മാര്‍ക്ക് ഹെര്‍മന്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. 2008ലെ ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. മേളയില്‍ മാര്‍ക്ക് ഹെര്‍മനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ കഴിയുന്ന ജൂതബാലനും തടങ്കല്‍ പാളയത്തിന്റെ ചുമതലയുള്ള നാസി കമാന്‍ഡറുടെ മകനും തമ്മിലുണ്ടാകുന്ന അപൂര്‍വസൗഹൃദം അപ്രതീക്ഷിതമായ പതനത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയ മേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്നു ഈ ചിത്രം.
രണ്ടാം ലോകമഹായുദ്ധകാലം. 1942ലെ ബര്‍ലിന്‍ നഗരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. സ്‌ക്രീന്‍ നിറയെ ചുവപ്പ്. ക്രമേണ ഈ ചുവപ്പ് സ്വസ്തിക ചിഹ്നമുള്ള നാസിപതാകയുടെ രൂപം കൈക്കൊള്ളുന്നു. നാസിഭീകരതയുടെ സൂചനനല്കുന്നതാണ് ഈ തുടക്കം. എട്ടുവയസ്സുകാരന്‍ ബ്രൂണോയും കൂട്ടുകാരും സ്‌കൂള്‍വിട്ട് തെരുവിലൂടെ ഉല്ലാസപ്പറവകളായി വീട്ടിലേക്കോടുകയാണ്.
വീട്ടിലെത്തുമ്പോഴാണ് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന വിവരം അവനറിയുന്നത്. ഒരു ദാക്ഷീണ്യവുമില്ലാത്ത നാസി ഓഫീസറാണ് ബ്രൂണോയുടെ പിതാവ് റാള്‍ഫ്. അയാള്‍ക്ക് പ്രെമോഷന്‍ കിട്ടിയിരിക്കുന്നു. അതിന്റെ ആഘോഷം നടക്കുകയാണ് വീട്ടില്‍. പ്രൊമോഷനോടെ റാള്‍ഫിന് സ്ഥലംമാറ്റവുമുണ്ട്. ഉള്‍പ്രദേശത്തെ നാസികോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലയാണയാള്‍ക്ക് ലഭിക്കുന്നത്. തന്റെ വിദ്യാലയത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നതില്‍ ബ്രൂണോ സങ്കടപ്പെടുന്നു.
പുതിയ സ്ഥലവുമായി ബ്രൂണോവിനു പൊരുത്തപ്പെടാനാവുന്നില്ല. ഒറ്റപ്പെട്ടജീവിതം. പന്ത്രണ്ടുകാരിയായ സഹോദരി ഗ്രെറ്റലും അമ്മ എല്‍സയും ഒരു സുരക്ഷാഭടനും മറിയ എന്ന വേലക്കാരിയും വൃദ്ധനായ ഒരുജൂതവേലക്കാരനും ആണ് വീട്ടിലുള്ളത്. ബ്രൂണോവിനും ഗ്രെറ്റലിനും സ്‌കൂളില്‍ പോകേണ്ട. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍വരും.
തന്റെ മുറിയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ബ്രൂണോ ആ കാഴ്ച കണ്ടു. ദൂരെ, പാടത്ത് കര്‍ഷകര്‍ പണിയെടുക്കുന്നു. അവരെല്ലാം ഇട്ടിരിക്കുന്നത് വരകളുള്ള അയഞ്ഞ പൈജാമയാണ്. മുഷിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുദിവസം ബ്രൂണോ പുറത്തുചാടുന്നു. എത്തിപ്പെടുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനുമുന്നില്‍. പാടമെന്ന് അവന്‍ തെറ്റിദ്ധരിച്ച ഇടം. കമ്പിവേലിക്കകത്താണ് ക്യാമ്പ്. ഷ്മൂള്‍ എന്ന എട്ടുവയസ്സുകാരന്‍ ജൂതപ്പയ്യനെ ബ്രൂണോ പരിചയപ്പെടുന്നു. ഷ്മൂളിന്റെ പിതാവും ആ ക്യാമ്പിലുണ്ട്. എന്തിനാണ് തങ്ങളെ ഇങ്ങോട്ടുകൊണ്ടുവന്നതെന്ന് ഷ്മൂളിനറിയില്ല. കമ്പിവേലിക്കപ്പുറവും ഇപ്പുറവുമായി രണ്ടുബാലന്മാരും തമ്മിലുള്ള സൗഹൃദം ആരുമറിയാതെ വളരുന്നു.പെട്ടെന്നൊരുദിവസം ബ്രൂണോയുടെ കുടുംബം ബെര്‍നിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു. ജൂതരെ ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുന്ന ക്യാമ്പിന്റെ ചുമതലയാണ് തന്റെ ഭര്‍ത്താവിനെന്ന് മനസ്സിലാക്കിയ എല്‍സയാണ് കുട്ടികളെയും കൂട്ടി ബെര്‍ലിനിലേക്ക് മടങ്ങാന്‍ വാശിപിടിച്ചത്.
