Friday, December 28, 2012


ഇറാനിയന്‍ സംവിധായകനായ 
അബ്ബാസ് കിരോസ്തമി കലയുടെയും 
ജീവിതത്തിന്റെയും  അര്‍ഥം തേടുകയാണ്   
' സര്‍ട്ടിഫൈഡ് കോപ്പി ' 
എന്ന സിനിമയിലൂടെ  

അസ്സലും പകര്‍പ്പും


ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിരോസ്തമിക്ക് വയസ്സ് 73 ആയി. എങ്കിലും, സിനിമാരംഗത്ത് ഇപ്പോഴും സക്രിയനാണ് . സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് തിളക്കമുണ്ട്. ആ മനസ്സിന് യുവത്വമാണെന്നും. സിനിമയുടെ പ്രമേയത്തിലും ആഖ്യാനത്തിലും എപ്പോഴും പുതുമ വേണം കിരോസ്തമിക്ക്. സിനിമയെപ്പറ്റി അദ്ദേഹത്തിന്റേതായ ചില നിര്‍വചനങ്ങളുണ്ട്. കാഴ്ചയുടെ പുതിയ തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നതാകണം സിനിമ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ വിശ്വാസം തന്റെ സിനിമകളില്‍ കിരോസ്തമി നിലനിര്‍ത്തുന്നുണ്ട്. ' ക്‌ളോസപ്പ് ' ( 1990 ) , 'ടെന്‍ ' ( 2002 ) , ' ഷിറീന്‍ ' ( 2008 ) തുടങ്ങിയ ചിത്രങ്ങളില്‍ നമ്മളിത് കണ്ടതാണ്.
       പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സിന്‍ മഖ്മല്‍ ബഫിന്റെ അപരനായെത്തുന്ന ഒരു ചെറുപ്പക്കാരനാണ് ' ക്‌ളോസപ്പി ' ലെ നായകന്‍. ഇയാളെ തുടക്കത്തില്‍ ക്രിമിനല്‍ മനസ്സുള്ള ഒരു ആള്‍മാറാട്ടക്കാരനായാണ് നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. കോടതിയിലെ വിചാരണവേളയിലാണ് ചെറുപ്പക്കാരനിലെ ഒരു സിനിമാകമ്പക്കാരനെ കിരോസ്തമി പരിചയപ്പെടുത്തുന്നത്. തട്ടിപ്പിനിരയായ കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും പതുക്കെപ്പതുക്കെ ആ യുവാവിന്റെ പക്ഷത്തേക്ക് മാറുന്നു. ഒരു ബാലനും ആറ് സ്ത്രീകളും കഥാപാത്രങ്ങളായി വരുന്ന ' ടെന്‍ ' എന്ന സിനിമയുടെ പശ്ചാത്തലം ഒരു കാറാണ്. ഒരേ സമയം രണ്ട്കഥാപാത്രങ്ങള്‍ മാത്രം. അവര്‍ കാറില്‍ യാത്ര ചെയ്യവേ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അനുപമമായ കൈയടക്കമാണ് ഇവിടെ കിരോസ്തമി കാണിക്കുന്നത്. അതുപോലെ, ' ഷിറീനി ' ലും. ഒരു സിനിമാ തിയേറ്ററാണ് പശ്ചാത്തലമായി നില്‍ക്കുന്നത്. കുറെ സ്ത്രീകളും ഏതാനും പുരുഷന്മാരും സിനിമ കാണുകയാണ്. തിയേറ്ററില്‍ കാണിക്കുന്ന സിനിമയുടെ ഇതിവൃത്തം ഒരു പേര്‍ഷ്യന്‍ പ്രണയകഥയാണ്. പക്ഷേ, സിനിമ നമ്മള്‍ കാണുന്നില്ല. തിയേറ്ററിലിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ അത് കാണുന്നുള്ളു. സിനിമ കാണുന്ന സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ ആ സിനിമ എന്തെന്ന് നമ്മളെ അനുഭവിപ്പിക്കുകയാണ് സംവിധായകന്‍.

        2010 ല്‍ പുറത്തിറങ്ങിയ ' സര്‍ട്ടിഫൈഡ് കോപ്പി '
( Certified copy) യിലും കിരോസ്തമിയുടെ വ്യക്തിമുദ്ര കാണാനാവും. ഇറ്റലിയിലാണീ സിനിമ നിര്‍മിച്ചത്. ഇറാനു പുറത്ത് നിര്‍മിച്ച ആദ്യത്തെ കിരോസ്തമിചിത്രമാണിത്.
