Sunday, May 16, 2010

സ്വപ്‌നാടകര്‍

തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ ചലച്ചിത്രജീവിതം തുടങ്ങിയത് 1996 ലാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രം 'ക്രൊക്കഡയില്‍'. 14 വര്‍ഷങ്ങള്‍ക്കിടയില്‍ 15 ചിത്രങ്ങള്‍ കിം സംവിധാനം ചെയ്തു. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ടു. പല ചിത്രങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
''നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്‌നമാണോ എന്നു തിരിച്ചറിയുക പ്രയാസം'' എന്നെഴുതിക്കാണിച്ചാണ് കിമ്മിന്റെ പതിനൊന്നാമത്ത സിനിമയായ '3 അയേണ്‍' അവസാനിക്കുന്നത്. യാഥാര്‍ഥ്യവും സ്വപ്‌നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ മിക്ക സിനിമകളും. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍േറതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം. ചില ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കുകപോലുമില്ല (ദ റിയല്‍ ഫിക്ഷന്‍, ദ ബോ, 3 അയേണ്‍, ബ്രത്ത് തുടങ്ങിയ ചിത്രങ്ങളോര്‍ക്കുക). വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനെയോ നമ്മുടെ ആസ്വാദനത്തെയോ ഈ മൗനം തടസ്സപ്പെടുത്താറില്ല.
നേടുന്നവരോടല്ല, നഷ്ടപ്പെടുന്നവരോടാണ് കിമ്മിന് പ്രിയം. സ്നേഹബന്ധത്തിലും ദാമ്പത്യത്തിലും സൗഹൃദത്തിലുമൊക്കെ നഷ്ടപ്പെടുന്നവരുടെ കഥകളാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്. കാമുകന് തന്റെ മുഖം മടുത്തിട്ടുണ്ടാവുമോയെന്ന സംശയത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റംവരുത്തുന്ന യുവതിയെവരെ (ടൈം) കിം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കി വെക്കാനുള്ള വെമ്പലാണ് കിമ്മിന്റെ കഥാപാത്രങ്ങള്‍ക്ക്.
കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡ്രീം' ഇതിവൃത്തംകൊണ്ട് ശ്രദ്ധേയമാവുന്നു. 2008ന്റെ ഒടുവിലിറങ്ങിയ 'ഡ്രീം' ഇക്കഴിഞ്ഞ ഗോവ, തിരുവനന്തപുരം മേളകളില്‍ കാണിച്ചിട്ടുണ്ട്. ഒരാള്‍ കാണുന്ന സ്വപ്‌നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം.
നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം ഡുക്ക് പറയുന്നത്. ദുഃസ്വപ്‌നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്‌നങ്ങളെല്ലാം ഫലിക്കുന്നത് ലി റാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലി റാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ പോലീസുദ്യോഗസ്ഥരും സ്വപ്‌നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍.
ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്. ജിന്‍ സ്വപ്‌നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്‌നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്‌നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്‌നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.
ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്‌നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്‌നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്‌നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.
രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്‌നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.
പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍, വിചിത്ര ചിന്താഗതിക്കാരായ കഥാപാത്രങ്ങള്‍, മനസ്സിന്റെ സങ്കീര്‍ണ തലങ്ങളിലൂടെയുള്ള യാത്ര, ആത്മപീഡനത്തിന്റെ ഭയജനകമായ കാഴ്ചകള്‍, ബുദ്ധദര്‍ശനത്തോടുള്ള ആഭിമുഖ്യം (ചിത്രത്തിന്റെ അവസാനഭാഗത്ത് , കനത്ത ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ പ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന ബുദ്ധപ്രതിമ മൂന്നുതവണ കാണിക്കുന്നുണ്ട് കിം) എന്നിങ്ങനെ കിം ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും 'ഡ്രീ'മിലുണ്ട്. എങ്കിലും കിമ്മിന്റെ സിനിമകളെ ആരാധനയോടെ കാണുന്നവരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ 'ഡ്രീ'മിനു കഴിയുന്നില്ല. മുന്നോട്ടുപോകാനാവാതെ വിചിത്രമായ സ്വപ്‌നദൃശ്യങ്ങള്‍ക്കുചുറ്റും കറങ്ങുകയാണ് ഇതിവൃത്തം.