ബെര്‍ലിനിലേക്ക് മടങ്ങുന്നദിവസം. ബ്രൂണോ മണ്‍വെട്ടിയുമായാണ് സുഹൃത്തിനടുത്തെത്തുന്നത്. ഷ്മൂളിന്റെ പിതാവിനെ കണ്ടെത്താന്‍ താനും സഹായിക്കാമെന്ന് അവന്‍ വാക്കുകൊടുത്തിരുന്നു. ഒരു കുഴിയുണ്ടാക്കി അതിലൂടെ നൂണ്ട് ബ്രൂണോ ക്യാമ്പിനകത്ത് കടക്കുന്നു. ഷ്മൂള്‍ നല്‍കിയ വരകളുള്ള പൈജാമയിലാണ് അവനിപ്പോള്‍. ഇരുവരും ക്യാമ്പിലെ തടവുകാര്‍ക്കിടയില്‍ ഷ്മൂളിന്റെ പിതാവിനെ തിരയുകയാണ്. പെട്ടെന്നാണ് നാസി സൈനികരുടെ വരവ്. അവര്‍ ഒരു പറ്റം തടവുകാരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിക്കുകയാണ്. ബ്രൂണോയും ഷ്മൂളും ആ ബഹളത്തില്‍ പെട്ടുപോകുന്നു. രണ്ടുപേര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. വസ്ത്രമഴിപ്പിച്ച് എല്ലാവരെയും ഗ്യാസ് ചേംബറിലിട്ട് അടയ്ക്കുന്നു. പരസ്പരം കൈകോര്‍ത്ത് ആ കൊച്ചുകൂട്ടുകാര്‍ മറ്റു തടവുകാര്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുന്നു. മരണവാതകത്തിന്റെ നാവ് ഒരു ദ്വാരത്തിലൂടെ ഇഴഞ്ഞുവരികയാണ്. സ്‌ക്രീനില്‍ ഇരുട്ട്. ഗ്യാസ് ചേംബറിനു പുറത്താണിപ്പോള്‍ ക്യാമറ. അത് സാവകാശം പിറകോട്ട് നീങ്ങുകയാണ്. തടവുകാര്‍ അഴിച്ചിട്ട വസ്ത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. നിരപരാധികളായ പുതിയ ഇരകള്‍ക്കായി ആ മരണവസ്ത്രങ്ങള്‍ കാത്തുകിടക്കുകയാണ്. പതുക്കെപ്പതുക്കെ ക്യാമറ കണ്ണടയ്ക്കുന്നു.ഒന്നരമണിക്കൂര്‍ നീണ്ട സിനിമയുടെ അവസാനഭാഗം വല്ലാത്ത ആഘാതമാണ് നമ്മളിലുണ്ടാക്കുക. ബ്രൂണോ - ഷ്മൂള്‍ സൗഹൃദത്തെ ഒട്ടും അസ്വാഭാവികതയില്ലാതെയാണ് സംവിധായകന്‍ വളര്‍ത്തിയെടുക്കുന്നത്. ഒടുവില്‍ ആ കുട്ടികള്‍ ഗ്യാസ് ചേംബറിലെത്തുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകും. കുട്ടികള്‍ ഒന്നും മനസ്സിലാകാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ എല്ലാം അറിയുന്നതിന്റെ വേദനയാണ് നമ്മളനുഭവിക്കുന്നത്.
ബ്രൂണോയുടെ കണ്ണിലൂടെയാണ് ഈ സിനിമയുടെ കാഴ്ച വികസിക്കുന്നത്. ആദ്യം അവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കാണുന്നു. അവിടത്തെ തടവുകാരെ കാണുന്നു. പിന്നെ ആകാശത്തേക്ക് വാ പിളര്‍ന്നു നില്‍ക്കുന്ന രണ്ട് കൂറ്റന്‍ പുകക്കുഴല്‍ കാണുന്നു. മനുഷ്യരെ കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ദുര്‍ഗന്ധം അവന്‍ പിടിച്ചെടുക്കുന്നു. ഈ കാഴ്ചകളെയും ഗന്ധത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അവനു കഴിയുന്നില്ല. ഓരോഘട്ടത്തിലും അവന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, ഉത്തരം കിട്ടുന്നില്ല.
ക്രൂരതയുടെ ദൃശ്യങ്ങളൊന്നും കാണിക്കാതെ ബ്രൂണോയുടെ സംശയങ്ങളിലൂടെ മരണത്തടവറയുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു സംവിധായകന്‍. അവസാനരംഗത്ത് ബ്രൂണോയോടും ഷ്മൂളിനോടുമൊപ്പമാണ് ക്യാമ്പിന്റെ അകം നമുക്കു കാട്ടിത്തരുന്നത്. ആ കാഴ്ചയാവട്ടെ മറക്കാനാവാത്ത അനുഭവമായി മാറുന്നു.