ചെറിയ മോഹങ്ങളുണ്ടായിരുന്ന ഏതാനും മനുഷ്യര്‍ക്ക്‌അനുഭവിക്കേണ്ടിവന്ന വലിയ ദുഃഖമാണ് `യസ്റ്റര്‍ഡേ' എന്ന ദക്ഷിണാഫ്രിക്കന്‍ സിനിമയുടെ ഇതിവൃത്തം. ആഫ്രിക്കയെ ഞെരിച്ചമര്‍ത്തുന്ന എയ്‌ഡ്‌സ് എന്ന മഹാവിപത്തിലേക്കാണ് ഈ സിനിമ വിരല്‍ ചൂണ്ടുന്നത്.
പ്രതികൂല സാഹചര്യങ്ങളില്‍ വീണടിയാതിരിക്കാന്‍ പൊരുതുന്ന ഒരു ആഫ്രിക്കന്‍ യുവതിയുടെ മനക്കരുത്തും ദൃഢനിശ്ചയവും അനുകമ്പയുമാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്. സേ്‌നഹത്തിന്‍െറ ശക്തിയെക്കുറിച്ച് വാചാലമാവുന്നു ഈ ചിത്രം. ഒപ്പം, കഷ്‌ടപ്പാടുകള്‍ക്കും കാഠിന്യങ്ങള്‍ക്കും നടുവിലെ ആഫ്രിക്കന്‍ സ്‌ത്രീസമൂഹത്തിന്‍െറ സഹനവും നമ്മുടെ കാഴ്‌ചയിലേക്ക് കടന്നുവരുന്നു.
ആരോടും പകയില്ലാതെ, ഇല്ലായ്‌മകളില്‍ പരിഭവമില്ലാതെ ജീവിക്കുന്ന യസ്റ്റര്‍ഡേ എന്ന യുവതിയും അവള്‍ക്ക് എയ്‌ഡ്‌സ് സമ്മാനിക്കുന്ന ഭര്‍ത്താവും ബ്യൂട്ടി എന്ന മകളും ഉള്‍പ്പെടുന്ന കുടുംബമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ഒരു ദക്ഷിണാഫ്രിക്കന്‍ ഗ്രാമമാണ് റൂയിഹോക്ക്. മണ്‍കട്ടകൊണ്ട് പണിത ഏതാനും വീടുകളാണ് അവിടെയുള്ളത്. കൈകൊണ്ട് തിരിക്കുന്ന ഒരു പമ്പാണ് വെള്ളത്തിനുള്ള ഏകാശ്രയം. സ്‌കൂള്‍ കുറെ ദൂരെയാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തണമെങ്കില്‍ മണിക്കൂറുകളോളം നടക്കണം. അവിടെ ആഴ്‌ചയിലൊരു ദിവസമാണ് വെള്ളക്കാരിയായ ഡോക്ടര്‍ പരിശോധിക്കുക. അതിരാവിലെ എത്തി ക്യൂ നിന്നാലേ ഡോക്ടറെ കാണാനൊക്കൂ. അതും ഭാഗ്യമുണ്ടെങ്കില്‍മാത്രം. ക്യൂവിലുള്ള എല്ലാവരെയും ഡോക്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയില്ല. കുറച്ചുപേരെ മാത്രം തിരഞ്ഞെടുക്കും. ബാക്കിയുള്ളവര്‍ വീണ്ടും അടുത്താഴ്‌ച ഭാഗ്യ പരീക്ഷണത്തിനെത്തണം.
യസ്റ്റര്‍ഡേയുടെ മകള്‍ ബ്യൂട്ടിക്ക് സ്‌കൂളില്‍ ചേരാന്‍ പ്രായമായി. യസ്റ്റര്‍ഡേ നിരക്ഷരയാണ്. അതുകൊണ്ടുതന്നെ, മകളെ പഠിപ്പിക്കണം എന്നുണ്ട് അവള്‍ക്ക്. അടുത്ത വേനലില്‍ ബ്യൂട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണം. യസ്റ്റര്‍ഡേയുടെ ഭര്‍ത്താവിന് ജൊഹന്നാസ്‌ബര്‍ഗിലാണ് ജോലി. സ്വര്‍ണഖനിയില്‍ തൊഴിലാളിയാണിയാള്‍.
