Thursday, December 12, 2013

കവിയെ കൊല്ലുമ്പോൾ

കുർദ് ദേശീയതയുടെ 
വക്താവായ സംവിധായകൻ 
ബഹ്മൻ ഗൊബാദി 
ഇറാനിയൻ ഭരണകൂടത്തിന്റെ രോഷത്തിനിരയായ 
ഒരു കവിയുടെ മനസ്സിലേക്ക് 
ചുഴിഞ്ഞിറങ്ങുകയാണ് 
'റൈനോ സീസൺ ' 
എന്ന സിനിമയിൽ 


12 കൊല്ലംകൊണ്ട് ഇറാനിയൻ കുർദിഷ് സംവിധായകൻ ബഹ്മൻ ഗൊബാദി സംവിധാനം ചെയ്തത് ആറു ചിത്രങ്ങൾ. എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്‌സസ് ( 2000 ), മറൂൺഡ് ഇൻ ഇറാഖ് ( 2002 ) ,  ടർട്ട്ൽസ് കാൻ ഫ്‌ളൈ ( 2004 ), ഹാഫ് മൂൺ ( 2006 ), നോവൺ നോസ് എബൗട്ട് ദ പേഴ്‌സ്യൻ ക്യാറ്റ്‌സ് ( 2009 ), റൈനോ സീസൺ ( 2012 ) എന്നിവയാണീ ചിത്രങ്ങൾ.  പ്രശസ്ത സംവിധായകനായ അബ്ബാസ് കിരോസ്തമിയെപ്പോലെ ഗൊബാദിയും ഇപ്പോൾ മാതൃരാജ്യമായ ഇറാനു പുറത്താണ്. തങ്ങളുടെ സർഗാത്മകതയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്താണിവരിപ്പോൾ. തന്റെ യഥാർഥ വിചാരങ്ങൾ സിനിമയിൽ പ്രകടിപ്പിക്കാൻ കഴിയുന്നത് ഇപ്പോഴാണെന്ന് കിരോസ്തമിയെപ്പോലെ ഗൊബാദിയും ഏറ്റുപറയുന്നു. 2009 ലാണ് ഗൊബാദി ഇറാൻ വിട്ടത്. അതിരഹസ്യമായി ചിത്രീകരിച്ച ' നോവൺ നോസ് എബൗട്ട് ദ പേഴ്‌സ്യൻ ക്യാറ്റ്‌സ് ' ആണ് അദ്ദേഹം ഇറാനിൽ ചെയ്ത അവസാനചിത്രം. ആറാമത്തെ ചിത്രമായ ' റൈനോ സീസൺ ' ( Rhino season)  പൂർണമായും തുർക്കിയിലാണ് ചിത്രീകരിച്ചത്. തുർക്കിയിലെ ഇസ്താംബുളിലാണിപ്പോൾ ഗൊബാദി മനസ്സമാധാനത്തോടെ ജീവിക്കുന്നത്.


        എന്തുതരം സിനിമയാണോ താനാഗ്രഹിച്ചത് അതാണിപ്പോൾ ഉണ്ടാക്കുന്നതെന്ന് ഗൊബാദി ഒരഭിമുഖത്തിൽ തുറന്നു പറയുന്നു. ഇറാനിലെ സാംസ്‌കാരിക മന്ത്രാലയത്തിൽ ഇപ്പോൾ സിനിമയുടെ തിരക്കഥയുമായി അനുമതി തേടി കയറിയിറങ്ങേണ്ട.പുതിയൊരാളായി മാറിക്കഴിഞ്ഞു താൻ. തനിക്കിപ്പോൾ നാലു വയസ്സേയുള്ളു. പുതുജന്മമാണിത്. സ്വതന്ത്രലോകത്താണ് താനിപ്പോൾ. മറ്റു അഞ്ചു സിനിമകളിൽ നിന്നും വ്യത്യസ്തമാണ്  'റൈനോ സീസൺ '. ഇത് വെറും വൈയക്തിക സിനിമയാണെന്ന് ഗൊബാദി സാക്ഷ്യപ്പെടുത്തുന്നു. 'എന്റെ ആത്മാവിൽ നിന്നും ജീവിതത്തിൽ നിന്നുമാണ് ഞാനീ സിനിമയെടുത്തത്. ഇറാൻ വിട്ടതിനു ശേഷമുള്ള വർഷങ്ങളിലെ നിശ്ശബ്ദത എന്നെ ഭ്രാന്തു പിടിപ്പിച്ചു. ആത്മാവിനെ ആശ്വസിപ്പിക്കാനുള്ളതാണ് സിനിമ എന്ന് ഞാനാദ്യമായി മനസ്സിലാക്കുന്നു. അതിജീവനത്തിനുവേണ്ടിയാണീ സിനിമ. ഞാനൊരു കവിയോ എഴുത്തുകാരനോ പെയിന്ററോ ആയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. പേനയോ ബ്രഷോ മതി. ചലച്ചിത്രകാരന് ഒരുപാട് ഘടകങ്ങൾ ഒത്തുവന്നാലേ സിനിമയെടുക്കാനാവൂ. ഈ സിനിമ മറ്റുള്ളവർക്കുവേണ്ടിയല്ല. എന്റെ ആത്മാവിന്റെ സംതൃപ്തിക്കായാണ്. എന്റെ ആത്മാവിനെത്തന്നെയാണിത് പ്രതിഫലിപ്പിക്കുന്നത് '.- ഗൊബാദി പറയുന്നു.
      'റൈനോ സീസൺ '  ഒരു കവിയുടെ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കവിത തന്നെയാണ്. കവിയുടെ യഥാർഥലോകവും കാവ്യലോകവും തമ്മിലുള്ള ലോലമായ അതിർവരമ്പ് ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നതായി പലപ്പോഴും തോന്നാം. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. എല്ലാം ബോധപൂർവമാണ്. ഗൊബാദിയുടെ പതിവ് ശൈലിയിൽ നിന്നു വിട്ട് ദുർഗ്രഹമെന്നുവരെ തോന്നാവുന്ന രംഗങ്ങൾ ' റൈനോ സീസണി ' ൽ കാണാം.
         ഇറാനിലെ ഇസ്ലാമിക റിപ്പബഌക് ഭരണകൂടം ജയിലിലടച്ച ഇറാനിയൻ-കുർദു കവിയും ഗ്രന്ഥകാരനുമായ  സാദെഹ് കാമൻഗാറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണീ സിനിമയെടുത്തത്. 27 വർഷമാണ് സാദെഹ് തടവിൽ കിടന്നത്. ഇതിനിടയിൽ അദ്ദേഹം മരിച്ചുപോയെന്ന് ഭരണകൂടം കള്ളക്കഥ മെനഞ്ഞ് കുടുംബത്തെ വിശ്വസിപ്പിച്ചു. വ്യാജശവകുടീരവും സർക്കാർ നിർമിച്ചു. രാഷ്ട്രീയകവിതകളെഴുതിയെന്ന കുറ്റം ചുമത്തി കൊല്ലാക്കൊല ചെയ്ത സാദെഹിന്റെ തിക്താനുഭങ്ങളിൽ നിന്നാണ് ഈ സിനിമ പിറന്നത്.
   ഇറാനിലെ എല്ലാ രാഷ്ട്രീയത്തടവുകാർക്കുമായാണ് ഗൊബാദി  ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്.
     
