Friday, December 21, 2007

യുദ്ധക്കൊതിക്കെതിരെബുഫോ

തെക്കന്‍ ലബനനിലെ ബുഫോ കോട്ടയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്‌ത`ബുഫോ'എന്ന ഇസ്രായേല്‍ സിനിമ യുദ്ധക്കൊതിക്കെതിരെ സംസാരിക്കുന്നു
``സമാധാനകാലത്ത്‌ മക്കള്‍ അച്ഛന്മാരുടെ ശവസംസ്‌കാരം നടത്തുന്നു: യുദ്ധകാലത്താവട്ടെ, അച്ഛന്മാര്‍ മക്കളുടെയും!'' ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്‌ത `ബുഫോ' (Beaufort) എന്ന ഇസ്രായേല്‍ സിനിമ കാണുമ്പോള്‍ ക്രിയോസസിന്റെ ഈ വാക്കുകള്‍ ഓര്‍മവരും. തെക്കന്‍ ലബനനിലെ ബുഫോ കോട്ടയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി ഹീബ്രു ഭാഷയിലെടുത്ത ഈ ചിത്രം ലോകത്തിന്റെ യുദ്ധക്കൊതിക്കെതിരെ സംസാരിക്കുന്നു.

അദൃശ്യനായ ശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തില്‍ മരിച്ചുവീഴുന്ന യുവാക്കളും സ്വന്തം മക്കളുടെ ജീവിതത്തിന്റെ വിലയും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്ന അച്ഛന്മാരും നമ്മുടെ വേദനയായി മാറുന്നു.ടൈം ഓഫ്‌ ഫേവര്‍ (2000), ക്യാമ്പ്‌ ഫയര്‍ (2004) എന്നിവയ്‌ക്കുശേഷം ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്‌. 2007 ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ സിഡാറിനാണ്‌ ലഭിച്ചത്‌. 2007 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ `ബുഫോ' മത്സരിക്കുന്നുണ്ട്‌ (ബുഫോ എന്ന വാക്കിന്‌ ഫ്രഞ്ചില്‍ `മനോഹരമായ കോട്ട' എന്നാണര്‍ഥം).

പന്ത്രണ്ടാം നൂറ്റാണ്ടില്‍ തെക്കന്‍ ലബനനിലെ മലമുകളില്‍ പണിത ബുഫോ കോട്ടയില്‍ നിന്നുള്ള ഇസ്രായേല്‍ സൈനികരുടെ പിന്മാറ്റം കേന്ദ്രീകരിച്ചാണ്‌ കഥ നീങ്ങുന്നത്‌. 18 വര്‍ഷം കൈയടക്കിവെച്ചശേഷം 2000 മെയ്‌ മാസത്തിലായിരുന്നു പിന്മാറ്റം. 1976 മുതല്‍ 82 വരെ ഈ കോട്ട പലസ്‌തീന്‍ വിമോചന സംഘടനയുടെ കൈവശമായിരുന്നു. അവരുടെ ഔട്ട്‌പോസ്റ്റായിരുന്നു ഇത്‌. 1982 ജൂണ്‍ ആറിന്‌ ഇസ്രായേല്‍ സേന കോട്ട പിടിച്ചെടുത്തു. രാജ്യത്തുയര്‍ന്ന വിമര്‍ശനങ്ങളെത്തുടര്‍ന്നാണ്‌ ഒടുവില്‍ പിന്മാറിയത്‌. പിന്മാറുമ്പോള്‍ കോട്ട ബോംബുവെച്ചു തകര്‍ക്കുകയും ചെയ്‌തു.

ബുഫോയെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട യുവ സൈനികരിലാണ്‌ സംവിധായകന്‍ ശ്രദ്ധയൂന്നുന്നത്‌. 2100 അടി ഉയരമുള്ള ഈ മലയില്‍ കാവല്‍നില്‍ക്കുന്നവരുടെ ഒറ്റപ്പെടല്‍, നിസ്സഹായത, ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള വെമ്പല്‍, ചിന്തകളില്‍ വന്നുനിറയുന്ന ഗൃഹാതുരത, ഉത്‌കണ്‌ഠ എന്നിവയൊക്കെ സിഡര്‍ രേഖപ്പെടുത്തുന്നു. ഈ രേഖപ്പെടുത്തല്‍ ഒരു `യുദ്ധവിരുദ്ധ സിനിമ'യുടെ തലത്തിലേക്ക്‌ `ബുഫോ'യെ ഉയര്‍ത്തുന്നു.ബുഫോയിലെ സൈനികര്‍ക്ക്‌ ഒരിക്കലും യുദ്ധം ചെയ്യേണ്ടിവരുന്നില്ല. അവരുടെ ശത്രു എപ്പോഴും അദൃശ്യനായിരുന്നു.

എപ്പോഴും അവര്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു. ഈ ആക്രമണങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ്‌ അവരുടെ പ്രതിരോധം. എതിര്‍പക്ഷത്തെ ഒരു സൈനികന്‍ പോലും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ല. നേര്‍ക്കുനേരെ പോരാട്ടവുമില്ല. കോട്ടയില്‍ വന്നു പതിച്ച്‌ പൊട്ടിത്തെറിക്കുന്ന മിസൈലുകള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. തുരങ്കത്തിലെ ഇരുട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്‌ ബുഫോയിലെ സൈനികര്‍. പുറത്തെ വെളിച്ചത്തിലേക്ക്‌ കടക്കേണ്ടതാമസം അവരുടെ അടുത്തുതന്നെ വന്നു പതിക്കും ഷെല്ലുകള്‍. ക്രമേണ , പകല്‍ വെളിച്ചം അവര്‍ക്ക്‌ തുരങ്കത്തിലിരുന്നു കാണാവുന്ന കാഴ്‌ചയായി മാറുന്നു.

എതിരാളികള്‍ക്കുനേരെ ഒരാക്രമണം പോലും അവര്‍ക്ക്‌ നടത്തേണ്ടിവരുന്നില്ല. ആകെ ചെയ്യാനുള്ളത്‌ കോട്ട സംരക്ഷിക്കുക എന്ന വിരസമായ ജോലിമാത്രം. ഈ വിരസതയേല്‌പിക്കുന്ന വൈകാരിക വിമ്മിട്ടങ്ങള്‍ അവരെ പലപ്പോഴം കോപാകുലരാക്കുന്നു. ഒരു പോരാട്ടത്തില്‍ ചത്തൊടുങ്ങാന്‍ അവരാഗ്രഹിക്കുന്നു. സൈനിക മേധാവികളും രാഷ്ട്രീയനേതൃത്വവും തങ്ങളെ തടങ്കല്‍പ്പാളയങ്ങളിലിട്ട്‌ ഞെരിച്ചുകൊല്ലുകയാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ആത്മാഭിമാനത്തോടെയുള്ള മരണം അവര്‍ക്ക്‌ വിധിച്ചിട്ടില്ല. സ്വന്തം മരണം ഭാവനയില്‍ കാണുമ്പോള്‍ അവര്‍ ഞെട്ടുന്നു. ഭയം കൊണ്ടല്ല, ആത്മനിന്ദകൊണ്ട്‌.

