Monday, September 27, 2010

സിനിമയും കാഴ്‌ചയും

ഇറാനിലെ നവതരംഗസിനിമക്കാരില്‍ പ്രമുഖസ്ഥാനമുണ്ട്‌ അബ്ബാസ്‌ കിരോസ്‌തമിക്ക്‌. കവി, തിരക്കഥാകൃത്ത്‌, ഫോട്ടോഗ്രാഫര്‍, ഗ്രാഫിക്‌ ഡിസൈനര്‍, ഫിലിം എഡിറ്റര്‍, നിര്‍മാതാവ്‌ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ ഈ സംവിധായകന്‍. 40 വര്‍ഷമായി അദ്ദേഹം സിനിമാരംഗത്തുണ്ട്‌. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ കിരോസ്‌തമി സംവിധാനം ചെയ്‌തിട്ടുണ്ട്‌. വിന്‍ഡ്‌വില്‍ കാരിഅസ്‌, ക്ലോസപ്പ്‌, ടെന്‍, ആന്‍ഡ്‌ ലൈഫ്‌ ഗോസ്‌ ഓണ്‍, ടേസ്റ്റ്‌ ഓഫ്‌ ചെറി, ത്രൂ ദ ഒലീവ്‌ ട്രീസ്‌ തുടങ്ങിയവ പ്രത്യേകം എടുത്തുപറയണം.


``സത്യജിത്‌ റായിക്ക്‌ പകരം വെക്കാവുന്ന പ്രതിഭാശാലി'' എന്നാണ്‌ അകിരോ കുറസോവ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എഴുപതാം വയസ്സിലും സിനിമ കിരോസ്‌തമിക്ക്‌ ആവേശമാണ്‌. സിനിമകളില്‍ പരീക്ഷണങ്ങള്‍ വേണമെന്ന പക്ഷക്കാരനാണദ്ദേഹം. സിനിമയ്‌ക്ക്‌ വ്യത്യസ്‌തനിര്‍വചനം നല്‍കാനാണ്‌ കിരോസ്‌തമി ശ്രമിക്കുന്നത്‌. കാഴ്‌ചയുടെ പുതിയ അനുഭവങ്ങളിലേക്കാണ്‌ ഈ ചിത്രങ്ങള്‍ നമ്മെ നയിക്കുന്നത്‌. പ്രമേയത്തിലും അവതരണത്തിലും പുതുമ കണ്ടെത്തുന്നു ഈ സംവിധായകന്‍. ഏറ്റവുമൊടുവില്‍ ഇറങ്ങിയ `ഷിറീന്‍' (Shirin) എന്ന സിനിമയും കിരോസ്‌തമിയിലെ പരീക്ഷണതത്‌പരനെയാണ്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌.കിരോസ്‌തമി നിര്‍മിച്ച്‌, എഡിറ്റിങ്‌ നിര്‍വഹിച്ച്‌, സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഷിറീന്‍'. വെനീസ്‌, എഡിന്‍ബര്‍ഗ്‌ ചലച്ചിത്രമേളകളിലും ഈയിടെ തിരുവനന്തപുരത്ത്‌ നടന്ന മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചു.


പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ പ്രണയകാവ്യമാണ്‌ ചിത്രത്തിനാധാരം. ആര്‍മേനിയന്‍ രാജകുമാരി ഷിറീനും ഇറാനിയന്‍ രാജകുമാരന്‍ ഖുസ്രു പര്‍വേസും ശില്‌പി ഹര്‍ഹാദും കഥാപാത്രങ്ങളായ ഒരു ത്രികോണ പ്രണയകഥ. പ്രേമസാക്ഷാത്‌കാരത്തിനായി സിംഹാസനം ഉപേക്ഷിച്ചവളാണ്‌ ഷിറീന്‍. ഏറെക്കാലത്തെ ഏകാന്തമായ കാത്തിരിപ്പിനുശേഷമാണ്‌ അവള്‍ക്ക്‌ ഖുസ്രുവിനെ സ്വന്തമാക്കാനായത്‌. പക്ഷേ, ആ സൗഭാഗ്യം അധികം നീണ്ടുനിന്നില്ല. അധികാരത്തര്‍ക്കത്തില്‍ ഖുസ്രു മകനാല്‍ വധിക്കപ്പെടുന്നു. ഖുസ്രുവിന്‍െറ മൃതദേഹത്തിനടുത്തിരുന്ന്‌ ഷിറീന്‍ വിലപിക്കുകയാണ്‌. ഒരു കഠാരയുടെ മുനയില്‍ മരണത്തില്‍ അമരുംമുമ്പ്‌ അവള്‍ തന്‍െറ കഥ പറയുന്നു. 90 മിനിറ്റുള്ള ഈ സിനിമയുടെ ഇതിവൃത്തത്തിനല്ല പ്രാധാന്യം. അവതരണമാണിവിടെ ശ്രദ്ധ നേടുന്നത്‌.