2009 ലെ ശരത്കാലത്ത് ഇറാനിലാണ് കഥ തുടങ്ങുന്നത്. സഹേൽ ഫർസാൻ എന്ന കവിയെ തടവറയിൽ നിന്ന് മോചിപ്പിക്കുകയാണ്. മുപ്പതു വർഷത്തിനുശേഷമാണ് മോചനം. പുറത്തുവരുന്ന അദ്ദേഹം ആദ്യം പോകുന്നത് തന്റെ കവിതകൾക്ക് എന്നും പ്രചോദനമായിരുന്ന ആ കൂറ്റൻ മരത്തിനരികിലേക്കാണ്. സഹേൽ ആ മരത്തോട് സംസാരിക്കുമായിരുന്നു. മരം തിരിച്ചും. മണിക്കൂറുകളോളം കവി ആ മരത്തോട് ചേർന്നിരിക്കും. എഴുതും.  ' ദ റൈനോസ് ലാസ്റ്റ് പോയം ' ( കാണ്ടാമൃഗത്തിന്റെ അന്ത്യകവിത ) എഴുതിയത് താനും ആ മരവും ചേർന്നാണെന്ന് അദ്ദേഹം പറയും. തന്നിലെ  കവി മരിച്ചുപോയിരിക്കുന്നു. മനസ്സിൽ കവിത മരിച്ചാൽ കെട്ടുനാറുമെന്ന് അദ്ദേഹത്തിന്  ബോധ്യപ്പെടുന്നു. തടവിൽ നിന്ന് പുറത്തുവന്നെങ്കിലും താൻ മോചിതനായിട്ടില്ല.  തന്റേതായ അടയാളങ്ങളെല്ലാം അവർ മായ്ച്ചിരിക്കുന്നു. താൻ മരിച്ചുപോയെന്ന് വിളംബരം ചെയ്തിരിക്കുന്നു. ആർക്കുമറിയില്ല താൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന്. ഇവിടെനിന്ന് കവിയുടെ അന്വേഷണം തുടങ്ങുകയായി. തന്നോടൊപ്പം പത്തു വർഷം ജയിലിൽ കിടന്ന ഭാര്യ മിനയെവിടെ എന്നറിയണം.  കേണലിന്റെ മകളാണവൾ. ഷായ്‌ക്കെതിരെ  വിപഌവം നടന്നകാലത്ത്  എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങുമ്പോഴും ഒരിക്കൽപ്പോലും അവൾ ഭർത്താവിനെ തള്ളിപ്പറഞ്ഞില്ല.  അവൾ ജയിൽമോചിതയായി തുർക്കിയിലെ ഇസ്താംബുളിലേക്കു പോയതായി വിവരം കിട്ടി. കവി അവിടെയെത്തുന്നു. കഠിനമായ ജീവിതം അദ്ദേഹത്തിന് വേറെയും വേദനകൾ കരുതിവെച്ചിരുന്നു. ജയിലിൽ നിന്ന് രണ്ടു പെൺകുട്ടികളെയും കൊണ്ടാണ് മിന പുറംലോകത്തെത്തിയത്. അത് ആരുടെ മക്കൾ? ഇരുവരുടെയും  ജീവിതത്തിലേക്ക് ഒരു എട്ടുകാലിയെപ്പോലെ കടന്നുവന്ന് ക്രൂരതയുടെ വല നെയ്തവനാണ്  അക്ബർ എന്ന ഇറാനിയൻ വിപഌവഗാർഡ്. അയാൾക്ക് പണ്ടേ മിനായിൽ കണ്ണുണ്ടായിരുന്നു. മിനായെ വിടാതെ പിന്തുടർന്നിരുന്നു അയാൾ. കവിയും ഭാര്യയും നേരിടേണ്ടിവന്ന എല്ലാ പീഡനങ്ങൾക്കും പിന്നിൽ അയാളായിരുന്നെന്ന് നമ്മൾ പിന്നീടറിയുന്നു. ജയിലിൽവെച്ചുപോലും അയാൾ അവരോട് ക്രൂരത കാട്ടി. കുട്ടികൾ രണ്ടും തന്റേതാണെന്നാണ് അയാളുടെ  അവകാശവാദം. പക്ഷേ, മിന അത് വകവെച്ചുകൊടുക്കുന്നില്ല. പിതാവ് മരിച്ചുപോയെന്നാണ് മിന മക്കളോട് പറയുന്നത്.  വാർധക്യത്തിൽ അക്ബറിനും  ഒറ്റപ്പെടൽ സഹിക്കാനാവുന്നില്ല. മക്കളെ തനിക്ക് തന്ന് മിന എവിടേക്കു പോയാലും അയാൾക്ക് എതിർപ്പില്ലായിരുന്നു. ഒടുവിൽ എല്ലാറ്റിനും കണക്കു പറയാൻ കവി ദൃഢനിശ്ചയമെടുക്കുന്നു.
     കുർദ് ദേശീയതയുടെ വക്താവായ ഗൊബാദിയുടെ ആദ്യത്തെ നാലു ചിത്രങ്ങളിലും ഗ്രാമകേന്ദ്രീകൃതമായ ഇതിവൃത്തമായിരുന്നു. അഞ്ചാമത്തേതിൽ നഗരത്തിലേക്ക് മാറി.  ടെഹ്‌റാനായിരുന്നു ഈ ചിത്രത്തിലെ പശ്ചാത്തലം. ആറാമത്തേതിൽ  ഇസ്താംബുളും. വിവിധ രാജ്യങ്ങളിലായി കഴിയുന്ന 40 ലക്ഷത്തോളം കുർദു വംശജരുടെ ജീവിതമാണ് തന്റെ ആദ്യചിത്രങ്ങളിൽ ഗൊബാദി വിഷയമാക്കിയത്.  യുദ്ധത്തിനിരയാകുന്ന കുട്ടികളിലൂടെ കുർദ് ജനതയുടെ ജീവിതയാതനകളെ പുറംലോകത്തിന് കാട്ടിക്കൊടുക്കാനാണ് ഈ സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധിച്ചത്. കുർദ് ഭാഷയിലെ ആദ്യത്തെ ഫീച്ചർ സിനിമ ( എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്‌സസ് )  ഗൊബാദിയുടേതാണ്. ഏതൊരു കുർദ് വംശജനെയുംപോലെ അദ്ദേഹവും തികഞ്ഞ സദ്ദാം വിരുദ്ധനാണ്. തന്റെ ജനതയുടെ എല്ലാ ദുരിതങ്ങൾക്കും കാരണക്കാരൻ സദ്ദാം ഹുസൈനാണ് എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകളിൽ സദ്ദാമിനെ ഇകഴ്ത്താനും  അദ്ദേഹം മടിച്ചിട്ടില്ല. അഞ്ചാമത്തേയും ആറാമത്തേയും ചിത്രങ്ങളിൽ ഗൊബാദി ഇറാനിലെ രാഷ്ട്രീയാവസ്ഥയെയാണ് വിമർശനത്തിന് വിധേയമാക്കുന്നത്. സ്വന്തം വഴി വെട്ടിത്തുറക്കാനാഗ്രഹിക്കുന്ന സംഗീതകാരന്മാരെയും കവികളെയും ഭരണകൂടം കുഴിവെട്ടി മൂടുകയാണെന്ന് ഗൊബാദി വിലപിക്കുന്നു.
     
തടവറ തുറക്കുന്ന ശബ്ദത്തിലാണ് സിനിമയുടെ തുടക്കം. കവിയുടെ മോചനദിനമാണന്ന്. തറയിൽ, നനഞ്ഞ് മലർന്നുകിടക്കുന്ന കവിയുടെ കണ്ണിലേക്ക് ബൾബുകളിൽ നിന്ന് കടുത്ത വെളിച്ചം കുത്തിക്കയറുന്നു. തുടർന്നങ്ങോട്ട്  കവിയുടെ ഓർമകളിലേക്കും വർത്തമാനകാല യാഥാർഥ്യങ്ങളിലേക്കും ഗൊബാദി നമ്മളെ കൊണ്ടുപോകുന്നു. കവി അധികം സംസാരിക്കുന്നില്ല. പക്ഷേ, ആ മനസ്സിൽ ഇരമ്പുന്ന വലിയൊരു സാഗരം നമുക്ക് കാണാം. അറിയാതെ സ്വന്തം മകളെ പ്രാപിച്ചുപോയതിന്റെ കഠിനവേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാം.
       മുൻസിനിമകളിൽ നിന്ന് വ്യത്യസ്തമായി ജനസഞ്ചയത്തെ വിട്ട് ഒരു വ്യക്തിയുടെ മനസ്സിലേക്ക് സിനിമയുടെ ഇതിവൃത്തം ചുരുക്കിക്കൊണ്ടുവന്നപ്പോഴും ഗൊബാദി വിജയിക്കുന്നതായി നമുക്ക് കാണാം. അഞ്ച് പ്രധാന കഥാപാത്രങ്ങളേ ' റൈനോ സീസണി ' ലുള്ളു. എങ്കിലും, അവരിലൂടെ മനുഷ്യാവസ്ഥയുടെ നിഗൂഢമായ ചുഴികളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ സംവിധായകന് കഴിയുന്നുണ്ട്.  പ്രണയത്തിന്റെ ദൃഢതയും പ്രണയനിരാസത്തിൽ നിന്നുള്ള പകയും ഗൊബാദിയുടെ സിനിമയിൽ കടന്നുവരുന്നത് ഇതാദ്യമാണ്. ഈ വിഷയവും ഭംഗിയായി കൈകാര്യം ചെയ്യാൻ തനിക്കാവും എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

Tuesday, November 5, 2013

സ്‌നേഹബന്ധനം

പ്രവാസിയായ ഇറാനിയൻ സംവിധായകൻ അബ്ബാസ് 
കിരോസ്തമി ജാപ്പനീസ് 
ഭാഷയിലെടുത്ത
'ലൈക്ക് സംവൺ ഇൻ ലവ് ' സ്‌നേഹത്താൽ 
ബന്ധിതരായ ഏതാനും
മനുഷ്യരുടെ കഥ പറയുന്ന

തിയേറ്ററിൽ അലസമായിരുന്ന് സിനിമ കാണുന്നവരോട് ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമിക്ക് ഒട്ടും മതിപ്പില്ല. പ്രേക്ഷകന്റെ എല്ലാ സംശയങ്ങളും തീർത്തുകൊടുക്കലല്ല തന്റെ ജോലി എന്നദ്ദേഹം പറയുന്നു. താൻ പറയാതെ വിട്ട കാര്യങ്ങൾ അവർ തേടിപ്പിടിക്കണം. അവയെ പരസ്പരം ബന്ധിപ്പിക്കണം. അങ്ങനെ ആസ്വാദനത്തിന്റെ പുതിയ മേഖലകൾ പ്രേക്ഷകൻ സ്വയം കണ്ടെത്തണം. അപ്പോഴേ ഒരു സിനിമ പൂർത്തിയാവൂ. ഒരു ഡോക്ടർ എക്‌സ്‌റേ എടുക്കുമ്പോലെ താൻ കഥാപാത്രങ്ങളുടെ ഉൾച്ചിത്രമെടുക്കുകയാണെന്ന് കിരോസ്തമി പറയുന്നു. അവർക്കൊന്നും ദേശമില്ല, പ്രത്യേക ഭാഷയില്ല. തന്റെതന്നെ മറ്റൊരു രൂപമാണവർ. 

  ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ നാല്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് കിരോസ്തമി. ഇവയിൽ മിക്കതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയവയാണ്. കവി, ഫോട്ടോഗ്രാഫർ, പെയിന്റർ, ഗ്രാഫിക് ഡിസൈനർ, തിരക്കഥാകൃത്ത്, ഫിലിം എഡിറ്റർ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് കിരോസ്തമി . അദ്ദേഹം ഇപ്പോൾ പ്രവാസിയാണ്. ഏറ്റവുമൊടുവിലത്തെ രണ്ടു സിനിമകളും ചെയ്തത് വിദേശത്തുവെച്ചാണ്. ഏതു പ്രായത്തിലും, എവിടെയായിരുന്നാലും, അദ്ദേഹത്തിന് സിനിമയെടുക്കാതിരിക്കാനാവില്ല. ഇറാൻ മണ്ണിലാണ് വേരുകളെങ്കിലും അദ്ദേഹത്തിന്റെ അനുഭവശാഖകൾ അതിരുകൾ ഭേദിച്ചു വളരുകയാണ്. എഴുപത്തിമൂന്നാം വയസ്സിലും കിരോസ്തമിയുടെ ജീവിതം സിനിമയാണ്. പിറന്ന മണ്ണിലേക്ക് തിരിച്ചുപോകാനാവും എന്നുതന്നെയാണ് കിരോസ്തമി വിശ്വസിക്കുന്നത്. ഭരണകൂടത്തിന്റെ അപ്രീതി എന്നെങ്കിലും മാറാതിരിക്കില്ല. ടെഹ്‌റാനിൽ ചെയ്യേണ്ട ഒട്ടേറെ കഥകൾ മനസ്സിലുണ്ട്. അത് മറ്റെവിടെയും ചെയ്യാനാവില്ല. നാട്ടിലിരുന്നുകൊണ്ട് നാടിന്റെ കഥ പറയണം. അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്തായാലും, തത്കാലം അത് സാധ്യമല്ല. പക്ഷേ, അത് നടക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 
  2008 ൽ ഇറങ്ങിയ ' ഷിറീൻ ' എന്ന ഇറാനിയൻ ചിത്രത്തിനുശേഷം രണ്ടു ചിത്രങ്ങളേ കിരോസ്തമി സംവിധാനം ചെയ്തിട്ടുള്ളു. 2010 ൽ ' സർട്ടിഫൈഡ് കോപ്പി'(Certified copy)യും 2012ൽ 'ലൈക്ക് സംവൺ ഇൻ ലവും' (Like someone in love). ഇവ രണ്ടും വിദേശഭാഷകളിലാണ്. ഒന്ന് ഇറ്റാലിയനും മറ്റേത് ജാപ്പനീസും. രണ്ടിലും കിരോസ്തമിയുടെ തനത് മുദ്ര കാണാം. കലയെയും ജീവിതത്തെയുംകുറിച്ചുള്ള ചില ചിന്തകളാണ് ' സർട്ടിഫൈഡ് കോപ്പി ' യിൽ നമ്മൾ കണ്ടത്. കലാനിരൂപകനായ ഒരു ബ്രിട്ടീഷുകാരനും ആർട്ട് ഗാലറി ഉടമയായ ഒരു ഫ്രഞ്ചു വനിതയും തമ്മിൽ കണ്ടുമുട്ടുന്നതും ഏതാനും മണിക്കൂർ ഒരുമിച്ച് ചെലവഴിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലമായി വരുന്നത്. തീർത്തും അപരിചിതരായ ഇവരെ ഭാര്യാഭർതൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുപോകുന്ന മാസ്മരികതയാണ് കിരോസ്തമി ഇതിൽ കാണിക്കുന്നത്. 2010 ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമയാണിത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും പകർപ്പും അന്വേഷിക്കുകയാണ് സംവിധായകൻ. ' ലൈക്ക് സംവണ്ണി ' ലും ജീവിതത്തിന്റെ നിഗൂഢവഴികളിലൂടെയാണ് കിരോസ്തമിയുടെ യാത്ര. അപരിചിതരായ മനുഷ്യരെ പൊടുന്നനെ തീവ്രബന്ധത്തിന്റെ അദൃശ്യകരങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയാണ് അദ്ദേഹം ഈ രണ്ടു ചിത്രങ്ങളിലും. 

  പഠനത്തിനുള്ള ചെലവ് കണ്ടെത്താൻ കോൾഗേളിന്റെ വേഷമിടുന്ന അകികോ എന്ന കോളേജ് വിദ്യാർഥിനിയാണ് ' ലൈക്ക് സംവൺ ഇൻ ലവി ' ലെ കേന്ദ്ര കഥാപാത്രം. സോഷ്യോളജിയാണ് അവളുടെ പഠനവിഷയം.നിഷ്‌കളങ്കമായ പെരുമാറ്റമാണവളുടേത്. അവൾ മറ്റൊരാളെപ്പോലെയുണ്ടെന്ന് എല്ലാ ദിവസവും ഏതെങ്കിലുമൊരാൾ അവളോട് പറയാറുണ്ട്. അതവൾ ശരിക്കും ആസ്വദിക്കുന്നു. പാതിവഴിക്ക് പഠനം നിർത്തി കാർവർക്ക്‌ഷോപ്പ് നടത്തുന്ന ഹിഗുച്ചി നൊരിയാക്കി എന്ന ചെറുപ്പക്കാരനുമായി അവൾ പ്രണയത്തിലാണ്. അവന്റെ നിരന്തര സമ്മർദമുണ്ടായിട്ടും വിവാഹത്തിന് അവൾ സമ്മതം മൂളുന്നില്ല. അവന് അവളുടെ മനസ്സ്് പിടികിട്ടുന്നില്ല. എന്നും രാത്രി പത്തുമണിക്കുശേഷം അവളുടെ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന്റെ രഹസ്യവും അവന് മനസ്സിലാകുന്നില്ല. എഴുത്തുകാരനും വിരമിച്ച സർവകലാശാലാ അധ്യാപകനുമായ പ്രൊഫസർ വത്തനാബ തകാഷി എന്ന വയോധികന്റെ അടുത്ത് ഒരു രാത്രി അകികോ അന്തിയുറങ്ങാൻ ചെല്ലുന്നിടത്താണ് സിനിമയുടെ തുടക്കം. ഏകാന്തതയുടെ മടുപ്പിൽ നിന്ന് രക്ഷപ്പെടാൻ സംസാരിച്ചിരിക്കാൻ ഒരാൾ. പ്രൊഫസർക്ക് അതേവേണ്ടൂ. അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഒരു ഇടനിലക്കാരനാണ് അകികോയെ നിർബന്ധിച്ച് പ്രൊഫസറുടെ അടുത്തേക്ക് വിടുന്നത്. അവൾക്കാണെങ്കിൽ അന്ന് എവിടെയും പോകാൻതാത്പര്യമുണ്ടായിരുന്നില്ല. അവളുടെ മുത്തശ്ശി അന്നു രാത്രി ടോക്കിയോവിൽ എത്തുന്നുണ്ട്. കുറഞ്ഞ സമയമേ അവർ അവിടെയുണ്ടാകൂ. അതിനിടക്ക് അവർക്ക് പേരക്കുട്ടിയെ ഒന്നു കാണണമെന്നുണ്ട്. അകികോ അന്ന് കസ്റ്റമറെ സ്വീകരിക്കാതിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്ത ദിവസം അവൾക്ക് പരീക്ഷയാണ്. അതിന് തയ്യാറെടുക്കണം. പക്ഷേ, അവളുടെ ചെറുത്തുനിൽപ്പ് വിലപ്പോയില്ല. മനസ്സില്ലാമനസ്സോടെ അവൾ പ്രൊഫസറുടെ അടുത്തേക്ക് പോകുന്നു. പ്രൊഫസർ അവൾക്ക് വൈനും മുന്തിയ ചെമ്മീൻസൂപ്പുമൊക്കെ കരുതിവെച്ചിരുന്നു. എന്നാൽ, അവൾക്കതൊന്നും വേണ്ട. അവൾ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പ്രൊഫസർ അസ്വസ്ഥനാകുന്നു. അവളെ സ്വസ്ഥമായി ഉറങ്ങാൻ വിടുന്നു അയാൾ. പിറ്റേന്ന് രാവിലെ പരീക്ഷയെഴുതാൻ അവളെയുംകൊണ്ട് പ്രൊഫസർ കോളേജിലേക്ക് പോകുന്നു. പ്രൊഫസറെക്കണ്ട കാമുകൻ ഹിഗുച്ചി അയാൾ അകികോയുടെ മുത്തശ്ശനാണെന്ന് തെറ്റിദ്ധരിക്കുന്നു. ഇവിടെ തനിക്ക് പുതിയൊരു വേഷം കിട്ടിയതായി പ്രൊഫസർക്ക് തോന്നുന്നു. പിന്നീടദ്ദേഹം അവളുടെ മുത്തശ്ശനും രക്ഷകനുമായി മാറുകയാണ്. 

