Monday, May 19, 2014

ഒലിവിലകളുടെ മർമരം

1982ലെ ലെബനോൺ യുദ്ധത്തിന്റെ 
പശ്ചാത്തലത്തിൽ, ഒരു ഇസ്രായേലി വൈമാനികനും
 പലസ്തീൻ ബാലനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ
 കഥയാണ് പലസ്തീൻ ജനതയോട് അനുഭാവം പുലർത്തുന്ന 
ഇസ്രായേലി സംവിധായകൻഎറാൻ റികഌസ് സെയ്തൂൻ
എന്ന സിനിമയിൽ ആവിഷ്‌കരിക്കുന്നത്


ലോകജനതക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത് എന്ന് പ്രഖ്യാപിച്ച ഇസ്രായേലി സംവിധായകനാണ് എറാൻ റിക്‌ളിസ്. സിനിമയുടേത് ലോകഭാഷയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിർത്തികൾ കടന്ന് അത് സഞ്ചരിക്കുന്നു. തന്റെ സിനിമ ഇസ്രായേലികൾ മാത്രം കണ്ടാൽപ്പോരാ. ലോകം മുഴുവൻ കാണണം. നമ്മൾ മുൻവിധികളുള്ള ലോകത്താണ് ജീവിക്കുന്നത്. ഒരു സിനിമകൊണ്ടൊന്നും ലോകം മാറ്റിയെടുക്കാനാവില്ല. എങ്കിലും, പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കാനാവും. അതിനാണ് താൻ സിനിമയിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകരുടെ മനസ്സും അഭിപ്രായവും മാറ്റിയെടുക്കുകയാണ് ചലച്ചിത്രകാരൻ എന്ന നിലയിൽ തന്റെ ദൗത്യം എന്ന് റിക്‌ളിസ് അടിവരയിടുന്നു.
 
 റിക്‌ളിസിന്റെ അവകാശവാദം പൂർണമായും ശരിയാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്നവർ സമ്മതിക്കും. കപ്പ് ഫൈനൽ (1991), സിറിയൻ ബ്രൈഡ് (2004),  ലെമൺ ട്രീ  (2008), ഹ്യൂമൺ റിസോഴ്‌സസ് മാനേജർ (2010), 2012-ന്റെ ഒടുവിലായി ഇറങ്ങിയ സെയ്തൂൻ (ZEYTOUN ) തുടങ്ങിയ ചിത്രങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന മാനവികത ആർക്കാണ് കണ്ടില്ലെന്നു നടിക്കാനാവുക?
   1982-ലാണ് ആദ്യത്തെ ഇസ്രായേൽ-ലെബനോൺ യുദ്ധം നടന്നത്. മൂന്നുവർഷം നീണ്ട ഈ യുദ്ധം തുടങ്ങുന്നതിന് ഒരു മാസം മുമ്പുള്ള ലെബനോണാണ്  'സെയ്തൂൻ' എന്ന സിനിമയുടെ പശ്ചാത്തലം. ലെബനോണിൽ അധീശത്വം നേടാനുള്ള രാഷ്ട്രീയ, സൈനിക, മതവിഭാഗങ്ങളുടെ പോരാട്ടത്തിൽ തകർന്നുതരിപ്പണമായിക്കിടക്കുകയാണ് രാജ്യം. അതിനിടയിലാണ് ലെബനോൺ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നത്.
   തലസ്ഥാനമായ ബയ്‌റൂത്ത് പട്ടണത്തിലെ ഷാറ്റിലയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കത്തുന്ന തെരുവുകൾ. വെടികൊണ്ട് തുളഞ്ഞ കെട്ടിടങ്ങൾ. ഏതു നിമിഷവും ഒരാക്രമണം കാത്തിരിക്കുന്ന മനുഷ്യർ. നിറയുന്ന ഉത്ക്കണ്ഠകൾക്കു നടുവിലും അവർക്ക് ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ അഷ്ടിക്കുള്ള വകതേടി തെരുവുകളിൽ ഇറങ്ങുന്നു. കൂട്ടത്തിൽ, ഫഹദ് എന്ന പന്ത്രണ്ടുകാരനിലേക്ക് ക്യാമറയുടെ സവിശേഷശ്രദ്ധ പതിയുന്നു. പലസ്തീൻ അഭയാർഥികൾക്കായി തുറന്ന ക്യാമ്പിൽ നിന്ന് പിതാവറിയാതെ പുറത്തു കടന്നതാണവൻ. സിഗരറ്റ് വിറ്റ് എന്തെങ്കിലും വരുമാനമുണ്ടാക്കാനാണ് ശ്രമം. ഫുട്ബാൾകളിക്കാരനായ ഫഹദ് സീക്കോ എന്നാണ് സ്വയം വിളിക്കുന്നത്. അക്കാലത്തെ പ്രശസ്തനായ ബ്രസീലിയൻ കളിക്കാരനാണ് സീക്കോ. ഫഹദിന്റെ കൈയിൽ എപ്പോഴും ഫുട്ബാളുണ്ടാകും. ലബനോണിലെ ഇടുങ്ങിയ തെരുവുകളാണ് പലസ്തീൻ കുട്ടികളുടെ കളിക്കളം. അവർ സൈനികപരിശീലനത്തിലും ചുറുചുറുക്കോടെ പങ്കെടുക്കുന്നുണ്ട്. പലസ്തീൻ ജനതക്കുവേണ്ടി പോരാടാൻ തയ്യാറെടുക്കുകയാണവർ.
 
