Tuesday, May 28, 2013

അത്‌ലറ്റും കൊള്ളക്കാരനും

ദേശീയ ചാമ്പ്യനായ ഒരു കായികതാരം
സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ 
കൊള്ളക്കാരനായി മാറിയ കഥയാണ് 
മികച്ച ചിത്രത്തിനുള്ള
 ദേശീയ അവാര്‍ഡ് നേടിയ 
' പാന്‍സിങ് തോമര്‍ ' 
എന്ന ഹിന്ദി സിനിമ പറയുന്നത്.


ചമ്പല്‍ താഴ്‌വരയിലെ ഓരോ കൊള്ളക്കാരനും സാമൂഹിക അനീതിയുടെ കയ്പുള്ള ജീവിത പശ്ചാത്തലമുണ്ട്. ആരും സ്വമേധയാ കൊള്ളക്കൂട്ടത്തില്‍ ചെന്നുചേരുന്നതല്ല. അവിടേക്ക് എത്തിപ്പെടുന്നതാണ്. നീതിനിഷേധത്തിന്റെ ക്രൂരമായ സാഹചര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി സമൂഹത്തെ ചോദ്യം ചെയ്യുന്നു എന്നതാണ് ' പാന്‍ സിങ് തോമര്‍ ' എന്ന ഹിന്ദി സിനിമയുടെ സവിശേഷത. കൊള്ളക്കൂട്ടങ്ങളുടെ കഥ പറയുന്ന ' ഷോലെ ' പോലുള്ള മുന്‍ മാതൃകകളെ പാടെ നിരാകരിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
           സംവിധായകന്‍ തിമാന്‍ശു ധൂലിയയുടെ മനസ്സില്‍ പാന്‍സിങ് തോമറിന്റെ ജീവിതകഥ പതിഞ്ഞത് 1991 ലാണ്. ഏഴ് തവണ ദേശീയ ചാമ്പ്യനായ , സൈനികനായ ഒരു കായികതാരം ചമ്പലിന്റെ മണ്ണില്‍ തോക്കേന്താനിടയായ സാഹചര്യം തിമാന്‍ശുവിനെ ആകര്‍ഷിച്ചിരുന്നു. തന്റെ ആദ്യ ഫീച്ചര്‍ സിനിമ പാന്‍സിങ്ങിന്റെ ജീവിതകഥയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പക്ഷേ, സിനിമയായില്ല. ആറേഴ് വര്‍ഷം അന്വഷണങ്ങള്‍ക്കായി ചെലവഴിച്ചു. ഒടുവില്‍, അഞ്ചാമത്തെ ചിത്രമായാണ് പാന്‍ സിങ് പുറത്തുവന്നത്.ചമ്പലില്‍ത്തന്നെയായിരുന്നു ഷൂട്ടിങ്.ഏതാണ്ട് ഒന്നര വര്‍ഷമെടുത്തു ഷൂട്ടിങ് പൂര്‍ത്തിയാവാന്‍. നാലരക്കോടി രൂപ മുടക്കിയാണ് ' പാന്‍സിങ് ' നിര്‍മിച്ചത്. ഇതുവരെ 20 കോടി രൂപ വരുമാനം കിട്ടിക്കഴിഞ്ഞു. 2012 ആഗസ്തില്‍ ചിത്രം തയ്യാറായെങ്കിലും പെട്ടെന്ന് റിലീസ് ചെയ്തില്ല. ലണ്ടന്‍, ന്യൂയോര്‍ക്ക് , അബുദാബി ചലച്ചിത്രമേളകളില്‍ ആദ്യം കാണിച്ചു. അതിനുശേഷമേ റിലീസ് ചെയ്തുള്ളു. 2012 ലെ മികച്ച ചിത്രം, നടന്‍ , സംവിധായകന്‍ എന്നിവക്കുള്ള ദേശീയ അവാര്‍ഡ് ' പാന്‍സിങ് തോമറിനാ ' ണ് ലഭിച്ചത്.