യുദ്ധത്തിന്റെ നിരര്‍ത്ഥകതയും ജീവത്യാഗത്തിന്റെ വ്യര്‍ഥതയുമാണ്‌ മുന്‍ സൈനികന്‍ കൂടിയായ സിഡാര്‍ ഈ ചിത്രത്തിലൂടെ വിളിച്ചുപറയുന്നത്‌.ശീര്‍ഷകം കാണിക്കുമ്പോള്‍ത്തന്നെ സിനിമയുടെ സ്വഭാവത്തിലേക്ക്‌ സംവിധായകന്‍ വാതില്‍ തുറന്നിടുന്നു. പുറത്തെ ശക്തമായ വെളിച്ചത്തിനും ഉരുക്കുപാളികള്‍ കൊണ്ടു തീര്‍ത്ത തുരങ്കത്തിലെ ഇരുട്ടിനും മധ്യേ പ്രവേശനകവാടത്തില്‍ തോക്കുമായി നില്‍ക്കുന്ന സൈനികന്റെ രൂപം കാണിച്ചുകൊണ്ടാണ്‌ തുടക്കം. സൈനികര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിവ്‌ ഫറാന്‍ എന്ന ബോംബ്‌ വിദഗ്‌ധന്‍ എത്തുന്നതോടെ കഥയിലേക്ക്‌ കടക്കുകയായി. കോട്ടയിലെ അന്തരീക്ഷത്തിന്റെ ചടുലമായ ഒരു ചിത്രം സംവിധായകന്‍ ആദ്യമേ തന്നെ നല്‍കുന്നു.

ഹെലികോപ്‌റ്ററില്‍ വന്നിറങ്ങിയ സിവിനെ സ്വാഗതം ചെയ്‌തത്‌ മിസൈലുകളായിരുന്നു.അതിഥിയോടൊപ്പം ഇരുട്ടറയിലേക്ക്‌ പിന്മാറുകയാണ്‌ സൈനികര്‍. പുറത്ത്‌ മിസൈലുകള്‍ വന്നു പതിക്കുന്നതിന്റെ ഭീകര ശബ്ദം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.ഒരു മാസമായി ബോംബ്‌ സ്‌ക്വാഡിനെയും കാത്തിരിക്കുകയാണ്‌ സൈനികര്‍. കോട്ടയിലേക്കുള്ള റോഡില്‍ ശത്രുക്കള്‍ മൈനുകള്‍ കുഴിച്ചിട്ടിട്ടുണ്ട്‌. അത്‌ നീക്കിയില്ലെങ്കില്‍ റോഡുകൊണ്ട്‌ പ്രയോജനമില്ല. ബോംബ്‌ നിര്‍വീര്യമാക്കുന്ന തന്റെ ജോലി വളരെ അപകടം പിടിച്ചതാണെന്ന്‌ സിവിന്നറിയാം. എപ്പോഴും ശ്രമങ്ങള്‍ വിജയിക്കണമെന്നില്ല. ഇവിടെ വന്ന്‌ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ തനിക്കീ കൃത്യം ചെയ്യാനാവില്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. പക്ഷേ, കോട്ടയിലെ സൈനിക കമാന്‍ഡന്‍ ലിറാസിന്റെ അഭ്യര്‍ത്ഥന അയാള്‍ക്ക്‌ നിരസിക്കാനാവുന്നില്ല.

കോട്ടയിലേക്കുള്ള സിവിന്റെ വരവിന്‌ വൈകാരികതലം കൂടിയുണ്ട്‌. 1982 ല്‍ സിവി ന്റെ അമ്മാവന്‍ മരിച്ചത്‌ ഇവിടെ നടന്ന പോരാട്ടത്തിലാണ്‌. കുട്ടിക്കാലത്ത്‌ സിവ്‌ കേട്ട കഥകളില്‍ ബുഫോകോട്ട ഒരത്ഭുതമായി നിറഞ്ഞു നിന്നിരുന്നു. അന്നേ കരുതിയതാണ്‌ എന്നെങ്കിലുമൊരിക്കല്‍ ഇവിടെ സന്ദര്‍ശിക്കണമെന്ന്‌.ബോംബ്‌ നിര്‍വീര്യമാക്കാനുള്ള സിവിന്റെ ശ്രമം പരാജയപ്പെടുന്നു. ബോംബ്‌ പൊട്ടി അയാള്‍ മരിക്കുന്നു. സിവിന്റെ മരണത്തില്‍ കോറസ്‌ എന്ന സൈനികന്‌ അമര്‍ഷമുണ്ട്‌.