പലസ്തീൻ മണ്ണിലെ സ്വന്തം വീടുവിട്ട് പലായനം ചെയ്തതാണ് ഫഹദിന്റെ കുടുംബം. ഇപ്പോൾ പിതാവും അപ്പൂപ്പനും മാത്രമേയുള്ളൂ. പിതാവ് ഒരു പാത്രത്തിൽ ഒലീവ് ചെടി നട്ടുവളർത്തുകയാണ്. എന്നെങ്കിലും അത് തന്റെ വീട്ടുമുറ്റത്ത് നടണം. പക്ഷേ, ആ മോഹം നടക്കുന്നില്ല. ഒരു ബോംബാക്രമണത്തിൽ അയാൾ മരിക്കുന്നു. തങ്ങളുടെ ജന്മനാടായ ബലാദ് അൽ ഷെയ്ഖിലെ നക്ഷത്രങ്ങൾക്ക് ആയിരം മടങ്ങ് തിളക്കമുണ്ടെന്ന് പിതാവ് ഫഹദിനോട് പറയാറുണ്ടായിരുന്നു. തിളക്കമുള്ള ആ നക്ഷത്രങ്ങളെ കാണാൻ അവന്റെ മനസ് അതിയായി കൊതിച്ചു.
  അതിനിടക്ക്, ഒരു ഇസ്രായേലി പോർവിമാനം തകർന്നുവീണ് അതിലെ യോണി എന്ന പൈലറ്റ് പി.എൽ.ഒ. സൈനികരുടെ തടവിലാകുന്നു. കൈകാലുകൾ ചങ്ങലക്കിട്ട ഇയാളുടെ കാവൽച്ചുമതല ഫഹദിനും കൂട്ടുകാർക്കുമായിരുന്നു. യോണിയുമായി ഫഹദ് രഹസ്യധാരണയിലെത്തുന്നു. യോണിയെ രക്ഷപ്പെടുത്താം. അതിനുപകരമായി തന്നെ ബലാദ് അൽ ഷെയ്ഖിലെത്തിക്കണം. തടവറയിൽ നിന്ന് രക്ഷപ്പെടുന്ന യോണി ഫഹദുമൊത്ത് യാത്ര തുടങ്ങുന്നു. ഫഹദിന് കൊണ്ടുപോകാൻ ഏതാനും വസ്തുക്കളേ ഉണ്ടായിരുന്നുള്ളു. പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീടിന്റെ താക്കോൽ, മരിച്ചുപോയ മാതാവിന്റെ ഫോട്ടോ, പിതാവ് നട്ടുവളർത്തിയ ഒലിവ് ചെടി, പിന്നെ ഫുട്‌ബോളും. യാത്ര മുന്നേറവെ യോണിക്കും ഫഹദിനുമിടയിലെ വെറുപ്പും ശത്രുതയും അലിഞ്ഞില്ലാതാവുന്നു. ഫഹദിന്റെ പ്രായത്തിൽ തനിക്കും പിതാവിനെ നഷ്ടപ്പെട്ടതാണെന്ന് യോണി അവനോട് പറയുന്നു. മേലധികാരികളുടെ അനിഷ്ടം മറികടന്നും യോണി ഫഹദിനോടുണ്ടാക്കിയ കരാർ നിറവേറ്റാൻ തയ്യാറാവുന്നു. ചുമരുകൾ മാത്രം ബാക്കിയായ വീടിന്റെ വാതിൽ ഫഹദിനു മുന്നിൽ സ്‌നേഹത്തോടെ മലർക്കെ തുറക്കപ്പെടുന്നു. നക്ഷത്രങ്ങളുടെ തിളക്കം കണ്ട് ആഹ്ലാദിച്ച്, വീട്ടുമുറ്റത്ത് ഒലിവ്‌ചെടി നട്ട് അവൻ വീണ്ടും അഭയാർഥിക്യാമ്പിലെ ദുരിതാവസ്ഥയിലേക്ക് മടങ്ങുന്നു.
  ഇത്തരമൊരു സംഭവം നടക്കുമോ എന്നാണ് വിമർശകരിൽ നിന്ന് റിക്‌ളിസ് നേരിട്ട ചോദ്യം. ഇത് നടക്കില്ലായിരിക്കാം. പക്ഷേ, അങ്ങനെയൊന്ന് സങ്കല്പിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് റിക്‌ളിസ് ഉന്നയിക്കുന്ന മറുചോദ്യം. റിക്‌ളിസിന്റെ സിനിമകൾ കാണുമ്പോൾ നമുക്കും അദ്ദേഹത്തോടൊപ്പം ചേർന്നുനിൽക്കാനാണ് തോന്നുക. കാരണം, മനുഷ്യനന്മയുടെ പക്ഷത്താണ് ഈ ഇസ്രായേലി ചലച്ചിത്രകാരൻ. ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയോടൊപ്പമാണ് അറുപതുകാരനായ റിക്‌ളിസിന്റെ മനസ്.
