Saturday, December 24, 2011

കൂലിയെഴുത്തുകാരന്റെ ആത്മബലി

മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ആത്മകഥയെഴുതാന്‍ അമേരിക്കയിലെത്തുന്ന കൂലിയെഴുത്തുകാരന്റെ അന്വേഷണവും കണ്ടെത്തലുമാണ്‌ റൊമാന്‍ പൊളാന്‍സ്‌കിയുടെ ദി ഗോസ്‌റ്റ്‌ റൈറ്റര്‍



``എല്ലാവരും പറയുന്ന ആര്‍ട്ട്‌ സിനിമയും സിനിമയ്‌ക്കുണ്ടാവണമെന്ന്‌ പറയുന്ന തത്ത്വചിന്താപരമായ ആഴവുമൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ക്യാമറ കൊണ്ട്‌, പ്രകാശം കൊണ്ട്‌, അഭിനേതാക്കളെക്കൊണ്ട്‌ വളരെ ലളിതമായി സിനിമയുണ്ടാക്കാനാണ്‌ എനിക്കിഷ്‌ടം''-പ്രശസ്‌ത പോളിഷ്‌ സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി തന്റെ സിനിമാ സങ്കല്‌പം വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌. എഴുപത്തിയെട്ടുകാരനായ പൊളാന്‍സ്‌കി ഇപ്പോഴും സിനിമയെടുക്കുന്നു.ആ പ്രതിഭയ്‌ക്ക്‌ ഒരു മങ്ങലും ഏറ്റിട്ടില്ല.49 വര്‍ഷം മുമ്പാണ്‌ പൊളാന്‍സ്‌കി ആദ്യ ചിത്രം സംവിധാനം ചെയ്‌തത്‌. പേര്‌:`നൈഫ്‌ ഇന്‍ ദ വാട്ടര്‍'. മൂന്ന്‌ കഥാപാത്രങ്ങളും ഒരു വഞ്ചിയുമാണ്‌ ഈ ചിത്രത്തിലുള്ളത്‌.അപരിചിതനായ യുവാവുമൊത്ത്‌ വഞ്ചി തുഴയാന്‍ പോകുന്ന ദമ്പതിമാര്‍ക്കിടയില്‍ രൂപം കൊള്ളുന്ന അസ്വാരസ്യങ്ങളാണ്‌ ഇതിന്റെ ഇതിവൃത്തം.മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ പോളിഷ്‌ സിനിമ. `നൈഫ്‌ ഇന്‍ ദ വാട്ടറി'നു ശേഷം `റിപ്പല്‍ഷന്‍' (1965), `റോസ്‌ മേരീസ്‌ ബേബി' (1968),`മാക്‌ബത്ത്‌'(1971),`വാട്ട്‌'(1973),`ചീനാ ടൗണ്‍' (1974), `ദ ടെനന്റ്‌'(1976),`ടെസ്സ്‌'(1979),`ദ പിയാനിസ്റ്റ്‌'(2002), `ഒളിവര്‍ ട്വിസ്റ്റ്‌'(2005) തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയില്‍, ഏറെ അവാര്‍ഡുകള്‍ നേടിയെടുത്ത ചിത്രം `ദ പിയാനിസ്റ്റാ'ണ്‌. മികച്ച സംവിധായകനുള്ളതുള്‍പ്പെടെ നാല്‌ ഓസ്‌കറാണ്‌ ഈ ചിത്രം കരസ്ഥമാക്കിയത്‌. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രവും `ദ പിയാനിസ്റ്റ്‌' ആയിരുന്നു. പിയാനോ വാദകനായ പോളിഷ്‌ ജൂതന്‍ വ്‌ളാഡിസ്ലോ സ്‌പില്‍മാന്റെ ആത്മകഥയെ അവലംബിച്ചാണീ സിനിമയെടുത്തത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ പോളണ്ടില്‍ നടമാടിയ നാസിഭീകരത തുറന്നുകാട്ടുന്ന ചിത്രമാണിത്‌. വംശക്കുരുതിയെ മറികടന്ന്‌ വീണ്ടും ജീവിതത്തിലേക്കും സംഗീതത്തിലേക്കും തിരിച്ചുവരുന്ന സ്‌പില്‍മാന്റെ അസാധാരണമായ കഥയാണ്‌ പൊളാന്‍സ്‌കി പറയുന്നത്‌.

2010ല്‍ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ദ ഗോസ്റ്റ്‌ റൈറ്റര്‍'(ബ്രിട്ടനില്‍ `ദ ഗോസ്റ്റ്‌' എന്ന ശീര്‍ഷകത്തിലാണ്‌ ചിത്രം റിലീസായത്‌.) റോബര്‍ട്ട്‌ ഹാരിസിന്റെ നോവലാണ്‌ ഈ ഇംഗ്ലീഷ്‌ സിനിമയ്‌ക്കാധാരം. രാഷ്ട്രീയവും ചാരപ്പണിയും വഞ്ചനയും സാഹിത്യവുമെല്ലാം സ്‌പര്‍ശിച്ചുപോകുന്ന `ദ ഗോസ്റ്റ്‌ റൈറ്റര്‍' അസാധാരണമായ ഒരു സസ്‌പെന്‍സ്‌ ചിത്രമാണ്‌. പ്രേക്ഷകന്‍ ഊഹിക്കാത്ത വഴികളിലൂടെയാണ്‌ സിനിമയുടെ സഞ്ചാരം. അത്‌ ചെന്നവസാനിക്കുന്നിടത്തും അത്ഭുതം കാത്തുനില്‍ക്കുന്നു.നോവലിസ്റ്റിനൊപ്പം സംവിധായകന്‍ പൊളാന്‍സ്‌കിയും സിനിമയുടെ തിരക്കഥാരചനയില്‍ പങ്കാളിയാണ്‌.രണ്ട്‌ മണിക്കൂറുള്ള സിനിമയുടെ ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതാണ്‌.
മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ
പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ഒരു ബ്രിട്ടീഷുകാരനാണിതിലെ നായകന്‍. (ആഡം ലാങ്ങിന്‌ മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി സാദൃശ്യമുണ്ടെന്ന്‌ നിരൂപകര്‍ പറയുന്നു). ആരോപണങ്ങളുടെ പേരില്‍ അധികാരം വിട്ടൊഴിഞ്ഞ ലാങ്‌ ഭാര്യ റൂത്തിനോടും ഏതാനും സഹായികളോടുമൊപ്പം അമേരിക്കയിലെ ഒരു ദ്വീപില്‍ രഹസ്യമായി കഴിയുകയാണ്‌. ബ്രിട്ടനിലെ പ്രമുഖ പ്രസിദ്ധീകരണക്കമ്പനിയാണ്‌ ലാങ്ങിന്റെ ആത്മകഥ ഇറക്കുന്നത്‌. 100 കോടി ഡോളറാണ്‌ ലാങ്‌ ഇതിന്‌ പ്രതിഫലമായി വാങ്ങുന്നത്‌. മൈക്ക്‌ മക്കാറ എന്നൊരു കൂലിയെഴുത്തുകാരനാണ്‌ ലാങ്ങിന്റെ ആത്മകഥ തയ്യാറാക്കാന്‍ ആദ്യം വരുന്നത്‌. മൈക്ക്‌ രചന ഏതാണ്ട്‌ പൂര്‍ത്തിയാക്കിയിരുന്നു. പെട്ടെന്ന്‌ ഒരു ദിവസം മൈക്കിന്റെ മൃതദേഹം കടല്‍ത്തീരത്തടിയുന്നു. അങ്കലാപ്പിലായ പുസ്‌തകക്കമ്പനി മറ്റൊരു എഴുത്തുകാരനെ തേടുന്നു. ഒരു മാന്ത്രികന്റെ ആത്മകഥ തയ്യാറാക്കിക്കൊടുത്ത ബ്രിട്ടീഷ്‌ യുവാവിനാണ്‌ നറുക്ക്‌ വീണത്‌. രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലത്തില്‍ അയാള്‍ പുസ്‌തകരചന ഏറ്റെടുക്കുന്നു. അയാളുടെ മുന്‍ഗാമി ആഡം ലാങ്ങിന്റെ ജീവിതം മുഴുവന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്‌. പക്ഷേ, അതിനൊരു അടുക്കും ചിട്ടയും വന്നിട്ടില്ല.വായനക്കാരനെ പെട്ടെന്ന്‌ ആകര്‍ഷിക്കുന്ന ഒരു തുടക്കം വേണം. അതിന്റെ വേവലാതിയിലാണ്‌ രണ്ടാമത്തെ കൂലിയെഴുത്തുകാരന്‍.

23-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ വന്നയാളാണ്‌ ആഡം ലാങ്‌. അതിന്‌ കാരണക്കാരി റൂത്ത്‌ എന്ന കാമുകിയായിരുന്നു. അവളോടുള്ള പ്രണയമാണ്‌ ലാങ്ങിനെ രാഷ്ട്രീയത്തിലെത്തിച്ചത്‌. പിന്നീടവള്‍ ലാങ്ങിന്റെ ഭാര്യയായി. ലാങ്ങിന്റെ രാഷ്ട്രീയ വളര്‍ച്ചയ്‌ക്കു പിന്നില്‍ റൂത്തായിരുന്നു. കാര്യങ്ങള്‍ കൃത്യമായി കണക്കുകൂട്ടാന്‍ കഴിവുള്ള തന്റേടിയായ സ്‌ത്രീ. ലാങ്ങിന്റെ പതനത്തിലും റൂത്ത്‌ കൂടെയുണ്ട്‌. മുന്‍ഗാമി എഴുതിവെച്ചതില്‍ അവിടവിടെ ചില കണ്ണികള്‍ വിട്ടുപോയതായി രണ്ടാമത്തെ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു. ആഡം ലാങ്ങിനെ ഇന്റര്‍വ്യൂ നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണയാള്‍.
ഇതിനിടെ , ലാങ്ങിനെതിരെ പുതിയ ആരോപണമുയരുന്നു. ബ്രിട്ടീഷ്‌ സേന പിടികൂടിയ നാല്‌ അല്‍ഖ്വെയ്‌ദ പ്രവര്‍ത്തകരെ ഭരണത്തിലിരിക്കെ ആഡം ലാങ്‌ സി.ഐ.എ. ക്ക്‌ കൈമാറി എന്ന വിവരമാണ്‌ പുറത്തുവരുന്നത്‌. ചോദ്യം ചെയ്യലിനിടെ ഒരു അല്‍ഖ്വെയ്‌ദ പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ്‌ മരിച്ചിരുന്നു. ലാങ്ങിനെ അന്താരാഷ്ട്ര കോടതിയില്‍ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന്‌ ആവശ്യമുയരുന്നു. ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ നിന്ന്‌ വിസ്‌മൃതനായ ലാങ്‌ ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന്‌ ഇറാഖില്‍ ബ്രിട്ടന്‍ നടത്തിയത്‌ നിയമവിരുദ്ധ യുദ്ധമായിരുന്നു എന്നറിഞ്ഞ ബ്രിട്ടീഷ്‌ ജനത ലാങ്ങിനെതിരാവുന്നു. വിവാദങ്ങളില്‍ നിന്നുള്ള മുതലെടുപ്പ്‌ സ്വപ്‌നം കാണുന്ന പ്രസാധകക്കമ്പനി പുസ്‌തകം രണ്ടാഴ്‌ചയ്‌ക്കകം ഇറക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.
പുസ്‌തകം പൂര്‍ത്തിയാക്കാനാവാതെ ഒട്ടേറെ സന്ദേഹങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്‌ കൂലിയെഴുത്തുകാരന്റെ മനസ്സ്‌. തന്റെ മുന്‍ഗാമിയുടെ മരണത്തില്‍ അയാള്‍ക്ക്‌ സംശയം ജനിക്കുന്നു. അയാള്‍ എഴുത്തിനൊപ്പം അന്വേഷണവും മുന്നോട്ട്‌ കൊണ്ടുപോകുന്നു. അമിതമായി മദ്യപിച്ച്‌ കടലില്‍ മുങ്ങിമരിച്ചതാണ്‌ ആദ്യത്തെ എഴുത്തുകാരന്‍ എന്നാണ്‌ റൂത്തും മറ്റും വിശ്വസിപ്പിച്ചിരുന്നത്‌. അത്‌ ശരിയല്ലെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുന്നു. അതൊരു കൊലപാതകമായിരുന്നു. എന്തായിരുന്നു കാരണം? ഇവിടെ കൂലിയെഴുത്തുകാരന്‍ ആരും ഏല്‍പ്പിക്കാത്ത ദൗത്യം ഏറ്റെടുക്കുകയാണ്‌. അയാള്‍ രഹസ്യാന്വേഷകന്റെ റോളിലേക്ക്‌ മാറുന്നു. പുസ്‌തകം പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ ശക്തരായ, അജ്ഞാതരായ എതിരാളികളോട്‌ പോരാടി അയാള്‍ സത്യം കണ്ടുപിടിക്കുന്നു. അതിനയാള്‍ക്ക്‌ കൊടുക്കേണ്ടിവന്നത്‌ സ്വന്തം ജീവന്‍.
നിഗൂഢത നിറഞ്ഞുനില്‍ക്കുന്ന ഒരു ദ്വീപാണ്‌ സിനിമയുടെ പശ്ചാത്തലം. മഴ പെയ്‌ത ഒരു രാത്രി. അവിടത്തെ ജങ്കാറില്‍ കടത്ത്‌ കടക്കാനെത്തിയ ഒരു കാര്‍ അനാഥമായി കിടക്കുന്നു. പിറ്റേന്ന്‌ രാവിലെ കടല്‍ത്തീരത്ത്‌ ഒരു പുരുഷന്റെ മൃതദേഹം. ആഡം ലാങ്ങിന്റെ ആത്മകഥയുടെ ആദ്യരചയിതാവിന്റേതായിരുന്നു അത്‌. റൊമാന്‍ പൊളാന്‍സ്‌കിയുടെ ഫ്ര ദ ഗോസ്റ്റ്‌ റൈറ്റര്‍ ഫ്ര ഇവിടെ നിന്നാണ്‌ തുടങ്ങുന്നത്‌. നമ്മുടെ നിഗമനങ്ങളെ അസ്ഥാനത്താക്കി പൊളാന്‍സ്‌കി ആ മൃതദേഹത്തെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനു പകരം ആഡം ലാങ്ങിന്റെ ജീവിതത്തിലേക്കാണ്‌ സംവിധായകന്‍ കടന്നു ചെല്ലുന്നത്‌. അവിടെ രാഷ്ട്രീയവും പ്രണയവും അധികാര നഷ്‌ടവും ആത്മവഞ്ചനയുമെല്ലാമുണ്ട്‌. അപ്പപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതിനാല്‍ ഇതിവൃത്തത്തിന്‌ കാലികപ്രാധാന്യവും കൈവരുന്നു. ഇറാഖ്‌ യുദ്ധത്തിന്റെ പ്രസക്തി തന്നെ പൊളാന്‍സ്‌കി ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുകയാണ്‌. ഇറാഖ്‌ യുദ്ധത്തില്‍ സൈനികരായ മക്കളെ നഷ്‌ടപ്പെട്ട ബ്രിട്ടീഷുകാര്‍ മുന്‍ പ്രധാനമന്ത്രിയെ രാജ്യദ്രോഹി എന്നാണ്‌ മുദ്ര കുത്തുന്നത്‌. മുപ്പത്‌ കൊല്ലം ബ്രിട്ടീഷ്‌ സേനയെ സേവിച്ച ഒരു മുന്‍ സൈനികന്റെ വെടിയേറ്റാണ്‌ ആഡംലാങ്‌ ഒടുവില്‍ മരിക്കുന്നത്‌.

