Sunday, July 27, 2008

ഏകാധിപതിയുടെ അന്ത്യദിനങ്ങള്‍

1940-നു ശേഷം അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കഥാപാത്രമായുള്ള നൂറോളം സിനിമകള്‍ വിവിധ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ആ കണ്ണിയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ `ഡൗണ്‍ ഫാള്‍' എന്ന ജര്‍മന്‍ ചിത്രം. ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ ഇത്‌ പതനത്തിന്റെ കഥയാണ്‌. രാക്ഷസരൂപിയായ ഒരു ഏകാധിപതിയുടെ അനിവാര്യമായ പതനത്തിന്റെ കഥ.
ഹിറ്റ്‌ലറുടെ അവസാനനാളുകളെക്കുറിച്ച്‌ ചരിത്രകാരനായ ജോഷിം ഫെസ്‌റ്റ്‌ എഴുതിയ `ഇന്‍സൈഡ്‌ ഹിറ്റ്‌ലേഴ്‌സ്‌ ബങ്കര്‍' എന്ന ഗ്രന്ഥമാണ്‌ ഈ സിനിമയ്‌ക്കാധാരം. ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ ഏകാധിപതിയുടെ അന്ത്യനാളുകള്‍ ഭൂമിക്കടിയിലെ നിലവറയില്‍ ഒതുങ്ങിപ്പോയതിലെ വൈരുധ്യമാകണം സംവിധായകന്‍ ഒളിവര്‍ ഹിര്‍ഷ്‌ബീഗലിനെ ആകര്‍ഷിച്ചത്‌. ബങ്കറിനു വെളിയില്‍ തന്റെ സാമ്രാജ്യം ഒന്നൊന്നായി തകര്‍ന്നുവീഴുന്നത്‌ ഹിറ്റ്‌ലര്‍ അറിയുന്നതേയില്ല. ഹിറ്റ്‌ലറുടെ 56ാം ജന്‍മദിനമായ 1945 ഏപ്രില്‍ ഇരുപതിന്‌ േസാവിയറ്റ്‌ പട ബര്‍ലിന്‍ നഗരത്തിന്‌ 12 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. ജന്മദിനം തൊട്ട്‌ ആത്മഹത്യാദിനം വരെയുള്ള പത്തുനാളുകളാണ്‌ ഈ സിനിമയുടെ ഇതിവൃത്തം.

ഹിറ്റ്‌ലറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ട്രോഡ്‌ല്‍ജങ്‌ എന്ന വനിത പഴയകാലം ഓര്‍ക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌. 1942-ലാണ്‌ ഹിറ്റ്‌ലറെ ആദ്യമായി അവര്‍ കാണുന്നത്‌. ഇന്റര്‍വ്യൂ വേളയിലായിരുന്നു അത്‌. മ്യൂണിച്ചില്‍ നിന്നാണ്‌ വരുന്നത്‌ എന്നു പറഞ്ഞപ്പോള്‍ തന്നെ ഹിറ്റ്‌ലര്‍ക്ക്‌ ട്രോഡിലിനോട്‌ പിതൃതുല്യമായ ഒരടുപ്പം തോന്നിയിരുന്നു. പരിഭ്രമത്തില്‍ ട്രോഡിലിന്‌ ടൈപ്പിങ്ങില്‍ പറ്റുന്ന തെറ്റുകള്‍ ക്ഷമയോടെ പൊറുക്കുന്ന ഹിറ്റ്‌ലറെ നാം ആദ്യരംഗങ്ങളില്‍ കാണുന്നു. പിന്നീട്‌ ക്യാമറ നീങ്ങുന്നത്‌ ഏകാധിപതിയുടെ അന്ത്യദിനങ്ങളിലേക്കാണ്‌.

പതനം ആസന്നമാണെന്നു വിശ്വസിക്കാന്‍ ഹിറ്റ്‌ലര്‍ മടിച്ചിരുന്നു. കീഴടങ്ങാനോ ബര്‍ലിനില്‍ നിന്ന്‌ രക്ഷപ്പെടാനോ അയാള്‍ ശ്രമിച്ചില്ല. പൊരുതാനായിരുന്നു ആഗ്രഹം. വിശ്വസ്‌തരായ ഏതാനും സൈനിക മേധാവികളും പ്രചരണമന്ത്രി ജോസഫ്‌ ഗീബല്‍സും കുടുംബവും വെപ്പാട്ടി ഈവാ ബ്രൗണും വനിതാ സെക്രട്ടറിമാരുമടങ്ങുന്നതായിരുന്നു ബങ്കറിനകത്തെ ലോകം.

