1970 കളിലും എണ്‍പതുകളിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോക സംസ്‌കാരത്തിന്‍െറ വ്യാപനവുമാണ് `സിറ്റി ഓഫ് ഗോഡി'ല്‍ നമ്മള്‍ കണ്ടത്. അക്രമവും മയക്കുമരുന്നു വ്യാപാരവും തഴച്ചുവളര്‍ന്ന ചേരികളാണ് ആ ചിത്രത്തില്‍ നിറഞ്ഞുനിന്നത്. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിന്‍െറ ഇരുട്ടിലേക്കാണിറങ്ങുന്നത്. അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്‌ചയാണത്. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തു നിന്ന അധോലോകസംഘങ്ങള്‍ക്ക് ആ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയം വെച്ചു. അവരുടെ കൈയില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുലചിന്തകള്‍ അവര്‍ക്ക് അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. ഇരുപത് വയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക് ബോണസ് പോലെയായി. `ചത്തും കൊന്നും' അടക്കാന്‍ ഇറങ്ങിയ അവരുടെ കൗമാരവും യൗവനവും തെരുവിലൊടുങ്ങിത്തീര്‍ന്നതിന്‍െറ ദുരന്തകഥയാണ് `സിറ്റി ഓഫ് ഗോഡ്' പറഞ്ഞു തന്നത്.
ലോകത്ത് ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറ് സിനിമകളില്‍ ഒന്നായാണ് `ടൈം' വാരിക `സിറ്റി ഓഫ് ഗോഡി'നെ വിശേഷിപ്പിച്ചത്. അധോലോകത്തിന്‍െറ പ്രലോഭനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രസ് ഫോട്ടോഗ്രാഫറായി മാറുന്ന റോക്കറ്റ്, തിന്മയുടെ ആള്‍ രൂപമായ ലിറ്റില്‍ ഡിസ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രണ്ടു വഴികളിലൂടെയാണ് `സിറ്റി ഓഫ് ഗോഡി'ന്‍െറ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോയത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്‍െറ തുടര്‍ച്ചപോലെ ഒരു ടി.വി. പരമ്പര വന്നു. ആ പരമ്പരയാണ് 2007 ല്‍ പുറത്തിറങ്ങിയ `സിറ്റി ഓഫ് മെന്‍' എന്ന സിനിമയ്‌ക്ക് ആധാരം. `സിറ്റി ഓഫ് ഗോഡി'ന്‍െറ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറല്ലെസ് നിര്‍മിച്ച ഈ ചിത്രത്തിന്‍െറ സംവിധായകന്‍ അദ്ദേഹത്തിന്‍െറ സുഹൃത്തായ പൗലോ മൊറെല്ലിയാണ്. മീറെല്ലസിനെപ്പോലെ അതിരുകടന്ന സ്വാതന്ത്ര്യമനുഭവിക്കാനൊന്നും മൊറെല്ലിക്ക് കഴിഞ്ഞിട്ടില്ല. സിനിമയുടെ ഫ്രെയിമിനകത്തു തന്നെയാണ് അദ്ദേഹത്തിന്‍െറ നില്‍പ്പ്.
അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ് `സിറ്റി ഓഫ് മെന്നി'ന്‍െറ പ്രമേയം . അച്ഛന്‍െറ സേ്‌നഹം ലഭിക്കാതെ, മേല്‍വിലാസമില്ലാത്തവരായി വളരേണ്ടിവന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണിത്. കുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ നഷ്‌ടപ്പെട്ട എയ്‌സാണ് ഒരു കഥാപാത്രം. അവന്‍െറ കൂട്ടുകാരന്‍ വാലസ്. വാലസിന് അച്ഛനാരെന്ന് അറിഞ്ഞുകൂടാ. രണ്ടുപേര്‍ക്കും 18 വയസ്സ് തികയുകയാണ്. സമൂഹം അവരെ പുരുഷന്മാരായി അംഗീകരിക്കാന്‍ പോവുകയാണ്. വാലസ് അച്ഛനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്നത് ഈ സമയത്താണ്. തന്‍െറ തിരിച്ചറിയല്‍ കാര്‍ഡില്‍ `അച്ഛന്‍ അജ്ഞാതന്‍' എന്ന കറുത്ത മുദ്ര പതിയാന്‍ പോകുന്നു. അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ മതിയാവൂ.
