Monday, June 16, 2008

വിഭജനത്തിന്റെ ശേഷിപ്പ്‌

1947-ലെ ഇന്ത്യാവിഭജനം ഒട്ടേറെ ഇന്ത്യന്‍ സിനിമകള്‍ക്കു വിഷയമായിട്ടുണ്ട്‌. ഋത്വിക്‌ഘട്ടക്കും എം.എസ്‌. സത്യുവും ശ്യാം ബെനഗലും ഗോവിന്ദ്‌ നിഹലാനിയും വിഭജനത്തിന്‍െറ വേദന പകര്‍ത്താന്‍ ശ്രമിച്ച സംവിധായകരില്‍ പ്രമുഖരാണ്‌. പാകിസ്‌താനിലും സമാനഹൃദയരായ സംവിധായകരുണ്ടെന്ന്‌ നമ്മളെ ബോധ്യപ്പെടുത്തുകയാണ്‌ `ഖാമോഷ്‌ പാനി' (ശാന്തജലം) എന്ന പാക്‌ സിനിമ.


കറാച്ചി സ്വദേശിയായ സബിഹ സുമര്‍ എന്ന വനിതയുടെ ആദ്യഫീച്ചര്‍ ഫിലിമാണ്‌ 2003-ല്‍ പുറത്തിറങ്ങിയ ഖാമോഷ്‌പാനി. അക്കൊല്ലത്തെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, നടി എന്നിവ ഉള്‍പ്പെടെ നാല്‌ അവാര്‍ഡുകളാണ്‌ ഈ പഞ്ചാബി സിനിമ നേടിയത്‌. വേറെയും ഒട്ടേറെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ക്ക്‌ `ഖാമോഷി പാനി' അര്‍ഹമായിട്ടുണ്ട്‌.


സ്വന്തം രാജ്യത്തെ വനിതകളുടെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ്‌ തീവ്രമായൊരു കഥാബീജം മനസ്സിനെ മഥിച്ചതെന്ന്‌ സബിഹ സുമര്‍ പറയുന്നു. വിഭജനകാലത്ത്‌ ഇന്ത്യയുടെയും പാകിസ്ഥാന്‍െറയും അതിര്‍ത്തിപ്രദേശങ്ങളില്‍ ആയിരക്കണക്കിന്‌ സ്‌ത്രീകളാണ്‌ ഉപേക്ഷിക്കപ്പെട്ടത്‌. മതാന്ധത ബാധിച്ച എതിര്‍വിഭാഗങ്ങളില്‍നിന്നുള്ള ആക്രമണം ഭയന്ന്‌ പല ഗൃഹനാഥന്മാരും തങ്ങളുടെ കുടുംബത്തിലെ വനിതകളെ കൊന്നൊടുക്കുകയോ ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുകയോ ചെയ്‌തിരുന്നു, അക്കാലത്ത്‌. കുടുംബത്തിന്‍െറ `ദുരഭിമാനം' സംരക്ഷിക്കാന്‍ തയ്യാറാവാത്ത വനിതകളെ വിധിക്കു വിട്ടുകൊടുത്ത്‌ മറ്റു കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്കോ പാകിസ്‌താനിലേക്കോ രക്ഷപ്പെട്ടു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട വനിതകളെ കണ്ടെത്തി പഴയ കുടുംബങ്ങളോടു ചേര്‍ക്കാന്‍ പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ വഴി ശ്രമം നടന്നു.


ഇതിലൊരു കര്‍ശനവ്യവസ്ഥയുണ്ടായിരുന്നു. പുതിയ ബന്ധങ്ങളെ അംഗീകരിക്കില്ല എന്നതായിരുന്നു ആ വ്യവസ്ഥ. കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരില്‍ പലരും വീണ്ടും വിവാഹിതരായിരുന്നു. അതില്‍ കുട്ടികളുമുണ്ടായിരുന്നു. പുതുബന്ധം ഉപേക്ഷിച്ച്‌ കുടുംബത്തിലേക്കു തിരിച്ചുപോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. അന്യമതസ്ഥരുടെ കൂടെക്കഴിഞ്ഞു എന്ന `കുറ്റം' ചുമത്തി അവരെ തിരിച്ചെടുക്കാന്‍ കുടുംബങ്ങളും മടിച്ചു. ഈ സാമൂഹിക പശ്ചാത്തലത്തില്‍നിന്നാണ്‌ `ഖാമോഷ്‌ പാനി' രൂപം കൊള്ളുന്നത്‌.


