Monday, September 23, 2013

ഒരു കൊറിയൻ സ്വപ്‌നം


തെക്കും വടക്കും കൊറിയകൾ ഒന്നാകുമോ?
 തെക്കൻ കൊറിയൻ സംവിധായകനായ 
കിം കി ഡുക്കിന് പ്രതീക്ഷയുണ്ട്. 
ഈ പ്രതീക്ഷയിൽ നിന്നാണ് 
'പൂങ്‌സാൻ ' എന്ന ചിത്രം രൂപം കൊണ്ടത്


തെക്കൻ കൊറിയൻ സംവിധായകനായ കിം കി ഡുക്കിന് ഒരു സ്വപ്നമുണ്ട്. രണ്ട് കൊറിയകളുടെയും ഏകീകരണം എന്ന സ്വപ്നം. 1950കളിലെ കൊറിയൻ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും വല്ലാതെ അകന്നുപോയി. (1950 ജൂൺ 25നാരംഭിച്ച യുദ്ധം 53 ജൂലായ് 27 വരെ നീണ്ടു. സൈനികരും സാധാരണക്കാരുമടക്കം 12 ലക്ഷം പേരാണ് യുദ്ധത്തിൽ മരിച്ചത്). എന്നാലും, കിം കി ഡുക് ശുഭാപ്തിവിശ്വാസിയാണ്. എന്നെങ്കിലും കൊറിയകൾ ഒന്നാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. തന്റെ സ്വപ്നത്തെ ഒരളവോളം സ്‌ക്ഷാത്കരിക്കുകയാണ് 'പൂങ്‌സാൻ' (Poongsan ) എന്ന സിനിമയിലൂടെ കിം.

2011-ൽ പുറത്തിറങ്ങിയ 'പൂങ്‌സാൻ' എന്ന ചിത്രത്തിന് സ്വന്തം ജനത നൽകിയ വരവേല്പ് കണ്ട് കിം അന്തംവിട്ടു. രാജ്യത്ത് 200 തിയേറ്ററുകളിലാണ് ഈ സിനിമ ഒരേസമയം റിലീസ് ചെയ്തത്. വളരെ കുറഞ്ഞ ബജറ്റിൽ എടുത്ത സിനിമ വൻവിജയമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള കിം 17 വർഷമായി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സജീവസാന്നിധ്യമാണ്. ലോകത്തെങ്ങുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലെ, ചലച്ചിത്രപ്രേമികളുടെ ആരാധനാപാത്രമാണ് കിം. ഓരോ ചിത്രത്തിലും വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണദ്ദേഹം. എങ്കിലും, സ്വന്തം ജനതമാത്രം അദ്ദേഹത്തിന്റെ ചിത്രങ്ങളോട് മുഖംതിരിഞ്ഞുനിൽക്കുകയായിരുന്നു. 'പൂങ്‌സാൻ' ഈ ചരിത്രം മാറ്റിയെഴുതി. കൊറിയൻ ജനതയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമായതിനാലാവാം ഈ സിനിമ അവർ ഹൃദയത്തിലേക്ക് സ്‌നേഹപൂർവം കൈക്കൊണ്ടത്.
കഥയും തിരക്കഥയുമെഴുതി കിം തന്നെയാണ് 'പൂങ്‌സാൻ' നിർമിച്ചത്. പക്ഷേ, സംവിധാനം തന്റെ അരുമശിഷ്യന് വിട്ടുകൊടുത്തു. അസോസിയേറ്റ് ഡയരക്ടർ ജൂൻ ജയ്‌ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. കിം ഉദ്ദേശിച്ചതെന്തോ അത് ശിഷ്യൻ നിറവേറ്റിക്കൊടുത്തു എന്ന് ചിത്രത്തിന്റെ വിജയം തെളിയിക്കുന്നു.