  കപ്പ് ഫൈനൽ, ലെമൺ ട്രീ എന്നീ ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ റിക്‌ളിസിനെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത്. കപ്പ് ഫൈനലിനോട് ചെറുതായി സാദൃശ്യമുള്ള ചിത്രമാണ് സെയ്തൂൻ. പി.എൽ.ഒ. സൈനികരുടെ തടവിലാകുന്ന ഒരു ഇസ്രായേലി ഭടനാണ് കപ്പ് ഫൈനലിലെ മുഖ്യകഥാപാത്രങ്ങളിലൊന്ന്. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്നത് ഫുട്ബാൾപ്രേമമാണ്. ലെമൺ ട്രീയിലാകട്ടെ സുരക്ഷയുടെ പേരിൽ ഇസ്രായേൽ സൈന്യം കാട്ടുന്ന മുഷ്‌കിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന സൽമ സിദാൻ എന്ന പലസ്തീൻ വനിതയാണ് മുഖ്യകഥാപാത്രം.
  'റോഡ് മൂവി' എന്ന വിശേഷണവും സെയ്തൂനിന് യോജിക്കും. യോണി തടവിൽ നിന്ന് രക്ഷപ്പെടുന്നതുമുതൽ സിനിമ അന്വേഷണയാത്രയാണ്. ഈ യാത്രക്കിടയിലെ ദുരിതങ്ങളിൽ പങ്കാളികളാകുമ്പോഴാണ് ഫഹദിനും യോണിക്കുമിടയിൽ സൗഹൃദത്തിന്റെ ഇലകൾ തലയാട്ടിത്തുടങ്ങുന്നത്. വലിയൊരു ഒലിവുമരത്തിന്റെ ചുവടെവെച്ചാണ് സംശയത്തിന്റെയും സ്പർധയുടെയും അന്തരീക്ഷം പതുക്കെ അവർക്കിടയിൽ അലിഞ്ഞില്ലാതാകുന്നത്. തണൽ വിരിച്ച്, ഇലകളാട്ടി ആഹ്ലാദം പൊഴിക്കുന്ന ഒലിവ് മരങ്ങൾ ഈ യാത്രയിൽ സമൃദ്ധമായി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.
  സിനിമയുടെ ശീർഷകത്തിൽത്തന്നെ സംവിധായകന്റെ മനസ് നമുക്ക് വായിക്കാം. 'സെയ്തൂൻ' എന്നാൽ അറബിക്കിൽ ഒലിവ് എന്നാണർഥം. ശാന്തിയുടെ, സൗഹൃദത്തിന്റെ പ്രതീകമാണ് ഒലിവ് മരം. ചിത്രത്തിലെങ്ങും ഒലിവിലകളുടെ മർമരം കേൾപ്പിക്കുന്നുണ്ട് സംവിധായകൻ. എങ്കിലും, ചിത്രാവസാനത്തിൽ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹം നിർബന്ധിതനാകുന്നു. പോർവിമാനങ്ങളുടെ ഇരമ്പലും റേഡിയോവിൽ കേൾക്കുന്ന അശുഭകരമായ വാർത്തയും ലെബനോണിനുമേൽ ഒരു യുദ്ധം അടുത്തെത്തിപ്പോയി എന്നു സൂചിപ്പിക്കുന്നു.
   രാഷ്ട്രീയസിനിമകളാണ് എറാൻ റിക്‌ളിസിന്റേതെന്ന് ചിലർ വിമർശിക്കാറുണ്ട്. അതിന് അദ്ദേഹത്തിന് മറുപടിയുണ്ട്.  'ഞാനെടുക്കുന്നത് രാഷ്ട്രീയസിനിമകളല്ല. ഒരു ജനതക്കുവേണ്ടി മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങളിലും അതുവഴിയുണ്ടാകുന്ന രാഷ്ട്രീയസാഹചര്യങ്ങളിലും അകപ്പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകളാണ് ഞാൻ പറയുന്നത് ' - റിക്‌ളിസ് വിശദീകരിക്കുന്നു.