Thursday, December 12, 2013

കവിയെ കൊല്ലുമ്പോൾ

കുർദ് ദേശീയതയുടെ 
വക്താവായ സംവിധായകൻ 
ബഹ്മൻ ഗൊബാദി 
ഇറാനിയൻ ഭരണകൂടത്തിന്റെ രോഷത്തിനിരയായ 
ഒരു കവിയുടെ മനസ്സിലേക്ക് 
ചുഴിഞ്ഞിറങ്ങുകയാണ് 
'റൈനോ സീസൺ ' 
എന്ന സിനിമയിൽ 


12 കൊല്ലംകൊണ്ട് ഇറാനിയൻ കുർദിഷ് സംവിധായകൻ ബഹ്മൻ ഗൊബാദി സംവിധാനം ചെയ്തത് ആറു ചിത്രങ്ങൾ. എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്‌സസ് ( 2000 ), മറൂൺഡ് ഇൻ ഇറാഖ് ( 2002 ) ,  ടർട്ട്ൽസ് കാൻ ഫ്‌ളൈ ( 2004 ), ഹാഫ് മൂൺ ( 2006 ), നോവൺ നോസ് എബൗട്ട് ദ പേഴ്‌സ്യൻ ക്യാറ്റ്‌സ് ( 2009 ), റൈനോ സീസൺ ( 2012 ) എന്നിവയാണീ ചിത്രങ്ങൾ.  പ്രശസ്ത സംവിധായകനായ അബ്ബാസ് കിരോസ്തമിയെപ്പോലെ ഗൊബാദിയും ഇപ്പോൾ മാതൃരാജ്യമായ ഇറാനു പുറത്താണ്. തങ്ങളുടെ സർഗാത്മകതയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്താണിവരിപ്പോൾ. തന്റെ യഥാർഥ വിചാരങ്ങൾ സിനിമയിൽ പ്രകടിപ്പിക്കാൻ കഴിയുന്നത് ഇപ്പോഴാണെന്ന് കിരോസ്തമിയെപ്പോലെ ഗൊബാദിയും ഏറ്റുപറയുന്നു. 2009 ലാണ് ഗൊബാദി ഇറാൻ വിട്ടത്. അതിരഹസ്യമായി ചിത്രീകരിച്ച ' നോവൺ നോസ് എബൗട്ട് ദ പേഴ്‌സ്യൻ ക്യാറ്റ്‌സ് ' ആണ് അദ്ദേഹം ഇറാനിൽ ചെയ്ത അവസാനചിത്രം. ആറാമത്തെ ചിത്രമായ ' റൈനോ സീസൺ ' ( Rhino season)  പൂർണമായും തുർക്കിയിലാണ് ചിത്രീകരിച്ചത്. തുർക്കിയിലെ ഇസ്താംബുളിലാണിപ്പോൾ ഗൊബാദി മനസ്സമാധാനത്തോടെ ജീവിക്കുന്നത്.


        എന്തുതരം സിനിമയാണോ താനാഗ്രഹിച്ചത് അതാണിപ്പോൾ ഉണ്ടാക്കുന്നതെന്ന് ഗൊബാദി ഒരഭിമുഖത്തിൽ തുറന്നു പറയുന്നു. ഇറാനിലെ സാംസ്‌കാരിക മന്ത്രാലയത്തിൽ ഇപ്പോൾ സിനിമയുടെ തിരക്കഥയുമായി അനുമതി തേടി കയറിയിറങ്ങേണ്ട.പുതിയൊരാളായി മാറിക്കഴിഞ്ഞു താൻ. തനിക്കിപ്പോൾ നാലു വയസ്സേയുള്ളു. പുതുജന്മമാണിത്. സ്വതന്ത്രലോകത്താണ് താനിപ്പോൾ. മറ്റു അഞ്ചു സിനിമകളിൽ നിന്നും വ്യത്യസ്തമാണ്  'റൈനോ സീസൺ '. ഇത് വെറും വൈയക്തിക സിനിമയാണെന്ന് ഗൊബാദി സാക്ഷ്യപ്പെടുത്തുന്നു. 'എന്റെ ആത്മാവിൽ നിന്നും ജീവിതത്തിൽ നിന്നുമാണ് ഞാനീ സിനിമയെടുത്തത്. ഇറാൻ വിട്ടതിനു ശേഷമുള്ള വർഷങ്ങളിലെ നിശ്ശബ്ദത എന്നെ ഭ്രാന്തു പിടിപ്പിച്ചു. ആത്മാവിനെ ആശ്വസിപ്പിക്കാനുള്ളതാണ് സിനിമ എന്ന് ഞാനാദ്യമായി മനസ്സിലാക്കുന്നു. അതിജീവനത്തിനുവേണ്ടിയാണീ സിനിമ. ഞാനൊരു കവിയോ എഴുത്തുകാരനോ പെയിന്ററോ ആയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. പേനയോ ബ്രഷോ മതി. ചലച്ചിത്രകാരന് ഒരുപാട് ഘടകങ്ങൾ ഒത്തുവന്നാലേ സിനിമയെടുക്കാനാവൂ. ഈ സിനിമ മറ്റുള്ളവർക്കുവേണ്ടിയല്ല. എന്റെ ആത്മാവിന്റെ സംതൃപ്തിക്കായാണ്. എന്റെ ആത്മാവിനെത്തന്നെയാണിത് പ്രതിഫലിപ്പിക്കുന്നത് '.- ഗൊബാദി പറയുന്നു.
