Sunday, February 12, 2012
കാല്‍വരിയിലേക്ക് വീണ്ടും
പീറ്റര്‍ ബ്രൂഗലിന്റെ, ദ വേ ടു കാല്‍വരി എന്ന വിശ്വോത്തര പെയിന്റിങ്ങിന്റെ പുന:സൃഷ്ടിയും വ്യാഖ്യാനവുമാണ് ലേ മയേവ്‌സ്‌കി സംവിധാനം ചെയ്‌ത, 'ദ മില്‍ ആന്‍ഡ് ദ ക്രോസ്' എന്ന സിനിമ
കാല്‍വരിയിലേക്കുള്ള യേശുക്രിസ്‌തുവിന്റെ പീഡനയാത്രയെക്കുറിച്ചുള്ള പെയിന്റിങ്. ആ പെയിന്റിങ്ങിനെപ്പറ്റി ഒരു പുസ്‌തകം. ആ പുസ്‌തകത്തില്‍ നിന്നൊരു സിനിമ. പെയിന്റിങ് പോലെ മനോഹരമായ, ഗഹനമായ സിനിമ. പോളിഷ് ചലച്ചിത്രകാരനായ ലേ മയേവ്‌സ്‌കിയുടെ ' ദ മില്‍ ആന്‍ഡ് ദ ക്രോസ് ' (the mill and the cross) എന്ന ഇംഗ്ലീഷ് / സ്‌പാനിഷ് സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. എഴുത്തുകാരന്‍, നാടകസംവിധായകന്‍, പെയിന്റര്‍ എന്നീ നിലകളിലും പ്രശസ്‌തനാണ് മയേവ്‌സ്‌കി. അദ്ദേഹത്തിലെ നാടകസംവിധായകനും പെയിന്ററും പൂര്‍ണമായി സമ്മേളിച്ചിരിക്കയാണ് ഈ സിനിമയില്‍. ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതിവൃത്തം കൊണ്ടും ശില്‍പ്പഘടനകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ' ദ മില്‍ ആന്‍ഡ് ദ ക്രോസ് '.
?അകിര കുറസോവയുടെ ചിത്രസമാഹാരമായ ' ഡ്രീംസി ' ലെ ' കാക്കകള്‍ ' (crows) എന്ന ഹ്രസ്വസിനിമയെ ഓര്‍മിപ്പിക്കും ' ദ മില്‍ ആന്‍ഡ് ദ ക്രോസ് ' . വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ' ക്രോസി ' ല്‍ കണ്ടത്. വാന്‍ഗോഗിനെ കണ്ടുമുട്ടുന്ന ഒരു ചിത്രകലാവിദ്യാര്‍ഥിയെയാണ് കുറസോവ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളിലൂടെ അവന്‍ സഞ്ചരിക്കുകയാണ്. ഓരോ ചിത്രത്തെയും അറിഞ്ഞുകൊണ്ടാണീ യാത്ര. മയേവ്‌സ്‌കിയാവട്ടെ, ഒറ്റച്ചിത്രത്തെ അവലംബിച്ചാണ് തന്റെ സിനിമ രൂപപ്പെടുത്തിയത്. ഫ്‌ളെമിഷ് നവോത്ഥാനകാലത്തെ ( പതിനാറാം നൂറ്റാണ്ട് ) പ്രമുഖ ചിത്രകാരനായിരുന്ന പീറ്റര്‍ ബ്രൂഗല്‍ യേശുവിന്റെ കാല്‍വരിയാത്രയെ ആധാരമാക്കി 1564 ല്‍ വരച്ച ' ദ വേ ടു കാല്‍വരി ' യാണ് ഈ ചിത്രം.ബ്രൂഗലിന്റെ ചിത്രത്തെപ്പറ്റി കലാ നിരൂപകനായ ബെല്‍ജിയംകാരന്‍ മൈക്കല്‍ ഫ്രാന്‍സിസ് ഗിബ്‌സന്‍ എഴുതിയ പുസ്‌തകമാണ് മയേവ്‌സ്‌കിയുടെ സിനിമ പിന്തുടരുന്നത്. 170 സെ.മീ. നീളവും 124 സെ.