Monday, March 31, 2008

ഏകാകികളുടെ ലോകം

രണ്ട്‌ കൂട്ടുകാര്‍. ഇരുവര്‍ക്കും ഏതാണ്ട്‌ 55 വയസ്സ്‌ പ്രായം. നാലുകൊല്ലമായി ചൈനയിലെ ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണവര്‍. നിത്യവും ഒരുമിച്ച്‌ മദ്യപിക്കും. നന്നായി മദ്യപിച്ച ഒരു ദിവസം അതിലൊരാള്‍ക്ക്‌ (സിനിമയിലെ നായകന്‌) കലശലായ ഭയം. താന്‍ മരിച്ചുകഴിഞ്ഞാല്‍ ശവം അനാഥമായിപ്പോവുമോ എന്ന്‌. സുഹൃത്ത്‌ ആശ്വസിപ്പിച്ചു: ``അക്കാര്യത്തില്‍ പേടിക്കേണ്ട. ഞാന്‍ എങ്ങനെയെങ്കിലും മൃതദേഹം വീട്ടിലെത്തിക്കും'' അതൊരു പരസ്‌പര ധാരണയായി അവര്‍ അംഗീകരിച്ചു. ആദ്യം മരിക്കുന്നത്‌ സുഹൃത്താണ്‌. അമിതമായ മദ്യപാനമായിരുന്നു കാരണം. വാക്കുപാലിക്കാനായി നായകന്‍ സുഹൃത്തിന്‍െറ ജഡവുമായി അയാളുടെ ജന്മനാട്ടിലേക്ക്‌ പുറപ്പെടുകയാണ്‌. മരിച്ചയാളുടെ കൈയില്‍ 5000 യുവാനുണ്ടായിരുന്നു. നായകന്‍െറ കൈയില്‍ 500 യുവാനും. സുഹൃത്തിന്‍െറ പണം ചെലവിനായി എടുക്കില്ലെന്ന്‌ അയാള്‍ തീരുമാനിക്കുന്നു. തന്‍െറ പണംകൊണ്ട്‌ ഒരു വാഹനം വിളിക്കാനാവില്ല. അയാള്‍ ബസ്സില്‍ പോകാന്‍ തീരുമാനിക്കുന്നു.

സാങ്‌യാങ്‌ സംവിധാനം ചെയ്‌ത `ഗെറ്റിങ്‌ ഹോം' എന്ന ചൈനീസ്‌ സിനിമ ഇവിടെ തുടങ്ങുന്നു. കടമ്പകള്‍ നിറഞ്ഞ യാത്രയില്‍ കഥാനായകന്‍ ഒട്ടേറെ മുഖങ്ങളെ കണ്ടുമുട്ടുന്നു. അവരിലെ നന്മയും തിന്മയും തിരിച്ചറിയുന്നു. മിക്കവരും ജീവിതയാത്രയില്‍ ഏകാകികളാണെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. 2007-ല്‍ തിരുവനന്തപുരത്ത്‌ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണിത്‌.

ബസ്സില്‍, തന്‍െറ തൊട്ടടുത്ത സീറ്റിലിരുത്തിയാണ്‌ നായകന്‍ സുഹൃത്തിനെ കൊണ്ടുപോകുന്നത്‌. പാന്‍റ്‌സും ഷര്‍ട്ടും കൂളിങ്‌ഗ്ലാസും തൊപ്പിയും ധരിപ്പിച്ച്‌ അന്തസ്സോടെത്തന്നെയാണ്‌ സുഹൃത്തിനെ ഒരുക്കിയിരിക്കുന്നത്‌. മദ്യപിച്ച്‌ ബോധംകെട്ടുറങ്ങുകയാണെന്നേ ആളെ കണ്ടാല്‍ തോന്നൂ. വഴിക്കുവെച്ച്‌ കൊള്ളക്കാര്‍ കയറി ബസ്‌യാത്രികരെ കൊള്ളയടിക്കുന്നു. `സ്വര്‍ഗവും ഭൂമിയും ഞാന്‍ ഒരുപോലെ കൊള്ളയടിക്കും' എന്നാണ്‌ അല്‌പം സഹൃദയനെന്ന്‌ തോന്നിക്കുന്ന തലവന്‍െറ വീരവാദം. വേണ്ടതെന്തും താനെടുക്കും എന്നയാള്‍ പറഞ്ഞപ്പോള്‍ `മരിച്ചയാളുടെ പണവും എടുക്കുമോ?' എന്നായിരുന്നു നായകന്‍െറ ചോദ്യം. സുഹൃത്തിനോടുള്ള അയാളുടെ സേ്‌നഹവും കടപ്പാടും കൊള്ളത്തലവനെ സ്‌പര്‍ശിക്കുന്നു. കൊള്ളമുതലെല്ലാം നായകന്‌ സമ്മാനിച്ച്‌ തലവന്‍ സംഘാംഗങ്ങളോടൊപ്പം ബസ്സില്‍ നിന്നിറങ്ങിപ്പോകുന്നു. അവര്‍ പോകേണ്ട താമസം യാത്രക്കാരെല്ലാം തങ്ങളുടെ പണം തിരിച്ചെടുക്കുന്നു. ജീവനും പണവും തിരിച്ചുകിട്ടിയപ്പോഴാണ്‌ മരിച്ച ഒരാള്‍ക്കൊപ്പമാണ്‌ തങ്ങള്‍ യാത്രചെയ്യുന്നത്‌ എന്ന ചിന്ത അവരെ പിടികൂടുന്നത്‌. ബസ്സില്‍ ബഹളമായി. എല്ലാവര്‍ക്കും ബസ്സില്‍ നിന്നിറങ്ങണമെന്ന്‌ വാശി. ഒടുവില്‍ നായകനും സുഹൃത്തും ബസ്സില്‍ നിന്നു പുറത്താകുന്നു.

ജഡം പുറത്തേറ്റി അയാള്‍ റോഡിലൂടെ നടക്കുകയാണ്‌. കൈ കാണിച്ചിട്ടും വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. ദയാലുവായ ഒരു ട്രാക്ടര്‍ഡ്രൈവര്‍ അയാളെ സഹായിക്കാന്‍ തയ്യാറാവുന്നു. `ഹൃദയാഘാതമാണ്‌, ഉടനെ ആസ്‌പത്രിയിലെത്തിക്കണം' എന്നാണ്‌ നായകന്‍ ഡ്രൈവറോട്‌ പറയുന്നത്‌. ആസ്‌പത്രിയിലെത്തിയതും ഡോക്ടറെ കാണാന്‍ പോകാതെ നായകന്‍ ജഡവുമായി മുങ്ങുന്നു. രാത്രി താമസിക്കാന്‍ ലോഡ്‌ജില്‍ മുറിയെടുക്കുന്നു. അവിടെ വെച്ച്‌ ആരോ അയാളുടെ പോക്കറ്റടിക്കുന്നു. പോലീസെത്തിയാല്‍ പൊല്ലാപ്പാകും എന്നു ഭയന്ന്‌ അയാള്‍ പരാതി കൊടുക്കുന്നില്ല.

പകല്‍. അയാള്‍ ജഡവുമേന്തി നടക്കുകയാണ്‌. തലേന്ന്‌ ലോഡ്‌ജില്‍ കണ്ട ഒരു ചെറുപ്പക്കാരന്‍ ഇരുവരെയും തന്‍െറ വാനില്‍ കയറ്റുന്നു. കുറെ ദൂരം ചെന്നപ്പോഴാണ്‌ യാത്രികരിലൊരാള്‍ പരേതനാണെന്ന്‌ ചെറുപ്പക്കാരന്‌ മനസ്സിലാവുന്നത്‌. പക്ഷേ, അപ്പോഴേക്കും നിഷ്‌കളങ്കമായ തന്‍െറ പെരുമാറ്റത്തിലൂടെ നായകന്‍ ചെറുപ്പക്കാരന്‍െറ സുഹൃത്തായി കഴിഞ്ഞിരുന്നു. നായകന്‍ ഉറക്കെ പാടുന്നു. നിത്യേന, സേ്‌നഹത്തിന്‍െറ പൂക്കളുമായി കാമുകിയെ കാത്തിരിക്കുന്ന വിരഹിയായ കാമുകന്‍െറ പാട്ടായിരുന്നു അത്‌. തന്നെ വഞ്ചിച്ച കാമുകിയുടെ ഓര്‍മ ഉണര്‍ന്നതോടെ ചെറുപ്പക്കാരന്‍ അസ്വസ്ഥനാകുന്നു. ഈ റോഡില്‍ വെച്ചാണ്‌ അവന്‍ അവളെ കണ്ടുമുട്ടിയത്‌. മൂന്നുലക്ഷം കി.മീറ്റര്‍ വാന്‍ ഓടിച്ച്‌ ധാരാളം പണമുണ്ടാക്കിക്കഴിഞ്ഞാല്‍ കൂടെ വരാം എന്നവള്‍ വാക്കു കൊടുത്തിരുന്നതാണ്‌. തന്‍െറ ലക്ഷ്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പക്ഷേ, കാമുകി വന്നില്ല. പൊട്ടിക്കരയുന്ന അവനെ നായകന്‍ ആശ്വസിപ്പിക്കുന്നു.

ഇരുവരെയും വഴിയിലൊരിടത്ത്‌ ഇറക്കി ചെറുപ്പക്കാരന്‍ വണ്ടി ഓടിച്ചുപോകുന്നു. രാത്രിയായി. നായകന്‌ വിശക്കുന്നുണ്ട്‌. കൈയിലാണെങ്കില്‍ സ്വന്തം പണമില്ല. തൊട്ടടുത്ത്‌ ഒരു സമ്പന്നന്‍െറ വീട്ടില്‍ മരണാനന്തര ചടങ്ങ്‌ നടക്കുകയാണ്‌. ശവപ്പെട്ടിക്കകത്ത്‌ ചുവന്ന കോടി പുതച്ച്‌ ഒരു വൃദ്ധന്‍. അയാളുടെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടിക്കൊണ്ട്‌ ആള്‍ക്കാര്‍ ആര്‍ത്തു കരയുന്നു . ഗത്യന്തരമില്ലാതെ നായകനും കരച്ചില്‍ സംഘത്തില്‍ ചേരുന്നു. അത്‌ കഴിഞ്ഞ്‌ കുശാലായ ഭക്ഷണം. ആര്‍ത്തിയോടെ തിന്നുകൊണ്ടിരിക്കെ `മരിച്ച' വൃദ്ധന്‍ എഴുന്നേറ്റ്‌ അയാളുടെ അടുത്തുവന്ന്‌ ഇരിക്കുന്നു. വൃദ്ധന്‍ നാടകം കളിക്കുകയായിരുന്നു. ചെറുപ്പത്തിലേ ഭാര്യ നഷ്‌ടപ്പെട്ടു. മക്കളുമില്ല. ജീവിതത്തില്‍ അയാള്‍ ഏകനാണ്‌. തന്‍െറ മരണം ജീവിച്ചിരിക്കേത്തന്നെ ആഘോഷിക്കുകയായിരുന്നു അയാള്‍. ആ കാഴ്‌ച ആസ്വദിക്കണമെന്ന്‌ അയാള്‍ക്ക്‌ തോന്നി. അവിടെ ആര്‍ത്തലച്ച്‌ കരഞ്ഞവരെല്ലാം അയാള്‍ പണം കൊടുത്ത്‌ വരുത്തിയവരാണ്‌. പക്ഷേ, നായകനെ മാത്രം അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല. ബന്ധുവോ സുഹൃത്തോ ഒന്നുമല്ലാത്ത ഏതോ ഒരാള്‍.

നായകന്‍ സത്യം പറയുന്നു. വിശപ്പടക്കാന്‍ വന്നതാണ്‌. സുഹൃത്തിനെ തൊട്ടടുത്ത വയലില്‍ നോക്കുകുത്തിയെപ്പോലെ നിര്‍ത്തി പോന്നതാണ്‌. അയാളുടെ ആത്മാര്‍ഥത വൃദ്ധനെ സ്‌പര്‍ശിച്ചു. അയാളുടെ കരച്ചിലിലാണ്‌ ആത്മാര്‍ഥതയുടെ അംശം താന്‍ കണ്ടതെന്ന്‌ വൃദ്ധന്‍ പറയുന്നു. `നിങ്ങള്‍ക്കു വേണ്ടി, എനിക്കുവേണ്ടി, മരിച്ച സുഹൃത്തിനുവേണ്ടി' ഹൃദയം പൊട്ടിക്കരയുകയായിരുന്നു താന്‍ എന്ന്‌ നായകന്‍ സമ്മതിക്കുന്നു.വൃദ്ധന്‍ ഒരു കൈവണ്ടി സമ്മാനിക്കുന്നു. അതില്‍ പുല്ലുനിറച്ച്‌ ജഡം കിടത്തുന്നു. നായകന്‌ കുറച്ചാശ്വാസം തോന്നുന്നു. സുഹൃത്തിനെ പുറത്ത്‌ വലിച്ച്‌ കേറ്റേണ്ടല്ലോ? വഴിയില്‍വെച്ച്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വണ്ടി കേടാവുന്നു. അതിനുശേഷം ട്രാക്ടറിന്‍െറ വലിയ ടയറിനകത്ത്‌ പുല്ലുനിറച്ച്‌ ഒളിപ്പിച്ചുവെച്ചാണ്‌ സുഹൃത്തിനെ കൊണ്ടുപോകുന്നത്‌. ടയറും നിയന്ത്രണംവിട്ട്‌ റോഡില്‍നിന്നു തെന്നിമാറി താഴേക്ക്‌ പതിക്കുന്നു. വീണ്ടും ജഡം പുറത്തേറ്റി അയാള്‍ നടക്കുകയാണ്‌. ഇടയ്‌ക്ക്‌ സുഹൃത്തിന്‍െറ ഷൂ ഊരിയെടുത്ത്‌ അയാള്‍ ഇടുന്നു. അപ്പോഴാണ്‌, ഷൂവിന്‍െറ സോളിന്നടിയില്‍ ഒളിച്ചുവെച്ച കുറേ പണം പുറത്തുവരുന്നത്‌. ഇനി ഏതായാലും കാറുപിടിച്ചാകാം യാത്ര എന്നു തീരുമാനിക്കുന്നു. സുഹൃത്തിന്‍െറ പണം ഉപയോഗിക്കുന്നതില്‍ അയാള്‍ക്ക്‌ കുറ്റബോധമുണ്ട്‌. എന്തായാലും ആ പണം താന്‍ തിരിച്ചുനല്‌കുമെന്ന്‌ അയാള്‍ സുഹൃത്തിന്‌ `വാക്കുകൊടുക്കുന്നു'.

ഒരു കാര്‍ ഏര്‍പ്പാടാക്കുന്നു. യാത്രയ്‌ക്കുമുമ്പ്‌ ഹോട്ടലില്‍ ചെന്ന്‌ നന്നായി ഭക്ഷണം കഴിക്കുന്നു. പണം കൊടുത്തപ്പോഴാണറിയുന്നത്‌ സുഹൃത്തിന്‍െറ കൈയിലുള്ളതില്‍ വലിയൊരു പങ്കും കള്ളനോട്ടാണെന്ന്‌. സത്യം പറഞ്ഞിട്ടും ഹോട്ടലുകാര്‍ അയാളെ മര്‍ദിക്കുന്നു. സങ്കടം സഹിക്കാനാവാതെ അയാള്‍ കൈയിലുള്ള കറന്‍സിയെല്ലാം കത്തിച്ചു കളയുന്നു.

സുഹൃത്തിനോടുള്ള വാക്കുപാലിക്കാന്‍ തനിക്കാവില്ലെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. എവിടെയും തടസ്സങ്ങളാണ്‌. കൈയില്‍ കാശുമില്ല. ജഡമാണെങ്കില്‍ മണക്കാനും തുടങ്ങിയിരിക്കുന്നു. ഹതാശനായ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ, അവസാനനിമിഷം മനസ്സുമാറി പിന്തിരിയുന്നു.

