Sunday, February 28, 2010
അകല്‍ച്ചയുടെ കഥകള്‍
(പ്രശസ്‌ത തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെലാന്റെ ഡിസ്റ്റന്റ്, ക്ലൈമെറ്റ്‌സ് എന്നീ സിനിമകളെക്കുറിച്ച്)
തുര്‍ക്കിയിലെ നവസിനിമാ പ്രസ്ഥാനക്കാരില്‍ പ്രമുഖ സ്ഥാനമുണ്ട് നൂറി ബില്‍ജി സെലാന്. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ഫീച്ചര്‍ ചിത്രങ്ങളാണ് സെലാന്‍ സംവിധാനം ചെയ്‌തത്. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടവ. ഒട്ടേറെ അവാര്‍ഡുകള്‍ ഈ സിനിമ നേടിയെടുത്തിട്ടുണ്ട്.
1997-ല്‍ കസബ എന്ന ചിത്രത്തോടെയാണ് ഈ ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ ചലച്ചിത്രജീവിതം തുടങ്ങുന്നത്.( 1999-ല്‍ ക്ലൗഡ്‌സ് ഓഫ് മെയ്, 2003-ല്‍ ഡിസ്റ്റന്റ്, 2006-ല്‍ ക്ലൈമെറ്റ്‌സ്, 2008-ല്‍ ത്രീ മങ്കീസ് എന്നിവയും പുറത്തുവന്നു.)
നഗര-ഗ്രാമങ്ങള്‍ തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്റെയും പ്രകൃതിയോടുള്ള ഇഴുകിച്ചേരലിന്റെയും വ്യക്തിബന്ധങ്ങളുടെയും കഥകള്‍ പറയാനാണ് സെലാന് കൂടുതല്‍ ഇഷ്ടം. പ്രകൃതി സെലാന്റെ ചിത്രങ്ങളില്‍ ജീവസുറ്റ പശ്ചാത്തലമാണ്. പ്രകൃതിയുടെ ഈ സാന്നിധ്യം ആത്മസംഘര്‍ഷമനുഭവിക്കുന്ന കഥാപാത്രങ്ങളെ സാന്ത്വനിപ്പിക്കുന്ന ഘടകമായി മാറുന്നു.
അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ് സെലാന്‍. തന്റെ മിക്ക ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സെലാന്‍ തന്നെയാണ്. ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി ഇദ്ദേഹം സ്വയം നിര്‍മിക്കുന്നു. ചിലപ്പോള്‍ അഭിനയിക്കുന്നു. ഭാര്യയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കളാണ്.
വ്യക്തികള്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും കാവ്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള ചിത്രങ്ങളാണ് ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. ഇതുവരെ ഇറങ്ങിയിട്ടുള്ള തുര്‍ക്കി സിനിമകളില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നായാണ് നിരൂപകര്‍ ഡിസ്റ്റന്റിനെ വിലയിരുത്തുന്നത്. 2003 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രി നേടിയ ചിത്രമാണിത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനും മത്സരിച്ചിട്ടുണ്ട്. ആകാശത്ത് ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ് ഓരോബന്ധവും എന്ന് സെലാന്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നു. സെലാന്റെ ആത്മാംശം കലര്‍ന്നിട്ടുള്ള ഡിസ്റ്റന്റിലെയും ക്ലൈമെറ്റ്‌സിലെയും കഥാപാത്രങ്ങള്‍ക്കും സാമ്യമുണ്ട്.
