2006 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ `ആഫ്‌റ്റര്‍ ദ വെഡ്‌ഡിങ്‌'.
മുംബൈയിലെ അനാഥാലയത്തില്‍ സേവനംനടത്തുന്ന ജേക്കബ്‌ പെഡേഴ്‌സന്‍ ആണ്‌ ഈ ചിത്രത്തിലെ നായകന്‍. തെരുവില്‍നിന്ന്‌ കൈപിടിച്ചുയര്‍ത്തിയ ബാല്യങ്ങളോടൊത്ത്‌ അയാള്‍ കഴിയുന്നു. അവരുടെ അധ്യാപകനായി, രക്ഷകനായി. അനാഥാലയത്തിന്‍െറ നടത്തിപ്പ്‌ ബുദ്ധിമുട്ടിലാണ്‌. ആവശ്യത്തിന്‌ ഫണ്ട്‌ കിട്ടുന്നില്ല. ഏതുസമയത്തും സ്ഥാപനം അടച്ചുപൂട്ടാം. നിഷ്‌കളങ്കബാല്യങ്ങള്‍ വീണ്ടും തെരുവിന്‍െറ ഇരുട്ടില്‍ ചെന്നു വീഴാം. അപ്പോഴാണ്‌ അനാഥാലയത്തിന്‍െറ മേധാവി ശ്രീമതി ഷാ ഒരു ശുഭവാര്‍ത്ത ജേക്കബിന്‌ നല്‍കുന്നത്‌. ഒരു ഡാനിഷ്‌ കോടീശ്വരന്‍ അനാഥാലയത്തിന്‌ പണം തരാമെന്നേറ്റിരിക്കുന്നു. ഒറ്റ കണ്ടീഷന്‍. പണം ഡെന്മാര്‍ക്കില്‍ ചെന്നുവാങ്ങണം. ജേക്കബ്‌ പോയേ പറ്റൂ.

ദരിദ്രരെ സഹായിക്കുന്നെന്ന നാട്യത്തില്‍ വിലകുറഞ്ഞ പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുന്ന ധനാഢ്യരെ ജേക്കബിന്‌ പുച്ഛമാണ്‌. സഹായം തരുന്ന ഫോട്ടോയെടുത്ത്‌ അത്‌ വലിയ കാര്യമായി കൊട്ടിഘോഷിച്ച്‌ നടക്കണം അവര്‍ക്ക്‌. ഈ അധമചിന്തയുമായാണ്‌ സമ്പന്നന്‍ തന്നെ കോപ്പന്‍ഹേഗനിലേക്ക്‌ വിളിക്കുന്നതെന്ന്‌ ജേക്കബ്‌ സംശയിക്കുന്നു. ഒരിക്കല്‍ ഉപേക്ഷിച്ചുപോന്നതാണ്‌ ജന്മനാടിനെ. തിരിച്ചുചെല്ലുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുപോലുമില്ല. പക്ഷേ, അന്തേവാസികളുടെ ദീനമുഖങ്ങള്‍ അയാളെ വേദനിപ്പിക്കുന്നു. സ്ഥാപനം നിലനിര്‍ത്താനുള്ള അവസാനത്തെ ചാന്‍സാണിത്‌. ഇത്‌ നഷ്‌ടപ്പെടുത്തിയാല്‍ തന്‍െറ കുട്ടികള്‍ തെരുവിലേക്ക്‌ പോകും.