അയാള്‍ കാല്‍നടയായി യാത്ര തുടരുകയാണ്‌. തേനീച്ച വളര്‍ത്തുന്ന ഒരു കുടുംബവും ബ്യൂട്ടി പാര്‍ലറിലെ പെണ്‍കുട്ടിയും അയാളുടെ നല്ല മനസ്സ്‌ തിരിച്ചറിഞ്ഞ്‌ സഹായിക്കുന്നുണ്ട്‌. പണമുണ്ടാക്കാനായി അയാള്‍ രക്തം കൊടുക്കാന്‍ പോകുന്നു. ടെസ്റ്റ്‌ ചെയ്‌തപ്പോള്‍ `ഹെപ്പറ്റൈറ്റിസ്‌-ബി'. അതിനാല്‍ രക്തം കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരിടനിലക്കാരന്‍ വന്ന്‌ വ്യാജ ബ്ലഡ്‌ബാങ്കിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ നടന്ന പോലീസ്‌ റെയ്‌ഡില്‍ അയാളും അകപ്പെടുന്നു. ബ്ലഡ്‌ബാങ്കില്‍ വെച്ച്‌ ഒരു സ്‌ത്രീയെ പരിചയപ്പെടുന്നു. തെരുവ്‌ അടിച്ചുവാരലാണ്‌ ജോലി. അതില്‍നിന്നു കിട്ടുന്ന വരുമാനത്തിനു പുറമെ മൂന്നുമാസത്തിലൊരിക്കല്‍ രക്തവും വില്‍ക്കും. അവരുടെ മകന്‍ സര്‍വകലാശാലാ വിദ്യാര്‍ഥിയാണ്‌. അവനെ പഠിപ്പിച്ച്‌ വലിയ ആളാക്കണം. ഭര്‍ത്താവ്‌ നേരത്തെ മരിച്ചുപോയി. സ്‌ത്രീയും നായകനും മനസ്സുകൊണ്ട്‌ അടുക്കുന്നു. സുഹൃത്തിന്‍െറ മൃതദേഹം വീട്ടിലെത്തിച്ചു കഴിഞ്ഞാല്‍ താന്‍ തിരിച്ചുവരുമെന്ന്‌ അയാള്‍ പറയുന്നു. ജീവിതാവസാനം വരെ ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പുനല്‌കുന്നു. ഇതുപോലെ മധുരമുള്ള കാര്യം കേട്ടിട്ട്‌ എത്രയോ കാലമായി എന്നു പറഞ്ഞ്‌ ആ സ്‌ത്രീ ഹൃദയം തുറന്ന്‌ അയാളെ സ്വാഗതം ചെയ്യുന്നു. കൈയിലുള്ള നാന്നൂറ്‌ യുവാന്‍ ചെലവിലേക്ക്‌ എന്നുപറഞ്ഞ്‌ അയാളെ നിര്‍ബന്ധിച്ച്‌ ഏല്‌പിക്കുന്നു.

ഒരു ഡാമിനടുത്താണ്‌ സുഹൃത്തിന്‍െറ വീട്‌. ലോറിയിലും ജെ.സി.ബി.യിലും മറ്റുമായി അയാള്‍ ഒടുവില്‍ ഡാംസൈറ്റിലെത്തുന്നു. ജഡവും പുറത്തുകയറ്റി മലകയറുകയാണയാള്‍. ജനങ്ങള്‍ അയാളെ കാത്തുനില്‍ക്കുന്നുണ്ട്‌. സുഹൃത്തിനെ താഴെയിറക്കിയതും അയാള്‍ ബോധരഹിതനായി വീഴുന്നു.

നായകന്‍ ഇപ്പോള്‍ ആസ്‌പത്രിയിലാണ്‌. തൊട്ടരികെ ഒരു പോലീസുകാരന്‍. സുഹൃത്തിന്‍െറ കുടുംബവുമായി പോലീസിനു ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പോലീസുകാരന്‍െറ സാന്നിധ്യത്തില്‍ ശവം ദഹിപ്പിക്കുന്നു. ചിതാഭസ്‌മവും എല്ലുകളും ശേഖരിച്ച്‌ ഒരു പെട്ടിയിലാക്കി ചുവന്ന പട്ടില്‍ പൊതിയുന്നു. അതിനി സുഹൃത്തിന്‍െറ വീട്ടിലെത്തിക്കണം. പോലീസുകാരനുമൊത്ത്‌ അയാള്‍ പുറപ്പെടുന്നു. വീടൊക്കെ പൊളിഞ്ഞുവീണുകിടക്കുകയാണ്‌. ഒരുവാതില്‍ മാത്രമുണ്ട്‌ ബാക്കി. അവിടെ നിലത്തുകിടക്കുന്ന വാതില്‍പ്പൊളിയില്‍ സുഹൃത്തിന്‍െറ മകന്‍ പെയിന്‍റുകൊണ്ട്‌ അച്ഛന്‌ സന്ദേശം എഴുതിവെച്ചിരുന്നു. `അച്ഛാ, വര്‍ഷങ്ങളായി ഞങ്ങള്‍ അങ്ങയെ തേടുകയാണ്‌. അങ്ങയുടെ ഒരുവിളിപോലും വന്നില്ല. ഈചെയ്യുന്നത്‌ തെറ്റാണെന്നറിയാം. ഞങ്ങള്‍ ഈ വീട്ടില്‍ നിന്നുമാറുകയാണ്‌. പുതിയ വീട്ടില്‍ ഞങ്ങള്‍ അങ്ങയെകാത്തിരിക്കും.' യിച്ചാങ്‌ പ്രവിശ്യയിലുള്ള പുതിയ വീടിന്‍െറ വിലാസവും അതിനുകീഴെ കുറിച്ചിട്ടിരുന്നു.

തന്‍െറ കഷ്‌ടപ്പാടുകള്‍ വ്യര്‍ഥമായല്ലോ എന്നോര്‍ത്ത്‌ നായകന്‌ കരച്ചില്‍ വരുന്നു. പോലീസുകാരന്‍ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നു. `നമുക്ക്‌ പോകാം. യിച്ചാങ്ങിലെത്താന്‍ ഏഴ്‌മണിക്കൂര്‍ യാത്രയുണ്ട്‌, ചിതാഭസ്‌മവുമായി അവര്‍ പടികളിറങ്ങുമ്പോള്‍ സിനിമ അവസാനിക്കുന്നു.

അവിശ്വസനീയം എന്നുതോന്നുന്ന ഒരു സംഭവത്തില്‍ നിന്നാണ്‌ ഈ സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്‌. ഏതോ നഗരത്തിലെ ബാറില്‍ നിന്നും നായകന്‍െറ യാത്ര തുടങ്ങുന്നു. ഒപ്പമുള്ള സുഹൃത്ത്‌ `മൃതദേഹ'മാണെന്ന്‌ ആദ്യം നമുക്ക്‌ മനസ്സിലാവില്ല. അത്രയ്‌ക്ക്‌ സമര്‍ഥമായാണ്‌ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്‌. നായകന്‍ പലപ്പോഴും സുഹൃത്തിനോട്‌ സംസാരിക്കുന്നത്‌ കാണാം. പിണങ്ങുന്നതും ക്ഷോഭിക്കുന്നതും കാണാം. ബസ്സില്‍ വെച്ച്‌ കൊള്ളത്തലവനോട്‌ ഏറ്റുപറയുമ്പോള്‍ മാത്രമാണ്‌ സുഹൃത്തിന്‍െറ രഹസ്യം പുറത്താവുന്നത്‌.

മറ്റേതെങ്കിലും സംവിധായകന്‍െറ കൈയില്‍ ഈ പ്രമേയം കിട്ടിയിരുന്നെങ്കില്‍ ഇതൊരു തമാശപ്പടമായി മാറിയേനെ. നര്‍മത്തിന്‌ അത്രക്ക്‌ സാധ്യതയുണ്ട്‌ ഓരോ കഥാസന്ദര്‍ഭത്തിലും. പക്ഷേ, സംവിധായകന്‍ സാങ്‌യാങ്‌ ഗൗരവത്തോടെത്തന്നെയാണ്‌ ഇതിവൃത്തത്തെ സമീപിക്കുന്നത്‌. ഗെറ്റിങ്‌ ഹോമിനെ ഹൃദയസ്‌പര്‍ശിയായ സിനിമയാക്കിമാറ്റാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

സ്വന്തം വീടും കുടുംബവും തേടിയുള്ള മനുഷ്യരുടെ അവസാനിക്കാത്ത യാത്രയാണീചിത്രം. മരിച്ചയാള്‍ക്കുമാത്രമേ ഈ സിനിമയില്‍ പേരുള്ളൂ. ജീവിക്കുന്നവര്‍ക്കൊന്നും പേരില്ല; നായകനുള്‍പ്പെടെ. സുഹൃത്തിനാവട്ടെ പേരുമാത്രമേയുള്ളൂ. കൃത്യമായ വിലാസമില്ല. ലക്ഷ്യസ്ഥാനം തേടി അലയുന്നതിനിടയില്‍ കഥാനായകന്‍ ഒരുപാട്‌ മനുഷ്യരെ കണ്ടുമുട്ടുന്നു. തന്നേക്കാളും സുഹൃത്തിനേക്കാളും വേദനിക്കുന്നവരാണ്‌ പലരുമെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാവുന്നു. കഥാനായകന്‌ കുടുംബമുള്ളതായി സൂചനയൊന്നുമില്ല. നന്മയുടെ പൂമരമായി നില്‍ക്കുമ്പോഴും അയാള്‍ക്കൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ദുരിത നാഴികകള്‍ താണ്ടി സുഹൃത്തിന്‍െറ നാട്ടിലെത്തിയപ്പോള്‍ അവിടെ നിരാശ. ഒരിടത്താവളത്തില്‍ പരിചയപ്പെട്ട സ്‌ത്രീയെ സ്വന്തം ഹൃദയത്തോടടുപ്പിച്ചു നിര്‍ത്തുന്നുണ്ടെങ്കിലും അവരുടെ വിലാസം ചോദിക്കാന്‍ അയാള്‍ മറന്നുപോകുന്നു. ആ സ്‌ത്രീയും ഒറ്റപ്പെട്ടവളാണ്‌. പഠിപ്പിച്ച്‌ വലുതാക്കുമ്പോള്‍ അവര്‍ക്ക്‌ മകനെത്തന്നെ നഷ്‌ടപ്പെടുകയാണ്‌. മകന്‌ അമ്മയുടെ പണം മാത്രം മതി. അവരുടെ അന്തസ്സില്ലാത്ത വിലാസം അവനുവേണ്ട. അവന്‍ അമ്മയെ കാണാന്‍പോലും വരുന്നില്ല.

കഥാപാത്ര സൃഷ്‌ടിയില്‍ പൂര്‍ണത കൈവന്നിട്ടുണ്ട്‌ഇതിലെ നായകന്‌. ആദ്യരംഗത്തുതന്നെ നമ്മുടെ മനസ്സില്‍ അയാള്‍ ഇടം നേടുന്നു. താന്‍ എന്തെങ്കിലും ത്യാഗം ചെയ്യുന്നതായി അയാള്‍ കരുതുന്നില്ല. ഒരപരാധിയെപ്പോലെ എപ്പോഴും തലകുനിക്കുന്നു അയാള്‍. ചെയ്യുന്നതെല്ലാം തെറ്റാണെന്ന മട്ടില്‍ വ്യഥ പേറുന്നു. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ നിസ്സാരവത്‌കരിച്ച്‌ വിശാലമായി ചിരിക്കുന്നു. മറക്കാനാവില്ല ഈ കഥാപാത്രത്തെ.

Tuesday, March 25, 2008

തിബറ്റിലെ ഏഴു വര്‍ഷങ്ങള്‍

പര്‍വതം കീഴടക്കാന്‍ പുറപ്പെട്ട രണ്ട്‌ ഓസ്‌ട്രിയന്‍ പര്‍വതാരോഹകര്‍ നേരിട്ട ജീവിതത്തിലെ വിചിത്രവഴികളുടെ രേഖപ്പെടുത്തലാണ്‌ `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റ്‌' എന്ന ഇംഗ്ലീഷ്‌ സിനിമ. ജീവിതത്തിലെ വിലപ്പെട്ട ഏഴുവര്‍ഷമാണ്‌ അവര്‍ `വിലക്കപ്പെട്ട നഗര'മായ ലാസയില്‍ കഴിച്ചുകൂട്ടുന്നത്‌. രണ്ട്‌ സംസ്‌കാരങ്ങളുടെ സമ്മേളനവും സ്വാംശീകരണവും ഈ ചിത്രത്തിന്‍െറ അന്തര്‍ധാരയാണ്‌. പര്‍വതാരോഹകരിലൊരാള്‍ മകന്‍െറ സേ്‌നഹം തേടി ജന്മനാട്ടിലേക്ക്‌ തിരിച്ചുപോവുകയാണ്‌. രണ്ടാമനാകട്ടെ, വഴിയാത്രയില്‍ കണ്ടുമുട്ടിയ തിബറ്റന്‍ യുവതിയുമൊത്ത്‌ ജീവിതം പങ്കിടാനാണ്‌ തീരുമാനിക്കുന്നത്‌. സാഹസികതയും ആത്മീയതയും രാഷ്ട്രീയവും അധികാരവും ഒറ്റുകൊടുക്കലും പലായനവും ഗാഢമായ ബന്ധങ്ങളും എല്ലാം ചേര്‍ന്നുനില്‌ക്കുന്ന ഈ സിനിമ അപൂര്‍വാനുഭവമാണ്‌. തിബറ്റിലെ പതിന്നാലാമത്തെ ദലായ്‌ലാമയുടെ (തിബറ്റന്‍ ജനതയുടെ ഇപ്പോഴത്തെ ആത്മീയഗുരു) ബാല്യവും സ്ഥാനാരോഹണവും ചൈനയുടെ ആക്രമണവുമൊക്കെ ചരിത്രത്തിന്‍െറ സാന്നിധ്യമായി ചിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു.


ഓസ്‌ട്രിയന്‍ പര്‍വതാരോഹകനായ ഹെന്‍റിച്ച്‌ ഹാരര്‍ ഇതേ പേരില്‍ എഴുതിയ ഗ്രന്ഥമാണ്‌ ഈ സിനിമയ്‌ക്കാധാരം. 1944 മുതല്‍ 51വരെ ഹാരര്‍ തിബറ്റിലായിരുന്നു. ഈ കാലയളവിലെ അനുഭവങ്ങളാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്‌. പ്രശസ്‌ത ഫ്രഞ്ച്‌ സംവിധായകന്‍ ജീന്‍ ജാക്വിസ്‌ അന്നോദ്‌ ആണ്‌ ദൃശ്യഭാഷ്യം ഒരുക്കിയത്‌.


1939-ല്‍ ഓസ്‌ട്രിയയിലാണ്‌ കഥ തുടങ്ങുന്നത്‌. ഹിമാലയത്തില്‍, ആരും കയറാത്ത നംഗ പര്‍വതത്തിനു മുകളില്‍ ജര്‍മന്‍ പതാക ഉയര്‍ത്താന്‍ പുറപ്പെടുന്ന ജര്‍മന്‍ പര്‍വതാരോഹകസംഘത്തില്‍ അംഗങ്ങളാണ്‌ ഓസ്‌ട്രിയക്കാരായ ഹെന്‍റിച്ച്‌ ഹാരറും പീറ്റര്‍ ഓഫ്‌ഷണേറ്ററും. ഇതിനുമുന്‍പ്‌ നാലുതവണ ജര്‍മന്‍ സംഘങ്ങള്‍ ഈ പര്‍വതം കയറാന്‍ ശ്രമിച്ചിട്ടുണ്ട്‌. നാലുതവണയും പരാജയപ്പെട്ടു. ഹിമക്കാറ്റിലും മഞ്ഞുവീഴ്‌ചയിലും പെട്ട്‌ 11 പര്‍വതാരോഹകര്‍ മരിച്ചു. അഞ്ചാമത്തെ ശ്രമം എല്ലാവരും വെല്ലുവിളിയായിത്തന്നെ എടുത്തിരിക്കുകയാണ്‌. രണ്ടാംലോകമഹായുദ്ധകാലമാണ്‌. ജര്‍മന്‍ അഭിമാനം ഉയര്‍ത്തിപ്പിടിക്കലാണ്‌ സംഘത്തിന്‍െറ ലക്ഷ്യം.


ഗര്‍ഭിണിയായ ഭാര്യ ഇന്‍ഗ്രിഡിന്‍െറ എതിര്‍പ്പ്‌ വകവെക്കാതെയാണ്‌ ഹാരര്‍ മലകയറാന്‍ പുറപ്പെടുന്നത്‌. ഭര്‍ത്താവ്‌ ബെയ്‌സ്‌ ക്യാമ്പിലെത്തുമ്പോഴായിരിക്കും പ്രസവമെന്ന്‌ ഇന്‍ഗ്രിഡ്‌ കണക്കുകൂട്ടുന്നു. തന്‍േറടിയും കണിശക്കാരനുമായ ഹാരര്‍ക്ക്‌ പക്ഷേ, ആത്മവിശ്വാസമുണ്ട്‌. നാലു മാസത്തിനകം താന്‍ തിരിച്ചുവരുമെന്ന്‌ പറഞ്ഞ്‌ അയാള്‍ ഭാര്യയെ ആശ്വസിപ്പിക്കുന്നു.


ഓഫ്‌ഷണേറ്ററാണ്‌ സംഘത്തലവന്‍. നായകപദവി തനിക്കു കിട്ടാത്തതില്‍ നീരസമുണ്ട്‌ ഹാരര്‍ക്ക്‌. കുറച്ചു ദിവസങ്ങള്‍ക്കുശേഷം സംഘം 22,000 അടി മുകളില്‍ നാലാമത്തെ ക്യാമ്പ്‌ സ്ഥാപിക്കുന്നു. കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത ഇടക്കിടെ ഹാരറുടെ മനസ്സിലേക്ക്‌ കടന്നുവരുന്നുണ്ട്‌. തന്‍െറ കുഞ്ഞിനിപ്പോള്‍ ഒരുമാസം പ്രായമായിട്ടുണ്ടാകും എന്നയാള്‍ ചിന്തിക്കുന്നു.


