Tuesday, January 4, 2011

വിദര്‍ഭയുടെ വിലാപം

കര്‍ഷകരുടെ ആത്മഹത്യകളാല്‍ ശ്രദ്ധനേടിയ വിദര്‍ഭയുടെ തീരാവ്യഥയാണ്
'ഗബ്‌രീച്ച പൗസ്' എന്ന മറാത്തി സിനിമ പറയുന്നത്


'ഞാന്‍ വ്യത്യസ്തനാണ്. അതുപോലെത്തന്നെയാണ് എന്റെ ജീവിതവും. എന്റെ മരണം കാലംതെറ്റിയെത്തുന്ന മഴപോലെയാകും''-'ഗബ്‌രീച്ച പൗസ് ' (നശിച്ച മഴ) എന്ന മറാത്തി സിനിമയുടെ തുടക്കത്തിലുള്ള കവിതയിലെ വരികളാണിത്. ആ സിനിമയിലെ കഠിനമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോവുകയാണീ കവിത. വിദര്‍ഭയിലെ ഏതോ കര്‍ഷകന്റേതാണീ വിലാപം. തന്റെ മരണത്തെ 'വിഡ്ഢിത്തം' എന്നു ലോകം വിശേഷിപ്പിക്കുമല്ലോ എന്ന ഖേദം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്.

ഉഴുതുമറിച്ച പാടത്ത് വിത്തിനോടൊപ്പം കര്‍ഷകന്‍ വിതയ്ക്കുന്നത് അവന്റെ ജീവിതംതന്നെയാണെന്ന് ഈ സിനിമ നമ്മളോടു പറയുന്നു. ചിലപ്പോള്‍ വരള്‍ച്ച. ചിലപ്പോള്‍ അതിവൃഷ്ടി. രണ്ടായാലും കൃഷി നശിക്കും. അതോടെ കര്‍ഷകന് നഷ്ടമാകുന്നത് അതിജീവനത്തിന്റെ വിളയാണ്.


2009ല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ചിത്രമാണ് 'ഗബ്‌രീച്ച പൗസ് '. സതീഷ് മന്‍വര്‍ ആണ് സംവിധായകന്‍ മഹാരാഷ്ട്രത്തില്‍ വിദര്‍ഭ മേഖലയിലെ കര്‍ഷകരുടെ ജീവിതാവസ്ഥയിലേക്കാണ് സതീഷ് ശ്രദ്ധ ക്ഷണിക്കുന്നത്. (ഒരു ദശകത്തിനിടയില്‍ 32,000 കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തത്. കൃഷിനാശംതന്നെ കാരണം. പരുത്തിക്കൃഷിയാണ് ഇവിടെ പ്രധാനം). സാമൂഹിക പ്രതിബദ്ധതയുടെ നാട്യങ്ങളൊന്നും എടുത്തണിയുന്നില്ല സംവിധായകന്‍. സാമൂഹികവ്യവസ്ഥയും അധികാരവര്‍ഗവും പ്രകൃതിയും ഒരുപോലെ അമ്മാനമാടുന്ന കര്‍ഷകന്റെ ജീവിതത്തിനു നേരെ ക്യാമറ തുറന്നുവെക്കുകയാണദ്ദേഹം. പരിഹാസവും വേദനയും കലര്‍ത്തി തുടക്കത്തില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു: ''ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ സിനിമയ്ക്ക് ഒരു സാദൃശ്യവുമില്ല.'' ഗ്രാമത്തിന്റെ പേരുപോലും സിനിമയില്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, കാണുന്നവര്‍ക്കറിയാം ഈ ദുരിതഭൂമി എവിടെയാണെന്ന്.