     പ്രണയവും തിരസ്‌കാരവും ത്യാഗവും ഏകാന്തതയും നഗരജീവിതവും അപരിചിതരായ മനുഷ്യർക്കിടയിൽ പൊടുന്നനെയുണ്ടാകുന്ന ദൃഢബന്ധങ്ങളുമൊക്കെയാണ് 103 മിനിറ്റുകൊണ്ട് കിരോസ്തമി ഈ ചിത്രത്തിൽ പറഞ്ഞുപോകുന്നത്. മനുഷ്യരുടെ കഥ എവിടെയും അപൂർണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു രാവും പകലുമാണ് കഥ നടക്കുന്ന സമയം. ഏഴു കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. അവരുടെ മുഴുവൻ പശ്ചാത്തലവും കിരോസ്തമി വെളിപ്പെടുത്തുന്നില്ല. അകികോ, കോൾഗേളുകളുടെ ഇടനിലക്കാരൻ, അകികോയുടെ കൂട്ടുകാരി നഗിസ, കാമുകൻ, പ്രൊഫസർ, പ്രൊഫസറെ മൂകമായി പ്രണയിച്ച അയൽക്കാരി, അകികോയുടെ മുത്തശ്ശി ( ഇവർ മാത്രം രംഗത്തു വരുന്നില്ല. ഫോണിലൂടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു) എന്നിവരാണ് കഥാപാത്രങ്ങൾ. ജപ്പാനിലെ ഏതോ നഗരത്തിലെ ബാറിൽ നിന്നാണ് പതിഞ്ഞ മട്ടിൽ സിനിമയുടെ തുടക്കം. കോൾഗേളുകളുടെ താവളമാണത്. അകികോ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് നമ്മൾ ആദ്യം കേൾക്കുന്നത്. 14 മിനിറ്റാണ് കിരോസ്തമിയുടെ ക്യാമറ ഈ ബാറിൽ ചെലവഴിക്കുന്നത്. പിന്നീട് ടോക്കിയോ നഗരത്തിലേക്കുള്ള കാർയാത്രയാണ്. കിരോസ്തമി പല ചിത്രങ്ങളിലും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതും മാറ്റിമറിക്കുന്നതും കാർയാത്രയിലെ സംഭാഷണങ്ങളിലൂടെയാണ് ( ക്‌ളോസപ്പ്, ദ ടെൻ, സർട്ടിഫൈഡ്   കോപ്പി എന്നീ ചിത്രങ്ങൾ ഓർക്കുക ). പുതിയ അനുഭവങ്ങൾ അകികോയെ കാത്തിരിക്കുന്നതാണ് ഇവിടുന്നങ്ങോട്ട് നമ്മൾ കാണുന്നത്.
   കഥ അവതരിപ്പിക്കുന്ന രീതിയിലാണ് കിരോസ്തമി വ്യത്യസ്തനാകുന്നത്. ഈ സിനിമയിൽത്തന്നെ കഥയ്ക്ക് ഒരവസാനം ഉണ്ടാകുന്നില്ല. പ്രേക്ഷകന്റെ മനസ്സിലേക്ക് ചോദ്യങ്ങൾ എറിഞ്ഞുതന്നാണ് അദ്ദേഹം സിനിമ അവസാനിപ്പിക്കുന്നത്. എഡിറ്റിങ് ടേബിളിൽ നിന്ന് വരുന്ന സിനിമയെ നമ്മുടെ ആസ്വാദനതലത്തിൽവെച്ച് പൂർത്തിയാക്കാനാണ് സംവിധായകൻ ആവശ്യപ്പെടുന്നത്. പല രംഗങ്ങൾക്കും സംവിധായകന്റേതായ ഒരു വിശദീകരണം നമുക്ക് കിട്ടുന്നില്ല. കാമുകനിൽ നിന്ന് മർദനമേറ്റാണ് അകികോ പ്രൊഫസറെ വീണ്ടും അഭയം പ്രാപിക്കുന്നത് എന്ന് ഊഹിച്ചെടുക്കേണ്ടതുപോലുള്ള രംഗങ്ങളുണ്ടിതിൽ. 
  സ്‌നേഹത്താൽ ബന്ധിതരാണ് ഇതിലെ കഥാപാത്രങ്ങൾ. കാമുകനെ വഞ്ചിക്കുമ്പോഴും അവന്റെ സ്‌നേഹത്തിന്റെ ആഴം ഉൾക്കൊള്ളുന്നുണ്ട് അകികോ. കാമുകനാവട്ടെ, അവൾ വഴിതെറ്റിപ്പോകാതിരിക്കാൻ തന്റെ സംരക്ഷണം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നയാളാണ്. അപകടം പതിയിരിക്കുന്ന നഗരം ദയാരഹിതമായാണ് മനുഷ്യരോട് പെരുമാറുന്നതെന്ന് അവൻ പ്രൊഫസറോട് പറയുന്നുമുണ്ട്. ഇരുവർക്കുമിടയിൽ സാന്ത്വനമായി നിൽക്കുന്ന പ്രൊഫസർ അവനോട് സത്യം തുറന്നുപറയാതിരിക്കുന്നതും സ്‌നേഹം കൊണ്ടാണ്. 
  കുറഞ്ഞ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ മിടുക്കനാണ് കിരോസ്തമി. അകികോയുടെ കാമുകനും പ്രൊഫസറുടെ അയൽക്കാരിയും ഇതിനുദാഹരണമാണ്. രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന തിരസ്‌കൃതരാണിവർ. പ്രണയനിരാസമാണ് അവരുടെ ദു: ഖഹേതു. ഒരാൾ അക്രമത്തിലേക്ക് വഴുതിമാറുമ്പോൾ മറ്റേയാൾ സഹനത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. എതിരെയുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ ശബ്ദം മാത്രമേ നമ്മളാദ്യം കേൾക്കുന്നുള്ളു. അവസാനഭാഗത്താണ് അവരുടെ തല മാത്രം ജനലിലൂടെ പുറത്തുകാണുന്നതും അവരുടെ കഥ കേൾക്കുന്നതും. പ്രൊഫസർ പുറത്തുപോകുമ്പോൾ എന്നും അവർ ജനലിലൂടെ നിശ്ശബ്ദം നോക്കിനിൽക്കും. അതിൽ ആഹ്‌ളാദം കണ്ടെത്തുകയാണ് അവിവാഹിതയായ ആ സ്ത്രീ. അവർക്കുമുണ്ട് മറ്റൊരു ബന്ധനം. വികലാംഗനായ സഹോദരനുണ്ട് കൂടെ. അയാളെയും പരിചരിച്ച് സദാസമയവും ഫ്‌ളാറ്റിൽത്തന്നെ കഴിയുകയാണവർ. 
   2012 ൽ കാൻ, ചിക്കാഗോ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമയാണ് ' ലൈക്ക് സംവൺ ഇൻ ലവ് '. 

Monday, September 23, 2013

ഒരു കൊറിയൻ സ്വപ്‌നം


തെക്കും വടക്കും കൊറിയകൾ ഒന്നാകുമോ?
 തെക്കൻ കൊറിയൻ സംവിധായകനായ 
കിം കി ഡുക്കിന് പ്രതീക്ഷയുണ്ട്. 
ഈ പ്രതീക്ഷയിൽ നിന്നാണ് 
'പൂങ്‌സാൻ ' എന്ന ചിത്രം രൂപം കൊണ്ടത്


തെക്കൻ കൊറിയൻ സംവിധായകനായ കിം കി ഡുക്കിന് ഒരു സ്വപ്നമുണ്ട്. രണ്ട് കൊറിയകളുടെയും ഏകീകരണം എന്ന സ്വപ്നം. 1950കളിലെ കൊറിയൻ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും വല്ലാതെ അകന്നുപോയി. (1950 ജൂൺ 25നാരംഭിച്ച യുദ്ധം 53 ജൂലായ് 27 വരെ നീണ്ടു. സൈനികരും സാധാരണക്കാരുമടക്കം 12 ലക്ഷം പേരാണ് യുദ്ധത്തിൽ മരിച്ചത്). എന്നാലും, കിം കി ഡുക് ശുഭാപ്തിവിശ്വാസിയാണ്. എന്നെങ്കിലും കൊറിയകൾ ഒന്നാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. തന്റെ സ്വപ്നത്തെ ഒരളവോളം സ്‌ക്ഷാത്കരിക്കുകയാണ് 'പൂങ്‌സാൻ' (Poongsan ) എന്ന സിനിമയിലൂടെ കിം.

2011-ൽ പുറത്തിറങ്ങിയ 'പൂങ്‌സാൻ' എന്ന ചിത്രത്തിന് സ്വന്തം ജനത നൽകിയ വരവേല്പ് കണ്ട് കിം അന്തംവിട്ടു. രാജ്യത്ത് 200 തിയേറ്ററുകളിലാണ് ഈ സിനിമ ഒരേസമയം റിലീസ് ചെയ്തത്. വളരെ കുറഞ്ഞ ബജറ്റിൽ എടുത്ത സിനിമ വൻവിജയമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള കിം 17 വർഷമായി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സജീവസാന്നിധ്യമാണ്. ലോകത്തെങ്ങുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലെ, ചലച്ചിത്രപ്രേമികളുടെ ആരാധനാപാത്രമാണ് കിം. ഓരോ ചിത്രത്തിലും വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണദ്ദേഹം. എങ്കിലും, സ്വന്തം ജനതമാത്രം അദ്ദേഹത്തിന്റെ ചിത്രങ്ങളോട് മുഖംതിരിഞ്ഞുനിൽക്കുകയായിരുന്നു. 'പൂങ്‌സാൻ' ഈ ചരിത്രം മാറ്റിയെഴുതി. കൊറിയൻ ജനതയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമായതിനാലാവാം ഈ സിനിമ അവർ ഹൃദയത്തിലേക്ക് സ്‌നേഹപൂർവം കൈക്കൊണ്ടത്.
കഥയും തിരക്കഥയുമെഴുതി കിം തന്നെയാണ് 'പൂങ്‌സാൻ' നിർമിച്ചത്. പക്ഷേ, സംവിധാനം തന്റെ അരുമശിഷ്യന് വിട്ടുകൊടുത്തു. അസോസിയേറ്റ് ഡയരക്ടർ ജൂൻ ജയ്‌ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. കിം ഉദ്ദേശിച്ചതെന്തോ അത് ശിഷ്യൻ നിറവേറ്റിക്കൊടുത്തു എന്ന് ചിത്രത്തിന്റെ വിജയം തെളിയിക്കുന്നു.
കൊറിയൻ ഏകീകരണം ആദ്യമായല്ല കിം കി ഡുക് വിഷയമാക്കുന്നത്. 1996-ൽ സംവിധാനരംഗത്തേക്ക് കടന്ന കിമ്മിന്റെ രണ്ടാമത്തെ ചിത്രമായ 'വൈൽഡ് ആനിമൽസ് ' കൈകാര്യം ചെയ്തിരുന്നത് ഈ വിഷയം തന്നെയാണ്. 'പൂങ്‌സാനി'ലുള്ളത്ര തീവ്രമായിരുന്നില്ല എന്നുമാത്രം. സംവിധായകനാകുംമുമ്പ് ചിത്രങ്ങൾ വരച്ച് പാരീസ് തെരുവിൽ വിറ്റുനടന്നിരുന്നയാളാണ് കിം. ആ അനുഭവങ്ങൾ 'വൈൽഡ് ആനിമൽസി'ലുണ്ട്. (കിമ്മിന്റെ 'ദ റിയൽ ഫിക്ഷനി'ലും തെരുവുചിത്രകാരനായ നായകനെ കാണാം). രണ്ട് കൊറിയൻ യുവാക്കൾ പാരീസ് തെരുവിൽ കണ്ടുമുട്ടുന്നതും അവർക്കിടയിൽ ആത്മബന്ധം ഉടലെടുക്കുന്നതുമാണ് 'വൈൽഡ് ആനിമൽസി'ന്റെ ഇതിവൃത്തം. ചിത്രകാരനാണെങ്കിലും മറ്റുള്ളവരുടെ ചിത്രങ്ങൾ മോഷ്ടിച്ചുവിറ്റ് അഷ്ടിക്ക് വക കണ്ടെത്തിയിരുന്ന ഒരു തെക്കൻ കൊറിയക്കാരനും മുൻ പട്ടാളക്കാരനും കായികാഭ്യാസിയുമായ വടക്കൻ കൊറിയക്കാരനുമാണ് ഇതിലെ നായകന്മാർ. വടക്കൻ കൊറിയയിൽ ജനിച്ച് പാരീസിൽ വളർന്ന ക്ലബ്ബ് നർത്തകിയായ ഒരു യുവതി ഇവരുടെ ചങ്ങാതിയായി മാറുന്നു. സെക്‌സും ക്രൈമും വേണ്ടുവോളം കുത്തിനിറച്ചിട്ടുള്ള 'വൈൽഡ് ആനിമൽസ് ' അത്ര ശ്രദ്ധിക്കപ്പെട്ട സിനിമയല്ല. എങ്കിലും, വൈകാരികമായി ഈ സിനിമ കിമ്മിന് പ്രിയപ്പെട്ടതാണ്. കൊറിയയെ ഒന്നായിക്കാണുക എന്ന തന്റെ മോഹത്തിന് അദ്ദേഹം തുടക്കമിട്ടത് ഇതിലാണ്. യുവതി രണ്ട് സുഹൃത്തുക്കളെയും വെടിവെച്ചുകൊല്ലുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. 'ഐക്യ കൊറിയ' എന്ന സ്വപ്നമാണ് ഇവിടെ തകരുന്നതെന്ന് നിരൂപകർ വിലയിരുത്തുന്നു.