      'റൈനോ സീസൺ '  ഒരു കവിയുടെ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കവിത തന്നെയാണ്. കവിയുടെ യഥാർഥലോകവും കാവ്യലോകവും തമ്മിലുള്ള ലോലമായ അതിർവരമ്പ് ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നതായി പലപ്പോഴും തോന്നാം. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. എല്ലാം ബോധപൂർവമാണ്. ഗൊബാദിയുടെ പതിവ് ശൈലിയിൽ നിന്നു വിട്ട് ദുർഗ്രഹമെന്നുവരെ തോന്നാവുന്ന രംഗങ്ങൾ ' റൈനോ സീസണി ' ൽ കാണാം.
         ഇറാനിലെ ഇസ്ലാമിക റിപ്പബഌക് ഭരണകൂടം ജയിലിലടച്ച ഇറാനിയൻ-കുർദു കവിയും ഗ്രന്ഥകാരനുമായ  സാദെഹ് കാമൻഗാറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണീ സിനിമയെടുത്തത്. 27 വർഷമാണ് സാദെഹ് തടവിൽ കിടന്നത്. ഇതിനിടയിൽ അദ്ദേഹം മരിച്ചുപോയെന്ന് ഭരണകൂടം കള്ളക്കഥ മെനഞ്ഞ് കുടുംബത്തെ വിശ്വസിപ്പിച്ചു. വ്യാജശവകുടീരവും സർക്കാർ നിർമിച്ചു. രാഷ്ട്രീയകവിതകളെഴുതിയെന്ന കുറ്റം ചുമത്തി കൊല്ലാക്കൊല ചെയ്ത സാദെഹിന്റെ തിക്താനുഭങ്ങളിൽ നിന്നാണ് ഈ സിനിമ പിറന്നത്.
   ഇറാനിലെ എല്ലാ രാഷ്ട്രീയത്തടവുകാർക്കുമായാണ് ഗൊബാദി  ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്.