ജേക്കബിന്‍െറ വളര്‍ത്തുമകനാണ്‌ പ്രമോദ്‌ എന്ന എട്ടുവയസ്സുകാരന്‍. കുരുന്നുപ്രായത്തില്‍ ജേക്കബിന്‍െറ കൈകളില്‍ എത്തിയതാണവന്‍. വലിയൊരു ഫുട്‌ബോളറകാനാണ്‌ അവനാഗ്രഹം. അവന്‍െറ പിറന്നാളാണ്‌ അടുത്താഴ്‌ച. അത്‌ ഒഴിവാക്കുന്നതോര്‍ക്കുമ്പോള്‍ ജേക്കബിന്‌ സങ്കടം. പാവങ്ങള്‍ തീരെയില്ലാത്ത നാട്ടിലേക്കാണ്‌ ജേക്കബ്‌സാര്‍ പോകുന്നതെന്ന്‌ പ്രമോദ്‌ മനസ്സിലാക്കുന്നു. അദ്ദേഹം തിരിച്ചുവരില്ലെന്ന്‌ അവന്‍ കരുതുന്നു. ഇഷ്‌ടമില്ലെങ്കിലും അദ്ദേഹത്തെ അവന്‍ യാത്രയാക്കുന്നു.

മുംബൈയുടെ ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന്‌ ക്യാമറ നയന മനോഹരമായ ഡന്മാര്‍ക്കിലെത്തുന്നു. ജോര്‍ഗന്‍ ലെന്നറ്റ്‌ ഹാന്‍സന്‍ എന്ന കോടീശ്വരനെയാണ്‌ ജേക്കബിന്‌ കാണേണ്ടത്‌. പ്രോജക്ടുകളുടെ വീഡിയോയുമായാണ്‌ ജേക്കബ്‌ എത്തിയിരിക്കുന്നത്‌. എല്ലാവരെയും വീഡിയോയില്‍ ഉള്‍ക്കൊള്ളിക്കാനായിട്ടില്ല. രോഗവും ദാരിദ്ര്യവും കൊണ്ട്‌ മരിച്ചുവീഴുന്ന ആയിരങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ കയറിവന്നിട്ടില്ല. ജേക്കബിന്‍െറ പ്രോജക്ടുകളില്‍ തൃപ്‌തനാണ്‌ ജോര്‍ഗന്‍. ഓരോ കൊല്ലവും പത്തുലക്ഷം ഡോളര്‍ വീതം നാലുകൊല്ലത്തേക്ക്‌ നല്‍കാനാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നത്‌. സഹായം ഏതുതരത്തിലാവണം എന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. അതിന്‍െറ ചര്‍ച്ചകൂടി ഉദ്ദേശിച്ചാണ്‌ അനാഥാലയത്തിന്‍െറ പ്രതിനിധിയെ വിളിച്ചുവരുത്തിയത്‌.

വിചിത്രമായ പെരുമാറ്റ രീതികളാണ്‌ ജോര്‍ഗന്‍േറത്‌. ഒരേസമയം ദയാലുവായ സമ്പന്നനായും സംശയാലുവായ ധര്‍മിഷ്‌ഠനായും അയാള്‍ പെരുമാറുന്നതു കാണാം. മകള്‍ അന്നയുടെ വിവാഹമാണ്‌ അടുത്ത ദിവസം. ജേക്കബ്‌ സമര്‍പ്പിക്കുന്ന കടലാസുകളൊന്നും നോക്കാന്‍ അയാള്‍ക്ക്‌ സമയമില്ല. അയാള്‍ ജേക്കബിനെയും വിവാഹത്തിന്‌ ക്ഷണിക്കുന്നു. വിവാഹം കഴിഞ്ഞിട്ടേ ഇനി ചര്‍ച്ചയുള്ളൂ.
`വിഡ്‌ഢികളായ പണക്കാരുടെ നാട്‌ ' എന്നാണ്‌ ജേക്കബ്‌ സ്വന്തം നാടിനെ വിശേഷിപ്പിക്കാറ്‌. അവരുടെ മുന്നിലാണ്‌ താനിപ്പോള്‍ കൈനീട്ടുന്നത്‌. ആത്മനിന്ദകൊണ്ട്‌ അയാളുടെ ഉള്ള്‌ പിടഞ്ഞു.

