Thursday, November 4, 2010

സിനിമ തന്നെ ജീവിതം

ഒരു സംവിധായകന്റെ ജീവിതാസക്തിയുടെ കഥ പറയുന്ന `ബ്രോക്കണ്‍ എംബ്രേസസ്‌ 'എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌

കഥപറയലാണ്‌ തന്റെ ജീവിതദൗത്യം എന്നു വിശ്വസിക്കുന്നയാളാണ്‌ പ്രശസ്‌ത സ്‌പാനിഷ്‌ സംവിധായകന്‍ പെഡ്രോ അല്‍മൊഡോവര്‍. തിരക്കഥാകൃത്തു കൂടിയാണദ്ദേഹം. അറുപതുകാരനായ അല്‍മൊഡോവര്‍ 17 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ പതിനാറിന്റെയും തിരക്കഥ സ്വന്തം തന്നെ. മരണത്തെ ഭയപ്പെടുന്ന അല്‍മൊഡോവര്‍ ഒരു ജീവിതം പോരാ എന്ന ചിന്താഗതിക്കാരനാണ്‌. സിനിമയോട്‌ കടുത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്‌. ഈ അഭിനിവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ 2009ല്‍ ഇറങ്ങിയ `ബ്രോക്കണ്‍ എംബ്രേസസ്‌ ' . ``ജീവിതത്തേക്കാളും പ്രാധാന്യമുണ്ട്‌ സിനിമയ്‌ക്ക്‌. സിനിമയോടുള്ള പ്രണയമാണ്‌ ഈ ചിത്രത്തിലൂടെ ഞാന്‍ പ്രഖ്യാപിക്കുന്നത്‌''-അല്‍മൊഡോവര്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ബ്രോക്കണ്‍ എംബ്രേസസ്‌'. ലോ ഓഫ്‌ ഡിസയര്‍ (1987), ഹൈ ഹീല്‍സ്‌ (1991), ഓള്‍ എബൗട്ട്‌ മൈ മദര്‍ (1999), ടോക്‌ ടു ഹെര്‍ (2002), ബാഡ്‌ എജുക്കേഷന്‍ (2004), വോള്‍വര്‍ (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്തിട്ടുണ്ട്‌ അല്‍ മൊഡോവര്‍. എക്കാലത്തെയും മികച്ച നൂറ്‌ സിനിമകളുടെ കൂട്ടത്തില്‍ `ടൈം' വാരിക ഉള്‍പ്പെടുത്തിയ സിനിമയാണ്‌ `ടോക്‌ ടു ഹെര്‍',
സിനിമയും ജീവിതവും കെട്ടുപിണഞ്ഞുകിടക്കുന്ന പ്രമേയമാണ്‌ `ബ്രോക്കണ്‍ എംബ്രേസസി'ലുള്ളത്‌. രണ്ടുമണിക്കൂര്‍ നീളുന്ന ഈ ചിത്രത്തില്‍ സിനിമയാണ്‌ പ്രധാന ചര്‍ച്ചാവിഷയം. കഥാപാത്രങ്ങളൊക്കെ സംസാരിക്കുന്നത്‌ സിനിമയെക്കുറിച്ചാണ്‌. ഇതിനിടയില്‍ സംവിധായകന്‍ അതിസമര്‍ഥമായി ജീവിതത്തെ സിനിമയിലേക്ക്‌ കയറ്റിവിടുന്നു. അല്‍മഡോവറിന്റെ ആത്മാംശം കലര്‍ന്ന സിനിമയാണിത്‌.