സിനിമ നമ്മള്‍ കാണുന്നതേയില്ല. സിനിമ കാണുന്നവരെയാണ്‌ കാണുന്നത്‌. ഒറ്റ ഷോട്ടില്‍പ്പോലും സിനിമ കടന്നുവരുന്നില്ല. പശ്ചാത്തലസംഗീതവും സംഭാഷണങ്ങളും നമ്മള്‍ കേള്‍ക്കുന്നുണ്ട്‌. ഷിറീന്‍െറ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററും ആ സിനിമ കാണാനിരിക്കുന്ന കുറേ പ്രേക്ഷകരുമാണ്‌ സ്‌ക്രീനില്‍ പതിയുന്നത്‌. പ്രേക്ഷകരില്‍ ബഹുഭൂരിഭാഗവും സ്‌ത്രീകളാണ്‌. യുവതികളും മധ്യവയസ്‌കരും വൃദ്ധരുമൊക്കെയുണ്ട്‌ കൂട്ടത്തില്‍. എങ്കിലും കൂടുതലും യുവതികളാണ്‌. കാണികളില്‍ സ്വാഭാവികമായും ഏതാനും പുരുഷന്മാരുമുണ്ട്‌. പക്ഷേ, ക്യാമറ അവരെ അന്വേഷിക്കുന്നതേയില്ല. അവരെ നമ്മുടെ കാഴ്‌ചയിലേക്ക്‌ കൊണ്ടുവരുന്നില്ല. സ്‌ത്രീമുഖങ്ങളിലാണ്‌ ക്യാമറ മിഴിയൂന്നുന്നത്‌. ഒാരോ ഷോട്ടിലും ഓരോ സ്‌ത്രീയുടെ ക്ലോസപ്പ്‌. തൊട്ടടുത്തായി ചില പുരുഷന്മാരെ കാണാം. പിന്നെ നീല ഇരിപ്പിടങ്ങളും. പുതിയൊരു ആസ്വാദനശീലമാണ്‌ കിരോസ്‌തമി നമ്മളില്‍ നിന്നാവശ്യപ്പെടുന്നത്‌. സിനിമയിലെ ഓരോ നിമിഷത്തിന്‍െറയും വൈകാരികഭാവം കാണികളുടെ മുഖത്തുണ്ട്‌. അവര്‍ പൂര്‍ണമായും സിനിമയില്‍ ലയിച്ചിരിക്കുകയാണ്‌. അവര്‍ ചിരിക്കുകയും ആഹ്ലാദം കൊള്ളുകയും കരയുകയും ചെയ്യുന്നു. കാണികളിലാരും പരസ്‌പരം സംസാരിക്കുന്നില്ല. തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌ത്രീ എന്തോ ചവച്ച്‌ സഹപ്രേക്ഷകയോട്‌ എന്തോ പറയുന്നുണ്ട്‌. പക്ഷേ, ആ സംഭാഷണം നമ്മള്‍ കേള്‍ക്കുന്നില്ല. സിനിമയിലെ ഓരോ സന്ദര്‍ഭവും കാണികളുടെ മുഖത്തുനിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും ഉത്‌ക്കണ്‌ഠയുമൊക്കെ കാണികളും പങ്കിടുന്നു.


ഓരോ സ്‌ത്രീയുടെ മനസ്സിലും ഓരോ നഷ്‌ടപ്രണയമുണ്ടെന്നാണ്‌ കിരോസ്‌തമി സൂചിപ്പിക്കുന്നത്‌. സിനിമയുടെ അവസാനഭാഗത്ത്‌ ഓരോ പ്രേക്ഷകയും കണ്ണീരൊഴുക്കുകയാണ്‌. അത്‌ ഷിറീനെയോര്‍ത്തുള്ള കണ്ണീരല്ലെന്നാണ്‌ കിരോസ്‌തമിയുടെ പക്ഷം. ഓരോരുത്തരിലും ഒരു ഷിറീനുണ്ട്‌. ആ ഷിറീനുവേണ്ടിയാണ്‌ ആ കണ്ണുനീര്‍. സ്‌ത്രീയുടെ ദുരന്തത്തില്‍ പുരുഷന്‌ ഒട്ടും താത്‌പര്യമില്ലെന്നും കിരോസ്‌തമി സൂചിപ്പിക്കുന്നു. ഓരോ ഷോട്ടിലും പിന്‍നിരയില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരുടെ മുഖത്ത്‌ സദാസമയവും നിര്‍വികാരതയാണ്‌. 110 നടികളാണ്‌ ഈ സിനിമയില്‍ അഭിനയിച്ചത്‌. ഇതില്‍ ഏതാനും പേര്‍ മാത്രം ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

സ്‌ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി കിരോസ്‌തമി 2002ല്‍ `ടെന്‍' എന്ന സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്‌. അക്കൊല്ലം കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ പരീക്ഷണചിത്രം. ആറ്‌ സ്‌ത്രീകളാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍. (കഥാനായികയുടെ മകനായ ഒരു പതിന്നാലുകാരന്‍ മാത്രമാണ്‌ ഇതിലെ പുരുഷ കഥാപാത്രം.) ഓടുന്ന ഒരു കാറിനകത്താണ്‌ സംഭവങ്ങള്‍ മുഴുവന്‍ നടക്കുന്നത്‌. കാറോടിക്കുന്നത്‌ ഒരു യുവതി. ആ കാറില്‍ പല സമയങ്ങളിലായി വന്നുകയറുന്ന അഞ്ചു സ്‌ത്രീകള്‍. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ മാത്രമേ കാണിക്കുന്നുള്ളൂ. മുന്‍ സീറ്റിലിരിക്കുന്ന രണ്ട്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്‌ കഥ മുന്നോട്ടു പോകുന്നത്‌. ടെഹ്‌റാന്‍ നഗരത്തിലൂടെയാണ്‌ കാര്‍ സഞ്ചരിക്കുന്നത്‌. പക്ഷേ, ഒരിക്കല്‍പ്പോലും കാറിന്‌ പുറത്തേക്ക്‌ ക്യാമറ കണ്ണയയ്‌ക്കുന്നില്ല. കാറിന്‌ പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കാം. പക്ഷേ, കാഴ്‌ചകളില്ല. നഷ്‌ടപ്പെടലിന്‍െറ വേദനയാണ്‌ `ടെന്നി'ലും കിരോസ്‌തമി ആവിഷ്‌കരിക്കുന്നത്‌.