Sunday, July 27, 2008

ഏകാധിപതിയുടെ അന്ത്യദിനങ്ങള്‍

1940-നു ശേഷം അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കഥാപാത്രമായുള്ള നൂറോളം സിനിമകള്‍ വിവിധ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ആ കണ്ണിയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ `ഡൗണ്‍ ഫാള്‍' എന്ന ജര്‍മന്‍ ചിത്രം. ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ ഇത്‌ പതനത്തിന്റെ കഥയാണ്‌. രാക്ഷസരൂപിയായ ഒരു ഏകാധിപതിയുടെ അനിവാര്യമായ പതനത്തിന്റെ കഥ.
ഹിറ്റ്‌ലറുടെ അവസാനനാളുകളെക്കുറിച്ച്‌ ചരിത്രകാരനായ ജോഷിം ഫെസ്‌റ്റ്‌ എഴുതിയ `ഇന്‍സൈഡ്‌ ഹിറ്റ്‌ലേഴ്‌സ്‌ ബങ്കര്‍' എന്ന ഗ്രന്ഥമാണ്‌ ഈ സിനിമയ്‌ക്കാധാരം. ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ ഏകാധിപതിയുടെ അന്ത്യനാളുകള്‍ ഭൂമിക്കടിയിലെ നിലവറയില്‍ ഒതുങ്ങിപ്പോയതിലെ വൈരുധ്യമാകണം സംവിധായകന്‍ ഒളിവര്‍ ഹിര്‍ഷ്‌ബീഗലിനെ ആകര്‍ഷിച്ചത്‌. ബങ്കറിനു വെളിയില്‍ തന്റെ സാമ്രാജ്യം ഒന്നൊന്നായി തകര്‍ന്നുവീഴുന്നത്‌ ഹിറ്റ്‌ലര്‍ അറിയുന്നതേയില്ല. ഹിറ്റ്‌ലറുടെ 56ാം ജന്‍മദിനമായ 1945 ഏപ്രില്‍ ഇരുപതിന്‌ േസാവിയറ്റ്‌ പട ബര്‍ലിന്‍ നഗരത്തിന്‌ 12 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. ജന്മദിനം തൊട്ട്‌ ആത്മഹത്യാദിനം വരെയുള്ള പത്തുനാളുകളാണ്‌ ഈ സിനിമയുടെ ഇതിവൃത്തം.

ഹിറ്റ്‌ലറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ട്രോഡ്‌ല്‍ജങ്‌ എന്ന വനിത പഴയകാലം ഓര്‍ക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌. 1942-ലാണ്‌ ഹിറ്റ്‌ലറെ ആദ്യമായി അവര്‍ കാണുന്നത്‌. ഇന്റര്‍വ്യൂ വേളയിലായിരുന്നു അത്‌. മ്യൂണിച്ചില്‍ നിന്നാണ്‌ വരുന്നത്‌ എന്നു പറഞ്ഞപ്പോള്‍ തന്നെ ഹിറ്റ്‌ലര്‍ക്ക്‌ ട്രോഡിലിനോട്‌ പിതൃതുല്യമായ ഒരടുപ്പം തോന്നിയിരുന്നു. പരിഭ്രമത്തില്‍ ട്രോഡിലിന്‌ ടൈപ്പിങ്ങില്‍ പറ്റുന്ന തെറ്റുകള്‍ ക്ഷമയോടെ പൊറുക്കുന്ന ഹിറ്റ്‌ലറെ നാം ആദ്യരംഗങ്ങളില്‍ കാണുന്നു. പിന്നീട്‌ ക്യാമറ നീങ്ങുന്നത്‌ ഏകാധിപതിയുടെ അന്ത്യദിനങ്ങളിലേക്കാണ്‌.

പതനം ആസന്നമാണെന്നു വിശ്വസിക്കാന്‍ ഹിറ്റ്‌ലര്‍ മടിച്ചിരുന്നു. കീഴടങ്ങാനോ ബര്‍ലിനില്‍ നിന്ന്‌ രക്ഷപ്പെടാനോ അയാള്‍ ശ്രമിച്ചില്ല. പൊരുതാനായിരുന്നു ആഗ്രഹം. വിശ്വസ്‌തരായ ഏതാനും സൈനിക മേധാവികളും പ്രചരണമന്ത്രി ജോസഫ്‌ ഗീബല്‍സും കുടുംബവും വെപ്പാട്ടി ഈവാ ബ്രൗണും വനിതാ സെക്രട്ടറിമാരുമടങ്ങുന്നതായിരുന്നു ബങ്കറിനകത്തെ ലോകം.