     അലഹാബാദുകാരനായ തിമാന്‍ശു ധൂലിയ എന്ന നാല്പത്തിയഞ്ചുകാരന്‍ ആറ് ഫീച്ചര്‍ സിനിമകളാണ് സംവിധാനം ചെയ്തത്. ക്യാമ്പസ് രാഷ്ട്രീയം ഇതിവൃത്തമാക്കിയ ' ഹാസില്‍ ' ആണ് ആദ്യചിത്രം (2003 ). തുടര്‍ന്ന് , ചരസ്, ഷാഗിര്‍ദ്, സാഹബ് ബീബീ ഔര്‍ ഗാങ്സ്റ്റര്‍, പാന്‍ സിങ് തോമര്‍, സാഹബ് ബീബി ഔര്‍ ഗാങ്സ്റ്റര്‍ റിട്ടേണ്‍സ് എന്നിവ പുറത്തുവന്നു.നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിച്ചിട്ടുണ്ട് ധൂലിയ. നടനായാണ് സിനിമയില്‍ തുടക്കം. പിന്നീട് തിരക്കഥാകൃത്തായി. സംവിധായകനായി പേരെടുത്തതോടെ അഭിനയം നിര്‍ത്തി. സഞ്ജയ് ചൗഹാനുമൊത്താണ് തിമാന്‍ശു പാന്‍ സിങ്ങിന്റെ തിരക്കഥ തയാറാക്കിയത്.
 
  പാന്‍സിങ്ങ് എന്ന സൈനികനില്‍ നിന്നാണ് സിനിമയുടെ തുടക്കം. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ബിധോസയാണ് പാന്‍സിങ്ങിന്റെ ജന്മദേശം. തനി ഗ്രാമീണന്‍. നാലാം തരം വരെയേ പഠിച്ചിട്ടുള്ളു. പുസ്തകങ്ങളില്‍ നിന്നല്ല, ജീവിതത്തില്‍ നിന്നാണയാള്‍ എല്ലാം പഠിച്ചത്. കൃഷിയായിരുന്നു പ്രധാന വരുമാനമാര്‍ഗം. നല്ല ഓട്ടക്കാരനാണ് പാന്‍സിങ്. എത്ര ഓടിയാലും കിതക്കില്ല. ഇനിയും ഓടണോ എന്ന മട്ടില്‍ ട്രാക്കില്‍ത്തന്നെ നില്‍ക്കും.     നല്ല വിശപ്പാണ് അയാള്‍ക്ക്. സാധാരണ പട്ടാളക്കാരന് കിട്ടുന്ന റേഷന്‍ പാന്‍സിങ്ങിന് മതിയാവില്ല. സ്‌പോര്‍ട്‌സില്‍ ചേര്‍ന്നാല്‍ ഇഷ്ടം പോലെ ഭക്ഷണം കിട്ടുമെന്നയാള്‍ മനസ്സിലാക്കി. ആദ്യം 5000 മീറ്റര്‍ ഓട്ടത്തിനാണ് ഇറങ്ങിയത്. ഒരു സര്‍ദാര്‍ജിയാണ് കോച്ച്. പാന്‍സിങ്ങിന്റെ കഴിവ് കണ്ട് അയാള്‍ അമ്പരന്നു. പക്ഷേ, ഇവന്‍ ഓടിയാല്‍ തന്റെ മകളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന്റെ സഹോദരനായ ഓട്ടക്കാരന്റെ ചാന്‍സ് പോകും എന്നയാള്‍ ശങ്കിച്ചു. . അങ്ങനെ, കോച്ചിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാന്‍സിങ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ പരിശീലനം നേടുന്നു. 1950 കളിലും 60 കളിലും ഏഴ് തവണ അയാള്‍ ദേശീയ ചാമ്പ്യനായി. ഒമ്പത് മിനിറ്റും നാല് സെക്കന്റുമായിരുന്നു പാന്‍സിങ്ങിന്റെ സമയം. പത്തു വര്‍ഷത്തേക്ക് മറ്റാര്‍ക്കും ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. 1958 ലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തെങ്കിലും രണ്ടാം സ്ഥാനത്തായിപ്പോയി.
