Tuesday, March 27, 2012

ഒന്നാമന്‍

84-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ചേര്‍ന്ന്‌ അക്ഷരാഭ്യാസം നേടി, ഗിന്നസ്‌ ബുക്കിലിടം പിടിക്കുകയും ഐക്യരാഷ്ട്രസഭയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രസംഗിക്കുകയും ചെയ്‌ത കെനിയന്‍ സ്വാതന്ത്ര്യസമര സേനാനി മറൂഗെയെക്കുറിച്ചാണ്‌ ഫസ്റ്റ്‌ ഗ്രേഡര്‍ എന്ന സിനിമ.




കിമാനി ഞാങ്ങ മറുഗെ. ഗിന്നസ്‌ ബുക്കിലെ ഒരു പേരാണിത്‌. കെനിയക്കാരനായ മറുഗെ 89 -ാം വയസ്സിലാണ്‌ മരിച്ചത്‌. ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥി എന്ന അപൂര്‍വ ബഹുമതിയാണ്‌ മറുഗെയെ ഗിന്നസ്‌ ബുക്കിലെത്തിച്ചത്‌. 2004 ല്‍ 84-ാം വയസ്സിലാണ്‌ അദ്ദേഹം പ്രൈമറി സ്‌കൂളില്‍ ചേര്‍ന്നത്‌. കൊച്ചുകുട്ടികളോടൊപ്പം വളരെ അച്ചടക്കത്തോടെ മറുഗെ ക്ലാസിലിരുന്നു. അക്ഷരങ്ങള്‍ ഓരോന്നായി പഠിച്ചു. അധ്യാപകരുടെ ഇഷ്‌ടവിദ്യാര്‍ഥിയായി. മാതൃകാവിദ്യാര്‍ഥി എന്ന നിലയില്‍ 2005 ല്‍ മറുഗെ സ്‌കൂള്‍ ലീഡറായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭയില്‍ പോയി പ്രസംഗിച്ചു. ആറ്‌ വര്‍ഷം അദ്ദേഹം ആ സ്‌കൂളില്‍ പഠിച്ചു. മുതുമുത്തച്ഛനായിരുന്ന മറുഗെക്ക്‌ 30 പേരക്കുട്ടികളുണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ മറുഗെയുടെ സ്‌കൂളില്‍ ഒരേ കാലത്ത്‌ പഠിച്ചു. 2009 ല്‍ മറുഗെ മരിച്ചു. അദ്ദേഹത്തിന്റെ ജീവിതകഥയാണ്‌ ബ്രിട്ടീഷുകാരനായ ജസ്റ്റിന്‍ ഛാഡ്‌വിക്കിന്റെ ' ദ ഫസ്റ്റ്‌ ഗ്രേഡര്‍ ' (the first grader) എന്ന സിനിമക്കാധാരം.

പക്ഷേ, ഈ സിനിമ വെറുമൊരു ജീവചരിത്രമല്ല. ഒരു ദേശത്തിന്റെ പോരാട്ടചരിത്രം കൂടിയാണ്‌. ബ്രിട്ടീഷ്‌ ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ വിസ്‌മയരേഖയാണ്‌. തിരുവനന്തപുരത്ത്‌ ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്‌.
ജസ്റ്റിന്റെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയാണിത്‌. 2008 ല്‍ ബര്‍ലിന്‍ മേളയില്‍ കാണിച്ച ' ദ അദര്‍ ബൊളീയന്‍ ഗേള്‍ ' ആണ്‌ ആദ്യസിനിമ. നടന്‍, നാടകസംവിധായകന്‍ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ നാല്‍പ്പത്തിയഞ്ചുകാരനായ ജസ്റ്റിന്‍. സിനിമയോ ടെലിവിഷനോ ക്യാമറയോ കണ്ടിട്ടില്ലാത്ത കുറെ സ്‌കൂള്‍കുട്ടികളാണ്‌ ' ദ ഫസ്റ്റ്‌ ഗ്രേഡര്‍ ' എന്ന സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചത്‌.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ 1953 ല്‍ ബ്രിട്ടീഷ്‌ കോളണിവാഴ്‌ചക്കെതിരെ രക്തരൂഷിതമായ ഒരു കലാപം നടന്നു. കിക്കുയു ഗോത്രവര്‍ഗത്തില്‍പ്പെട്ട ചെറുപ്പക്കാരാണ്‌ കലാപം നയിച്ചത്‌. ആയിരക്കണക്കിനാളുകള്‍ മരിച്ചു. പത്ത്‌ ലക്ഷത്തിലധികം കിക്കുയു വംശജര്‍ ബ്രിട്ടീഷുകാരുടെ തടവിലായി. ഒടുവില്‍ രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും, ലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ ആ കലാപം കെടാക്കനലായി. സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ കുടുംബത്തെ ബലി കൊടുത്ത വിപ്ലവകാരിയായിരുന്നു കിമാനി ഞാങ്ങ മറുഗെ.

