ദണ്ഡിരാജ്‌ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹിബ് ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയുടെ പിതാവ്. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായ `രാജാഹരിശ്ചന്ദ്ര'യുടെ സംവിധായകന്‍. 21 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 95 ഫീച്ചര്‍ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തു. ഫോട്ടോഗ്രാഫര്‍, പ്രിന്റര്‍,ജാലവിദ്യക്കാരന്‍ എന്നീ വേഷങ്ങളിലൂടെ കടന്ന് നിശ്ശബ്ദസിനിമയുടെ ഗുരുസ്ഥാനത്തെത്തിയ പ്രതിഭ. തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനുമായി തിളങ്ങിനിന്ന ഈ മറാത്തക്കാരന് മറാത്തി ജനത നല്‌കിയ ആദരമാണ് `ഹരിശ്ചന്ദ്രചി ഫാക്ടറി' (ഹരിശ്ചന്ദ്രയുടെ പണിശാല) എന്ന സിനിമ. ഇക്കഴിഞ്ഞ ഓസ്‌കര്‍ അവാര്‍ഡില്‍ വിദേശഭാഷാ ചിത്രവിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ മറാത്തി സിനിമ. (2004-ല്‍ `ശ്വാസ്' എന്ന മറാത്തി സിനിമ ഓസ്‌കര്‍ അവാര്‍ഡിന് മത്സരിച്ചിരുന്നു.) മറാത്തി നാടകരംഗത്ത് പ്രശസ്‌തനായ പരേഷ് മൊകാഷിയാണ് `ഹരിശ്ചന്ദ്രചി ഫാക്ടറി'യുടെ സംവിധായകന്‍. 2009-ലെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. നവാഗത സംവിധായകനുള്ള തിരുവനന്തപുരം ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ `ജി. അരവിന്ദന്‍ പുരസ്‌കാര'മുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട് ഈചിത്രം.
ഫാല്‍ക്കെയുടെ മുഴുവന്‍ ജീവചരിത്രവും സംവിധായകന്‍ അനാവരണം ചെയ്യുന്നില്ല. ചലച്ചിത്രകാരനാവാനുള്ള ശ്രമത്തില്‍ ഫാല്‍ക്കെ നേരിട്ട വൈതരണികളാണ് സിനിമയുടെ വിഷയം. സിനിമ ഒരഭിനിവേശമായി മനസ്സില്‍ നിറഞ്ഞതുതൊട്ട് ആദ്യചിത്രമായ `രാജാഹരിശ്ചന്ദ്ര' റിലീസായതുവരെയുള്ള രണ്ടുവര്‍ഷമാണ് സംവിധായകന്‍ പിന്തുടരുന്നത്.
ഫാല്‍ക്കെയെ കലാകാരന്റെ പീഠത്തിലിരുത്തി മഹത്ത്വവത്‌കരിക്കുന്നില്ല സംവിധായകന്‍. ഒരു സാധാരണ മനുഷ്യന്റെ തലത്തിലേ ഫാല്‍ക്കെയെ കാണുന്നുള്ളൂ. പലപ്പോഴും അരക്കിറുക്കന്റെ ഭാവത്തിലാണ് ഫാല്‍ക്കെ നമ്മുടെ മുന്നിലെത്തുന്നത്. രൂപത്തിലും ചലനത്തിലും ചാര്‍ളിചാപ്ലിനോട് സാദൃശ്യം തോന്നും ചിലപ്പോള്‍. ഫാല്‍ക്കെയിലെ കലാകാരനെ മാത്രമല്ല സംവിധായകന്‍ സൂക്ഷ്‌മമായി പിന്തുടരുന്നത്. നല്ലൊരു ഭര്‍ത്താവ്, പിതാവ്, സുഹൃത്ത്, ദേശീയ വാദി എന്നീ നിലകളിലും ഫാല്‍ക്കെയെ അദ്ദേഹം വിലയിരുത്തുന്നുണ്ട്.
