ഇസ്രായേലിയാണെങ്കിലും പ്രശസ്‌ത സംവിധായകന്‍ എറാന്‍ എക്‌ലിസ് മനസ്സുകൊണ്ട് അറബ് ജനതയെ്‌ക്കാപ്പമാണ്. അധിനിവേശത്തിന് എതിരാണദ്ദേഹം. ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ അതിര്‍ത്തി വരയ്‌ക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു. സിറിയന്‍ പൗരത്വപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന `സിറിയന്‍ ബ്രൈഡി'ലും (2004) ചെടികളില്‍പ്പോലും സുരക്ഷാഭീഷണി കണ്ടെത്തുന്ന ഇസ്രായേലിന്‍െറ ഭീതിരാഷ്ട്രീയത്തെ പരിഹസിക്കുന്ന `ലെമണ്‍ ട്രീ' യിലും(2008) ഈ നിലപാടാണ് എറാന്‍ ശക്തമായി ആവിഷ്‌കരിക്കുന്നത്.
വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ മോന എന്ന സിറിയന്‍ യുവതിയും അവളുടെ കുടുംബാംഗങ്ങളും കുടിക്കുന്ന കണ്ണീരാണ് `സിറിയന്‍ ബ്രൈഡി'ന്‍െറ ഇതിവൃത്തം. ഇസ്രായേലിന്‍െറ അധീനതയിലുള്ള ഗോലാന്‍കുന്നില്‍ ജീവിക്കുന്ന മോനയുടെ വിവാഹനാളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മോനയുടെ വിവാഹത്തിനു സമ്മതംകിട്ടാന്‍ തന്നെ അഞ്ചു മാസം വേണ്ടിവന്നു. അതു കഴിഞ്ഞ്, വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ എന്തെല്ലാം വൈതരണികള്‍. പുഞ്ചിരിയും വിഷാദവും മാറിമാറി വരുന്ന ആ നവവധുവിന്‍െറ മുഖം ആര്‍ക്കാണ് മറക്കാനാവുക?
വിധവയായ ഒരു പലസ്‌തീന്‍ മധ്യവയസ്‌കയുടെ നിയമപ്പോരാട്ടത്തിന്‍െറ കഥയാണ് `ലെമണ്‍ ട്രീ'. പൈതൃകമായി കിട്ടിയ തന്‍െറ ചെറുനാരങ്ങത്തോട്ടം സുരക്ഷയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം അപ്പാടെ പിഴുതുകളയാനൊരുങ്ങിയപ്പോള്‍ അതിനെ ഏകയായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സല്‍മ സിഡാനാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. 2008-ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്.
ഇസ്രായേലിനും അവരുടെ അധീനതയിലുള്ള വെസ്റ്റ് ബാങ്കിനുമിടയില്‍ വരുന്ന ഹരിതരേഖയുടെ ഇരു ഭാഗത്തുമായാണ് കഥ നടക്കുന്നത്. മൂന്നു മക്കളുടെ അമ്മയായ സല്‍മ സിഡാന്‍െറ ജീവനോപാധിയാണ് വീടിനു തൊട്ടുള്ള നാരകത്തോട്ടം. ഭര്‍ത്താവ് പത്തു വര്‍ഷം മുമ്പ് മരിച്ചു. പെണ്‍മക്കള്‍ വിവാഹിതരായി വേറെ കഴിയുന്നു. മകന്‍ അമേരിക്കയില്‍ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്നു. 40 വര്‍ഷമായി നാരകത്തോട്ടത്തെ മക്കളെപ്പോലെ പരിചരിക്കുന്ന ഒരു വൃദ്ധനാണ് സല്‍മയുടെ ഏക കൂട്ട്. ഒരുനാള്‍ അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് ഇസ്രായേല്‍ രാജ്യരക്ഷാമന്ത്രി നെവോണും ഭാര്യയും തോട്ടത്തിന് എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കാനെത്തുന്നു. തിങ്ങിനിറഞ്ഞ ഇലകള്‍ക്കിടയില്‍ വിളഞ്ഞു പാകമായി നില്‍ക്കുകയാണ് ചെറുനാരങ്ങകള്‍. ആ തോട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ആപത്ത് മണക്കുന്നു. ഭീകരന്മാര്‍ തോട്ടത്തില്‍ ഒളിഞ്ഞിരുന്നു മന്ത്രിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താം. അല്ലെങ്കില്‍, അവിടേക്ക് ബോംബുകളെറിഞ്ഞേക്കാം. സൈനികര്‍ തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടുന്നു. ശത്രു നിരീക്ഷണത്തിന് വാച്ച്‌ടവര്‍ ഒരുക്കുന്നു. സെന്‍സര്‍ ഘടിപ്പിക്കുന്നു. എന്നിട്ടും റിസെ്‌കടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. നഷ്‌ടപരിഹാരം നല്‍കി നാരകത്തോട്ടം ഉടനെ പിഴുതുമാറ്റുമെന്ന് കാണിച്ച് സൈന്യം സല്‍മയ്‌ക്ക് കത്തു കൊടുക്കുന്നു.