ഏകാന്തമായ രഹസ്യജീവിതം ആഗ്രഹിക്കുന്ന ഒരു കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫറുടെ സ്വകാര്യതയിലേക്ക് മറ്റൊരാള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ് ഡിസ്‌റ്റന്റിന്റെ പ്രമേയം. ഇസ്‌താംബൂളിലെ ഒരു മഞ്ഞുകാലമാണ് പശ്ചാത്തലത്തില്‍. ഫോട്ടോഗ്രാഫര്‍ മഹമൂദിന്റെ കസിനായ യൂസഫ് ആണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നത്. ഗ്രാമത്തില്‍ നിന്നാണ് യൂസഫിന്റെ വരവ്. സാമ്പത്തിക മാന്ദ്യം കാരണം അയാളെ ഫാക്ടറിയില്‍ നിന്ന് പിരിച്ചുവിട്ടതാണ്. മഹമൂദിന്റെ അടുത്തുതങ്ങി എന്തെങ്കിലും ജോലി തരപ്പെടുത്തണം. യൂസഫ് നിത്യവും കപ്പല്‍കമ്പനികള്‍ കയറിയിറങ്ങുകയാണ്. സമുദ്രസഞ്ചാരികളുടെ സ്വപ്‌നലോകത്താണ് അയാള്‍. ഇസ്‌താംബൂള്‍ നഗരവും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുകയാണ്. യൂസഫിന് ഒരിടത്തും ജോലികിട്ടുന്നില്ല. നീരസത്തോടെയാണ് യൂസഫിന്റെ നഗരപ്രവേശത്തെ മഹമൂദ് എതിരേല്‍ക്കുന്നത്. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും അയാളത് പ്രകടിപ്പിക്കുന്നു. യൂസഫിന്റെ ഓരോ നടപടിയും തന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയാണെന്ന് അയാള്‍ക്ക് തോന്നുന്നു. കാണാതെ പോയ വാച്ചിന്റെ പേരില്‍ യൂസഫിനെ മഹമൂദ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാവുകയാണ്. ചെറിയ സംഭവങ്ങളിലൂടെ അതിസൂക്ഷ്‌മമായാണ് രണ്ടുകഥാപാത്രങ്ങളെയും സെലാന്‍ പിന്തുടരുന്നത്. നാഗരികതയോട് ഇണങ്ങാന്‍ വിമ്മിട്ടപ്പെടുന്ന ഗ്രാമീണന്റെ നിസ്സഹായതയും ഈ ചിത്രത്തില്‍ സെലാന്‍ അടയാളപ്പെടുത്തുന്നുണ്ട്.
സര്‍വകലാശാല അധ്യാപകനായ ഈസയും ടി.വി.പരമ്പരയില്‍ കലാസംവിധാനമൊരുക്കുന്ന കാമുകി ബ്രഹാറും തമ്മിലുള്ള വേര്‍പിരിയലിന്റെ കഥയാണ് ക്ലൈമെറ്റ്‌സ്. ഫോട്ടോഗ്രാഫ്രര്‍ കൂടിയാണ് ഈസ. പ്രായം കൊണ്ട് ഇരുവരും തമ്മില്‍ വലിയ അന്തരമുണ്ട്. ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ കണ്ടെത്തുന്ന ന്യായം ഇതാണ്. വഴക്കടിച്ച് അകലാന്‍ തീരുമാനിച്ചിട്ടും ഇരുവര്‍ക്കുമിടയില്‍ എവിടെയോ ഒരാകര്‍ഷകത്വം, ഒരിഷ്ടം ബാക്കിനിന്നിരുന്നു. പരസ്‌പരം അവര്‍ക്കതറിയാമായിരുന്നു. പക്ഷേ, വേണ്ട സന്ദര്‍ഭത്തില്‍ അവര്‍ക്കത് വ്യക്തമായി പ്രകടിപ്പിക്കാനാകുന്നില്ല. കലാകാരന്മാരുടെ ഈഗോയുടെ കെണിയില്‍ അവര്‍ വീണുപോകുന്നു. ഒരുവേനല്‍ക്കാലത്ത് തുടങ്ങുന്ന സിനിമ മനസിനെ മരവിപ്പിക്കുന്ന മഞ്ഞുകാലത്ത് അവസാനിക്കുന്നു. കലഹിച്ച് പ്രണയത്തിന്റെ പാതിവഴിയില്‍ അവര്‍ അകലുകയാണ്.