കൊറിയൻ ഏകീകരണം ആദ്യമായല്ല കിം കി ഡുക് വിഷയമാക്കുന്നത്. 1996-ൽ സംവിധാനരംഗത്തേക്ക് കടന്ന കിമ്മിന്റെ രണ്ടാമത്തെ ചിത്രമായ 'വൈൽഡ് ആനിമൽസ് ' കൈകാര്യം ചെയ്തിരുന്നത് ഈ വിഷയം തന്നെയാണ്. 'പൂങ്‌സാനി'ലുള്ളത്ര തീവ്രമായിരുന്നില്ല എന്നുമാത്രം. സംവിധായകനാകുംമുമ്പ് ചിത്രങ്ങൾ വരച്ച് പാരീസ് തെരുവിൽ വിറ്റുനടന്നിരുന്നയാളാണ് കിം. ആ അനുഭവങ്ങൾ 'വൈൽഡ് ആനിമൽസി'ലുണ്ട്. (കിമ്മിന്റെ 'ദ റിയൽ ഫിക്ഷനി'ലും തെരുവുചിത്രകാരനായ നായകനെ കാണാം). രണ്ട് കൊറിയൻ യുവാക്കൾ പാരീസ് തെരുവിൽ കണ്ടുമുട്ടുന്നതും അവർക്കിടയിൽ ആത്മബന്ധം ഉടലെടുക്കുന്നതുമാണ് 'വൈൽഡ് ആനിമൽസി'ന്റെ ഇതിവൃത്തം. ചിത്രകാരനാണെങ്കിലും മറ്റുള്ളവരുടെ ചിത്രങ്ങൾ മോഷ്ടിച്ചുവിറ്റ് അഷ്ടിക്ക് വക കണ്ടെത്തിയിരുന്ന ഒരു തെക്കൻ കൊറിയക്കാരനും മുൻ പട്ടാളക്കാരനും കായികാഭ്യാസിയുമായ വടക്കൻ കൊറിയക്കാരനുമാണ് ഇതിലെ നായകന്മാർ. വടക്കൻ കൊറിയയിൽ ജനിച്ച് പാരീസിൽ വളർന്ന ക്ലബ്ബ് നർത്തകിയായ ഒരു യുവതി ഇവരുടെ ചങ്ങാതിയായി മാറുന്നു. സെക്‌സും ക്രൈമും വേണ്ടുവോളം കുത്തിനിറച്ചിട്ടുള്ള 'വൈൽഡ് ആനിമൽസ് ' അത്ര ശ്രദ്ധിക്കപ്പെട്ട സിനിമയല്ല. എങ്കിലും, വൈകാരികമായി ഈ സിനിമ കിമ്മിന് പ്രിയപ്പെട്ടതാണ്. കൊറിയയെ ഒന്നായിക്കാണുക എന്ന തന്റെ മോഹത്തിന് അദ്ദേഹം തുടക്കമിട്ടത് ഇതിലാണ്. യുവതി രണ്ട് സുഹൃത്തുക്കളെയും വെടിവെച്ചുകൊല്ലുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. 'ഐക്യ കൊറിയ' എന്ന സ്വപ്നമാണ് ഇവിടെ തകരുന്നതെന്ന് നിരൂപകർ വിലയിരുത്തുന്നു.

'വൈൽഡ് ആനിമലി'ൽ നിന്നുവേണം 'പൂങ്‌സാനെ'ക്കുറിച്ചുള്ള ചിന്ത തുടങ്ങാൻ. തന്റെ സ്വപ്നത്തെ ഒന്നു വിപുലമാക്കുന്നു കിം. രണ്ട് കൊറിയകൾക്കിടയിൽ പരസ്പരം ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കേണ്ടത് തന്റെ ദൗത്യമായി അദ്ദേഹം സ്വയം ഏറ്റെടുക്കുന്നു. ഈ ദൗത്യനിർവഹണത്തിന് അമാനുഷനെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ കിം സൃഷ്ടിക്കുന്നു. അതിർത്തിയിലെ, വൈദ്യുതി കടത്തിവിട്ട മുൾവേലികൾ അനായാസം മറികടന്ന് ഇരുകൊറിയകൾക്കുമിടയിൽ ഈ കഥാപാത്രം പറന്നുനടക്കുന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഓർമകളിലൂടെ ബന്ധിപ്പിക്കുന്ന കണ്ണിയാണയാൾ. കുടുംബങ്ങൾ ഏൽപ്പിക്കുന്ന കത്തുകളും ഓർമക്കായി നൽകുന്ന വസ്തുക്കളും അയാൾ മേൽവിലാസക്കാരന് കൈമാറും. കഠിനമായ പരീക്ഷണങ്ങളെ അയാൾ മനക്കരുത്തോടെ നേരിടുന്നു.
