കുഴിബോംബിനെ സചേതനബിംബമാക്കി ഒരു ജനതയുടെ ദുരന്തം അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രം 'ദ കളേഴ്‌സ് ഓഫ് മൗണ്ടന്‍' നമ്മളെ ക്ഷണിക്കുന്നത് തീവ്രാനുഭവങ്ങളുടെ കാഴ്‌ചകളിലേക്കാണ്
ഏതുസമയത്തും പൊട്ടിവീണേക്കാവുന്ന ഒരു യുദ്ധത്തിന്റെ ( അമേരിക്കയുടെ ഇറാഖ് ആക്രമണം ) നിഴലില്‍ കഴിയുന്ന കുറെ കുട്ടികളെയാണ് കുര്‍ദിഷ് സംവിധായകന്‍ ബഹ്‌മെന്‍ ഗൊബാദി ' ദ ടര്‍ട്ട്‌ല്‍സ് കാന്‍ ഫ്‌ളൈ ' (turtles can fly) എന്ന കുര്‍ദിഷ് സിനിമയില്‍ കാണിച്ചു തന്നത്. മരണപ്പാടങ്ങളില്‍ സൈന്യം വിതച്ചിട്ട മൈനുകള്‍ ജീവന്‍ പണയം വെച്ച് പെറുക്കിയെടുത്ത് നിര്‍വീര്യമാക്കുന്ന കുട്ടികള്‍ അസ്വസ്ഥമായ കാഴ്‌ചയായിരുന്നു. ഇതേ അസ്വസ്ഥത മൊഹ്‌സന്‍ മഖ്‌മല്‍ ബഫിന്റെ ' കാണ്ഡഹാര്‍ ' എന്ന ഇറാനിയന്‍ സിനിമയും പകര്‍ന്നു തരുന്നു. കുഴിബോംബുകള്‍ പൊട്ടി അറ്റുപോയ കാലുകള്‍ക്കുപകരം കൃത്രിമക്കാല്‍ സ്വന്തമാക്കാന്‍ മൈതാനത്തേക്ക് ഒറ്റക്കാലില്‍ മത്സരിച്ചോടുന്ന മനുഷ്യരെ നമുക്കീ ചിത്രത്തില്‍ കാണാം. കുഴിബോംബിനെ സചേതനബിംബമാക്കി ഒരു ജനതയുടെ ദുരന്തം അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രമായ ' ദ കളേഴ്‌സ് ഓഫ് മൗണ്ടനും ' (the colours of mountain) നമ്മളെ ക്ഷണിക്കുന്നത് തീവ്രാനുഭവങ്ങളുടെ കാഴ്‌ചകളിലേക്കാണ്.
`ദ ടര്‍ട്ട്‌ല്‍സ് കാന്‍ ഫ്‌ളൈ' യും `ദ കളേഴ്‌സ് ഓഫ് മൗണ്ടനും' ആഖ്യാനരീതിയില്‍ സാമ്യം പുലര്‍ത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളിലും പ്രധാനമായും കുട്ടികളിലൂടെയാണ് ജീവിതത്തിന്റെ അരക്ഷിതാവസ്ഥ സംവിധായകര്‍ കാണിച്ചു തരുന്നത്. ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ എടുക്കുന്ന മുന്‍കരുതലുകള്‍ കുട്ടികളില്‍ കാണാനാവില്ല. മുന്നില്‍ കാണുന്നവയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ അവരുടെ കാഴ്‌ചക്കപ്പുറത്താണ്. സംഘര്‍ഷഭൂമിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ജീവിതം എപ്പോഴും പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ആ അനുഭവങ്ങളിലൂടെ അവര്‍ പാകപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ, ഓരോ അനുഭവം നേടുമ്പോഴും ചിലതൊക്കെ അവര്‍ക്ക് നഷ്‌ടപ്പെട്ടിട്ടുണ്ടാവും. ഈ നഷ്‌ടപ്പെടലിന്റെ ചൂടാണ് പര്‍വതത്തിന്റെ നിറങ്ങളില്‍ നമ്മള്‍ തൊട്ടറിയുന്നത്.
