Tuesday, April 19, 2011

മൂന്നു ചരിത്രപുരുഷന്‍മാര്‍

ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ലോക നേതാക്കളായ ഹിറ്റ്‌ലര്‍, ലെനിന്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നിവര്‍ നായകരായ, അലക്‌സാണ്ടര്‍ സൊഖുറോവിന്റെ സിനിമാ ത്രയ(മൊളോഖ്‌, റ്റോറസ്‌, ദ സണ്‍)ത്തെക്കുറിച്ച്‌



പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌ ഓരോ മനുഷ്യനിലും ഓരോ ജീവിതം കാണുന്നു. ഈ ജീവിതങ്ങളെല്ലാം തന്റെ സിനിമയ്‌ക്ക്‌ വിഷയമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. സാധാരണക്കാര്‍ മുതല്‍ ലോകനേതാക്കള്‍ വരെ സൊഖുറോവിന്റെ ക്യാമറയ്‌ക്കുമുന്നില്‍ വന്നു നില്‍ക്കുന്നു. സൂക്ഷ്‌മതയോടെ, ആര്‍ദ്രതയോടെ ആ മനുഷ്യരുടെ മനസ്സിലേക്ക്‌ അദ്ദേഹം പതുക്കെ കടന്നുചെല്ലുന്നു. പ്ര
സൊഖുറോവ്‌ ഒരു സിനിമാത്രയം തീര്‍ത്തിട്ടുണ്ട്‌. മൂന്നു വ്യത്യസ്‌തഭാഷകളിലാണീ സിനിമകള്‍. ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ലോക നേതാക്കളാണ്‌ നായക കഥാപാത്രങ്ങള്‍. ഹിറ്റ്‌ലര്‍, ലെനിന്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നീ ചരിത്രപുരുഷന്മാരാണ്‌ സിനിമാ ത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. മൊളോഖ്‌ (Moloch -ജര്‍മന്‍), റ്റോറസ്‌ (Taurus-റഷ്യന്‍), ദ സണ്‍ (The Sun-ജാപ്പനീസ്‌) എന്നിവയാണീ ചിത്രങ്ങള്‍.
ഹിറ്റ്‌ലറിലാണ്‌ തുടക്കം. ഹിറ്റ്‌ലറും കാമുകി ഈവാ എന്ന അന്ന പൗളോ ബ്രൗണും പ്രധാന കഥാപാത്രങ്ങളായ `മൊളോഖ്‌ പുറത്തുവന്നത്‌ 1999-ലാണ്‌. ക്രൂരതകൊണ്ട്‌ ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറെയല്ല `മൊളോഖി'ല്‍ നമ്മള്‍ കാണുന്നത്‌. 16 കൊല്ലം വെപ്പാട്ടിയാക്കിവെച്ച ഈവയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ചൂളിപ്പോകുന്ന ഭീരുവിനെയാണ്‌. സ്‌തുതിപാഠകര്‍ ഊതിവീര്‍പ്പിച്ച വ്യക്തിത്വമാണ്‌ ഹിറ്റ്‌ലറുടേതെന്ന്‌ തുറന്നടിക്കാന്‍ ഈവാ ബ്രൗണ്‍ ധൈര്യം കാട്ടുന്നു. ഹിറ്റ്‌ലറുടെ നാട്യങ്ങളെ അവള്‍ കുത്തിപ്പൊട്ടിക്കുന്നു. ഹിറ്റ്‌ലര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അവള്‍ക്ക്‌ ജീവിതം. ആല്‍പ്‌സ്‌ പര്‍വതനിരകളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കൊട്ടാരത്തില്‍ ഏകാന്തവാസം നയിക്കുകയായിരുന്നു ഈവ. വല്ലപ്പോഴുമാണ്‌ ഹിറ്റ്‌ലര്‍ പരിവാരസമേതം ആ കൊട്ടാരത്തില്‍ വരുന്നത്‌. അത്തരമൊരു സന്ദര്‍ശനമാണ്‌ സൊഖുറോവ്‌ `മൊളോഖി'ന്‌ വിഷയമാക്കുന്നത്‌. മരണത്തെ കീഴടക്കുമെന്ന്‌ വീമ്പിളക്കുന്ന ഹിറ്റ്‌ലറെ കണക്കിന്‌ പരിഹസിച്ച്‌, തന്റെ ഏകാന്തതയിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌ ഈവ.
രണ്ടാമത്തെ ചിത്രമായ `റ്റോറസ്‌ ' 2001-ലാണ്‌ ഇറങ്ങിയത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിച്ചിട്ടുണ്ട്‌ ഈ ചിത്രം. സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വ്‌ളാഡിമിര്‍ ലെനിന്റെ അന്ത്യനാളുകളാണ്‌ ഇതിന്റെ പ്രമേയം. നേതൃസ്ഥാനമൊഴിഞ്ഞ്‌, രോഗിയായി തന്റെ എസ്റ്റേറ്റില്‍ മരണം കാത്തുകഴിയുകയാണ്‌ ലെനിന്‍. ഭാര്യയും സഹോദരിയും ഏതാനും സൈനികരും പരിചാരകരുമാണ്‌ അദ്ദേഹത്തിന്‌ കൂട്ട്‌. നിത്യവും പതിന്നാലും പതിനാറും മണിക്കൂര്‍ അക്ഷീണനായി പ്രവര്‍ത്തിച്ചിരുന്ന ലെനിന്റെ വലതുഭാഗം അപ്പാടെ പക്ഷാഘാതത്താല്‍ തളര്‍ന്നുപോയിരിക്കുന്നു. കിടക്കയിലും ചക്രക്കസേരയിലുമായി വീണുപോയിരിക്കുന്നു ആ ജീവിതം. ആത്മഗതങ്ങളും പരിഭവങ്ങളുമായി നാളുകള്‍ തള്ളിനീക്കുകയാണ്‌ 53 കാരനായ ലെനിന്‍. ആരും അദ്ദേഹത്തിന്‌ കത്തയയ്‌ക്കുന്നില്ല. പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കുന്നില്ല. ടെലിഫോണ്‍ ബന്ധമില്ല. സന്ദര്‍ശകരുമില്ല. ഒടുവില്‍ ജോസഫ്‌ സ്റ്റാലിന്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു. തന്നെ ഒറ്റപ്പെടുത്തിയ പാര്‍ട്ടിയോട്‌ താന്‍ വിഷം ചോദിക്കാന്‍ പോവുകയാണെന്ന്‌ ലെനിന്‍ സ്റ്റാലിനോട്‌ പറയുന്നു. പാര്‍ട്ടി വക ഒരു ഊന്നുവടി സമ്മാനിച്ചാണ്‌ സ്റ്റാലിന്‍ തിരിച്ചുപോകുന്നത്‌. വന്നതാരെന്ന്‌ പിന്നീട്‌ ചോദിക്കുമ്പോള്‍ ലെനിന്‌ തന്റെ വിശ്വസ്‌തന്റെ പേര്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. ഏതോ ജോര്‍ജിയക്കാരന്‍, അല്ലെങ്കില്‍ ജൂതന്‍ എന്നാണ്‌ ലെനിന്‍ മറുപടി പറയുന്നത്‌.

