നിരപരാധികളുടെ ചോരയും കണ്ണീരും വീണ രണ്ട് കലാപങ്ങള്‍. ഒന്ന്, 1984 ല്‍ ഡല്‍ഹിയില്‍. മറ്റൊന്ന്, 2002 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍. ഈ മനുഷ്യക്കുരുതികളെ മറവിയുടെ കരിമ്പടമിട്ട് മൂടാനാണ് മിക്ക ചലച്ചിത്രകാരന്മാരും ശ്രമിച്ചത്. പേടിസ്വപ്‌നങ്ങളെ എന്തിനു വീണ്ടും വീണ്ടും ഓര്‍ത്തെടുക്കണം എന്നതാണ് അവരുടെ നിലപാട്. സന്ദേഹികളുടെ ഈ നിഷ്‌ക്രിയത്വത്തെ, നിസ്സംഗതയെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നത്. ചരിത്രത്തിലെ ഒരുനീതികേടും മറക്കാനുള്ളതല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമു, പര്‍സാനിയ എന്നീ ഇംഗ്ലീഷ് സിനിമകള്‍ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.
കലാപങ്ങളുടെ കാരണമോ അതിന്റെ ന്യായാന്യായങ്ങളോ ഒന്നും ഈ സിനിമകളില്‍ വിശകലനം ചെയ്യുന്നില്ല. എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തം.
ഷൊണാലി ബോസ് എന്ന വനിത സംവിധാനം ചെയ്ത 'അമു' 2005 ലെ ബര്‍ലിന്‍, ടൊറോന്‍േറാ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ലെ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'അമു'വിനായിരുന്നു. രാഹുല്‍ ധോലാക്കിയ ആണ് 'പര്‍സാനിയ'യുടെ സംവിധായകന്‍. 2006 ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ധോലാക്കിയയെ അര്‍ഹനാക്കിയത് 'പര്‍സാനിയ' ആണ്. ഇതിലഭിനയിച്ച സരിക മികച്ച നടിക്കുള്ള അവാര്‍ഡും നേടി.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപമാണ് 'അമു'വിന്റെ പശ്ചാത്തലം. ഒരു ബംഗാളി കുടുംബം ദത്തെടുത്ത കാജുറോയ് എന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. കേയറോയ് എന്ന പൗരാവകാശ പ്രവര്‍ത്തകയാണ് കാജുവിനെ മകളായി ദത്തെടുത്തത്. അന്ന് കാജുവിന് മൂന്നു വയസ്സ്. കേയയ്‌ക്കൊപ്പം അമേരിക്കയിലേക്കു പോയ കാജു 18 വര്‍ഷത്തിനു ശേഷം 2002 ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. അവള്‍ക്കൊരു പ്രധാന ലക്ഷ്യമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളാരെന്നു കണ്ടത്തണം. മലമ്പനി പിടിപെട്ടാണ് അവര്‍ മരിച്ചത് എന്നാണ് വളര്‍ത്തമ്മ അവളോട് പറഞ്ഞിരുന്നത്. മലമ്പനിയല്ല കലാപമാണ് മാതാപിതാക്കളെയും അനുജനെയും തനിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഒടുവില്‍ അവള്‍ക്ക് ബോധ്യമാവുന്നു. സിഖ് കുടുംബത്തിലാണ് തന്റെ ജനനമെന്നും അമു എന്ന അമൃതയാണ് താനെന്നും കാജു തിരിച്ചറിയുന്നു.
കാജുവിന്റെ വ്യക്തിപരമായ ദുഃഖത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് തുടങ്ങുന്ന ഇതിവൃത്തം ക്രമേണ വികസിച്ച് സിഖ് സമുദായത്തിന്റെ കഠിനവ്യഥകളിലാണ് ചെന്നുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ അക്രമികള്‍ സംഹാരതാണ്ഡവമാടിയ ഇരുണ്ടനാളുകളാണ് സംവിധായിക കാണിച്ചുതരുന്നത്.
സി.പി.എം.നേതാവ് വൃന്ദ കാരാട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. കാജുറോയിയുടെ വളര്‍ത്തമ്മയായി വരുന്ന വൃന്ദ, രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായതിനാലാവണം വൃന്ദകാരാട്ട് ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. സുഭാഷിണിഅലിയും 'അമു'വില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.