   പേരില്ലാത്ത ഈ യുവാവ് ആരെന്ന് രഹസ്യാന്വേഷണവിഭാഗങ്ങൾക്കുപോലും കണ്ടുപിടിക്കാനാവുന്നില്ല. ഇയാൾ തെക്കനോ വടക്കനോ? ആർക്കുമറിയില്ല. ഒന്നുമാത്രം എല്ലാവർക്കുമറിയാം. അയാൾ ഏറ്റെടുക്കുന്ന ജോലി കൃത്യമായി ചെയ്തിരിക്കും. ഒരു പ്രലോഭനത്തിലും, പെണ്ണിലും പണത്തിലും, അയാൾ വീഴില്ല. രണ്ട് കൊറിയകൾക്കിടയിലെ സഞ്ചാരിയാണയാൾ. അകന്നുപോയ കൊറിയൻ കുടുംബങ്ങൾ വീഡിയോ ദൃശ്യങ്ങളിലൂടെ പരസ്പരം കാണുമ്പോൾ മാത്രം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും.
ശത്രുരാജ്യത്ത് അകപ്പെട്ടുപോയ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഒന്നുകാണാൻ, അവരുടെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നവർ നഗരത്തിലെ ഒരു പ്രത്യേക ഇടത്തിൽ തങ്ങളുടെ അപേക്ഷ എഴുതി തൂക്കിയിരിക്കും. ഇവിടെ നിന്നാണ് കഥാനായകൻ സഹായമാവശ്യമുള്ളവരെ കണ്ടെത്തുന്നത്. തെക്കൻ കൊറിയയിൽ കുടുങ്ങിപ്പോയ, മരണാസന്നനായ ഒരു വൃദ്ധൻ ആറു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ തന്റെ ഭാര്യയെയും മക്കളെയും വീഡിയോദൃശ്യങ്ങളിലൂടെ വടക്കൻ കൊറിയയിൽ കണ്ടെത്തുന്ന വികാരനിർഭരമായ രംഗത്തോടെയാണ് 'പൂങ്‌സാൻ' തുടങ്ങുന്നത്. കുടുംബത്തിലേക്ക് മടങ്ങണമെന്ന് താൻ എപ്പോഴും ചിന്തിച്ചിരുന്നു എന്നയാൾ ഖേദത്തോടെ ക്യാമറയോട് പറയുന്നു. അങ്ങനെ മോഹിച്ച് അറുപതിലധികം കൊല്ലം പിന്നിട്ടിരിക്കുന്നു. 'നിങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു ഞാൻ കരുതുന്നു. എന്നോട് പൊറുക്കുക'. അയാൾ അത്രയും വാക്കുകളിൽ തന്റെ പ്രതീക്ഷ ക്യാമറയെ അറിയിക്കുന്നു. നമ്മുടെ നായകന്റെ ദൗത്യം ഇവിടെയാരംഭിക്കുന്നു. വടക്കൻ കൊറിയയിൽ വൃദ്ധന്റെ കുടുംബത്തെ കണ്ട് അവിടന്ന് പകർത്തിയ ദൃശ്യങ്ങളുമായി അയാൾ വീണ്ടും തെക്കൻ കൊറിയയിലെത്തുന്നു. ഭാര്യയുടെ മുഖം സ്‌ക്രീനിൽ കണ്ടതും 'നീയിപ്പഴുമുണ്ടോ' എന്നു പറഞ്ഞ് വൃദ്ധൻ പൊട്ടിക്കരയുന്നു .