നാല്‌പത്തിയഞ്ചുകാരനായ കൊളംബിയന്‍ സംവിധായകന്‍ കാര്‍ലോസ് സെസാര്‍ അര്‍ബലേസിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ' ദ കളേഴ്‌സ് ഓഫ് മൗണ്ടന്‍'. സാന്‍ സബാസ്റ്റ്യന്‍ ഫിലിം മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കാര്‍ലോസിനായിരുന്നു. 2011 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അവാര്‍ഡും കാര്‍ലോസ് സ്വന്തമാക്കി. മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിച്ചിട്ടുണ്ട് ഈ സിനിമ.
ഒരു ഗ്രാമത്തിന്റെ സജീവ ചിത്രണത്തിലൂടെ കൊളംബിയയുടെ ജീവിതാവസ്ഥയാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്. പരിതാപകരമാണ് അവിടത്തെ ജീവിതം. അതുകൊണ്ടുതന്നെ സംവിധായകന് പറയാനുള്ളത് പരാജിതരുടെ കഥയാണ് . മയക്കുമരുന്നു കടത്തിനും ഫുട്‌ബോളിനും ഗറില്ലാ പോരാട്ടങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ് കൊളംബിയ. ഭരണകൂടവും അതിനെ വെല്ലുവിളിക്കുന്ന ഗറില്ലകളും ഓരോ ഭാഗത്ത് നിലയുറപ്പിക്കുന്നു. രണ്ടിനെയും ഒരാള്‍ക്ക് ഒരേ സമയം പിന്തുണക്കാന്‍ വയ്യ. ഏതെങ്കിലും ഒന്നിനോടാവണം കൂറ്. ചെകുത്താനും കടലിനും നടുവിലാണ് കൊളംബിയന്‍ ജനത. അതിരിട്ട മുള്ളുവേലികളാണെങ്ങും. അതിനകത്ത് ഒതുങ്ങിവേണം ജീവിക്കാന്‍.
ഒമ്പത് വയസ്സുകാരനായ മാനുവലും സമപ്രായക്കാരായ ജൂലിയാനും പൊക്കാ ലൂസും. ഇവരും മാനുവലിന്റെയും ജൂലിയാന്റെയും കുടുംബങ്ങളും സ്‌കൂളധ്യാപിക കാര്‍മലുമാണ് കഥയുടെ കേന്ദ്രസ്‌ഥാനത്ത് വരുന്നത്. മാനുവലിന്റെ അച്ഛന്‍ ഏണസ്റ്റോ ഈ മണ്ണ് വിട്ടുപോകാന്‍ മടിക്കുന്ന കര്‍ഷകനാണ്. ജീവിതം അയാള്‍ക്കെപ്പോഴും അധ്വാനമാണ്. തന്റെ അച്ഛനെ ഗറില്ലകള്‍ അപായപ്പെടുത്തിയതിന്റെ ഓര്‍മകള്‍ ഏണസ്റ്റോവില്‍ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഗറില്ലകളെ അയാള്‍ വെറുക്കുന്നു. അവരുടെ ഭീഷണിക്കൊന്നും അയാള്‍ വഴങ്ങുന്നില്ല. ഗ്രാമം വിട്ടുപോകാനുള്ള ഭാര്യയുടെ ആഗ്രഹത്തിന് അയാള്‍ വിലങ്ങിടുന്നു. ' ഇനി എത്തിച്ചേരുന്നിടം കേമമായിരിക്കും എന്നതിന് എന്താണുറപ്പ് ' എന്നാണയാള്‍ ഭാര്യയോട് ചോദിക്കുന്നത്. നിശ്ചിതമായ ഒരൊഴുക്കില്ല തങ്ങളുടെ ജീവിതത്തിന് എന്നയാള്‍ വിശ്വസിക്കുന്നു. ഈ മണ്ണ്, കുടുംബം,തന്നോടൊപ്പം വളരുന്ന മൃഗങ്ങള്‍. ഇതൊക്കെ മതി ഏണസ്റ്റോവിന്. ഇവിടെനിന്ന് പുറപ്പെട്ടുപോയാല്‍ എങ്ങുമെത്തില്ലെന്ന് അയാള്‍ ഭയക്കുന്നു.
നേരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് ജൂലിയാന്റെ അച്ഛന്. സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയാണയാള്‍. ഗറില്ലകളോട് പൊരുതി നില്‍ക്കാനാവില്ല അയാള്‍ക്ക്. മൂത്ത മകന്‍ നാടുവിട്ട് പോയി. അവന്‍ ഗറില്ലകളോടൊപ്പം ചേര്‍ന്ന് സായുധസമരത്തിലാണ്. അതിന്റെ വില കൊടുക്കേണ്ടിവന്നത് അവന്റെ കുടുംബത്തിനാണ്. ഒരു ദിവസം സൈന്യം പിടിച്ചുകൊണ്ടുപോയ അച്ഛന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത് സ്വന്തം കുതിരപ്പുറത്ത് മൃതദേഹമായിട്ടാണ്.
കൊളംബിയന്‍ ജനതയുടെ ഇഷ്‌ടവിനോദമാണ് ഫുട്‌ബോള്‍. ചിത്രത്തിലെ കുട്ടികള്‍ക്കെല്ലാം ഫുട്‌ബോളിലേ താത്‌പര്യമുള്ളു. മാനുവലിന്റെ കൈയില്‍ എപ്പോഴും പന്ത് കാണാം. ഗോള്‍വലയം കാക്കുന്നവനാണവന്‍. കാറ്റുപോയ പഴയ പന്തും ഒമ്പതാം പിറന്നാളിന് അച്ഛന്‍ വാങ്ങിക്കൊടുത്ത പുത്തന്‍പന്തും ഒരു പ്രതീകമാണ്. തന്റെ ഗ്രാമത്തെ, തന്റെ ജീവിതത്തെയാണവന്‍ ആ പന്തില്‍ കാണുന്നത്. ഫുട്‌ബോളിനോടുള്ള ആസക്തി അവന് ഉപേക്ഷിക്കാനാവുന്നില്ല. അശാന്തിയുടെ പാടത്ത് അനാഥമായിക്കിടക്കുന്ന പുതിയ പന്ത് അവനെ തെല്ലൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്. കുഴിച്ചിട്ട മൈനുകള്‍ ആ പാടത്ത് എവിടെയെല്ലാമോ ഉണ്ടെന്നവനറിയാം. ഏതു നിമിഷവും അവ പൊട്ടാം. പൊട്ടിയാല്‍ പന്നിയെപ്പോലെ മനുഷ്യരും ചത്തുമലച്ചുപോകും. എങ്കിലും, ആ പന്ത് വീണ്ടെടുക്കണമെന്നത് അവന്റെ വാശിയാണ്. ഗറില്ലകളുടെ വെടിയില്‍ തന്റെ അച്ഛന്‍ എല്ലാ ജീവിതകാമനകളും അവസാനിപ്പിച്ചത് അവനറിയുന്നില്ല. അവന്‍ അറിയാതെ വീണ്ടെടുപ്പിന്റെ പ്രതിനിധിയാവുകയാണ്. മരണം പതിയിരിക്കുന്ന പാടത്തുനിന്ന് അവന്‍ പന്ത് വീണ്ടെടുക്കുന്നു. ഒപ്പം, തന്റെ പ്രിയകൂട്ടുകാരന്‍ പൊക്കാ ലൂസിന്റെ കണ്ണടയും. പക്ഷേ, അപ്പോഴേക്കും മാനുവലിന് തന്റെ ജന്മഗ്രാമം നഷ്‌ടപ്പെട്ടിരുന്നു. സ്‌കൂള്‍ രജിസ്റ്ററില്‍ നിന്ന് അവന്റെ കൂട്ടുകാര്‍ ഓരോരുത്തരായി ചുവന്ന വരകളായി അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു.