പതിനേഴാം വയസ്സില്‍ അച്ഛനാവേണ്ടിവന്നവനാണ് എയ്‌സ്. അച്ഛന്‍െറ പദവിക്ക് താനര്‍ഹനല്ലെന്ന് അവന് തോന്നുന്നു. എയ്‌സ് ആഗ്രഹിക്കാതെ ജനിച്ച കുഞ്ഞാണ് ക്ലേടണ്‍. അവനെ എങ്ങനെ വളര്‍ത്തണമെന്ന് എയ്‌സിനറിയില്ല. ഭാര്യ ക്രിസ്റ്റീന നല്ലൊരു ജീവിതസാഹചര്യം സ്വപ്‌നം കണ്ട് മറ്റൊരു ജോലി തേടി സ്ഥലം വിടുന്നു. ക്ലേടനെ ഒറ്റയ്‌ക്ക് വളര്‍ത്തേണ്ട കാര്യമോര്‍ത്ത് എയ്‌സ് പകച്ചുനില്‍ക്കുന്നു.
എയ്‌സിന്‍െറ ശ്രമഫലമായി വാലസിന്‍െറ അച്ഛനെ കണ്ടെത്തുന്നു. പേര് ഹെരാള്‍ഡോ. പരുക്കന്‍ മട്ടാണയാള്‍ക്ക്. ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ പേറ്റുനോവനുഭവിക്കുമ്പോള്‍ നേരെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് പോയ ആളാണ് കക്ഷി. പിന്നെയാരും ഹെരാള്‍ഡോയെ കണ്ടിട്ടില്ല. ഒരു കൊലക്കേസില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷാകാലാവധി 20 വര്‍ഷമായിരുന്നു. 15 വര്‍ഷത്തിനുശേഷം അയാള്‍ പരോളിലിറങ്ങി. മകനു കൊടുക്കാന്‍ ഹെരാള്‍ഡോയുടെ കൈയിലൊന്നുമുണ്ടായിരുന്നില്ല. വാലസിന് മറ്റൊന്നും വേണ്ട. തനിക്ക് അച്ഛനുണ്ടെന്ന സത്യം മാത്രംമതി അവന് ആഹ്ലാദിക്കാന്‍.
ഇതിനിടെ, എയ്‌സ് യാദൃച്ഛികമായി മിഡ്‌നൈറ്റ് എന്ന യുവാവിന്‍െറ അധോലോകസംഘത്തില്‍ അംഗമായിത്തീരുന്നു. മനസ്സില്ലാ മനസ്സോടെ അവനും തോക്കേന്തി ഓപ്പറേഷനില്‍ പങ്കെടുക്കുന്നു. തന്‍െറ അച്ഛനെ കൊന്നത് വാലസിന്‍െറ അച്ഛന്‍ ഹെരോള്‍ഡോ ആണെന്ന് എയ്‌സ് മനസ്സിലാക്കുന്നു. പക വീട്ടാനായി അവന്‍െറ മനസ്സ് പിടഞ്ഞു. പരോളിലിറങ്ങി മുങ്ങിയ ഹെരാള്‍ഡോ അപ്പോഴേക്കും പോലീസ് പിടിയിലായിക്കഴിഞ്ഞിരുന്നു. വാലസിന്‍െറ നിഷ്‌ക്കളങ്കതയ്‌ക്കും സൗഹൃദത്തിനും സേ്‌നഹത്തിനും മുന്നില്‍ എയ്‌സ് അടിയറവ് പറഞ്ഞു. ക്ലേടനെ നന്നായി വളര്‍ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടു സുഹൃത്തുക്കളും ജന്മനഗരം വിടുന്നു.