പക്ഷിയെപ്പോലെ പറക്കാനാണ് ബ്യൂട്ടിയുടെ മോഹം. വരണ്ടുണങ്ങിയ പാടങ്ങള്‍ക്കും വിശാലമായ താഴ്‌വരകള്‍ക്കും വളഞ്ഞു പുളഞ്ഞുകിടക്കുന്ന നാട്ടുപാതയ്‌ക്കും മുകളിലൂടെ അങ്ങനെ പറന്നുപറന്നു പോവുന്നത് അവള്‍ സ്വപ്‌നം കാണുന്നു. വീട്ടുജോലികളെല്ലാം യസ്റ്റര്‍ഡേ ഒറ്റയ്‌ക്ക് ചെയ്യണം. ആരും സഹായിക്കാനില്ല. കുന്നിന്‍ മുകളില്‍ ചെന്ന് വിറകു ശേഖരിക്കലും വെള്ളമെടുക്കലും അലക്കലും പാടം കിളയ്‌ക്കലും വിത്തിടലുമൊക്കെ സ്വയം ചെയ്യണം. എല്ലായിടത്തും നിഴല്‍പോലെ ബ്യൂട്ടിയുമുണ്ടാകും. ഭര്‍ത്താവ് മാസത്തിലൊരിക്കലേ വരൂ, ചിലപ്പപ്പോള്‍ മാസങ്ങള്‍ കഴിയും. എന്തായാലും യസ്റ്റര്‍ഡേക്ക് പരിഭവമില്ല. ദുരിതങ്ങളെ ഒരു പുഞ്ചിരിയില്‍ ഒളിപ്പിക്കും അവള്‍. ഗ്രാമത്തിലെ വിദ്യാലയത്തില്‍ പുതുതായി വന്ന അധ്യാപിക മാത്രമാണ് യസ്റ്റര്‍ഡേയുടെ കൂട്ട്.
കുറെ നാളായി ചുമ കൊണ്ട് കഷ്‌ടപ്പെടുകയാണ് യസ്റ്റര്‍ഡേ. രണ്ടു തവണ ഡോക്ടറെ കാണാന്‍ പോയി. നിരാശയായി മടങ്ങേണ്ടിവന്നു. മൂന്നാമത്തെ തവണ അധ്യാപിക ടാക്‌സി ഏര്‍പ്പാട് ചെയ്‌തുകൊടുത്തു. അതുകൊണ്ട് നേരത്തേ എത്തി ഡോക്ടറെ കാണാനായി. അവളുടെ അവസ്ഥകണ്ട് ഡോക്ടര്‍ക്ക് സംശയം. രക്തപരിശോധനയില്‍ സംശയം സത്യമായി. യസ്റ്റര്‍ഡേ എയ്‌ഡ്‌സ് രോഗിയാണ്. ഭര്‍ത്താവിനെയും പരിശോധിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവിനെ കിട്ടിയില്ല. മകളെ അധ്യാപികയുടെ സംരക്ഷണയിലാക്കി യസ്റ്റര്‍ഡേ ജൊഹാന്നസ്‌ബര്‍ഗിലേക്ക് പോകുന്നു. യസ്റ്റര്‍ഡേ തന്നെ തേടിയെത്തിയത് അയാള്‍ക്ക് രസിക്കുന്നില്ല. ഡോക്ടറുടെ സംശയം പറയേണ്ട താമസം അയാള്‍ അവളെ മര്‍ദിക്കാന്‍ തുടങ്ങി. മുറിവേറ്റ ശരീരവും മനസ്സുമായി യസ്റ്റര്‍ഡേ ഗ്രാമത്തിലേക്ക് മടങ്ങുന്നു.
ശൈത്യകാലമെത്തി. യസ്റ്റര്‍ഡേ അവശയായിത്തുടങ്ങി. അവള്‍ക്ക് പമ്പ് തിരിച്ച് വെള്ളമെടുക്കാന്‍ പോലും കഴിയുന്നില്ല. അപ്പോഴും അവള്‍ ആരോടും രോഗാവസ്ഥയെപ്പറ്റി പറയുന്നില്ല. അടുത്ത സുഹൃത്തായി മാറിയ അധ്യാപികയില്‍നിന്നു പോലും അവള്‍ സത്യം മറച്ചുവെച്ചു.