തന്റെ ലോകം ചുരുങ്ങിച്ചുരുങ്ങി വരുേമ്പാഴും ഹിറ്റ്‌ലര്‍ക്ക്‌ താന്‍ വലിയവന്‍ തന്നെയായിരുന്നു. അനുസരിക്കാന്‍ ആരുമില്ലെങ്കിലും അയാള്‍ സൈന്യത്തിന്‌ ആജ്ഞകള്‍ കൊടുത്തുകൊണ്ടിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു തോന്നുമ്പോള്‍ അസ്വസ്ഥനായി. പലപ്പോഴും ആക്രോശത്തിലൂടെ തന്റെ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഏകാകിയുടെ ഇത്തിരിവട്ടത്തിലേക്ക്‌ ചുരുങ്ങിപ്പോകുന്ന സ്വേച്ഛാധിപതിയുടെ വീഴ്‌ച അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. ലോകം അടക്കിവാഴാന്‍ കൊതിച്ച ഒരു മനുഷ്യന്റെ അഹംബോധത്തിന്റെ അടരുകള്‍ ഒന്നൊന്നായി പിടഞ്ഞ്‌, കൊഴിഞ്ഞുവീഴുന്നത്‌ നാം അനുഭവിച്ചറിയുന്നു. ഒടുവില്‍ എല്ലാ മോഹവും ക്രോധവുമടങ്ങി ശാന്തനായി മരണത്തിലേക്ക്‌ അപ്രത്യക്ഷനാവുകയാണ്‌ ഹിറ്റ്‌ലര്‍.

പുറത്ത്‌, രണ്ടാം ലോകമഹായുദ്ധം മുറുകുമ്പോഴും അതിലെ കാഴ്‌ചകളില്‍ അഭിരമിക്കുന്നില്ല സംവിധായകന്റെ ക്യാമറ. വേണമെങ്കില്‍, ഡൗണ്‍ ഫാളിനെ ഹോളിവുഡ്‌ മാതൃകയില്‍ ഒരു യുദ്ധചിത്രമാക്കി മാറ്റാമായിരുന്നു. പക്ഷേ, തന്റെ വഴി നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു സംവിധായകന്‍. ഏറെ സമയവും ബങ്കറിനുള്ളില്‍ തന്നെ ചുറ്റിത്തിരിയുകയാണ്‌ ക്യാമറ. ഹിറ്റ്‌ലറെ അമിതമായി വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ദയാരഹിതമായ വിധി പകര്‍ത്തലും സംവിധായകന്റെ ദൗത്യമായിരുന്നു.അന്തിമ വിജയത്തെക്കുറിച്ചുള്ള അവിശ്വാസമാണ്‌ ബങ്കറില്‍ കണ്ടെത്തുന്ന ഓരോ മുഖത്തും. അവിടെ, വിശ്വാസം മാത്രമുള്ള ഒരു വ്യക്തിയെ നാം കാണുന്നു-ഗീബല്‍സിനെ. അയാളുടെ ഭാര്യയ്‌ക്കും അമിതവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കീഴടങ്ങാനോ ഒളിച്ചോടാനോ അവര്‍ തയ്യാറാകുന്നില്ല. പക്ഷേ, പ്രതീക്ഷകള്‍ അസ്‌തമിക്കുകയായിരുന്നു. അപ്പോഴും, വിശ്വസ്‌ത നായകന്റെ വഴി പിന്തുടരാനായിരുന്നു അവര്‍ക്കാഗ്രഹം.

ഹിറ്റലറുടെ ആശയസംഹിതയായ നാഷണല്‍ സോഷ്യലിസം ഇല്ലാത്ത ഒരു ലോകത്ത്‌ തങ്ങളും മക്കളും ജീവിക്കേണ്ട എന്നാണ്‌ അവര്‍ തീരുമാനിക്കുന്നത്‌. ആറു മക്കള്‍ക്കും ഗീബല്‍സിന്‍െ ഭാര്യ മഗ്‌ദ വിഷം കൊടുക്കുന്ന രംഗം സംവിധാനകലയുടെ കൈയടക്കത്തിന്റെ ഉദാഹരണമാണ്‌. മരുന്നെന്ന്‌ പറഞ്ഞ്‌ മോര്‍ഫിന്‍ കൊടുത്ത്‌ മയക്കിക്കിടത്തിയ ശേഷമാണ്‌ കുഞ്ഞുങ്ങളുടെ വായില്‍ സൈനൈഡ്‌ വെച്ചു കൊല്ലുന്നത്‌. മൂത്തവള്‍ ഹെല്‍ഗ സുസന്നെ(12) ക്കു മാത്രമാണ്‌ സംഭവത്തില്‍ സംശയം തോന്നുന്നത്‌. അവള്‍ വിഷം കഴിക്കാന്‍ വിസമ്മതിക്കുന്നു. മഗ്‌ദയും സഹായിയും ചേര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ വായ തുറപ്പിക്കുമ്പോള്‍ ഹെല്‍ഗ `പപ്പ' എന്നുറക്കെ വിളിക്കുന്നു. (ഗീബല്‍സിന്‌ ഏറ്റവുമിഷ്ടം ഹെല്‍ഗയോടായിരുന്നു) ആ രംഗം കാണാനാകാതെ അവളുടെ പപ്പ മുറിക്ക്‌ പുറത്ത്‌ നില്‍ക്കുകയായിരുന്നു.