'വൈൽഡ് ആനിമലി'ൽ നിന്നുവേണം 'പൂങ്‌സാനെ'ക്കുറിച്ചുള്ള ചിന്ത തുടങ്ങാൻ. തന്റെ സ്വപ്നത്തെ ഒന്നു വിപുലമാക്കുന്നു കിം. രണ്ട് കൊറിയകൾക്കിടയിൽ പരസ്പരം ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കേണ്ടത് തന്റെ ദൗത്യമായി അദ്ദേഹം സ്വയം ഏറ്റെടുക്കുന്നു. ഈ ദൗത്യനിർവഹണത്തിന് അമാനുഷനെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ കിം സൃഷ്ടിക്കുന്നു. അതിർത്തിയിലെ, വൈദ്യുതി കടത്തിവിട്ട മുൾവേലികൾ അനായാസം മറികടന്ന് ഇരുകൊറിയകൾക്കുമിടയിൽ ഈ കഥാപാത്രം പറന്നുനടക്കുന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഓർമകളിലൂടെ ബന്ധിപ്പിക്കുന്ന കണ്ണിയാണയാൾ. കുടുംബങ്ങൾ ഏൽപ്പിക്കുന്ന കത്തുകളും ഓർമക്കായി നൽകുന്ന വസ്തുക്കളും അയാൾ മേൽവിലാസക്കാരന് കൈമാറും. കഠിനമായ പരീക്ഷണങ്ങളെ അയാൾ മനക്കരുത്തോടെ നേരിടുന്നു.
   പേരില്ലാത്ത ഈ യുവാവ് ആരെന്ന് രഹസ്യാന്വേഷണവിഭാഗങ്ങൾക്കുപോലും കണ്ടുപിടിക്കാനാവുന്നില്ല. ഇയാൾ തെക്കനോ വടക്കനോ? ആർക്കുമറിയില്ല. ഒന്നുമാത്രം എല്ലാവർക്കുമറിയാം. അയാൾ ഏറ്റെടുക്കുന്ന ജോലി കൃത്യമായി ചെയ്തിരിക്കും. ഒരു പ്രലോഭനത്തിലും, പെണ്ണിലും പണത്തിലും, അയാൾ വീഴില്ല. രണ്ട് കൊറിയകൾക്കിടയിലെ സഞ്ചാരിയാണയാൾ. അകന്നുപോയ കൊറിയൻ കുടുംബങ്ങൾ വീഡിയോ ദൃശ്യങ്ങളിലൂടെ പരസ്പരം കാണുമ്പോൾ മാത്രം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും.
ശത്രുരാജ്യത്ത് അകപ്പെട്ടുപോയ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഒന്നുകാണാൻ, അവരുടെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നവർ നഗരത്തിലെ ഒരു പ്രത്യേക ഇടത്തിൽ തങ്ങളുടെ അപേക്ഷ എഴുതി തൂക്കിയിരിക്കും. ഇവിടെ നിന്നാണ് കഥാനായകൻ സഹായമാവശ്യമുള്ളവരെ കണ്ടെത്തുന്നത്. തെക്കൻ കൊറിയയിൽ കുടുങ്ങിപ്പോയ, മരണാസന്നനായ ഒരു വൃദ്ധൻ ആറു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ തന്റെ ഭാര്യയെയും മക്കളെയും വീഡിയോദൃശ്യങ്ങളിലൂടെ വടക്കൻ കൊറിയയിൽ കണ്ടെത്തുന്ന വികാരനിർഭരമായ രംഗത്തോടെയാണ് 'പൂങ്‌സാൻ' തുടങ്ങുന്നത്. കുടുംബത്തിലേക്ക് മടങ്ങണമെന്ന് താൻ എപ്പോഴും ചിന്തിച്ചിരുന്നു എന്നയാൾ ഖേദത്തോടെ ക്യാമറയോട് പറയുന്നു. അങ്ങനെ മോഹിച്ച് അറുപതിലധികം കൊല്ലം പിന്നിട്ടിരിക്കുന്നു. 'നിങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു ഞാൻ കരുതുന്നു. എന്നോട് പൊറുക്കുക'. അയാൾ അത്രയും വാക്കുകളിൽ തന്റെ പ്രതീക്ഷ ക്യാമറയെ അറിയിക്കുന്നു. നമ്മുടെ നായകന്റെ ദൗത്യം ഇവിടെയാരംഭിക്കുന്നു. വടക്കൻ കൊറിയയിൽ വൃദ്ധന്റെ കുടുംബത്തെ കണ്ട് അവിടന്ന് പകർത്തിയ ദൃശ്യങ്ങളുമായി അയാൾ വീണ്ടും തെക്കൻ കൊറിയയിലെത്തുന്നു. ഭാര്യയുടെ മുഖം സ്‌ക്രീനിൽ കണ്ടതും 'നീയിപ്പഴുമുണ്ടോ' എന്നു പറഞ്ഞ് വൃദ്ധൻ പൊട്ടിക്കരയുന്നു .
 'പൂങ്‌സാനി'ൽ താനെന്താണ് പറയാൻ പോകുന്നതെന്ന് ആദ്യരംഗങ്ങളിലൂടെ ശക്തമായി സൂചിപ്പിക്കുകയാണ് കിം. അതിർത്തിയിലെ മുൾവേലികൾ എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്ന ചോദ്യമുയർത്തുന്നു അദ്ദേഹം.
വടക്കൻ കൊറിയയിൽ നിന്ന് കൂറുമാറി തെക്കൻ കൊറിയയിലെത്തിയ ഒരു പ്രമുഖ വ്യക്തിയുടെ പ്രണയിനിയെ ഇപ്പുറത്തേക്ക് കൊണ്ടുവരേണ്ട ജോലിയാണ് നായകൻ രണ്ടാമത് ഏൽക്കുന്നത്. തെക്കൻ കൊറിയൻ രഹസ്യാന്വേഷണവിഭാഗമാണ് ഇതേൽപ്പിക്കുന്നത്. തങ്ങളുടെ രാജ്യത്ത് അഭയം തേടിയെത്തിയ പ്രമുഖനിൽ നിന്ന് അവർക്ക് ഒരു രഹസ്യറിപ്പോർട്ട് നേടിയെടുക്കേണ്ടതുണ്ട്. ജീവഭയം കൊണ്ട് പ്രമുഖൻ ഈ റിപ്പോർട്ട് ഓരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ്. റിപ്പോർട്ട് കൊടുത്തുകഴിഞ്ഞാൽ താൻ വിലയില്ലാത്തവനായി മാറുമെന്ന് അയാൾ ശങ്കിക്കുന്നു. അതോടെ, തന്റെ ജീവൻ തന്നെ എടുത്തേക്കാം. എങ്കിലും, പ്രണയിനിയെ തന്റെ അടുത്തെത്തിച്ചാൽ റിപ്പോർട്ട് നൽകാമെന്ന് അയാൾ ഉറപ്പുപറയുന്നു. മൂന്നു മണിക്കൂർ കൊണ്ട് അവളെ അതിർത്തി കടത്തി തെക്കൻ കൊറിയയിലെത്തിക്കാം എന്ന് നായകൻ ഏറ്റു. പ്രതിസന്ധികൾ മറികടന്ന് നായകൻ അവളെ ഇപ്പുറമെത്തിക്കുന്നതോടെ കഥ മറ്റുവഴികളിലേക്ക് നീങ്ങുകയാണ്.
കൂറുമാറി മറ്റൊരു രാജ്യത്ത് അഭയം തേടുന്നവന്റെ സ്വത്വപ്രതിസന്ധിയാണ് ആ പ്രമുഖനിലൂടെ കിം കി ഡുക് പറയുന്നത്. കൂറുമാറുന്നതോടെ ഒരാൾ രണ്ടിടത്തും അനഭിമതനാവുകയാണ്. അതോടെ, അയാൾ അരക്ഷിതനും ഒറ്റപ്പെട്ടവനുമാകുന്നു. സുരക്ഷിതത്വം ഉറപ്പുവരുത്താനെന്ന പേരിൽ അയാൾക്കുചുറ്റും രഹസ്യ ക്യാമറകൾ കറങ്ങുന്നു. വിലപേശാനുള്ള അവസാനത്തെ തുരുപ്പുശീട്ടും കൈമോശം വരുന്നതോടെ അയാളുടെ നാളുകൾ എണ്ണപ്പെടുന്നു.