ഒരു ദിവസം ഭര്‍ത്താവ് വീട്ടിലെത്തുന്നു. ശരീരമാകെ മാറിപ്പോയി. തീര്‍ത്തും അവശനാണയാള്‍. എയ്‌ഡ്‌സ് അയാളില്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. ജോലി സ്ഥലത്തു വെച്ച് ഭാര്യ സംശയം പറഞ്ഞപ്പോള്‍ അയാള്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അസുഖം കാരണം പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് അയാള്‍ രോഗത്തിന്‍െറ ഭീകരത തിരിച്ചറിഞ്ഞത്.
ഒട്ടും പിണക്കം കാട്ടാതെ യെസ്റ്റര്‍ഡേ അയാളെ സ്വീകരിക്കുന്നു. ഭൂമിയുടെ ആഴങ്ങളില്‍ സ്വര്‍ണം തേടിപ്പോയ ഭര്‍ത്താവിനുണ്ടായ ഇരുണ്ട വിധിയെ സ്വീകരിച്ചേ മതിയാവൂ എന്നവള്‍ മനസ്സിലാക്കുന്നു. അവള്‍ പോന്ന ശേഷം താന്‍ അനുഭവിച്ച വേദന അയാള്‍ എണ്ണിയെണ്ണിപ്പറയുന്നു. ഒരു സുരക്ഷയുമില്ലാത്ത, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ലാത്ത ഖനിയുടെ ആഴങ്ങളില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കേട്ടപ്പോള്‍ യസ്റ്റര്‍ഡേയുടെ കണ്ണുനിറഞ്ഞു. സ്വന്തം വേദനകളെ മാറ്റി നിര്‍ത്തി അവള്‍ അയാളെ സാന്ത്വനിപ്പിക്കുന്നു.
ഭര്‍ത്താവ് തിരിച്ചുവന്നെന്നും രോഗിയാണെന്നും ഗ്രാമീണര്‍ എങ്ങനെയോ അറിഞ്ഞു. സ്‌ത്രീകളുടെ അടക്കിപ്പിടിച്ച സംസാരങ്ങളില്‍ സംശയത്തിന്‍െറ മുള്‍മുന തുറിച്ചുനിന്നു. യസ്റ്റര്‍ഡേ ആരോടും ഒന്നും പറഞ്ഞില്ല. രണ്ടുപേര്‍ക്കും മരണം അടുത്തെത്തിയെന്ന് അവള്‍ക്കറിയാം. എങ്കിലും അവള്‍ ദൃഢനിശ്ചയമെടുത്തു. ബ്യൂട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത ശേഷമേ താന്‍ മരണത്തിന് കീഴടങ്ങൂ. തനിക്ക് കിട്ടാത്തത് മകള്‍ക്ക് കിട്ടണം.
ഗ്രാമത്തിലെ സ്‌ത്രീകളുടെ സംസാരം കേട്ട് അധ്യാപിക അവളോട് കാര്യം തിരക്കി. ഭര്‍ത്താവിനു മാത്രമല്ല തനിക്കും എയ്‌ഡ്‌സുണ്ടെന്ന് അവള്‍ അധ്യാപികയോട് സമ്മതിക്കുന്നു. ഗ്രാമീണരുടെ ചിന്താഗതി അറിയുന്നതുകൊണ്ടാണ് അവള്‍ സത്യം മറച്ചുപിടിച്ചത്. തൊട്ടടുത്ത ഗ്രാമത്തിലെ യുവതിക്കുണ്ടായ അനുഭവം അവള്‍ വിവരിക്കുന്നു. ജൊഹാന്നസ്‌ബര്‍ഗില്‍ ഉപരിപഠനത്തിന് പോയതായിരുന്നു അവള്‍. ഇടയ്‌ക്ക് വെച്ച് എയ്‌ഡ്‌സ് പിടികൂടി. തിരിച്ചുവന്ന് അവള്‍ മാതാപിതാക്കളെ വിവരമറിയിച്ചു. എങ്ങനെയോ സൂചനകിട്ടിയ ഗ്രാമീണര്‍ അവളെ കല്ലെറിഞ്ഞുകൊന്നു. തന്‍െറ ഭര്‍ത്താവിനും ആ വിധി വരരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഭര്‍ത്താവിനു ചികിത്സ തേടി അവള്‍ പട്ടണത്തിലെ ആസ്‌പത്രിയിലെത്തി. പക്ഷേ, അവിടെ കിടക്കാന്‍ സ്ഥലമില്ല. വെയിറ്റിങ് ലിസ്റ്റില്‍ പേരിടാമെന്നേ ആസ്‌പത്രി അധികൃതര്‍ പറയുന്നുള്ളൂ.