കൂലിയെഴുത്തുകാരനായി വന്ന്‌ അന്വേഷകന്റെ റോളിലെത്തുന്ന യുവാവാണ്‌ ഈ സിനിമയിലെ ശക്തനായ കഥാപാത്രം. തുടക്കത്തില്‍, ആഡം ലാങ്ങിന്റെ നിഴലിനുള്ളില്‍ പതുങ്ങിനില്‍ക്കുകയാണ്‌ ഈ കഥാപാത്രം. പിന്നീട്‌, ആ നിഴലിനെയും അതിജീവിച്ച്‌ അയാള്‍ വളരുന്നു. ആത്മാവില്ലാത്ത, വികാരമില്ലാത്ത വെറും പ്രേതമാണ്‌ കൂലിയെഴുത്തുകാരന്‍ എന്ന്‌ അയാള്‍ക്കറിയാം. വിവാഹവീട്ടില്‍ വെപ്പാട്ടിയെപ്പോലെ അകറ്റിനിര്‍ത്തപ്പെടേണ്ടയാള്‍. താനെഴുതിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിലേക്ക്‌്‌്‌ അയാള്‍ക്ക്‌ ക്ഷണം കിട്ടുന്നില്ല. ക്ഷണിക്കപ്പെടാത്ത അതിഥിയായി , ആത്മനിന്ദ പേറിയാണ്‌ അയാളവിടെ എത്തുന്നത്‌. അവിടെ വെച്ചാണയാള്‍ റൂത്ത്‌ ലാങ്ങിന്റെ പൊയ്‌മുഖം കീറിയെറിയുന്നതും ഒടുവില്‍, മരണത്തിലേക്ക്‌ ഇറങ്ങിപ്പോകുന്നതും . സിനിമയില്‍ ഒരിക്കല്‍പോലും ഈ കഥാപാത്രത്തിന്റെ പേര്‌ പരാമര്‍ശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌.
ജീവിതത്തിലെ തിരിച്ചടികളും പ്രായവും പൊളാന്‍സ്‌കിയിലെ ചലച്ചിത്രകാരനെ തളര്‍ത്തുന്നില്ല എന്ന്‌ ഫ്രദ ഗോസ്റ്റ്‌ റൈറ്റര്‍' സാക്ഷ്യപ്പെടുത്തുന്നു. നടനായാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. നേരിടേണ്ടിവന്ന ഓരോ പരാജയവും തന്നില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നാണ്‌ പൊളാന്‍സ്‌കി പറയുന്നത്‌. കുട്ടിക്കാലത്ത്‌ നാസി ഭീകരതയ്‌ക്ക്‌ ഇരയായ ആളാണ്‌ ജൂതനായ പൊളാന്‍സ്‌കി. അനാഥനെപ്പോലെയായിരുന്നു ബാല്യം. 1939-ല്‍ ജര്‍മന്‍കാര്‍ പോളണ്ട്‌ കീഴടക്കിയപ്പോള്‍ അച്ഛനെയും അമ്മയെയും തടങ്കല്‍പ്പാളയത്തിലടച്ചു. തെണ്ടിത്തിരിഞ്ഞ്‌ നടന്ന പൊളാന്‍സ്‌കിക്ക്‌ അച്ഛനെ തിരിച്ചുകിട്ടിയത്‌ ആറു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. അമ്മ ഓഷ്‌വിറ്റ്‌സിലെ നാസി തടവറയില്‍ വധിക്കപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കെ 1969-ല്‍ ഭാര്യ ഷാരോണ്‍ ടാറ്റെയും വധിക്കപ്പെട്ടു. നടിയായിരുന്ന ഷാരോണ്‍ പൊളാന്‍സ്‌കിയുടെ സിനിമാജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഏറ്റവുമൊടുവില്‍, പഴയൊരു ലൈംഗികപീഡനക്കേസില്‍ പൊളാന്‍സ്‌കി അറസ്റ്റിലുമായി. ഫ്രആജീവനാന്തനേട്ട' ത്തിനുള്ള അവാര്‍ഡ്‌ സ്വീകരിക്കാനായി സൂറിച്ച്‌ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്‌. 2010 മേയിലാണ്‌ അദ്ദേഹം മോചിതനായത്‌. അതിനുശേഷമാണ്‌ പൊളാന്‍സ്‌കി ഫ്രഗോസ്റ്റ്‌ റൈറ്റര്‍' പൂര്‍ത്തിയാക്കിയത്‌.

Tuesday, November 22, 2011

ചെയുടെ ഗറില്ലാ ജീവിതം


ക്യൂബയിലും ബൊളീവിയയിലും ഗറില്ലാ പോരാട്ടം നയിച്ച ചെഗുവേരയുടെ ആദ്യനാളുകളെ ആസ്‌പദമാക്കിയുള്ള 'ചെ' എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌

വിപ്ലവനായകന്‍ ഏണസ്റ്റോ ചെ ഗുവേര എന്ന ചെ രക്തസാക്ഷിയായിട്ട്‌ ഒക്ടോബര്‍ ഒന്‍പതിന്‌ 43 വര്‍ഷമാവുന്നു. (1967 ഒക്ടോബര്‍ ഒന്‍പതിനാണ്‌ ബൊളീവിയയില്‍ അദ്ദേഹം വീരമരണം വരിച്ചത്‌.) ചെയുടെ ജീവിതം ആസ്‌പദമാക്കി ഏതാനും ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഇറങ്ങിയിട്ടുണ്ട്‌. ഫീച്ചര്‍ സിനിമയില്‍ ആദ്യത്തേത്‌ 1968-ല്‍ പുറത്തിറങ്ങി. പേര്‌ `ദ ഡെഡ്‌ ഓഫ്‌ ചെ'. ഇത്‌ ഇറ്റാലിയന്‍ സിനിമയാണ്‌. 1969-ല്‍ ഇറങ്ങിയ `ചെ' ഇംഗ്ലീഷ്‌ ചിത്രമാണ്‌. ഒമര്‍ ഷരീഫാണ്‌ ഈ ചിത്രത്തില്‍ ചെ ആയി വേഷമിട്ടത്‌. ശ്രദ്ധേയമായ മറ്റൊരു ചിത്രം 2005-ല്‍ ഇറങ്ങിയ `മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌' ആണ്‌. ആല്‍ബര്‍ട്ടൊ ഗ്രനാഡൊ എന്ന സുഹൃത്തിനൊപ്പം ബൈക്കില്‍ തെക്കേ അമേരിക്കയിലൂടെ ചെ നടത്തിയ യാത്രയാണ്‌ ഈ സ്‌പാനിഷ്‌ ചിത്രത്തിന്‍െറ ഇതിവൃത്തം. 23-ാം വയസ്സില്‍, മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ചെയുടെ യാത്ര. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ ലോകം അദ്ദേഹം അടുത്തറിഞ്ഞത്‌ ഈ യാത്രയിലാണ്‌. സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ ചെയെ പ്രേരിപ്പിച്ചത്‌ ഈ യാത്രയാണ്‌.

`സേ ഗുഡ്‌ മോണിങ്‌ ഡാഡ്‌' എന്ന സ്‌പാനിഷ്‌ ചിത്രം 2006-ല്‍ പുറത്തു വന്നു. ഏറ്റവുംഒടുവിലത്തെ ഫീച്ചര്‍ സിനിമ 2008-ല്‍ ഇറങ്ങി. പേര്‌ `ചെ'. ഇതിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. രണ്ടും കൂടി ഏതാണ്ട്‌ നാലര മണിക്കൂര്‍ വരും.`ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ ചെ ഗുവേര' (2005), `ചെ: റൈസ്‌ ആന്‍ഡ്‌ ഫാള്‍' (2007) എന്നിവയാണ്‌ ചെ ഗുവേരയെക്കുറിച്ചുള്ള പ്രധാന ഡോക്യുമെന്‍ററികള്‍. `ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ ചെ ഗുവേര' ഡച്ച്‌ ഡോക്യുമെന്‍ററിയാണ്‌. വെടിവെച്ചുകൊന്നശേഷം ചെയുടെ കൈകള്‍ ബൊളീവിയന്‍ സൈനികര്‍ വെട്ടിമാറ്റിയിരുന്നു. തിരിച്ചറിയലിന്‌ വിരലടയാളം എടുക്കാന്‍ എന്നാണിതിന്‌ ന്യായീകരണം പറഞ്ഞിരുന്നത്‌. ചെയുടെ കൈകള്‍ തേടിയുള്ള അന്വേഷണമാണ്‌ ഈ ഡോക്യുമെന്‍ററി.

2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളിലൊന്നായാണ്‌ `ചെ'യെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. ഹോളിവുഡ്‌ സംവിധായകനായ സ്റ്റീവന്‍ സൊഡര്‍ബര്‍ഗ്‌ ആണ്‌ ഈ സ്‌പാനിഷ്‌ സിനിമ സംവിധാനം ചെയ്‌തത്‌. കാന്‍, ന്യൂയോര്‍ക്ക്‌, ടൊറന്‍േറാ മേളകളില്‍ `ചെ' കാണിച്ചിട്ടുണ്ട്‌. 2009-ലെ കാന്‍ ഫിലിം മേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്‌ `ചെ'യില്‍ ചെ ഗുവേരയായി ജീവിച്ച ബനീഷ്യോ ഡല്‍ ടോറോയാണ്‌. (2000-ത്തില്‍ `ട്രാഫിക്‌' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഓസ്‌കര്‍ നേടിയിട്ടുണ്ട്‌ ബനീഷ്യോ.)39-ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച ചെ ഗുവേരയുടെ അവസാനകാലത്തെ മൂന്നു വര്‍ഷങ്ങളാണ്‌ `ചെ' എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്‌. ക്യൂബയില്‍ രണ്ടു വര്‍ഷം, ബൊളീവിയയില്‍ ഏതാണ്ട്‌ 11 മാസം.



`അര്‍ജന്‍ൈറന്‍' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യഭാഗത്ത്‌ ക്യൂബയാണ്‌ പശ്ചാത്തലം. ക്യൂബന്‍ വിപ്ലവത്തിന്‌ നായകത്വം വഹിച്ച ഫിദല്‍ കാസ്‌ട്രോയോടൊപ്പം പൊരുതുന്ന ചെയെ നമുക്കീ ചിത്രത്തില്‍ കാണാം. രണ്ടാം ഭാഗത്തിന്‌ `ഗറില്ല' എന്നാണ്‌ ശീര്‍ഷകം. ഇവിടെയെത്തുമ്പോള്‍ ചെ ഗുവേര മാത്രമേ നേതൃസ്ഥാനത്തുള്ളൂ. ഏകാധിപതിയായ സൈനികമേധാവി ജന. റെനെ ബറിയന്ദോസിനെതിരായ ഗറില്ലാസമരമാണ്‌ ബൊളീവിയയില്‍ നടന്നത്‌. ഒന്ന്‌ വിജയത്തിന്‍െറ കഥ പറയുന്നു. മറ്റൊന്ന്‌ പരാജയത്തിന്‍െറയും. ക്യൂബയില്‍ ഫിദലും ചെയും വിജയിച്ചു. ബൊളീവിയയില്‍ ചെ തോറ്റു. എങ്കിലും തോല്‍ക്കുന്നവരുടെ പോരാട്ടത്തിനും ഏറെ മഹത്ത്വമുണ്ടെന്ന്‌ സിനിമയുടെ രണ്ടാം ഭാഗം ഓര്‍മപ്പെടുത്തുന്നു.