ഒറ്റജീവിതം കൊണ്ട്‌ തൃപ്‌തിപ്പെടാത്ത മത്തേയോ ബ്ലാങ്കോ എന്ന സംവിധായകന്റെ ആസക്തികളാണ്‌ ഈ ചിത്രത്തില്‍ രേഖപ്പെടുത്തുന്നത്‌. വന്‍കിട ബിസിനസ്സുകാരന്റെ വെപ്പാട്ടിയായ മഗ്‌ദലിന റിവെറോ എന്ന ലിനയില്‍ അയാള്‍ക്ക്‌ അഭിനിവേശം ജനിക്കുന്നു. ഈ യുവതിയെ അറിയപ്പെടുന്ന നടിയാക്കാനാണ്‌ അയാളുടെ ശ്രമം. ആ ശ്രമത്തിനിടയിലുണ്ടാകുന്ന നഷ്‌ടങ്ങളെയും വീണ്ടും തളിരിടുന്ന ജീവിതത്തെയും കുറിച്ചാണ്‌ അല്‍മൊഡോവര്‍ പറയുന്നത്‌.
എഴുത്തുകാരനും സംവിധായകനുമായ മത്തേയോ ബ്ലാങ്കോ, അയാളുടെ പ്രൊഡക്‌ഷന്‍ മാനേജരും തന്റേടിയുമായ ജൂഡിത്ത്‌ഗാര്‍ഷ്യ, സെ്‌പയിനിലെ വന്‍ ബിസിനസ്സുകാരനായ സിനിമാ നിര്‍മാതാവ്‌ ഏണസ്റ്റോ മാര്‍തേല്‍, അയാളുടെ മുന്‍ സെക്രട്ടറിയും വെപ്പാട്ടിയും നടിയുമായ ലിന, മത്തേയോവിനെ എഴുത്തില്‍ സഹായിക്കുന്ന ഡീഗോ എന്ന യുവാവ്‌ (ജൂഡിത്തിന്റെ മകന്‍), ഏണസ്റ്റോവിന്റെ മകനും ഡോക്യുമെന്ററി സംവിധായകനുമായ ജൂനിയര്‍ ഏണസ്റ്റോ എന്നീ ആറ്‌ പ്രധാന കഥാപാത്രങ്ങളാണിതിലുള്ളത്‌. എല്ലാവരും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. രഹസ്യങ്ങളുടെ മൗനത്തില്‍ ജീവിക്കുന്നവരാണിവര്‍. പറ്റിയ സന്ദര്‍ഭത്തില്‍ അവര്‍ മൗനത്തിന്റെ പുറംതോടുപേക്ഷിക്കുന്നു. പക്ഷേ, ഒരു വെളിപ്പെടുത്തലും ആരിലും ഞെട്ടലുളവാക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവരും അത്‌ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും ഒന്നിനും തിടുക്കം കാണിക്കുന്നില്ല. തന്നെ തകര്‍ക്കാന്‍ നിര്‍മാതാവുതന്നെ തന്റെ സിനിമ നശിപ്പിച്ചെന്ന്‌ ജൂഡിത്ത്‌ പറയുമ്പോള്‍ സംവിധായകന്‍ മത്തേയോ നിസ്സംഗനായി കേട്ടിരിക്കുന്നു. തന്റെ നിഴല്‍പോലെ കൂടെയുള്ള ഡീഗോ തന്റെ മകനാണെന്നറിയുമ്പോഴും അദ്ദേഹത്തിന്‌ ഇതേ വികാരം തന്നെ.