കിമ്മിന്റെ പല പുരുഷ കഥാപാത്രങ്ങളും ഈ ഭൂമിയിൽ കാലുറപ്പിക്കാത്തവരാണ്. കുട്ടികൾക്കായുള്ള ചിത്രകഥകളിലെ അമാനുഷരെപ്പോലെയാണവർ. ക്രൂരതയിലും നന്മയിലും അവർക്ക് സമന്മാരെ കണ്ടെത്തുക പ്രയാസം. ചിലപ്പോൾ അവർ പീഡകരാണ്. മറ്റുചിലപ്പോൾ പീഡിതരും. 'പൂങ്‌സാനി'ൽ നായകകഥാപാത്രമായ ചെറുപ്പക്കാരൻ എവിടെയും പീഡനം ഏറ്റുവാങ്ങുകയാണ്. ശാരീരികമായി മാത്രമല്ല, മാനസികമായും. എങ്കിലും, അയാൾ പരാതിപ്പെടുന്നില്ല. കിമ്മിന്റെ ചില നായകരെപ്പോലെ ഇയാളും സിനിമ തീരുന്നതുവരെ ഒന്നും മിണ്ടുന്നില്ല (ദ റിയൽ ഫിക്ഷൻ, ദ ബോ, 3 അയേൺ, ബ്രെത്ത് എന്നീ ചിത്രങ്ങൾ ഓർക്കുക). പേരില്ലാത്ത നായകന് രഹസ്യാന്വേഷണവിഭാഗം നൽകുന്ന പേരാണ് 'പൂങ്‌സാൻ'. അയാൾ വലിക്കുന്ന സിഗരറ്റിന്റെ പേരാണത്. വടക്കൻ കൊറിയയിലെ വേട്ടപ്പട്ടിയാണ് പൂങ്‌സാൻ. ഈ പട്ടിയുടെ ചിത്രമാണ് സിഗരറ്റ് കൂടിന് പുറത്തുള്ളത്. ഇങ്ങനെ, വേണമെങ്കിൽ നായകനെ വടക്കൻ കൊറിയക്കാരനാക്കാം. പക്ഷേ, കിമ്മിന് അത് സമ്മതമല്ല. വടക്കും തെക്കും കൊറിയയിലുള്ള രഹസ്യാന്വേഷണവിഭാഗം ഒരുപോലെ നായകനെ കഠിനമർദനമുറകൾക്കിരയാക്കുന്നുണ്ട്. അധികാരകേന്ദ്രങ്ങളും അത് നിലനിർത്താൻ പാടുപെടുന്ന ഉദ്യോഗസ്ഥവൃന്ദവും എവിടെയും ഒന്നുതന്നെയെന്ന് കിം കി ഡുക് നമ്മളോട് പറയുന്നു. സ്വന്തം രാജ്യം പോലും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 തെക്കും വടക്കും കൊറിയകൾ ഒരിക്കലും ഒന്നാവില്ല എന്നാണ് 'വൈൽഡ് ആനിമൽസി'ലെ ചിത്രകാരൻ പറയുന്നത്. കിമ്മിന്റെ നിരാശയിൽ നിന്നാണ് ഈ കഥാപാത്രം സംസാരിച്ചത്. പക്ഷേ, 2011ലെത്തിയപ്പോൾ കിം തന്റെ അശുഭചിന്തകൾ തിരുത്തുന്നു. 'പൂങ്‌സാൻ' അതിനുള്ള തെളിവാണ്.പുതിയ ദൗത്യവുമായി അതിർത്തി കടക്കാൻ ശ്രമിക്കവെ പൂങ്‌സാന് വെടിയേൽക്കുന്നതാണ് അന്ത്യരംഗം. പൂങ്‌സാന്റെ അവസാനകാഴ്ചയിൽ പ്രത്യക്ഷപ്പെടുന്നത് തെളിഞ്ഞ ആകാശമാണ്. അവിടെ പക്ഷികൾ സ്വാതന്ത്രരായി പറക്കുന്നു. തുടർന്ന്, മറുഭാഗത്ത് കുടുങ്ങിപ്പോയ ഉറ്റവരെ കണ്ടെത്താനുള്ള അഭ്യർഥനകൾ പതിച്ച സ്ഥലം വീണ്ടുമൊരിക്കൽ കാണിച്ച് രണ്ടു മണിക്കൂർ നീണ്ട സിനിമക്ക് തിരശ്ശീലയിടുന്നു. നേരിയ പ്രതീക്ഷ ബാക്കിനിർത്തുകയാണ് കിം.

Sunday, August 18, 2013

ലിങ്കണ്‍ - ഭരണാധികാരിയും കുടുംബനാഥനും

അടിമസമ്പ്രദായം 
തുടച്ചുനീക്കിയ 
അമേരിക്കന്‍ പ്രസിഡന്റ് 
എബ്രഹാം ലിങ്കനെ 
ഭരണാധികാരിയായും 
കുടുംബനാഥനായും 
നോക്കിക്കാണുകയാണ് 
സ്പില്‍ബര്‍ഗിന്റെ 
'ലിങ്കണ്‍ '
എന്ന ഹോളിവുഡ് സിനിമ


അറുപത്തിയേഴുകാരനായ അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്. മുപ്പതോളം  ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സ്പില്‍ബര്‍ഗിന്റെ സിനിമകള്‍ ഇതുവരെയായി 123 അക്കാദമി നോമിനേഷന്‍ നേടിയിട്ടുണ്ട്. കിട്ടിയ അക്കാദമി അവാര്‍ഡുകള്‍ 33.   അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ' ലിങ്കണ്‍ ' ( 2012 ) 85 ാം അക്കാദമി അവാര്‍ഡിന് 12 നോമിനേഷനാണ് നേടിയത്. പക്ഷേ, രണ്ട് അവാര്‍ഡുകളേ കിട്ടിയുള്ളു. മികച്ച നടനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ളതാണ് ഈ അവാര്‍ഡുകള്‍. ലിങ്കന്റെ വേഷമഭിനയിച്ച ഡാനിയല്‍ ഡെ ലെവിസാണ് മികച്ച നടന്‍.  ആറരക്കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച ' ലിങ്കണ്‍ ' സ്പില്‍ബര്‍ഗിന്റെ മറ്റേതൊരു ചിത്രവുംപോലെ പണം വാരിയെടുത്തു. 27.5 കോടി ഡോളറാണ് ഇതുവരെ കളക്ഷന്‍ കിട്ടിയത്.

   സ്പില്‍ബര്‍ഗ് രണ്ടു തവണ മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് ( 1993 ) , സേവിങ് പ്രൈവറ്റ് റിയാന്‍ ( 1998 ) എന്നിവയാണീ ചിത്രങ്ങള്‍. ജോസ്, ക്‌ളോസ് എന്‍കൗണ്ടേഴ്‌സ് ഓഫ് ദ തേഡ് കൈന്‍ഡ്, റെയ്‌ഡേഴ്‌സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്, ഇ.ടി. എക്‌സ്ട്രാ ടെറെസ്ട്രിയല്‍, ജുറാസിക് പാര്‍ക്ക്, മ്യൂണിച്ച് എന്നിവയാണ് സ്പില്‍ബര്‍ഗിന്റെ മറ്റു പ്രധാന സിനിമകള്‍. 
   ലിങ്കന്റെ ജീവിതം സിനിമയാക്കാന്‍ സ്പില്‍ബര്‍ഗ് ആലോചന തുടങ്ങിയത് 12 വര്‍ഷം മുമ്പാണ്. ചരിത്രപുരുഷനായ ലിങ്കനെ എങ്ങനെ സിനിമയില്‍ വീരാരാധനയില്‍  നിന്നൊഴിവാക്കാം എന്നതായിരുന്നു സ്പില്‍ബര്‍ഗിന്റെ ചിന്ത. അടിമസമ്പ്രദായം നിര്‍ത്തലാക്കി  ചരിത്രം രചിച്ച അമേരിക്കന്‍ പ്രസിഡന്റ്  എന്നതിനോടൊപ്പം  ഭര്‍ത്താവും അച്ഛനുമായി ലിങ്കനെ കാണാനായിരുന്നു സ്പില്‍ബര്‍ഗിന്റെ ശ്രമം. ഇതൊരു കഠിനപ്രക്രിയയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വീട്ടിനകത്തും പുറത്തുമുള്ള ലിങ്കനെ ഒരേപോലെ പിന്തുടരുകയാണ് സ്പില്‍ബര്‍ഗ്. ഭരണതലത്തില്‍ തന്ത്രശാലിയായിരുന്ന ലിങ്കനെ  വീട്ടിനകത്ത് പലപ്പോഴും നിസ്സഹായനെപ്പോലെയാണ് നമ്മള്‍ ഈ ചിത്രത്തില്‍ കാണുന്നത്. രാഷ്ട്രീയ, സാമൂഹികപ്രശ്‌നങ്ങളില്‍ കടുത്ത നിലപാടാണ് അദ്ദേഹം എടുക്കുന്നത്.  ശക്തിയുക്തം വാദിച്ച് എതിരാളികളെ മുട്ടുകുത്തിക്കാനും അദ്ദേഹത്തിനു കഴിയും. ഇതേ ലിങ്കണ്‍ ഭാര്യക്കും മകനും മുമ്പില്‍ പലപ്പോഴും നിശ്ശബ്ദനായി മാറുന്നു. അവരുടെ രോഷത്തിനു മുന്നില്‍ വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിരണ്ടുപോകുന്നു. 
    ലിങ്കന്റെ പൂര്‍ണ ജീവചരിത്രമല്ല ഈ സിനിമയില്‍  രേഖപ്പെടുത്തുന്നത്. അമേരിക്കയുടെ 16 ാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിലെ നാലുമാസം മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. സ്പില്‍ബര്‍ഗിന് അത്രയും മതി ആ മഹാപുരുഷന്റെ സജീവചിത്രം വരച്ചിടാന്‍. ചലച്ചിത്രകാരനെന്ന നിലയില്‍ താന്‍ നേടിയ അധീശത്വം ഈ സിനിമയിലും സ്പില്‍ബര്‍ഗ് അരക്കിട്ടുറപ്പിക്കുന്നു. 550 പേജ് വരുന്ന തിരക്കഥയിലെ 65 പേജിലാണ് സ്പില്‍ബര്‍ഗ് ശ്രദ്ധയൂന്നിയത്. അടിമത്തം തുടച്ചുനീക്കാനുള്ള 13 ാം ഭരണഘടനാഭേദഗതി പാസാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഈ 65 പേജിലെ പ്രതിപാദ്യം. ലിങ്കന്റെ ജീവിതത്തിലെ നിര്‍ണായക ദിനങ്ങളാണ് ഈ പേജുകളിലുള്ളത്. തനിക്ക് പറയാനുള്ളത് ആ കഥയാണെന്ന്  സ്പില്‍ബര്‍ഗ് അടിവരയിട്ടുറപ്പിച്ചു.അതാണ് തന്റെ സിനിമ എന്നദ്ദേഹം പ്രഖ്യാപിച്ചു.