സിനിമയുടെ തുടക്കത്തില്‍ നമ്മുടെ ശ്രദ്ധ നേടത്തക്ക കാര്യങ്ങളൊന്നും മറുഗെ ചെയ്യുന്നില്ല. ഒരു വിഡ്‌ഡിക്കഥാപാത്രം എന്നുപോലും നമുക്ക്‌ തോന്നും. പക്ഷേ, സിനിമ ഓരോ ഘട്ടത്തിലേക്ക്‌ കടക്കുമ്പോഴേക്കും മറുഗെ ആരാണെന്നും എന്താണെന്നും സംവിധായകന്‍ ബോധ്യപ്പെടുത്തിത്തരുന്നു. സമപ്രായക്കാരുടെ പരിഹാസങ്ങള്‍ തള്ളിയാണ്‌ മറുഗെ സ്‌കൂളിലെത്തുന്നത്‌. കടത്തിണ്ണയിലിരുന്ന്‌ ബിയര്‍ നുണഞ്ഞ്‌ ജീവിതസായാഹ്നം ആഘോഷിക്കാതെ പിള്ളേരോടൊപ്പം പഠിക്കാന്‍ പോകുന്ന മണ്ടന്‍ എന്ന വിശേഷണവും അവര്‍ അയാള്‍ക്ക്‌ നല്‍കുന്നുണ്ട്‌.

കുന്നിന്‍പുറത്തെ ഒരു സാധാരണ പ്രാഥമിക വിദ്യാലയം. അവിടെ പഠിക്കുന്ന പാവപ്പെട്ട കുറെ കുട്ടികള്‍. അധ്യാപനത്തെ അര്‍പ്പണബോധത്തോടെ കാണുന്ന ഏതാനും അധ്യാപകര്‍. ഈയൊരു പശ്ചാത്തലത്തിലേക്കാണ്‌ മറുഗെയെ സംവിധായകന്‍ കൂട്ടിക്കൊണ്ടുവരുന്നത്‌. ആദ്യമൊക്കെ അയാളെ തിരസ്‌കരിക്കാനായിരുന്നു അധ്യാപകര്‍ക്കും താത്‌പര്യം. സ്വയം അടച്ചുവെച്ച ഒരു പുസ്‌തകമാണ്‌ മറുഗെ. അതയാള്‍ക്ക്‌ വീണ്ടും തുറക്കണം. ദരിദ്രമായിരുന്നു ആ ബാല്യം. അതുകൊണ്ട്‌ പഠിക്കാന്‍ കഴിഞ്ഞില്ല. യുവത്വത്തിലേക്ക്‌ കടന്നപ്പോഴാണ്‌ അനീതിയെ ചെറുക്കണമെന്ന ബോധം വന്നത്‌. സ്വാതന്ത്ര്യദാഹമായിരുന്നു ആ മനസ്സു നിറയെ. ഭാര്യയും രണ്ട്‌ പിഞ്ചുമക്കളും പോരാട്ടവഴിയില്‍ അയാളുടെ ചിന്തയെ അലോസരപ്പെടുത്തിയില്ല. മറുഗെയുടെ തൊട്ടടുത്തുവെച്ച്‌ മൂന്ന്‌ വെടിയുണ്ടകളില്‍ ഭാര്യയും മക്കളും നിലവിളിയായി ഒടുങ്ങി. ആ വെടിയൊച്ചകള്‍ അയാളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും തീപ്പിടിപ്പിച്ചു. വാര്‍ധക്യത്തിലെ ഏകാന്തതയില്‍ അവര്‍ എപ്പോഴും ഓര്‍മകളില്‍ അയാള്‍ക്ക്‌ കൂട്ടായെത്തി. മറുഗെയുടെ സേവനങ്ങളെ മാനിച്ച്‌ സര്‍ക്കാര്‍ ഒരു ബഹുമതിപത്രം നല്‍കിയിട്ടുണ്ട്‌. അത്‌ പക്ഷേ, അയാള്‍ക്ക്‌ വായിക്കാനറിയില്ല. അതിനുവേണ്ടിയാണ്‌ അക്ഷരം പഠിക്കണമെന്ന്‌ മറുഗെ തീരുമാനിക്കുന്നത്‌.