നാരകത്തോട്ടം ഒഴിവാക്കി അമേരിക്കയില്‍ വന്നു താമസിക്കാനുള്ള മകന്‍െറ ക്ഷണം സല്‍മ നിരാകരിക്കുന്നു. അനീതിക്കെതിരെ ഒറ്റയ്‌ക്ക് പൊരുതാനായിരുന്നു അവരുടെ തീരുമാനം. സിയാദ് എന്ന യുവ അഭിഭാഷകന്‍ വഴി ആദ്യം ഇസ്രായേല്‍ സൈനികകോടതിയില്‍ സല്‍മ അപ്പീല്‍ നല്‍കുന്നു. അതു തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പോകുന്നു. ഇതിനിടയ്‌ക്ക് നാരകത്തോട്ടം പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായും ഫീച്ചറായും നിറയുന്നു. സംഭവം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇതിനു രാഷ്‌ട്രീയമാനവും കൈവരുന്നു.
ഇതിനിടെ സൈന്യം സല്‍മയെ തോട്ടത്തില്‍ കടക്കുന്നതില്‍നിന്നു വിലക്കുന്നു. പിതാവിന്‍െറയും ഭര്‍ത്താവിന്‍െറയും സാന്നിധ്യം തുടിച്ചുനില്‍ക്കുന്ന നാരകച്ചെടികള്‍ വെള്ളം കിട്ടാതെ കരിയുന്നത് സല്‍മ വേദനയോടെ നോക്കിനില്‍ക്കുന്നു. മൂപ്പെത്തിയ നാരങ്ങകള്‍ വാടിക്കൊഴിഞ്ഞു വീഴുന്നു.
ഒടുവില്‍ സുപ്രീംകോടതിയും സല്‍മയുടെ അപ്പീല്‍ തള്ളി. പക്ഷേ, നേരത്തേയുള്ള സൈനിക ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ആകെയുള്ള 300 ചെടികളില്‍ പകുതിയെണ്ണത്തിന്‍െറ ഉയരം 30 സെ.മീറ്ററാക്കി കുറയ്‌ക്കുക എന്നതായിരുന്നു ഭേദഗതി. മന്ത്രിയുടെ രക്ഷാസൈനികര്‍ക്ക് തോട്ടത്തിലേക്ക് ശരിയായ കാഴ്‌ച കിട്ടാനാണിത്. മുഴുവന്‍ ചെടികളും പിഴുതെറിയുന്നതിനു പകരമുള്ള ഈ വിധി പക്ഷേ, സല്‍മയ്‌ക്ക് ആശ്വാസം നല്‍കുന്നില്ല. ശത്രുവിന്‍െറ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ കീഴടങ്ങുകയേ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.
തായ്‌ത്തടി ചെറുതായി നിലനിര്‍ത്തി, ശിഖരങ്ങള്‍ മുറിച്ചുമാറ്റി നഗ്നമാക്കപ്പെട്ട നാരകത്തോട്ടത്തിലൂടെ ഹതാശയായി നടക്കുന്ന സല്‍മയെ കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. രാജ്യരക്ഷാമന്ത്രി ആ ദൃശ്യം കാണുന്നുണ്ട്. അയാളുടെ മനസ്സില്‍ പശ്ചാത്താപത്തിന്‍െറ കണികയെങ്കിലുമുള്ളതായി സൂചനയില്ല. (നാരകത്തോട്ടം വെട്ടിക്കളയുന്നതിനു മന്ത്രിയുടെ ഭാര്യ എതിരായിരുന്നു. അവരതു പരസ്യമായി പത്രങ്ങളോടും പറയുന്നുണ്ട്.)
പിതാവും മകളും നാരകത്തോട്ടവും തമ്മിലുള്ള സുദൃഢ ബന്ധം സൂചിപ്പിക്കുന്ന മനോഹരമായ ദൃശ്യമുണ്ടിതില്‍. പാകമായ ചെറുനാരങ്ങകള്‍ ഓരോന്നായി പൊഴിഞ്ഞുവീഴുന്നത് ക്ലോസപ്പില്‍ കാണിക്കുന്നു. കാറ്റിലാടുന്ന നാരകച്ചെടിയുടെ നിഴല്‍ മുറിയില്‍ വന്നുനിറയുന്നു. തുടര്‍ന്ന് `സല്‍മ' എന്ന വിളി. പിതാവിന്‍െറ തോളിലിരുന്ന് സല്‍മ എന്ന പെണ്‍കുട്ടി നാരങ്ങകളെ തൊടാന്‍ ശ്രമിക്കുകയാണ്. `ലെമണ്‍ ട്രീ'യുടെ ആത്മാവാണ് ഈ ദൃശ്യത്തിലുള്ളത്.