സിനിമ സ്വപ്‌നം കാണുക മാത്രമല്ല ഫാല്‍ക്കെ ചെയ്‌തത്. സ്വപ്‌ന സാക്ഷാത്‌കാരത്തിനായി കഠിനമായി അധ്വാനിച്ചിരുന്നു അദ്ദേഹം. സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചും പണയപ്പെടുത്തിയുമാണ് ഫാല്‍ക്കെ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയത്. ലണ്ടനില്‍ പോയി സിനിമയുടെ സാങ്കേതിക വശങ്ങള്‍ അദ്ദേഹം സ്വായത്തമാക്കി. അപ്പോഴും മനസ്സില്‍ ദേശീയബോധം കാത്തുസൂക്ഷിച്ചു. സിനിമകള്‍ സംവിധാനം ചെയ്‌ത് ലണ്ടനില്‍ കഴിയാനുള്ള ബ്രിട്ടീഷുകാരുടെ ഓഫര്‍ ഫാല്‍ക്കെ നിരസിച്ചു. ഇന്ത്യയില്‍ സിനിമാ സംസ്‌കാരത്തിനു തുടക്കമിടുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം വിശ്വസിച്ചു. സിനിമയെ വ്യവസായമായി വളര്‍ത്തിയെടുക്കാനും ആഗ്രഹിച്ചു. നാല്‌പതുകാരനായ പരേഷ്‌മൊകാഷിയുടെ ആദ്യ സിനിമായാത്രയും ഫാല്‍ക്കെയുടെ വഴിയിലൂടെയായിരുന്നു. `ഹരിശ്ചന്ദ്രചി ഫാക്ടറി'യുടെ തിരക്കഥ 2005-ല്‍ പൂര്‍ത്തിയാക്കിയതാണ്. പക്ഷേ, സിനിമയാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍, തന്റെ സ്വത്ത് പണയപ്പെടുത്തിയാണ് മൊകാഷി സിനിമ നിര്‍മിച്ചത്.
95 മിനിറ്റുള്ള ചിത്രം തുടങ്ങുന്നത് 1911 ഏപ്രില്‍ 14 നാണ്. അന്നാണ് സിനിമയിലേക്ക് ഫാല്‍ക്കെ ആകര്‍ഷിക്കപ്പെട്ടത്. മൂത്തമകന്‍ ബാലചന്ദ്രനുമൊത്ത് തെരുവില്‍ മാജിക്ക് കാണിക്കുന്ന ഫാല്‍ക്കെയെയാണ് സമ്മളാദ്യം പരിചയപ്പെടുന്നത്. സ്റ്റേജില്‍ അത്ഭുതം സൃഷ്‌ടിക്കുന്ന ഫാല്‍ക്കെ തൊട്ടടുത്ത സിനിമാ ടെന്റില്‍ വന്ന ചലനചിത്രം കണ്ട് വിസ്‌മയഭരിതനാകുന്നു. പ്രൊജക്‌ഷന്‍ റൂമില്‍നിന്നുള്ള വെളിച്ചത്തിനൊപ്പം മൃഗങ്ങളും മനുഷ്യരും സ്‌ക്രീനിലെത്തുന്നു. വിടര്‍ന്ന കണ്ണുകളോടെ ഫാല്‍ക്കെ മകനോടൊപ്പം ആ സിനിമ കണ്ടു. അതോടെ, ജാലവിദ്യ കൈവിടുന്നു അദ്ദേഹം. ചിന്ത എപ്പോഴും സിനിമയെക്കുറിച്ചായി. പ്രൊജക്‌ഷന്‍ റൂമില്‍നിന്നു കിട്ടിയ തുണ്ടുഫിലിമുകള്‍ അദ്ദേഹത്തിന് കൗതുകമായി. അവ ഉപയോഗിച്ച് സിനിമാ പരീക്ഷണങ്ങള്‍ മുന്നേറവേ വീട്ടുപകരണങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. ഫാല്‍ക്കെയുടെ പെരുമാറ്റത്തില്‍ സുഹൃത്തുക്കള്‍ സംശയാലുക്കളായി. അവര്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ഭ്രാന്താസ്‌പത്രിയിലാക്കാന്‍പോലും ശ്രമിച്ചു. മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയോട് ഫാല്‍ക്കെ പറഞ്ഞു: `നിന്റെ വയറ്റില്‍ ചലിക്കുന്ന കുഞ്ഞ്. എന്റെ മനസ്സില്‍ ചലിക്കുന്ന സിനിമയും'.