റെക്കിയാക്‌ മഞ്ഞുമലയാണിനി കയറാനുള്ളത്‌. അപകടം പിടിച്ച മേഖലയാണിത്‌. വന്‍തോതിലുള്ള മഞ്ഞുവീഴ്‌ചയെത്തുടര്‍ന്ന്‌ സംഘം താഴത്തെ ക്യാമ്പിലേക്ക്‌ മടങ്ങുന്നു. ഹാരര്‍ക്ക്‌ ഈ തീരുമാനത്തോട്‌ തീരെ യോജിപ്പുണ്ടായിരുന്നില്ല. സാഹസികപ്രിയനാണയാള്‍. രണ്ട്‌ ഷേര്‍പ്പകളെ തന്നാല്‍ താന്‍ ഒറ്റക്ക്‌ കയറിക്കൊള്ളാമെന്നയാള്‍ പറയുന്നു. പക്ഷേ, സംഘാംഗങ്ങള്‍ സമ്മതിക്കുന്നില്ല. ബെയ്‌സ്‌ ക്യാമ്പിലെത്തിയപ്പോള്‍ അവിടെ ബ്രിട്ടീഷ്‌ സൈനികര്‍ കാത്തുനില്‌ക്കുന്നു. പര്‍വതാരോഹണ സംഘത്തെ അവര്‍ അറസ്റ്റ്‌ ചെയ്യുന്നു. ഡെറാഡൂണിലെ യുദ്ധത്തടവുകാരുടെ കേന്ദ്രത്തിലേക്കാണവരെ കൊണ്ടുപോകുന്നത്‌. സൈനികവാഹനത്തില്‍നിന്ന്‌ ഹാരര്‍ കൈയാമത്തോടെ ചാടിയെങ്കിലും രക്ഷപ്പെടാനായില്ല. മൂന്നു വര്‍ഷത്തിന്നിടയില്‍ നാലുതവണയെങ്കിലും അയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്‌. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പര്‍വതാരോഹണ സംഘത്തിനുമേല്‍ സൈന്യം നിയന്ത്രണം കര്‍ക്കശമാക്കുന്നു.


ഇതിനിടെ ഹാരര്‍ക്ക്‌ ഭാര്യയുടെ കത്തു കിട്ടുന്നു. വിവാഹമോചനത്തിനുള്ള അപേക്ഷയായിരുന്നു അത്‌. അവള്‍ വേറെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. മകന്‍ റോള്‍ഫ്‌ ഹാരര്‍ക്കിപ്പോള്‍ രണ്ടു വയസ്സായെന്ന്‌ കത്തില്‍നിന്ന്‌ ഹാരര്‍ മനസ്സിലാക്കുന്നു. മലകയറ്റത്തിന്നിടയില്‍ പപ്പയെ കാണാതായി എന്നാണ്‌ താന്‍ മകനോട്‌ പറയാന്‍ പോകുന്നതെന്ന്‌ ഭാര്യ ഇന്‍ഗ്രിഡ്‌ കത്തില്‍ സൂചിപ്പിക്കുന്നു.


ഹാരറും റോഫ്‌ഷണേറ്ററും ഏതാനും സംഘാംഗങ്ങളും ഒടുവില്‍ തടവുചാടുന്നു. ഹാരറും റോഫ്‌ഷണേറ്ററും ഒരുമിച്ചാണ്‌ യാത്ര. ഭിന്നസ്വഭാവക്കാരായ അവര്‍ ഇണങ്ങിയും പിണങ്ങിയും യാത്ര തുടരുന്നു. തിബറ്റിലെത്തിപ്പെടുകയാണ്‌ ലക്ഷ്യം. ലാസയിലേക്ക്‌ തീര്‍ഥാടനത്തിനു പുറപ്പെട്ട ഒരു സംഘത്തോടൊപ്പം അവരും ചേരുന്നു. `വിലക്കപ്പെട്ട നഗര'മാണ്‌ ലാസ. അവിടെ വിദേശികള്‍ക്ക്‌ പ്രവേശനമില്ല. തങ്ങള്‍ക്ക്‌ ദലായ്‌ലാമയുടെ പ്രത്യേക അനുമതിയുണ്ടെന്ന്‌ കള്ളംപറഞ്ഞാണ്‌ അവര്‍ തീര്‍ഥാടകസംഘത്തില്‍ ചേരുന്നത്‌. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ്‌ അവര്‍ ലാസ നഗരത്തില്‍ കടക്കുന്നത്‌.


പുതിയ ദലായ്‌ലാമ കൗമാരപ്രായമെത്തിയിട്ടേയുള്ളൂ. സിനിമ കാണാനും തിബറ്റിനപ്പുറത്തെ ലോകത്തെക്കുറിച്ചറിയാനും ഉത്സുകനാണദ്ദേഹം. ദലായ്‌ലാമയുടെ അമ്മയാണ്‌ ഭരണകാര്യങ്ങള്‍നിര്‍വഹിക്കുന്നത്‌. ഇവരുടെ സെക്രട്ടറിയായ നവാങ്‌ ജിഗ്‌മെ ഹാരര്‍ക്കും റോഫ്‌ഷണേറ്റര്‍ക്കും എല്ലാ സഹായവും ചെയ്‌തുകൊടുക്കുന്നു. പെമലാക്കി എന്ന തിബറ്റന്‍ തയ്യല്‍ക്കാരി ഇരുവര്‍ക്കും പുതുവസ്‌ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നു. രണ്ടുപേരും ആ യുവതിയുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. അതില്‍ വിജയിക്കുന്നത്‌ ശാന്ത പ്രകൃതക്കാരനായ റോഫ്‌ഷണേറ്ററാണ്‌. പെമയും റോഫ്‌ഷണേറ്ററും വിവാഹിതരാവുന്നു.


ഈ കാലത്ത്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌സേന മാവോയുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ചു വരികയാണ്‌. റേഡിയോ വാര്‍ത്തകളിലൂടെ വര്‍ത്തമാനകാല സംഭവങ്ങള്‍ അപ്പപ്പോള്‍ പ്രേക്ഷകനെ അറിയിക്കുന്നുണ്ട്‌. ലാസനഗരം മുഴുവന്‍ സര്‍വേ നടത്താനുള്ള ദൗത്യം ഹാരറില്‍ വന്നു ചേരുന്നു.


യുദ്ധം അവസാനിച്ചു. ജര്‍മനി കീഴടങ്ങി. ഹെന്‍റിച്ച്‌ ഹാരര്‍ ഓസ്‌ട്രിയയ്‌ക്ക്‌ മടങ്ങാനുള്ള ഒരുക്കത്തിലാണ്‌. അപ്പോഴാണ്‌ മകന്‍െറ കത്തു കിട്ടുന്നത്‌. എല്ലാ പ്രതീക്ഷകളും കുഴിച്ചുമൂടിക്കൊണ്ടുള്ളതായിരുന്നു ആ കത്ത്‌. `നിങ്ങളെന്‍െറ പിതാവല്ല. എനിക്കിനി കത്തെഴുതരുത്‌' എന്നായിരുന്നു അതിലെ ഉള്ളടക്കം. ഹതാശനായ ഹാരര്‍ക്ക്‌ അന്നുതന്നെ ദലായ്‌ലാമയെ കാണാനുള്ള ക്ഷണം കിട്ടുന്നു. തിബറ്റന്‍ ആത്മീയനേതാവും ഓസ്‌ട്രിയന്‍ പര്‍വതാരോഹകനും തമ്മിലുള്ള ഗാഢമായ ഹൃദയബന്ധത്തിന്‌ ആ ക്ഷണക്കത്ത്‌ തുടക്കം കുറിക്കുന്നു. ദലായ്‌ലാമയുടെ സുഹൃത്തും അധ്യാപകനും വഴികാട്ടിയുമായി മാറുകയാണ്‌ ഹാരര്‍. അവര്‍ തമ്മിലുള്ള കൂടിക്കാഴ്‌ചകളില്‍ ഔപചാരികത ഇല്ലാതായി. അവര്‍ സുഹൃത്തുക്കളെപ്പോലെ , ചിലപ്പോള്‍ അച്ഛനെയും മകനെയും പോലെ അടുത്തിട പഴകുന്നു.


ഇതിനിടെ, കമ്യൂണിസ്റ്റ്‌ സേന തിബറ്റ്‌ ആക്രമിക്കാന്‍ പോവുകയാണെന്നു വാര്‍ത്ത പരക്കുന്നു. തിബറ്റില്‍ നിന്ന്‌ എല്ലാ ചൈനീസ്‌ ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു. രാജ്യത്ത്‌ സംഘര്‍ഷം ഉരുണ്ടുകൂടുകയാണ്‌. തിബത്തിലേക്കുള്ള പ്രവേശന കവാടമായ ചാംഡോയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. പൊരുതാനുള്ള കെല്‌പില്ലെങ്കില്‍ ശത്രുവിനെ ആലിംഗനം ചെയ്യുന്നതാണ്‌ നല്ലത്‌ എന്ന ചിന്താഗതിക്കാരനായ നവാങ്‌ ജിഗ്‌മെ മറുകണ്ടം ചാടുന്നു. ദുര്‍ബലരായ തിബറ്റന്‍ സേന 11ദിവസത്തിനുള്ളില്‍ കമ്യൂണിസ്റ്റ്‌ സേനയ്‌ക്ക്‌ കീഴടങ്ങുന്നു.


ഹാരര്‍ തിബറ്റ്‌ വിടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. തന്‍െറ സ്ഥാനാരോഹണം കഴിഞ്ഞിട്ടേ പോകാവൂ എന്ന്‌ ദലായ്‌ലാമ ആവശ്യപ്പെടുന്നു. പതിനഞ്ചുകാരനായ ദലായ്‌ലാമ, രാജ്യം ശത്രുവിന്‍െറ കൈകളില്‍ പതിക്കുമ്പോഴും ആത്മനിയന്ത്രണം വിടാതെ തിബറ്റന്‍ ജനതയുടെ ആഗ്രഹം നിറവേറ്റിക്കൊണ്ട്‌ സ്ഥാനാരോഹണം നടത്തുന്നു.


ഹാരര്‍ ഓസ്‌ട്രിയയ്‌ക്ക്‌ മടങ്ങുന്നു. മകനെ കാണാന്‍ ചെന്നെങ്കിലും അവന്‍ അയാളോട്‌ അപരിചിതത്വം ഭാവിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം, അച്ഛനും മകനും ഉള്‍പ്പെട്ട ഒരു രംഗത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ഹാരറുടെ മകനിപ്പോള്‍ യുവാവാണ്‌. അവന്‍ ഹിമാലയത്തില്‍ മലകയറ്റം പരിശീലിക്കുകയാണ്‌. പരിശീലിപ്പിക്കുന്നത്‌ അച്ഛന്‍ തന്നെ.നായകനായ ഹെന്‍റിച്ച്‌ ഹാരറുടെ വാക്കുകളിലൂടെയാണ്‌ ഈ സിനിമ മുന്നോട്ടുപോകുന്നത്‌. പാശ്ചാത്യ-പൗരസ്‌ത്യ ദര്‍ശനങ്ങളുടെ പ്രതീകങ്ങളാണ്‌ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഞാനെന്ന ഭാവത്തിന്‍െറ ഉച്ചിയില്‍ നിന്ന്‌ താഴോട്ടിറങ്ങിവരികയാണ്‌ ഹാരര്‍ എന്ന കഥാപാത്രം. ആധുനികതയുടെ ഒരു സൗകര്യവും അനുഭവിക്കാതെ സ്വയം സമ്പൂര്‍ണരായി സംതൃപ്‌തരായി, ശാന്തിയോടെ കഴിയുന്ന തിബറ്റന്‍ ജനത അയാളുടെ ആഢ്യചിന്തകളെ കഴുകിത്തുടയ്‌ക്കുകയാണ്‌. ദലായ്‌ലാമയുടെ ലാളിത്യവും നിഷ്‌ക്കളങ്കതയും വിജ്ഞാനദാഹവും പ്രജാവാത്സല്യവുമാണ്‌ ഹാരറെ തിബറ്റില്‍ തളച്ചിടുന്നത്‌. ഹാരറുടെ അഹന്തയ്‌ക്ക്‌ ആദ്യത്തെ കൊട്ട്‌ കൊടുക്കുന്നത്‌ പെമലാക്കി എന്ന യുവതിയാണ്‌. മലകയറ്റത്തെ `വിഡ്‌ഡികളുടെ ആനന്ദ' മായാണ്‌ അവര്‍ വിശേഷിപ്പിക്കുന്നത്‌. `എന്തും തട്ടിമാറ്റി മുകളില്‍ എത്തുന്നവരെയാണ്‌ നിങ്ങളുടെ സംസ്‌കാരം കേമന്മാരായി വാഴ്‌ത്തുന്നത്‌. ഞങ്ങളാവട്ടെ, ഞാനെന്ന ഭാവം ത്യജിക്കുന്ന മനുഷ്യരെയാണ്‌ ആരാധിക്കുന്നത്‌. അവരെയാണ്‌ മഹത്തുക്കളായി വാഴ്‌ത്തുന്നത്‌'- പെമലാക്കിയുടെ ഈ വാക്കുകളില്‍ ഒരുജനതയുടെ ആത്മീയ ഔന്നത്യമാണ്‌ തിളങ്ങിനില്‍ക്കുന്നത്‌.


ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്‍ച്ചയും അതിസൂക്ഷ്‌മമായി വരച്ചിടുന്നുണ്ട്‌ സംവിധായകന്‍. ആരും ചെന്നെത്തിയിട്ടില്ലാത്ത പര്‍വതത്തിനുമുകളില്‍ കൊടിനാട്ടാനുള്ള ആവേശത്തിനിടയില്‍ ഹാരര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ സ്വന്തം കുടുംബത്തെയാണ്‌.


നാലുവര്‍ഷത്തെ ദാമ്പത്യം മഞ്ഞുപോലെ അലിഞ്ഞു പോകുന്നതിലെ വേദന അയാളറിയുന്നു. കാണാത്ത മകന്‍െറ വളര്‍ച്ചയുടെ ഓരോഘട്ടവും അയാള്‍ മനസ്സില്‍ കണക്കുകൂട്ടുന്നു. `ഞാന്‍ തിബറ്റിലെത്തുമ്പോള്‍ അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങയോടൊപ്പം ഇരിക്കുമ്പോള്‍ ഇതാ അവന്‍ ഇവിടെ. അവനില്ലാതെ ഈലോകത്തെ എനിക്ക്‌ കാണാനാവില്ല-ദലായ്‌ലാമയോട്‌ ഹാരര്‍ പറയുന്ന ഈ വാക്കകളില്‍ എല്ലാമുണ്ട്‌. മകനോടുള്ള പ്രിയവും ദലായ്‌ലാമയില്‍ മകനെകണ്ടെത്താനുള്ള ശ്രമവും നമുക്കിവിടെ വായിച്ചെടുക്കാം.


ജീവിതത്തെ സഞ്ചാരവുമായി ബന്ധപ്പെടുത്താന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌ തിബറ്റന്‍ ജനത. പാപങ്ങള്‍ കഴുകിക്കളയാനുള്ള യാത്രയാണ്‌ അവര്‍ക്ക്‌ തീര്‍ഥാടനം. പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര എത്രത്തോളം യാതനാപൂര്‍ണമാകുന്നുവോ അത്രത്തോളം ആത്മവിശുദ്ധിയുടെ ആഴം കൂട്ടുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഒടുവില്‍ ഹാരറെ യാത്രയാക്കുമ്പോള്‍ ദലയ്‌ലാമ ഓര്‍മപ്പെടുത്തുന്നതും സഞ്ചാരിയുടെ ആനന്ദത്തെക്കുറിച്ചാണ്‌. എവിടേക്കു പോകുന്ന സഞ്ചാരിയും ആനന്ദം കണ്ടെത്തട്ടെ' എന്നാണദ്ദേഹം ആശംസിക്കുന്നത്‌.


ആദ്യചിത്രത്തിനുതന്നെ ഓസ്‌കര്‍ നേടിയ ചലച്ചിത്രകാരനാണ്‌ `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റി'ന്‍െറ സംവിധായകന്‍ അന്നോദ്‌. .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഇന്‍ കളര്‍' ആണ്‌ അന്നോദിന്‍െറ ആദ്യസിനിമ. 1976ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ ഈ സിനിമയ്‌ക്കായിരുന്നു. ഹോട്ട്‌ ഹെഡ്‌ഡ്‌, ക്വസ്റ്റ്‌ഫോര്‍ ഫയര്‍, ദ നെയിം ഓഫ്‌ റോസ്‌ എന്നിവയാണ്‌ അന്നോദിന്‍െറ മറ്റ്‌ പ്രശസ്‌ത ചിത്രങ്ങള്‍. `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റി'ന്‍െറ പേരില്‍ അന്നോദിനും ഹാരറെയും ഓഫ്‌ഷണേറ്ററെയും അവതരിപ്പിച്ച പ്രശസ്‌തനടന്മാരായ ബ്രാഡ്‌ പിറ്റ്‌, ഡേവിഡ്‌ തിയൂലിസ്‌ എന്നിവര്‍ക്കും ചൈന ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഈ സിനിമ ചൈന നിരോധിച്ചിട്ടുമുണ്ട്‌.