തന്റെ ലോകം ചുരുങ്ങിച്ചുരുങ്ങി വരുേമ്പാഴും ഹിറ്റ്‌ലര്‍ക്ക്‌ താന്‍ വലിയവന്‍ തന്നെയായിരുന്നു. അനുസരിക്കാന്‍ ആരുമില്ലെങ്കിലും അയാള്‍ സൈന്യത്തിന്‌ ആജ്ഞകള്‍ കൊടുത്തുകൊണ്ടിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു തോന്നുമ്പോള്‍ അസ്വസ്ഥനായി. പലപ്പോഴും ആക്രോശത്തിലൂടെ തന്റെ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഏകാകിയുടെ ഇത്തിരിവട്ടത്തിലേക്ക്‌ ചുരുങ്ങിപ്പോകുന്ന സ്വേച്ഛാധിപതിയുടെ വീഴ്‌ച അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. ലോകം അടക്കിവാഴാന്‍ കൊതിച്ച ഒരു മനുഷ്യന്റെ അഹംബോധത്തിന്റെ അടരുകള്‍ ഒന്നൊന്നായി പിടഞ്ഞ്‌, കൊഴിഞ്ഞുവീഴുന്നത്‌ നാം അനുഭവിച്ചറിയുന്നു. ഒടുവില്‍ എല്ലാ മോഹവും ക്രോധവുമടങ്ങി ശാന്തനായി മരണത്തിലേക്ക്‌ അപ്രത്യക്ഷനാവുകയാണ്‌ ഹിറ്റ്‌ലര്‍.

പുറത്ത്‌, രണ്ടാം ലോകമഹായുദ്ധം മുറുകുമ്പോഴും അതിലെ കാഴ്‌ചകളില്‍ അഭിരമിക്കുന്നില്ല സംവിധായകന്റെ ക്യാമറ. വേണമെങ്കില്‍, ഡൗണ്‍ ഫാളിനെ ഹോളിവുഡ്‌ മാതൃകയില്‍ ഒരു യുദ്ധചിത്രമാക്കി മാറ്റാമായിരുന്നു. പക്ഷേ, തന്റെ വഴി നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു സംവിധായകന്‍. ഏറെ സമയവും ബങ്കറിനുള്ളില്‍ തന്നെ ചുറ്റിത്തിരിയുകയാണ്‌ ക്യാമറ. ഹിറ്റ്‌ലറെ അമിതമായി വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ദയാരഹിതമായ വിധി പകര്‍ത്തലും സംവിധായകന്റെ ദൗത്യമായിരുന്നു.അന്തിമ വിജയത്തെക്കുറിച്ചുള്ള അവിശ്വാസമാണ്‌ ബങ്കറില്‍ കണ്ടെത്തുന്ന ഓരോ മുഖത്തും. അവിടെ, വിശ്വാസം മാത്രമുള്ള ഒരു വ്യക്തിയെ നാം കാണുന്നു-ഗീബല്‍സിനെ. അയാളുടെ ഭാര്യയ്‌ക്കും അമിതവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കീഴടങ്ങാനോ ഒളിച്ചോടാനോ അവര്‍ തയ്യാറാകുന്നില്ല. പക്ഷേ, പ്രതീക്ഷകള്‍ അസ്‌തമിക്കുകയായിരുന്നു. അപ്പോഴും, വിശ്വസ്‌ത നായകന്റെ വഴി പിന്തുടരാനായിരുന്നു അവര്‍ക്കാഗ്രഹം.