അന്നയുടെ വിവാഹത്തോടെ സിനിമ വിചിത്ര വഴികളിലേക്ക്‌ നീങ്ങുകയാണ്‌. ശീര്‍ഷകത്തില്‍ത്തന്നെ ഈ ആകാംക്ഷ നല്‍കുന്നുണ്ട്‌ സംവിധായിക. ജീവിതത്തിലെ അനിശ്ചിതമായ ഉള്‍പ്പിരിവുകളിലേക്ക്‌ നീങ്ങുകയാണ്‌ ഇനി കഥ. അന്നയുടെ വിവാഹച്ചടങ്ങില്‍ ജേക്കബ്‌ പഴയ പ്രണയിനി ഹെലനെ കണ്ടുമുട്ടുന്നു. ഇപ്പോള്‍ ജോര്‍ഗന്‍െറ ഭാര്യയാണവര്‍. അന്നയ്‌ക്കുപുറമെ ഇരട്ടകുട്ടികളുമുണ്ട്‌ ഈ ദമ്പതിമാര്‍ക്ക്‌. രണ്ടും ആണ്‍കുട്ടികള്‍. അന്ന തന്‍െറ മകളാണെന്ന്‌ ജേക്കബിന്‌ മനസ്സിലാവുന്നു. ആദ്യമൊന്നും ഹെലന്‍ ആ സത്യം സമ്മതിക്കുന്നില്ല. ജോര്‍ഗന്‍ തന്‍െറ ഭാര്യയുടെ കാമുകനെ അന്വേഷിക്കുകയായിരുന്നു. ഒരുപാടുതവണ അയാള്‍ ഇന്ത്യയില്‍ അന്വേഷണം നടത്തിയതാണ്‌. ഫലമുണ്ടായില്ല. ഇപ്പോഴിതാ തന്‍െറ ദയതേടി ആ മനുഷ്യന്‍ എത്തിയിരിക്കുന്നു.
മാരക രോഗത്തിനടിമയാണ്‌ ജോര്‍ഗന്‍. അയാള്‍ക്കും ഡോക്ടര്‍ക്കും മാത്രമേ ആ സത്യമറിയൂ. വേദനസംഹാരി ഗുളികകളിലൂടെയാണ്‌ അയാള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌.

സന്തോഷത്തിന്‍െറ വേളയില്‍ ജേക്കബിന്‍െറ കടന്നുവരവ്‌ ഹെലനെ അസ്വസ്ഥയാക്കുന്നു. ലോകത്തെ എല്ലാ കാര്യങ്ങളും നമ്മുടെ മാത്രം നിയന്ത്രണത്തിലല്ലല്ലോ എന്നു പറഞ്ഞ്‌ ജോര്‍ഗന്‍ അവളെ സമാധാനിപ്പിക്കുന്നു. ജോര്‍ഗന്‌ അന്നയുടെ ജന്മരഹസ്യമറിയാം. ഏറെക്കാലം അയാളത്‌ ഹെലനോടൊപ്പം മനസ്സില്‍ സൂക്ഷിച്ചു. പക്ഷേ, മകള്‍ക്ക്‌ പ്രായപൂര്‍ത്തിയായപ്പോള്‍ അയാളാ രഹസ്യം അന്നയോട്‌ പറഞ്ഞു. അന്നു മുതല്‍ അന്ന തന്‍െറ അച്ഛനെ തേടുകയാണ്‌.