ദലായ്‌ലാമയുടെ ജീവിതം ആധാരമാക്കി ഇതേവര്‍ഷം (1997) മറ്റൊരു സിനിമയും ഇറങ്ങിയിട്ടുണ്ട്‌. മാര്‍ട്ടിന്‍ സേ്‌കാര്‍സെസെയുടെ `കുന്‍ഡുന്‍' ആണീ ചിത്രം. സേ്‌കാര്‍സെസെയുടെ മികച്ച ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന `കുന്‍ഡുന്‍' നിരൂപക ശ്രദ്ധനേടിയിട്ടുണ്ട്‌. ഈ ചിത്രം കാരണം സേ്‌കാര്‍സെസെയ്‌ക്കും ചൈന ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Sunday, March 16, 2008

മരണത്തിന്റെ തണുപ്പ്‌

സിനിമ
എന്ന മാധ്യമം ശരിക്കും വഴങ്ങിയിട്ടുള്ളവര്‍ക്ക്‌ പ്രമേയം ഒരു പ്രശ്‌നമേയല്ല. ഏതു വിഷയവും അവര്‍ സ്വീകരിക്കും. അതിനെ പാകപ്പെടുത്തി സ്വന്തം മുദ്രപതിച്ച്‌ പ്രേക്ഷകന്‌ നല്‍കും. പ്രകൃതിയുടെ ആത്മാവ്‌ കണ്ടെത്താനും സേ്‌നഹത്തിന്‍െറ സുഗന്ധം തിരിച്ചറിയാനും മരണത്തിന്‍െറ തണുത്ത സ്‌പര്‍ശം അനുഭവിക്കാനും അത്തരം ചലച്ചിത്രകാരന്മാര്‍ക്ക്‌ കഴിയും. റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സുഖുറോവ്‌ ഈ ഗണത്തില്‍പ്പെടുന്നയാളാണ്‌. പ്രകൃതിയും മനുഷ്യരും മരണവും നിറഞ്ഞുനില്‍ക്കുകയാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന റഷ്യന്‍ചിത്രത്തില്‍.

ഏകാന്തതയും നിസ്സഹായതയും അമ്മയും മകനും തമ്മിലുള്ള ഗാഢബന്ധവും ജീവിതത്തിന്‍െറ അനുസ്യൂതപ്രവാഹവും മരണത്തിന്‍െറ ഒഴിവാക്കാനാവാത്ത കടന്നുവരവും ആണ്‌ ഈ സിനിമയുടെ പ്രമേയം. ബാഹ്യതലത്തില്‍ ഒരമ്മയും മകനും തമ്മിലുള്ള ഐക്യത്തിന്‍െറ, കരുതലിന്‍െറ, സേ്‌നഹവായ്‌പിന്‍െറ കഥയാണീ ചിത്രം പറയുന്നത്‌. പക്ഷേ, ആന്തരികമായി ഇത്‌ മരണത്തിന്‍െറ നിത്യസാന്നിധ്യത്തെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യന്‍െറ ബലഹീനതകളെയും വ്യാകുലതകളെയും ജീവിതവ്യഥകളെയും ശക്തമായി ആവിഷ്‌കരിക്കുന്നു.


റഷ്യയിലെ ഒരു വിദൂരഗ്രാമം. അവിടെ ഒറ്റപ്പെട്ട ഒരു പഴയ വീട്‌. വീട്ടില്‍ പ്രായമായ ഒരമ്മയും യുവാവായ മകനും. എഴുപത്‌ മിനിറ്റ്‌ നീണ്ട ഈ ചിത്രത്തില്‍ ഈ രണ്ട്‌ കഥാപാത്രങ്ങളേയുള്ളൂ. രണ്ടു പേര്‍ക്കും പേരില്ല. അവര്‍ കഴിഞ്ഞ കാലത്തെക്കുറിച്ചും ഒറ്റപ്പെടലിന്‍െറ സങ്കടാവസ്ഥയെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിക്കുന്നു. അവരുടെ ജീവിതത്തിലെ ഒരു ദിവസമാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്‌.


മരണം എന്നു തോന്നിപ്പിക്കുന്ന ഒരു നിശ്ചല ദൃശ്യത്തില്‍നിന്നാണ്‌ സിനിമ തുടങ്ങുന്നത്‌. പ്രഭാതം. പുതച്ചുറങ്ങുന്ന അമ്മയുടെ അടുത്ത്‌ ചെരിഞ്ഞുകിടക്കുന്ന മകന്‍. നിമിഷങ്ങള്‍ക്കുശേഷം അവന്‍ സംസാരിച്ചുതുടങ്ങുന്നു. തലേ ദിവസം കണ്ട വിചിത്രമായ സ്വപ്‌നത്തെക്കുറിച്ചാണ്‌ പറയുന്നത്‌. ഏറെ നേരമായി ഒരു വഴിയിലൂടെ നടക്കുകയായിരുന്നു താന്‍. ആരോ ഒരാള്‍ തന്നെ പിന്തുടരുന്നു. എന്തിനാണ്‌ പിന്തുടരുന്നതെന്ന്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി `ഊഹിച്ചു നോക്കൂ' എന്നായിരുന്നു. മകന്‍െറ ആത്മഗതം അമ്മ കേള്‍ക്കുന്നുണ്ട്‌. കണ്ണുതുറക്കാതെ, പാതി മയക്കത്തിലെന്നവണ്ണം അവര്‍ അതിനോട്‌ പ്രതികരിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഭീകരസ്വപ്‌നം താനും കണ്ടെന്ന്‌ അമ്മ പറയുന്നു (അദൃശ്യമായി പിന്തുടരുന്ന മരണത്തെപ്പറ്റി ആദ്യമേതന്നെ സൂചന നല്‍കുകയാണ്‌ സംവിധായകന്‍). മകന്‍ പതുക്കെ, മൃദുവായി അമ്മയുടെ മുടി ചീകിക്കൊടുക്കുന്നു. എന്തെങ്കിലും കഴിച്ചിട്ടുവേണം ഇഞ്ചക്‌ഷനെടുക്കാന്‍ എന്നോര്‍മിപ്പിക്കുന്നു. അമ്മ പക്ഷേ, അതൊന്നും ശ്രദ്ധിക്കുന്നില്ല. ഒന്നു നടക്കണം. അതാണവരുടെ ആവശ്യം. മകന്‌ അത്ഭുതമായി. നന്നേ അവശയായ അമ്മ എങ്ങനെ നടക്കും? അതും ഈ കൊടുംതണുപ്പത്ത്‌? എതിര്‍പ്പുകള്‍ക്കൊന്നും ഫലമുണ്ടായില്ല. നടന്നേ പറ്റൂ എന്ന വാശിയിലാണവര്‍. ഭക്ഷണവും ഇഞ്ചക്‌ഷനും വേണ്ടെന്നുവെച്ച്‌ മകന്‍ അമ്മയെ അനുസരിക്കുന്നു.


വീടിനുപുറത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലാണിപ്പോള്‍ ക്യാമറ. അത്‌ സാവകാശം ചലിക്കുന്നു. ഫ്രെയിമില്‍ അമ്മയും മകനും. അവര്‍ വീടിന്‍െറ പൊളിഞ്ഞ പടികളിറങ്ങുകയാണ്‌. അവന്‍ അമ്മയെ രണ്ടുകൈകൊണ്ടും വാരിയെടുത്ത്‌ പതുക്കെ നടക്കുന്നു. ആ സുഖാലസ്യത്തില്‍ അമ്മ ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാവുന്നു. കരിയിലകളില്‍ അമരുന്ന ഷൂസിന്‍െറയും കിളികളുടെയും ശബ്ദംമാത്രം. ചാഞ്ഞുകിടക്കുന്ന വലിയൊരു വൃക്ഷത്തിന്‍െറ തണലിലെ ബെഞ്ചില്‍ അവന്‍ അമ്മയെ പതുക്കെ കിടത്തുന്നു. മരത്തിനും ഏറെ പ്രായമുണ്ട്‌. അമ്മയുടെ ചുളിഞ്ഞ മുഖത്തിന്‍െറ ക്ലോസപ്പ്‌ കാട്ടുമ്പോള്‍ മരവും ആ ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുന്നു. വാര്‍ധക്യങ്ങളുടെ സംഗമം സൂചിപ്പിക്കുന്നു ഇവിടെ. അന്നുമാത്രം തന്‍െറ ശ്രദ്ധയില്‍പ്പെട്ട പഴയൊരു ആല്‍ബത്തെക്കുറിച്ച്‌ മകന്‍ പറയുന്നു. കുറെ പോസ്റ്റ്‌കാര്‍ഡുകളും ഫോട്ടോകളുമടങ്ങിയ ആല്‍ബം. അതിനകത്ത്‌ അലക്‌സാണ്ടര്‍ എന്നുപേരായ ആരോ അയച്ച ഒരെഴുത്ത്‌. ഏതോ ഒരു വൈകുന്നേരം ഒരുമിച്ച്‌ നൃത്തംചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്യുന്ന ആ കത്ത്‌ വായിച്ചുകൊണ്ടിരിക്കെ അമ്മ പതുക്കെ കൈയുയര്‍ത്തി മകന്‍െറ മുടിയില്‍ വിരലോടിക്കുന്നു. മധുരതരമായ ഓര്‍മയുടെ തിരതള്ളലില്‍ അവര്‍ പുഞ്ചിരിക്കുന്നു. മകന്‍െറ മുഖം തന്‍െറ മുഖത്തോട്‌ സേ്‌നഹത്തോടെ ചേര്‍ത്തുപിടിക്കുന്നു. അലക്‌സാണ്ടര്‍ ആരാണ്‌ എന്ന മകന്‍െറ ചോദ്യത്തിന്‌ അവര്‍ മറുപടി പറയുന്നില്ല. മറ്റൊരു കത്തു വായിക്കവേ അമ്മ അസ്വസ്ഥയാകുന്നു. ആകാശത്തുനിന്ന്‌ ആരോ തുറിച്ചുനോക്കുന്നതായി അവര്‍ക്കു തോന്നുന്നു. നടക്കണമെന്ന്‌ അവര്‍ വീണ്ടും ആവശ്യപ്പെടുന്നു.


മകന്‍ അമ്മയെ ഇരുകൈകളിലും താങ്ങിയെടുത്ത്‌ നടക്കുകയാണ്‌. എങ്ങും മരങ്ങളും പച്ചപ്പും പൂക്കളും. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയെ ഒരിടത്ത്‌ ഇറക്കിവെക്കുന്നു. ഏറെനേരത്തിനുശേഷം അവര്‍ കണ്ണുതുറക്കുന്നു. മകന്‍ കുട്ടിക്കാലത്തെ തന്‍െറ ഏകാന്തതയെക്കുറിച്ച്‌ അമ്മയോട്‌ പരിഭവം പറയുകയാണ്‌. അധ്യാപികയായ അമ്മ സ്‌കൂളില്‍നിന്നു വരുന്നതും കാത്ത്‌ ഉത്‌കണ്‌ഠയോടെ കഴിഞ്ഞിരുന്ന നാളുകള്‍. മകനെ തന്നില്‍നിന്നും അകറ്റുമോ എന്ന്‌ തനിക്കും പേടിയായിരുന്നു എന്ന്‌ അമ്മയും പറയുന്നു (ആരാണ്‌ അകറ്റാന്‍ നോക്കിയത്‌ എന്നൊന്നും സൂചിപ്പിക്കുന്നില്ല. ഇവിടെയൊന്നും പ്രേക്ഷകന്‍െറ സംശയങ്ങളെക്കുറിച്ച്‌ സംവിധായകന്‍ ശ്രദ്ധിക്കുന്നേയില്ല. അമ്മയും മകനും കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞുവെച്ചതിന്‍െറ തുടര്‍ച്ചപോലെ സംസാരിക്കുകയാണ്‌. അതില്‍ താന്‍ ഇടപെടുന്നില്ല എന്ന സമീപനമാണ്‌ സംവിധായകന്‍ സ്വീകരിക്കുന്നത്‌).


തിരിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മ അസ്വസ്ഥയായിരുന്നു. ജനലിനടുത്താണവര്‍ കിടക്കുന്നത്‌. തോട്ടത്തില്‍ പൂക്കള്‍ നിറഞ്ഞുനില്‌ക്കുകയാണ്‌. ആ കാഴ്‌ച അവരുടെ മനസ്സില്‍ വിഷാദം പടര്‍ത്തുന്നു. ഇനിയൊരു വസന്തം തന്‍െറ ജീവിതത്തിലുണ്ടാവില്ലെന്ന്‌ അവര്‍ വ്യാകുലപ്പെടുന്നു. അമ്മയും മകനും വീണ്ടും സംഭാഷണം തുടങ്ങുന്നു. ഈ ചിത്രത്തിലെ ഏറ്റവും നീണ്ട ദൃശ്യങ്ങളിലൊന്നാണിത്‌. തനിക്ക്‌ മരണത്തെ പേടിയാണെന്ന്‌ അമ്മ പറയുന്നു. ``എന്നാല്‍പ്പിന്നെ മരിക്കേണ്ട'' എന്നു മകന്‍. ``ആഗ്രഹിക്കുന്നത്ര കാലം അമ്മ ജീവിച്ചോളൂ.'' എന്തിനിങ്ങനെ ജീവിക്കണം എന്ന അവരുടെ ചോദ്യത്തിന്‌ അവനു മറുപടിയുണ്ടായില്ല. വസന്തകാലത്തെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍ തനിക്കാവില്ലെന്ന്‌ അമ്മ പറയുന്നു. പുറത്തു പോകുമ്പോള്‍ ധരിക്കാന്‍ ഒറ്റ വസ്‌ത്രവുമില്ല. എങ്കില്‍, ആരെയും കാണാതെ, ആരുമായും ബന്ധപ്പെടാതെ, പുറത്തേക്കിറങ്ങാതെ നമുക്ക്‌ ജീവിക്കാം എന്നായി മകന്‍. അത്‌ പക്ഷേ, അമ്മയ്‌ക്ക്‌ സമ്മതമായിരുന്നില്ല. പ്രകൃതിയെക്കാണാതെ, മറ്റു മനുഷ്യരെക്കാണാതെ ജീവിക്കാന്‍ അവര്‍ക്ക്‌ പ്രയാസമായിരുന്നു. തനിക്ക്‌ പാര്‍ക്കില്‍ പോകണമെന്ന്‌ അവര്‍ മകനോട്‌ ആവശ്യപ്പെടുന്നു. ഈ ഗ്രാമത്തില്‍ പാര്‍ക്കൊന്നുമില്ലെന്ന്‌ മകന്‍ ഓര്‍മപ്പെടുത്തുന്നു. ഒരെണ്ണം ഉണ്ടായിരുന്നത്‌ അമ്മയുടെ ജന്മനാട്ടിലാണ്‌. ചുറ്റും സംഗീതം പൊഴിക്കുന്ന ഒരു പാര്‍ക്കുണ്ടെന്നും അതിലൂടെ നടക്കണമെന്നും അമ്മ വീണ്ടും പറയുന്നു.


മകന്‍െറ മടിയിലാണിപ്പോള്‍ അമ്മ. മകന്‍െറ ജീവിതം അതികഠിനമായിരുന്നു എന്ന്‌ അവര്‍ സങ്കടപ്പെടുന്നു. പക്ഷേ, കാഠിന്യം പലപ്പോഴും അത്ര മോശപ്പെട്ട കാര്യമല്ലെന്നു പറഞ്ഞ്‌ അവര്‍ മകനെ സമാശ്വസിപ്പിക്കുന്നു. അമ്മയ്‌ക്ക്‌ അവനോട്‌ ഖേദം പ്രകടിപ്പിക്കണമെന്നുണ്ട്‌. തന്നെ നോക്കി ജീവിതം പാഴാക്കിയതിന്‌, യൗവനത്തില്‍ ഒരു കൂട്ടിനെപ്പറ്റി അവനെ ഓര്‍മിപ്പിക്കാത്തതിന്‌. എല്ലാറ്റിനും ഖേദം പ്രകടിപ്പിക്കാനവര്‍ക്ക്‌ ആഗ്രഹമുണ്ട്‌. അത്തരം കാര്യമൊന്നും തന്നെ അലട്ടുന്നില്ലെന്ന ഭാവമാണ്‌ മകന്‌. ``നമ്മള്‍ അന്യോന്യം സേ്‌നഹിക്കുന്നുണ്ടല്ലോ, അതു മതി'' എന്നാണവന്‍െറ പ്രതികരണം.