നൂറി ബില്‍ജി സെലാന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവം നന്നായി വ്യക്തമാക്കുന്നവയാണ് ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. നീണ്ട ഷോട്ടുകള്‍, വളരെക്കുറച്ച് സംഭാഷണം, മനോഹരമായ ക്ലോസ് അപ്പ് ദൃശ്യങ്ങള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മഴമേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശാലമായ ആകാശദൃശ്യങ്ങള്‍ എന്നിവയൊക്കെ സെലാന്‍ ചിത്രങ്ങളുടെ പ്രത്യേകതകളാണ്. ക്ലൈമെറ്റ്‌സില്‍ രംഗത്തിന്റെ പിരിമുറുക്കം സൂചിപ്പിക്കാന്‍ കഥാപാത്രങ്ങള്‍ സിഗററ്റുവലിക്കുന്ന ദൃശ്യം രണ്ടുതവണ അദ്ദേഹം ക്ലോസ് അപ്പില്‍ കാണിക്കുന്നു. ആഞ്ഞുവലിക്കുന്ന സിഗരറ്റിന്റെ കണ്ണ് ശീല്‍ക്കാരത്തോടെ ചുവക്കുന്ന ദൃശ്യം അതിമനോഹരമാണ്. മഞ്ഞുപൊഴിഞ്ഞുകൊണ്ടിരിക്കെ കഥാനായികയുടെ രൂപം ക്രമേണ സ്‌ക്രീനില്‍ അപ്രത്യക്ഷമാകുന്ന അവസാന രംഗത്തിനും ചാരുതയേറും. ഈ സിനിമയില്‍ നായകനായി വരുന്നത് സെലാനാണ്. നായികയായി വരുന്നത് ഭാര്യ എബ്രുവും.
സംഗീതം സിനിമയെക്കൊല്ലും എന്ന പക്ഷക്കാരനാണ് സെലാന്‍. പശ്ചാത്തല സംഗീതം പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങളാണ് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം. അകലെനിന്ന് കേള്‍ക്കുന്ന പട്ടിയുടെ കുര, ഇടിയുടെയും തുടര്‍ന്നുപെയ്യുന്ന മഴയുടെയും ശബ്ദം, വാഹനങ്ങളുടെ ഇരമ്പല്‍ എന്നിവ സെലാന്റെ ചിത്രങ്ങളില്‍ നമുക്ക് ആവര്‍ത്തിച്ചുകേള്‍ക്കാം. വേണ്ട സമയത്ത് വേണ്ടത്രശക്തിയോടെ ഈ ശബ്ദങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം മിടുക്കനാണ്.
Friday, February 5, 2010
മരണമുഖത്തേക്ക് ഒരു യാത്ര
2006 ജൂലായ് 25. ലെബനന്‍. ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുകയാണ്. സേ്ഫാടനദൃശ്യങ്ങള്‍. പരിഭ്രാന്തരായി അഭയത്തിനായി ഓടുന്ന സ്ത്രീകളും കുട്ടികളും. സ്‌ക്രീനില്‍ കരിമ്പുക നിറയുന്നു.
ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയതിന്റെ 34-ാം ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ലെബനന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. 1189 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ ഭവനരഹിതരായി. ഫിലിപ്പ് അറാക്ടിങ്ങി എന്ന ബെയ്‌റൂട്ടുകാരന്‍ സംവിധാനം ചെയ്ത 'അണ്ടര്‍ ദ ബോംബ്‌സ്' എന്ന ലെബനീസ് സിനിമ ഇവിടെ നിന്നാരംഭിക്കുന്നു.
ബോംബുകള്‍ കീറിമുറിച്ച ലെബനന്‍ മണ്ണില്‍ ചവിട്ടിനിന്നാണ് സംവിധായകന്‍ തന്റെ വേദന പകര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ പത്താം നാളിലാണ് ചോരയും വിലാപവും വറ്റാത്ത മണ്ണിലൂടെ അദ്ദേഹത്തിന്റെ ക്യാമറ സഞ്ചാരം തുടങ്ങുന്നത്. ഡോക്യുഫിക്ഷന്റെ മാതൃകയിലാണീ സിനിമ. പ്രധാന കഥാപാത്രങ്ങളാകാന്‍ മാത്രമേ സംവിധായകനു താരങ്ങളെ തേടേണ്ടിവന്നുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെ ദുരിതാനുഭവങ്ങളില്‍നിന്ന് നേരേ ഇറങ്ങിവന്നവരാണ്. ഇസ്രായേല്‍ സേന ക്രൂരമായ ബോംബിങ്ങിലൂടെ ഒരുക്കിക്കൊടുത്ത പശ്ചാത്തലം. എവിടെയും തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും. ഷൂട്ടിങ്ങിനായി സെറ്റിടേണ്ട ആവശ്യമേ വന്നില്ല.