   കളിക്കളത്തില്‍ പെരുമ നേടുമ്പോഴും തന്റെ ഗ്രാമത്തില്‍ അയാളുടെ കുടുംബം സുരക്ഷിതമായിരുന്നില്ല. ബന്ധുകൂടിയായ ഭര്‍വിന്ദര്‍ അവരെ ദ്രോഹിച്ചു. പാന്‍സിങ്ങിന്റെ ഭൂമി പോലും വ്യാജപ്പേരില്‍ തട്ടാന്‍ ഭര്‍വിന്ദര്‍ ശ്രമിച്ചു. ഒരുപാട് അംഗങ്ങളുള്ള കുടുംബമാണ് ഭര്‍വിന്ദറിന്റേത്. ' ഞങ്ങളുടെ മൂത്രത്തില്‍ ഒലിച്ചുപോവാനേയുള്ളു നിങ്ങളൊക്കെ ' എന്നാണയാള്‍ അഹങ്കാരത്തോടെ പാന്‍സിങ്ങിനോട് പറയുന്നത്. മകന്‍ സൈന്യത്തിലെത്തിയ സന്തോഷത്തില്‍ നേരത്തേ റിട്ടയര്‍മെന്റ് വാങ്ങി പാന്‍സിങ് ഗ്രാമത്തിലേക്ക് മടങ്ങുന്നു. പക്ഷേ, സ്വസ്ഥമായ ഒരു കുടുംബജീവിതം അയാള്‍ക്ക് കിട്ടുന്നില്ല.ഭര്‍വിന്ദറിന്റെ അതിക്രമങ്ങള്‍വര്‍ധിച്ചുവന്നു. പോലീസില്‍ നിന്ന് നീതി കിട്ടാതെ വന്നപ്പോള്‍ പാന്‍സിങ് തന്റെ അമ്മാവന്റെ പാത പിന്തുടരുന്നു. ചമ്പലിലെ വലിയൊരു കൊള്ളക്കൂട്ടത്തിന്റെ നായകനായി മാറുന്ന പാന്‍സിങ് ഭര്‍വിന്ദറിനെത്തന്നെ ആദ്യം ഇരയാക്കുന്നു. ചമ്പലിലെത്തുന്ന ഏതൊരു കൊള്ളക്കാരന്റെയും അന്ത്യവിധി അയാളും ഏറ്റുവാങ്ങുന്നു.
         1981 ഒക്ടോബര്‍ ഒന്നിന് ചമ്പലില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പാന്‍ സിങ് തോമര്‍ എന്ന മുന്‍ അത്‌ലറ്റിന്റെ ജീവിതകഥ സത്യസന്ധമായി പറയാനാണ് തിമാന്‍ശു ശ്രമിച്ചിരിക്കുന്നത്. സിനിമയിലെ സംഭവങ്ങള്‍ 85 ശതമാനവും സത്യമാണെന്ന് പാന്‍സിങ്ങിന്റെ മകന്‍ റിട്ട.സുബേദാര്‍ സൗരംസിങ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷക്കായി പട്ടാളത്തില്‍ ചേര്‍ന്ന പാന്‍സിങ്ങിന്റെ കുടുംബം നാട്ടില്‍ തികച്ചും അരക്ഷിതരായിരുന്നു എന്ന വൈരുധ്യമാണ് തിമാന്‍ശു എടുത്തുകാട്ടുന്നത്. ശത്രുവിനെ അതിര്‍ത്തിയില്‍ പ്രതിരോധിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനാവാത്ത നിസ്സഹായാവസ്ഥ. അത്‌ലറ്റായിരുന്നപ്പോള്‍ കിട്ടാതിരുന്ന പബ്‌ളിസിറ്റി കൊള്ളക്കാരനായപ്പോള്‍ പാന്‍സിങ്ങിന് കിട്ടുന്നതിലെ ദു:ഖകരമായ അവസ്ഥയും സംവിധായകന്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗത്തിന് പാന്‍സിങ് ആരാധ്യനായിരുന്നു. കഷ്ടപ്പെടുന്നവരുടെ നേരെ അയാളുടെ തോക്ക് ഒരിക്കലും ഉയര്‍ന്നിട്ടില്ല.