മകന്‍ ഏകനായിപ്പോകുമല്ലോ എന്നോര്‍ത്താണ്‌ അമ്മയ്‌ക്ക്‌ കൂടുതല്‍ വിഷമം. അമ്മ അടുത്തൊന്നും മരിക്കാന്‍ പോകുന്നില്ല എന്നവന്‍ ഉറപ്പിച്ചുപറയുന്നു. ``നമ്മള്‍ ഒരുമിച്ചങ്ങനെ കഴിയും.'' അമ്മയ്‌ക്കതിനു മറുപടിയുണ്ട്‌: ``ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ ജീവിക്കാന്‍ കഴിയും. അതൊരു ദൗര്‍ഭാഗ്യമോ ദുരന്തമോ അല്ല. പക്ഷേ, ആ അവസ്ഥ ദുഃഖകരമാണ്‌.'' (ഇതു പറയുമ്പോള്‍ സ്‌ക്രീനില്‍നിന്ന്‌ അമ്മയും മകനും അപ്രത്യക്ഷരാകുന്നു. കറുത്തമേഘങ്ങള്‍ നീങ്ങുന്ന ആകാശം പ്രത്യക്ഷപ്പെടുന്നു. ഇനിയുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നില്‍ പെയ്യാന്‍ കൊതിക്കുന്ന ഈ മേഘങ്ങള്‍ മാത്രമേയുള്ളൂ.)


അമ്മയോട്‌ ഒന്നു മയങ്ങാന്‍ പറഞ്ഞ്‌ മകന്‍ വീട്ടില്‍നിന്നിറങ്ങുന്നു. അമ്മയെ എടുത്തു നടന്ന അതേ വഴികളിലൂടെ അവന്‍ വീണ്ടും നടക്കുകയാണ്‌. പശ്ചാത്തലത്തില്‍ തീവണ്ടിയുടെ ശബ്ദം. അവന്‍ നോക്കിനിലെ്‌ക്ക, വെളുത്ത പുക തുപ്പി കറുത്ത നാടപോലെ അതങ്ങനെ ഇഴഞ്ഞുപോകുന്നു. പിന്നെ അവന്‍ കാണുന്നത്‌ കടലില്‍ ഒറ്റയ്‌ക്ക്‌ നീങ്ങുന്ന വഞ്ചിയാണ്‌. തിരിച്ചുവരും വഴി മരക്കൂട്ടത്തിനിടയില്‍ അവന്‍ കുറച്ചുനേരം നില്‌ക്കുന്നു. ഒരു മരത്തില്‍ ചാരിനിന്ന്‌ മുഖം പൊത്തിക്കരയുന്നു.


മകന്‍ വീടിന്‍െറ പടികള്‍ കയറുകയാണ്‌. മഞ്ഞില്‍ മുങ്ങി നില്‌ക്കുന്ന വീട്‌ ഒരു നിശ്ചലചിത്രംപോലെ, അവ്യക്തമായി നമുക്ക്‌ കാണാം. അവന്‍ അമ്മയുടെ അടുത്തുചെന്ന്‌ നിലത്തിരിക്കുന്നു. അവരുടെ കൈ നിശ്ചലമാണ്‌. അമ്മയോട്‌ അവനെന്തോ പറയാന്‍ ബാക്കിയുണ്ടായിരുന്നു. അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മ കേള്‍ക്കുന്നുണ്ടെന്ന വിശ്വാസത്തില്‍ അവന്‍ പറയുന്നു: ``നമ്മള്‍ പരസ്‌പരം സമ്മതിച്ച സ്ഥലത്ത്‌ വീണ്ടും കണ്ടുമുട്ടും. ക്ഷമയോടെ എനിക്കുവേണ്ടി കാത്തിരിക്കുക.''


മരണത്തെ ഇത്ര ശക്തമായി ആവിഷ്‌കരിച്ചിട്ടുള്ള ചിത്രങ്ങള്‍ വളരെ കുറവാണ്‌. മകന്‍ പടിയിറങ്ങിപ്പോകുന്ന ദൃശ്യത്തില്‍ അമ്മയുടെ കൈവിരലില്‍ ഒരു പൂമ്പാറ്റ വന്നു നില്‌ക്കുന്നുണ്ട്‌. ഒരു ചെറു ചിരിയോടെ, കൗതുകത്തോടെയാണവര്‍ അതിനെ നോക്കുന്നത്‌. മകന്‍ തിരിച്ചു വരുമ്പോള്‍ അമ്മയുടെ ഒരു കൈയുടെ ക്ലോസപ്പ്‌ ആണ്‌ കാണിച്ചു തരുന്നത്‌. വിറങ്ങലിച്ചു കിടക്കുന്ന നീണ്ട വിരലുകള്‍. ആ പൂമ്പാറ്റ അപ്പോഴും അവിടെത്തന്നെയുണ്ട്‌. അവന്‍ സാവകാശം മുഖം കുനിച്ച്‌ ഊതി നോക്കുന്നു. പൂമ്പാറ്റ അനങ്ങുന്നില്ല. ആ കൈയില്‍ അവന്‍ മുഖമമര്‍ത്തുന്നു. അമ്മയുടെയും മകന്‍െറയും കൈകള്‍ മാത്രമാണിപ്പോള്‍ സ്‌ക്രീനില്‍. പെട്ടെന്ന്‌ ഉയര്‍ന്നു പൊങ്ങി, അമര്‍ന്നു പോകുന്ന മകന്‍െറ നിലവിളി ഒരു നിമിഷനേരത്തേക്ക്‌ നമ്മള്‍ കേള്‍ക്കുന്നു. അപ്പോള്‍, പൂമ്പാറ്റ ചെറുതായൊന്ന്‌ ഇളകുന്നത്‌ കാണാം. അവസാനരംഗത്ത്‌, ആദ്യത്തെ ദൃശ്യത്തിനു സമാനമായ രീതിയിലാണ്‌ അമ്മയുടെയും മകന്‍െറയും കിടപ്പ്‌. കഥ അവസാനിപ്പിക്കാന്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല ഇവിടെ മരണം. തുടക്കം മുതലേ മരണത്തിന്‍െറ സാന്നിധ്യമുണ്ട്‌. ഓരോ സന്ദര്‍ഭത്തിലും അതിന്‍െറ വ്യക്തമായ സൂചനകള്‍ പ്രതീകങ്ങളായും സംഭാഷണമായും സംവിധായകന്‍ നല്‌കുന്നുണ്ട്‌.


മരണത്തിന്‍െറ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഒരു സിനിമ സാധാരണഗതിയില്‍ നമ്മെ അസ്വസ്ഥമാക്കണമെന്നില്ല. പക്ഷേ, ബന്ധങ്ങളുടെ സൂക്ഷ്‌മതലങ്ങളെ തീവ്രമായി ആവിഷ്‌കരിക്കുന്ന ഈ സിനിമയില്‍ അമ്മയുടെ മരണം നമ്മെ വിഷാദത്തിലാഴ്‌ത്തും. മകനെപ്പോലെ മരണത്തിന്‍െറ തണുത്തുറഞ്ഞ മുഖം സ്‌പര്‍ശിച്ചറിയുമ്പോള്‍ നമ്മളും ഒരു നിമിഷം അസ്വസ്ഥരാകും.


(ഷൊഹെയ്‌ ഇമാമുറയുടെ `ദ ബല്ലാഡ്‌ ഓഫ്‌ നരയാമ' എന്ന ജാപ്പനീസ്‌ ചിത്രത്തിന്‍െറ മറുപക്ഷത്ത്‌ നില്‌ക്കുന്നു `മദര്‍ ആന്‍ഡ്‌ സണ്‍'. എഴുപത്‌ തികയുന്ന മാതാപിതാക്കളെ നരയാമ കുന്നുകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന സേ്‌നഹശൂന്യരായ മക്കളുടെ കഥയാണ്‌ ഇമാമുറ നമുക്കു പറഞ്ഞു തന്നത്‌.)


മനോഹരമായ പെയിന്‍റിങ്ങുകള്‍ കൊണ്ടു തീര്‍ത്ത അപൂര്‍വ സൃഷ്‌ടിയാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' . ഓരോ ദൃശ്യവും ഓരോ പെയിന്‍റിങ്‌ പോലെ. ഈ ചിത്രത്തിനു വേഗം കുറവാണ്‌. കഥാപാത്രങ്ങളുടെ മനസ്സും ശരീരവും പോലെ ക്യാമറയും അധികം ചലിക്കുന്നില്ല. മന്ദതാളത്തിലാണ്‌ ചിത്രീകരണം. ഓരോ ദൃശ്യവും ഏറെ നീണ്ടുനില്‌ക്കുന്നു. എന്നിട്ടും ഒരു നിമിഷംപോലും നമുക്കു മടുപ്പ്‌ തോന്നുന്നില്ല.


പ്രകൃതി ഈ ചിത്രത്തില്‍ ഒരവിഭാജ്യ ഘടകമാണ്‌. ഓരോ ദൃശ്യത്തിലും പ്രകൃതിയുടെ ശക്തമായ സാന്നിധ്യമുണ്ട്‌. പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശബ്ദങ്ങളും ചുറ്റും കേള്‍ക്കുന്നവതന്നെ. കിളികളുടെ ചിലയ്‌ക്കല്‍, ശക്തമായ കാറ്റ്‌, ഇടിമുഴക്കം, കടലിന്‍െറ ഇരമ്പല്‍, ചൂളംവിളിച്ച്‌ കടന്നുപോകുന്ന തീവണ്ടി എന്നീ ശബ്ദങ്ങളാണ്‌ സിനിമയിലുടനീളം പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌.


1997-ല്‍ ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലില്‍ റഷ്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു `മദര്‍ ആന്‍ഡ്‌ സണ്‍'. ദ ലോണ്‍ലി വോയ്‌സ്‌ ഓഫ്‌ മാന്‍, ഡെയ്‌സ്‌ ഓഫ്‌ എക്ലിപ്‌സ്‌, സേവ്‌ ആന്‍ഡ്‌ പ്രൊട്ടക്ട്‌, ദ സെക്കന്‍ഡ്‌ സര്‍ക്കിള്‍, സ്റ്റോണ്‍, വിസ്‌പറിങ്‌ പേജസ്‌ തുടങ്ങിയവയാണ്‌ സുഖുറോവിന്‍െറ മറ്റു പ്രധാന സിനിമകള്‍. ആന്ദ്രെ തര്‍ക്കോവ്‌സ്‌കി അവാര്‍ഡ്‌, റഷ്യന്‍ ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌, 97ലെ മോസേ്‌കാ ഫിലിം ഫെസ്റ്റിവലില്‍ സെ്‌പഷല്‍ ജൂറി സമ്മാനം എന്നിവ നേടിയിട്ടുള്ള ചിത്രമാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍'.

Saturday, March 8, 2008

ഗെയ്‌ഷയുടെ ഓര്‍മക്കുറിപ്പ്‌

ജാപ്പനീസ്‌ ഭാഷയില്‍ `ഗെയ്‌ഷ' എന്നാല്‍ കലാകാരി എന്നാണര്‍ഥം. ഗെയ്‌ഷമാര്‍ പൊങ്ങുതടിപോലെയാണ്‌. ഒഴുക്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരുക എന്നതാണവരുടെ വിധി. അവര്‍ക്ക്‌ പ്രതീക്ഷിക്കാനൊന്നുമില്ല. ആര്‍ക്കോ വേണ്ടിയുള്ള ജന്മമാണവരുടേത്‌. രാത്രിയുടെ മാത്രം അലങ്കാരമാണവര്‍. അവര്‍ക്കാരെയും പ്രണയിക്കാന്‍ പാടില്ല. കുടുംബബന്ധം പാടില്ല. ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും യഥാര്‍ഥ മുഖം ഒളിപ്പിക്കാന്‍ വേണ്ടി അവര്‍ മുഖത്ത്‌ ചായമിടുന്നു. വിലപിടിച്ച പട്ടിന്‍െറ കിമോണ അണിയുന്നു. പാട്ടുപാടുന്നു, നൃത്തം ചെയ്യുന്നു, മധുരമായി സംസാരിക്കുന്നു. അവര്‍ കലാകാരികളാണ്‌. ശരീരമല്ല, കലയിലെ പ്രാവീണ്യമാണവര്‍ വില്‍ക്കുന്നത്‌. ഗെയ്‌ഷയുടെ ജീവിതം നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ക്കായി ഏതെങ്കിലുമൊരു സമ്പന്നനെ `രക്ഷിതാവാ'യി നേടുന്നതോടെ അവരുടെ ജീവിതം `പൂര്‍ണ'മാകുന്നു. ഒടുവില്‍ ഗെയ്‌ഷത്തെരുവിലെ ഏതെങ്കിലും അടഞ്ഞ മുറിയില്‍ കരിന്തിരിയായി അണയുന്നു.

രണ്ടാം ലോക മഹായുദ്ധകാലംവരെ ജപ്പാനില്‍ ശക്തമായി നിലനിന്നിരുന്ന ഒരു വിഭാഗമാണ്‌ ഗെയ്‌ഷമാര്‍. 1920കളില്‍ എണ്‍പതിനായിരത്തിലധികം ഗെയ്‌ഷമാര്‍ ഉണ്ടായിരുന്നു എന്നാണ്‌ കണക്ക്‌. ഇന്ന്‌ അത്തരക്കാരെ കാണാനാവില്ല. എങ്കിലും ചിലയിടത്തൊക്കെ ചിലരിങ്ങനെ ജീവിച്ചുപോകുന്നുണ്ട്‌.ദാരിദ്ര്യത്തില്‍ പിറന്ന്‌, ഒമ്പതാം വയസ്സില്‍ ഗെയ്‌ഷത്തെരുവില്‍ വില്‍ക്കപ്പെട്ട്‌, ദുരിതപര്‍വങ്ങള്‍ താണ്ടി, സേ്‌നഹിച്ച പുരുഷനോടൊപ്പം മറ്റൊരു ജീവിതത്തിലേക്ക്‌ ആഹ്ലാദത്തോടെ നടന്നുപോയ ചിയോ എന്ന സയൂരിയുടെ കഥയാണ്‌ അമേരിക്കന്‍ സംവിധായകനായ റോബ്‌ മാര്‍ഷല്‍ `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ' എന്ന ഇംഗ്ലീഷ്‌ ചിത്രത്തിലൂടെ പറയുന്നത്‌. ആര്‍തര്‍ ഗോള്‍ ഡന്‍ ഇതേപേരിലെഴുതിയ നോവലാണ്‌ 2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്‌ക്കാധാരം (40 ലക്ഷം കോപ്പി വിറ്റുപോയ നോവലാണിത്‌. 32 ഭാഷകളിലേക്ക്‌ ഈ കൃതി വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌).