ഹിറ്റലറുടെ ആശയസംഹിതയായ നാഷണല്‍ സോഷ്യലിസം ഇല്ലാത്ത ഒരു ലോകത്ത്‌ തങ്ങളും മക്കളും ജീവിക്കേണ്ട എന്നാണ്‌ അവര്‍ തീരുമാനിക്കുന്നത്‌. ആറു മക്കള്‍ക്കും ഗീബല്‍സിന്‍െ ഭാര്യ മഗ്‌ദ വിഷം കൊടുക്കുന്ന രംഗം സംവിധാനകലയുടെ കൈയടക്കത്തിന്റെ ഉദാഹരണമാണ്‌. മരുന്നെന്ന്‌ പറഞ്ഞ്‌ മോര്‍ഫിന്‍ കൊടുത്ത്‌ മയക്കിക്കിടത്തിയ ശേഷമാണ്‌ കുഞ്ഞുങ്ങളുടെ വായില്‍ സൈനൈഡ്‌ വെച്ചു കൊല്ലുന്നത്‌. മൂത്തവള്‍ ഹെല്‍ഗ സുസന്നെ(12) ക്കു മാത്രമാണ്‌ സംഭവത്തില്‍ സംശയം തോന്നുന്നത്‌. അവള്‍ വിഷം കഴിക്കാന്‍ വിസമ്മതിക്കുന്നു. മഗ്‌ദയും സഹായിയും ചേര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ വായ തുറപ്പിക്കുമ്പോള്‍ ഹെല്‍ഗ `പപ്പ' എന്നുറക്കെ വിളിക്കുന്നു. (ഗീബല്‍സിന്‌ ഏറ്റവുമിഷ്ടം ഹെല്‍ഗയോടായിരുന്നു) ആ രംഗം കാണാനാകാതെ അവളുടെ പപ്പ മുറിക്ക്‌ പുറത്ത്‌ നില്‍ക്കുകയായിരുന്നു.

ഓരോരുത്തരുടേയും നെറ്റിയിലൊരു ചുംബനം നല്‍കി മഗ്‌ദ പുതപ്പ്‌ തലയിലേക്ക്‌ വലിച്ചിടുമ്പോള്‍ ഒരു കുഞ്ഞിനരികെ കണ്ണുകള്‍ തുറന്നിരിക്കുന്ന പാവക്കുട്ടിയിലേക്കാണ്‌ ക്യാമറ അനുതാപത്തോടെ നോക്കുന്നത്‌. വേദനിപ്പിക്കുന്ന നിശ്ശബ്ദതയാണ്‌ ഈ രംഗത്താകെ നിറഞ്ഞുനില്‍ക്കുന്നത്‌. നിരാശയില്‍നിന്ന്‌ ജീവിതനിരാസത്തിലേക്ക്‌ നീങ്ങുന്ന മഗ്‌ദയും ജീവിക്കാന്‍ ആസക്തി പ്രകടിപ്പിക്കുന്ന ഹെല്‍ഗയും മറക്കാനാവാത്ത മുഖങ്ങളായി മാറുന്നു. (ഭാര്യ മഗ്‌ദയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ചുമരിക്കുകയാണ്‌ ഗീബല്‍സ്‌).

`ഡൗണ്‍ ഫോള്‍' റിലീസായപ്പോള്‍ ജര്‍മനിയില്‍ ഉയര്‍ന്ന പ്രധാന ആരോപണം ഹിറ്റ്‌ലറെ ഈ ചിത്രം മഹത്വവത്‌ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. ആരോപണം ശരിയാണെന്ന്‌ നമുക്കും തോന്നും. പക്ഷേ, ഇവിടെ സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നമുക്ക്‌ നിരാകരിക്കാനാകില്ല. ഹിറ്റ്‌ലറുടെ ക്രൂരതകളിലേക്ക്‌ തിരിഞ്ഞുനോക്കാനല്ല, ആ മനുഷ്യന്റെ ഇരട്ട വ്യക്തിത്വത്തിലേക്ക്‌ ചുഴിഞ്ഞിറങ്ങി അവിടെ കണ്ട സ്‌നേഹവും വിദ്വേഷവും ആശയും നിരാശയുമൊക്കെ ആവിഷ്‌കരിക്കാനാണ്‌ സംവിധായകന്‍ ശ്രമിച്ചത്‌.