ഒന്നിനും തോറ്റുകൊടുക്കാന്‍ യസ്റ്റര്‍ഡേക്ക് മനസ്സില്ല. കുന്നിന്‍ മുകളില്‍, അലൂമിനിയം ഷീറ്റും മരപ്പലകകളും കൊണ്ട് അവള്‍ ഭര്‍ത്താവിനു കൊച്ചുവീട് പണിയുന്നു. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ആ വീട്. അതവള്‍ ആസ്‌പത്രിയാക്കി മാറ്റി. രാവും പകലും അടുത്തിരുന്നു പരിചരിച്ചു. ബ്യൂട്ടിയുടെ പ്രായത്തില്‍ അയാള്‍ ഓടിക്കളിച്ച കുന്നാണത്. അവിടെയാണ്, ഒരടിപോലും നടക്കാനാവാതെ താന്‍ എത്തിപ്പെട്ടിരിക്കുന്നത് എന്നോര്‍ത്ത് അയാള്‍ സങ്കടപ്പെടുന്നു. മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍നിന്ന് ഒരുനാള്‍ പ്രാണന്‍ പറന്നകന്നു.
വീണ്ടും വേനല്‍ക്കാലമെത്തി. അടുത്താഴ്‌ച സ്‌കൂള്‍ തുറക്കുകയാണ്. ബ്യൂട്ടിയെപ്പോലെ യസ്റ്റര്‍ഡേയും ആ സുദിനം അക്ഷമയോടെ കാത്തിരിക്കുകയാണ്. യസ്റ്റര്‍ഡേക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബ്യൂട്ടിയെ സ്വന്തം മകളെപ്പോലെ നോക്കുമെന്ന് അധ്യാപിക വാക്കുകൊടുക്കുന്നു.
അവസാന രംഗം. സ്‌കൂള്‍ പരിസരം. അവിടെ അസംബ്ലി നടക്കുകയാണ്. ആഹ്ലാദത്തോടെ ബ്യൂട്ടിയുടെ സ്‌കൂള്‍ പ്രവേശം നോക്കി നില്‍ക്കുകയാണ് യസ്റ്റര്‍ഡേ. ഗെയിറ്റിനു പുറത്താണവള്‍. ബ്യൂട്ടി അമ്മയെ കാണുന്നു. സ്‌കൂളില്‍ ബെല്ലടിച്ചപ്പോള്‍ അമ്മയെ നോക്കി ബ്യൂട്ടി കൈവീശുന്നു. വിജനമായ നാട്ടുപാതയിലൂടെ യസ്റ്റര്‍ഡേ തിരിച്ചുപോകുന്നു.
രണ്ടു വേനല്‍ക്കാലങ്ങളിലെ രണ്ടു പ്രഭാതദൃശ്യങ്ങളിലാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. രണ്ടു ലോങ് ഷോട്ടുകളിലാണ് ഈ ദൃശ്യം ഒരുക്കിയിരിക്കുന്നത്. ഈ വിദൂര ദൃശ്യങ്ങള്‍ യസ്റ്റര്‍ഡേയുടെ ജീവിതത്തിന്‍െറ രണ്ട്‌അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. തുടക്കത്തിലെ ദൃശ്യത്തില്‍ കാഠിന്യമേറിയ ജീവിതം മാത്രമല്ല, ഒരു തണല്‍പോലുമില്ലാത്ത, ഊഷരമായ ഗ്രാമമുഖവും പ്രേക്ഷകന്‍െറ മനസ്സിലേക്ക് കയറിവരുന്നു. അകലെ, ഒരു പൊട്ടുപോലെ കാണപ്പെടുന്ന യസ്റ്റര്‍ഡേയും മകളും നമുക്കഭിമുഖമായാണ് വരുന്നത്. മകളുടെ കൈപിടിച്ചു നടക്കുമ്പോള്‍ ആ അമ്മ ദുരിതങ്ങള്‍ മറക്കുന്നു. മകളുടെ ആകാംക്ഷ നിറഞ്ഞ ഓരോ ചോദ്യത്തിനും മറുപടി പറയുന്ന അവള്‍ വെയിലിന്‍െറയും പൊടിക്കാറ്റിന്‍െറയും രൂക്ഷത അറിയുന്നേയില്ല. അവസാന ദൃശ്യത്തിലാവട്ടെ, യസ്റ്റര്‍ഡേ തിരിച്ചുപോവുകയാണ്. അവള്‍ക്ക് കൂട്ടിനാരുമില്ല; എപ്പോഴും ഒപ്പമുണ്ടായിരുന്ന മകള്‍ പോലും. തന്‍െറ കര്‍മം പൂര്‍ത്തിയാക്കി ആ സാധു സ്‌ത്രീ ചാരിതാര്‍ഥ്യത്തോടെ ജീവിതത്തില്‍നിന്ന് തിരിച്ചുനടക്കുകയാണ്.