ഓഫീസറായ ലിറാസിന്റെ നിര്‍ബന്ധം കാരണമാണ്‌ സിവ്‌ ആ ദൗത്യം ഏറ്റെടുത്തതെന്ന്‌ അയാള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, മറ്റുള്ള സൈനികര്‍ക്കാര്‍ക്കും ഈ അഭിപ്രായമുണ്ടായിരുന്നില്ല. അവര്‍ ലിറാസിന്റെ നേതൃശേഷിയില്‍ അഭിമാനിക്കുന്നവരാണ്‌. ഗാര്‍ഡ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സിറ്റ്‌ലാവി, സ്‌പിറ്റ്‌സര്‍, ഓഷ്‌റീ എന്നീ സൈനികരും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്നു. സിറ്റ്‌ലാവിക്ക്‌ 19വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ, സൈനികരുടെ യോഗം നടക്കുന്നു. ശത്രുക്കളെ അങ്ങോട്ടുചെന്ന്‌ ആക്രമിക്കണമെന്ന്‌ ലിറാസ്‌ ശക്തമായി ആവശ്യപ്പെടുന്നു. പക്വമതിയായ മറ്റൊരു സൈനികോദ്യോഗസ്ഥന്‍ ഈയാവശ്യം തള്ളുന്നു. കഴിയുന്നത്ര ആള്‍നാശമില്ലാതെ കുറച്ചുദിവസം കൂടി പിടിച്ചു നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

അങ്ങനെ, പിന്മാറ്റത്തിന്റെ ദിവസം അടുത്തെത്തി. രണ്ട്‌ സൈനിക ട്രക്കുകളിലായി ആറര ടണ്‍ സ്‌ഫോടക വസ്‌തുക്കള്‍ കൊണ്ടുവരുന്നു. പിന്മാറ്റത്തോടെ കോട്ടയും തകര്‍ക്കാനായിരുന്നു നിര്‍ദേശം. ഇനി ഏതു നിമിഷവും പിന്മാറ്റത്തിനുള്ള ഉത്തരവ്‌ എത്തിയേക്കാം. സൈനികരൊക്കെ പുനര്‍ജന്മം കിട്ടിയതുപോലെ ആഹ്ലാദിക്കുന്നു. മരണം വിതയ്‌ക്കുന്ന മലമുകളില്‍ നിന്ന്‌ എത്രയും പെട്ടെന്ന്‌ ജന്മനാട്ടിലെത്താന്‍, അവര്‍ കൊതിച്ചു. പന്ത്രണ്ടുപേരൊഴികെ ബാക്കിയെല്ലാ സൈനികരേയും ലിറാസ്‌ പറഞ്ഞയച്ചു. കോട്ടയില്‍ മൈന്‍ വിതറേണ്ട ജോലിയുടെ നേതൃത്വം മീര്‍ എന്ന സൈനികന്‍ ഏറ്റെടുത്തു.

എല്ലാ ആശങ്കകള്‍ക്കുമൊടുവില്‍ തങ്ങളുടെ ദൗത്യം നിറവേറ്റി സൈനികര്‍ സ്വന്തം മണ്ണില്‍ കാലുകുത്തുന്നതോടെ സിനിമ അവസാനിക്കുന്നു.രണ്ടുമണിക്കൂര്‍ നീണ്ട ഈ സിനിമയില്‍ പരിമിതമായ സഞ്ചാരവട്ടമേ ക്യാമറയ്‌ക്കുള്ളൂ. അവസാനത്തെ അഞ്ചുമിനിറ്റൊഴികെ ബാക്കിയെല്ലാസമയവും ഒറ്റ ലൊക്കേഷനാണ്‌. കോട്ടയും സൈനികര്‍ രക്ഷതേടുന്ന തുരങ്കവും കേന്ദ്രീകരിച്ചാണ്‌ ക്യാമറയുടെ സഞ്ചാരം. ഒന്നാമത്തെ ലബനന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ സിഡാര്‍. റോന്‍, ലെഷെം രചിച്ച `ബുഫോ' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്ക്‌ ആധാരമാക്കിയിട്ടുള്ളത്‌.