റോബ്‌ മാര്‍ഷലിന്‍െറ സംവിധാന മികവും ഡയോണ്‍ ബീബെയുടെ വിരുതേറിയ ഛായാഗ്രഹണവും `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ'യെ അവിസ്‌മരണീയ അനുഭവമാക്കി മാറ്റുന്നു. ചിയോയുടെ ബാല്യവും യൗവനവും പൂത്തുലയുന്ന ഗെയ്‌ഷത്തെരുവില്‍ ജീവിതത്തിന്‍െറ സമസ്‌ത ഭാവങ്ങളും സംവിധായകന്‍ കണ്ടെത്തുന്നു. 135 മിനിറ്റു നീണ്ട ഈ ചിത്രത്തില്‍ അനാവശ്യവും വിരസവുമായ ഒരു രംഗംപോലും എടുത്തുകാട്ടാനില്ല. കണിശമായ എഡിറ്റിങ്‌ ചിത്രത്തിനൊരു താളം നല്‍കുന്നു.
1929ലാണ്‌ കഥ തുടങ്ങുന്നത്‌, കനത്ത മഴപെയ്യുന്ന ഒരു രാത്രി. ഒമ്പതുകാരി ചിയോയെയും ചേച്ചി സത്‌സുവിനെയും തനാക്ക എന്നൊരാള്‍ക്ക്‌ അച്ഛന്‍ വില്‍ക്കുകയാണ്‌. സുന്ദരിയായ ചിയോ ഗെയ്‌ഷമാര്‍ താമസിക്കുന്ന തെരുവില്‍ (ഒക്കിയ) എത്തിപ്പെടുന്നു. അവിടത്തെ നടത്തിപ്പുകാരി `അമ്മ'യാണ്‌ അവളെ വാങ്ങുന്നത്‌. സഹോദരി സത്‌സു തൊട്ടടുത്തുള്ള അനാശാസ്യ കേന്ദ്രത്തിലാണ്‌ എത്തുന്നതണ്‌.ഗെയ്‌ഷയായി പരിശീലനം നേടുന്ന പമ്പ്‌കിന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ചിയോയുടെ കൂട്ടുകാരി. ഗെയ്‌ഷയാണെങ്കിലും സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന ഹത്‌സുമോമോ എന്ന യുവതി ചിയോയെ ഒറ്റനോട്ടത്തില്‍ത്തന്നെ വരുംകാല എതിരാളിയായി കണ്ടു.
എങ്ങനെയെങ്കിലും ചിയോയെ നശിപ്പിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.സഹോദരിയെ ഓര്‍ത്ത്‌ എന്നും കരയും ചിയോ. ഒരു ദിവസം അവള്‍ സത്‌സുവിനെ ചെന്നുകാണുന്നു. അടുത്തദിവസം രാത്രി സ്ഥലംവിടാന്‍ ഇരുവരും തീരുമാനിക്കുന്നു. രാത്രി `ഒക്കിയ'യില്‍ തിരിച്ചെത്തിയ ചിയോ അരുതാത്ത കാഴ്‌ച കണ്ടു. ഹത്‌സുമോമോ കാമുകനുമൊത്ത്‌ രതിക്രീഡ നടത്തുന്നു. തന്‍െറ രഹസ്യം `അമ്മ' അറിയാതിരിക്കാന്‍ ഹത്‌സുമോമോ ചിയോയെ്‌ക്കതിരെ ആരോപണമുന്നയിക്കുന്നു. തന്‍െറ പണം മോഷ്‌ടിച്ച്‌ ചിയോ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. `അമ്മ' ചിയോയെ ശിക്ഷിക്കുന്നു. അടി സഹിക്കാനാവാതെ ചിയോ താന്‍ കണ്ട കാര്യം വെളിപ്പെടുത്തുന്നു.`ഒക്കിയ'യുടെ മേല്‌പുരയിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കവെ ചിയോയ്‌ക്ക്‌ വീണു പരിക്കേല്‍ക്കുന്നു. ഇതിന്‍െറ ശിക്ഷയായി അവളെ വേലക്കാരിയാക്കി മാറ്റുന്നു. ഗെയ്‌ഷസ്‌കൂളിലെ പഠനവും നിര്‍ത്തി. ഇതിനിടെ, അച്ഛനും അമ്മയും മരിച്ച വിവരം ചിയോ അറിയുന്നു. സത്‌സു രക്ഷപ്പെട്ട വിവരവും അവളറിയുന്നു.
സുനോഗവ നദിയിലെ പാലത്തില്‍വെച്ച്‌ ഒരു കമ്പനിയുടെ ചെയര്‍മാനായ ഇവാമുറ എന്ന മധ്യവയസ്‌കന്‍ ദുഃഖിതയായ ചിയോയെ കണ്ടുമുട്ടുന്നു. അവളുടെ തിളങ്ങുന്ന കണ്ണുകളാണ്‌ അയാളെ ആകര്‍ഷിച്ചത്‌. വസന്തകാല നൃത്തത്തിനു പോവുകയായിരുന്നു ചെയര്‍മാന്‍. കൂടെ ഒരു ഗെയ്‌ഷയുമുണ്ട്‌. `നീ വീണോ' എന്നു ചോദിച്ച്‌ ചെയര്‍മാന്‍ അടുത്തു വരുന്നു. അയാളിലാണ്‌ ചിയോ ആദ്യമായി കരുണയുള്ള ഹൃദയം കണ്ടെത്തുന്നത്‌. ചെയര്‍മാന്‍ അവള്‍ക്ക്‌ ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നു. കുറച്ചു പണം തന്‍െറ കര്‍ച്ചീഫില്‍ പൊതിഞ്ഞ്‌ നല്‍കുന്നു. മനസ്സു നിറഞ്ഞ പുഞ്ചിരി പകരമായി വാങ്ങി, അവളുടെ കവിളില്‍ സേ്‌നഹത്തോടെ തലോടി അയാള്‍ യാത്ര പറയുന്നു. ആ നിമിഷങ്ങള്‍ ചിയോയെ വല്ലാതെ സ്‌പര്‍ശിച്ചു. അവളുടെ മനസ്സ്‌ ചെയര്‍മാന്‍െറ കാരുണ്യത്തിനു പിന്നാലെ നീങ്ങി. അയാളുടെ ലോകത്ത്‌ എത്തിപ്പെടാന്‍ അവള്‍ കൊതിച്ചു. ഒരു ഗെയ്‌ഷയായി അയാളെ വീണ്ടും കണ്ടുമുട്ടണം. ചെയര്‍മാന്‍ പണം പൊതിഞ്ഞു നല്‍കിയ കര്‍ച്ചീഫ്‌ അവള്‍ നിധിപോലെ സൂക്ഷിച്ചു.മമേഹ എന്ന ഗെയ്‌ഷ ചിയോയെ സ്വന്തം സഹോദരിയെപ്പോലെ ഏറ്റെടുക്കുന്നു. നല്ലൊരു ഗെയ്‌ഷയായി മാറാന്‍ മമേഹ അവളെ പരിശീലിപ്പിക്കുന്നു. ചിയോ പുതിയ പേര്‌ സ്വീകരിച്ചു-സയൂരി. സയൂരിക്കിപ്പോള്‍ പതിനഞ്ച്‌ വയസ്സായി. പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവള്‍ പരിശീലിച്ചുകഴിഞ്ഞു.
സൗന്ദര്യത്തിന്‍െറ മറ്റൊരു ലോകമാണ്‌ ഗെയ്‌ഷമാര്‍ സൃഷ്‌ടിക്കുന്നതെന്ന്‌ മമേഹ പറയുന്നു. ഒറ്റ നോട്ടത്തില്‍ ഒരു പുരുഷനെ ആകര്‍ഷണ വലയത്തില്‍ വീഴ്‌ത്താന്‍ കഴിയുന്നതുവരെ ഒരുത്തിയും ഗെയ്‌ഷയാകുന്നില്ല എന്നാണ്‌ മമേഹയുടെ അഭിപ്രായം, ചായയുണ്ടാക്കുമ്പോള്‍, മദ്യം പകരുമ്പോള്‍, നൃത്തം ചെയ്യുമ്പോള്‍, വേഷമണിയുമ്പോള്‍ ചിയോയുടെ മനസ്സ്‌ ചെയര്‍മാനിലായിരുന്നു. അദ്ദേഹത്തിനു വേണ്ടിയാണ്‌ ,അദ്ദേഹം കാണാനാണ്‌ താന്‍ ഒരുങ്ങുന്നത്‌.ഗെയ്‌ഷയായി സയൂരിയുടെ അരങ്ങേറ്റം നടക്കുന്നു. അവളുടെ സൗന്ദര്യത്തിനും നൃത്തത്തിനും മുന്നില്‍ സദസ്യര്‍ നിശ്ശബ്ദരായി. സമ്പന്നരെല്ലാം സയൂരിയുടെ സാമീപ്യം കൊതിച്ചു.ഒരു ദിവസം മമേഹ സയൂരിയെ സുമോഗുസ്‌തി മത്സരം കാണാന്‍ കൊണ്ടുപോകുന്നു. അവിടെ വെച്ച്‌ ചെയര്‍മാനെ കാണുകയായിരുന്നു ഉദ്ദേശ്യം. മുറിവേറ്റ സിഹത്തെപ്പോലെ ഹത്‌സുമോമോ എന്ന ഗെയ്‌ഷ സയൂരിയുടെ പിന്നാലെതന്നെയുണ്ട്‌. അവള്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ മമേഹസയൂരിയെ ചെയര്‍മാന്‍െറ അടുത്തേക്ക്‌ വിടുന്നില്ല.
ചെയര്‍മാന്‍െറ ബിസിനസ്‌ പാര്‍ട്ട്‌ണറായ നോബു തോഷികാസുവുമായി അടുത്തിടപഴകാന്‍ മമേഹ നിര്‍ദേശിക്കുന്നു. ഗെയ്‌ഷവിരോധിയാണ ്‌നോബു. പക്ഷേ, സയൂരിയുടെ ഹൃദ്യമായ പെരുമാറ്റവും സംഭാഷണ ചാതുരിയും അയാളുടെ മനസ്സിളക്കുന്നു. തന്‍െറ മനസ്സിലുള്ളത്‌ ചെയര്‍മാനോട്‌ പറയാനാവാതെ സയൂരി അഭിനയം തുടര്‍ന്നു. ചെയര്‍മാന്‍ സയൂരിയെ തിരിച്ചറിഞ്ഞ മട്ടേയില്ല.ഇതിനിടെ ഗെയ്‌ഷമാരുടെ `അമ്മ' പമ്പ്‌ കിന്നിനെ മകളായി ദത്തെടുക്കാന്‍ ആലോചിക്കുന്നു. അങ്ങനെ വന്നാല്‍ അത്‌ സയൂരിയുടെ ഭാവിയെ ബാധിക്കുമെന്ന്‌ കണക്കുകൂട്ടുന്ന മമേഹ അതിനെതിരെ കരുനീക്കുന്നു. ഇതോടെ, പമ്പ്‌ കിനും സയൂരിയുടെ ശത്രുവായി.ഒക്കിയയിലെ ഏറ്റവും പ്രശസ്‌തയായ ഗെയ്‌ഷയായി മാറി സയൂരി. ഗെയ്‌ഷയെ ലേലം വിളിച്ചാണ്‌ പ്രമാണിമാര്‍ `രക്ഷാകര്‍ത്താവായി' മാറുന്നത്‌. ഡോ.ക്രാബ്‌ എന്നൊരാള്‍ 15,000 യെന്നിന്‌ സയൂരിയെ ലേലത്തില്‍ പിടിക്കുന്നു.
ഇതിനിടെ രണ്ടാം ലോകമഹായുദ്ധംപൊട്ടിപുറപ്പെടുന്നു. അമേരിക്കന്‍ സൈനികര്‍ ഗെയ്‌ഷതെരുവിലുമെത്തി. അവരുടെ തേര്‍വാഴ്‌ചയില്‍ നിന്ന്‌ ചെയര്‍മാനും നോബുവും സയൂരിയെയും മമേഹയെയും രക്ഷപ്പെടുത്തുന്നു. രണ്ടുപേരെയും രണ്ട്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നു.യുദ്ധകാലത്ത്‌ ഒരു വിവരവും പുറത്തുവരുന്നില്ല. മരണത്തിന്‍െറയും പരാജയത്തിന്‍െറയും അപമാനത്തിന്‍െറയും വാര്‍ത്തകള്‍ മാത്രമേ എവിടെ നിന്നും കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. നഗരങ്ങള്‍ പുകമേഘങ്ങളായി, കത്തിയമരുന്നതിന്‍െറ വാര്‍ത്തകളും ഇടയ്‌ക്കിടെ വന്നുകൊണ്ടിരുന്നു. പഴയതൊക്കെ സ്വപ്‌നസമാനമായി മറവിയിലേക്ക്‌ നീങ്ങുന്ന കാലത്താണ്‌ സയൂരിയെ ജീവിതം വീണ്ടും വിളിക്കുന്നത്‌. ഒരു കുഗ്രാമത്തില്‍ അലക്കുജോലി ചെയ്‌തു കഴിയവെ നോബു അവളെ കാണാനെത്തുന്നു.
യുദ്ധം അവസാനിച്ചിരുന്നു. ചെയര്‍മാന്‍െറയും നോബുവിന്‍െറയും ബിസിനസ്‌ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. അത്‌ വീണ്ടെടുക്കണമെങ്കില്‍ അമേരിക്കയുടെ ധനസഹായം കിട്ടണം. അതിന്‌ ഒരു കേണലിനെ പ്രീതിപ്പെടുത്തണം . സയൂരി സഹായിച്ചേ പറ്റൂഎന്ന്‌ നോബു കേണപേക്ഷിക്കുന്നു. ചെയര്‍മാനെ വീണ്ടും കണ്ടുമുട്ടാമെന്നവിശ്വാസം സയൂരിയെ വീണ്ടും ഗെയ്‌ഷയായി വേഷം കെട്ടാന്‍ പ്രേരിപ്പിക്കുന്നു. ചെയര്‍മാനും നോബുവും കേണലുമെല്ലാം സയൂരിയുടെ കലാവിരുതില്‍ തൃപ്‌തരായി. പക്ഷേ, കേണലിന്‌ ഒന്നുകൂടി വേണമായിരുന്നു. അവളെ ഒറ്റയ്‌ക്ക്‌ കിട്ടാന്‍ അയാള്‍ കൊതിച്ചു. വ്യഭിചാരം ഗെയ്‌ഷയ്‌ക്ക്‌ ചേര്‍ന്നതല്ലെന്നു പറഞ്ഞ്‌ സയൂരി അയാളെ നിരാശനാക്കുന്നു. `പണമാണോ പ്രശ്‌നം' എന്ന കേണലിന്‍െറ ചോദ്യത്തിന്‌ സയൂരിയുടെ ശാന്തമായ മറുപടി ഇതായിരുന്നു: `എനിക്ക്‌ ഞാനൊരു വിലയിടുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും തരാനാവില്ല'.ബിസിനസ്‌ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുക്കാനാവില്ലെന്ന തിരിച്ചറിവില്‍ നോബു സയൂരിയെ കഠിനമായി ശകാരിക്കുന്നു. മമേഹയും അവളെ കുറ്റപ്പെടുത്തുന്നു. സ്വന്തം വിധി നിര്‍ണയിക്കാന്‍ ഗെയ്‌ഷയ്‌ക്ക്‌ഒരവകാശവുമില്ലെന്ന്‌ മമേഹ ഓര്‍മപ്പെടുത്തുന്നു.മനസ്സില്ലാ മനസ്സോടെ ഒടുവില്‍ കേണലിന്‌ കീഴടങ്ങാന്‍ സയൂരി തീരുമാനിക്കുന്നു. കേണലുമായി സംഗമം നടക്കുന്ന സമയത്ത്‌ നോബുവിനെ അവിടെയെത്തിക്കാന്‍ സയൂരി പഴയ കൂട്ടുകാരി പമ്പ്‌കിന്നിനെ ശട്ടംകെട്ടുന്നു. താന്‍ അകപ്പെട്ട ദയനീയാവസ്ഥയില്‍ നിന്ന്‌ നോബു തന്നെ രക്ഷിക്കും എന്നു സയൂരി കണക്കുകൂട്ടി. പമ്പ്‌കിന്‍ പക്ഷേ, പഴയ പക വീട്ടി. അവള്‍ നോബുവിന്‌ പകരം ചെയര്‍മാനെയാണ്‌ വിളിച്ചുകൊണ്ടുവരുന്നത്‌. സത്യം ബോധ്യപ്പെടുത്താന്‍ സയൂരി ചെയര്‍മാന്‍െറ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല.ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി, ഒരു പ്രമുഖനെ കാണാനുണ്ടെന്ന്‌ പറഞ്ഞ്‌ മമേഹ സയൂരിയെ വീണ്ടും ഗെയ്‌ഷയായി അണിയിച്ചൊരുക്കുന്നു. നോബുവിനെ കാണാനാണ്‌ പോകുന്നത്‌. അയാള്‍ വീണ്ടും പണക്കാരനാകാന്‍ പോകുന്നു. സയൂരിയുടെ രക്ഷിതാവാകാന്‍ അയാള്‍ സമ്മതിച്ചു-ഇങ്ങനെയൊക്കെയാണ്‌ മമേഹ പറയുന്നത്‌. സയൂരി നിര്‍ദിഷ്‌ട സ്ഥലത്ത്‌ നോബുവിനെ കാത്തുനില്‍ക്കുന്നു. ഏറെനേരം കഴിഞ്ഞു. അയാളെ കാണാനില്ല. പിന്നില്‍ നിന്ന്‌ ഒരു കൈ പതുക്കെ അവളുടെ തോളില്‍ പതിക്കുന്നു. അത്‌ ചെയര്‍മാനായിരുന്നു. അവര്‍ ഒന്നാകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ആറ്‌ ഓസ്‌്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ'യിലെ പ്രധാന താരങ്ങളെല്ലാം ചൈനക്കാരാണ്‌. വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കും എന്ന്‌ ഭയന്ന്‌ ചൈനയില്‍ ഈ സിനിമ നിരോധിച്ചിരിക്കുകയാണ്‌.സമൂഹം പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്ന ഗെയ്‌ഷമാരെ കരുണാര്‍ദ്രമായാണ്‌ സംവിധായകന്‍ നോക്കുന്നത്‌. കെ.പി. കുമാരന്‍െറ `രുഗ്‌മിണി'യിലേതുപോലെ മനുഷ്യത്വപൂര്‍ണമായ ട്രീറ്റ്‌മെന്‍റിലൂടെ ഗെയ്‌ഷമാരുടെ സങ്കടങ്ങള്‍ പ്രേക്ഷകരിലേക്ക്‌ പകരുന്നു. രുഗ്‌മിണി എന്ന പെണ്‍കുട്ടിക്ക്‌ പാവക്കുട്ടിയെ സമ്മാനിക്കുന്ന ആ പോലീസുകാരനെ ഓര്‍മിപ്പിക്കുന്നു ചെയര്‍മാന്‍. സമൂഹത്തിന്‍െറ കാഴ്‌ചപ്പാടിലൂടെയല്ല സംവിധായകന്‍ റോബ്‌ മാര്‍ഷല്‍ നോക്കുന്നത്‌. ഏതെല്ലാമോ പ്രവാഹങ്ങളില്‍പ്പെട്ട്‌, വിലക്കപ്പെട്ട ഇടങ്ങളില്‍ ചെന്ന്‌ അടിയേണ്ടിവരുന്ന കുറേ മനുഷ്യരെയാണ്‌ അദ്ദേഹം ഗെയ്‌ഷത്തെരുവില്‍ കണ്ടത്‌(അനാശാസ്യവൃത്തിക്കായി ഉപയോഗിക്കുമ്പോഴും പെണ്‍കുട്ടികളെ `മക്കളേ' എന്നു വിളിക്കുന്ന `രുഗ്‌മിണി'യിലെ നടത്തിപ്പുകാരിയെ കെ.പി. കുമാരന്‍ അവതരിപ്പിക്കുന്നതും ഇതേ കരുണയോടെത്തന്നെയാണ്‌).രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാനാണ്‌ ഈ സിനിമയുടെ പശ്ചാത്തലം. അന്ന്‌ ജപ്പാനിലെ ഗ്രാമീണ ജീവിതത്തില്‍ ദാരിദ്ര്യം ആഴത്തില്‍ നഖമമര്‍ത്തിയിരുന്നു. അച്ഛനമ്മമാര്‍ മക്കളെ വില്‌ക്കുന്ന അവസ്ഥയായിരുന്നു. ഒരിക്കലും അടച്ചുവീട്ടാനാവാത്ത കടക്കെണിയിലാണ്‌ വില്‌ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കുടുങ്ങിയിരുന്നത്‌.
സയൂരിയുടെ ഓര്‍മക്കുറിപ്പുകളാണ്‌ ഈ സിനിമ. തന്നെപ്പോലുള്ള ഒരാളുടെ കഥ ആരും പറയാറില്ലെന്ന്‌ സയൂരി തുടക്കത്തില്‍ത്തന്നെ സങ്കടപ്പെടുന്നു. തങ്ങള്‍ ചക്രവര്‍ത്തിനിമാരോ രാജ്ഞിമാരോ അല്ല. നിഷിദ്ധവും ഏതു നിമിഷവും തകര്‍ന്നടിയാവുന്നതുമായ ഒരു ലോകത്തിന്‍െറ സാധാരണ പ്രതിനിധികള്‍ മാത്രം. ആഹ്ലാദിക്കാന്‍, ഓര്‍മയില്‍ സൂക്ഷിക്കാന്‍ കിട്ടുന്ന നിമിഷങ്ങള്‍ എത്രയോ കുറവ്‌. അത്തരമൊരു ജീവിതത്തില്‍ ഒരു മിന്നല്‍പ്പിണരായി കടന്നുപോയ ഒരു സേ്‌നഹസ്‌പര്‍ശമാണ്‌ ഇതിവൃത്തത്തിന്‍െറ കാതലായ അംശം. ചിയോ എന്ന സയൂരിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌ ആ സ്‌പര്‍ശമാണ്‌. `മഴനിറമുള്ള' ആ തിളങ്ങുന്ന കണ്ണുകള്‍ ചെയര്‍മാന്‍െറ മനസ്സിലും പതിഞ്ഞിരുന്നു എന്ന്‌ അവസാനഭാഗത്ത്‌ നമ്മളറിയുന്നു. തന്‍െറ ജീവിതത്തിന്‌ പുഴുക്കുത്തേല്‍ക്കാതിരിക്കാന്‍ ചെയര്‍മാന്‍തന്നെയാണ്‌ മമേഹയെ രക്ഷകയായി വിട്ടത്‌ എന്ന കാര്യം സയൂരിക്കെന്നപോലെ നമുക്കും ഒടുവിലാണ്‌ മനസ്സിലാകുന്നത്‌. ചിത്രാവസാനത്തില്‍ സയൂരി അപ്രത്യക്ഷയാകുന്നു. പകരം, ആ സ്ഥാനത്ത്‌ ആഹ്ലാദവതിയായ ചിയോയെ കാണാനാകുന്നു. അവള്‍ സുനോഗവ നദിയിലെ പാലത്തില്‍ പറന്നു നടക്കുകയാണ്‌, പഴയ കൊച്ചുപെണ്‍കുട്ടിയായി.