ചരിത്രത്തിന്‌ ഏറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്‌ ആ തോല്‍വി. ``ഞങ്ങളുടെ തോല്‍വി ബൊളീവിയന്‍ കര്‍ഷകരെ ഉണര്‍ത്തിയേക്കാം'' എന്നാണ്‌ അവസാനനിമിഷത്തിലും ചെ പ്രത്യാശിച്ചിരുന്നത്‌.ചെഗുവേരയുടെ ഗറില്ലാജീവിതത്തിനാണ്‌ `ചെ' എന്ന സിനിമയില്‍ പ്രാധാന്യം. ചെയുടെ വിപ്ലവജീവിതത്തിലെ കുറെ വര്‍ഷങ്ങള്‍ സംവിധായകന്‍ വിട്ടുകളഞ്ഞിരിക്കുന്നു. അതുപോലെ, ചെയുടെ കുടുംബവും പിന്നാമ്പുറത്താണ്‌. കുടുംബത്തെപ്പറ്റി ഒന്നോ രണ്ടോ തവണ ചെ പരാമര്‍ശിക്കുന്നുണ്ട്‌. പിന്നെ ഒരു തവണ കുടുംബാംഗങ്ങളെ കാണിക്കുന്നുമുണ്ട്‌. അതിനപ്പുറം, കുടുംബത്തെക്കുറിച്ച്‌ സൂചനകളൊന്നും സിനിമ നല്‍കുന്നില്ല. നല്ല നാളേക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വിപ്ലവകാരികള്‍ക്ക്‌ കുടുംബം അപ്രസക്തമായിത്തീരുകയാണ്‌. കടുത്ത ആസ്‌ത്‌മ രോഗത്തിനുപോലും ചെയുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിഞ്ഞിരുന്നില്ല.ഒന്നാം ഭാഗത്ത്‌ ഫിദലിനൊപ്പം ചെഗുവേരയ്‌ക്കും തുല്യപ്രാധാന്യമുണ്ട്‌. ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരെ അവര്‍ ഒരുമിച്ചാണ്‌ പൊരുതുന്നത്‌. `ക്യൂബെന്‍ വിപ്ലവത്തിന്‍െറ ബുദ്ധികേന്ദ്രം. ഫിദലിനു പിന്നിലെ കരുത്ത്‌''- ഇങ്ങനെയാണ്‌ ചെയെ ആദ്യ ഭാഗത്ത്‌ വിശേഷിപ്പിക്കുന്നത്‌.

രണ്ടാം ഭാഗത്ത്‌, ക്യൂബന്‍ ഭരണാധികാരിയായ ഫിദല്‍ കാസ്‌ട്രോയെ പിന്നോട്ടു തള്ളി ചെയെ പൂര്‍ണതയിലെത്തിക്കുകയാണ്‌ സംവിധായകന്‍. വേഷംമാറി റമോണ്‍ എന്ന കള്ളപ്പേരില്‍ ബൊളീവിയയിലെത്തുന്ന ചെയാണ്‌ രണ്ടാം ഭാഗത്ത്‌ ഓരോ ഫ്രെയിമിലും നിറഞ്ഞുനില്‍ക്കുന്നത്‌. ഡയറിയിലെ താളുകള്‍ മറിയുന്നതുപോലെ സംഭവങ്ങള്‍ കടന്നുവരുന്നു. ചെ ബൊളീവിയയില്‍ എത്തുന്നത്‌ 1966 നവംബര്‍ മൂന്നിനാണ്‌. 341-ാം ദിവസം ആ ജീവിതത്തിന്‌ അന്ത്യമാവുന്നു. ഈ 341 ദിവസങ്ങളിലെ നിര്‍ണായക സംഭവങ്ങളാണ്‌ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്‌. ചെ എഴുതിയ `ബൊളീവിയന്‍ ഡയറി'യെ ആധാരമാക്കിയുള്ളതാണ്‌ സിനിമയുടെ രണ്ടാം ഭാഗം. പിടിക്കപ്പെടുന്നതിന്‌ ഒരു ദിവസം മുമ്പു വരെ (1967 ഒക്ടോബര്‍ 7) അദ്ദേഹം ഡയറി എഴുതിയിരുന്നു.



മരണം വരെ പോരാടാന്‍ തയ്യാറെടുത്ത വിപ്ലവകാരിയുടെ ജീവിതമെന്തെന്ന്‌ ഈ ഡയറിക്കുറിപ്പിലുണ്ടായിരുന്നു. തന്‍െറ കൂട്ടത്തില്‍ത്തന്നെയുള്ള സംശയാലുക്കളെയും ഭീരുക്കളെയും ചെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. അതുപോലെ, പുറത്തുനിന്നുള്ള ഒറ്റുകാരെയും.ധൈര്യവും സാഹസികതയും മനുഷ്യസേ്‌നഹവും ഒത്തുചേര്‍ന്ന ഒരു വിപ്ലവകാരിയെയാണ്‌ `ചെ' എന്ന നീണ്ട സിനിമയില്‍ അവതരിപ്പിക്കുന്നത്‌.

അര്‍ജന്‍റീനക്കാരനായ ഏണസ്റ്റോ ചെ ഗുവേര ഒരു കമ്യൂണിസ്റ്റ്‌ വിപ്ലവകാരി മാത്രമായിരുന്നില്ല. ഡോക്ടര്‍, എഴുത്തുകാരന്‍, ബുദ്ധിജീവി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലും ചെ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തിന്‌ തിളക്കം കൂട്ടുന്ന ഈ സവിശേഷതകളും ചിത്രം പ്രത്യേകം എടുത്തുകാട്ടുന്നുണ്ട്‌.കലാപരമായി മികച്ചുനില്‍ക്കുന്ന സിനിമയല്ലിത്‌. എങ്കിലും ലോകജനതയെ സ്വാധീനിച്ച ഒരു വ്യക്തിത്വത്തിന്‍െറ സജീവമായൊരു രേഖാചിത്രം നല്‍കുന്നുണ്ട്‌ ഈ സിനിമ.

Wednesday, September 14, 2011

പേര്‍ഷ്യന്‍ പൂച്ചകളെക്കുറിച്ച്‌ എന്തറിയാം?

2009-ല്‍ കാന്‍, മിയാമി, സാവോപോളോ, ടോക്കിയോ ഫിലിംമേളകളില്‍ അവാര്‍ഡ്‌ നേടിയ ചിത്രമാണ്‌ `നോ വണ്‍ നോസ്‌ എബൗട്ട്‌ പേര്‍ഷ്യന്‍ ക്യാറ്റ്‌സ്‌'.