     ഡോറിസ് കേണ്‍സ് ഗുഡ്‌വിന്‍ എന്ന വനിത എഴുതിയ  'ടീം ഓഫ് റൈവല്‍സ് :  ദ പൊളിറ്റിക്കല്‍ ജീനിയസ് ഓഫ് അബ്രഹാം ലിങ്കണ്‍ ' എന്ന ജീവചരിത്രത്തെ ആധാരമാക്കിയാണ് സ്പില്‍ബര്‍ഗ് ഈ സിനിമ ഒരുക്കിയത്.  ഡോറിസിന്റെ പുസ്തകം  ലിങ്കന്റെ ജീവിതകഥ മാത്രമല്ല പറയുന്നത്. കടുത്തൊരു പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ നയിക്കാന്‍ ലിങ്കണ്‍ തിരഞ്ഞെടുത്ത  ടീമംഗങ്ങളെക്കൂടി ലിങ്കന്റെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പുസ്തകം. പ്രമുഖരായ അഞ്ച് നേതാക്കളെയാണ് ഡോറിസ്  പരിചയപ്പെടുത്തുന്നത്. അവരില്‍ നാലുപേരും 1860ല്‍  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബഌക്കന്‍ നോമിനിയാകാന്‍ ലിങ്കനോട് മത്സരിച്ചവര്‍കൂടിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലിങ്കണ്‍ അവരെയെല്ലാം തന്റെ മന്ത്രിമാരാക്കി ഹൃദയവിശാലത തെളിയിച്ചു. കൂട്ടത്തില്‍ പ്രധാനിയായ വില്യം എച്ച്. സെവാര്‍ഡിനെയാണ് ലിങ്കണ്‍ സ്റ്റേറ്റ് സെക്രട്ടറിയാക്കിയത്. ജനങ്ങളെയും രാഷ്ട്രീയത്തെയും എങ്ങനെ ലിങ്കണ്‍ ഒരേപോലെ വിജയകരമായി കൈകാര്യം ചെയ്തു എന്നാണ് ഡോറിസിന്റെ പുസ്തകം വ്യക്തമാക്കുന്നത്. രാഷ്ട്രത്തലവന്‍, ടീം മാനേജര്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം ലിങ്കണ്‍ എപ്രകാരം തിളങ്ങി എന്ന് പുസ്തകം എടുത്തുകാട്ടുന്നു. 
       1865 ജനവരിയില്‍  തുടങ്ങുന്ന  ' ലിങ്കണ്‍ ' എന്ന സിനിമ  ഏപ്രില്‍ 15 ന് അവസാനിക്കുന്നു. ഈ നാലു മാസത്തിനിടയില്‍ എബ്രഹാം ലിങ്കണ്‍ എന്ന ഭരണാധികാരിയും കടുംബനാഥനും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ അതിശക്തനായി, മറ്റു ചിലപ്പോള്‍ ദുര്‍ബലനായി. 1865 ജനവരി. ലിങ്കണ്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞു. തെക്കും വടക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം നാലാം വര്‍ഷത്തേക്ക് കടന്നിരിക്കുന്നു. ( ഏതാണ്ട് ആറു ലക്ഷം സൈനികര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്). രണ്ട് നീഗ്രോ  സൈനികരുമായി സംസാരിക്കുന്ന ലിങ്കനെയാണ് നമ്മളാദ്യം കാണുന്നത്. സഹിഷ്ണുതയോടെ, സൗമ്യനായി അദ്ദേഹം അവരുടെ പ്രശ്‌നങ്ങളും ആവലാതികളും കേള്‍ക്കുന്നു. പോരാട്ടത്തില്‍ മരിച്ചവരുടെ ത്യാഗം വെറുതെയാവില്ലെന്ന് തങ്ങള്‍ ഉറപ്പിക്കും എന്നു പ്രതിജ്ഞ ചെയ്യുന്നു ആ സൈനികര്‍. 50 കൊല്ലത്തിനുള്ളില്‍ ഒരു നീഗ്രോ കേണല്‍ ഉണ്ടായേക്കാം എന്നവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. നൂറു കൊല്ലത്തിനുള്ളില്‍ തങ്ങള്‍ക്ക് വോട്ടവകാശവും കിട്ടിയേക്കാം. സ്വാതന്ത്ര്യത്തിന്റെ നവോദയം കാണുമെന്ന ആത്മവിശ്വാസത്തോടെയാണവര്‍ യുദ്ധരംഗത്തേക്ക് തിരിച്ചുപോകുന്നത്. ലിങ്കന്റെ ജീവിതദൗത്യമാണ് സംവിധായകന്‍ ഈ രംഗത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. അടിമത്തം തുടച്ചുനീക്കുമെന്ന്  ഒന്നരവര്‍ഷം മുമ്പ് ലിങ്കണ്‍  ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. അതിന്റെ പേരിലാണ് തന്നെ  അവര്‍  വീണ്ടും തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിനറിയാം. ആ വാഗ്ദാനം പാലിച്ചേ തീരൂ. 13 ാം ഭരണഘടനാ ഭേദഗതിയിലൂടെ അടിമവ്യാപാരം നിരോധിക്കണം. അതുവഴി യുദ്ധവും അവസാനിക്കുമെന്ന് ലിങ്കണ്‍ കണക്കുകൂട്ടുന്നു. തന്റെ വാഗ്ദാനം നിറവേറ്റാന്‍ കഠിനശ്രമം നടത്തുന്ന  പ്രസിഡന്റിനെയാണ് പിന്നീട് നാം കാണുന്നത്. ഒടുവില്‍ ലക്ഷ്യം നേടിയെങ്കിലും സ്വന്തം ജീവനാണ് അദ്ദേഹത്തിന് ബലി കൊടുക്കേണ്ടി വന്നത്. 56 ാം വയസ്സില്‍,  1865 ഏപ്രില്‍ 15ന് ലിങ്കണ്‍  വെടിയേറ്റു മരിച്ചു. അമേരിക്കന്‍ ജനതക്കിടയിലും ലോകമെങ്ങും സമാധാനം നിലനില്‍ക്കട്ടെ എന്ന് പ്രത്യാശിക്കുന്ന  ലിങ്കന്റെ പ്രസംഗം വീണ്ടും എടുത്തുകാണിച്ചാണ് സ്പില്‍ബര്‍ഗ് സിനിമ അവസാനിപ്പിക്കുന്നത്. 
    മനുഷ്യന്റെ അന്തസ്സിന്റെ വിധികര്‍ത്താക്കളാണ് നമ്മള്‍ എന്ന് പാര്‍ട്ടിയിലുള്ള തന്റെ എതിരാളികളെ ഓര്‍മപ്പെടുത്തുന്നുണ്ട് ലിങ്കണ്‍. ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ മാത്രമല്ല ഇനി പിറക്കാനിരിക്കുന്ന ലക്ഷങ്ങളെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് പുതിയ നിയമത്തിന്റെ മഹത്തായ  ലക്ഷ്യം എന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു. 
    ലിങ്കന്റെ സംഭവബഹുലമായ ജീവിതത്തില്‍ നിന്ന് വളരെ ചെറിയൊരു കാലയളവേ സ്പില്‍ബര്‍ഗ് തന്റെ സിനിമയിലേക്ക് എടുത്തിട്ടുള്ളൂ. എങ്കിലും, ലിങ്കന്റെ ബഹുമുഖ വ്യക്തിത്വം തിളക്കത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിര്‍ണായകഘട്ടങ്ങളില്‍  ഉറച്ച തീരുമാനമെടുക്കുകയും സഹപ്രവര്‍ത്തകരില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താവ് , യുദ്ധതന്ത്രങ്ങള്‍ മെനയുന്ന സൈനികത്തലവന്‍, മക്കളെ അതിരറ്റ് സ്‌നേഹിക്കുന്ന അച്ഛന്‍, ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ക്കു മുന്നില്‍ മൗനം എടുത്തണിയുന്ന ഭര്‍ത്താവ് എന്നീ നിലകളിലാണ് സംവിധായകന്‍ ലിങ്കനെ അവതരിപ്പിക്കുന്നത്. തോറ്റുപോകാനിടയുള്ള നിയമനിര്‍മാണത്തിലേക്ക് കടക്കരുതെന്ന് തുടക്കത്തില്‍ ഭാര്യ മേരി ടോഡ്  ലിങ്കന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും, അദ്ദേഹത്തെ സര്‍വാത്മനാ പിന്തുണച്ചിരുന്നു അവര്‍. ഒരു മകന്റെ മരണം മേരിയെ വല്ലാതെ ഉലച്ചിരുന്നു. ലിങ്കനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനും അവര്‍ മടിച്ചിരുന്നില്ല. 
      
 മൂത്ത മകന്‍ റോബര്‍ട്ടിനെ സൈനികനാക്കാന്‍  ലിങ്കണ്‍ ശ്രമിക്കുന്നതായി മേരി ടോഡ്  സംശയിച്ചിരുന്നു. സത്യത്തില്‍ റോബര്‍ട്ടാണ് സൈന്യത്തില്‍ ചേരാന്‍ വാശി പിടിക്കുന്നത്. അവനെ പിന്തിരിപ്പിക്കാനാണ് ലിങ്കണ്‍ ശ്രമിച്ചിരുന്നത്. സമപ്രായക്കാര്‍ സൈനികസേവനം നടത്തുമ്പോള്‍ താന്‍മാത്രം വിട്ടുനില്‍ക്കുന്നതില്‍ വിദ്യാര്‍ഥിയായ റോബര്‍ട്ടിന് കുറ്റബോധമുണ്ടായിരുന്നു. യുദ്ധരംഗത്ത് മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന  സൈനികരുടെ മുറിച്ചുമാറ്റിയ കാലുകള്‍ ചെറുവണ്ടിയില്‍ നിറച്ച് പുറത്തുകൊണ്ടുപോയി തള്ളുന്ന ദൃശ്യം റോബര്‍ട്ടിനെ ഞെട്ടിച്ചു. (യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ഈ രംഗം നമ്മളെയും നടുക്കും ). പിതാവിനെ ധിക്കരിച്ച് അവന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇവിടെവെച്ചാണ്. 
      അവസാനദൃശ്യങ്ങളില്‍ ആഹഌദവതിയായ മേരി ടോഡിനെയാണ് നമ്മള്‍ കാണുന്നത്. ലിങ്കന്റെ സന്തോഷം കെടുത്തിയതില്‍ അവര്‍ സ്വയം കുറ്റപ്പെടുത്തുന്നുണ്ട് അപ്പോള്‍. നമ്മള്‍ ഏറെ ദു:ഖം സഹിച്ചു. ഇനി സന്തോഷിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു ലിങ്കന്റെ മറുപടി. ജറുസലേം നഗരം കാണാന്‍ ലിങ്കണ്‍  ആഗ്രഹിച്ചിരുന്നു. ദാവീദും സോളമനും നടന്നുപോയ ജറുസലേം വീഥികളിലൂടെ നടക്കണമെന്ന് അദ്ദേഹം ഭാര്യയോട് പറയുന്നുണ്ട്.  ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം വിട പറഞ്ഞത്.  
    ജനങ്ങളിലും ജനപ്രതിനിധികളിലുമുള്ള ദൃഢവിശ്വാസവും രാഷ്ട്രത്തെ ഒരുമിച്ചുനിര്‍ത്താനുള്ള അഭിവാഞ്ഛയും അടിമജീവിതം നയിക്കുന്നവരോടുള്ള സഹാനുഭതിയുമൊക്കെ എടുത്തുകാട്ടി എബ്രഹാം ലിങ്കനെ ഉത്തമനായ ഭരണത്തലവന്റെ ഉന്നതപീഠത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സ്പില്‍ബര്‍ഗ്  വിജയിക്കുന്നു. ഭരണഘടനാഭേദഗതി വോട്ടിനിടുന്ന ദിവസം ജനപ്രതിനിധിസഭയിലുണ്ടാകുന്ന പിരിമുറുക്കം പ്രേക്ഷകനിലേക്കും ശക്തമായി പകരുന്നുണ്ട് സംവിധായകന്‍. ഈ സിനിമക്കെതിരെ പറയാവുന്ന ഏക ന്യൂനത സംഭാഷണങ്ങളുടെ ആധിക്യമാണ്.