നോവലിനു പുറമെ സ്വന്തം അനുഭവമണ്ഡലം കൂടി `ബുഫോ'യുടെ സാക്ഷാത്‌കാരത്തില്‍ സിഡാറിനെ സഹായിക്കുന്നുണ്ട്‌. എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണ്‌ തങ്ങളുടെ ജീവിതം മലമുകളില്‍ കുരുതികൊടുക്കുന്നതെന്ന്‌ ഓരോ സൈനികനും സ്വയം ചോദിക്കുന്നു. ചിലപ്പോള്‍ ഈ ചോദ്യം ഉച്ചത്തിലാവുന്നു. ലബനനിലെ ഇസ്രായേലി തന്ത്രങ്ങളുടെ പാളിച്ചകളെ വിമര്‍ശിക്കാന്‍ സംവിധായകന്‍ ധൈര്യം കാണിക്കുന്നുണ്ട്‌ ഈ ചിത്രത്തില്‍.22-ാം വയസ്സില്‍ ഔട്ട്‌പോസ്റ്റിന്റെ കമാന്‍ഡറായിത്തീര്‍ന്ന ലിറാസ്‌, ലിറാസിന്റെ തീരുമാനങ്ങളെ അപ്പാടെ അംഗീകരിക്കാന്‍ മടിക്കുന്ന കോറിസ്‌, മനോഹരമായി പിയാനോ വായിക്കുന്ന സ്‌പിറ്റ്‌സ്‌, അവസാന രാത്രി ഏകനായി ഔട്ട്‌പോസ്റ്റില്‍ കാവല്‍നില്‍ക്കാന്‍ ഭയപ്പെടുന്ന എമിലിയോ, ബോംബ്‌ വിദഗ്‌ധനായ സിവ്‌ എന്നിവരാണ്‌ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍. ഇവരാരും ബുഫോയിലെ അനുഭവങ്ങളെ `ത്രില്‍' ആയി കണക്കാക്കുന്നില്ല. എത്രയും പെട്ടെന്ന്‌ മലയിറങ്ങാനാണ്‌ അവര്‍ക്കു കൊതി. അവര്‍ യുദ്ധം ചെയ്യുകയല്ല, അതിജിവനത്തിനായി പൊരുതുകയാണ്‌. ബുഫോയിലാണ്‌ മക്കളുള്ളതെന്ന്‌ പലരുടെയും രക്ഷിതാക്കള്‍ക്കറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ അവര്‍ വന്ന്‌ ബലമായി തങ്ങളെ പിടിച്ചുകൊണ്ടുപോവുമായിരുന്നു എന്ന്‌ സൈനികര്‍ക്കറിയാം.

ജീവിതം അമൂല്യമാണെന്നും അത്‌ യുവത്വത്തിലേ ഹോമിക്കാനുള്ളതല്ലെന്നും മക്കളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്‌ വിലപിക്കുന്ന ഒരച്ഛനെ നമുക്കീ സിനിമയില്‍ കാണാം. സിവിന്റെ അച്ഛനാണത്‌. സിവിന്റെ മരണം നടന്ന്‌ ഒരുമാസത്തിനുശേഷം അച്ഛന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയാണ്‌. ഇസ്രായേല്‍ സേന ലബനന്‍ വിടണമെന്ന ആവശ്യവുമായി പ്രചാരണത്തിനിറങ്ങിയവരുടെ കൂട്ടത്തില്‍ സിവിന്റെ അച്ഛനുമുണ്ട്‌. നിര്‍വികാരനായി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്ന അയാള്‍ എല്ലാ ദുരന്തത്തിനും തന്നെത്തന്നെയാണ്‌ കുറ്റപ്പെടുത്തുന്നത്‌.