മീ. വീതിയുമുള്ള പെയിന്റിങ്ങാണ് ബ്രൂഗല്‍ തീര്‍ത്തത്. മനുഷ്യരും മൃഗങ്ങളുമായി 500 രൂപങ്ങളുണ്ടിതില്‍. ഇവയില്‍ നിന്ന് ഏതാനും പേരെമാത്രമാണ് കഥാപാത്രങ്ങളായി മയേവ്‌സ്‌കി ഉയിര്‍ത്തെഴുനേല്‍പ്പിക്കുന്നത്. വിയന്നയിലെ മ്യൂസിയത്തിലാണിപ്പോള്‍ ഈ പെയിന്റിങ്. ബ്രൂഗലിന്റെ ആരാധകനാണ് സംവിധായകന്‍ മയേവ്‌സ്‌കിയും. പെയിന്റിങ്ങിലെ, ആകാശം ചെന്നുതൊടുന്ന കൂറ്റന്‍ പാറയും അതിനു മുകളില്‍ സ്ഥാപിച്ച ധാന്യമില്ലുമാണ് ഗിബ്‌സന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. മനുഷ്യസാധ്യമല്ലാത്ത ഒന്നാണ് പാറപ്പുറത്തെ ആ മില്ല്. അത്തരമൊരു ആശയത്തിന് ബ്രൂഗലിനെ പ്രേരിപ്പിച്ചതെന്താവാം എന്നായി ഗിബ്‌സന്റെ ചിന്ത. മില്ലുടമയായി ബ്രൂഗല്‍ ഉയരത്തില്‍ പ്രതിഷ്‌ഠിച്ചത് ദൈവത്തെത്തന്നെയാണ് എന്നാണ് ഗിബ്‌സന്റെ നിഗമനം. എല്ലാ വേദനകളുടെയും ക്രൂരതകളുടെയും സാക്ഷി.
ഗാഗുല്‍ത്ത മലയിലേക്കുള്ള യേശുവിന്റെ യാത്രയെ തന്റെ കാലഘട്ടവുമായി കൂട്ടിച്ചേര്‍ത്താണ് ബ്രൂഗല്‍ പെയിന്റിങ് രചിച്ചത്. നെതര്‍ലാന്റ്‌സിലെ ബ്രൂഗലിലാണ് പീറ്റര്‍ ബ്രൂഗലിന്റെ ജനനം. മതനിന്ദ ആരോപിച്ച് തന്റെ ജനതയോട് സ്‌പാനിഷ് ഭരണകൂടം കാട്ടിയ ക്രൂരതകള്‍ കുരിശിന്റെ വഴിയുടെ പശ്ചാത്തലത്തില്‍ ലോകത്തോട് വിളിച്ചുപറയുകയാണ് ബ്രൂഗല്‍. പീഡനങ്ങള്‍ക്ക് ഏതുകാലത്തും ഒരേ മുഖമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഭരണകൂടങ്ങളും വ്യക്തികളും മാറുന്നു. പക്ഷേ, അധിനിവേശത്തിനും പീഡനങ്ങള്‍ക്കും മാറ്റമേതുമില്ല. മതനിന്ദകരെന്ന് ആരോപിക്കപ്പെടുന്നവരെ കൊല്ലാനായിരുന്നു സ്‌പാനിഷ് രാജാവിന്റെ ഉത്തരവ്. സ്‌ത്രീകളെ ജീവനോടെ കുഴിച്ചുമൂടലായിരുന്നു അന്നത്തെ രീതി.
തന്റെ പുസ്‌തകത്തെ ആധാരമാക്കി ഒരു ഡോക്യുമെന്ററി ചെയ്യിക്കാനാണ് ഗിബ്‌സന്‍ മയേവ്‌സ്‌കിയെ സമീപിച്ചത്. പക്ഷേ, മയേവ്‌സ്‌കി ഇതില്‍ ഒരു ഫീച്ചര്‍ ഫിലിമിനുള്ള സാധ്യതകളാണ് കണ്ടത്. ഗിബ്‌സനും മയേവ്‌സ്‌കിയും ചേര്‍ന്ന് തിരക്കഥയൊരുക്കി. ബ്രൂഗല്‍ചിത്രത്തിന്റെ പുന:സൃഷ്ടിയും വ്യാഖ്യാനവുമാണ് സിനിമ നിര്‍വഹിക്കുന്നത്. നാല് കൊല്ലമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യയെവരെ കൂട്ടുപിടിച്ചാണ് സിനിമ ഒരുക്കിയത്. സിനിമയുടെ പശ്ചാത്തലത്തിലെപ്പോഴും പ്രകൃതിയുണ്ട്. അത് ചിലപ്പോള്‍ ചലനാത്മകമാണ്. ചിലപ്പോള്‍ നിശ്ചലവും. പഴയകാല സിനിമകളിലേതുപോലെ വരച്ചുവെച്ച പ്രകൃതിദൃശ്യങ്ങളെയും സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്.