Wednesday, March 5, 2008

ഓക്കുമരത്തിന്‍െറ സുഗന്ധം

മുപ്പതോളം ഡോക്യുമെന്‍ററികള്‍ ചെയ്‌തിട്ടുള്ള പ്രശസ്‌ത ക്യൂബന്‍ സംവിധായകന്‍ റിഗോബര്‍ട്ടോ ലോപ്പസിന്‍െറ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ്‌ `സെന്‍റ്‌ ഓഫ്‌ ഓക്‌' പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ മധ്യത്തിലെ ക്യൂബയാണ്‌ ചിത്രത്തിന്‍െറ പശ്ചാത്തലം. അക്കാലത്ത്‌ സെ്‌പയിനിന്‍െറ കോളണിയാണ്‌ ക്യൂബ. (388 കൊല്ലം സെ്‌പയിനിന്‍െറ കൈവശമായിരുന്നു ക്യൂബ. 1902-ലാണ്‌ സ്വതന്ത്രമായത്‌.) രാഷ്ട്രീയ, ചരിത്ര, സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്നാണ്‌ സ്‌പാനിഷ്‌ ഭാഷയിലുള്ള ഈ ക്യൂബന്‍ ചിത്രത്തിനു ലോപ്പസ്‌ ഇതിവൃത്തം കണ്ടെടുത്തത്‌.
കോളനി വാഴ്‌ചയിലെ കാര്‍ക്കശ്യവും ധാര്‍ഷ്‌ട്യവും സ്വാതന്ത്ര്യദാഹത്തെ അടിച്ചമര്‍ത്താനുള്ള വേവലാതിപൂണ്ട കിരാത നടപടികളുമൊക്കെ ചിത്രത്തില്‍ വിഷയമാകുന്നുണ്ട്‌. മറ്റെന്തിനേക്കാളും മനുഷ്യമഹത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, ആശയവ്യക്തതയുള്ള രണ്ടു വ്യക്തികളുടെ അസാധാരണമായ പ്രണയകഥയിലൂടെ ഭീതിദമായ ഒരു കാലഘട്ടത്തെയാണ്‌ സംവിധായകന്‍ പുനഃസൃഷ്‌ടിക്കുന്നത്‌. അടിമച്ചങ്ങല പൊട്ടിച്ചെറിയാനുള്ള സമരങ്ങളില്‍ നിശ്ശബ്ദരായി അണിചേര്‍ന്ന കണ്ണികളില്‍ ഈ കമിതാക്കളും ഉള്‍പ്പെടുന്നു. രണ്ട്‌ അറ്റങ്ങളില്‍നിന്ന്‌ എത്തിയവരായിരുന്നു അവര്‍. സമാനതകളൊന്നുമില്ലാത്ത രണ്ടു ജീവിത സാഹചര്യങ്ങളില്‍നിന്ന്‌, രണ്ടു സംസ്‌കാരങ്ങളില്‍നിന്ന്‌ എത്തിയ അവര്‍ ക്യൂബന്‍ മണ്ണില്‍ കണ്ടുമുട്ടുന്നു. അവിടത്തെ നിസ്വരായ മനുഷ്യരെയും സമ്പന്നമായ പ്രകൃതിയെയും അവര്‍ സേ്‌നഹിക്കുന്നു. സ്വപ്‌ന സദൃശമായൊരു നവലോകം കെട്ടിപ്പൊക്കാന്‍ ആദ്യത്തെ ചുവടുവെപ്പുകള്‍ നടത്തുന്നു. ഒടുവില്‍, വര്‍ണവെറിയുടെ കരാളതയില്‍ അവര്‍ അന്യരാക്കപ്പെടുന്നു. സ്വപ്‌നങ്ങളോട്‌ വിടപറഞ്ഞ്‌, കരോബ്‌ മരണത്തണലില്‍ രണ്ടു ശിലാരൂപങ്ങളായി മാറുന്നു അവര്‍.
ഹെയ്‌തിയില്‍നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിയ ഉര്‍സല ലാംബര്‍ട്ടയാണ്‌ ചിത്രത്തിലെ നായിക. അച്ഛന്‍ ഭൂവുടമയായിരുന്നു. അമ്മ അടിമത്തത്തില്‍നിന്ന്‌ മോചിപ്പിക്കപ്പെട്ട നീഗ്രോയും. ഉര്‍സുല ഒറ്റയ്‌ക്കാണ്‌ താമസം. സ്വന്തമായി തുണിക്കട നടത്തുന്നു. ബിസിനസ്‌ നടത്തി തലയുയര്‍ത്തി നില്‍ക്കുന്നവളാണ്‌ ഉര്‍സുല. സ്വന്തം വേരുകളെക്കുറിച്ച്‌ നല്ല ബോധ്യമുള്ള യുവതി. തന്‍െറ വംശമഹിമയില്‍ അവള്‍ക്ക്‌ അഭിമാനമുണ്ട്‌. സാമ്പത്തിക ഭദ്രത കൈവരിക്കുമ്പോഴും തന്‍െറ വര്‍ഗത്തെ കൂടുതല്‍ കൂടുതല്‍ സേ്‌നഹിക്കുകയാണവള്‍. മറ്റു കറുത്ത വര്‍ഗക്കാരില്‍നിന്ന്‌ താന്‍ വ്യത്യസ്‌തയാണെന്ന്‌ അവള്‍ കരുതുന്നില്ല. തന്നെ അത്തരമൊരു ഗണത്തില്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ അവള്‍ തിരിച്ചറിയുന്നുണ്ട്‌. ``ഞാന്‍ വ്യത്യസ്‌തയാണ്‌. പക്ഷേ, കറുത്തവളാണ്‌'' എന്ന്‌ അവള്‍ ആരുടെ മുഖത്തു നോക്കിയും പറയും. ചോരപുരണ്ട ചരിത്രത്തിലാണ്‌ തന്‍െറ വേരുകള്‍ പടര്‍ന്നു കിടക്കുന്നതെന്ന്‌ ഉര്‍സുലയ്‌ക്ക്‌ വ്യക്തമായറിയാം. നെപ്പോളിയനെ ആദ്യം തോല്‌പിച്ചത്‌ ഹെയ്‌തി ജനതയാണെന്ന്‌ വിചാരണയിലൂടെ തന്നെ കീറിമുറിക്കുന്ന പ്രമാണിമാരോട്‌ അവള്‍ അഭിമാനത്തോടെ പറയുന്നുണ്ട്‌. ജര്‍മന്‍ ബിസിനസ്സുകാരനായ കൊര്‍ണേലിയോ സോച്ചായിയെ അവള്‍ കണ്ടുമുട്ടുന്നത്‌ തന്‍െറ തുണിക്കടയില്‍ വെച്ചാണ്‌. ആ അടുപ്പം പ്രണയത്തിലെത്തുന്നു. ക്യൂബയില്‍ ബിസിനസ്സില്‍ മുതല്‍ മുടക്കാന്‍ എത്തിയതാണ്‌ സോച്ചായി. പക്ഷേ, തനിക്ക്‌ സ്ഥലം തെറ്റിപ്പോയി എന്നയാള്‍ പരിതപിക്കുന്നു.
പഞ്ചസാര വ്യവസായത്തിലായിരുന്നു സോച്ചായിയുടെ താത്‌പര്യം. പക്ഷേ, കാപ്പിക്കൃഷിയിലേക്ക്‌ തിരിയാനാണ്‌ ഉര്‍സുല ഉപദേശിക്കുന്നത്‌. കാപ്പിക്കൃഷിക്ക്‌ അധികം പണിക്കാരെ വേണ്ട. നല്ല വിളവും കിട്ടും. സോച്ചായി അവളുടെ ഉപദേശത്തിനു വഴങ്ങുന്നു. അവരിരുവരും കാപ്പിക്കൃഷിയിലേക്ക്‌ തിരിയുന്നു. കാപ്പിത്തോട്ടത്തിന്‌ അവളൊരു പേര്‌ കണ്ടെത്തി. അങ്കിരോണ. നിശ്ശബ്ദതയുടെ റോമന്‍ ദേവതയാണ്‌ അങ്കിരോണ. തങ്ങളുടെ കാപ്പിത്തോട്ടം ഒരു സ്വപ്‌നലോകമാക്കാന്‍ ഉര്‍സുലയും സോച്ചായിയും ആഗ്രഹിച്ചു. അങ്കിരോണയില്‍ ജോലിക്കാരോ അടിമകളോ ഇല്ല. അവരെല്ലാം സഹോദരങ്ങളെപ്പോലെയായിരുന്നു.സംസ്‌കാരത്തിനുമേല്‍ അപചയത്തിന്‍െറ കരിനിഴല്‍ വീഴുേേമ്പാള്‍ അങ്കിരോണ എല്ലാവര്‍ക്കും വെളിച്ചമേകുന്ന പ്രകാശഗോപുരമായി നില്‍ക്കണമെന്ന്‌ അവര്‍ ആഗ്രഹിച്ചു. കറുത്തവര്‍ഗക്കാരനായ മ്യൂസിക്‌ കണ്ടക്ടര്‍ ജ്വാന്‍ ഡെലക്രൂസിന്‍െറ നേതൃത്വത്തില്‍ അവര്‍ നീഗ്രോകളുടെ ഓര്‍ക്കസ്‌ട്രയ്‌ക്ക്‌ രൂപം നല്‌കുന്നു.?ഇതിനിടെ ഉര്‍സുല സ്‌പാനിഷ്‌ പൗരത്വമെടുക്കാന്‍ പോകുന്നതായി സംശയമുണരുന്നു. ഈ സംശയത്തെ അവജ്ഞയോടെ തള്ളുകയാണവള്‍. താനൊരു ഹെയ്‌തിയനാണെന്നും എപ്പോഴും അങ്ങനെത്തന്നെയായിരിക്കുമെന്നും അവള്‍ പ്രഖ്യാപിക്കുന്നു. സോച്ചായ്‌-ഉര്‍സുല ബന്ധത്തില്‍ അസഹിഷ്‌ണുതയുള്ള ഒരുപാട്‌ കുടിയേറ്റക്കാര്‍ പട്ടണത്തിലുണ്ടായിരുന്നു. അവര്‍ അങ്കിരോണയെ്‌ക്കതിരായ ഗൂഢാലോചനയിലായിരുന്നു എപ്പോഴും. അവര്‍ ഇരുട്ടിന്‍െറ മറവില്‍ കാപ്പിത്തോട്ടത്തിലെ ഗോഡൗണുകള്‍ക്ക്‌ തീയിടുന്നു.
``ഈ ലോകത്ത്‌ വ്യത്യസ്‌തരാകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ പലതും നഷ്‌ടപ്പെടും'' എന്ന്‌ പറഞ്ഞ്‌ ജ്വാന്‍ ഡെലക്രൂസ്‌ സോച്ചായിയെയും ഉര്‍സുലയെയും ആശ്വസിപ്പിക്കുന്നു. നിരാശ മറികടന്ന്‌ അവര്‍ വീണ്ടും കൃഷിയിലേക്കിറങ്ങി.അങ്കിരോണയില്‍ കാപ്പിച്ചെടികള്‍ക്ക്‌ വീണ്ടും ജീവന്‍വെച്ചു.
ഇതിനിടെ, സോച്ചായിയുടെ കസിനായ ബെര്‍ത്തഹെസ്സ്‌ എന്ന യുവതി അയാളെ അന്വേഷിച്ചെത്തുന്നു. സോച്ചായിയെ വിവാഹം കഴിക്കാന്‍ കൊതിച്ചിരുന്നവളാണ്‌ പാട്ടുകാരിയായ ഹെസ്സ്‌. സോച്ചായി ഒരു നീഗ്രോയെ ഭാര്യയാക്കിയെന്ന്‌ വിശ്വസിക്കാന്‍ അവള്‍ക്കാവുന്നില്ല. എങ്ങനെയെങ്കിലും സോച്ചായിയെ ആ ബന്ധത്തില്‍നിന്ന്‌ പിന്തിരിപ്പിക്കാനായി അവളുടെ ശ്രമം. പക്ഷേ, അവളുടെ പ്രലോഭനങ്ങളിലൊന്നും സോച്ചായി വീഴുന്നില്ല. എല്ലാവഴികളും അടഞ്ഞപ്പോള്‍ കുത്സിത വൃത്തികളിലേക്ക്‌ തിരിയുന്നു.
ഹെസ്സ്‌, ഓര്‍ക്കസ്‌ട്രയിലെ ഒരു നീഗ്രോയുവാവിനെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി അവള്‍ കിടക്ക പങ്കിടുന്നു. എന്നിട്ട്‌, തന്നെ ഒരു നീഗ്രോ ബലാത്സംഗം ചെയെ്‌തന്ന്‌ ആരോപണമുന്നയിക്കുന്നു. ആളെ തിരിച്ചറിയാന്‍ വേണ്ടി നടത്തിയ പരേഡില്‍ ഹെസ്സ്‌ മറ്റൊരാളെയാണ്‌ കുറ്റക്കാരനായി ചൂണ്ടിക്കാട്ടുന്നത്‌. യുവാവ്‌ സ്വയം കുറ്റമേറ്റിട്ടും ഹെസ്സ്‌ സമ്മതിക്കുന്നില്ല. ഉര്‍സുല ദുര്‍മന്ത്രവാദത്തിലൂടെ അടിമകളെ വശീകരിച്ച്‌ കലാപത്തിനു പ്രേരിപ്പിക്കുകയാണെന്നും അടിമവ്യാപാരത്തിനും അടിമത്തത്തിനുമെതിരെ പ്രചാരണം നടത്തുകയാണെന്നും ഹെസ്സ്‌ പരാതിപ്പെടുന്നു. ഇതോടെ ഉര്‍സുലയെ അറസ്റ്റു ചെയ്യുന്നു. അവളെ രക്ഷിക്കാന്‍ സോച്ചായി ആവുന്നത്ര ശ്രമിച്ചിട്ടും ഫലിക്കുന്നില്ല. പട്ടണക്കോടതിയില്‍ ഉര്‍സുലയെ്‌ക്കതിരെ വിചാരണ തുടങ്ങുന്നു. ഹെസ്സ്‌ ആയിരുന്നു പ്രധാന സാക്ഷി. അവള്‍ ആവുന്നത്ര വിഷംചീറ്റി. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട്‌ തലകുനിക്കുകയോ മാപ്പുചോദിക്കുകയോ ചെയ്യുന്ന പ്രശ്‌നമില്ലെന്നും ഉര്‍സുല കോടതിയില്‍ തുറന്നടിക്കുന്നു. ശത്രുക്കള്‍ വീണ്ടും കാപ്പിത്തോട്ടം തീയിട്ടുനശിപ്പിക്കുന്നു. തന്‍െറ പരാജയം ആഘോഷിക്കുന്ന ശത്രുക്കളെ സോച്ചായി കടന്നാക്രമിക്കുന്നു. പക്ഷേ, അവരുടെ മര്‍ദനമേറ്റ്‌ മരിക്കാനായിരുന്നു അയാളുടെ വിധി. ഉര്‍സുലയെ വിചാരണയ്‌ക്കുശേഷം നമ്മള്‍ കാണുന്നില്ല. മരണശിക്ഷയില്‍ അവരുടെ ശബ്ദവും എതിരാളികള്‍ അടിച്ചമര്‍ത്തുകയാണ്‌.