പഴയകാലത്തിന്റെ പ്രതിനിധിയാണ്‌ മറുഗെ. സമരനാളുകളിലെ കെനിയന്‍ പ്രതിനിധി. ഒന്നും മറക്കാനുള്ളതല്ലെന്ന്‌ ഓര്‍മപ്പെടുത്തുകയാണയാള്‍. വിദ്യാര്‍ഥിയായിരിക്കെത്തന്നെ അയാള്‍ സ്വയം അധ്യാപകനുമായി മാറുന്നു. മാറ്റത്തിനുവേണ്ടിയാണ്‌ മറുഗെ നിലകൊള്ളുന്നത്‌. അച്ചടക്കത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ അയാള്‍ കുട്ടികളെയും അധ്യാപകരെയും പഠിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെയും അതിന്റെ വിലയെയും കുറിച്ച്‌ ഭരണകര്‍ത്താക്കളെത്തന്നെ ഓര്‍മപ്പെടുത്തുന്നു. അഞ്ച്‌ എന്ന അക്കം തിരിച്ചിട്ട്‌ എഴുതുന്ന പയ്യന്‌ അയാള്‍ പകര്‍ന്നുകൊടുക്കുന്നത്‌ ഒന്നും അപ്രാപ്യമല്ല എന്ന പാഠബോധമാണ്‌.