അന്നയുടെ അച്ഛനാണ്‌ താനെന്ന കാര്യം അവളെ അറയിക്കണമെന്ന്‌ ജേക്കബ്‌ ഹെലനെ നിര്‍ബന്ധിക്കുന്നു. അത്‌ പെട്ടെന്ന്‌ വേണ്ടെന്ന അഭിപ്രായമായിരുന്നു ഹെലന്‌. ഓരോ കൂടിക്കാഴ്‌ചയിലും ഹെലനും ജേക്കബും പരുഷവാക്കുകള്‍ കൊണ്ട്‌ പൊരുതി. പ്രണയകാലത്ത്‌ അവര്‍ പരസ്‌പരം കുത്തിനോവിക്കുമായിരുന്നു. പിരിഞ്ഞശേഷം, ജേക്കബ്‌ തന്നെത്തേടിയെത്തുമെന്ന്‌ ഹെലന്‍ കരുതി. ഹെലന്‍ തന്നെത്തേടിയെത്തുമെന്ന്‌ ജേക്കബും സ്വപ്‌നം കണ്ടു. പക്ഷേ, രണ്ടുപേരും അന്വേഷിച്ചു ചെന്നില്ല. താന്‍ വഞ്ചിച്ചു എന്നതിന്‍െറ പേരില്‍ തന്‍െറ മകളെ ഇരുപതു കൊല്ലം ഒളിപ്പിച്ചു വെച്ച ഹെലന്‍ വലിയ അപരാധമാണ്‌ ചെയ്‌തത്‌ എന്ന്‌ ജേക്കബ്‌ കുറ്റപ്പെടുത്തുന്നു. പിരിയുമ്പോള്‍, ഹെലന്‍ ഗര്‍ഭിണിയാണെന്നു താനറിഞ്ഞില്ലെന്ന്‌ അയാള്‍ കുറ്റസമ്മതം നടത്തുന്നു.
ഹെലനില്‍നിന്ന്‌ വിവരമറിയുന്ന അന്ന അച്ഛനെക്കാണാന്‍ ഹോട്ടലിലെത്തുന്നു. അച്ഛന്‍ മരിച്ചുപോയി എന്നാണ്‌ അമ്മ അവളോട്‌ പറഞ്ഞിരുന്നത്‌. ഇന്ത്യയില്‍ തനിക്ക്‌ പ്രമോദ്‌ എന്നൊരു സഹോദരനുണ്ടെന്ന വാര്‍ത്ത അവളെ സന്തോഷിപ്പിക്കുന്നു.
ജോര്‍ഗന്‍െറ മനസ്സില്‍ ചില പദ്ധതികളുണ്ട്‌. നിര്‍ദിഷ്‌ട സമയത്തൊന്നും അയാള്‍ ജേക്കബിന്‍െറ പ്രോജക്ടിന്‌ അനുമതി നല്‍കുന്നില്ല. ദിവസങ്ങള്‍ നീളുകയാണ്‌. പ്രമോദിന്‍െറ പിറന്നാളിന്‌ മുംബൈയിലെത്താന്‍ ജേക്കബിന്‌ കഴിയില്ല. ജോര്‍ഗന്‍ തന്നെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ജേക്കബിന്‌ തോന്നിത്തുടങ്ങുന്നു. ഭാര്യയുടെ കാമുകനോട്‌ പകരം വീട്ടുകയാണയാള്‍. അതിന്‌ വേണ്ടിയാണ്‌ തന്നെ വിളിച്ചുവരുത്തിയത്‌.

ജോര്‍ഗന്‍ തീരുമാനത്തിലെത്തിക്കഴിഞ്ഞു. നന്മ ചെയ്‌ത്‌ മരണത്തിലേക്ക്‌ നടന്നുനീങ്ങാനായിരുന്നു അയാളുടെ പദ്ധതി. വര്‍ഷം തോറും നല്‍കുന്ന സംഭാവനയ്‌ക്കു പകരം ഒരു ഫണ്ട്‌ ഉണ്ടാക്കി അനാഥാലയത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണയാള്‍ ഇപ്പോള്‍ സംസാരിക്കുന്നത്‌. അന്നയുടെയും ജേക്കബിന്‍െറയും പേരിലായിരിക്കും ഫണ്ട്‌. പണം എങ്ങനെ ചെലവാക്കണമെന്ന്‌ അവര്‍ക്ക്‌ തീരുമാനിക്കാം. 65,000 കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, മരുന്ന്‌, പാര്‍പ്പിടം എന്നിവയ്‌ക്ക്‌ 1.2 കോടി ഡോളറിന്‍െറ ഈ പദ്ധതി മതിയാകും. ജേക്കബിന്‌ പക്ഷേ, സംശയം തീരുന്നില്ല. പദ്ധതി മാറ്റം കൊണ്ട്‌ താങ്കള്‍ക്കെന്താണ്‌ നേട്ടം എന്ന ജേക്കബിന്‍െറ ചോദ്യത്തെ ജോര്‍ഗന്‍ പുഞ്ചിരികൊണ്ട്‌ നേരിട്ടു. `ഒന്നുമില്ല. ഞാന്‍ പാപത്തിന്‍െറ കടം വീട്ടുകയാണ്‌' എന്നായിരുന്നു അയാളുടെ മറുപടി. ജേക്കബ്‌ ജോര്‍ഗനെ അത്ഭുതത്തോടെ നോക്കിനിന്നു. പക തീണ്ടാത്ത ആ മനസ്സിനുമുന്നില്‍ ജേക്കബ്‌ കീഴടങ്ങുകയാണ്‌.