ലോകം വെറുത്ത ഒരു ചരിത്രപുരുഷന്റെ മനസിലേക്കാണ്‌ സംവിധായകന്‍ നോക്കിയത്‌. ഒരു കാര്യം വ്യക്തം. ഹിറ്റ്‌ലറെ മനുഷ്യവത്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മഹത്വവത്‌ക്കരിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിട്ടില്ല. ഇനിയൊരു ഹിറ്റ്‌ലറെ ലോകത്തിന്‌ ആവശ്യമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്നുണ്ട്‌ അദ്ദേഹം. മിക്ക ജര്‍മന്‍കാരുടെയും ചിന്താഗതി തന്നെ സംവിധായകന്‍ ഒളിവറിനും. `പിന്നോട്ടല്ല, മുന്നോട്ടു നോക്കുക' എന്നാണവരുടെ വാദം.

ആറു പതിറ്റാണ്ടു മുമ്പത്തെ ബീഭത്സമായ ചരിത്രവും അതിലെ നായകനും മറക്കേണ്ട അധ്യായമാണെന്ന്‌ അവര്‍ കരുതുന്നു. ``ഹിറ്റ്‌ലറെ ചിത്രീകരിച്ച്‌ സിനിമകളില്‍ വെച്ച്‌ എനിക്ക്‌ നന്നായി ബോധിച്ച ചിത്രം എന്നാണ്‌ ഹിറ്റ്‌ലറുടെ ജീവചരിത്രകാരനും പ്രമുഖ ബ്രിട്ടീഷ്‌ ചരിത്രകാരനുമായ ഇയാന്‍ കെര്‍ഷോ `ഡൗണ്‍ ഫാളിനെക്കുറിച്ചു പറയുന്നത്‌.`മരണനഗര'ത്തിലെ നായകനായ ഹിറ്റ്‌ലറായി അഭിനയിച്ചത്‌ ബ്രൂണോ ഗാന്‍സ്‌ ആണ്‌. നന്നായി ജര്‍മന്‍ സംസാരിക്കുന്ന സ്വിസ്‌ നടനാണ്‌ ഗാന്‍സ്‌. ഹിറ്റ്‌ലറെപോലൊരു ഭീകരനെ അവതരിപ്പിക്കുക എളുപ്പമല്ലെന്ന്‌ ഗാന്‍സ്‌ തുടക്കത്തിലേ മനസിലാക്കിയിരുന്നു.

ഹിറ്റലറുടെ ചേഷ്ടകളും സംഭാഷണരീതിയും ചലനങ്ങളുമൊക്കെ പുന:സൃഷ്ടിക്കുക എന്നത്‌ ഏതൊരു നടനും വെല്ലുവിളിയാണ്‌. ആ വെല്ലുവിളിയെ ധീരമായി നേരിട്ടു ഗാന്‍സ്‌. ഹിറ്റലറുടെ സംഭാഷണരീതി, നടത്തം, തീറ്റ, ചുമ എന്നിവയെപ്പറ്റിയെല്ലാം ആവുന്നത്ര പഠിച്ചശേഷമാണ്‌ ഗാന്‍സ്‌ ക്യാമറയ്‌ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ വന്നുനിന്നത്‌.സംഭാഷണരീതിയെപ്പറ്റി മനസിലാക്കാന്‍ ആകെ ലഭിച്ചത്‌ ഒരു ടേപ്പാണ്‌. 1942-ല്‍ റെക്കോഡ്‌ ചെയ്‌തതാണിത്‌. ഫിന്നിഷ്‌ സൈനിക കമാന്‍ഡറായ മാര്‍ഷല്‍ കാള്‍ ഗുസ്‌താവുമായി ഹിറ്റല്‌ര്‍ നടത്തിയ സംഭാഷണമാണിതിലുള്ളത്‌. യുദ്ധമുന്നണിയിലെ വിജയങ്ങളെയും തിരിച്ചടികളെയും കുറിച്ചുള്ള ഈ സംഭാഷണത്തില്‍നിന്ന്‌ ഹിറ്റലറുടെ ശബ്ദനിയന്ത്രണത്തെയും ഭാഷാപ്രയോഗത്തെയും കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങളാണ്‌ ഗാന്‍സിനു ലഭിച്ചത്‌.