??ബ്രൂഗലിന്റെ പെയിന്റിങ് കാണിച്ചുകൊണ്ടാണ് 86 മിനിറ്റുള്ള ചിത്രം തുടങ്ങുന്നത്. പെയിന്റിങ്ങിലെ നിശ്ചലാവസ്ഥയില്‍ നിന്ന് കുറെ കഥാപാത്രങ്ങളെ സംവിധായകന്‍ മോചിപ്പിക്കുന്നു. പെയിന്റിങ്ങിന്റെ വലിയ ഫ്രെയിമിനകത്തുനിന്ന് ആവശ്യമുള്ള കഥാപാത്രങ്ങളെ സ്‌ക്രീനിലേക്ക് ഇറക്കിക്കൊണ്ടുവരികയാണദ്ദേഹം. എല്ലാറ്റിനും സാക്ഷിയാണ് ചിത്രകാരനും സുഹൃത്തായ ബാങ്കറും . പെയിന്റിങ്ങിലെ ഓരോ ഭാഗം അടര്‍ത്തിയെടുത്താണ് സംവിധായകന്‍ കഥ പറയുന്നത്. ഗിബ്‌സന്റെയല്ല, ബ്രൂഗലിന്റെ ഭാഷയിലാണ് താന്‍ സംസാരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയില്‍ സംഭാഷണം വളരെ കുറവാണ്. സംഭാഷണമില്ലായ്‌മ ചിത്രത്തിന്റെ ആസ്വാദനത്തിന് തടസ്സം നില്‍ക്കുന്നില്ല. പെയിന്റിങ് പോലെ ഓരോ ദൃശ്യഖണ്ഡവും നിശ്ശബ്ദമായി നമ്മളോട് സംസാരിക്കുന്നു. ഇതിലെ ചിത്രകാരന്‍ ബ്രൂഗല്‍ തന്നെയാണ്. ആദ്യരംഗം തൊട്ടുതന്നെ അദ്ദേഹം സുഹൃത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
??മതനിന്ദ ആരോപിക്കപ്പെട്ട ഒരു യുവാവിനെ പീഡിപ്പിച്ച് കൊല്ലുന്നത് കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. അയാളുടെ ഭാര്യയൊഴികെ മറ്റാരും ആ ക്രൂരതയോട് പ്രതികരിക്കുന്നില്ല. എല്ലാവരും തങ്ങളുടേതായ ലോകത്താണ്. മറ്റുള്ളവരുടെ വേദനകളിലേക്ക് അവര്‍ കണ്ണയക്കുന്നുപോലുമില്ല. മനുഷ്യന്റെ ഈ സ്വാര്‍ഥത കൂടി സംവിധായകന് എടുത്തുകാണിക്കാനുണ്ട്. യുവാവിന് നേരിട്ട പീഡനങ്ങളെ യേശുവിന്റെ പീഡാനുഭവങ്ങളോട് ബന്ധപ്പെടുത്തുകയാണ് ബ്രൂഗല്‍. യുവാവിനെയും യേശുവിനെയും കൊല്ലാനുള്ള ഒരുക്കങ്ങളാണ് ചിത്രാരംഭത്തില്‍ നമ്മള്‍ കാണുന്നത്. പരസ്‌പരബന്ധം തോന്നാത്ത കുറേ ദൃശ്യഖന്ധങ്ങളാണ് ആദ്യം കാണിക്കുന്നത്. യേശുവിനെ തറയ്‌ക്കാനുള്ള മരക്കുരിശിനു വേണ്ടിയുള്ള അന്വേഷണമാണ് തുടക്കത്തില്‍. ഉറപ്പുള്ളൊരു മരം നോക്കി നടക്കുകയാണ് രണ്ടുപേര്‍. അതിലൊരാള്‍ കത്തികൊണ്ട് ഒരു മരത്തില്‍ കുരിശ് വരയ്‌ക്കുന്നു. മഞ്ഞിലൂടെ അവ്യക്തരൂപങ്ങളായി കടന്നുവരുന്ന കുതിരപ്പടയാളികള്‍. ധാന്യമില്ലില്‍ അനക്കം. മില്ലുടമയും ഭാര്യയും ഉണരുന്നു. യുവാവിനെ വരിഞ്ഞുകെട്ടി കിടത്താനുള്ള വലിയൊരു മരച്ചക്രവുമായി വരുന്ന