മൂല്യങ്ങളെ തൂക്കിനോക്കി വിധി കല്‌പിക്കുകയല്ല താനീ സിനിമയില്‍ ചെയ്‌തതെന്ന്‌ സബിഹ സുമര്‍ വ്യക്തമാക്കുന്നു. ചരിത്രത്തില്‍ നമ്മള്‍ മറന്നിട്ടിട്ടുപോയതോ ഓര്‍ക്കാന്‍ മടിക്കുന്നതോ ആയ ചില നഗ്‌നനയാഥാര്‍ഥ്യങ്ങള്‍ രേഖപ്പെടുത്തുക മാത്രമായിരുന്നു തന്‍െറ ഉദ്ദേശ്യം എന്നവര്‍ പറയുന്നു. മതമൗലികതയില്‍നിന്നുയരുന്ന തീവ്രവാദം അപകടകാരിയാണെന്ന്‌ അവര്‍ക്കു ബോധ്യമുണ്ട്‌. അക്കാര്യം ശക്തമായി ആവിഷ്‌കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുമുണ്ട്‌.


പാക്‌ പഞ്ചാബിലെ ചര്‍ഖി എന്ന മലയോര ഗ്രാമമാണ്‌ കഥാപശ്ചാത്തലം. കഥ തുടങ്ങുന്നത്‌ 1979ല്‍. സൈനിക അട്ടിമറിയിലൂടെ ജനറല്‍ സിയാ ഉല്‍ഹഖ്‌ ഭരണം പിടിച്ചിട്ടേയുള്ളൂ. മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയാഭരണകൂടം തൂക്കിക്കൊല്ലുന്നു (ഒരു രാഷ്ട്രീയ പ്രതിയോഗിയുടെ വധത്തിനു കൂട്ടുനിന്നു എന്ന കുറ്റമാണ്‌ ഭൂട്ടോക്കെതിരെ ചുമത്തിയിരുന്നത്‌). സൈനിക ഭരണത്തിന്‍െറ മറപറ്റി പാകിസ്‌താനില്‍ തീവ്രവാദം തലയുയര്‍ത്തിത്തുടങ്ങിയിരുന്നു. വിഭജനകാലത്ത്‌ ഇന്ത്യയിലെ പഞ്ചാബിലേക്ക്‌ പോകാനാവാതെ ചര്‍ഖിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അയിഷ എന്ന അമ്പതുകാരിയെയും മകന്‍ പതിനെട്ടുകാരനായ സലീമിനെയുമാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. പഴയ കാലത്തിന്‍െറ വേദനിപ്പിക്കുന്ന ഓര്‍മകള്‍ മുഴുവന്‍ അയിഷയുടെ മുഖത്തുണ്ട്‌. എന്നിട്ടും അവര്‍ പ്രസന്നവതിയായിരിക്കാന്‍ ശ്രമിക്കുന്നു. മരിച്ചുപോയ ഭര്‍ത്താവിന്‍െറ പെന്‍ഷനും പെണ്‍കുട്ടികള്‍ക്ക്‌ ഖുര്‍ ആന്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍നിന്നു കിട്ടുന്ന വരുമാനവുമാണ്‌ അവര്‍ക്കാകെയുള്ളത്‌. മകന്‍ സലീം സ്വപ്‌നജീവിയാണ്‌. ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കു ശേഷമാണ്‌ അവന്‍െറ ജനനം. അതുകൊണ്ടുതന്നെ അവനെ ഏറെ ലാളിക്കുന്നുണ്ടവര്‍. ഓടക്കുഴലുമെടുത്ത്‌ മലകയറി കാമുകിയെ തിരയലാണ്‌ സലീമിന്‍െറ പ്രധാന ജോലി. ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാന്‍ ശ്രമിക്കാത്ത സലീം എളുപ്പത്തില്‍ തീവ്രവാദികളുടെ വലയില്‍ അകപ്പെടുന്നു. ലാഹോറില്‍ നിന്നെത്തിയ രണ്ട്‌ ചെറുപ്പക്കാരാണ്‌ ആ ഗ്രാമത്തില്‍ തീവ്രവാദത്തിന്‍െറ വിഷവിത്തെറിയുന്നത്‌.


