ഇന്ത്യയിലെ ഒരു തടവറ. അവിടത്തെ അന്തേവാസികള്‍ പരസ്‌പരം ദുഃഖം പങ്കുവെക്കുകയാണ്. അതിലൊരാള്‍ പറയുന്നു: ``അതിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ ബംഗാളിയാവില്ല. അയാള്‍ ഇന്ത്യക്കാരനാവില്ല. ഞാന്‍ പാകിസ്‌താനിയുമാവില്ല. അതിര്‍ത്തി അത്രമോശപ്പെട്ട കാര്യമൊന്നുമല്ല.''
തീക്ഷ്‌ണമായ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നുമാണീ പരിഹാസവാക്കുകള്‍ പുറത്തുവരുന്നത്. രാജ്യാതിര്‍ത്തി മുറിച്ചു കടന്നതിന് പിടിക്കപ്പെട്ടവരാണ് ആ തടവുകാരില്‍ മിക്കവരും. അതിര്‍ത്തി ഏതെന്നറിയാതെ മീന്‍ പിടിച്ചതിന്, അപ്പുറത്തേക്ക് കാലെടുത്ത് വെച്ചുപോയതിന് ശിക്ഷയനുഭവിക്കുകയാണവര്‍. മോചനത്തിന്‍െറ നാള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഓരോരുത്തരും. അവരാരും അറിഞ്ഞുകൊണ്ട് കുറ്റം ചെയ്‌തവരല്ല. അതിര്‍ത്തി രേഖകളുടെ കാര്‍ക്കശ്യമെന്തെന്നറിയാതെ പോയ പാവം മനുഷ്യരാണവര്‍.
മെഹ്‌റീന്‍ ജബ്ബാര്‍ എന്ന പാക്‌വനിത സംവിധാനം ചെയ്‌ത `രാംചന്ദ് പാകിസ്‌താനി' എന്ന സിനിമ നിസ്സഹായരായ കുറെ സാധാരണക്കാരുടെ ജീവിതമാണ് വിഷയമാക്കുന്നത്. അതിര്‍ത്തിപ്രദേശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ `നിയമലംഘന'ത്തിന്‍െറ കഥ പറയുന്നു ഈ ചിത്രം. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഒരു നല്ല നാളെയെക്കുറിച്ച് ഈ ചിത്രം സ്വപ്‌നം കാണുന്നു. ഒരു പക്ഷേ, ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നം.
പാകിസ്‌താനില്‍ താര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നാണ് `രാംചന്ദ് പാകിസ്‌താനി' രൂപം കൊള്ളുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തുകിടക്കുന്നു ഈ ഗ്രാമം. ദളിതരുടെ ഗ്രാമമാണത്. പൊതുസമൂഹത്തില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട ജനത. ഗ്രാമത്തിലെ അധ്യാപകനും കൃഷിക്കാരനുമാണ് ശങ്കര്‍. ഭൂവുടമയില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ അയാള്‍ കൃഷിയിറക്കുന്നു. ഭാര്യ ചമ്പ നിരക്ഷരയാണ്. എട്ടുവയസ്സുകാരനായ മകന്‍ രാംചന്ദ് സ്‌കൂളില്‍ പോകുന്നില്ല. ആടുമേച്ചും കളിച്ചും നടക്കുകയാണവന്‍. ഒരു നാള്‍ രാവിലെ ഭക്ഷണം കഴിക്കാനിരിക്കവെ നിസ്സാര കാര്യത്തിന് അവന്‍ അമ്മയുമായി പിണങ്ങുന്നു. ഭക്ഷണം കഴിക്കാതെ, പാത്രം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് അവന്‍ വീട് വിടുന്നു. സങ്കടം പൊറുക്കാനാവാതെ അവന്‍ ഗ്രാമത്തിലൂടെ നടക്കുകയാണ്. കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വരണ്ട പ്രദേശമാണ് അവന്‍െറ മുന്നില്‍. ഒരേ ഭൂമി, ഒരേ ആകാശം. പക്ഷേ, അവിടെ വെള്ളപൂശിയ അതിര്‍ത്തിക്കല്ലുകളുണ്ടായിരുന്നു. അതവനു മനസ്സിലായില്ല. ആ പാക് പയ്യന്‍ അതിര്‍ത്തിലംഘകനാവുകയായിരുന്നു, അവനറിയാതെ. ഇന്ത്യയിലേക്കാണ് താന്‍ കടന്നതെന്ന് അവന് മനസ്സിലാവുന്നത് അതിര്‍ത്തിരക്ഷാസേനക്കാര്‍ വന്നുപിടിക്കുമ്പോഴാണ്. മകനെ അന്വേഷിച്ചെത്തിയ അച്ഛന്‍ ശങ്കറും കുടുങ്ങി. രഹസ്യങ്ങളറിയാന്‍ വിട്ട ചാരന്മാരായി അവര്‍ മുദ്രയടിക്കപ്പെട്ടു. രണ്ടുപേരുടെയും ജീവിതം തടവറയിലായി. ഒരു വിവരവും കിട്ടാതെ ചമ്പ അഞ്ചുവര്‍ഷം ഭര്‍ത്താവിനെയും മകനെയും കാത്തിരുന്നു. ആ കാത്തിരിപ്പിനിടെ അവള്‍ക്ക് അനുഭവിക്കേണ്ടിവന്ന വ്യഥകളുടെയും കഥകൂടി `രാംചന്ദ് പാകിസ്‌താനി' നമുക്ക് പറഞ്ഞു തരുന്നു. ശങ്കറിനെയും മകനെയും നിയമം ഭയപ്പെടുത്തുമ്പോള്‍ ചമ്പയെ സമൂഹം ഭയപ്പെടുത്തുന്നു. നിയമവും സമൂഹവും വരച്ചുവെച്ച അതിര്‍രേഖകളുണ്ട് അവര്‍ക്ക് മുന്നില്‍. അത് ലംഘിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. നിശ്ശബ്ദരായി, നിസ്സഹായരായി ശിക്ഷ ഏറ്റുവാങ്ങുകയാണവര്‍.
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് കഥ തുടങ്ങുന്നത്. അതിര്‍ത്തിലംഘിച്ചെത്തുന്നവരോട് രണ്ടിടത്തും കര്‍ക്കശ സമീപനമാണ് സ്വീകരിക്കുന്നത്. രാംചന്ദ് അച്ഛനോടൊപ്പം തടവില്‍ കഴിയുന്ന അഞ്ചുവര്‍ഷമാണ് സിനിമയുടെ കാലം. 2002 ല്‍ കഥ തുടങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടാകുന്ന സമാധാനചര്‍ച്ചകളും അനുരഞ്‌ജന നടപടികളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നില്ല സംവിധായിക. കിട്ടിയ അവസരം നോക്കി ഇതൊരു ഇന്ത്യാവിരുദ്ധ ചിത്രമാക്കി മാറ്റാനും അവര്‍ ശ്രമിച്ചിട്ടില്ല. ഏതൊരു അതിര്‍ത്തി പ്രദേശത്തും സംഭവിക്കാവുന്ന മനുഷ്യന്‍െറ വീഴ്‌ച എന്ന നിലയ്‌ക്കാണവര്‍ ഇതിവൃത്തം കൈകാര്യം ചെയ്‌തിരിക്കുന്നത്. നിരക്ഷതയിലും സാമൂഹിക, സാമ്പത്തികാടിമത്തത്തിലും പുതഞ്ഞു കിടക്കുന്ന തിര്‍ എന്ന പാകിസ്‌താനി ഗ്രാമം നമുക്ക് സുപരിചിതമാണ്. സമാനമുഖമുള്ള എത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു.
തടവറയില്‍ കഴിയവെ അച്ഛനും മകനുമിടയില്‍ ഗാഢബന്ധം വളര്‍ന്നുവരുന്നത് ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട് സംവിധായിക. ജീവിത പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ മകനോട് സേ്‌നഹം പ്രകടിപ്പിക്കാന്‍ മറന്നുപോയ അച്ഛനാണ് ശങ്കര്‍. പാടത്തും സ്‌കൂളിലുമായി പണിയെടുത്ത് തളരുന്ന അയാള്‍ക്ക് രാംചന്ദിനെ സ്‌കൂളിലെത്തിക്കാന്‍പോലും കഴിയുന്നില്ല. തടവറയിലെത്തുമ്പോള്‍ മകന് താങ്ങായി അച്ഛനുണ്ട് എപ്പോഴും. രാംചന്ദ് ഒഴികെ തടവറയിലുള്ളവരെല്ലാം മുതിര്‍ന്നവരാണ്. മകന്‍െറ സുരക്ഷയ്‌ക്കായി ശങ്കര്‍ നിഴല്‍പോലെ കൂടെയുണ്ട്. ഒടുവില്‍, തനിക്കു മാത്രമേ മോചനമുള്ളൂ എന്നറിയുമ്പോള്‍ രാംചന്ദ് തകര്‍ന്നുപോകുന്നു. നിയമം ആദ്യം അവനെ അമ്മയില്‍ നിന്നകറ്റി. ഇപ്പോഴിതാ അച്ഛനില്‍ നിന്നും. അവനാ സങ്കടം താങ്ങാനാവുന്നില്ല. അച്ഛനില്ലാതെ വീട്ടിലേക്കു പോകുന്നില്ലെന്ന് പറഞ്ഞു അവന്‍ പൊട്ടിക്കരയുന്നു.