ജേക്കബും ഹെലനും ദീര്‍ഘനേരം സംസാരിക്കുന്നു. ഇപ്പോള്‍ പരസ്‌പരം കുറ്റപ്പെടുത്തലില്ല. ഇരുപതുവര്‍ഷത്തെ ജീവിതം ഏതാനും വാക്കുകളിലൊതുക്കി അവര്‍ കാലുഷ്യമില്ലാതെ മനസ്സ്‌ തുറന്നു. ജേക്കബ്‌ ഇപ്പോഴും അവിവാഹിതനാണെന്ന സത്യം ഹെലനെ സ്‌പര്‍ശിച്ചു. തന്നെക്കുറിച്ചുള്ള ഓര്‍മകളിലാണയാള്‍ ജീവിക്കുന്നതെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക്‌ ആഹ്ലാദവും അഭിമാനവും.
ഡോക്ടറില്‍നിന്ന്‌ ഭര്‍ത്താവിന്‍െറ ഗുരുതരാവസ്ഥ ഹെലന്‍ മനസ്സിലാക്കുന്നു. അയാള്‍ ഏതു നിമിഷവും തനിക്ക്‌ നഷ്‌ടപ്പെട്ടേക്കാം എന്ന അറിവ്‌ അവളെ നടുക്കി.

പ്രോജക്ടിന്‌ സഹായം നല്‍കുന്നതിനുള്ള വ്യവസ്ഥകളിലൊന്ന്‌ ജേക്കബ്‌ ഡെന്മാര്‍ക്കില്‍ താമസിക്കണം എന്നതാണ്‌. സഹായം നല്‍കി ജോര്‍ഗന്‍ തന്നെ കെണിയില്‍ വീഴ്‌ത്തുകയാണെന്ന്‌ ജേക്കബിന്‌ തോന്നുന്നു. ബോര്‍ഡ്‌ മീറ്റിങ്ങിനു മാത്രം ഡെന്മാര്‍ക്കിലേക്ക്‌ വന്നാല്‍പ്പോരേ എന്ന ജേക്കബിന്‍െറ നിര്‍ദേശം നിരാകരിക്കപ്പെടുന്നു. ജോര്‍ഗന്‍ തന്‍െറ സ്ഥാനത്ത്‌ ജേക്കബിനെ പ്രതിഷ്‌ഠിക്കുകയാണ്‌. കുടുംബത്തിന്‌ ഇനി മറ്റാരും തുണയായി ഇല്ല. ജേക്കബ്‌ നല്ലവനാണെന്ന്‌ ജോര്‍ഗന്‌ ബോധ്യപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ട്‌ അയാള്‍ക്ക്‌. അത്‌ തന്‍െറ കുടുംബത്തിനും സമൂഹത്തിനും പ്രയോജനപ്പെടുത്തണം. ഇതായിരുന്നു ജോര്‍ഗന്‍െറ ഉള്ളിലിരിപ്പ്‌.