ഹിറ്റലറുടെ അവസാനത്തെ പത്തുനാളുകള്‍ ഇതിവൃത്തമാക്കി എടുക്കുന്ന മൂന്നാമത്തെ സിനിമയാണ്‌ `ഡൗണ്‍ഫാള്‍'. ഈ ഗണത്തില്‍പെട്ട ആദ്യചിത്രം 1955-ല്‍ പുറത്തിറങ്ങിയ `ദ ലാസ്‌റ്റ്‌ ആക്ട്‌' ആണ്‌. ജി.ഡബ്‌ള്യു. പാബ്‌സ്‌റ്റ്‌ ആണ്‌ ഈ ഓസ്‌ട്രിയന്‍ ചിത്രത്തിന്റെ സംവിധായകന്‍. ന്യൂറംബര്‍ഗ്‌ വിചാരണയില്‍ ജഡ്‌ജിയായിരുന്ന മൈക്കല്‍ എമുസ്‌മുന്നോയുടെ പുസ്‌തകത്തെ ആധാരമാക്കിയാണിത്‌ നിര്‍മിച്ചത്‌. `ഹിറ്റ്‌ലര്‍-ദ ലാസ്‌റ്റ്‌ ടെന്‍ ഡെയ്‌സ്‌' എന്ന പേരില്‍ 1973-ല്‍ ഇറങ്ങിയ ചിത്രമാണ്‌ രണ്ടാമത്തേത്‌. 2005-ലെ മികച്ച വിദേശഭാഷാചിത്രമായി ഓസ്‌കറിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌ `ഡൗണ്‍ഫോള്‍'. മികച്ച വിദേശഭാഷാ ചിത്രത്തിനും നടനുമുള്ള പതിനഞ്ചോളം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ `ഡൗണ്‍ഫോള്‍' നേടിയിട്ടുണ്ട്‌.

Friday, July 4, 2008

യുദ്ധഭൂമിയില്‍ ഒരമ്മ

'ഗൗരവസിനിമയുടെ രക്ഷകരിലൊരാള്‍' എന്ന വിശേഷണം അര്‍ഹിക്കുന്നയാളാണ്‌ പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌. അദ്ദേഹത്തിന്‍െറ ഒരു ചിത്രവും അലസമായി കണ്ട്‌ മറവിയിലേക്ക്‌ തള്ളാനുള്ളതല്ല. ഗൗരവമാര്‍ന്ന ചിന്ത ആവശ്യപ്പെടുന്നവയാണ്‌ ഓരോ ചിത്രവും. ലെനിന്‍, ഹിറ്റ്‌ലര്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നിവരും സാധാരണക്കാരും ഒരുപോലെ സൊഖുറോവ്‌ ചിത്രങ്ങളില്‍ നായകകഥാപാത്രങ്ങളായിട്ടുണ്ട്‌. സൊഖുറോവ്‌ സ്വീകരിക്കുന്ന ഓരോ പ്രമേയവും നൂതനമാണ്‌. കാട്ടിത്തരുന്ന ഓരോ കാഴ്‌ചയും വ്യത്യസ്‌തമാണ്‌. അവ നേരിട്ട്‌ നമ്മുടെ ഹൃദയത്തിലേക്കാണ്‌ കടക്കുന്നത്‌.
മദര്‍ ആന്‍ഡ്‌ സണ്‍' (1997), `ഫാദര്‍ ആന്‍ഡ്‌ സണ്‍' (2003) എന്നിവയ്‌ക്കുശേഷം രക്തബന്ധത്തിന്‌ ഊന്നല്‍ നല്‍കി സൊഖുറോവ്‌ സംവിധാനം ചെയ്‌ത റഷ്യന്‍ സിനിമയാണ്‌ `അലക്‌സാന്‍ഡ്ര' (2007). ഒരമ്മയും മകനും തമ്മിലുള്ള ഗാഢസേ്‌നഹവും മരണത്തിന്‍െറ സദാസാന്നിധ്യവുമാണ്‌ ആദ്യചിത്രത്തില്‍. ആസന്നമരണയായ അമ്മയാണിതിലെ മുഖ്യകഥാപാത്രം. രണ്ടാമത്തേതില്‍, മകനോട്‌ അതീവ വാത്സല്യം പുലര്‍ത്തുന്ന ഒരച്ഛനാണ്‌ പ്രധാന കഥാപാത്രം. സൈനിക പരിശീലനത്തിനുശേഷം യുദ്ധമുന്നണിയിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ മകന്‍. അച്ഛന്‍ മുന്‍ സൈനികനും. `അലക്‌സാന്‍ഡ്ര'യിലാവട്ടെ, എണ്‍പത്‌ പിന്നിട്ട ഒരമ്മൂമ്മയാണ്‌ നായികാസ്ഥാനത്ത്‌. ഓഫീസറായ കൊച്ചുമകനെ കാണാന്‍ ചെച്‌നിയയിലെ യുദ്ധഭൂമിയില്‍ എത്തുകയാണവര്‍. രണ്ടു ദിവസം ഈ അമ്മ കാണുന്നതേ ഈ സിനിമയിലുള്ളൂ. ഈ അമ്മയുടെ സഞ്ചാരപഥങ്ങളിലൂടെ ക്യാമറ നീങ്ങുകയാണ്‌. തീര്‍ത്തും അപരിചിതമായ സൈനിക ക്യാമ്പ്‌ പരിസരത്ത്‌ തീവണ്ടിയിറങ്ങുന്ന അലക്‌സാന്‍ഡ്ര നിക്കോലേവ്‌ന എന്ന വൃദ്ധ രണ്ടു ദിവസത്തിനുശേഷം തീവണ്ടിയില്‍തന്നെ മടങ്ങുകയാണ്‌. അപ്പോഴേക്കും റഷ്യന്‍ സൈനികര്‍ക്കും ചെചന്‍ വനിതകള്‍ക്കും അവര്‍ അമ്മയായിത്തീര്‍ന്നിരുന്നു. സേ്‌നഹിക്കുകയും കലഹിക്കുകയും ശാസിക്കുകയും ചെയ്യുന്ന അമ്മ.