റോട്ടര്‍ഡാം, ഡര്‍ബന്‍, വാന്‍കൂവര്‍, വാഴ്‌സ, കയ്‌റോ, റോം, ഫിലാഡല്‍ഫിയ തുടങ്ങിയ ഒട്ടേറെ അന്താരാഷ്ട്ര ഫിലിം മേളകളില്‍ 'ഗബ്‌രീച്ച പൗസ്' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രണ്ടുകര്‍ഷക കുടുംബങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. കടംകയറി മുടിഞ്ഞ് ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ്, ഓരോ വിളയിലും നഷ്ടംമാത്രം കൊയ്‌തെടുക്കുന്ന കിസ്‌ന എന്നീ യുവകര്‍ഷകരുടെ കുടുംബങ്ങളേ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ, ഇവര്‍ വലിയൊരു കര്‍ഷകസമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എത്ര നഷ്ടംവന്നാലും അവര്‍ക്ക് ഒരു പണിയേ അറിയാവൂ, അതു കൃഷിയാണ്. മരണത്തിനു മാത്രമേ അവരെ കൃഷിപ്പണിയില്‍നിന്നു പിന്തിരിപ്പിക്കാനാവൂ.

കഠിനാധ്വാനിയായ കിസ്‌നയാണ് നായകന്‍. അമ്മയും ഭാര്യയും മകനുമടങ്ങിയ കൊച്ചുകുടുംബം. കൃഷിയെയും മഴയെയും കുറിച്ചേ അയാള്‍ ചിന്തിക്കാറുള്ളൂ. കിസ്‌നയുടെ കുടുംബത്തിന് 30 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. കഠിനമായ ഒരുവരള്‍ച്ചക്കാലത്ത് അയാളുടെ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയാണ് കൃഷി നോക്കിയത്. കടം പെരുകിപ്പെരുകി വന്നു. അതുവീട്ടാന്‍ കൃഷിഭൂമി വിറ്റുതുടങ്ങി. ഒടുവില്‍ ശേഷിച്ചത് ഏഴ് ഏക്കര്‍. എന്നിട്ടും അവിടെ കൃഷി ചെയ്യണമെന്നാണ് അമ്മ മകനെ ഉപദേശിക്കുന്നത്. ഭാര്യയും അമ്മയും കൃഷിപ്പണിയില്‍ അയാളെ സഹായിക്കും. ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ് കിസ്‌നയുടെ കൂട്ടുകാരനായിരുന്നു. ഭാസ്‌കറിന്റെ മരണം കിസ്‌നയെ പിടിച്ചുലച്ചിട്ടുണ്ടെന്ന് ഭാര്യ സംശയിക്കുന്നു. അയാളെ ഒറ്റയ്ക്കുവിടാന്‍ അവള്‍ക്കു മനസ്സുവരുന്നില്ല. പക്ഷേ, കിസ്‌ന ഒരിക്കല്‍പ്പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സദാ മൗനിയായ അയാളുടെ ആധി മുഴുവന്‍ പെയ്യാത്ത മഴയെക്കുറിച്ചാണ്. ഭാര്യ ആഭരണം വിറ്റാണ് അക്കൊല്ലം വിത്തുവാങ്ങിക്കൊടുക്കുന്നത്. കൃഷിയില്‍ നിന്ന് ആകെ കിട്ടിയത് രണ്ട് ക്വിന്റല്‍ പരുത്തി. അതാകട്ടെ ഗ്രാമത്തിലെ വട്ടിപ്പലിശക്കാരന്‍ കൊണ്ടുപോകുന്നു. മുന്‍കൊല്ലത്തെ കടം ബാക്കിയായതാണ്. എന്നിട്ടും കിസ്‌ന കൃഷി തുടരുന്നു. മഴ തീരെ പെയ്യുന്നില്ല. കിണറ്റിലെ മോട്ടോറും കേടായി. മോട്ടോറിനുവേണ്ടി ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കവെ കിസ്‌ന ഷോക്കേറ്റു മരിക്കുന്നു. ഗ്രാമപാതയിലൂടെ, പൂക്കള്‍വിതറി കിസ്‌നയുടെ ശവഘോഷയാത്ര നീങ്ങുമ്പോള്‍ സിനിമ തീരുന്നു.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെയുണ്ട് കര്‍ഷകരുടെ ജീവിതത്തിന്റെ സൂചന. അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മഴയാണ്. കുട്ടികള്‍ മഴയെ ശപിക്കുന്നതുപോലും അവര്‍ക്ക് സഹിക്കാനാവില്ല. ഒരുദിവസം മുറ്റത്ത് കിടന്നുറങ്ങവെ കിസ്‌നയുടെ മകന്‍ ദിനു മഴപെയ്തപ്പോള്‍ എഴുന്നേറ്റ് ഓടുന്നു. ഉറക്കം നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ അവന്‍ മഴയെ കുറ്റപ്പെടുത്തുന്നു. കിസ്‌നക്ക് അതിഷ്ടപ്പെടുന്നില്ല. അയാള്‍ മകനെ തിരുത്താന്‍ ശ്രമിക്കുന്നു. അനുസരിക്കാഞ്ഞപ്പോള്‍ തല്ലാന്‍ ഓങ്ങുന്നു. പക്ഷേ, ചിത്രത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ കിസ്‌നയും ഏറെ മാറിപ്പോകുന്നതുകാണാം. പെയ്യാത്ത മേഘങ്ങളെ നോക്കി അയാളും പറയുന്നു ഒരു മുഴുത്ത തെറി.