യുദ്ധത്തിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തുന്ന ഈ ചിത്രം 2007-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശ അവാര്‍ഡ്, യുറേഷ്യ ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, ദുബായ് ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രത്തിനു നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടിയുള്ള ലെബനീസ് എന്‍ട്രിയായിരുന്നു 'അണ്ടര്‍ ദ ബോംബ്‌സ്'. 2005-ല്‍ പുറത്തിറങ്ങിയ ബോസ്ത (ഏ്ീറമ) യാണ് ഫിലിപ്പ് അറാക്ടിങ്ങിയുടെ ആദ്യ ഫീച്ചര്‍ഫിലിം. ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുസംഘം യുവകലാകാരന്മാര്‍ ഒരു പഴഞ്ചന്‍ ബസ്സില്‍ ബെയ്‌റൂട്ടിലൂടെ നടത്തുന്ന പര്യടനമാണ് 'ബോസ്ത'യുടെ ഇതിവൃത്തം. 2005-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിക്കാന്‍ ലെബനന്‍ തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.
95 മിനിറ്റ് നീണ്ട 'അണ്ടര്‍ ദ ബോംബ്‌സ്' നമുക്കു തീരെ സ്വാസ്ഥ്യം തരാത്ത സിനിമയാണ്. തെക്കന്‍ ലെബനനിലെ ഖെര്‍ബത്ത് സെലെം എന്ന ഗ്രാമത്തില്‍ അകപ്പെട്ടുപോയ സഹോദരിയെയും ആറുവയസ്സുള്ള കരീം എന്ന തന്റെ മകനെയും അന്വേഷിച്ചുപോകുന്ന സെയ്‌ന നൂറുദ്ദീന്‍ എന്ന യുവതിയുടെ യാത്രയാണ് ഇതിലെ പ്രമേയം. ദുബായില്‍നിന്ന് തുര്‍ക്കി വഴി ലെബനനിലെത്തിയതാണവള്‍. തെക്കന്‍ ലെബനനിലേക്ക് ടാക്‌സികളൊന്നും പോകുന്നില്ല. പലയിടത്തും റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. യുദ്ധം കഴിഞ്ഞെങ്കിലും ഏതു സമയത്തും വീണ്ടും പൊട്ടിപ്പുറപ്പെടാം. പരുക്കന്‍ മട്ടുകാരനായ ടോണി എന്ന ഡ്രൈവര്‍ വിലപേശി യാത്ര ഉറപ്പിക്കുന്നു. ഗ്രാമത്തിലെത്താന്‍ ചിലപ്പോള്‍ ഒരു മണിക്കൂറെടുത്തേക്കാമെന്നാണ് ടോണി ആദ്യം പറയുന്നത്. ചിലപ്പോഴത് രണ്ടുമണിക്കൂറാകാം. ഒരു ദിവസമാകാം. ചിലപ്പോള്‍ രണ്ടു ദിവസമെടുത്തേക്കാം. ഒരുപക്ഷേ, ഒരിക്കലും എത്തിയില്ലെന്നുംവരാം. ടോണിയുടെ മയമില്ലാത്ത പെരുമാറ്റം സെയ്‌നയില്‍ ആശങ്കയും അവിശ്വാസവും വളര്‍ത്തുന്നു. എന്തായാലും തനിക്ക് പോയേ പറ്റൂവെന്നവള്‍ ഉറപ്പിക്കുന്നു. ഹോങ്കോങ്ങിലുള്ള ഭര്‍ത്താവുമായി കലഹിച്ചാണ് അവള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനു ബിസിനസിനെക്കുറിച്ചാണ് ചിന്ത മുഴുവന്‍. ലെബനന്‍ കത്തുന്നതും മകന്‍ അവിടെ പെട്ടുപോയതും അയാള്‍ക്ക് വിഷയമേയല്ല.