       സന്ദേശം പ്രചരിപ്പിക്കാനുള്ള ഇടമല്ല സിനിമ എന്നാണ് കിരോസ്തമിയുടെ അഭിപ്രായം. ചില ചിന്തകള്‍, ആശയങ്ങള്‍ , വിചാരങ്ങള്‍. ഇവ തന്റെ മാധ്യമത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഒരു സിനിമ കവിതയായോ പെയിന്റിങ്ങായോ സംഗീതശകലമായോ അനുഭവപ്പെടണമെന്ന് അദ്ദേഹം പറയുന്നു. കലയെയും ജീവിതത്തെയും കുറിച്ചുള്ള ചില ചിന്തകളാണ് ' സര്‍ട്ടിഫൈഡ് കോപ്പി ' യില്‍ കിരോസ്തമി പങ്കുവെക്കുന്നത്. ചിലപ്പോള്‍ അത് നമുക്ക് സ്വീകാര്യമാവാം. ചിലപ്പോള്‍ വിചിത്രമായിത്തോന്നാം. എങ്കിലും ഒന്നുണ്ട്. അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും നമ്മളെ സ്പര്‍ശിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ക്കല്ല സംഭാഷണത്തിനാണ് ഈ സിനിമയില്‍ പ്രാധാന്യം. ഓരോ വാക്കിനുമുണ്ട് പ്രാധാന്യം. ശ്രദ്ധയോടെ പിന്തുടര്‍ന്നില്ലെങ്കില്‍ ആശയങ്ങള്‍ പിടിതരാതെ വഴുതിമാറും.140 മിനിറ്റുള്ള സിനിമയില്‍ ഒരു മിനിറ്റ്‌പോലും അധികപ്പറ്റായി തോന്നില്ല. അത്രക്ക് കൃത്യമാണ് തിരക്കഥ. എണ്ണി തിട്ടപ്പെടുത്തിവെച്ചതാണ് ഷോട്ടുകള്‍. കണിശമാണ് എഡിറ്റിങ്.

       ചെറിയൊരു ആള്‍ക്കൂട്ടത്തില്‍നിന്ന് തുടങ്ങുന്ന സിനിമ പിന്നീട് രണ്ട് വ്യക്തികളിലേക്ക് ഒതുങ്ങുന്നു. ഇതിവൃത്തം തന്നെ മാറിമറിയുന്നു. ഒരു കലാനിരൂപകനും ആര്‍ട്ട് ഗാലറി ഉടമയായ വനിതയും. ഇവരുടെ ജീവിതത്തിലെ ഒരു ദിവസമാണ് സംവിധായകന്‍ എടുത്തുകാട്ടുന്നത്. മധ്യ ഇറ്റലിയിലെ ടസ്‌കനി എന്ന നഗരത്തില്‍ ഒരു ഞായറാഴ്ചയാണ് കഥ നടക്കുന്നത്. കലാപാരമ്പര്യം കൊണ്ട് പ്രശസ്തമാണ് ടസ്‌കനി. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ തുടക്കം ഈ നഗരത്തില്‍ നിന്നാണ്. കലാനിരൂപകനായ ജയിംസ് മില്ലര്‍ ബ്രിട്ടീഷുകാരനാണ്. ശില്‍പ്പങ്ങളുടെ ഗാലറി ഉടമയായ വനിതയാകട്ടെ ഫ്രഞ്ചുകാരിയും. ഇവര്‍ക്ക് പേരില്ല. മില്ലറുടെ ' സര്‍ട്ടിഫൈഡ് കോപ്പി' എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ചടങ്ങോടെയാണ് സിനിമയുടെ തുടക്കം. ഗ്രന്ഥകാരനാണ് മുഖ്യാതിഥി. അയാള്‍ പ്രസംഗിച്ചുനില്‍ക്കെ ആര്‍ട്ട് ഗാലറി ഉടമ മകനോടൊപ്പം അവിടെയെത്തുന്നു.  