ഭാര്യയുടെ ആഭരണവും വീടും പണയം വെച്ചാണ് ഫാല്‍ക്കെ ആദ്യസിനിമ നിര്‍മിച്ചത്. സ്‌ത്രീകള്‍ സിനിമയിലേക്ക് വരാന്‍ മടിക്കുന്ന കാലമായിരുന്നു അത്. നടികളെത്തേടി ചുവന്ന തെരുവില്‍പ്പോലും ഫാല്‍ക്കെ അലഞ്ഞു. ഒടുവില്‍ പുരുഷന്മാര്‍തന്നെയാണ് സ്‌ത്രീവേഷം കെട്ടിയത്. വീട്ടില്‍ത്തന്നെ സെറ്റിട്ടാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മേക്കപ്പിട്ട താരങ്ങളുമായി കാട്ടില്‍ പോയപ്പോള്‍ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്‌തു. കുന്തങ്ങളും വാളും ശൂലവുമൊക്കെ കണ്ടപ്പോള്‍ ഏതോ കൊള്ളസംഘമാണെന്നാണ് പോലീസ് ധരിച്ചത്. എല്ലാ പ്രതിസന്ധികളും മറികടന്ന് 1913 മെയ് 13ന് മുംബൈയിലെ കോര്‍ണേഷന്‍ തിയേറ്ററില്‍ `രാജാഹരിശ്ചന്ദ്ര' പ്രദര്‍ശിപ്പിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
ഇല്ലായ്‌മകളെയും ദുരനുഭവങ്ങളെയും പ്രതിസന്ധികളെയും ചെറുചിരിയോടെ നേരിട്ടയാളാണ് ഫാല്‍ക്കെ. അതുകൊണ്ടുതന്നെ നര്‍മത്തിന്റെ ട്രാക്കിലൂടെയാണ് പരേഷ്‌മൊകാഷി `ഹരിശ്ചന്ദ്രചി ഫാക്ടറി' മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയകാലം പുനഃസൃഷ്‌ടിക്കുന്നതില്‍ അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്. ആദ്യകാല ചിത്രങ്ങളിലേതുപോലുള്ള പശ്ചാത്തല സംഗീതമാണ് ഉപയോഗിക്കുന്നത്.
ഫാല്‍ക്കെയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും നേരെ മാത്രമല്ല, മൊകാഷിയുടെ ക്യാമറ കണ്ണു തുറക്കുന്നത്. അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക ചലനങ്ങളും ഇതിവൃത്തത്തിലേക്ക് കൊണ്ടുവരുന്നുണ്ടദ്ദേഹം. ലോകമാന്യതിലകിന്റെ അറസ്റ്റും ജനങ്ങളുടെ പ്രതിഷേധവും അദ്ദേഹത്തിന്റെ മോചനവുമൊക്കെ പശ്ചാത്തല സംഭവങ്ങളായി അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ കാലത്തോടൊപ്പം ഫാല്‍ക്കെയുടെ ദേശീയബോധവും സൂചിപ്പിക്കുന്നു ഈ പശ്ചാത്തലം (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഫോട്ടോഗ്രാഫറായിരിക്കെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ നല്‍കാനായി ജോലി രാജിവെച്ചയാളാണ് ഫാല്‍ക്കെ). ഇന്ത്യന്‍ സിനിമയുടെ പിതാവിനെ ഓര്‍ക്കാന്‍, ആദരിക്കാന്‍ പരേഷ്‌മൊകാഷി തിരഞ്ഞെടുത്ത വഴി അഭിനന്ദനം അര്‍ഹിക്കുന്നു.