കുട്ടിക്കാലത്തേക്കും അമ്മയുടെ ഓര്‍മകളിലേക്കും ഇടയെ്‌ക്കാക്കെ തിരിച്ചുപോകുമ്പോഴാണ്‌ ലെനിന്‌ ആശ്വാസം. മഴയുടെ സംഗീതം ആസ്വദിച്ചിരുന്ന കുട്ടിക്കാലം. മഴയും ഇടിയും മാലാഖമാരുടെ പാട്ടാണെന്നാണ്‌ അമ്മ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്‌. കുട്ടികള്‍ക്കേ ആ പാട്ട്‌ കേള്‍ക്കാനാവൂവത്രെ. കുട്ടിക്കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ്‌ `റ്റോറസി'ന്റെ തുടക്കം. ആസന്നമായ മരണത്തിന്റെ സൂചന നല്‍കി അവസാനഭാഗത്ത്‌ അമ്മ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലോടല്‍, അമ്മയുടെ മണം. എല്ലാം ലെനിന്‌ വീണ്ടും അനുഭവിക്കാന്‍ കഴിയുന്നു. തന്റെ വല്ലായ്‌മകളെപ്പറ്റി മകന്‍ അമ്മയോട്‌ പരിഭവം പറയുന്നു. ``ജീവിതത്തില്‍ രോഗങ്ങളല്ലാതെ നീയൊന്നും നേടിയിട്ടില്ലെ''ന്ന്‌ അമ്മ പറയുമ്പോള്‍ ``ഞാന്‍ ചരിത്രം രചിച്ചില്ലേ'' എന്നാണ്‌ ലെനിന്‍ തിരിച്ചു ചോദിക്കുന്നത്‌.
രോഗം തളര്‍ത്തി നിസ്സഹായനാക്കിയ ലെനിനെ സഹാനുഭൂതിയോടെയാണ്‌ സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. ചരിത്രത്തില്‍ തന്റെ സ്ഥാനമെന്തെന്ന്‌ ലെനിന്‌ എപ്പോഴും ബോധ്യമുണ്ട്‌. ആ ബോധാവസ്ഥ ഉടനെ നഷ്‌ടപ്പെടും എന്നദ്ദേഹത്തിനറിയാം. ഒരു മാസത്തിനകം സ്വന്തം പേര്‌ ഓര്‍ക്കാന്‍പറ്റാതാവും. രണ്ടുമാസത്തിനകം താന്‍ ആരാണെന്നതും മറന്നുപോകും എന്ന്‌ ലെനിന്‍ ഭയപ്പെടുന്നുണ്ട്‌. ശവതുല്യരായ രണ്ട്‌ വൃദ്ധരാണ്‌ താനും ഭാര്യയും എന്ന്‌ ലെനിന്‍ ആത്മനിന്ദയോടെ വിലപിക്കുന്നു.
എപ്പോഴും ജനങ്ങളെപ്പറ്റി ഉത്‌കണ്‌ഠയുണ്ട്‌ ലെനിന്‌. ``പാര്‍ട്ടിയിലെ തിരുത്തല്‍ രേഖകളെക്കൊണ്ട്‌ സഹികെട്ടു'' എന്ന്‌ സ്റ്റാലിന്‍ കുറ്റപ്പെടുത്തുമ്പോള്‍ ലെനിന്‍ സംസാരിക്കുന്നത്‌ രാജ്യത്തെ ക്ഷാമത്തെക്കുറിച്ചാണ്‌. ജനങ്ങള്‍ പട്ടിണികൊണ്ട്‌ മരിക്കുമ്പോള്‍ താനും ഭാര്യയും സുഖിക്കുകയാണെന്ന്‌ അദ്ദേഹം ഖേദിക്കുന്നു.

സിനിമാ ത്രയത്തിലെ അവസാന ചിത്രമാണ്‌ `ദ സണ്‍'. 2005-ലാണിത്‌ റിലീസായത്‌. ബര്‍ലിന്‍, ന്യൂയോര്‍ക്ക്‌ മേളകളില്‍ കാണിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യനാളുകളിലെ ജപ്പാനാണ്‌ സിനിമയുടെ പശ്ചാത്തലം. അന്നത്തെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോയുടെ ഒരു ദിവസമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.
രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറോടും മുസ്സോളിനിയോടുമൊപ്പം ചേര്‍ന്ന്‌ സോവിയറ്റ്‌, യു.എസ്‌. ബ്രിട്ടീഷ്‌ സഖ്യസേനയെ്‌ക്കതിരെ പൊരുതിയ രാജ്യമാണ്‌ ജപ്പാന്‍. തലസ്ഥാനമായ ടോക്യോവിലെ കൊട്ടാരത്തില്‍ സുരക്ഷിതമായ ബങ്കറിലാണ്‌ ഹിരോഹിതോ. അമേരിക്കന്‍ സേന ടോക്യോവിലെത്തിക്കഴിഞ്ഞു. ജപ്പാന്‍ നിരുപാധികം കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കയാണ്‌. കീഴടങ്ങല്‍ പ്രഖ്യാപിക്കുന്ന ദിവസത്തെ ഹിരോഹിതോ ചക്രവര്‍ത്തിയെയാണ്‌ സൊഖുറോവിന്റെ ക്യാമറ പിന്തുടരുന്നത്‌.
ജപ്പാന്‍ ജനതയ്‌ക്ക്‌ ദൈവതുല്യനായിരുന്നു ഹിരോഹിതോ. സൂര്യദേവതയുടെ പിന്‍ഗാമിയായാണ്‌ ജനം അദ്ദേഹത്തെ കണ്ടിരുന്നത്‌. എന്നാല്‍, യുദ്ധത്തിലെ തോല്‍വിയോടെ തന്റെ ദിവ്യപരിവേഷം സ്വയം നിരാകരിക്കുകയാണ്‌ ഹിരോഹിതോ. മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യനാണ്‌ താനെന്ന്‌ ചക്രവര്‍ത്തി പ്രഖ്യാപിക്കുന്നു. ജപ്പാന്‍ ജനതയെ ഞെട്ടിപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്‌.
അധികാരത്തിന്റെ എല്ലാ അഹന്തയും വറ്റിപ്പോയ ഒരു സാധാരണ മനുഷ്യനെയാണ്‌ സൊഖുറോവ്‌ അവതരിപ്പിക്കുന്നത്‌. `മൊളോഖി'ലെ ഹിറ്റ്‌ലറില്‍ നിന്ന്‌ വ്യത്യസ്‌തനാണ്‌ ഹിരോഹിതോ. `മൊളോഖി'ല്‍ വിഷണ്ണനും അസ്വസ്ഥനുമായ ഹിറ്റ്‌ലറെയാണ്‌ നമ്മള്‍ കാണുന്നത്‌. ഹിരോഹിതോ ആകട്ടെ ശാന്തനാണ്‌. ദൈവികതയില്‍ നിന്ന്‌ മാനവികതയിലേക്ക്‌ ഇറങ്ങിവരികയാണ്‌ അദ്ദേഹം. മൃതഭൂമിയായിക്കഴിഞ്ഞ ടോക്കിയോ നഗരത്തിന്റെ കാഴ്‌ച അദ്ദേഹത്തെ ഞെട്ടിക്കുന്നു. ഇനി സമാധാനമാണ്‌ വേണ്ടത്‌ എന്നദ്ദേഹം ഉറപ്പിക്കുന്നു.
സിനിമ ആശയവിനിമയോപാധി മാത്രമല്ലെന്ന്‌ സൊഖുറോവ്‌ പറയുന്നു. അത്‌ മറ്റൊരു ജീവിതം തന്നെയാണ്‌. ചരിത്രത്തിലോ ചരിത്രസംഭവങ്ങളിലോ അദ്ദേഹത്തിന്‌ വലിയ താത്‌പര്യമില്ല. മനുഷ്യരിലാണ്‌ താത്‌പര്യം. രാഷ്ട്രീയവും അധികാരവും കൈയില്‍ വരുമ്പോള്‍ മനുഷ്യന്‍ എങ്ങനെ ദുഷിക്കുന്നു എന്നോര്‍ത്ത്‌ വേദനിക്കുകയാണ്‌ സൊഖുറോവ്‌. ആ വേദനയാണ്‌ സിനിമാ ത്രയത്തില്‍ അദ്ദേഹം പകര്‍ത്തുന്നത്‌.