ഒരാള്‍. മുറിഞ്ഞുവീഴുന്ന മരം - ഇങ്ങനെ കുറേയേറെ ചെറുചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് ഇതിവൃത്തം മുന്നോട്ടു പോകുന്നത്. യുവാവിനെ പീഡിപ്പിച്ചുകൊന്ന അതേയിടത്താണ് ദൈവപുത്രന്റെയും കുരിശുമരണം. രണ്ട് കാലഘട്ടങ്ങളെ അതിസമര്‍ഥമായി ചേര്‍ത്തുവെക്കുകയാണിവിടെ. കുരിശുമരണത്തിനുശേഷം ആദ്യം സ്ഥലം വിടുന്നത് യൂദാസാണ്. അയാളുടെ കൈയിലുള്ള വെള്ളിക്കാശിന്റെ കിലുക്കം നമുക്ക് കേള്‍ക്കാം. ഒറ്റിക്കൊടുത്തതിന് കിട്ടിയ ആ വെള്ളിക്കാശ് അയാള്‍ വലിച്ചെറിയുന്നു. ഗാഗുല്‍ത്തയില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്യുന്നു. പിറ്റേദിവസം ജനജീവിതം വീണ്ടും പഴയതുപോലെ. അവര്‍ ആഹ്ലാദനൃത്തത്തിലാണ്. ക്രമേണ രംഗം ഇരുളിലേക്ക്. ആരംഭത്തില്‍ കണ്ട ' കുരിശിന്റെ വഴി ' എന്ന പെയിന്റിങ് വീണ്ടും സ്‌ക്രീനില്‍ തെളിയുന്നു. ആ പെയിന്റിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാമറ പിന്നോട്ട് മാറുന്നു. വിയന്ന മ്യൂസിയത്തിലാണ് സിനിമ അവസാനിക്കുന്നത്.
??തന്റെ പെയിന്റിങ്ങിന്റെ ഓരോ ഇഞ്ചും ബ്രൂഗല്‍ ബിംബവത്‌കരിച്ചിട്ടുണ്ടെന്നാണ് ഗിബ്‌സന്റെ അഭിപ്രായം. കാന്‍വാസിന്റെ ഇടതുഭാഗത്ത് ജീവവൃക്ഷം അഥവാ ജീവിതവൃത്തമാണ്. പുതിയ ഇലകളുമായി ഇവിടെ ജീവിതം പ്രത്യാശാനിര്‍ഭരമാണ്. വലതുഭാഗം മരണത്തെ പ്രതിനിധാനം ചെയ്യുന്നു. മരണവൃത്തമാണിവിടെ. ബ്രൂഗലിന്റെ പല ചിത്രങ്ങളിലും മുഖ്യകഥാപാത്രത്തെ മറച്ചുവെക്കാന്‍ ശ്രമിക്കാറുണ്ടെന്ന് കലാനിരൂപകര്‍ പറയുന്നു. ' കുരിശിന്റെ വഴി 'യില്‍ ഇത് പ്രകടമാണ്. കുരിശുമേന്തിയുള്ള യേശുവിന്റെ രൂപം ചിത്രത്തിന് നടുക്കാണ്. അത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടണം. ചിത്രകാരന്റെ ഇതേ പാതയിലാണ് സംവിധായകനും. ഗാഗുല്‍ത്തയിലേക്കുള്ള യാത്രയില്‍ യേശുവിന് അത്ര പ്രാധാന്യം കൊടുക്കുന്നില്ല. ദൈവപുത്രന്റെ മുഖം ഒരിക്കല്‍പ്പോലും ക്ലോസപ്പില്‍ കാട്ടുന്നില്ല. അതേസമയം, യൂദാസിനെ വിശദമായി കാട്ടുന്നുമുണ്ട്. തിന്മയുടെ ആധിക്യം എടുത്തുകാണിക്കാനാവണം പല ദൃശ്യങ്ങളിലും കറുപ്പിനാണ് പ്രാമുഖ്യം.
Labels:
leh majewski,
peter bruegel,
the mill and the cross
Subscribe to:
Posts (Atom)