ഓരോരുത്തരുടേയും നെറ്റിയിലൊരു ചുംബനം നല്‍കി മഗ്‌ദ പുതപ്പ്‌ തലയിലേക്ക്‌ വലിച്ചിടുമ്പോള്‍ ഒരു കുഞ്ഞിനരികെ കണ്ണുകള്‍ തുറന്നിരിക്കുന്ന പാവക്കുട്ടിയിലേക്കാണ്‌ ക്യാമറ അനുതാപത്തോടെ നോക്കുന്നത്‌. വേദനിപ്പിക്കുന്ന നിശ്ശബ്ദതയാണ്‌ ഈ രംഗത്താകെ നിറഞ്ഞുനില്‍ക്കുന്നത്‌. നിരാശയില്‍നിന്ന്‌ ജീവിതനിരാസത്തിലേക്ക്‌ നീങ്ങുന്ന മഗ്‌ദയും ജീവിക്കാന്‍ ആസക്തി പ്രകടിപ്പിക്കുന്ന ഹെല്‍ഗയും മറക്കാനാവാത്ത മുഖങ്ങളായി മാറുന്നു. (ഭാര്യ മഗ്‌ദയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ചുമരിക്കുകയാണ്‌ ഗീബല്‍സ്‌).

`ഡൗണ്‍ ഫോള്‍' റിലീസായപ്പോള്‍ ജര്‍മനിയില്‍ ഉയര്‍ന്ന പ്രധാന ആരോപണം ഹിറ്റ്‌ലറെ ഈ ചിത്രം മഹത്വവത്‌ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. ആരോപണം ശരിയാണെന്ന്‌ നമുക്കും തോന്നും. പക്ഷേ, ഇവിടെ സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നമുക്ക്‌ നിരാകരിക്കാനാകില്ല. ഹിറ്റ്‌ലറുടെ ക്രൂരതകളിലേക്ക്‌ തിരിഞ്ഞുനോക്കാനല്ല, ആ മനുഷ്യന്റെ ഇരട്ട വ്യക്തിത്വത്തിലേക്ക്‌ ചുഴിഞ്ഞിറങ്ങി അവിടെ കണ്ട സ്‌നേഹവും വിദ്വേഷവും ആശയും നിരാശയുമൊക്കെ ആവിഷ്‌കരിക്കാനാണ്‌ സംവിധായകന്‍ ശ്രമിച്ചത്‌.

ലോകം വെറുത്ത ഒരു ചരിത്രപുരുഷന്റെ മനസിലേക്കാണ്‌ സംവിധായകന്‍ നോക്കിയത്‌. ഒരു കാര്യം വ്യക്തം. ഹിറ്റ്‌ലറെ മനുഷ്യവത്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മഹത്വവത്‌ക്കരിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിട്ടില്ല. ഇനിയൊരു ഹിറ്റ്‌ലറെ ലോകത്തിന്‌ ആവശ്യമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്നുണ്ട്‌ അദ്ദേഹം. മിക്ക ജര്‍മന്‍കാരുടെയും ചിന്താഗതി തന്നെ സംവിധായകന്‍ ഒളിവറിനും. `പിന്നോട്ടല്ല, മുന്നോട്ടു നോക്കുക' എന്നാണവരുടെ വാദം.

ആറു പതിറ്റാണ്ടു മുമ്പത്തെ ബീഭത്സമായ ചരിത്രവും അതിലെ നായകനും മറക്കേണ്ട അധ്യായമാണെന്ന്‌ അവര്‍ കരുതുന്നു. ``ഹിറ്റ്‌ലറെ ചിത്രീകരിച്ച്‌ സിനിമകളില്‍ വെച്ച്‌ എനിക്ക്‌ നന്നായി ബോധിച്ച ചിത്രം എന്നാണ്‌ ഹിറ്റ്‌ലറുടെ ജീവചരിത്രകാരനും പ്രമുഖ ബ്രിട്ടീഷ്‌ ചരിത്രകാരനുമായ ഇയാന്‍ കെര്‍ഷോ `ഡൗണ്‍ ഫാളിനെക്കുറിച്ചു പറയുന്നത്‌.`മരണനഗര'ത്തിലെ നായകനായ ഹിറ്റ്‌ലറായി അഭിനയിച്ചത്‌ ബ്രൂണോ ഗാന്‍സ്‌ ആണ്‌. നന്നായി ജര്‍മന്‍ സംസാരിക്കുന്ന സ്വിസ്‌ നടനാണ്‌ ഗാന്‍സ്‌. ഹിറ്റ്‌ലറെപോലൊരു ഭീകരനെ അവതരിപ്പിക്കുക എളുപ്പമല്ലെന്ന്‌ ഗാന്‍സ്‌ തുടക്കത്തിലേ മനസിലാക്കിയിരുന്നു.