    തന്റെ അമ്മാവനോ താനോ കൊള്ളക്കാരനല്ല എന്നാണ് പാന്‍സിങ് ഉറച്ചു വിശ്വസിച്ചിരുന്നത്. നീതിനിഷേധത്തിന്റെ പേരില്‍ വിമതരോ നിയമനിഷേധികളോ ആയിപ്പോയവരാണ് തങ്ങള്‍. ഈയൊരു വിശ്വാസധാരയിലൂടെയാണ് സംവിധായകന്‍ തന്റെ ചിത്രം കൊണ്ടുപോകുന്നത്.
    സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മൂന്നു പതിറ്റാണ്ടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പാന്‍സിങ് സൈന്യത്തില്‍ എത്തിച്ചേര്‍ന്ന 1950 മുതല്‍ 81 വരെ നീളുന്ന കാലം. ഗ്രാമീണന്‍, സൈനികന്‍, കരുത്തുറ്റ കായികതാരം, കൊള്ളത്തലവന്‍ - ഈ നാല് ഘട്ടങ്ങളിലൂടെയാണ് പാന്‍സിങ്ങിനൊപ്പം പ്രേക്ഷകന്‍ യാത്ര ചെയ്യുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് രാജ്യത്തിന് പെരുമയുണ്ടാക്കിക്കൊടുത്ത സാധാരണക്കാരായ ചില അത്‌ലറ്റുകളെ ഓര്‍മിപ്പിക്കുന്നുണ്ട് പാന്‍സിങ്. ആരാലും ശ്രദ്ധിക്കപ്പെടാതെ, ദാരിദ്ര്യത്തിലും അവഗണനയിലും ഞെരിഞ്ഞമര്‍ന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോയ പ്രശസ്തരായ ഏതാനും അത്‌ലറ്റുകള്‍ക്കാണ് തിമാന്‍ശു ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ നീതിബോധം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍       പാന്‍സിങ് നിയമനി ഷേധിയായി മാറില്ലായിരുന്നുവെന്നാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. അത് പ്രേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ കഥാപാത്രനിര്‍മിതി നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
    രണ്ട് വിതഘട്ടങ്ങളിലൂടെയാണ് ഇതിലെ നായകന്‍ കടന്നുപോകുന്നത്. പേരെടുത്ത കായികതാരത്തിന്റെയും കുപ്രസിദ്ധി നേടിയ കൊള്ളക്കാരന്റേതുമാണ് ഈ ഘട്ടങ്ങള്‍. ജീവിതം മുഴുവന്‍ താന്‍ ഓടുകയായിരുന്നെന്ന് പാന്‍സിങ് സങ്കടപ്പെടുന്നുണ്ട്. രാജ്യത്തിനുവേണ്ടിയും കുടുംബത്തിനു വേണ്ടിയുമായിരുന്നു ഈ ഓട്ടമത്രയും. തന്റെ ജീവിതത്തെ വെല്ലുവിളി നിറഞ്ഞ ഓട്ടമത്സരമായാണ് പാന്‍സിങ് കണ്ടിരുന്നത്. ഒരുപാട് തടസ്സങ്ങള്‍ ഉയര്‍ത്തിക്കെട്ടിയ മത്സരം. പക്ഷേ, അവസാനത്തെ ഹര്‍ഡില്‍ അയാള്‍ക്ക് ചാടിക്കടക്കാനായില്ല. ചക്രവാളത്തില്‍ തന്റെ ജീവിതത്തിന്റെ ഫിനിഷിങ് പോയന്റ് അയാള്‍ കാണുന്നു. ഏതൊരുഅത്‌ലറ്റിനെയുംപോലെ , തുടങ്ങിയ മത്സരം അയാള്‍ക്ക് പൂര്‍ത്തിയാക്കിയേ മതിയാവൂ. അവസാനത്തെ തുള്ളി ആവേശവും കാലുകളിലേക്ക് ആവാഹിച്ചാണ് അയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷേ, അയാളിലെ ഭ്രാന്തമായ വേഗത്തെ കീഴ്‌പ്പെടുത്തുന്നു പോലീസിന്റെ വെടിയുണ്ടകള്‍. സിനിമയിലെ അവസാനരംഗങ്ങള്‍ മാത്രം മതി സംവിധാനത്തിന്റെ മികവ് ബോധ്യപ്പെടാന്‍.