2002-ല്‍ തുടങ്ങുന്ന സിനിമ 18 വര്‍ഷം പിറകോട്ട് സഞ്ചരിച്ച് വീണ്ടും 2002-ല്‍ത്തന്നെ എത്തിനില്‍ക്കുന്നു. അപ്പോള്‍, മറ്റൊരുകലാപത്തിന്റെ സൂചനയാണ് നമുക്ക് കിട്ടുന്നത്.ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവത്തിന്റെ ടി.വി.വാര്‍ത്ത കാണിച്ചുകൊണ്ടാണ് 'അമു' അവസാനിക്കുന്നത്. ഭീതിയുടെ ആവര്‍ത്തനമായി കലാപങ്ങള്‍ പിറകെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ക്യാമറ പിന്മാറുകയാണ്.
യാദൃച്ഛികമായാണെങ്കിലും 'അമു'വിന്റെ അവസാനരംഗത്തുനിന്നാണ് 'പര്‍സാനിയ' തുടങ്ങുന്നത്. ഗോധ്ര സംഭവത്തിനുശേഷം അഹമ്മദാബാദിലുണ്ടായ കലാപമാണ് 'പര്‍സാനിയ'യുടെ പശ്ചാത്തലം. സിനിമാ ഓപ്പറേറ്ററായ സൈറസ് പിത്തവാല (നസിറുദ്ദീന്‍ഷാ)യുടെ കുടുംബമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദു. സന്തുഷ്ടമായ ഈ പാര്‍സി കുടുംബത്തിന് കലാപം നല്‍കിയത് തീരാവേദനയാണ്. കലാപം തകര്‍ത്തെറിഞ്ഞ ഒട്ടേറെ കുടുംബങ്ങളുടെ പ്രാതിനിധ്യമാണ് സൈറസ്‌കുടുംബം വഹിക്കുന്നത്. സൈറസും ഭാര്യയും രണ്ടു മക്കളും. മക്കളില്‍ മൂത്തവനാണ് പത്തുവയസ്സുകാരനായ പര്‍സാന്‍. കലാപത്തില്‍ അവനെ കാണാതാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ദിനം സ്വപ്‌നം കണ്ടുനടന്നവനാണ് പര്‍സാന്‍. ചോക്കലേറ്റും ഐസ്‌ക്രീമുംകൊണ്ടു നിറച്ച പര്‍സാനിയ എന്ന ഭാവനാലോകം അവന്‍ സൃഷ്ടിച്ചെടുത്തു. അവിടെ തന്റെ കൊച്ചുപെങ്ങളെയും അവന്‍ സങ്കല്പിച്ചു. നിഷ്‌കളങ്കമായ അവന്റെ ബാല്യമാണ് കലാപം കവര്‍ന്നെടുത്തത്. പക്ഷേ, അവന്‍ മരിച്ചു എന്ന് ആ കുടുംബം വിശ്വസിക്കുന്നില്ല. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ സൈറസ് മകനെ അന്വേഷിച്ചുനടന്നു. ഒമ്പതുദിവസം ഉണ്ണാവ്രതമെടുത്ത് അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണാ കുടുംബം.
മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കാന്‍ വരുന്ന അലന്‍ എന്ന അമേരിക്കക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ കഥ പറയുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ ഹിംസയുടെ താണ്ഡവമാണ് ആ വിദേശി കാണുന്നത്.
കലാപത്തിലെ കൊടുംക്രൂരതകള്‍ പലതും ദൃശ്യവത്കരിക്കാതെ വിടുന്നുണ്ട് സംവിധായകന്‍. ഈ ഔചിത്യത്തെ ശ്ലാഘിക്കണം. ദൃശ്യങ്ങള്‍ക്കു പകരം ശക്തമായ വാക്കുകളാണ് ധോലാക്കിയ ഉപയോഗിക്കുന്നത്. ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ തെളിവെടുപ്പ് സിനിമയിലെ ഒരു പ്രധാന മുഹൂര്‍ത്തമായി മാറുകയാണ്. കാടത്തത്തിനിരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലൂടെ കലാപനാളുകളുടെ പൊള്ളുന്ന ചിത്രം നമുക്ക് കിട്ടുന്നു. ചടുലമായ എഡിറ്റിങ്ങിലൂടെയാണിത് സാധിച്ചിരിക്കുന്നത്.
തെളിവെടുപ്പുവേളയില്‍ സൈറസിന്റെ ഭാര്യ ഷെര്‍നാസ് (സരിക) ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാ ക്രൂരതകളും കാണേണ്ടിവന്ന ആറു വയസ്സുകാരിയായ തന്റെ മകളുടെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് ആ അമ്മ വ്യാകുലപ്പെടുന്നത്. 'പര്‍സാനിയ'യിലൂടെ സംവിധായകന്‍ പങ്കുവെക്കുന്നത് ഈ ആശങ്കയാണ്.