ഇറാനിലെ കുര്‍ദിഷ്‌ സംവിധായകന്‍ ബഹ്‌മാന്‍ ഗൊബാദി സദാ അസ്വസ്ഥനാണ്‌. പുതിയൊരു സിനിമയെപ്പറ്റി ആലോചിക്കുമ്പോഴേ അദ്ദേഹത്തിന്‌ ആധി തുടങ്ങും. തിരക്കഥ രൂപപ്പെട്ടുകഴിഞ്ഞാല്‍ നേരെയങ്ങ്‌ ഷൂട്ടിങ്‌ തുടങ്ങാനാവില്ല. തിരക്കഥയ്‌ക്ക്‌ അധികാരികളുടെ അംഗീകാരം നേടണം. ചിലപ്പോള്‍ അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കേണ്ടിവരും. സ്വതന്ത്രമായ മനസ്സോടെയല്ല താന്‍ തിരക്കഥ രചിക്കുന്നതെന്ന്‌ ഗൊബാദി പറയുന്നു. വിലക്കുകളാണ്‌ വാക്കുകള്‍ക്ക്‌ മുമ്പേ മനസ്സില്‍ കടന്നുവരിക. തിരക്കഥയുടെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ്‌ എപ്പോഴും അദ്ദേഹത്തിന്റെ വേവലാതി. തിരക്കഥയുമായി നിത്യവും സാംസ്‌കാരിക മന്ത്രാലയത്തില്‍ പോകേണ്ടിവരും. പത്തുമണിക്കൂര്‍ വരെ ചിലപ്പോള്‍ ഉദ്യോഗസ്ഥരുടെ ദയാകടാക്ഷത്തിനായി കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്‌. എന്നിട്ടും ഗൊബാദി സിനിമയെടുക്കുന്നു; ആത്മരോഷം ഉള്ളിലടക്കിക്കൊണ്ട്‌.
തിരക്കഥയ്‌ക്ക്‌ അംഗീകാരം വാങ്ങാതെയാണ്‌ അദ്ദേഹം ഏറ്റവുമൊടുവിലത്തെ ചിത്രമായ `നോ വണ്‍ നോസ്‌ എബൗട്ട്‌ പേര്‍ഷ്യന്‍ ക്യാറ്റ്‌സ്‌' (No one knows about Persian cats) എടുത്തത്‌. 17 ദിവസം കൊണ്ട്‌ വളരെ രഹസ്യമായാണ്‌ ടെഹ്‌റാനില്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്‌.
എല്ലാ കുര്‍ദുകളെയുംപോലെ കടുത്ത സദ്ദാംവിരുദ്ധനാണ്‌ ഗൊബാദി. നാലഞ്ച്‌ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 40 ലക്ഷം കുര്‍ദുകളുടെ പ്രതിനിധിയാണദ്ദേഹം. എല്ലായിടത്തും കുര്‍ദുകളുടെ മുന്നില്‍ മതിലുകളുണ്ട്‌. എങ്കിലും അവര്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. സംഗീതം ഏറെ ഇഷ്‌ടപ്പെടുന്നു. അവരുടെ ജീവിതത്തില്‍നിന്നാണ്‌ ഗൊബാദി തന്റെ സിനിമകള്‍ രൂപപ്പെടുത്തുന്നത്‌. അതിര്‍ത്തികളില്ലാത്ത ഒരു ലോകമാണ്‌ ഗൊബാദിയുടെ ആഗ്രഹം. അവിടെ, വിലക്കുകളില്ലാതെ സംഗീതവുമുണ്ടെങ്കില്‍ ജീവിതം പൂര്‍ണമായി.
??നാല്‍പ്പത്തിരണ്ടുകാരനായ ഗൊബാദി പതിനെട്ടാംവയസ്സില്‍ തുടങ്ങിയതാണ്‌ സിനിമാസംവിധാനം. ആകെ അഞ്ച്‌ ഫീച്ചര്‍ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ഹ്രസ്വചിത്രത്തിലായിരുന്നു തുടക്കം. രണ്ടായിരത്തില്‍ ആദ്യത്തെ ഫീച്ചര്‍ചിത്രം പുറത്തുവന്നു. പേര്‌: `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ്‌' (A time for drunken horses ). മാതാപിതാക്കളുടെ മരണശേഷം കുടുംബഭാരം തലയില്‍ വീഴുന്ന അയൂബ്‌ എന്ന കുര്‍ദ്‌ ബാലന്റെ കഠിനജീവിതയാത്രയാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2004-ല്‍ ഇറങ്ങിയ `ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ' (Turtles can fly) എന്ന സിനിമയും കുട്ടികളുടെ യാതനാപര്‍വത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. 2003-ല്‍ അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണത്തിന്‌ തൊട്ടുമുമ്പുള്ള ഒരു കുര്‍ദ്‌ അഭയാര്‍ഥിക്യാമ്പാണ്‌ ഇതിന്റെ പശ്ചാത്തലം. യുദ്ധത്തിനിരയാകുന്ന കുട്ടികളിലൂടെ ഒരു ജനതയുടെ ജീവിതസമരം ആവിഷ്‌കരിക്കുകയായിരുന്നു ഗൊബാദി ഈ ചിത്രങ്ങളില്‍. അടുത്ത ചിത്രംതൊട്ട്‌ ഗൊബാദിയുടെ സഞ്ചാരവഴി മാറുന്നു. സംഗീതത്തിന്‌ പ്രമേയത്തില്‍ മുന്‍തൂക്കം കൈവരുന്നു. പക്ഷേ, അപ്പോഴും ജനതയുടെ ജീവിതയാതനകളെ ചിത്രത്തിന്റെ പശ്ചാത്തലമായി നിര്‍ത്തുന്നുണ്ടദ്ദേഹം. 2005-ലെ ' മറൂണ്‍ഡ്‌ ഇന്‍ ഇറാഖ്‌ ' (Marooned in Iraq ) മിര്‍സ എന്നവൃദ്ധഗായകന്‍ ഗായകരായ തന്റെ രണ്ട്‌ ആണ്‍മക്കളുമൊത്ത്‌ ഇറാഖിലേക്ക്‌ നടത്തുന്ന അന്വേഷണയാത്രയുടെ കഥ പറയുന്നു. ഗായികമാര്‍ക്ക്‌ ഇറാനില്‍ വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്‌ തന്റെ സുഹൃത്തിനൊപ്പം ഇറാഖിലേക്ക്‌ രക്ഷപ്പെട്ട മുന്‍ഭാര്യയെ കണ്ടെത്താനാണ്‌ മിര്‍സ അഭയാര്‍ഥിക്യാമ്പുകള്‍ തോറും അന്വേഷണം നടത്തുന്നത്‌. 2006-ലെ `ഹാഫ്‌ മൂണ്‍' എന്ന ചിത്രത്തിലും ഒരു വൃദ്ധഗായകനാണ്‌ പ്രധാന കഥാപാത്രം. കുര്‍ദിസ്‌താനില്‍ തന്റെ അവസാന കച്ചേരി നടത്താന്‍ യാത്രയാകുന്ന മാമു എന്ന ഗായകനും സംഗീതകാരന്മാരായ ആണ്‍മക്കളാണ്‌ കൂട്ട്‌. ഏറ്റവും അവസാനത്തെ ചിത്രമായ `നോ വണ്‍ നോസ്‌ എബൗട്ട്‌ പേര്‍ഷ്യന്‍ ക്യാറ്റ്‌സ്‌' ഏതു പ്രതിസന്ധിയിലും സംഗീതത്തെ ഉപാസിക്കാന്‍ തയ്യാറാവുന്ന കുറെ മനുഷ്യരുടെ കഥ അനാവരണം ചെയ്യുന്നു.
?ആദ്യത്തെ നാലു ചിത്രങ്ങളിലും ഗ്രാമകേന്ദ്രീകൃതമായ പ്രമേയങ്ങളാണ്‌ ഗൊബാദി സ്വീകരിച്ചിരുന്നത്‌. `നോ വണ്‍ നോസി'ലെത്തുമ്പോള്‍ ഗൊബാദി നഗരത്തിലേക്ക്‌ കടക്കുന്നു. ടെഹ്‌റാന്‍ നഗരമാണ്‌ പശ്ചാത്തലം. പക്ഷേ, നഗരജീവിതത്തിന്റെ രേഖാചിത്രമൊന്നുമല്ല കാണിക്കുന്നത്‌. ഇറാന്റെ അനുസ്യൂതമായ സംഗീത പാരമ്പര്യം ഉയര്‍ത്തിക്കാണിക്കുകയാണ്‌ ഗൊബാദി. ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ചും പാശ്ചാത്യ, ഇറാനിയന്‍ സംഗീതധാരകളെ സമന്വയിപ്പിക്കാന്‍ പരിശ്രമിക്കുന്ന കുറെ സംഗീതകാരന്മാരെയാണ്‌ അദ്ദേഹം ഈ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്‌.
പാശ്ചാത്യസംഗീതത്തിന്‌ ഇറാനില്‍ വിലക്കുണ്ട്‌. 2005-ലാണ്‌ നിരോധനം വന്നത്‌. എന്നിട്ടും ഈ നിരോധനം ലംഘിച്ച്‌ 2500-ഓളം പോപ്‌ സംഗീതട്രൂപ്പുകള്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. എല്ലാം ഒളിവില്‍. അവര്‍ രഹസ്യമായി നടത്തുന്ന സംഗീതക്കച്ചേരികളിലേക്ക്‌ ആസ്വാദകര്‍ എത്തുന്നു. ഏതുനിമിഷവും അവിടേക്ക്‌ പോലീസ്‌ വരാം. സംഗീതകാരന്മാര്‍ അറസ്റ്റിലാകാം. പിന്നെ ജയില്‍വാസം. ഒരിക്കല്‍ ഇങ്ങനെ നിയമം ലംഘിച്ചതിന്‌ ജയിലില്‍ പോയ അഷ്‌കാന്‍ എന്ന യുവാവും അവന്റെ കൂട്ടുകാരി നെഗറുമാണ്‌ `നോ വണ്‍ നോസി'ലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരും ജയിലില്‍ നിന്ന്‌ തിരിച്ചെത്തുമ്പോഴാണ്‌ കഥ തുടങ്ങുന്നത്‌. അവര്‍ക്ക്‌ എങ്ങനെയെങ്കിലും രാജ്യം വിടണം. ലണ്ടനില്‍നിന്ന്‌ ക്ഷണം വന്നിട്ടുണ്ട്‌. അവിടെ സംഗീതപരിപാടി അവതരിപ്പിക്കണം. അതിനായി ഒരു ബാന്‍ഡുണ്ടാക്കണം. ഗിത്താര്‍ വാദകരെയും ഡ്രമ്മറെയും ഒരു ഗായികയെയും കണ്ടെത്തണം. ഇവര്‍ക്കൊക്കെ പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിക്കണം. ഇതിനൊക്കെ സഹായിയായി നദര്‍ എന്ന രസികന്‍ പാട്ടുകാരനും ഇവരോടൊപ്പമുണ്ട്‌. സംഗീതകാരന്മാരുടെ രഹസ്യകേന്ദ്രങ്ങളില്‍ അവര്‍ സന്ദര്‍ശനം നടത്തുന്നു. വ്യാജമായി പാസ്‌പോര്‍ട്ടുണ്ടാക്കുന്ന സംഘത്തെയും സമീപിക്കുന്നു. ഒടുവില്‍, എല്ലാം നിഷ്‌ഫലമാകുന്നു.
ഗൊബാദിയുടെ മറ്റ്‌ ചിത്രങ്ങളെപ്പോലെ നമ്മളെ ആഴത്തില്‍ തൊടുന്നില്ല ഈ ചിത്രം. എല്ലാം സംഗീതത്തിലേക്കൊതുക്കുന്ന ഇതിവൃത്തത്തിന്‌ ജനജീവിതത്തിന്റെ സജീവ താളക്രമമില്ല. കഥാപാത്രങ്ങളെല്ലാം സംസാരിക്കുന്നത്‌ സംഗീതത്തെക്കുറിച്ചാണ്‌. ചടുലമാണ്‌ ആവിഷ്‌കാരരീതി. പാട്ടുകളുടെ ദൃശ്യവത്‌കരണവും ആകര്‍ഷണീയമാണ്‌. എങ്കിലും ഒരേ രേഖയിലൂടെയാണ്‌ ഇതിവൃത്തത്തിന്റെ സഞ്ചാരം. കഥാഖ്യാനരീതിക്ക്‌ ഡോക്യുമെന്ററിയുടെ സ്വഭാവമുണ്ട്‌. സിനിമയുടെ പാതിവഴിയില്‍ത്തന്നെ കഥയുടെ സ്വാഭാവികപരിണാമം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. പരാജയപ്പെടാനുള്ള കലാകാരന്റെ വിധിയിലേക്കാണ്‌ സംഭവങ്ങള്‍ ഒന്നൊന്നായി ചെന്നെത്തുന്നത്‌.
`പേര്‍ഷ്യന്‍ പൂച്ചകളെപ്പറ്റി ആര്‍ക്കും ഒന്നുമറിഞ്ഞൂടാ' എന്ന വിചിത്രമായ ശീര്‍ഷകത്തിലൂടെ തന്റെ രോഷമാണ്‌ ഗൊബാദി പ്രകടിപ്പിക്കുന്നത്‌. ഇറാനിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയാവസ്ഥകളെപ്പറ്റി പുറംലോകം അജ്ഞരാണെന്ന്‌ സൂചിപ്പിക്കുകയാണ്‌ അദ്ദേഹം. സൗമ്യരാണ്‌ പേര്‍ഷ്യന്‍പൂച്ചകള്‍. പക്ഷേ, അവയ്‌ക്ക്‌ വീട്ടിനകമേ വിധിച്ചിട്ടുള്ളൂ. പൊതുസ്ഥലത്ത്‌ അവയ്‌ക്ക്‌ പ്രവേശനമില്ല. പാശ്ചാത്യസംഗീതത്തിനും ഇറാനില്‍ ഇതാണ്‌ ഗതി.
സിനിമയുടെ പ്രമേയത്തിന്‌ ഗൊബാദിയുടെ ജീവിതവുമായി സാമ്യമുണ്ട്‌. കൂട്ടുകാരിയും പത്രപ്രവര്‍ത്തകയുമായ റൊക്‌സാന സബേരിയും തിരക്കഥാരചനയില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിയായിട്ടുണ്ട്‌.
ചാരപ്പണിക്കുറ്റം ആരോപിച്ച്‌ റൊക്‌സാനയെ ഇറാന്‍ സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുറവിളി ഉയര്‍ത്തിയപ്പോഴാണ്‌ അവരെ വിട്ടയച്ചത്‌. സിനിമാവഴിയില്‍ സഞ്ചരിക്കുന്ന ഗൊബാദിയുടെയും കൂട്ടുകാരിയുടെയും പ്രതിരൂപങ്ങളാണ്‌ `നോ വണ്‍ നോസി'ലെ മുഖ്യ കഥാപാത്രങ്ങള്‍.

Saturday, June 25, 2011

കുരുവികളുടെ പാട്ട്‌









2008-ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച ചിത്രമാണ്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌'.
ആ വര്‍ഷത്തെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' അവാര്‍ഡിനു നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ ഇത്‌. ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും കഥയാണ്‌ മജീദ്‌ മജീദി ചിത്രീകരിക്കുന്നത്‌.

ഇറാനിയന്‍ സിനിമയ്‌ക്ക്‌ മാനുഷികമുഖം നല്‌കിയ ചലച്ചിത്രകാരന്‍ എന്നാണ്‌ മജീദ്‌ മജീദിയെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. അദ്ദേഹം സിനിമാ സംവിധാനത്തിലേക്ക്‌ കടന്നിട്ട്‌ 18 വര്‍ഷങ്ങളായി. ഇതിനിടയില്‍ ഏഴ്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. `ബദൂക്ക്‌' (1992) ആണ്‌ ആദ്യത്തെ സിനിമ. രണ്ടാമത്തെ സിനിമ `ഫാദര്‍' ഇറങ്ങിയത്‌ 96-ലാണ്‌. 98-ല്‍ `ചില്‍ഡ്രന്‍ഓഫ്‌ ഹെവന്‍' പുറത്തുവന്നു. ഈ ചിത്രത്തോടെ മജീദ്‌ മജീദി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി. അക്കൊല്ലത്തെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ `ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍' മത്സരിച്ചു. `ദ കളര്‍ ഓഫ്‌ പാരഡൈസ്‌ (2000), `ബറാന്‍' (2001), `ദ വില്ലോ ട്രീ' (2005), `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌' (2008) എന്നിവയാണ്‌ മജീദ്‌ മജീദി സംവിധാനംചെയ്‌ത മറ്റു സിനിമകള്‍.
2008-ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച ചിത്രമാണ്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌' (കുരുവികളുടെ പാട്ട്‌).അന്‍പത്തൊന്നുകാരനായ മജീദി മത, രാഷ്ട്രീയ കാര്യങ്ങളില്‍ യഥാസ്ഥിതികനാണ്‌. ഉറച്ച മതവിശ്വാസിയുടെ ജീവിതവീക്ഷണമാണ്‌ അദ്ദേഹത്തിന്‍േറത്‌. മജീദിയുടെ സിനിമകളിലും ഇതു പ്രകടമാണ്‌. കുടുംബബന്ധങ്ങള്‍ക്ക്‌ അദ്ദേഹം ഏറെ പ്രാധാന്യം നല്‌കുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ കുട്ടികള്‍ക്കും സ്ഥാനമുണ്ട്‌ മജീദി ചിത്രങ്ങളില്‍. നിസ്സാര സംഭവങ്ങളില്‍നിന്നുപോലും ഈ സംവിധായകന്‍ ശക്തമായ ഇതിവൃത്തങ്ങള്‍ രൂപപ്പെടുത്തും. കാണാതെ പോകുന്ന ഒരു ജോടി ഷൂവും (ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍) ഒട്ടകപ്പക്ഷിയും (ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌) നമ്മുടെ ഹൃദയത്തെ മഥിക്കുന്നത്‌ ഈ രചനാവൈഭവംകൊണ്ടാണ്‌.