ഇടയ്ക്ക് സെയ്‌നയെ കണ്ണെറിഞ്ഞും അവളുടെ അവസ്ഥയില്‍ പരിതപിച്ചും ചിലപ്പോഴൊക്കെ സൗമ്യമായി കലഹിച്ചും ടോണി കഠിനയാത്ര തുടരുകയാണ്. തകര്‍ന്ന റോഡുകള്‍ പലപ്പോഴും അവരുടെ യാത്ര മുടക്കുന്നു. വീണ്ടും മറ്റൊരു വഴിയിലൂടെ വളഞ്ഞുതിരിഞ്ഞ് അവര്‍ക്കു പോകേണ്ടിവരുന്നു. ഓരോ അഭയാര്‍ഥിക്യാമ്പിലും അവര്‍ കയറിയിറങ്ങുന്നു. യാത്ര പുരോഗമിക്കവെ ആദ്യത്തെ അവിശ്വാസം മാറി സെയ്‌ന ടോണിയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുന്നു. ഏതു തടസ്സവും നേരിട്ട് സെയ്‌നയുടെ മകനെ കണ്ടെത്തലാണ് തന്റെ ലക്ഷ്യമെന്ന് ടോണി വ്യക്തമാക്കുന്നു. രണ്ടു ദിവസമെടുത്തു അവരുടെ യാത്ര. ഗ്രാമത്തിലെ തങ്ങളുടെ വീട് ബോംബിങ്ങില്‍ തകര്‍ന്നതായി സെയ്‌ന കണ്ടു. സഹോദരി മരിച്ചുപോയി. മകന്‍ കരീമിനെ ഏതാനും ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വിവരം അവള്‍ക്കാശ്വാസം പകര്‍ന്നു. പക്ഷേ, ആ ആശ്വാസം ക്ഷണികമായിരുന്നു എന്നവള്‍ക്ക് ബോധ്യപ്പെടുന്നു. രക്ഷപ്പെട്ടത് സെയ്‌നയുടെ മകനായിരുന്നില്ല. പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ കണ്ണീരോടെ ടോണി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.
ബോംബുകള്‍ കൊന്നൊടുക്കിയ നിരപരാധികള്‍ക്കുവേണ്ടിയാണ് താനീ സിനിമയെടുത്തതെന്ന് ഫിലിപ്പ് അറാക്ടിങ്ങി പറയുന്നു. ചിത്രത്തിലൊരിടത്തും മൃതദേഹങ്ങള്‍ കാണിക്കുന്നില്ല അദ്ദേഹം. ലെബനന്‍കാര്‍ മൃതദേഹങ്ങള്‍ ഏറെ കണ്ടവരാണെന്നതാണ് അദ്ദേഹത്തിന്റെ ന്യായം.
യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നു ഈ ചിത്രം. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുടെ ഒരുമിച്ചുചേരലാണ് ലോകം ആഗ്രഹിക്കുന്നതെന്ന് 'അണ്ടര്‍ ദ ബോംബ്‌സ്' നമ്മളോടു പറയുന്നു. സെയ്‌നയെയും ടോണിയെയും സംവിധായകന്‍ സൃഷ്ടിച്ചത് ഈയൊരു ആഗ്രഹപൂര്‍ത്തിക്കാണ്. ചുറ്റും വെറുപ്പും പകയും പതഞ്ഞുയരുമ്പോള്‍ സംഗീതം പോലും അവിടേക്ക് കടന്നുവരാന്‍ മടിക്കുന്നെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. (തന്റെ കാറില്‍ ടോണി 'ബോണി എം' പാട്ടുകളുടെ കാസറ്റ് ഇടുമ്പോള്‍ അതില്‍നിന്നു പാട്ടല്ല മുരള്‍ച്ചയാണ് നമ്മള്‍ കേള്‍ക്കുന്നത്.)
തുടര്‍ച്ചയായുള്ള ദുരിതക്കാഴ്ചകള്‍ 42 ലക്ഷം വരുന്ന ലെബനീസ് ജനതയെ നിര്‍വികാരരാക്കി മാറ്റുകയാണ്. ''പതിനൊന്നു വയസ്സിനിടയില്‍ ഞാന്‍ രണ്ടു യുദ്ധം കണ്ടു'' എന്നു പറയുന്ന ആ പയ്യന്റെ മുഖത്തെ 'അഭിമാനം' ആരുടെ കണക്കിലാണ് നമ്മള്‍ പെടുത്തുക?
Subscribe to:
Posts (Atom)