മൂന്നു സിനിമകളിലും കഥ നടക്കുന്നത്‌ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്‌. പല രംഗങ്ങള്‍ക്കും സാദൃശ്യം കാണാം. ഉപയോഗിച്ചിരിക്കുന്ന വര്‍ണങ്ങള്‍ക്കും സമാനതയുണ്ട്‌. ഷോട്ടുകളുടെ ക്രമീകരണത്തിലും അവതരണശൈലിയിലും ഒരേ സ്വഭാവം കാണാം. മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌- മൂന്നു ചിത്രങ്ങളിലും പെണ്‍മക്കള്‍ കഥാപാത്രങ്ങളാകുന്നില്ല.

`ഫാദര്‍ ആന്‍ഡ്‌ സണ്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ച അവകാശപ്പെടാവുന്ന ചിത്രമാണ്‌ അലക്‌സാന്‍ഡ്ര. ഫാദര്‍ ആന്‍ഡ്‌ സണ്ണില്‍ യുദ്ധത്തിന്‍െറ കെടുതികളെക്കുറിച്ച്‌ പരാമര്‍ശങ്ങളേയുള്ളൂ. അലക്‌സാന്‍ഡ്രയിലാവട്ടെ സൊഖുറോവ്‌ നമ്മെ കൊണ്ടുപോകുന്നത്‌ യുദ്ധമുന്നണിയിലേക്കുതന്നെയാണ്‌. പക്ഷേ, യുദ്ധരംഗത്ത്‌ നിലയുറപ്പിക്കുമ്പോഴും സൊഖുറോവിന്‍െറ ക്യാമറ കബന്ധങ്ങളുടെ ദാരുണദൃശ്യങ്ങളിലേക്ക്‌ ഒരിക്കല്‍പോലും കണ്ണുതുറക്കുന്നില്ല. കനത്ത ബൂട്ടുകളുടെ ശബ്ദവും കവചിതവാഹനങ്ങളുടെയും പോര്‍വിമാനങ്ങളുടെയും ഇരമ്പലും മതി സൊഖുറോവിന്‌ യുദ്ധപ്രതീതി സൃഷ്‌ടിക്കാന്‍. യുദ്ധം തകര്‍ത്തെറിയുന്ന ജീവിതങ്ങളെയാണ്‌ അദ്ദേഹം ക്യാമറയ്‌ക്കു മുന്നില്‍ നിര്‍ത്തുന്നത്‌. യുദ്ധങ്ങള്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന മനുഷ്യസേ്‌നഹികളുടെ സന്ദേഹത്തില്‍ അദ്ദേഹവും പങ്കാളിയാവുന്നു.