 'പൂങ്‌സാനി'ൽ താനെന്താണ് പറയാൻ പോകുന്നതെന്ന് ആദ്യരംഗങ്ങളിലൂടെ ശക്തമായി സൂചിപ്പിക്കുകയാണ് കിം. അതിർത്തിയിലെ മുൾവേലികൾ എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്ന ചോദ്യമുയർത്തുന്നു അദ്ദേഹം.
വടക്കൻ കൊറിയയിൽ നിന്ന് കൂറുമാറി തെക്കൻ കൊറിയയിലെത്തിയ ഒരു പ്രമുഖ വ്യക്തിയുടെ പ്രണയിനിയെ ഇപ്പുറത്തേക്ക് കൊണ്ടുവരേണ്ട ജോലിയാണ് നായകൻ രണ്ടാമത് ഏൽക്കുന്നത്. തെക്കൻ കൊറിയൻ രഹസ്യാന്വേഷണവിഭാഗമാണ് ഇതേൽപ്പിക്കുന്നത്. തങ്ങളുടെ രാജ്യത്ത് അഭയം തേടിയെത്തിയ പ്രമുഖനിൽ നിന്ന് അവർക്ക് ഒരു രഹസ്യറിപ്പോർട്ട് നേടിയെടുക്കേണ്ടതുണ്ട്. ജീവഭയം കൊണ്ട് പ്രമുഖൻ ഈ റിപ്പോർട്ട് ഓരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ്. റിപ്പോർട്ട് കൊടുത്തുകഴിഞ്ഞാൽ താൻ വിലയില്ലാത്തവനായി മാറുമെന്ന് അയാൾ ശങ്കിക്കുന്നു. അതോടെ, തന്റെ ജീവൻ തന്നെ എടുത്തേക്കാം. എങ്കിലും, പ്രണയിനിയെ തന്റെ അടുത്തെത്തിച്ചാൽ റിപ്പോർട്ട് നൽകാമെന്ന് അയാൾ ഉറപ്പുപറയുന്നു. മൂന്നു മണിക്കൂർ കൊണ്ട് അവളെ അതിർത്തി കടത്തി തെക്കൻ കൊറിയയിലെത്തിക്കാം എന്ന് നായകൻ ഏറ്റു. പ്രതിസന്ധികൾ മറികടന്ന് നായകൻ അവളെ ഇപ്പുറമെത്തിക്കുന്നതോടെ കഥ മറ്റുവഴികളിലേക്ക് നീങ്ങുകയാണ്.
കൂറുമാറി മറ്റൊരു രാജ്യത്ത് അഭയം തേടുന്നവന്റെ സ്വത്വപ്രതിസന്ധിയാണ് ആ പ്രമുഖനിലൂടെ കിം കി ഡുക് പറയുന്നത്. കൂറുമാറുന്നതോടെ ഒരാൾ രണ്ടിടത്തും അനഭിമതനാവുകയാണ്. അതോടെ, അയാൾ അരക്ഷിതനും ഒറ്റപ്പെട്ടവനുമാകുന്നു. സുരക്ഷിതത്വം ഉറപ്പുവരുത്താനെന്ന പേരിൽ അയാൾക്കുചുറ്റും രഹസ്യ ക്യാമറകൾ കറങ്ങുന്നു. വിലപേശാനുള്ള അവസാനത്തെ തുരുപ്പുശീട്ടും കൈമോശം വരുന്നതോടെ അയാളുടെ നാളുകൾ എണ്ണപ്പെടുന്നു.