കഥാനായികയുടെ പേര് മാത്രമല്ല ശീര്‍ഷകം കൊണ്ടുദ്ദേശിക്കുന്നത്. ആഫ്രിക്കന്‍ ജനതയുടെ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണത്. കലര്‍പ്പില്ലാത്ത ഗ്രാമജീവിതവും തനതു സംസ്‌കാരവും ജ്വലിച്ചുനിന്നിരുന്ന ഇന്നലെകളുടെ നഷ്‌ടപ്പെടലിനെക്കുറിച്ചാണ് ശീര്‍ഷകം സംസാരിക്കുന്നത്. കോളണിവാഴ്‌ചയും നാഗരികതയും ആക്രമിച്ചുകയറി നശിപ്പിച്ചുകളഞ്ഞ ഒരു ജനസഞ്ചയത്തിന്‍െറ വേദനകളിലാണ് ശീര്‍ഷകം ചെന്നു തൊടുന്നത്. യസ്റ്റര്‍ഡേക്ക് ആ പേരിട്ടത് അച്ഛനാണ്. ഇന്നലെകള്‍ ഇന്നിനേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്ന് അയാള്‍ക്കറിയാമായിരുന്നു. (സുലു വിഭാഗക്കാര്‍ മക്കള്‍ക്ക് കോണ്‍ഫിഡന്‍സ്, ഇന്നസന്‍റ്, റ്റുമോറോ എന്നൊക്കെ പേരിടാറുണ്ട്.)
ദക്ഷിണാഫ്രിക്കയുടെ സാമൂഹിക ജീവിതം പ്രതിഫലിപ്പിക്കുന്ന `യസ്റ്റര്‍ഡേ' നാട്യങ്ങളില്ലാത്ത സിനിമയാണ്. സംവിധായകനു പറയാന്‍ ഒരു കഥയുണ്ട്. നല്‍കാന്‍ ഒരു സന്ദേശവുമുണ്ട്. അതിനുപയോഗിച്ച ദൃശ്യഭാഷ അതിലളിതമാണ്. പൊടിക്കാറ്റും ശീതക്കാറ്റും മാറിമാറി വീശുന്ന പ്രകൃതിയുടെ പരുക്കന്‍ഭാവങ്ങളെ ഉചിത സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഔദ്യോഗിക ഭാഷയായ സുലുവില്‍ നിര്‍മിച്ച ആദ്യത്തെ അന്താരാഷ്ട്ര സിനിമയാണിത്. 2004-ലെ വെനീസ്, ടൊറൊന്‍േറാ ചലച്ചിത്രമേളകളില്‍ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. 2005-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനും `യസ്റ്റര്‍ഡേ' മത്സരിച്ചു.
ദക്ഷിണാഫ്രിക്കക്കാരനായ ഡാറിന്‍ ജയിംസ് റൂഡ് ആണ് സംവിധായകന്‍. ഇന്ത്യന്‍ വംശജനായ ആനന്ദ് സിങ്ങാണ് ചിത്രം നിര്‍മിച്ചത്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ 45 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് സിങ്. വര്‍ണവിവേചന നയത്തെ തുറന്നാക്രമിക്കുന്ന `പ്ലെയ്‌സ് ഓഫ് വീപ്പിങ്, സറാഫിന, ക്രൈ ദ ബിലവഡ് കണ്‍ട്രി' തുടങ്ങിയവ ഇതില്‍പ്പെടും.