പ്രശ്‌നഭരിതമായ വര്‍ത്തമാനകാലമാണ്‌ സൊഖുറോവിനു മുന്നിലുള്ളത്‌. ഇന്നിന്‍െറ വിഷാദങ്ങളും കാലുഷ്യങ്ങളുമാണ്‌ അദ്ദേഹത്തെ വേവലാതിപ്പെടുത്തുന്നത്‌. യുദ്ധത്തില്‍ കവിതയില്ല; സൗന്ദര്യവുമില്ല. അതുകൊണ്ടുതന്നെ യുദ്ധം കാവ്യാത്മകമായി ചിത്രീകരിക്കാനാവില്ലെന്ന്‌ സൊഖുറോവ്‌ വിശ്വസിക്കുന്നു. കഠിനപദങ്ങളും ബിംബങ്ങളുംതന്നെ വേണമതിന്‌.

`അലക്‌സാന്‍ഡ്ര'യില്‍ റഷ്യന്‍-ചെച്‌നിയന്‍ സംഘര്‍ഷമേഖലയിലാണ്‌ സൊഖുറോവിന്‍െറ നില്‌പ്‌. ഈ പോരാട്ടഭൂമിയെ ഇറാഖ്‌ യുദ്ധവുമായി താരതമ്യപ്പെടുത്താനാണ്‌ താനാഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം ഒരഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. യുദ്ധമുന്നണിയിലുള്ള തങ്ങളുടെ മക്കളെ, അച്ഛന്മാരെ, ഭര്‍ത്താക്കന്മാരെ, സഹോദരന്മാരെ കാണാന്‍ ഒരുപാട്‌ അമേരിക്കന്‍ അമ്മമാരും അമ്മൂമ്മമാരും മക്കളും ഭാര്യമാരും സഹോദരിമാരും കൊതിക്കുന്നുണ്ടാവാമെന്ന്‌ സൊഖുറോവ്‌ കരുതുന്നു. അവരുടെകൂടി ഉത്‌കണ്‌ഠകളും കാത്തിരിപ്പുമാണ്‌ അദ്ദേഹം പകര്‍ത്തുന്നത്‌.

റഷ്യന്‍-ചെച്‌നിയന്‍ ആഭ്യന്തര യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍നിന്നാണ്‌ 90 മിനിറ്റ്‌ നീണ്ട അലക്‌സാന്‍ഡ്രയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്‌. ഒരു ഡോക്യുമെന്‍ററിയുടെ കാഴ്‌ചവട്ടത്തിലാണ്‌ സിനിമ തുടങ്ങുന്നത്‌. ദൃശ്യങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കെ, ആദ്യം തോന്നിയേക്കാവുന്ന വിരസത നമ്മെ വിട്ടകലുന്നു. പട്ടാളക്യാമ്പ്‌ കാണാനെത്തുന്ന ഒരമ്മയുടെ കൗതുകക്കാഴ്‌ചകളില്‍നിന്ന്‌ ക്രമേണ പിന്മാറുന്ന ക്യാമറ അവര്‍ പരിചയപ്പെടുന്ന ഓരോ കഥാപാത്രത്തിന്‍െറയും മനസ്സിന്‍െറ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു. മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ഗാഢമായ സേ്‌നഹബന്ധം മാത്രമല്ല ദൃശ്യഖണ്ഡങ്ങളായി പ്രത്യക്ഷപ്പെടുന്നത്‌. പട്ടാളച്ചിട്ടയോടെ മരണത്തിനു മുന്നിലേക്ക്‌ ചിരിച്ചുകൊണ്ട്‌ കടന്നുചെല്ലുന്ന യൗവനങ്ങളെക്കുറിച്ചും എല്ലാം തകര്‍ന്നടിഞ്ഞിട്ടും ആരോടും പകയില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന സാധാരണ മനുഷ്യരെക്കുറിച്ചും യുദ്ധത്തിന്‍െറ നിരര്‍ഥകതയെക്കുറിച്ചും ദൃശ്യങ്ങള്‍ നമ്മോട്‌ സംസാരിക്കുന്നു.