1982ല്‍ അയാള്‍ക്ക്‌ ഭാര്യാ സഹോദരനെ ബുഫോയിലെ പോരാട്ടത്തില്‍ നഷ്‌ടപ്പെട്ടു. ഇപ്പോള്‍ മകനെയും (മറ്റൊരു മകനും സൈന്യത്തിലുണ്ട്‌. ഓഫീസറാണവന്‍). സ്വന്തം ജീവിതം എത്ര വിലപ്പെട്ടതാണെന്ന്‌ മകനു മനസ്സിലാക്കിക്കൊടുക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്ന്‌ അയാള്‍ ഖേദിക്കുന്നു. കൈവിട്ട്‌ തെരുവിലേക്കോടിയ കുഞ്ഞിനെപ്പോലെയായിരുന്നു അവന്‍. ഓടരുതെന്നു പറയാന്‍ തനിക്കു കഴിഞ്ഞില്ല. സ്വന്തം കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു താന്‍ എന്ന്‌ അയാള്‍ കുറ്റബോധത്തോടെ ഓര്‍ക്കുന്നു.പിന്മാറ്റത്തിന്റെ രാത്രി ആരെയും കാണാതെ കാവല്‍ നിലയത്തില്‍നിന്ന്‌ പരിഭ്രാന്തനായി ഓടിപ്പോരുന്ന എമിലിയോ എന്ന സൈനികന്‍ ജീവിതാസക്തിയുടെ പ്രതീകമാണ്‌. അത്രയും കാലം അയാള്‍ മരണത്തെ ഓരോ നിമിഷവും ഉത്‌കണ്‌ഠയോടെ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷയ്‌ക്ക്‌ അവിടെ സ്ഥാനമില്ലായിരുന്നു.

എന്നാല്‍, പിന്മാറ്റത്തിന്റെ നാളില്‍ അയാളില്‍ പ്രതീക്ഷ ഉണരുന്നു. വീണ്ടും ജീവിതത്തിലേക്ക്‌, ഭയമില്ലാത്ത ഒരു ലോകത്തിലേക്ക്‌ നടന്നടുക്കുകയാണയാള്‍. അതുകൊണ്ടുതന്നെ, ഒറ്റരാത്രിക്കുവേണ്ടി ജിവിതത്തെ ഭാഗ്യപരീക്ഷണത്തിനു വിധേയമാക്കാന്‍ അയാള്‍ മടിക്കുന്നു. ഒരു സൈനികനു ചേരാത്തവിധം അയാളിലെ ആത്മവീര്യം അവസാന നിമിഷം ചോര്‍ന്നുപോകുന്നു. ഭീരുവിനെപ്പോലെ, വിഷണ്ണനായി അയാള്‍ കമാന്‍ഡര്‍ ലിറാസിന്റെ തോളില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്നു. `എനിക്കു മരിക്കാന്‍ പേടിയാവുന്നു' എന്നു പറഞ്ഞാണയാള്‍ കരയുന്നത്‌. എത്ര നിഷ്‌ഫലമായ ദൗത്യമായിരുന്നു താന്‍ ഇതുവരെ നിര്‍വഹിച്ചുപോന്നത്‌ എന്ന ഖേദമാണ്‌ ലിറാസിന്റെ മുഖത്തപ്പോള്‍ നിഴലിട്ടിരുന്നത്‌.

3 comments:

T Suresh Babu said...

``സമാധാനകാലത്ത്‌ മക്കള്‍ അച്ഛന്മാരുടെ ശവസംസ്‌കാരം നടത്തുന്നു: യുദ്ധകാലത്താവട്ടെ, അച്ഛന്മാര്‍ മക്കളുടെയും!'' ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്‌ത `ബുഫോ' (Beaufort) എന്ന ഇസ്രായേല്‍ സിനിമ കാണുമ്പോള്‍ ക്രിയോസസിന്റെ ഈ വാക്കുകള്‍ ഓര്‍മവരും.

ഒരു “ദേശാഭിമാനി” said...

സമാധാനകാലത്ത്‌ മക്കള്‍ അച്ഛന്മാരുടെ ശവസംസ്‌കാരം നടത്തുന്നു: യുദ്ധകാലത്താവട്ടെ, അച്ഛന്മാര്‍ മക്കളുടെയും!

കാട്ടുപൂച്ച said...

സിനിമാ വിവരണം നല്ല നിലവാരം പുല൪ത്തുന്നു. ആശംസകൾ