ഒരു പ്രാഥമിക വിദ്യാലയം. അവിടത്തെ ക്ലാസ്‌ മുറി. മുറ്റം. കളിക്കളം. ഇവയെല്ലാം ഒരു ദേശത്തിന്റെ കഥ പറയാനുള്ള പശ്ചാത്തലമായി മാറുകയാണ്‌. മറുഗെക്ക്‌ രണ്ട്‌ ജീവിതമുണ്ട്‌. ഒന്ന്‌, വിപ്ലവകാരിയുടെ യൗവനകാലം. മറ്റൊന്ന്‌, ഏകാന്തതയുടെ വാര്‍ധക്യം. ഈ രണ്ട്‌ ജീവിതവും തമ്മിലുള്ള ബന്ധിപ്പിക്കലാണ്‌ സംവിധായകന്‍ നിര്‍വഹിക്കുന്നത്‌. മറുഗെയുടെ വിപ്ലവജീവിതം ഒറ്റയടിക്ക്‌ പറഞ്ഞുപോവുകയല്ല. ഫ്‌ളാഷ്‌ ബാക്കിന്റെ ഫലപ്രദമായ ഉപയോഗമാണ്‌ ഈ ചിത്രം കാട്ടിത്തരുന്നത്‌. ഓരോ ഫ്‌ളാഷ്‌ബാക്കിനും കൃത്യമായ ഇടവേളയുണ്ട്‌. അതിലൂടെ നമ്മളെ മറുഗെയുടെ ഭൂതകാലത്തിലേക്ക്‌ എത്തിക്കുകയാണ്‌. എല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ ആ വ്യക്തിത്വം സ്‌ക്രീനാകെ നിറയുന്നു. വ്യക്ത്യാധിഷ്‌ഠിത സിനിമയുടെ ആഖ്യാനം ഇങ്ങനെയാണ്‌ വേണ്ടത്‌ എന്ന്‌ നമുക്ക്‌ തോന്നിപ്പോകുന്നു. അത്രക്ക്‌ കണിശമായാണ്‌ സംവിധായകന്‍ മറുഗെയെ പിന്തുടരുന്നത്‌. ചെത്തി കൂര്‍പ്പിച്ച പെന്‍സില്‍ മറുഗെയുടെ ചെവിയില്‍ കുത്തിക്കയറ്റുമ്പോള്‍ വേദന അനുഭവിക്കുന്നത്‌ നമ്മളാണ്‌. മൂന്നു വെടിയൊച്ചകള്‍ ഞെട്ടലോടെയാണ്‌ നമ്മള്‍ കേള്‍ക്കുന്നത്‌.
ഓരോ ഫ്‌ളാഷ്‌ബാക്കില്‍നിന്നും നമ്മള്‍ തിരിച്ചെത്തുമ്പോള്‍ മറുഗെയുടെ വ്യക്തിത്വം കൂടുതല്‍ തിളക്കമാര്‍ന്നുവരുന്നു. ക്ഷയിച്ചതെങ്കിലും തീക്ഷ്‌ണമാണ്‌ ആ കണ്ണുകള്‍. ക്ലോസപ്പുകളില്‍ അവ വാചാലമാണ്‌. ഓര്‍മയിലേക്കുള്ള ഓരോ തിരിച്ചുപോക്കും അയാള്‍ക്ക്‌ വേദനയുണ്ടാക്കുന്നു. ആ തീവ്രവേദന കണ്ണുകളില്‍ വായിച്ചെടുക്കാം. ഒരു നടന്റെ മുഖം എങ്ങനെ സിനിമയ്‌ക്ക്‌ പരമാവധി പ്രയോജനപ്പെടുത്താം എന്ന്‌ കാട്ടിത്തരികയാണ്‌ സംവിധായകന്‍. അറുപത്തിരണ്ടുകാരനായ നടന്‍ ഒളിവര്‍ ലിറ്റോന്‍ഡോ ആണ്‌ മറുഗെയെ അവതരിപ്പിക്കുന്നത്‌.

മറുഗെയും അധ്യാപിക ജെയ്‌നും. ഈ രണ്ടു കഥാപാത്രങ്ങളാണ്‌ `ദ ഫസ്റ്റ്‌ ഗ്രേഡര്‍' എന്ന സിനിമയുടെ ശക്തി. മറുഗെയുടെ വാര്‍ധക്യജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്‌ ജെയ്‌ന്‍. അവരാണ്‌ മറുഗെയുടെ അസാധാരണ വ്യക്തിത്വം ആദ്യം മനസ്സിലാക്കുന്നത്‌. എപ്പോഴും അയാള്‍ക്കുവേണ്ടി ജെയ്‌ന്‍ വാദിക്കുന്നു. ഏത്‌ പ്രതികൂലാവസ്ഥയിലും അയാള്‍ക്കൊപ്പം നില്‍ക്കുന്നു.

കെനിയന്‍ ജനതയുടെ സ്വാഭിമാനബോധമാണ്‌ സംവിധായകന്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. അതേപ്പറ്റി പ്രസംഗിക്കുന്നില്ല ഈ സിനിമ. പക്ഷേ, പ്രസംഗത്തേക്കാള്‍ ശക്തമാണ്‌ ഇതിലെ സന്ദേശം. അത്‌ നമുക്ക്‌ എളുപ്പം വായിച്ചെടുക്കാനാവും. അവിടെയാണ്‌ ഈ സിനിമയുടെ വിജയം.