പ്രതിസന്ധികളില്‍ പരസ്‌പരം താങ്ങായിനിന്ന, ആശയപ്പൊരുത്തമുള്ള കമിതാക്കളുടെ ധീരമായ ചെറുത്തുനില്‌പാണ്‌ ഈ സിനിമ. അടിമകളെ മനുഷ്യരാക്കാന്‍ അവര്‍ ശ്രമിച്ചു. അവരെ ചങ്ങലകളില്‍നിന്നു മാത്രമല്ല, സാംസ്‌കാരിക അടിമത്തത്തില്‍നിന്നും മോചിപ്പിക്കാന്‍ അവരാഗ്രഹിച്ചു. അധീശവര്‍ഗത്തെ അത്‌ ഞെട്ടിച്ചു. അടിമകളും നമ്മെപ്പോലെ വയലിന്‍ വായിക്കുകയോ എന്നവര്‍ അത്ഭുതംകൂറി. ചങ്ങലയില്‍ത്തന്നെ തളച്ചിട്ടിട്ടില്ലെങ്കില്‍ അടിമകള്‍ നാളെ തങ്ങളെ ഭരിക്കും എന്നവര്‍ ഭയന്നു. ലോകമെങ്ങും അടിമകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലമായിരുന്നു അത്‌. തൊട്ടടുത്ത ഹെയ്‌തിയില്‍ കറുത്തവര്‍ഗക്കാര്‍ നെപ്പോളിയനെ തോല്‌പിച്ചത്‌ വര്‍ണവെറിയന്മാര്‍ക്കറിയാം. സ്വാതന്ത്ര്യസമരത്തിന്‍െറ അലയൊലികള്‍ ക്യൂബയിലേക്കും കടന്നുവരുമെന്ന്‌ സ്‌പാനിഷ്‌ ഭരണകൂടവും അവിടെ കുടിയേറിയവരും ന്യായമായും ശങ്കിച്ചു. മാനവികതയുടെ, സമത്വത്തിന്‍െറ ഒരു പുതുലോകം സൃഷ്‌ടിക്കാനുള്ള സോച്ചായി-ഉര്‍സുലമാരുടെ നീക്കങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നത്‌ ഈ ശങ്ക കാരണമാണ്‌.
സോച്ചായിക്കും ഉര്‍സുലയ്‌ക്കുമെതിരെ അങ്ങിങ്ങ്‌ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിനൊരു ആസൂത്രിതമായ സംഘടിതരൂപം കൈവരുന്നത്‌ ഹെസ്സിന്‍െറ വരവോടെയാണ്‌. സ്‌ത്രീയുടെ ഭിന്നമുഖങ്ങളാണ്‌ ഉര്‍സുലയിലും ഹെസ്സിലും നാം കാണുന്നത്‌. പ്രാകൃതമായ ജീവിതസാഹചര്യങ്ങളില്‍നിന്ന്‌ സംസ്‌കാരത്തിന്‍െറ തെളിമയിലേക്ക്‌ നടന്നുകയറിയവളാണ്‌ ഉര്‍സുല. സഹനങ്ങളില്‍നിന്ന്‌ ആര്‍ജിച്ച ഉള്‍ക്കരുത്തുണ്ട്‌ അവള്‍ക്ക്‌. സാമൂഹിക പ്രശ്‌നങ്ങളില്‍ മാത്രമല്ല, കലയിലും സംഗീതത്തിലും കറുത്തവര്‍ഗക്കാര്‍ക്ക്‌ ഇടപെടല്‍ ആവാമെന്ന്‌ അവള്‍ തെളിയിച്ചു. തന്‍െറ ദൗത്യങ്ങളെ ആത്മാര്‍ഥമായി പിന്തുണയ്‌ക്കുന്ന ജീവിതപങ്കാളിയെയും അവള്‍ തിരഞ്ഞെടുത്തു. ഉര്‍സുലയുടെ വിപരീത ലോകത്താണ്‌ ഹെസ്സിന്‍െറ നില്‌പ്‌. ധാര്‍ഷ്‌ട്യംകൊണ്ട്‌ വികലമായ വ്യക്തിത്വമാണ്‌ അവളുടേത്‌. ഉര്‍സുലയുടെ തലയെടുപ്പ്‌ ഹെസ്സിനെ വല്ലാതെ നിരാശയാക്കുന്നു. മോശം ജീവിതസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രാകൃതമായ ഒരു കാപ്പിത്തോട്ടമായിരുന്നു അവളുടെ ഭാവനയിലുണ്ടായിരുന്നത്‌. ഭീഷണിയില്‍ വീഴുന്നവളല്ല ഉര്‍സുലയെന്ന്‌ അവള്‍ പെട്ടെന്നുതന്നെ തിരിച്ചറിയുന്നു. വെല്ലുവിളികള്‍ ചങ്കുറപ്പോടെ നേരിടുന്നവളാണ്‌ ഉര്‍സുലയെന്നും അവള്‍ മനസ്സിലാക്കുന്നു. പാട്ടുകാരിയാണെന്ന അഹങ്കാരം ഉര്‍സുല വകവെച്ചു കൊടുക്കുന്നില്ല. ഉര്‍സുല ആവശ്യപ്പെട്ട പാട്ടുപോലും തനിക്ക്‌ പാടാനായില്ലെന്ന്‌ ബോധ്യപ്പെട്ട നിമിഷം ഹെസ്സ്‌ ഒന്നുകൂടി ചെറുതാവുകയായിരുന്നു. ഉപജാപങ്ങളുടെ വഴിയേ തനിക്കു മുന്നിലുള്ളൂ എന്നവള്‍ മനസ്സിലാക്കുന്നു. തുടര്‍ന്ന്‌ അങ്കിരോണയുടെ മണ്ണില്‍ അവള്‍ വിഷവിത്തെറിയുകയാണ്‌. അതിന്‌ സ്വന്തം അഭിമാനംപോലും അവള്‍ പണയപ്പെടുത്തുന്നു.

അങ്കിരോണയെ തകര്‍ക്കാനായെങ്കിലും മരണത്തോടൊപ്പം പോയ ഉര്‍സുലയെയും സോച്ചായിയെയും പക്ഷേ, അവള്‍ക്ക്‌ തോല്‌പിക്കാനാവുന്നില്ല.അനാഥമായ അങ്കിരോണ കാപ്പിത്തോട്ടം കാണിച്ചുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. പൊട്ടിപ്പൊളിഞ്ഞ കല്‍ച്ചുമരുകള്‍. തുറന്നുകിടക്കുന്ന ഗെയിറ്റ്‌. എങ്ങും നിശ്ശബ്ദത. എല്ലാറ്റിനും സാക്ഷിയായ അങ്കിരോണ ദേവതയുടെ ശില്‌പം. കാരോബ്‌ മരത്തണലിലെ രണ്ടു സ്‌മാരകശിലകളിലേക്കാണ്‌ ക്യാമറ പതുക്കെ നീങ്ങുന്നത്‌. സോച്ചായിയുടെയും ഉര്‍സുലയുടെയും പാതിയായ ജീവിതമോഹങ്ങള്‍ ആ ശിലകള്‍ക്കിടിയിലുണ്ട്‌. ഈ ഭൂമിയുടെ ആത്മാവിനെ തൊടാനാവുമെന്ന്‌ സോച്ചായിയെ പഠിപ്പിച്ചത്‌ ഉര്‍സുലയാണ്‌. ഇവിടത്തെ വായുവിനെ, ഇവിടത്തെ ഗന്ധത്തെ സ്‌പര്‍ശിക്കാനാവുമെന്ന്‌ അവള്‍ സോച്ചായിയെ പഠിപ്പിച്ചു. ഓരോ കാപ്പിച്ചെടിയിലും ഓരോ കല്ലിലും ഓരോ മരത്തിലും തന്‍െറ ഹൃദയമുണ്ടെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തു. പെട്ടെന്നൊരു കാറ്റ്‌ വീശുന്നു. `ഓക്കുമരത്തിന്‍െറ സുഗന്ധ'ത്തിലേക്ക്‌ ഒരു ദൃശ്യരേഖ തെളിയുന്നു.
135 മിനിറ്റു നീണ്ട സിനിമ ഇവിടെ തുടങ്ങുകയായി. പട്ടണത്തിലെ പള്ളിയില്‍നിന്ന്‌ വയലിന്‍ നാദം ഉയരുന്നു. സോച്ചായിയും ഉര്‍സുലയും ആ സംഗീതത്തില്‍ പുനര്‍ജനിക്കുകയാണ്‌. സഹജീവികളെയും പ്രകൃതിയെയും ഒരുപോലെ സേ്‌നഹിച്ച രണ്ടുപേര്‍. അവരുട ദുരന്തം കണ്ട്‌ കാരോബ്‌ മരം രക്തം വാര്‍ക്കുന്നത്‌ സംവിധായകന്‍ നമ്മെ കാണിച്ചുതരുന്നുണ്ട്‌. കഥ പറഞ്ഞവസാനിപ്പിച്ച്‌ ക്യാമറ കാരോബ്‌ മരത്തലില്‍ത്തന്നെ തിരിച്ചെത്തുന്നു. സ്‌മാരകശിലകള്‍ക്കരികിലേക്ക്‌ ഒരു നീഗ്രോ യുവാവ്‌ വയലിനുമായി നടന്നടുക്കുകയാണ്‌. മരത്തില്‍ ചാരിവെച്ച കസേരയെടുത്ത്‌ ശിലകള്‍ക്ക്‌ അഭിമുഖമായി അയാളിരിക്കുന്നു. തനിക്കും മറ്റ്‌ അടിമകള്‍ക്കും പ്രകാശം ചൊരിഞ്ഞിരുന്ന രണ്ടു മഹാവ്യക്തികള്‍ക്കു മുന്നില്‍ വയലിനില്‍ ഒരു നാദാര്‍ച്ചന (നീഗ്രോകളുടെ ഓര്‍ക്കസ്‌ട്രയിലെ അംഗങ്ങളെയെല്ലാം വെടിവെച്ചുകൊന്നപ്പോള്‍ അതില്‍പ്പെടാതെ രക്ഷപ്പെട്ടയാളാണ്‌ ഈ നീഗ്രോ യുവാവ്‌. വാര്‍ണവെിയര്‍ സംഘാംഗങ്ങളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു ഇയാള്‍.) കുറച്ചു കഴിഞ്ഞ്‌ യുവാവ്‌ തിരിച്ചുപോകുന്നു.

എന്നും നടക്കുന്നതാണീ സംഗീതാര്‍ച്ചന എന്ന സൂചന നല്‍കിക്കൊണ്ടാണ്‌ ക്യാമറക്കണ്ണുകള്‍ പിന്‍വാങ്ങുന്നത്‌. കറുത്ത സംഗീതജ്ഞരുടെ പുതുതലമുറയെ നീഗ്രോ യുവാവ്‌ നയിക്കുമെന്നും സംവിധായകന്‍ സൂചിപ്പിക്കുന്നു.ഈ ചിത്രമാകെ നിറഞ്ഞുനില്‍ക്കുന്നത്‌ ഉര്‍സുലയാണ്‌. സ്വഭാവദാര്‍ഢ്യമാണ്‌ ഈ കഥാപാത്രത്തെ വ്യത്യസ്‌തയാക്കുന്നത്‌. ലോകസിനിമയിലെ മികച്ച സ്‌ത്രീ കഥാപത്രങ്ങളുടെ നിരയില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നു ഉര്‍സുല. ഭാഗ്യാന്വേഷികളുടെ കുടിയേറ്റം, വംശീയത, കോളനിവത്‌കരണം, അടിമത്തം, അടിച്ചേല്‌പിക്കപ്പെടുന്ന സംസ്‌കാരം എന്നിവയൊക്കെ ചര്‍ച്ചചെയ്യുന്ന ഈ സിനിമയില്‍ എങ്ങും ഉര്‍സുലയുടെ സാന്നിധ്യമുണ്ട്‌. ജീവിതത്തെ എതിരിടാനുള്ള ആത്മവിശ്വാസമാണ്‌ അവളുടെ കൈമുതല്‍. അത്‌ കാമുകനിലേക്ക്‌ പകരാനും അവള്‍ക്കാവുന്നു.
ബിസിനസ്സില്‍ നിക്ഷേപിക്കാനെത്തുന്ന സോച്ചായിയെ കാപ്പിക്കൃഷിയിലേക്കാകര്‍ഷിക്കുന്നത്‌ അവളാണ്‌. തനിക്ക്‌ കാപ്പിക്കൃഷിയെക്കുറിച്ചൊന്നുമറിയില്ലെന്ന്‌ അയാള്‍ പറയുമ്പോള്‍ ``നമ്മളീ ദ്വീപ്‌ കാപ്പികൊണ്ട്‌ നിറയ്‌ക്കും'' എന്നാണ്‌ ഉര്‍സുല പറയുന്നത്‌. അവള്‍ക്കാ മണ്ണിനെ അത്രയ്‌ക്ക്‌ വിശ്വാസമായിരുന്നു. അങ്കിരോണയുടെ സാന്നിധ്യമുള്ള മണ്ണ്‌ തങ്ങള്‍ക്ക്‌ എല്ലാം തരും എന്നവള്‍ക്ക്‌ ഉറപ്പുണ്ട്‌. പൗരത്വ പ്രശ്‌നത്തിന്മേല്‍ തന്‍െറ വിശ്വാസ്യതയെക്കുറിച്ച്‌ സംശയമുണര്‍ന്നപ്പോള്‍ ഉര്‍സുല പൊട്ടിത്തെറിക്കുന്നു. ``എന്നെ ചങ്ങലക്കിട്ട്‌, ചാട്ടവാറുകൊണ്ടടിച്ച്‌, തലകൊയെ്‌തടുക്കുന്നത്‌ നിങ്ങള്‍ക്ക്‌ കാണ്ടേിവന്നേക്കാം. എന്നാലും എന്നെ ഞാന്‍ തള്ളിപ്പറയില്ല. ഞാന്‍ കറുത്തവളാണ്‌. കറുത്തവരുടെ അഭിമാനമുള്ളവളാണ്‌''-സംശയാലുക്കളെ അവള്‍ നേരിടുന്നതിങ്ങനെയാണ്‌.
സോച്ചായിയുടെ ഓര്‍മകളില്‍ `ഓക്കുമരത്തിന്‍െറ സുഗന്ധ'മായി ഉര്‍സുല മാറുന്നത്‌ നാം കാണുന്നു. ആദ്യ സമാഗമവേളയില്‍ അയാള്‍ അവളോട്‌ മന്ത്രിക്കുന്ന, പ്രണയം നിറയുന്ന വാക്കുകളാണിത്‌. മരണക്കിടക്കിയിലെ അയാളുടെ അവസാന വാക്കുകളും ഇതായിരുന്നു. തടവറയിലെ ഇരുട്ടിലും ഈ വാക്കുകള്‍ ഉര്‍സുലയെ തേടിയെത്തുന്നു. പ്രണയത്തിന്‍െറ ആദ്യ മര്‍മരങ്ങളെ വേദനയോടെ ഏറ്റുവാങ്ങി അവള്‍ മരണത്തിലേക്ക്‌ നെഞ്ചുറപ്പോടെ കടന്നുചെല്ലുന്നു.