കലാനിരൂപണത്തോട് അത്ര പ്രതിപത്തിയൊന്നുമില്ല ഈ സ്ത്രീക്ക്. പക്ഷേ, മില്ലറുടെ പുസ്തകത്തിന്റെ പേര് അവര്‍ക്കങ്ങ് പിടിച്ചു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കാനായി പുസ്തകത്തിന്റെ ആറ് കോപ്പിയാണവര്‍ വാങ്ങിയത്. അതില്‍ ഗ്രന്ഥകാരന്റെ ഒപ്പ് വാങ്ങണം.   കുസൃതിക്കാരനാണ് അവരുടെ മകന്‍ . അവന്റെശല്യം സഹിക്കാനാവാതെ ചടങ്ങ് തീരുംമുമ്പേ അവര്‍ സ്ഥലം വിടുന്നു.അന്ന് രാത്രി ജയിംസ് മില്ലര്‍ക്ക് മടങ്ങണം. ഒമ്പത് മണിക്കാണ് ട്രെയിന്‍. സമയം പോക്കാന്‍ അയാള്‍ സ്ത്രീയുടെ ആര്‍ട്ട്ഗാലറിയിലെത്തുന്നു. ഇവിടുന്നങ്ങോട്ടാണ് സിനിമ പുതിയ തലങ്ങളിലേക്ക് ഒഴുകുന്നത്. നമ്മള്‍ ആ ഒഴുക്കിനനുസരിച്ച് അറിയാതെ നീങ്ങിപ്പോകും. ഒരു ദിവസം യാദൃച്ഛികമായി കണ്ടുമുട്ടുന്ന തീര്‍ത്തും അപരിചിതരായ രണ്ടുപേരെ ഭാര്യാഭര്‍തൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന അദ്ഭുതമാണ് കിരോസ്തമി ഈ ചിത്രത്തില്‍ ഒളിച്ചുവെക്കുന്നത്. ഒടുവില്‍, രണ്ടു വ്യക്തികളുടെയും ഓര്‍മകള്‍ എങ്ങനെയോ ഒന്നായിത്തീരുന്ന ഒരു ഘട്ടത്തില്‍ സംവിധായകന്‍ ബോധപൂര്‍വം അവരെ അകറ്റുകയാണ്. ദൂരെ മുഴങ്ങുന്ന നാഴികമണി എട്ടടിക്കുമ്പോള്‍ അദ്ദേഹം അവരെ ഓര്‍മപ്പെടുത്തുന്നു : ഇതാ, നായകന് പോകാന്‍ സമയമായി.
       അതിസൂക്ഷ്മമായാണ് കിരോസ്തമി ഓരോ രംഗവും കെട്ടിപ്പടുക്കുന്നത്. ഓരോ സംഭാഷണവും ചേര്‍ത്തുവെക്കുന്നത്. ഗ്രന്ഥകാരനും ആര്‍ട്ട്ഗാലറി ഉടമയും കാറില്‍ നഗരം ചുറ്റാന്‍ പോകുന്നിടത്താണ് സിനിമ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് കടക്കുന്നത്. കാര്‍യാത്രകളെയും അപ്പോഴത്തെ സംഭാഷണങ്ങളെയും സിനിമയുടെ ഇതിവൃത്തത്തിലേക്ക് മെഴുകിച്ചേര്‍ക്കുന്നതില്‍ വിദഗ്ദനാണ് കിരോസ്തമി. ( 'ക്‌ളോസപ്പ് ' , ' ടെന്‍ ' എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക ). ജയിംസ് മില്ലറും സ്ത്രീയും തമ്മില്‍ ഗാഢമായ അടുപ്പത്തിന് തുടക്കം കുറിക്കുന്നത് കാര്‍യാത്രയിലാണ്. പന്ത്രണ്ട് മിനിറ്റോളം വരും ഈ രംഗം.ഒരിക്കല്‍പോലും കാറിന് പുറത്തേക്ക് ക്യാമറയുടെ കണ്ണുകള്‍ പാളുന്നില്ല. കഥാപാത്രങ്ങളുടെ മുഖത്തും മനസ്സിലും ക്യാമറ നിലയുറപ്പിക്കുന്നു. അവരുടെ വ്യക്തിത്വം ക്യാമറക്കണ്ണില്‍ തെളിയുന്നു.
      രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവവും കലയെക്കുറിച്ചുള്ള ചിന്തകളും ആദ്യം പുറത്തുവരുന്നത് കാര്‍യാത്രയിലാണ്. അവര്‍ പരസ്പരം പ്രശംസിക്കുകയും തര്‍ക്കിക്കുകയും കളിയാക്കുകയും ചെയ്യുന്നു. കലയിലെ അസ്സലും പകര്‍പ്പും അവരുടെ ചര്‍ച്ചയിലേക്ക് കടന്നുവരുന്നു. പിന്നീട് മ്യൂസിയത്തിലെത്തുമ്പോഴാണ് സിനിമയുടെ ശീര്‍ഷകത്തിന് ശക്തി വരുന്നത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും വ്യാജനും ഇവിടെ കടന്നുവരുന്നു. എന്തിന്റെയും പകര്‍പ്പിന് ഒരു മൂല്യമുണ്ടെന്നാണ് കലാനിരൂപകനായ ഗ്രന്ഥകാരന്റെ വാദം. കാരണം, പകര്‍പ്പ് നമ്മെ അതിന്റെ യഥാര്‍ഥ രൂപത്തെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ആ നിലക്ക് അസ്സലിന്റെ മൂല്യത്തെ സാക്ഷ്യപ്പെടുത്തുകയാണ് അതിന്റെ പകര്‍പ്പ്. റസ്റ്റോറന്റില്‍ എത്തുമ്പോഴേക്ക് രണ്ട് കഥാപാത്രങ്ങളുടെയും ഭാവങ്ങളും പെരുമാറ്റരീതിയും മാറുന്നു. അവരിപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ്. റസ്റ്റോറന്റുടമയായ സ്ത്രീയാണ് അവരെ ആദ്യം ' ഭാര്യാഭര്‍ത്താക്കന്മാരാ' ക്കുന്നത്. ' നമ്മള്‍ നല്ല ദമ്പതിമാരാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും ' എന്നാണ് ഗ്രന്ഥകാരന്‍ തമാശയായി ഗാലറിയുടമയോട് പറയുന്നത്. വ്യാജന്‍ ഒറിജിനലായി രൂപം മാറുന്ന വൈരുധ്യമാണ് അല്പം തമാശയോടെ കിരോസ്തമി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
       നായികയുടെ ദാമ്പത്യം ശിഥിലമാണെന്ന് ഇടയ്ക്ക് ഇതിവൃത്തത്തില്‍ സൂചനയുണ്ട്. ജോലിയില്‍ മാത്രം താത്പര്യമുള്ള ഭര്‍ത്താവ്. മകന്റെ പിറന്നാളിന് ഒന്നു വിളിക്കാന്‍പോലും അയാള്‍ നേരം കണ്ടെത്തുന്നില്ല. നായകനായ കലാനിരൂപകന്റെ അവസ്ഥയും ഏതാണ്ട് ഇതേനിലയിലാവാമെന്ന് ഊഹിക്കേണ്ടിവരും. കലാവിമര്‍ശനത്തിലൂടെ സിനിമ ഒടുക്കം ചെന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ പ്രഹേളികയില്‍ത്തന്നെയാണ്. സത്യമേത്, മിഥ്യയേത് എന്നറിയാത്ത കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും ഇവിടെ അന്തംവിട്ട് നില്‍ക്കുന്നു. കിരോസ്തമി എന്തെല്ലാമോ പറയാതെ വിട്ടുകളഞ്ഞതായി നമുക്ക് തോന്നും. ആരോ സാക്ഷ്യപ്പെടുത്തുന്ന എന്തിന്റെയോ പകര്‍പ്പാണ് നമ്മുടെയൊക്കെ ജീവിതം എന്നാവാം അദ്ദേഹം ഉദ്ദേശിക്കുന്നത്.
       ബ്രിട്ടീഷ് ഓപ്പറ ഗായകനായ വില്യം ഷിമെല്‍ , പ്രശസ്ത ഫ്രഞ്ച് നടി ജൂലിയറ്റ് പിനോഷെ എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെതും അഭിനയമല്ല. ഓരോ സന്ദര്‍ഭത്തിലും അവര്‍ സ്വാഭാവികമായി പെരുമാറുകയാണ്. അവര്‍ നമ്മുടെ ഹൃദയം തൊട്ടാണ് സംസാരിക്കുന്നതെന്നു തോന്നും. 2010 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പിനോഷെക്ക് നേടിക്കൊടുത്തത് ' സര്‍ട്ടിഫൈഡ് കോപ്പി ' യാണ്.


Saturday, December 15, 2012