ഹിറ്റലറുടെ ചേഷ്ടകളും സംഭാഷണരീതിയും ചലനങ്ങളുമൊക്കെ പുന:സൃഷ്ടിക്കുക എന്നത്‌ ഏതൊരു നടനും വെല്ലുവിളിയാണ്‌. ആ വെല്ലുവിളിയെ ധീരമായി നേരിട്ടു ഗാന്‍സ്‌. ഹിറ്റലറുടെ സംഭാഷണരീതി, നടത്തം, തീറ്റ, ചുമ എന്നിവയെപ്പറ്റിയെല്ലാം ആവുന്നത്ര പഠിച്ചശേഷമാണ്‌ ഗാന്‍സ്‌ ക്യാമറയ്‌ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ വന്നുനിന്നത്‌.സംഭാഷണരീതിയെപ്പറ്റി മനസിലാക്കാന്‍ ആകെ ലഭിച്ചത്‌ ഒരു ടേപ്പാണ്‌. 1942-ല്‍ റെക്കോഡ്‌ ചെയ്‌തതാണിത്‌. ഫിന്നിഷ്‌ സൈനിക കമാന്‍ഡറായ മാര്‍ഷല്‍ കാള്‍ ഗുസ്‌താവുമായി ഹിറ്റല്‌ര്‍ നടത്തിയ സംഭാഷണമാണിതിലുള്ളത്‌. യുദ്ധമുന്നണിയിലെ വിജയങ്ങളെയും തിരിച്ചടികളെയും കുറിച്ചുള്ള ഈ സംഭാഷണത്തില്‍നിന്ന്‌ ഹിറ്റലറുടെ ശബ്ദനിയന്ത്രണത്തെയും ഭാഷാപ്രയോഗത്തെയും കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങളാണ്‌ ഗാന്‍സിനു ലഭിച്ചത്‌.

ഹിറ്റലറുടെ അവസാനത്തെ പത്തുനാളുകള്‍ ഇതിവൃത്തമാക്കി എടുക്കുന്ന മൂന്നാമത്തെ സിനിമയാണ്‌ `ഡൗണ്‍ഫാള്‍'. ഈ ഗണത്തില്‍പെട്ട ആദ്യചിത്രം 1955-ല്‍ പുറത്തിറങ്ങിയ `ദ ലാസ്‌റ്റ്‌ ആക്ട്‌' ആണ്‌. ജി.ഡബ്‌ള്യു. പാബ്‌സ്‌റ്റ്‌ ആണ്‌ ഈ ഓസ്‌ട്രിയന്‍ ചിത്രത്തിന്റെ സംവിധായകന്‍. ന്യൂറംബര്‍ഗ്‌ വിചാരണയില്‍ ജഡ്‌ജിയായിരുന്ന മൈക്കല്‍ എമുസ്‌മുന്നോയുടെ പുസ്‌തകത്തെ ആധാരമാക്കിയാണിത്‌ നിര്‍മിച്ചത്‌. `ഹിറ്റ്‌ലര്‍-ദ ലാസ്‌റ്റ്‌ ടെന്‍ ഡെയ്‌സ്‌' എന്ന പേരില്‍ 1973-ല്‍ ഇറങ്ങിയ ചിത്രമാണ്‌ രണ്ടാമത്തേത്‌. 2005-ലെ മികച്ച വിദേശഭാഷാചിത്രമായി ഓസ്‌കറിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌ `ഡൗണ്‍ഫോള്‍'. മികച്ച വിദേശഭാഷാ ചിത്രത്തിനും നടനുമുള്ള പതിനഞ്ചോളം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ `ഡൗണ്‍ഫോള്‍' നേടിയിട്ടുണ്ട്‌.

2 comments:

T Suresh Babu said...

1940-നു ശേഷം അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കഥാപാത്രമായുള്ള നൂറോളം സിനിമകള്‍ വിവിധ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ആ കണ്ണിയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ `ഡൗണ്‍ ഫാള്‍' എന്ന ജര്‍മന്‍ ചിത്രം

Sureshkumar Punjhayil said...

:)