ഒട്ടകപ്പക്ഷികളെ സ്‌നേഹിച്ചിരുന്ന ഒരാളെ മജീദിക്ക്‌ പരിചയമുണ്ടായിരുന്നു. അയാള്‍ ഒട്ടകപ്പക്ഷികളോട്‌ കൂട്ടുകാരനെപ്പോലെ സംസാരിക്കുമായിരുന്നു. ഈ മനുഷ്യനില്‍നിന്നാണ്‌ `കുരുവികളുടെ പാട്ട്‌' പിറവിയെടുത്തത്‌. 2008-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' അവാര്‍ഡിനു നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌'.
ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും കഥയാണ്‌ മജീദി ചിത്രീകരിക്കുന്നത്‌. ഒരു കുന്നിന്‍ ചെരിവില്‍ ഒട്ടകപ്പക്ഷികളെ വളര്‍ത്തുന്ന ഫാമില്‍ ജോലി ചെയ്യുന്ന കരീമാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ഭാര്യയും മൂന്നു മക്കളുമാണയാള്‍ക്ക്‌. ഒട്ടകപ്പക്ഷികള്‍ അയാളുടെ കൂട്ടുകാരാണ്‌. അവയോടയാള്‍ സംസാരിക്കും. ചിലപ്പോള്‍ സങ്കടങ്ങള്‍ വരെ പങ്കുവെക്കും. ഒരുദിവസം ഒരൊട്ടകപ്പക്ഷി ഫാമില്‍നിന്ന്‌ രക്ഷപ്പെടുന്നു. കുന്നിന്‍ മുകളിലേക്ക്‌ ഓടിപ്പോയ അതിനെ ആര്‍ക്കും പിടിക്കാനാവുന്നില്ല. വലിയ വിലയുണ്ട്‌ ഒട്ടകപ്പക്ഷിക്ക്‌. ജോലിയില്‍ വീഴ്‌ച കാട്ടി എന്നു പറഞ്ഞു കരീമിനെ പിരിച്ചുവിടുന്നു.കരീമിന്‍െറ മൂത്ത മകള്‍ ഹനിയ ബധിരയാണ്‌. ചെവിയില്‍ വെച്ച ചെറുയന്ത്രത്തിന്‍െറ സഹായത്തോടെയാണവള്‍ കേള്‍ക്കുന്നത്‌. കരീമിനു ജോലി പോകുന്നതിനു രണ്ടുദിവസം മുമ്പ്‌ ആ കേള്‍വിസഹായി കുളത്തില്‍ വീണു കേടാവുന്നു. അതുടനെ നന്നാക്കണം. കാരണം ഹനിയയുടെ പരീക്ഷ അടുത്തുവരികയാണ്‌. കരീം ബൈക്കില്‍ ടെഹ്‌റാന്‍ നഗരത്തിലെത്തുന്നു. കേള്‍വി സഹായി നന്നാക്കാനാവില്ലെന്ന്‌ മെക്കാനിക്‌ പറയുന്നു. പുതിയത്‌ വാങ്ങുകയേ നിവൃത്തിയുള്ളൂ. അതിനു വലിയ വിലയാണ്‌. ഹതാശനായ കരീം തിരിച്ചു പോകാനായി ബൈക്ക്‌ സ്റ്റാര്‍ട്ടാക്കുന്നു. ഉടനെ ഒരാള്‍ ബൈക്കിന്‍െറ പിന്നില്‍ കയറുന്നു. ടെഹ്‌റാനില്‍ ഒട്ടേറെ ബൈക്കുകള്‍ ടാക്‌സിയായി ഓടുന്നുണ്ട്‌. അത്തരത്തില്‍പ്പെട്ടതാണെന്ന്‌ കരുതിയാണ്‌ യാത്രക്കാരന്‍ കയറുന്നത്‌. ലക്ഷ്യസ്ഥാനത്തെത്തിച്ചപ്പോള്‍ അയാള്‍ കരീമിന്‌ കൂലി നല്‍കി. അന്തംവിട്ട കരീമിനു മുന്നില്‍ ജീവിതം മറ്റൊരു വഴി തുറന്നുകൊടുക്കുകയായിരുന്നു. പിന്നീടയാള്‍ നിത്യവും നഗരത്തില്‍ ബൈക്കുമായെത്തി. കുറേശ്ശെ സമ്പാദ്യമൊക്കെ ആയിത്തുടങ്ങി.


ഇങ്ങനെ പോയാല്‍ മൂന്നു മാസം കൊണ്ട്‌ കടങ്ങളൊക്കെ വീട്ടാനാകുമെന്ന്‌ കരീം കണക്കുകൂട്ടി. അങ്ങനെയിരിക്കെ അയാളെ ജീവിതം വീണ്ടും പരീക്ഷിച്ചു. നഗരത്തിലെ ഒരു കെട്ടിടം പൊളിച്ചിടത്തുനിന്ന്‌ ശേഖരിച്ച കുറെ വീടുനിര്‍മാണസാമഗ്രികള്‍ അയാള്‍ വീടിനുമുന്നില്‍ കൂട്ടിയിട്ടിരുന്നു. ഒരു ദിവസം അതെല്ലാം കൂടി മറിഞ്ഞുവീണ്‌ കരീമിനു ഗുരുതരമായി പരിക്കേല്‍ക്കുന്നു. മരണത്തില്‍നിന്ന്‌ അയാള്‍ രക്ഷപ്പെട്ടു. പക്ഷേ, കുറെക്കാലം കിടപ്പായിപ്പോയി. പത്തു വയസ്സുള്ള മകന്‍ ഹുസൈന്‍ ജോലിക്കു പോകുന്നതു നിസ്സഹായതയോടെ അയാള്‍ നോക്കിനില്‍ക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം ആ ശുഭവാര്‍ത്തയെത്തി. ഫാമില്‍നിന്ന്‌ കാണാതെപോയ ഒട്ടകപ്പക്ഷി മടങ്ങിയെത്തിയിരിക്കുന്നു. അയാള്‍ വീണ്ടും കുന്നിന്‍ചെരിവിലെ ഒട്ടകപ്പക്ഷി സങ്കേതത്തിലേക്ക്‌ മടങ്ങുന്നു. ഒട്ടകപ്പക്ഷികളുടെ ക്ലോസപ്പിലാണ്‌ 95 മിനിറ്റുള്ള ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഒട്ടകപ്പക്ഷികളെ വിട്ട്‌ ഒരു ജീവിതമില്ല കരീമിന്‌. അയാളുടെ പ്രതീക്ഷകളുടെ പ്രതീകമാണ്‌ ഒട്ടകപ്പക്ഷികളും കുരുവികളും. വ്യത്യസ്‌തമായ രണ്ടു ഇടങ്ങളിലായാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. ആദ്യത്തേത്‌ ഗ്രാമത്തിലെ ഒട്ടകപ്പക്ഷി ഫാമിലും കരീമിന്‍െറ വീട്ടിലും. മറ്റേത്‌, ടെഹ്‌റാന്‍ നഗരത്തിലും. ഗ്രാമ-നഗരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവ്‌ മജീദി ചിത്രങ്ങളില്‍ കാണാറില്ല. എല്ലായിടത്തും നന്മയും തിന്മയുമുണ്ടെന്ന പക്ഷക്കാരനാണ്‌ മജീദി. മിണ്ടാപ്രാണികള്‍ക്കിടയില്‍നിന്ന്‌ പൊടുന്നനെയാണ്‌ നഗരമെന്ന അപരിചിത ലോകത്തേക്ക്‌ കരീം എടുത്തെറിയപ്പെടുന്നത്‌. എവിടെയും കരീമിനെയാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌. കരീം ഇടപെടുന്ന കുടുംബത്തിലൂടെ, സുഹൃത്തുക്കളിലൂടെ, അപരിചിതരിലൂടെ അയാളുടെ വ്യക്തിത്വം തെളിഞ്ഞുവരുന്നു. സത്യവിശ്വാസിയായ കരീമിന്‍െറ ജീവിതത്തിന്‌ ഒരു പ്രത്യേക തിളക്കമുണ്ടെന്ന്‌ സംവിധായകന്‍ കാണിച്ചുതരുന്നു. കരീമിന്‍െറ കാഴ്‌ചപ്പാടിലൂടെയാണ്‌ സംഭവങ്ങളെ സംവിധായകന്‍ കാണുന്നത്‌. ഏതു വേദനയും ഒരു പുഞ്ചിരിയോടെ കരീം നേരിടുന്നു. കാണാതായ ഒട്ടകപ്പക്ഷിയെ ആകര്‍ഷിക്കാന്‍ സ്വയം ഒട്ടകപ്പക്ഷിയുടെ വേഷംകെട്ടാന്‍പോലും അയാള്‍ തയ്യാറാവുന്നു.

ശുദ്ധവും ലളിതവുമാണ്‌ മജീദിയുടെ ആഖ്യാനരീതി. സങ്കീര്‍ണ ബിംബങ്ങളെ കൂട്ടുപിടിക്കാതെ നേരേ പ്രേക്ഷകന്‍െറ മനസ്സിലേക്ക്‌ ഒരു കുടുംബത്തിന്‍െറ ചിത്രം അദ്ദേഹം പതിപ്പിക്കുന്നു.മജീദി ചിത്രങ്ങളില്‍ കുട്ടികള്‍ ഒരു പ്രധാന ഘടകമാണ്‌. കുട്ടികളെ അടിമപ്പണിക്ക്‌ നിയോഗിക്കുന്നതിലെ ക്രൂരതയ്‌ക്കുനേരേ പ്രതികരിക്കുന്ന `ബദൂക്കി'ലൂടെയാണ്‌ മജീദ്‌ മജീദി സംവിധാനരംഗത്തെത്തിയത്‌. അന്ധനായ മകനെ വെറുക്കുന്ന പിതാവിന്‍െറ മനുഷ്യത്വമില്ലായ്‌മയാണ്‌ `ദ കളര്‍ ഓഫ്‌ പാരഡൈസി'ല്‍ വിഷയമാകുന്നത്‌. പക്ഷേ, `ഫാദറി'ലും `ചില്‍ഡ്രന്‍ ഓഫ്‌ ഹെവനി'ലും `ദ സോങ്‌ ഓഫ്‌ സ്‌പാരോസി'ലും കുടുംബാന്തരീക്ഷത്തില്‍ മാറ്റം വരുന്നു. ഈ മൂന്നു ചിത്രങ്ങളിലും കുട്ടികള്‍ വീടിനു പുറത്തല്ല, അകത്താണ്‌. ജീവിത സമസ്യകള്‍ക്കു സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രായോഗികമതികളായ കുട്ടികളെയാണ്‌ മജീദി ഈ സിനിമകളില്‍ അവതരിപ്പിക്കുന്നത്‌. അവര്‍ സങ്കല്‌പ ലോകത്തില്‍ കഴിയുന്നവരല്ല. നമ്മുടെ കുട്ടിക്കഥാപാത്രങ്ങളെപ്പോലെ തൊട്ടാവാടികളുമല്ല. കണ്‍മുന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവരാണവര്‍. ജീവിതം അവര്‍ക്കൊരു ആഘോഷമല്ല. സഹനത്തിന്‍െറ കഠിന വഴികളാണ്‌.ജീവിതത്തെ അതിന്‍െറ എല്ലാ ഇല്ലായ്‌മകളോടെയും സ്വീകരിക്കുന്നവരാണ്‌ മജീദിയുടെ കഥാപാത്രങ്ങള്‍. അവര്‍ തങ്ങളുടെ ദാരിദ്ര്യത്തെയോ നിറപ്പകിട്ടില്ലാത്ത ജന്മത്തെയോ ശപിക്കുന്നില്ല. മമതയോടെ ജീവിതം ആസ്വദിക്കുകയാണവര്‍. ജീവിതത്തെ ഒരനുഗ്രഹമായാണ്‌ അവര്‍ കാണുന്നത്‌. ഒട്ടുമേ പുകമൂടാത്ത ഈ തുറന്ന മനസ്സാണ്‌ നമ്മളെ ആകര്‍ഷിക്കുന്നത്‌.

Tuesday, April 19, 2011

മൂന്നു ചരിത്രപുരുഷന്‍മാര്‍

ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ലോക നേതാക്കളായ ഹിറ്റ്‌ലര്‍, ലെനിന്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നിവര്‍ നായകരായ, അലക്‌സാണ്ടര്‍ സൊഖുറോവിന്റെ സിനിമാ ത്രയ(മൊളോഖ്‌, റ്റോറസ്‌, ദ സണ്‍)ത്തെക്കുറിച്ച്‌



പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌ ഓരോ മനുഷ്യനിലും ഓരോ ജീവിതം കാണുന്നു. ഈ ജീവിതങ്ങളെല്ലാം തന്റെ സിനിമയ്‌ക്ക്‌ വിഷയമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. സാധാരണക്കാര്‍ മുതല്‍ ലോകനേതാക്കള്‍ വരെ സൊഖുറോവിന്റെ ക്യാമറയ്‌ക്കുമുന്നില്‍ വന്നു നില്‍ക്കുന്നു. സൂക്ഷ്‌മതയോടെ, ആര്‍ദ്രതയോടെ ആ മനുഷ്യരുടെ മനസ്സിലേക്ക്‌ അദ്ദേഹം പതുക്കെ കടന്നുചെല്ലുന്നു. പ്ര
സൊഖുറോവ്‌ ഒരു സിനിമാത്രയം തീര്‍ത്തിട്ടുണ്ട്‌. മൂന്നു വ്യത്യസ്‌തഭാഷകളിലാണീ സിനിമകള്‍. ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ലോക നേതാക്കളാണ്‌ നായക കഥാപാത്രങ്ങള്‍. ഹിറ്റ്‌ലര്‍, ലെനിന്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നീ ചരിത്രപുരുഷന്മാരാണ്‌ സിനിമാ ത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. മൊളോഖ്‌ (Moloch -ജര്‍മന്‍), റ്റോറസ്‌ (Taurus-റഷ്യന്‍), ദ സണ്‍ (The Sun-ജാപ്പനീസ്‌) എന്നിവയാണീ ചിത്രങ്ങള്‍.
ഹിറ്റ്‌ലറിലാണ്‌ തുടക്കം. ഹിറ്റ്‌ലറും കാമുകി ഈവാ എന്ന അന്ന പൗളോ ബ്രൗണും പ്രധാന കഥാപാത്രങ്ങളായ `മൊളോഖ്‌ പുറത്തുവന്നത്‌ 1999-ലാണ്‌. ക്രൂരതകൊണ്ട്‌ ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറെയല്ല `മൊളോഖി'ല്‍ നമ്മള്‍ കാണുന്നത്‌. 16 കൊല്ലം വെപ്പാട്ടിയാക്കിവെച്ച ഈവയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ചൂളിപ്പോകുന്ന ഭീരുവിനെയാണ്‌. സ്‌തുതിപാഠകര്‍ ഊതിവീര്‍പ്പിച്ച വ്യക്തിത്വമാണ്‌ ഹിറ്റ്‌ലറുടേതെന്ന്‌ തുറന്നടിക്കാന്‍ ഈവാ ബ്രൗണ്‍ ധൈര്യം കാട്ടുന്നു. ഹിറ്റ്‌ലറുടെ നാട്യങ്ങളെ അവള്‍ കുത്തിപ്പൊട്ടിക്കുന്നു. ഹിറ്റ്‌ലര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അവള്‍ക്ക്‌ ജീവിതം. ആല്‍പ്‌സ്‌ പര്‍വതനിരകളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കൊട്ടാരത്തില്‍ ഏകാന്തവാസം നയിക്കുകയായിരുന്നു ഈവ. വല്ലപ്പോഴുമാണ്‌ ഹിറ്റ്‌ലര്‍ പരിവാരസമേതം ആ കൊട്ടാരത്തില്‍ വരുന്നത്‌. അത്തരമൊരു സന്ദര്‍ശനമാണ്‌ സൊഖുറോവ്‌ `മൊളോഖി'ന്‌ വിഷയമാക്കുന്നത്‌. മരണത്തെ കീഴടക്കുമെന്ന്‌ വീമ്പിളക്കുന്ന ഹിറ്റ്‌ലറെ കണക്കിന്‌ പരിഹസിച്ച്‌, തന്റെ ഏകാന്തതയിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌ ഈവ.
രണ്ടാമത്തെ ചിത്രമായ `റ്റോറസ്‌ ' 2001-ലാണ്‌ ഇറങ്ങിയത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിച്ചിട്ടുണ്ട്‌ ഈ ചിത്രം. സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വ്‌ളാഡിമിര്‍ ലെനിന്റെ അന്ത്യനാളുകളാണ്‌ ഇതിന്റെ പ്രമേയം. നേതൃസ്ഥാനമൊഴിഞ്ഞ്‌, രോഗിയായി തന്റെ എസ്റ്റേറ്റില്‍ മരണം കാത്തുകഴിയുകയാണ്‌ ലെനിന്‍. ഭാര്യയും സഹോദരിയും ഏതാനും സൈനികരും പരിചാരകരുമാണ്‌ അദ്ദേഹത്തിന്‌ കൂട്ട്‌. നിത്യവും പതിന്നാലും പതിനാറും മണിക്കൂര്‍ അക്ഷീണനായി പ്രവര്‍ത്തിച്ചിരുന്ന ലെനിന്റെ വലതുഭാഗം അപ്പാടെ പക്ഷാഘാതത്താല്‍ തളര്‍ന്നുപോയിരിക്കുന്നു. കിടക്കയിലും ചക്രക്കസേരയിലുമായി വീണുപോയിരിക്കുന്നു ആ ജീവിതം. ആത്മഗതങ്ങളും പരിഭവങ്ങളുമായി നാളുകള്‍ തള്ളിനീക്കുകയാണ്‌ 53 കാരനായ ലെനിന്‍. ആരും അദ്ദേഹത്തിന്‌ കത്തയയ്‌ക്കുന്നില്ല. പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കുന്നില്ല. ടെലിഫോണ്‍ ബന്ധമില്ല. സന്ദര്‍ശകരുമില്ല. ഒടുവില്‍ ജോസഫ്‌ സ്റ്റാലിന്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു. തന്നെ ഒറ്റപ്പെടുത്തിയ പാര്‍ട്ടിയോട്‌ താന്‍ വിഷം ചോദിക്കാന്‍ പോവുകയാണെന്ന്‌ ലെനിന്‍ സ്റ്റാലിനോട്‌ പറയുന്നു. പാര്‍ട്ടി വക ഒരു ഊന്നുവടി സമ്മാനിച്ചാണ്‌ സ്റ്റാലിന്‍ തിരിച്ചുപോകുന്നത്‌. വന്നതാരെന്ന്‌ പിന്നീട്‌ ചോദിക്കുമ്പോള്‍ ലെനിന്‌ തന്റെ വിശ്വസ്‌തന്റെ പേര്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. ഏതോ ജോര്‍ജിയക്കാരന്‍, അല്ലെങ്കില്‍ ജൂതന്‍ എന്നാണ്‌ ലെനിന്‍ മറുപടി പറയുന്നത്‌.

കുട്ടിക്കാലത്തേക്കും അമ്മയുടെ ഓര്‍മകളിലേക്കും ഇടയെ്‌ക്കാക്കെ തിരിച്ചുപോകുമ്പോഴാണ്‌ ലെനിന്‌ ആശ്വാസം. മഴയുടെ സംഗീതം ആസ്വദിച്ചിരുന്ന കുട്ടിക്കാലം. മഴയും ഇടിയും മാലാഖമാരുടെ പാട്ടാണെന്നാണ്‌ അമ്മ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്‌. കുട്ടികള്‍ക്കേ ആ പാട്ട്‌ കേള്‍ക്കാനാവൂവത്രെ. കുട്ടിക്കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ്‌ `റ്റോറസി'ന്റെ തുടക്കം. ആസന്നമായ മരണത്തിന്റെ സൂചന നല്‍കി അവസാനഭാഗത്ത്‌ അമ്മ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലോടല്‍, അമ്മയുടെ മണം. എല്ലാം ലെനിന്‌ വീണ്ടും അനുഭവിക്കാന്‍ കഴിയുന്നു. തന്റെ വല്ലായ്‌മകളെപ്പറ്റി മകന്‍ അമ്മയോട്‌ പരിഭവം പറയുന്നു. ``ജീവിതത്തില്‍ രോഗങ്ങളല്ലാതെ നീയൊന്നും നേടിയിട്ടില്ലെ''ന്ന്‌ അമ്മ പറയുമ്പോള്‍ ``ഞാന്‍ ചരിത്രം രചിച്ചില്ലേ'' എന്നാണ്‌ ലെനിന്‍ തിരിച്ചു ചോദിക്കുന്നത്‌.
രോഗം തളര്‍ത്തി നിസ്സഹായനാക്കിയ ലെനിനെ സഹാനുഭൂതിയോടെയാണ്‌ സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. ചരിത്രത്തില്‍ തന്റെ സ്ഥാനമെന്തെന്ന്‌ ലെനിന്‌ എപ്പോഴും ബോധ്യമുണ്ട്‌. ആ ബോധാവസ്ഥ ഉടനെ നഷ്‌ടപ്പെടും എന്നദ്ദേഹത്തിനറിയാം. ഒരു മാസത്തിനകം സ്വന്തം പേര്‌ ഓര്‍ക്കാന്‍പറ്റാതാവും. രണ്ടുമാസത്തിനകം താന്‍ ആരാണെന്നതും മറന്നുപോകും എന്ന്‌ ലെനിന്‍ ഭയപ്പെടുന്നുണ്ട്‌. ശവതുല്യരായ രണ്ട്‌ വൃദ്ധരാണ്‌ താനും ഭാര്യയും എന്ന്‌ ലെനിന്‍ ആത്മനിന്ദയോടെ വിലപിക്കുന്നു.
എപ്പോഴും ജനങ്ങളെപ്പറ്റി ഉത്‌കണ്‌ഠയുണ്ട്‌ ലെനിന്‌. ``പാര്‍ട്ടിയിലെ തിരുത്തല്‍ രേഖകളെക്കൊണ്ട്‌ സഹികെട്ടു'' എന്ന്‌ സ്റ്റാലിന്‍ കുറ്റപ്പെടുത്തുമ്പോള്‍ ലെനിന്‍ സംസാരിക്കുന്നത്‌ രാജ്യത്തെ ക്ഷാമത്തെക്കുറിച്ചാണ്‌. ജനങ്ങള്‍ പട്ടിണികൊണ്ട്‌ മരിക്കുമ്പോള്‍ താനും ഭാര്യയും സുഖിക്കുകയാണെന്ന്‌ അദ്ദേഹം ഖേദിക്കുന്നു.

സിനിമാ ത്രയത്തിലെ അവസാന ചിത്രമാണ്‌ `ദ സണ്‍'. 2005-ലാണിത്‌ റിലീസായത്‌. ബര്‍ലിന്‍, ന്യൂയോര്‍ക്ക്‌ മേളകളില്‍ കാണിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യനാളുകളിലെ ജപ്പാനാണ്‌ സിനിമയുടെ പശ്ചാത്തലം. അന്നത്തെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോയുടെ ഒരു ദിവസമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.
രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറോടും മുസ്സോളിനിയോടുമൊപ്പം ചേര്‍ന്ന്‌ സോവിയറ്റ്‌, യു.എസ്‌. ബ്രിട്ടീഷ്‌ സഖ്യസേനയെ്‌ക്കതിരെ പൊരുതിയ രാജ്യമാണ്‌ ജപ്പാന്‍. തലസ്ഥാനമായ ടോക്യോവിലെ കൊട്ടാരത്തില്‍ സുരക്ഷിതമായ ബങ്കറിലാണ്‌ ഹിരോഹിതോ. അമേരിക്കന്‍ സേന ടോക്യോവിലെത്തിക്കഴിഞ്ഞു. ജപ്പാന്‍ നിരുപാധികം കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കയാണ്‌. കീഴടങ്ങല്‍ പ്രഖ്യാപിക്കുന്ന ദിവസത്തെ ഹിരോഹിതോ ചക്രവര്‍ത്തിയെയാണ്‌ സൊഖുറോവിന്റെ ക്യാമറ പിന്തുടരുന്നത്‌.
ജപ്പാന്‍ ജനതയ്‌ക്ക്‌ ദൈവതുല്യനായിരുന്നു ഹിരോഹിതോ. സൂര്യദേവതയുടെ പിന്‍ഗാമിയായാണ്‌ ജനം അദ്ദേഹത്തെ കണ്ടിരുന്നത്‌. എന്നാല്‍, യുദ്ധത്തിലെ തോല്‍വിയോടെ തന്റെ ദിവ്യപരിവേഷം സ്വയം നിരാകരിക്കുകയാണ്‌ ഹിരോഹിതോ. മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യനാണ്‌ താനെന്ന്‌ ചക്രവര്‍ത്തി പ്രഖ്യാപിക്കുന്നു. ജപ്പാന്‍ ജനതയെ ഞെട്ടിപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്‌.
അധികാരത്തിന്റെ എല്ലാ അഹന്തയും വറ്റിപ്പോയ ഒരു സാധാരണ മനുഷ്യനെയാണ്‌ സൊഖുറോവ്‌ അവതരിപ്പിക്കുന്നത്‌. `മൊളോഖി'ലെ ഹിറ്റ്‌ലറില്‍ നിന്ന്‌ വ്യത്യസ്‌തനാണ്‌ ഹിരോഹിതോ. `മൊളോഖി'ല്‍ വിഷണ്ണനും അസ്വസ്ഥനുമായ ഹിറ്റ്‌ലറെയാണ്‌ നമ്മള്‍ കാണുന്നത്‌. ഹിരോഹിതോ ആകട്ടെ ശാന്തനാണ്‌. ദൈവികതയില്‍ നിന്ന്‌ മാനവികതയിലേക്ക്‌ ഇറങ്ങിവരികയാണ്‌ അദ്ദേഹം. മൃതഭൂമിയായിക്കഴിഞ്ഞ ടോക്കിയോ നഗരത്തിന്റെ കാഴ്‌ച അദ്ദേഹത്തെ ഞെട്ടിക്കുന്നു. ഇനി സമാധാനമാണ്‌ വേണ്ടത്‌ എന്നദ്ദേഹം ഉറപ്പിക്കുന്നു.
സിനിമ ആശയവിനിമയോപാധി മാത്രമല്ലെന്ന്‌ സൊഖുറോവ്‌ പറയുന്നു. അത്‌ മറ്റൊരു ജീവിതം തന്നെയാണ്‌. ചരിത്രത്തിലോ ചരിത്രസംഭവങ്ങളിലോ അദ്ദേഹത്തിന്‌ വലിയ താത്‌പര്യമില്ല. മനുഷ്യരിലാണ്‌ താത്‌പര്യം. രാഷ്ട്രീയവും അധികാരവും കൈയില്‍ വരുമ്പോള്‍ മനുഷ്യന്‍ എങ്ങനെ ദുഷിക്കുന്നു എന്നോര്‍ത്ത്‌ വേദനിക്കുകയാണ്‌ സൊഖുറോവ്‌. ആ വേദനയാണ്‌ സിനിമാ ത്രയത്തില്‍ അദ്ദേഹം പകര്‍ത്തുന്നത്‌.

Thursday, February 24, 2011

കറുത്ത വൃത്തങ്ങള്‍

ഭരണകൂടത്തെ വിമര്‍ശിച്ചതിന്‌ ജയിലിലടയ്‌ക്കപ്പെട്ട സംവിധായകനാണ്‌ ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ 'ദി സര്‍ക്കിള്‍', 'ഓഫ്‌സൈഡ്‌' എന്നീ സിനിമകളെക്കുറിച്ച്‌

കാതലുള്ള ധിക്കാരിയാണ്‌ ജാഫര്‍ പനാഹി. ഇറാന്‍ ഭരണകൂടവും മതപുരോഹിതരും ഈ സംവിധായകനെ ഭയപ്പെടുന്നത്‌ അതുകൊണ്ടുതന്നെ. സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്‌ത്രങ്ങളെയും അദ്ദേഹം എതിര്‍ക്കുന്നു. നിരാലംബരായ കുട്ടികളെയും സ്‌ത്രീകളെയും ഓര്‍ത്ത്‌ വേവലാതിപ്പെടുന്നു. വ്യവസ്‌ഥിതിയോടുള്ള എതിര്‍പ്പ്‌ ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. . സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്‍ഗം തടയാന്‍ ശ്രമിക്കുന്നത്‌ സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക്‌്‌ ഒരുക്കിക്കൊടുത്തത്‌ തടവറയാണ്‌. സിനിമയെടുക്കുന്നതില്‍നിന്ന്‌ 20 വര്‍ഷത്തേക്ക്‌ വിലക്കും ഏര്‍പ്പെടുത്തി. 11 വര്‍ഷത്തിനിടയില്‍ അഞ്ച്‌ സിനിമകളാണ്‌ പനാഹി സംവിധാനം ചെയ്‌തത്‌. പ്രശസ്‌തനായ അബ്ബാസ്‌ കിരോസ്‌തമിയുടെ സഹായിയായാണ്‌ ജാഫര്‍ പനാഹി സിനിമാരംഗത്തേക്ക്‌ കടന്നത്‌.