കാമുകിയായ നടി ലിനയുമൊത്ത്‌ കാറില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെട്ട്‌ അന്ധനാവുന്ന സംവിധായകന്‍ മത്തേയോ ആണ്‌ `ശിഥിലമായ ആലിംഗനങ്ങ'ളിലെ നായകന്‍. അപകടത്തില്‍ കാമുകി മരിക്കുന്നു. അവിടന്നങ്ങോട്ടുള്ള 14 വര്‍ഷം മത്തേയോ മറ്റൊരാളായിട്ടാണ്‌ ജീവിക്കുന്നത്‌. മത്തേയോ എഴുതാന്‍ വേണ്ടി സ്വീകരിച്ച പേരാണ്‌ ഹാരി കെയ്‌ന്‍. സംവിധായകനും എഴുത്തുകാരനും അയാളുടെ ആത്മാവിന്റെ ഭാഗമായി. സംവിധാനം ഉപക്ഷേിക്കേണ്ടിവന്നപ്പോള്‍ അയാള്‍ ദുഃഖിച്ചില്ല. തന്റെ ആത്മാവില്‍ നിന്ന്‌ സംവിധായകനെ അയാള്‍ എന്നെന്നേക്കുമായി കുടിയിറക്കി. പകരം അവിടെ എഴുത്തുകാരന്‌ മാത്രമായി സ്ഥാനം. ആസക്തികളില്‍ മുഴുകി ഹരികെയ്‌ന്‍ തിരക്കഥാകൃത്തായി ജീവിതം തുടര്‍ന്നു.
ഹാരി കെയ്‌നിന്റെ തിരക്കഥയെഴുത്തിനെ അയാളുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ തുടക്കം ശ്രദ്ധേയമാണ്‌. അയാള്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റൊന്ന്‌ എഴുതാന്‍ പോവുകയാണ്‌. നടി മര്‍ലിന്‍ മണ്‍റോയെ വിവാഹം കഴിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ മില്ലറുടെ ജീവിതമാണ്‌ ഹാരികെയ്‌ന്‍ തിരക്കഥയാക്കാന്‍ ഉദ്ദേശിക്കുന്നത്‌. മര്‍ലിന്‍ മണ്‍റോയുടെ ആത്മഹത്യയ്‌ക്കുശേഷം ആര്‍തര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകന്‍ ഡാനിയല്‍ വിരൂപനായിരുന്നു. മകനോട്‌ വെറുപ്പായിരുന്നു ആര്‍തറിന്‌. അവനെ കാണാന്‍പോലും അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. അവനെ ആര്‍തര്‍ സമൂഹത്തില്‍നിന്ന്‌ ഒളിച്ചുവെച്ചു. ഓര്‍മക്കുറിപ്പുകളില്‍പ്പോലും മകന്റെ പേര്‍ അദ്ദേഹം ഒഴിവാക്കി. പക്ഷേ, ഡാനിയല്‍ ഒരിക്കലും പിതാവിനെ വെറുത്തിരുന്നില്ല. ആ മകന്റെ സ്‌നേഹത്തെക്കുറിച്ചാണ്‌ ഹാരി കെയ്‌ന്‍ എഴുതാന്‍ മുതിരുന്നത്‌. ഹാരി കെയ്‌നിന്റെ ജീവിതവീക്ഷണമാണിവിടെ വ്യക്തമാകുന്നത്‌. പെട്ടെന്നാണ്‌ ഏണസ്റ്റോയുടെ മകന്‍ ഒരു സിനിമയുടെ കഥയുമായി അയാളെ സമീപിക്കുന്നത്‌. ഇവിടെവെച്ച്‌ അല്‍മൊഡോവര്‍ സിനിമയെ നിര്‍ണായകമായ വഴിത്തിരിവുകളിലേക്ക്‌ കൊണ്ടുപോവുകയാണ്‌. തന്നിലെ കലാകാരനെ നശിപ്പിച്ച സ്വവര്‍ഗാനുരാഗിയായ പിതാവിനെ വെറുക്കുന്ന മകന്റെ കഥയുമായാണ്‌ ജൂനിയര്‍ ഏണസ്റ്റോ എത്തുന്നത്‌. ഹാരി കെയ്‌ന്‌ ആ കഥ തീരെ പിടിക്കുന്നില്ല. ഡാനിയലിന്റെ ആര്‍ദ്ര മനസ്സിനോടായിരുന്നു അയാള്‍ക്ക്‌ താത്‌പര്യം. അതുമല്ല, ജൂനിയര്‍ ഏണസ്റ്റോയുടെ ശബ്ദം അയാളെ മറ്റെന്തൊക്കെയോ ഓര്‍മിപ്പിച്ചു. ഒരു ദാക്ഷിണ്യവും കാട്ടാതെ ഹാരികെയ്‌ന്‍ അവനെ പുറത്താക്കുന്നു. എങ്കിലും അസ്വസ്ഥകരമായ ഓര്‍മകളിലേക്കുള്ള വാതില്‍ തുറന്നിട്ടിട്ടാണ്‌ ആ ചെറുപ്പക്കാരന്‍ പോകുന്നത്‌. ശിഥിലമായ ആലിംഗനങ്ങളുടെ വര്‍ണാഭമായ തുടക്കമിവിടെയാണ്‌. ഉള്‍പ്പിരിവുകളുള്ള കഥയുടെ സഞ്ചാരഗതിക്ക്‌ ഇവിടുന്നങ്ങോട്ട്‌ ആക്കം കൂടുന്നു. 14 വര്‍ഷത്തിനുശേഷം തന്റെ സിനിമ വീണ്ടും എഡിറ്റുചെയ്‌ത്‌ റിലീസിങ്ങിനൊരുങ്ങുന്ന ഹാരികെയ്‌നിന്റെ ആഹ്ലാദ നിമിഷങ്ങളിലാണ്‌ സിനിമ അവസാനിക്കുന്നത്‌.
1992നും 2008ും ഇടയ്‌ക്കുള്ള പതിനാറ്‌ വര്‍ഷമാണ്‌ കഥയുടെ കാലപരിധി. വര്‍ത്തമാനത്തില്‍നിന്നും പഴയകാലത്തേക്കും തിരിച്ചും വളരെപ്പെട്ടെന്നാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. അല്‌പം സങ്കീര്‍ണമാണ്‌ ആഖ്യാനരീതി. എങ്കിലും പ്രമേയം പിന്തുടരാന്‍ നമുക്ക്‌ ബുദ്ധിമുട്ടില്ല. കാലവും സ്ഥലവും വ്യക്തമായി സൂചിപ്പിച്ചാണ്‌ അല്‍മൊഡോവര്‍ കഥ പറയുന്നത്‌.
സിനിമാ നിര്‍മാതാവിന്റെ വെപ്പാട്ടിയായും സംവിധായകന്റെ കാമുകിയായും വേഷമിടുന്നത്‌ പ്രശസ്‌ത സ്‌പാനിഷ്‌ നടി പെനലോപ്‌ ക്രൂസാണ്‌ . `വോള്‍വറി'ലും ഇവര്‍ തന്നെയായിരുന്നു നായിക.