`ലെമണ്‍ട്രീ'യോട് സമാനത പുലര്‍ത്തുന്നതാണ് പ്രശസ്‌ത തുര്‍ക്കി സംവിധായകനായ നൂറി ബില്‍ജി സെലാന്‍െറ `ക്ലൗഡ്‌സ് ഓഫ് മെയ്' എന്ന ചിത്രം. `ത്രീ മങ്കീസി'ന്‍െറ സംവിധായകനായ സെലാന്‍െറ ആദ്യകാല സിനിമയാണിത്. തന്‍െറ പാടത്ത് മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ച എമിന്‍ എന്ന വൃദ്ധന്‍െറ കഥ പറയുന്നു ഈ ചിത്രം. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ആ സ്ഥലത്തിന്‍െറ പട്ടയം തരാം എന്നാണ് സര്‍ക്കാറിന്‍െറ വാഗ്‌ദാനം. 50 വര്‍ഷം മുമ്പ് താന്‍ നട്ട ആ മരങ്ങളെ കൊല്ലാന്‍ എമിനു കഴിയില്ല. സര്‍ക്കാര്‍ സര്‍വേ എടുത്തുകഴിഞ്ഞതാണ്. എമിന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി ഉദ്യോഗസ്ഥര്‍ മരങ്ങളില്‍ അടയാളവുമിടുന്നു. ചലച്ചിത്രകാരനായ മകന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഇങ്ങനെയൊരു ചതിപറ്റിയത് എമിന്‍ അറിഞ്ഞിരുന്നില്ല. നിയമവശം എമിന് നന്നായറിയാം. പൊരുതാന്‍ തന്നെയാണ് അയാളുടെയും ഭാവം. തന്‍െറ പ്രിയമരങ്ങളില്‍ ഏതുനിമിഷവും കോടാലി വീഴുമെന്ന് എമിന്‍ ഭയക്കുന്നു. മെയ്‌മാസം തനിക്ക് നല്ല ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളതെന്ന് അയാള്‍ പരിതപിക്കുന്നു. മെയ്‌മാസത്തിലെ മേഘങ്ങള്‍ അയാളുടെ മനസ്സില്‍ ഇരുട്ടുനിറയ്‌ക്കുന്നു. പെയെ്‌താഴിയാതെ അസ്വസ്ഥതയായി അത് നെഞ്ചില്‍ കനംവെച്ചു നില്‍ക്കുന്നു.
മരംമുറിക്കാനെത്തുന്ന അധികാരികളെ തടയാനായി അയാള്‍ ഒറ്റയ്‌ക്ക് മരങ്ങള്‍ക്ക് കാവല്‍നില്‍ക്കുന്നു. സാന്ത്വനത്തിന്‍െറ ഇലകളാട്ടി, തണലും കുളിരും പകരുന്ന വെള്ളിലമരത്തിന്‍െറ ചുവട്ടിലിരുന്ന് എമിന്‍ പേരക്ക തിന്നുന്നതാണ് അവസാന രംഗത്തില്‍ കാണുന്നത്. ഇരുപതുവര്‍ഷമായി സര്‍ക്കാറിന്‍െറ കോടാലിയെ ശങ്കയോടെ കാത്തിരിക്കുകയായിരുന്നു അയാള്‍. ആ വിധി ദിനം വന്നു എന്നയാള്‍ക്ക് ബോധ്യമാകുന്നു. തന്‍െറ തണല്‍ നഷ്‌ടപ്പെടുകയാണ്. പാതി തിന്ന പേരക്ക കൈയില്‍ പിടിച്ച് അയാള്‍ ശാന്തനായി കണ്ണടയ്‌ക്കുന്നു. അയാളുടെ പരാജയം സൂചിപ്പിച്ചുകൊണ്ട്, കണ്ണില്‍ കുത്തുന്ന വെളിച്ചം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കടന്നുവന്നു സ്‌ക്രീനാകെ നിറയുകയാണ്. `ലമണ്‍ ട്രീ'യിലെ രാഷ്ട്രീയ മാനമൊന്നും `ക്ലൗഡ്‌സ് ഓഫ് മെയ്'ക്കില്ല. എങ്കിലും രണ്ടു ചിത്രങ്ങളിലും മറ്റു സമാനതകളുണ്ട്. ആത്മാവുള്ള മരത്തിന്‍െറ ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് രണ്ടിടത്തും. അവ നടത്തുന്നത് സാധാരണക്കാരും. രണ്ടുപേരുടെയും ശ്രമം ഒടുവില്‍ പരാജയപ്പെടുകയാണ്.