റഷ്യയിലെ സ്റ്റാവ്‌റോപോളിലാണ്‌ അലക്‌സാന്‍ഡ്ര താമസിക്കുന്നത്‌. ഒറ്റയ്‌ക്കാണവര്‍. ഭര്‍ത്താവ്‌ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു. മരണം അടുത്തെത്തിയിരിക്കുന്നു എന്ന്‌ അലക്‌സാന്‍ഡ്രയ്‌ക്ക്‌ തോന്നുന്നു. തന്‍െറയടുത്ത്‌ ആരെങ്കിലും ഉണ്ടാവണമെന്ന വിചാരം അവരെ അലട്ടുന്നു. ഏഴു വര്‍ഷമായി മകളുടെ മകന്‍ ഡെന്നീസിനെ കണ്ടിട്ട്‌. ഇരുപത്തേഴുകാരനായ ഡെന്നീസ്‌ സൈന്യത്തില്‍ ഓഫീസറാണ്‌. അവന്‍െറ വിശേഷങ്ങള്‍ നേരിട്ടറിയണം. പറ്റുമെങ്കില്‍ അവന്‍െറ വിവാഹക്കാര്യം ഉറപ്പിക്കുകയും വേണം. ഇതിനാണ്‌ അലക്‌സാന്‍ഡ്ര യാത്രതിരിക്കുന്നത്‌. പക്ഷേ, അവരുടെ മോഹം പൂര്‍ത്തിയാകുമെന്ന സൂചനയില്ലാതെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ഡെന്നീസ്‌ വീണ്ടും യുദ്ധരംഗത്തേക്ക്‌ നീങ്ങവേ അലക്‌സാന്‍ഡ്ര നാട്ടിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌. കൊച്ചുമകന്‍െറ യൂണിഫോമിലെ നക്ഷത്രചിഹ്നങ്ങളില്‍ വിരലോടിച്ച്‌ അഭിമാനംകൊണ്ട അലക്‌സാന്‍ഡ്രയ്‌ക്ക്‌ സൈനികജീവിതം എത്ര കഠിനമാണെന്ന്‌ രണ്ടു ദിവസംകൊണ്ടുതന്നെ ബോധ്യമാവുന്നുണ്ട്‌.

വെളിച്ചത്തിലേക്കു നോക്കി പിന്തിരിഞ്ഞു നില്‍ക്കുന്ന അലക്‌സാന്‍ഡ്രയുടെ രൂപമാണ്‌ ചിത്രത്തിന്‍െറ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. ചിത്രം അവസാനിക്കുമ്പോള്‍, അവര്‍ തിരിച്ചുപോവുകയാണ്‌. തിവണ്ടി വേഗം കൂട്ടവേ അവര്‍ ബോഗിയിലെ ഇരുട്ടിലേക്ക്‌ നീങ്ങിനില്‍ക്കുന്നു. ദുഃഖസാന്ദ്രമാണ്‌ ആ മുഖം. ഡെന്നീസിന്‍െറയും അങ്ങാടിയിലെ സന്ദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട ചെചന്‍ വനിതകളുടെയും അനുഭവങ്ങള്‍ ആ വൃദ്ധമനസ്സിനെ വല്ലാതെ പൊള്ളിച്ചിട്ടുണ്ട്‌. അനിശ്ചിതമായി നീളുന്ന തന്‍െറ ഒറ്റപ്പെടലും അവരെ വേട്ടയാടുന്നുണ്ട്‌ (ഗലീന വിഷ്‌നെവസ്‌കായ എന്ന എണ്‍പതുകാരി ഓപ്പറ ഗായികയാണ്‌ അലക്‌സാന്‍ഡ്രയായി ഈ ചിത്രത്തില്‍ ജീവിക്കുന്നത്‌.).

യുദ്ധം കാരണം ഇവിടെ തകര്‍ന്നത്‌ വീടുകള്‍ മാത്രമല്ല, ജീവിതങ്ങള്‍ കൂടിയാണ്‌'' എന്നു പറയുന്നത്‌ മലീക എന്ന ചെചന്‍ വനിതയല്ല, സൊഖുറോവ്‌ തന്നെയാണ്‌.