ആദ്യം സംവിധാനം ചെയ്‌ത `വൈറ്റ്‌ ബലൂണ്‍' (white balloon) 1995-ല്‍ ഇറങ്ങി. അക്കൊല്ലത്തെ കാന്‍ മേളയില്‍ ബഹുമതി നേടിയിട്ടുണ്ട്‌ ഈ ചിത്രം. ഏതുകാലത്തും നിലനില്‍ക്കുന്ന മികച്ച 50 കുടുംബചിത്രങ്ങളിലൊന്നാണ്‌ `വൈറ്റ്‌ ബലൂണ്‍' എന്ന്‌ `ഗാര്‍ഡിയന്‍' വിശേഷിപ്പിച്ചിട്ടുണ്ട്‌. കിരോസ്‌തമിയുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ. റസിയ എന്ന ഏഴു വയസ്സുകാരിയിലൂടെ വലിയൊരു ലോകത്തെ കാണാനുള്ള ശ്രമമായിരുന്നു ഈ ചിത്രം. രണ്ടാമത്തേത്‌ `ദ മിറര്‍'(The Mirror). 1997-ല്‍ ഇറങ്ങിയ ഈ സിനിമയില്‍ മിന എന്ന പെണ്‍കുട്ടിയാണ്‌ പ്രധാന കഥാപാത്രം. അതുവരെ കുട്ടികളിലൂടെ മുതിര്‍ന്നവരുടെ ലോകം കാണിച്ചുതന്ന പനാഹി `ദ സര്‍ക്കിള്‍'(The Circle) എന്ന ചിത്രത്തില്‍ നിലപാട്‌ മാറ്റുന്നു. 2000-ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ഏതാനും യുവതികളെയാണ്‌ മുഖ്യകഥാപാത്രങ്ങളാക്കിയത്‌. മൂന്നു വര്‍ഷത്തിനുശേഷം സംവിധാനം ചെയ്‌ത `ക്രിംസണ്‍ ഗോള്‍ഡി'(Crimson Gold)ല്‍ സകലരുടെയും പരിഹാസവും നിന്ദയും ഏറ്റുവാങ്ങേ ണ്ടി വരുന്ന പിസ്സ വില്‌പനക്കാരനായ ഹുസൈന്റെ കഥപറയുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ , വീണ്ടും പനാഹി സ്‌ത്രീപ്രശ്‌നവുമായി എത്തി- ചിത്രം `ഓഫ്‌ സൈഡ്‌' (Offside). ദ സര്‍ക്കിള്‍, ക്രിംസണ്‍ ഗോള്‍ഡ്‌, ഓഫ്‌സൈഡ്‌ എന്നീ ചിത്രങ്ങള്‍ ഇറാനില്‍ നിരോധിച്ചവയാണ്‌. ലോകത്തെങ്ങുമുള്ള പ്രധാനചലച്ചിത്രമേളകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകവഴി വലിയൊരു ആസ്വാദകസമൂഹത്തെ സ്വന്തമാക്കിയിട്ടുണ്ട്‌ പനാഹി.


പനാഹിയെ ലോകത്തിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായി ഉയര്‍ത്തിയത്‌ `ദ സര്‍ക്കിളാ'ണ്‌. പ്രത്യക്ഷത്തില്‍, ഇറാനിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണീ സിനിമ എന്നു തോന്നും. എന്നാല്‍, പനാഹി അത്‌ സമ്മതിച്ചുതരില്ല. ലോകമെങ്ങുമുള്ള സ്‌ത്രീസമൂഹത്തെയാണ്‌ താനിതില്‍ കാണിച്ചത്‌ എന്നാണദ്ദേഹം പറയുക. ആരോടെങ്കിലും പൊരുതാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല താന്‍ സിനിമയെടുക്കുന്നത്‌ എന്ന്‌ പറയുന്നു പനാഹി. സാമൂഹികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ്‌ താന്‍. അത്‌ ഭരണകൂടത്തെയും സമൂഹത്തെയും അറിയിക്കുകയാണ്‌. കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ്‌.മനുഷ്യാവസ്ഥകളെ കാവ്യാത്മകമായി, കലാപരമായി വ്യാഖ്യാനിക്കാനാണ്‌ തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്‌ത്രീയാതനയുടെ കറുത്ത വൃത്തങ്ങളാണ്‌ പനാഹി `ദ സര്‍ക്കിളി'ല്‍ വരയ്‌ക്കുന്നത്‌. ഓരോരുത്തരും വലിയ വൃത്തത്തിനകത്താണ്‌. അവിടെനിന്ന്‌ പുറത്തുകടക്കാന്‍ അവര്‍ നിരന്തരം ഓടുകയാണ്‌. പക്ഷേ, സാധിക്കുന്നില്ല. സ്‌ക്രീനിലെ ഇരുട്ടില്‍ ഒരു നവജാതശിശുവിന്റെ കരച്ചിലിലാണ്‌ സിനിമ തുടങ്ങുന്നത്‌. ജയിലിനകത്തെ ആസ്‌പത്രിയിലാണ്‌ പ്രസവം നടന്നത്‌. അതൊരു പെണ്‍കുഞ്ഞാണെന്ന വെളിപ്പെടുത്തലോടെ വെളിച്ചത്തിന്റെ ഒരു ചതുരം നമുക്കു മുന്നില്‍ തുറക്കുന്നു. പക്ഷേ, അവിടം മുതല്‍ സിനിമയുടെ സഞ്ചാരം ഇരുട്ടിലൂടെയാണ്‌. ജനിച്ചത്‌ പെണ്‍കുട്ടിയാണ്‌. ആര്‍ക്കും വേണ്ടാത്തവളായി മാറുന്നു അവള്‍. അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങില്‍ ആണ്‍കുട്ടിയാണെന്നാണല്ലോ കണ്ടത്‌ എന്നു പറഞ്ഞ്‌ പ്രസവിച്ച സ്‌ത്രീയുടെ അമ്മ ദുഃഖിക്കുന്നു. ആണ്‍കുഞ്ഞല്ലാത്തതിനാല്‍ തന്റെ മകളെ ഭര്‍ത്താവ്‌ ഉപേക്ഷിക്കുമെന്നവര്‍ ഭയപ്പെടുന്നു.
പനാഹി പിന്നീട്‌ നമ്മുടെ മുന്നിലേക്ക്‌ കൊണ്ടുവരുന്നത്‌ അന്ന്‌ ജയില്‍മോചിതരായ മൂന്നു യുവതികളെയാണ്‌. അവര്‍ എന്തിന്‌ ശിക്ഷിക്കപ്പെട്ടു എന്ന്‌ പനാഹി പറയുന്നില്ല. എങ്കിലും ഭരണകൂടത്തിനെതിരായിരുന്നു അവരുടെ പ്രവര്‍ത്തനം എന്ന്‌ നമുക്കൂഹിക്കാം.
തിരക്കുള്ള നഗരത്തിലാണവര്‍ നില്‍ക്കുന്നത്‌. അതിലൊരുത്തിയെ പോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്യുന്നു. മറ്റുള്ളവരും ഏതുനിമിഷവും അറസ്റ്റിലാവാം. അതുകൊണ്ട്‌ അവര്‍ അവിടം വിടുന്നു. അതിലൊരുത്തി പാരി എന്ന യുവതിയെ അന്വേഷിച്ച്‌ പോകുന്നു. പാരിയും അന്ന്‌ തടവറയില്‍നിന്ന്‌ മോചിതയായതാണ്‌.തുടക്കത്തില്‍ കഥാപാത്രങ്ങളെല്ലാം ആരെയോ അന്വേഷിച്ചുനടക്കുന്നവരാണ്‌. ഇതിലാരെയെങ്കിലും കണ്ടെത്തുമ്പോള്‍ അവിടന്നങ്ങോട്ട്‌ പുതിയ കഥാപാത്രമാണ്‌ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോകുന്നത്‌.













ജീവിതത്തിലെ സന്ദിഗ്‌ധഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന കുറേപ്പേരെ കാണിച്ച്‌ സ്‌ത്രീസമൂഹത്തെ മുന്നിലേക്ക്‌ നീക്കിനിര്‍ത്തുകയാണ്‌ ജാഫര്‍ പനാഹി. മകള്‍ക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നതില്‍ വേവലാതിപ്പെടുന്ന ഒരമ്മ, ജയിലില്‍ തൂക്കിലേറ്റപ്പെട്ട കാമുകന്‍ സമ്മാനിച്ച ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുകാരിയുടെ സഹായം തേടിപ്പോകുന്ന പാരി എന്ന യുവതി,ഭര്‍ത്താവില്‍നിന്ന്‌ തന്റെ ഭൂതകാലം മറച്ചുവെക്കാനായി സുഹൃത്തിനെ സഹായിക്കാന്‍ മടിക്കുന്ന സ്‌ത്രീ, മകളെ മൂന്നാം തവണയും തെരുവിലുപേക്ഷിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായയായ ഒരമ്മ, തെരുവില്‍ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭിസാരിക എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ആസ്‌പത്രിയിലെ ഇരുട്ടില്‍ തുടങ്ങുന്ന സിനിമ തടവുമുറിയിലെ ഇരുട്ടില്‍ അവസാനിക്കുന്നു.നമ്മള്‍കണ്ട മിക്ക സ്‌ത്രീകളും ആ തടവുമുറിയിലുണ്ട്‌. സ്‌ത്രീമോചന സാധ്യതയുടെ വാതില്‍ അടയുകയാണെന്ന്‌ പനാഹി സൂചിപ്പിക്കുകയാണിവിടെ. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീവിരുദ്ധ കാഴ്‌ചപ്പാടിനെ വിമര്‍ശിക്കുന്ന ചിത്രമാണ്‌ `ഓഫ്‌സൈഡ്‌'. 2006- ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ക്വാളിഫൈയിങ്‌ മത്സരം ഇറാനില്‍ നടക്കുന്നു. ഇറാനും ബഹ്‌റൈനും തമ്മിലാണ്‌ കളി. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരോടൊപ്പം സ്റ്റേഡിയത്തിലിരുന്ന്‌ കളി കാണാന്‍ വിലക്കുണ്ട്‌ .ഈ വിലക്ക്‌്‌ ലംഘിച്ച്‌ കളി കാണാന്‍ പുറപ്പെടുന്ന ആറ്‌ പെണ്‍കുട്ടികളാണ്‌ `ഓഫ്‌സൈഡി'ലെ കഥാപാത്രങ്ങള്‍. തിരിച്ചറിയാതിരിക്കാന്‍ അവര്‍ ആണ്‍കുട്ടികളുടെ വേഷമാണ്‌ ധരിക്കുന്നത്‌. ബസ്‌യാത്രയ്‌ക്കിടെ തിരിച്ചറിഞ്ഞിട്ടും ആണ്‍കുട്ടികളൊന്നും ഇവരുടെ ആഗ്രഹത്തിന്‌ തടസ്സം നില്‍ക്കുന്നില്ല. പക്ഷേ, സ്റ്റേഡിയത്തില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക്‌ അതാവില്ല. അവര്‍ പെണ്‍കുട്ടികളെ പിടികൂടി പുറത്തിരുത്തുന്നു. സ്റ്റേഡിയം സ്‌ത്രീകള്‍ക്കുള്ളതല്ലെന്നാണ്‌ സൈനികരുടെ വാദം. `അപ്പോള്‍ തിയേറ്ററില്‍ ഒരുമിച്ചിരിക്കുന്നതോ' എന്ന്‌ പെണ്‍കുട്ടികള്‍ തിരിച്ചുചോദിക്കുന്നുണ്ട്‌.(സ്‌ത്രീവിരുദ്ധരോട്‌ ചോദിക്കാനുള്ളതെല്ലാം പെണ്‍കുട്ടികളെക്കൊണ്ട്‌ ചോദിപ്പിക്കുകയാണ്‌ പനാഹി).ഒരു സൈനികന്‍ കളി കണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അതില്‍ തൃപ്‌തിയടയാന്‍ ശ്രമിക്കുകയാണവര്‍.എങ്കിലും ഇടക്കിടെ ആവേശം മൂക്കുമ്പോള്‍ സൈനികരോട്‌ കയര്‍ക്കുന്നുണ്ട്‌ പെണ്‍കുട്ടികള്‍.സൈനികബസ്സില്‍ എല്ലാവരെയും കൊണ്ടുപോകവേ ഇറാന്‍ മത്സരം ജയിച്ചെന്ന വിവരം കിട്ടുന്നു. ടെഹ്‌റാന്‍ നഗരമാകെ ആഹ്ലാദത്തിമിര്‍പ്പിലാണപ്പോള്‍. അവരോടൊപ്പം സൈനികരും പെണ്‍കുട്ടികളും പങ്കുചേരുന്നു.