ജോര്‍ഗന്‍ എന്ന `തടിയന്‍ പന്നി' പണംകൊണ്ട്‌ തന്നെ വിലക്കെടുക്കുകയാണെന്ന്‌ പറഞ്ഞ്‌ ജേക്കബ്‌ തെറ്റിപ്പിരിയുന്നു. അപ്പോഴാണ്‌ ജോര്‍ഗന്‍ തന്‍െറ അവസ്ഥ അയാളോട്‌ തുറന്നുപറയുന്നത്‌. `അന്നയ്‌ക്കു മാത്രമല്ല, ഹെലനും മക്കള്‍ക്കും താങ്ങായി നില്‍ക്കണം' എന്ന്‌ അഭ്യര്‍ഥിക്കുന്നു ജോര്‍ഗന്‍.

ഇതിനിടെ, അന്നയെ ഭര്‍ത്താവ്‌ വഞ്ചിക്കുന്നു. പഴയ ഗേള്‍ഫ്രണ്ടുമൊത്ത്‌ അയാളെ കിടക്കറയില്‍ കണ്ട അന്ന സാന്ത്വനം തേടിയെത്തുന്നത്‌ ജേക്കബിന്‍െറ അടുത്തേക്കാണ്‌. താന്‍ ഇവിടെ ബന്ധിക്കപ്പെടുകയാണെന്ന്‌ ജേക്കബിന്‌ ബോധ്യപ്പെടുന്നു. ഇനി മുംബൈക്കില്ലെന്ന്‌ അയാള്‍ തീരുമാനിക്കുന്നു. 48-ാം പിറന്നാള്‍ ആഘോഷിച്ച ജോര്‍ഗന്‍ മരണത്തിനു കീഴടങ്ങുന്നു. ആ കുടുംബത്തിന്‍െറ ഭാരം ജേക്കബ്‌ ഏറ്റെടുക്കുന്നു.

അവസാനരംഗത്ത്‌, മുംബൈയില്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന ജേക്കബിനെയാണ്‌ നമ്മള്‍ കാണുന്നത്‌. പ്രമോദിന്‌ സന്തോഷം, ഡെന്മാര്‍ക്കിലേക്കുള്ള ജേക്കബിന്‍െറ ക്ഷണം അവന്‍ നിരസിക്കുന്നു. ദരിദ്രരില്ലാത്ത ആ നാട്ടിലേക്ക്‌ അവനില്ല. തന്‍െറ അനാഥാലയവും കൂട്ടുകാരെയും വിട്ടുപോകാന്‍ അവനു പറ്റില്ല. `ജേക്കബ്‌ സാറിന്‌ ഇവിടെ വന്നുകാണാമല്ലോ' എന്നതാണവന്‍െറ നിലപാട്‌. മറ്റു കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന പ്രമോദിനെ ജേക്കബ്‌ നോക്കിനില്‍ക്കവെ സിനിമ അവസാനിക്കുന്നു.