കിമ്മിന്റെ പല പുരുഷ കഥാപാത്രങ്ങളും ഈ ഭൂമിയിൽ കാലുറപ്പിക്കാത്തവരാണ്. കുട്ടികൾക്കായുള്ള ചിത്രകഥകളിലെ അമാനുഷരെപ്പോലെയാണവർ. ക്രൂരതയിലും നന്മയിലും അവർക്ക് സമന്മാരെ കണ്ടെത്തുക പ്രയാസം. ചിലപ്പോൾ അവർ പീഡകരാണ്. മറ്റുചിലപ്പോൾ പീഡിതരും. 'പൂങ്‌സാനി'ൽ നായകകഥാപാത്രമായ ചെറുപ്പക്കാരൻ എവിടെയും പീഡനം ഏറ്റുവാങ്ങുകയാണ്. ശാരീരികമായി മാത്രമല്ല, മാനസികമായും. എങ്കിലും, അയാൾ പരാതിപ്പെടുന്നില്ല. കിമ്മിന്റെ ചില നായകരെപ്പോലെ ഇയാളും സിനിമ തീരുന്നതുവരെ ഒന്നും മിണ്ടുന്നില്ല (ദ റിയൽ ഫിക്ഷൻ, ദ ബോ, 3 അയേൺ, ബ്രെത്ത് എന്നീ ചിത്രങ്ങൾ ഓർക്കുക). പേരില്ലാത്ത നായകന് രഹസ്യാന്വേഷണവിഭാഗം നൽകുന്ന പേരാണ് 'പൂങ്‌സാൻ'. അയാൾ വലിക്കുന്ന സിഗരറ്റിന്റെ പേരാണത്. വടക്കൻ കൊറിയയിലെ വേട്ടപ്പട്ടിയാണ് പൂങ്‌സാൻ. ഈ പട്ടിയുടെ ചിത്രമാണ് സിഗരറ്റ് കൂടിന് പുറത്തുള്ളത്. ഇങ്ങനെ, വേണമെങ്കിൽ നായകനെ വടക്കൻ കൊറിയക്കാരനാക്കാം. പക്ഷേ, കിമ്മിന് അത് സമ്മതമല്ല. വടക്കും തെക്കും കൊറിയയിലുള്ള രഹസ്യാന്വേഷണവിഭാഗം ഒരുപോലെ നായകനെ കഠിനമർദനമുറകൾക്കിരയാക്കുന്നുണ്ട്. അധികാരകേന്ദ്രങ്ങളും അത് നിലനിർത്താൻ പാടുപെടുന്ന ഉദ്യോഗസ്ഥവൃന്ദവും എവിടെയും ഒന്നുതന്നെയെന്ന് കിം കി ഡുക് നമ്മളോട് പറയുന്നു. സ്വന്തം രാജ്യം പോലും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 തെക്കും വടക്കും കൊറിയകൾ ഒരിക്കലും ഒന്നാവില്ല എന്നാണ് 'വൈൽഡ് ആനിമൽസി'ലെ ചിത്രകാരൻ പറയുന്നത്. കിമ്മിന്റെ നിരാശയിൽ നിന്നാണ് ഈ കഥാപാത്രം സംസാരിച്ചത്. പക്ഷേ, 2011ലെത്തിയപ്പോൾ കിം തന്റെ അശുഭചിന്തകൾ തിരുത്തുന്നു. 'പൂങ്‌സാൻ' അതിനുള്ള തെളിവാണ്.പുതിയ ദൗത്യവുമായി അതിർത്തി കടക്കാൻ ശ്രമിക്കവെ പൂങ്‌സാന് വെടിയേൽക്കുന്നതാണ് അന്ത്യരംഗം. പൂങ്‌സാന്റെ അവസാനകാഴ്ചയിൽ പ്രത്യക്ഷപ്പെടുന്നത് തെളിഞ്ഞ ആകാശമാണ്. അവിടെ പക്ഷികൾ സ്വാതന്ത്രരായി പറക്കുന്നു. തുടർന്ന്, മറുഭാഗത്ത് കുടുങ്ങിപ്പോയ ഉറ്റവരെ കണ്ടെത്താനുള്ള അഭ്യർഥനകൾ പതിച്ച സ്ഥലം വീണ്ടുമൊരിക്കൽ കാണിച്ച് രണ്ടു മണിക്കൂർ നീണ്ട സിനിമക്ക് തിരശ്ശീലയിടുന്നു. നേരിയ പ്രതീക്ഷ ബാക്കിനിർത്തുകയാണ് കിം.