2008-ല്‍ പുറത്തിറങ്ങിയ `രാംചന്ദ് പാകിസ്‌താനി' ഒട്ടേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ വിഭജനം അവശേഷിപ്പിച്ചുപോയ സാമൂഹികദുരന്തത്തെ ആധാരമാക്കി 2003-ല്‍ കറാച്ചിക്കാരി സബിഹ സുമര്‍ സംവിധാനം ചെയ്‌ത `ഖാമോഷ്‌പാനി'ക്കു ശേഷം പാകിസ്‌താനില്‍ നിന്നു വരുന്ന ശക്തമായ സിനിമയാണ് `രാംചന്ദ് പാകിസ്‌താനി'. വിഭജനകാലത്ത് ഇന്ത്യയുടെയും പാകിസ്‌താന്‍െറയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് സ്‌ത്രീകളുടെ പ്രതിനിധിയെയാണ് അയിഷ എന്ന കഥാപാത്രത്തിലൂടെ നമ്മള്‍ `ഖാമോഷ്‌പാനി'യില്‍ കണ്ടത്. ഇന്ത്യന്‍ നടി നന്ദിതാദാസാണ് `രാംചന്ദ് പാകിസ്‌താനി'യില്‍ ചമ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ആ ദളിത് സ്‌ത്രീയുടെ ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും അനായാസം അവതരിപ്പിക്കാന്‍ നന്ദിതയ്‌ക്കു കഴിഞ്ഞിട്ടുണ്ട്. (`ഖാമേഷ്‌പാനി'യില്‍ നായികയെ അവതരിപ്പിച്ചത് ഇന്ത്യന്‍ നടി കിരണ്‍ ഖേറാണ്.)
ഋത്വിക്‌ഘട്ടക്, എം.എസ്. സത്യു, ശ്യാംബെനഗല്‍, ഗോവിന്ദ് നിഹലാനി തുടങ്ങിയ ഇന്ത്യന്‍ സംവിധായകരെപ്പോലെ ഇന്ത്യാവിഭജനത്തില്‍ വേദനിക്കുന്ന സമാനഹൃദയരായ ചലച്ചിത്രകാരന്മാര്‍ പാകിസ്‌താനിലുമുണ്ടെന്ന് `ഖാമോഷ്‌പാനി'യും `രാംചന്ദ് പാകിസ്‌താനി'യും നമ്മളോട് പറയുന്നു.
എഴുത്തുകാരനും സംവിധായകനും മുന്‍ മന്ത്രിയുമായ ജാവേദ് ജബ്ബാറാണ് രാംചന്ദ് പാകിസ്‌താനിയുടെ നിര്‍മാതാവ്. അദ്ദേഹത്തിന്‍െറ മകളാണ് സംവിധായക മെഹ്‌റീന്‍. ജാവേദ് ജനിച്ചത് ചെന്നൈയിലാണ്. പിന്നീട് അദ്ദേഹത്തിന്‍െറ കുടുംബം പാകിസ്‌താനിലേക്ക് പോവുകയാണുണ്ടായത്. പാകിസ്‌താനിലെ ആദ്യത്തെ ഇംഗ്ലീഷ് സിനിമയായ `ബിയോണ്ട് ദ ലാസ്റ്റ് മൗണ്ടന്‍' (1976) സംവിധാനം ചെയ്‌തത് ജബ്ബാറാണ്. `രാംചന്ദ് പാകിസ്‌താനി'യുടെ സംഗീതം ഇന്ത്യക്കാരനായ ദേവജ്യോതിമിശ്രയുടേതാണ്.