ഇന്ത്യയും പാകിസ്‌താനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച്‌ ഇന്ത്യയിലെ സിഖുകാര്‍ക്ക്‌ പാകിസ്‌താനിലെ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാന്‍ അനുമതി കിട്ടുന്നു. നൂറുകണക്കിന്‌ സിഖുകാര്‍ പാകിസ്‌താനിലെത്തുന്നു. കൂട്ടത്തില്‍ ജസ്വന്തുമുണ്ടായിരുന്നു. വിഭജനകാലത്ത്‌ ചര്‍ഖി ഗ്രാമത്തില്‍ നഷ്‌ടപ്പെട്ടുപോയ വീരോ എന്ന സഹോദരിയെ കണ്ടെത്തുകയായിരുന്നു അയാളുടെ പ്രധാന ആഗമനോദ്ദേശ്യം. തീവ്രവാദികളുടെ എതിര്‍പ്പുകള്‍ക്കിടയിലും അയാള്‍ പെങ്ങളെ കണ്ടെത്തുന്നു. അയിഷയായിരുന്നു അത്‌. (സിനിമയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചില പഴയകാല ദൃശ്യങ്ങളുടെ സാംഗത്യം പ്രേക്ഷകന്‌ ബോധ്യപ്പെടുന്നത്‌ ഇവിടെ വെച്ചാണ്‌.) പിതാവ്‌ മരണശയ്യയിലാണ്‌. അദ്ദേഹത്തിന്‌ മകളെ അവസാനമായി ഒന്നു കാണണം. ജസ്വന്തിന്‍െറ ഈ അഭ്യര്‍ഥന അയിഷ നിരസിക്കുന്നു. തിരിച്ചുപോകുമ്പോള്‍ ജസ്വന്ത്‌ ഏല്‌പിച്ച മാലയിലെ ലോക്കറ്റില്‍ വീരോയുടെ പഴയ ചിത്രമുണ്ടായിരുന്നു. തന്‍െറ അമ്മ സിഖുകാരിയായിരുന്നു എന്നു സലീം മനസ്സിലാക്കുന്നു. ഈ വിവരമറിഞ്ഞ തീവ്രവാദികള്‍ സലീമില്‍ നിന്നകലുന്നു. സുബൈദയുമായുള്ള സലീമിന്‍െറ പ്രണയബന്ധവും തകര്‍ച്ചയിലെത്തുന്നു.


1947ല്‍ മരണത്തെ തോല്‌പിച്ചാണ്‌ വീരോ എന്ന അയിഷ സ്വന്തം ഗ്രാമത്തില്‍ രണ്ടാമതൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്‌. അന്യ സമുദായക്കാരനായ യുവാവ്‌ അവള്‍ക്ക്‌ അന്ന്‌ അഭയം കൊടുത്തു. ആ സേ്‌നഹത്തിനു മുന്നില്‍ കീഴടങ്ങി അവള്‍ മതം മാറി. ഒരിക്കല്‍, കുടുംബത്തിന്‍െറ `അഭിമാനം' കാക്കാന്‍ തന്നെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചയാളാണ്‌ പിതാവ്‌. അദ്ദേഹത്തെ വീണ്ടും കാണാന്‍ അവളുടെ മനസ്സ്‌ പാകപ്പെട്ടിട്ടില്ല.


പുതിയ വെളിപ്പെടുത്തലോടെ മകനില്‍നിന്നും സമുദായത്തില്‍നിന്നും താന്‍ ഒറ്റപ്പെടുകയാണെന്ന്‌ അയിഷയ്‌ക്കു ബോധ്യമായി. രാത്രി. സഹോദരന്‍ തിരിച്ചുനല്‍കിയ പഴയ മാലയണിഞ്ഞ്‌ അയിഷ ഗ്രാമത്തിലെ കിണറിനടുത്തെത്തുന്നു. താനൊരിക്കല്‍ ഭയപ്പെട്ടിരുന്ന ആ കിണറിന്‍െറ ആഴങ്ങളില്‍ അവര്‍ തന്‍െറ വേദനകള്‍ അവസാനിപ്പിക്കുന്നു.