     
2009 ലെ ശരത്കാലത്ത് ഇറാനിലാണ് കഥ തുടങ്ങുന്നത്. സഹേൽ ഫർസാൻ എന്ന കവിയെ തടവറയിൽ നിന്ന് മോചിപ്പിക്കുകയാണ്. മുപ്പതു വർഷത്തിനുശേഷമാണ് മോചനം. പുറത്തുവരുന്ന അദ്ദേഹം ആദ്യം പോകുന്നത് തന്റെ കവിതകൾക്ക് എന്നും പ്രചോദനമായിരുന്ന ആ കൂറ്റൻ മരത്തിനരികിലേക്കാണ്. സഹേൽ ആ മരത്തോട് സംസാരിക്കുമായിരുന്നു. മരം തിരിച്ചും. മണിക്കൂറുകളോളം കവി ആ മരത്തോട് ചേർന്നിരിക്കും. എഴുതും.  ' ദ റൈനോസ് ലാസ്റ്റ് പോയം ' ( കാണ്ടാമൃഗത്തിന്റെ അന്ത്യകവിത ) എഴുതിയത് താനും ആ മരവും ചേർന്നാണെന്ന് അദ്ദേഹം പറയും. തന്നിലെ  കവി മരിച്ചുപോയിരിക്കുന്നു. മനസ്സിൽ കവിത മരിച്ചാൽ കെട്ടുനാറുമെന്ന് അദ്ദേഹത്തിന്  ബോധ്യപ്പെടുന്നു. തടവിൽ നിന്ന് പുറത്തുവന്നെങ്കിലും താൻ മോചിതനായിട്ടില്ല.  തന്റേതായ അടയാളങ്ങളെല്ലാം അവർ മായ്ച്ചിരിക്കുന്നു. താൻ മരിച്ചുപോയെന്ന് വിളംബരം ചെയ്തിരിക്കുന്നു. ആർക്കുമറിയില്ല താൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന്. ഇവിടെനിന്ന് കവിയുടെ അന്വേഷണം തുടങ്ങുകയായി. തന്നോടൊപ്പം പത്തു വർഷം ജയിലിൽ കിടന്ന ഭാര്യ മിനയെവിടെ എന്നറിയണം.  കേണലിന്റെ മകളാണവൾ. ഷായ്‌ക്കെതിരെ  വിപഌവം നടന്നകാലത്ത്  എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങുമ്പോഴും ഒരിക്കൽപ്പോലും അവൾ ഭർത്താവിനെ തള്ളിപ്പറഞ്ഞില്ല.  അവൾ ജയിൽമോചിതയായി തുർക്കിയിലെ ഇസ്താംബുളിലേക്കു പോയതായി വിവരം കിട്ടി. കവി അവിടെയെത്തുന്നു. കഠിനമായ ജീവിതം അദ്ദേഹത്തിന് വേറെയും വേദനകൾ കരുതിവെച്ചിരുന്നു. ജയിലിൽ നിന്ന് രണ്ടു പെൺകുട്ടികളെയും കൊണ്ടാണ് മിന പുറംലോകത്തെത്തിയത്. അത് ആരുടെ മക്കൾ? ഇരുവരുടെയും  ജീവിതത്തിലേക്ക് ഒരു എട്ടുകാലിയെപ്പോലെ കടന്നുവന്ന് ക്രൂരതയുടെ വല നെയ്തവനാണ്  അക്ബർ എന്ന ഇറാനിയൻ വിപഌവഗാർഡ്. അയാൾക്ക് പണ്ടേ മിനായിൽ കണ്ണുണ്ടായിരുന്നു. മിനായെ വിടാതെ പിന്തുടർന്നിരുന്നു അയാൾ. കവിയും ഭാര്യയും നേരിടേണ്ടിവന്ന എല്ലാ പീഡനങ്ങൾക്കും പിന്നിൽ അയാളായിരുന്നെന്ന് നമ്മൾ പിന്നീടറിയുന്നു. ജയിലിൽവെച്ചുപോലും അയാൾ അവരോട് ക്രൂരത കാട്ടി. കുട്ടികൾ രണ്ടും തന്റേതാണെന്നാണ് അയാളുടെ  അവകാശവാദം. പക്ഷേ, മിന അത് വകവെച്ചുകൊടുക്കുന്നില്ല. പിതാവ് മരിച്ചുപോയെന്നാണ് മിന മക്കളോട് പറയുന്നത്.  വാർധക്യത്തിൽ അക്ബറിനും  ഒറ്റപ്പെടൽ സഹിക്കാനാവുന്നില്ല. മക്കളെ തനിക്ക് തന്ന് മിന എവിടേക്കു പോയാലും അയാൾക്ക് എതിർപ്പില്ലായിരുന്നു. ഒടുവിൽ എല്ലാറ്റിനും കണക്കു പറയാൻ കവി ദൃഢനിശ്ചയമെടുക്കുന്നു.