ഭാസ്‌കര്‍ ദേശ്മുഖിന്റെ ആത്മഹത്യയോടെയാണ് സിനിമയുടെ തുടക്കം. അയാള്‍ മരിച്ചതോടെ കുടുംബത്തിന്റെ കഷ്ടപ്പാട് ഇരട്ടിക്കുകയാണ്. ഭാസ്‌കര്‍ കര്‍ഷകനായിരുന്നു എന്നും സ്വന്തമായി ഭൂമിയുണ്ടായിരുന്നുവെന്നും കടം പെരുകിയാണ് ആത്മഹത്യ ചെയ്തതെന്നും തെളിയിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവര്‍ക്കാണ്. വൃദ്ധനായ അച്ഛന്‍ രേഖകള്‍ക്കുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അവിടെ രക്ഷയ്‌ക്കെത്തുന്നത് അഴിമതിക്കാരാണ്. നഷ്ടപരിഹാരത്തിന്റെ വിഹിതം കൈപ്പറ്റാന്‍ ആ കഴുകന്മാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ല.

അച്ഛന്‍ കിസ്‌നയുടെ കൂടെ എല്ലാ ശവഘോഷയാത്രകളിലും മകന്‍ ദിനുവുമുണ്ടാകും. അച്ഛന്റെ കൈപിടിച്ച്, ഏറ്റവുമൊടുവിലായി അവനങ്ങനെ നടക്കും. അവസാനം, അച്ഛന്റെ ശവഘോഷയാത്രയില്‍ അവന്‍ മുന്നിലാണ്. കടത്തിന്റെ ഭാരം പേറാനുള്ള ആ കുഞ്ഞിക്കാലുകളെ ക്ലോസ്സപ്പില്‍ കാണിച്ചുകൊണ്ടാണ് സംവിധായകന്‍ വിലാപഭൂമിയില്‍ നിന്ന് മടങ്ങുന്നത്.

ഗ്രാമങ്ങളുടെ കഥപറയുന്ന സിനിമകളില്‍ ക്യാമറ പലപ്പോഴും ദൃശ്യഭംഗികളില്‍ കുടുങ്ങിപ്പോകാറുണ്ട്. 'ഗബ്‌രീച്ച പൗസ് ' ആ ദോഷത്തില്‍ നിന്നു മുക്തമാണ്. ഗ്രാമഭംഗിയില്‍ ദൃഷ്ടിയുറപ്പിക്കാതെ ജീവിതാവസ്ഥകളെ പിന്തുടരുകയാണ് ക്യാമറ.