      ഓട്ടത്തോടും കായികക്ഷമതയോടുമുള്ള അഭിനിവേശം മരണത്തിനു തൊട്ടുമുമ്പുപോലും പാന്‍സിങ്ങില്‍ ഊര്‍ജദായനിയായി വര്‍ത്തിക്കുന്നുണ്ട്. എതിരാളിയെ വേട്ടയാടുമ്പോഴും ഓടാന്‍ കിട്ടുന്ന അപൂര്‍വാവസരം അയാള്‍ ആസ്വദിക്കുന്നു. ജീവനുവേണ്ടി കെഞ്ചി ഭര്‍വിന്ദര്‍ ഗ്രാമത്തിലൂടെ ഓടുമ്പോള്‍ ഒരു അത്‌ലറ്റിന്റെ വാശിയോടെ അയാളെ ഓടിത്തോല്പ്പിക്കുന്നു പാന്‍സിങ്. അവസാനരംഗത്ത് കാണുന്ന കനാലിന്റെ ദൃശ്യം ഓട്ടക്കാരെ കാത്തുനില്‍ക്കുന്ന ട്രാക്കിനെ ഓര്‍മിപ്പിക്കുന്നു.
   ആദ്യഘട്ടത്തില്‍ കളിക്കളത്തിലാണ് വെടിയൊച്ച മുഴങ്ങുന്നത്. പിന്നീട്, ചമ്പലില്‍നിന്നും അതേ വെടിമുഴക്കം നമ്മള്‍ കേള്‍ക്കുന്നു. ഒരു അത്‌ലറ്റിന്റെ ജീവിതപരിണാമത്തെയാണ് സംവിധായകന്‍ ഈ വെടിമുഴക്കങ്ങളിലൂടെ കൃത്യമായി ആവിഷ്‌കരിക്കുന്നത്.
       ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിലും പാന്‍സിങ്ങിലെ അത്‌ലറ്റിനെയാണ് തിമാന്‍ശു ഉയര്‍ത്തിക്കാട്ടുന്നത്. കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പാന്‍സിങ്ങിന്റെ സുവര്‍ണകാലത്തെ ഓര്‍മയില്‍നിന്ന് തിരിച്ചു കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഒരു കൊള്ളക്കാരന്റെയല്ല, അത്‌ലറ്റിന്റെ അന്ത്യമാണ് പാന്‍സിങ്ങിന്റെ മരണത്തിലൂടെ സംഭവിക്കുന്നതെന്ന് തിമാന്‍ശു രേഖപ്പെടുത്തുന്നു. പഴയ ദൃശ്യങ്ങളെ കൃത്യമായി ചേര്‍ത്തുവെച്ചാണ് അദ്ദേഹം ഇത് സാധിച്ചെടുക്കുന്നത്. അവസാന നിമിഷങ്ങളിലും പാന്‍സിങ്ങിനെ കായികതാരമായേ നമുക്ക് കാണാനാവൂ.
     മികച്ച നടനുള്ള അംഗീകാരത്തിന് ഇര്‍ഫാന്‍ ഖാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ഇന്ത്യയില്‍ ഇന്നുള്ള മികച്ച നടന്മാരുടെ കൂട്ടത്തില്‍ ഒരു പടി മുന്നില്‍ കടന്നിരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന് പാന്‍സിങ്ങിന് ഭാവം പകര്‍ന്ന ഇര്‍ഫാന്‍ ഖാന്‍ തെളിയിക്കുന്നു. അത്‌ലറ്റിന്റെയും കൊള്ളക്കാരന്റെയും ശരീരഭാഷയും പെരുമാറ്റവും സംസാരരീതിയുമൊക്കെ സൂക്ഷ്മതയോടെ, എന്നാല്‍ അനായാസമായി, പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.