കുട്ടികളുടെ പക്ഷത്തു നിന്നുള്ള കാഴ്‌ചകളിലൂടെയാണ് സംവിധായകന്‍ ഇതിവൃത്തം മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാ ഭീകരതക്കും സാക്ഷികളാണവര്‍. കാറ്റുപോയ ഒരു പന്തുമായി ആവേശം ഒട്ടും ചോരാതെ കളിക്കുന്ന കുട്ടികളെ കാണിച്ചാണ് സിനിമയുടെ തുടക്കം. അവസാനിക്കുന്നിടത്ത് മാനുവലിന്റെ കൈയില്‍ പുതിയ പന്താണ് നമ്മള്‍ കാണുന്നത്. പക്ഷേ, അവന്‍ ഒറ്റക്കാണ്. ബാല്യത്തിന്റെ വസന്തം ആ പാടങ്ങളില്‍ ഉപേക്ഷിച്ചിട്ടാണ് അവന്‍ പോകുന്നത്. അപരിചിതമായ ഏതോ ഗ്രാമത്തിലേക്ക്.
അരക്ഷിതമായ ജീവിത പശ്ചാത്തലത്തിലും കുട്ടികള്‍ തങ്ങളുടെ ലോകം കണ്ടെത്തുന്നുണ്ട്. സാഹചര്യങ്ങളോട് പൊരുതിനില്‍ക്കാന്‍ അവര്‍ പഠിക്കുന്നു. ഇറാനിയന്‍ സിനിമകളിലെ പ്രായോഗികബുദ്ധികളായ കുട്ടികള്‍ സംവിധായകന്‍ കാര്‍ലോസിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. കുഴിബോംബുകളുടെ സാന്നിധ്യം മാനുവല്‍ തിരിച്ചറിയുന്ന രംഗം ശ്രദ്ധിക്കുക. എല്ലാവരും ഉപേക്ഷിച്ചുപോയ തന്റെ പന്തെടുക്കാന്‍ അവന്‍ മൈതാനത്തെത്തുന്നു. എന്തും സംഭവിക്കാവുന്ന ഒരന്തരീക്ഷം. പക്ഷേ, മാനുവലിന് ഒട്ടും പരിഭ്രമമില്ല. അവന്‍ ഓരോ കല്ല് വീതം മുന്നിലേക്കെറിഞ്ഞ് അവിടെയൊന്നും കുഴിബോംബില്ല എന്ന് ഉറപ്പുവരുത്തിയാണ് പന്തിനടുത്തേക്ക് നീങ്ങുന്നത്. സിനിമയുടെ അന്ത്യം ഇതാ അടുത്തു എന്ന് പ്രേക്ഷകന് തോന്നുന്ന പിരിമുറുക്കമുള്ള നിമിഷങ്ങള്‍. പക്ഷേ, ഒന്നും സംഭവിക്കാതെ മാനുവല്‍ പന്തുമെടുത്ത് പുറത്തുവരുന്നു. ഇതിവൃത്തപരിചരണത്തില്‍ സംവിധായകന്‍ പുലര്‍ത്തുന്ന ഋജുവായ സമീപനം ഇങ്ങനെ എല്ലാ രംഗങ്ങളിലും കാണാം. ഗ്രാമത്തിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന രംഗം എത്ര സൂക്ഷ്‌മമായാണ് അദ്ദേഹം ഒരുക്കിയതെന്ന് ഓര്‍ക്കുക. ജൂലിയാന്റെ അച്ഛന്‍ കൊണ്ടുവരുന്ന പന്നി വിറളി പിടിച്ചോടുന്നതും കുഴിബോംബില്‍ത്തട്ടി അത് ചത്തുവീഴുന്നതും സിനിമയുടെ ഒരു നിര്‍ണായകഘട്ടമാണ്.കഥാഗതിയെ പിന്നീടങ്ങോട്ട് സ്വാധീനിക്കുന്ന ഈ രംഗം വളരെ സ്വാഭാവികതയോടെയാണ് സംവിധായകന്‍ പ്രമേയഘടനയില്‍ ചേര്‍ത്തുവെക്കുന്നത്.