വിഭജന കാലത്ത്‌ ഉപേക്ഷിക്കപ്പെട്ട വനിതകളുടെ പ്രതിനിധിയാണ്‌ വീരോ എന്ന അയിഷ. ഈയൊരു കഥാപാത്രത്തെ മാത്രം മുന്നില്‍നിര്‍ത്തി ആയിരങ്ങളുടെ തീക്ഷ്‌ണമായ അനുഭവങ്ങളിലേക്ക്‌ പ്രേക്ഷകനെ എത്തിക്കാന്‍ സംവിധായികയ്‌ക്ക്‌ കഴിയുന്നുണ്ട്‌. സഹോദരന്‍െറ വരവുവരെ അയിഷയുടെ ഭൂതകാലം പൂര്‍ണമായും വെളിപ്പെടുത്തുന്നില്ല സംവിധായിക. ്‌ള്‌ളാഷ്‌ബേക്കുകളില്‍ ചില സൂചനകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഓടിക്കളിക്കുന്ന പെണ്‍കുട്ടികളും വാ പിളര്‍ന്ന്‌ കിടക്കുന്ന കിണറിന്‍െറ ദൃശ്യങ്ങളും അസ്വസ്ഥതയുളവാക്കുന്ന ഓര്‍മകളുടെ ബിംബങ്ങളാണ്‌. അയിഷയുടെ ഉള്ളില്‍ പുകയുന്ന അഗ്‌നനിപര്‍വതത്തിന്‍െറ ചൂട്‌ പുറത്തേക്ക്‌ വരുന്നത്‌ സഹോദരന്‍ തേടിയെത്തുമ്പോഴാണ്‌. 32 വര്‍ഷമായി അയിഷ പുകയുകയായിരുന്നു. ആണ്‍മക്കളുമൊത്ത്‌ ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുമ്പോള്‍ പിതാവിന്‍െറ മുന്നിലുണ്ടായിരുന്നത്‌ കുടുംബത്തിന്‍െറ അന്തസ്സ്‌ മാത്രമായിരുന്നു. അമ്മയും സഹോദരിയും പിതാവിന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി കിണറ്റില്‍ച്ചാടി മരിച്ചത്‌ വീരോയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു. അവള്‍ക്ക്‌ പിതാവിനെ അനുസരിക്കാന്‍ മനസ്സുവന്നില്ല. അവള്‍ക്ക്‌ ജീവിക്കാന്‍ കൊതിയായിരുന്നു. അതുകൊണ്ടാണവള്‍ പിതാവിനെ ധിക്കരിച്ച്‌ ഓടിപ്പോയത്‌. കുടുംബത്തിന്‌ അഭിമാനക്ഷതം വരുത്തിയ മകളെ വീണ്ടും കണ്ടാല്‍ പിതാവിനു സിഖുകാരുടെ സ്വര്‍ഗം നഷ്‌ടപ്പെടുമെന്ന്‌ വീരോ പരിഹസിക്കുന്നു. പിതാവുമായുള്ള ബന്ധം ഗ്രാമത്തിലെ കിണറിനെ സാക്ഷിയാക്കി താന്‍ അവസാനിപ്പിച്ചതാണ്‌. ഇനിയത്‌ പുനരുജ്ജീവിപ്പിക്കാനാവില്ല. കുടുംബത്തിന്‍െറ ദുരഭിമാനം നിലനിര്‍ത്തേണ്ട ബാധ്യത സ്‌ത്രീകള്‍ക്കുമാത്രമോ എന്ന വലിയ ചോദ്യമാണ്‌ വീരോ എന്ന അയിഷ ഉന്നയിക്കുന്നത്‌. പുരുഷ മേധാവിത്വമുള്ള സമൂഹത്തിനു നേര്‍ക്കാണീ ചോദ്യം ഉയരുന്നത്‌.


അന്യമതങ്ങളോടുള്ള അസഹിഷ്‌ണുതയും തീവ്രവാദവും സമൂഹത്തില്‍ എങ്ങനെ വേരുപിടിക്കുന്നു എന്ന്‌ പരിശോധിക്കുക കൂടി ചെയ്യുന്നുണ്ടീ ചിത്രം. അലസരായ യുവതലമുറയെ വഴിപിഴപ്പിക്കാന്‍ എളുപ്പമാണെന്ന്‌ ചിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നു.


വിഭജനത്തിന്‍െറ ഉള്ളറകളിലേക്കോ അതേക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കോ ന്യായവിധികളിലേക്കോ കടക്കാന്‍ സംവിധായിക ശ്രമിക്കുന്നേയില്ല. വിഭജനം അവശേഷിപ്പിച്ചുപോയ സാമൂഹിക ദുരന്തത്തിലാണ്‌ അവര്‍ വേദനയോടെ സ്‌പര്‍ശിക്കുന്നത്‌.


പാകിസ്‌താനിലും ഇന്ത്യയിലും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടും എന്നതിനാലാവണം പ്രഗല്‌ഭയായ ഒരിന്ത്യന്‍ നടിയെയാണ്‌ നായികാ സ്ഥാനത്തേക്ക്‌ കണ്ടെത്തിയത്‌. നടന്‍ അനുപം ഖേറിന്‍െറ ഭാര്യ കിരണ്‍ ഖേറാണ്‌ അയിഷയെ അവതരിപ്പിക്കുന്നത്‌. നടുക്കുന്ന ഒരു കാലഘട്ടത്തിന്‍െറ സാക്ഷിയായി മാറുന്നുണ്ടവര്‍. ഓരോ ചലനത്തിലും ഭാവത്തിലും സംഭാഷണത്തിലും സ്വാഭാവികത നിലനിര്‍ത്താനവര്‍ക്കു കഴിയുന്നുണ്ട്‌. പാകിസ്‌താനില്‍ ചിത്രീകരിച്ച ഒരു പാക്‌ സിനിമയില്‍ അഭിനയിച്ച ആദ്യത്തെ ഇന്ത്യന്‍ നടി എന്ന ഖ്യാതിയും `ഖാമോഷ്‌ പാനി'യിലൂടെ കിരണ്‍ ഖേര്‍ നേടിയിട്ടുണ്ട്‌.