`ദ സര്‍ക്കിള്‍' പോലെ ഗൗരവമുള്ള സിനിമയല്ല `ഓഫ്‌സൈഡ്‌'. ഫുട്‌ബോള്‍ മത്സരം സ്‌ത്രീകള്‍ക്ക്‌ കണ്ടാലെന്താ എന്ന ഒറ്റ വിഷയത്തിലാണ്‌ പ്രമേയത്തിന്റെ ഊന്നല്‍. ഒരു ഡോക്യുമെന്ററിയുടെ സ്വഭാവമാണീ ചിത്രത്തിനുള്ളത്‌. അഭിനേതാക്കള്‍ ഇതില്‍ കുറവാണ്‌. ഫുട്‌ബാള്‍ മത്സരത്തില്‍നിന്ന്‌ ഒറ്റ ഷോട്ട്‌ പോലും കാണിക്കുന്നില്ല പനാഹി. പക്ഷേ, വാശിയേറിയ കളിയുടെ പിരിമുറുക്കം നമ്മളനുഭവിക്കുന്നുണ്ട്‌.
തന്റെ സിനിമകളിലൊന്നും ദുഷ്‌ടകഥാപാത്രങ്ങളില്ലെന്നാണ്‌ പനാഹിയുടെ പക്ഷം. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.(`ദ സര്‍ക്കിളി'ല്‍ മകളെ ഉപേക്ഷിക്കുന്ന അമ്മ പോലും ദുഷ്‌ടകഥാപാത്രമല്ല. മകളെ ദയയുള്ള എതെങ്കിലും കുടുംബത്തിലെത്തിക്കുകയായിരുന്നു ദരിദ്രയായ ആ അമ്മയുടെ ആഗ്രഹം.മകള്‍ക്കെന്തു സംഭവിക്കുന്നു എന്ന്‌ മറഞ്ഞിരുന്ന്‌ ശ്രദ്ധിക്കുന്നുണ്ടവര്‍.).പക്ഷേ, ആര്‍ദ്രഹൃദയനായ പനാഹി ഒടുവില്‍ എത്തിപ്പെട്ടതെവിടെ?

Tuesday, January 4, 2011

വിദര്‍ഭയുടെ വിലാപം

കര്‍ഷകരുടെ ആത്മഹത്യകളാല്‍ ശ്രദ്ധനേടിയ വിദര്‍ഭയുടെ തീരാവ്യഥയാണ്
'ഗബ്‌രീച്ച പൗസ്' എന്ന മറാത്തി സിനിമ പറയുന്നത്


'ഞാന്‍ വ്യത്യസ്തനാണ്. അതുപോലെത്തന്നെയാണ് എന്റെ ജീവിതവും. എന്റെ മരണം കാലംതെറ്റിയെത്തുന്ന മഴപോലെയാകും''-'ഗബ്‌രീച്ച പൗസ് ' (നശിച്ച മഴ) എന്ന മറാത്തി സിനിമയുടെ തുടക്കത്തിലുള്ള കവിതയിലെ വരികളാണിത്. ആ സിനിമയിലെ കഠിനമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോവുകയാണീ കവിത. വിദര്‍ഭയിലെ ഏതോ കര്‍ഷകന്റേതാണീ വിലാപം. തന്റെ മരണത്തെ 'വിഡ്ഢിത്തം' എന്നു ലോകം വിശേഷിപ്പിക്കുമല്ലോ എന്ന ഖേദം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്.

ഉഴുതുമറിച്ച പാടത്ത് വിത്തിനോടൊപ്പം കര്‍ഷകന്‍ വിതയ്ക്കുന്നത് അവന്റെ ജീവിതംതന്നെയാണെന്ന് ഈ സിനിമ നമ്മളോടു പറയുന്നു. ചിലപ്പോള്‍ വരള്‍ച്ച. ചിലപ്പോള്‍ അതിവൃഷ്ടി. രണ്ടായാലും കൃഷി നശിക്കും. അതോടെ കര്‍ഷകന് നഷ്ടമാകുന്നത് അതിജീവനത്തിന്റെ വിളയാണ്.


2009ല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ചിത്രമാണ് 'ഗബ്‌രീച്ച പൗസ് '. സതീഷ് മന്‍വര്‍ ആണ് സംവിധായകന്‍ മഹാരാഷ്ട്രത്തില്‍ വിദര്‍ഭ മേഖലയിലെ കര്‍ഷകരുടെ ജീവിതാവസ്ഥയിലേക്കാണ് സതീഷ് ശ്രദ്ധ ക്ഷണിക്കുന്നത്. (ഒരു ദശകത്തിനിടയില്‍ 32,000 കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തത്. കൃഷിനാശംതന്നെ കാരണം. പരുത്തിക്കൃഷിയാണ് ഇവിടെ പ്രധാനം). സാമൂഹിക പ്രതിബദ്ധതയുടെ നാട്യങ്ങളൊന്നും എടുത്തണിയുന്നില്ല സംവിധായകന്‍. സാമൂഹികവ്യവസ്ഥയും അധികാരവര്‍ഗവും പ്രകൃതിയും ഒരുപോലെ അമ്മാനമാടുന്ന കര്‍ഷകന്റെ ജീവിതത്തിനു നേരെ ക്യാമറ തുറന്നുവെക്കുകയാണദ്ദേഹം. പരിഹാസവും വേദനയും കലര്‍ത്തി തുടക്കത്തില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു: ''ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ സിനിമയ്ക്ക് ഒരു സാദൃശ്യവുമില്ല.'' ഗ്രാമത്തിന്റെ പേരുപോലും സിനിമയില്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, കാണുന്നവര്‍ക്കറിയാം ഈ ദുരിതഭൂമി എവിടെയാണെന്ന്.

റോട്ടര്‍ഡാം, ഡര്‍ബന്‍, വാന്‍കൂവര്‍, വാഴ്‌സ, കയ്‌റോ, റോം, ഫിലാഡല്‍ഫിയ തുടങ്ങിയ ഒട്ടേറെ അന്താരാഷ്ട്ര ഫിലിം മേളകളില്‍ 'ഗബ്‌രീച്ച പൗസ്' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രണ്ടുകര്‍ഷക കുടുംബങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. കടംകയറി മുടിഞ്ഞ് ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ്, ഓരോ വിളയിലും നഷ്ടംമാത്രം കൊയ്‌തെടുക്കുന്ന കിസ്‌ന എന്നീ യുവകര്‍ഷകരുടെ കുടുംബങ്ങളേ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ, ഇവര്‍ വലിയൊരു കര്‍ഷകസമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എത്ര നഷ്ടംവന്നാലും അവര്‍ക്ക് ഒരു പണിയേ അറിയാവൂ, അതു കൃഷിയാണ്. മരണത്തിനു മാത്രമേ അവരെ കൃഷിപ്പണിയില്‍നിന്നു പിന്തിരിപ്പിക്കാനാവൂ.

കഠിനാധ്വാനിയായ കിസ്‌നയാണ് നായകന്‍. അമ്മയും ഭാര്യയും മകനുമടങ്ങിയ കൊച്ചുകുടുംബം. കൃഷിയെയും മഴയെയും കുറിച്ചേ അയാള്‍ ചിന്തിക്കാറുള്ളൂ. കിസ്‌നയുടെ കുടുംബത്തിന് 30 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. കഠിനമായ ഒരുവരള്‍ച്ചക്കാലത്ത് അയാളുടെ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയാണ് കൃഷി നോക്കിയത്. കടം പെരുകിപ്പെരുകി വന്നു. അതുവീട്ടാന്‍ കൃഷിഭൂമി വിറ്റുതുടങ്ങി. ഒടുവില്‍ ശേഷിച്ചത് ഏഴ് ഏക്കര്‍. എന്നിട്ടും അവിടെ കൃഷി ചെയ്യണമെന്നാണ് അമ്മ മകനെ ഉപദേശിക്കുന്നത്. ഭാര്യയും അമ്മയും കൃഷിപ്പണിയില്‍ അയാളെ സഹായിക്കും. ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ് കിസ്‌നയുടെ കൂട്ടുകാരനായിരുന്നു. ഭാസ്‌കറിന്റെ മരണം കിസ്‌നയെ പിടിച്ചുലച്ചിട്ടുണ്ടെന്ന് ഭാര്യ സംശയിക്കുന്നു. അയാളെ ഒറ്റയ്ക്കുവിടാന്‍ അവള്‍ക്കു മനസ്സുവരുന്നില്ല. പക്ഷേ, കിസ്‌ന ഒരിക്കല്‍പ്പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സദാ മൗനിയായ അയാളുടെ ആധി മുഴുവന്‍ പെയ്യാത്ത മഴയെക്കുറിച്ചാണ്. ഭാര്യ ആഭരണം വിറ്റാണ് അക്കൊല്ലം വിത്തുവാങ്ങിക്കൊടുക്കുന്നത്. കൃഷിയില്‍ നിന്ന് ആകെ കിട്ടിയത് രണ്ട് ക്വിന്റല്‍ പരുത്തി. അതാകട്ടെ ഗ്രാമത്തിലെ വട്ടിപ്പലിശക്കാരന്‍ കൊണ്ടുപോകുന്നു. മുന്‍കൊല്ലത്തെ കടം ബാക്കിയായതാണ്. എന്നിട്ടും കിസ്‌ന കൃഷി തുടരുന്നു. മഴ തീരെ പെയ്യുന്നില്ല. കിണറ്റിലെ മോട്ടോറും കേടായി. മോട്ടോറിനുവേണ്ടി ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കവെ കിസ്‌ന ഷോക്കേറ്റു മരിക്കുന്നു. ഗ്രാമപാതയിലൂടെ, പൂക്കള്‍വിതറി കിസ്‌നയുടെ ശവഘോഷയാത്ര നീങ്ങുമ്പോള്‍ സിനിമ തീരുന്നു.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെയുണ്ട് കര്‍ഷകരുടെ ജീവിതത്തിന്റെ സൂചന. അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മഴയാണ്. കുട്ടികള്‍ മഴയെ ശപിക്കുന്നതുപോലും അവര്‍ക്ക് സഹിക്കാനാവില്ല. ഒരുദിവസം മുറ്റത്ത് കിടന്നുറങ്ങവെ കിസ്‌നയുടെ മകന്‍ ദിനു മഴപെയ്തപ്പോള്‍ എഴുന്നേറ്റ് ഓടുന്നു. ഉറക്കം നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ അവന്‍ മഴയെ കുറ്റപ്പെടുത്തുന്നു. കിസ്‌നക്ക് അതിഷ്ടപ്പെടുന്നില്ല. അയാള്‍ മകനെ തിരുത്താന്‍ ശ്രമിക്കുന്നു. അനുസരിക്കാഞ്ഞപ്പോള്‍ തല്ലാന്‍ ഓങ്ങുന്നു. പക്ഷേ, ചിത്രത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ കിസ്‌നയും ഏറെ മാറിപ്പോകുന്നതുകാണാം. പെയ്യാത്ത മേഘങ്ങളെ നോക്കി അയാളും പറയുന്നു ഒരു മുഴുത്ത തെറി.

ഭാസ്‌കര്‍ ദേശ്മുഖിന്റെ ആത്മഹത്യയോടെയാണ് സിനിമയുടെ തുടക്കം. അയാള്‍ മരിച്ചതോടെ കുടുംബത്തിന്റെ കഷ്ടപ്പാട് ഇരട്ടിക്കുകയാണ്. ഭാസ്‌കര്‍ കര്‍ഷകനായിരുന്നു എന്നും സ്വന്തമായി ഭൂമിയുണ്ടായിരുന്നുവെന്നും കടം പെരുകിയാണ് ആത്മഹത്യ ചെയ്തതെന്നും തെളിയിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവര്‍ക്കാണ്. വൃദ്ധനായ അച്ഛന്‍ രേഖകള്‍ക്കുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അവിടെ രക്ഷയ്‌ക്കെത്തുന്നത് അഴിമതിക്കാരാണ്. നഷ്ടപരിഹാരത്തിന്റെ വിഹിതം കൈപ്പറ്റാന്‍ ആ കഴുകന്മാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ല.

അച്ഛന്‍ കിസ്‌നയുടെ കൂടെ എല്ലാ ശവഘോഷയാത്രകളിലും മകന്‍ ദിനുവുമുണ്ടാകും. അച്ഛന്റെ കൈപിടിച്ച്, ഏറ്റവുമൊടുവിലായി അവനങ്ങനെ നടക്കും. അവസാനം, അച്ഛന്റെ ശവഘോഷയാത്രയില്‍ അവന്‍ മുന്നിലാണ്. കടത്തിന്റെ ഭാരം പേറാനുള്ള ആ കുഞ്ഞിക്കാലുകളെ ക്ലോസ്സപ്പില്‍ കാണിച്ചുകൊണ്ടാണ് സംവിധായകന്‍ വിലാപഭൂമിയില്‍ നിന്ന് മടങ്ങുന്നത്.

ഗ്രാമങ്ങളുടെ കഥപറയുന്ന സിനിമകളില്‍ ക്യാമറ പലപ്പോഴും ദൃശ്യഭംഗികളില്‍ കുടുങ്ങിപ്പോകാറുണ്ട്. 'ഗബ്‌രീച്ച പൗസ് ' ആ ദോഷത്തില്‍ നിന്നു മുക്തമാണ്. ഗ്രാമഭംഗിയില്‍ ദൃഷ്ടിയുറപ്പിക്കാതെ ജീവിതാവസ്ഥകളെ പിന്തുടരുകയാണ് ക്യാമറ.