മുംബൈയുടെ പരിതാപകരമായ അവസ്ഥകളില്‍ ഊന്നിയാണ്‌ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്‌. എങ്കിലും നഗരത്തിന്‍െറ ദാരിദ്ര്യം പകര്‍ത്താന്‍ ആര്‍ത്തി കാണിക്കുന്നില്ല സംവിധായിക. അലിവോടെ ദുരിതം കാണാനുള്ള ഒരു മനസ്സുണ്ടവര്‍ക്ക്‌. തുടക്കം കാണുമ്പോള്‍ മുംബൈ തെരുവുകളില്‍ ക്യാമറ കുത്തിനിര്‍ത്തും എന്നു നമ്മള്‍ ശങ്കിച്ചുപോവുക സ്വാഭാവികമാണ്‌. പ്രമോദ്‌ എന്ന ബാലനെയും യാഥാര്‍ഥ്യബോധത്തോടെയാണിതില്‍ ചിത്രീകരിക്കുന്നത്‌. തന്‍െറ ചുറ്റുവട്ടത്തെ ഇല്ലായ്‌മയും സേ്‌നഹവുമൊക്കെ പങ്കുവെക്കാനാണവന്‍ ആഗ്രഹിക്കുന്നത്‌. തന്നെ എടുത്തുവളര്‍ത്തുന്ന ജേക്കബ്‌ സാറിനോട്‌ അവന്‌ സേ്‌നഹവും കടപ്പാടുമുണ്ട്‌. പക്ഷേ, സ്വര്‍ഗീയസുഖം തേടി മറുകര പോകാന്‍ അവന്‍ മടിക്കുകയാണ്‌. നല്ലൊരു ഫുട്‌ബോളാറാവുക എന്ന സ്വപ്‌നം മാത്രമേ അവനുള്ളൂ. അത്‌ ഈ മണ്ണില്‍ത്തന്നെ നേടാനാവുമെന്നും ആ കുഞ്ഞുമനസ്സ്‌ കണക്കുകൂട്ടുന്നു.

ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്‌. ബന്ധങ്ങളാല്‍ ബന്ധിതരാണ്‌ എല്ലാ കഥാപാത്രങ്ങളും. ജീവിതത്തെ ധൈര്യത്തോടെ നേരിടുകയാണവര്‍. ജീവിതം മഹത്തരമാണെന്നും ജീവിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും വിലപിടിച്ചതാണെന്നും ജോര്‍ഗന്‍ എന്ന കഥാപാത്രം ഓര്‍മപ്പെടുത്തുന്നു. പ്രശസ്‌തനായ അകിര കുറോസവയുടെ `ഇക്കിറു' എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തിന്‍െറ ഛായയുണ്ട്‌ ജോര്‍ഗന്‌. (ലങ്‌കാന്‍സറാണെന്നും ആറുമാസത്തിനുള്ളില്‍ മരിക്കുമെന്നുമുള്ള സത്യം മനസ്സിലാക്കുന്ന വത്തനാബ എന്ന ഉദ്യോഗസ്ഥന്‍ ശേഷകാലം സമൂഹത്തിനു നന്മചെയ്‌ത്‌, എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ട്‌, നിശ്ശബ്ദനായി മരണത്തിലേക്ക്‌ നടന്നു നീങ്ങുന്ന കഥയാണ്‌ `ഇക്കിറു'). എവിടെയോ കിടക്കുന്ന അനാഥക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി സമ്പാദ്യത്തിന്‍െറ ഭീമമായ പങ്കും എഴുതിക്കൊടുക്കുന്ന ജോര്‍ഗന്‍ വ്യക്തിവൈശിഷ്‌ട്യത്തില്‍ ജേക്കബിനെയും പിന്നിലാക്കുന്നു. തന്‍െറ ജീവനക്കാരനെ മകളുടെ ഭര്‍ത്താവായി അംഗീകരിക്കാനുള്ള വിശാലമനസ്‌കത അയാള്‍ക്കുണ്ടായിരുന്നു. ഭാര്യയുടെ ആദ്യബന്ധത്തിലുണ്ടായ മകളെ സ്വന്തം മകളെപ്പോലെയാണയാള്‍ സേ്‌നഹിച്ചത്‌. അവള്‍ ദുഃഖിക്കുമെന്നു കരുതി രോഗവിവരം അയാള്‍ മറച്ചുവെച്ചു. ജോര്‍ഗനും അന്നയും തമ്മിലുള്ള അവസാന കൂടിക്കാഴ്‌ച ഹൃദയത്തില്‍ തട്ടും. വളര്‍ത്തച്ഛനുവേണ്ടി എല്ലാ കണ്ണീരും ഒഴുക്കി, സ്വയം സാന്ത്വനത്തിലേക്ക്‌ മടങ്ങുകയാണ്‌ അന്ന.