ഇതിനിടെ, എയ്‌സ് യാദൃച്ഛികമായി മിഡ്‌നൈറ്റ് എന്ന യുവാവിന്‍െറ അധോലോകസംഘത്തില്‍ അംഗമായിത്തീരുന്നു. മനസ്സില്ലാ മനസ്സോടെ അവനും തോക്കേന്തി ഓപ്പറേഷനില്‍ പങ്കെടുക്കുന്നു. തന്‍െറ അച്ഛനെ കൊന്നത് വാലസിന്‍െറ അച്ഛന്‍ ഹെരോള്‍ഡോ ആണെന്ന് എയ്‌സ് മനസ്സിലാക്കുന്നു. പക വീട്ടാനായി അവന്‍െറ മനസ്സ് പിടഞ്ഞു. പരോളിലിറങ്ങി മുങ്ങിയ ഹെരാള്‍ഡോ അപ്പോഴേക്കും പോലീസ് പിടിയിലായിക്കഴിഞ്ഞിരുന്നു. വാലസിന്‍െറ നിഷ്‌ക്കളങ്കതയ്‌ക്കും സൗഹൃദത്തിനും സേ്‌നഹത്തിനും മുന്നില്‍ എയ്‌സ് അടിയറവ് പറഞ്ഞു. ക്ലേടനെ നന്നായി വളര്‍ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടു സുഹൃത്തുക്കളും ജന്മനഗരം വിടുന്നു.
`സിറ്റി ഓഫ് ഗോഡി'ലെ അന്തരീക്ഷം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും `സിറ്റി ഓഫ് മെന്നി'ലെ ഇതിവൃത്തത്തിന് കാര്യമായ മാറ്റമുണ്ട്. അധോലോകസംഘം കഥാഘടനയെ നിയന്ത്രിക്കുന്ന അവസ്ഥയല്ല പുതിയ ചിത്രത്തില്‍. അനാഥജന്മങ്ങളാകേണ്ടിവന്ന എയ്‌സിന്‍െറയും വാലസിന്‍െറയും വിവര്‍ണമുഖങ്ങളിലാണ് ക്യാമറക്കണ്ണ് പ്രധാനമായും പതിയുന്നത്. ഇവരുടെ കഥയെ്‌ക്കാപ്പം അധോലോകപശ്ചാത്തലം സമാന്തരമായി കൊണ്ടുപോകുന്നു എന്നേയുള്ളൂ.
വെടിയൊച്ച നിലയ്‌ക്കാത്ത റിയോ ഡി ജനീറോ എന്ന `ദൈവത്തിന്‍െറ നഗര'മാണ് ആദ്യചിത്രത്തിന്‍െറ അവസാനം നമ്മള്‍ കണ്ടത്. പുതിയ അവതാരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു അധോലോകം. `പുരുഷന്മാരുടെ നഗരത്തി'ന്‍െറ അവസാനത്തിലാകട്ടെ പ്രതീക്ഷയുടെയും നന്മയുടെയും പ്രകാശമുണ്ട്. പഴയ വഴികളുപേക്ഷിച്ച് പുതുപാതകള്‍ തേടുന്ന ദൃഢചിത്തരായ രണ്ട് ചെറുപ്പക്കാരുടെ കൈപിടിച്ച് മന്ദം മന്ദം നടക്കുന്ന ക്ലേടണ്‍ എന്ന കൊച്ചുകുഞ്ഞിനെ കാണിച്ച് നാളെയുടെ നല്ല ചിത്രമാണ് സംവിധായകന്‍ വരച്ചിടുന്നത്. ഇരുട്ടിനെ പിന്നിലാക്കി അവര്‍ നടന്നു നീങ്ങുന്നു. റോഡ് മുറിച്ചുകടക്കും മുമ്പ് ഇരുവശത്തേക്കും നോക്കണമെന്ന് എയ്‌സ് മകനെ ഉപദേശിക്കുന്നതോടെയാണ് നൂറ് മിനിറ്റ് നീണ്ട `സിറ്റി ഓഫ് മെന്‍' അവസാനിക്കുന്നത്.