     കുർദ് ദേശീയതയുടെ വക്താവായ ഗൊബാദിയുടെ ആദ്യത്തെ നാലു ചിത്രങ്ങളിലും ഗ്രാമകേന്ദ്രീകൃതമായ ഇതിവൃത്തമായിരുന്നു. അഞ്ചാമത്തേതിൽ നഗരത്തിലേക്ക് മാറി.  ടെഹ്‌റാനായിരുന്നു ഈ ചിത്രത്തിലെ പശ്ചാത്തലം. ആറാമത്തേതിൽ  ഇസ്താംബുളും. വിവിധ രാജ്യങ്ങളിലായി കഴിയുന്ന 40 ലക്ഷത്തോളം കുർദു വംശജരുടെ ജീവിതമാണ് തന്റെ ആദ്യചിത്രങ്ങളിൽ ഗൊബാദി വിഷയമാക്കിയത്.  യുദ്ധത്തിനിരയാകുന്ന കുട്ടികളിലൂടെ കുർദ് ജനതയുടെ ജീവിതയാതനകളെ പുറംലോകത്തിന് കാട്ടിക്കൊടുക്കാനാണ് ഈ സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധിച്ചത്. കുർദ് ഭാഷയിലെ ആദ്യത്തെ ഫീച്ചർ സിനിമ ( എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്‌സസ് )  ഗൊബാദിയുടേതാണ്. ഏതൊരു കുർദ് വംശജനെയുംപോലെ അദ്ദേഹവും തികഞ്ഞ സദ്ദാം വിരുദ്ധനാണ്. തന്റെ ജനതയുടെ എല്ലാ ദുരിതങ്ങൾക്കും കാരണക്കാരൻ സദ്ദാം ഹുസൈനാണ് എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകളിൽ സദ്ദാമിനെ ഇകഴ്ത്താനും  അദ്ദേഹം മടിച്ചിട്ടില്ല. അഞ്ചാമത്തേയും ആറാമത്തേയും ചിത്രങ്ങളിൽ ഗൊബാദി ഇറാനിലെ രാഷ്ട്രീയാവസ്ഥയെയാണ് വിമർശനത്തിന് വിധേയമാക്കുന്നത്. സ്വന്തം വഴി വെട്ടിത്തുറക്കാനാഗ്രഹിക്കുന്ന സംഗീതകാരന്മാരെയും കവികളെയും ഭരണകൂടം കുഴിവെട്ടി മൂടുകയാണെന്ന് ഗൊബാദി വിലപിക്കുന്നു.
     
തടവറ തുറക്കുന്ന ശബ്ദത്തിലാണ് സിനിമയുടെ തുടക്കം. കവിയുടെ മോചനദിനമാണന്ന്. തറയിൽ, നനഞ്ഞ് മലർന്നുകിടക്കുന്ന കവിയുടെ കണ്ണിലേക്ക് ബൾബുകളിൽ നിന്ന് കടുത്ത വെളിച്ചം കുത്തിക്കയറുന്നു. തുടർന്നങ്ങോട്ട്  കവിയുടെ ഓർമകളിലേക്കും വർത്തമാനകാല യാഥാർഥ്യങ്ങളിലേക്കും ഗൊബാദി നമ്മളെ കൊണ്ടുപോകുന്നു. കവി അധികം സംസാരിക്കുന്നില്ല. പക്ഷേ, ആ മനസ്സിൽ ഇരമ്പുന്ന വലിയൊരു സാഗരം നമുക്ക് കാണാം. അറിയാതെ സ്വന്തം മകളെ പ്രാപിച്ചുപോയതിന്റെ കഠിനവേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാം.
       മുൻസിനിമകളിൽ നിന്ന് വ്യത്യസ്തമായി ജനസഞ്ചയത്തെ വിട്ട് ഒരു വ്യക്തിയുടെ മനസ്സിലേക്ക് സിനിമയുടെ ഇതിവൃത്തം ചുരുക്കിക്കൊണ്ടുവന്നപ്പോഴും ഗൊബാദി വിജയിക്കുന്നതായി നമുക്ക് കാണാം. അഞ്ച് പ്രധാന കഥാപാത്രങ്ങളേ ' റൈനോ സീസണി ' ലുള്ളു. എങ്കിലും, അവരിലൂടെ മനുഷ്യാവസ്ഥയുടെ നിഗൂഢമായ ചുഴികളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ സംവിധായകന് കഴിയുന്നുണ്ട്.  പ്രണയത്തിന്റെ ദൃഢതയും പ്രണയനിരാസത്തിൽ നിന്നുള്ള പകയും ഗൊബാദിയുടെ സിനിമയിൽ കടന്നുവരുന്നത് ഇതാദ്യമാണ്. ഈ വിഷയവും ഭംഗിയായി കൈകാര്യം ചെയ്യാൻ തനിക്കാവും എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.