Sunday, July 14, 2013

തകരുന്ന ക്യാമറകള്‍

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറെ കരയില്‍ 
(വെസ്റ്റ് ബാങ്ക്) ഇസ്രായേലിന്റെ അതിക്രമങ്ങളോട് 
നിരായുധരായി പൊരുതി ജയിക്കുന്ന ബിലൈല്‍ 
എന്ന പലസ്തീന്‍ ഗ്രാമത്തിന്റെ കഥയാണ് 
'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ' എന്ന 
ഡോക്യുമെന്ററിക്ക് പറയാനുള്ളത്

ഞാന്‍ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് കടന്നുവന്നത്. അവ എന്നെ വല്ലാതെ പൊള്ളിച്ചു. എന്റെ പഴയ മുറിവുകള്‍ക്ക് ഉണങ്ങാന്‍ സാവകാശം കിട്ടാറില്ല. അപ്പോഴേക്കും പുതിയ മുറിവുകള്‍ അവയെ വന്നുപൊതിയും.'- എമാദ് ബര്‍ണാദിന്റെ പരിദേവനമാണിത്. 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' (Five Broken cameras) എന്ന ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ നമ്മള്‍ കേള്‍ക്കുന്ന വാചകങ്ങളിതാണ്. ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനുമായ എമാദിന്റെ ശബ്ദമാണിത്. അതില്‍ വേദനയും രോഷവുമുണ്ട്. ചോരയില്‍ കുതിര്‍ന്ന, ധീരോദാത്തമായ ഒരു ചെറുത്തുനില്‍പ്പിന്റെ വിരാമമില്ലാത്ത കഥ ഇവിടെ തുടങ്ങുകയാണ്. 1990ല്‍ പൊളിഞ്ഞുവീണ വിഭജനത്തിന്റെ ബര്‍ലിന്‍മതില്‍ മറ്റ് രൂപത്തില്‍ പലയിടത്തും പുനര്‍ജനിക്കുന്നു എന്ന് ഈ ചിത്രം നമ്മളെ ഓര്‍മപ്പെടുത്തുന്നു.

കുന്നുകളാല്‍ ചുറ്റപ്പെട്ട ബിലൈല്‍ എന്ന ഗ്രാമം. എമാദ് ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. വെസ്റ്റ്ബാങ്കില്‍പ്പെട്ട അധിനിവേശ പ്രദേശമാണിത്. ഒലിവ് മരങ്ങളാല്‍ സമ്പന്നമായ ഭൂഭാഗം. കൃഷിയാണ് അവിടത്തെ ജനതയുടെ ഏക വരുമാനമാര്‍ഗം. എമാദും കുടുംബവും കൃഷികൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. പത്രപ്രവര്‍ത്തനത്തില്‍ തല്‍പ്പരനാണ് എമാദ്. സ്വന്തം ഗ്രാമ ചരിത്രം രേഖപ്പെടുത്താന്‍ എമാദ് ആശ്രയിക്കുന്നത് ക്യാമറായെയാണ്. പ്രക്ഷോഭത്തിന്റെതായ അഞ്ചു കൊല്ലത്തിനുള്ളില്‍ അഞ്ചു ക്യാമറാകളാണ് അയാള്‍ ഉപയോഗിക്കുന്നത്. പോരാട്ടത്തില്‍ രക്തസാക്ഷികളാണ് പലപ്പോഴും ആ ക്യാമറകള്‍. സത്യം പകര്‍ത്തുന്നഅവയുടെ കണ്ണുകള്‍ എതിരാളികള്‍ കുത്തിപ്പൊട്ടിക്കുന്നു. എങ്കിലും, പകര്‍ത്തിയ ദൃശ്യങ്ങള്‍ ചരിത്രരേഖകളായി ലോകത്തിനു മുന്നില്‍ എത്തുന്നു. അധികാരത്തിന്റെ, അധിനിവേശത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഈ ദൃശ്യങ്ങള്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നു. നിരായുധരായ ജനതയുടെ രക്ഷാകവചമായി മാറുന്നു.
സംഘര്‍ഷഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തകര്‍ന്നുപോയ ക്യാമറകളെ മുന്നില്‍ വെച്ചുകൊണ്ടാണ് എമാദ് തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. അഞ്ചുവര്‍ഷം ബിലൈലിലെ ജനത നടത്തിയ ചെറുത്തുനില്‍പ്പിന്റെ കഥയാണ് എമാദ് താന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ബിലൈലിലെ കര്‍ഷകരുടെ ഭൂമി കവര്‍ന്നെടുത്ത്, ആ ഗ്രാമത്തെ വിഭജിച്ചുകൊണ്ട് അവിടെ കൂറ്റന്‍ കമ്പിവേലി സ്ഥാപിക്കുകയാണ് ഇസ്രായേല്‍ സൈന്യം. പുതിയ പാര്‍പ്പിട സമുച്ചയങ്ങളുണ്ടാക്കി അവിടെ കുടിയിരുത്തുന്ന ഇസ്രായേലുകാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സൈന്യത്തിന്റെ ഈ അതിക്രമം. ബുള്‍ഡോസറുകള്‍ അവിടേക്ക് മുരണ്ടെത്തുന്നു. അവ ഒലിവ് മരങ്ങള്‍ വേരോടെ പിഴുതെറിയുന്നു. ആകാശത്തേക്കുയരുന്ന കമ്പിമതിലിനിപ്പുറത്ത് നിന്നുകൊണ്ട് ബിലൈല്‍ പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ്. അവര്‍ക്ക് ആയുധങ്ങളൊന്നുമില്ല. ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരമാണ് അവരുടേത്. ഇസ്രായേല്‍ സൈന്യത്തിന്റെ ഗ്രനേഡുകള്‍ക്കും യന്ത്രത്തോക്കുകള്‍ക്കും മുന്നിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗ്രാമീണര്‍ നെഞ്ചുറപ്പോടെ കടന്നു ചെല്ലുകയാണ്.

ഭാര്യ സൊരയ,നാല് ആണ്‍മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഏതാനും സുഹൃത്തുക്കള്‍ എന്നിവരിലൂടെ ബിലൈല്‍ എന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പടുത്തുകയാണ് സംവിധായകന്‍. ഇതിനുള്ള ശക്തമായ മാധ്യമം അദ്ദേഹത്തിന്റെ ക്യാമറായാണ്. നാലാമത്തെ മകന്‍ ജിബ്രീലിന്റെ ജനനത്തോടെയാണ് സംവിധായകന്റെ കാമറ ഗ്രാമത്തില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങുന്നത്. മകന്റെ ഫോട്ടോ എടുക്കാനാണ് ആദ്യം ക്യാമറ വാങ്ങിയത്. തന്റെ മക്കള്‍ക്കെല്ലാം വ്യത്യസ്തമായ കുട്ടിക്കാലമായിരുന്നു എന്ന് എമാദ് ഓര്‍ക്കുന്നു. എല്ലാം സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓസ്ലോ സമാധാന ഉടമ്പടിയുടെ കാലത്ത്, 1995ലാണ് ആദ്യമകന്‍ പിറന്നത്. പ്രതീക്ഷയുടെ കാലമായിരുന്നു അത്. അവന്റെ കുട്ടിക്കാലത്ത് കാര്യങ്ങള്‍ കുറെക്കൂടി തുറന്നതായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞ് അനിശ്ചിതത്വത്തിന്റെ കാലത്താണ് രണ്ടാമത്തെ മകന്റെ ജനനം. 2000ല്‍ ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്പ് ) എന്ന പ്രക്ഷോഭം ആരംഭിച്ച അതേസമയത്താണ് മൂന്നാമന്റെ പിറവി. ആസ്പത്രി നിറയെ മരിച്ചവരും പരിക്കേറ്റവരും. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഉപരോധത്തിന്റെ കാലമായിരുന്നു അത്. പ്രതീക്ഷയറ്റ ഒരു കാലം. (അക്കാലത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂവായിരം പലസ്തീന്‍കാര്‍ മരിച്ചു). 2005 ഫിബ്രവരിയില്‍ ജിബ്രീല്‍ ജനിച്ചു. ഉയരത്തില്‍ തീര്‍ത്ത കമ്പിവേലിക്കെതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് ജിബ്രീലിന്റെ ജനനം. അഞ്ച് വര്‍ഷത്തിനിടയില്‍ അവന്‍ സാക്ഷിയാകുന്ന സംഭവപരമ്പരകളാണ് അവിടുന്നങ്ങോട്ട് എമാദിന്റെ ക്യാമറയില്‍ പതിയുന്നത്. അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആ ക്യാമറയിലുണ്ട്. അതോടൊപ്പം, ബിലൈലില്‍ നടക്കുന്ന പ്രതിരോധസമരത്തിന്റെ ഓരോ നിമിഷവും അത് ഒപ്പിയെടുക്കുന്നുണ്ട്. .
ഒരു പ്രക്ഷോഭദിനത്തില്‍ ഗ്രനേഡ് പൊട്ടി എമാദിന്റെ ആദ്യ ക്യാമറ തകര്‍ന്നു. ഇസ്രായേലുകാരായ ചില സാമൂഹികപ്രവര്‍ത്തകരും ബിലൈലിലെ സമരത്തില്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തില്‍ ഒരു സുഹൃത്ത് എമാദിന് ഒരു ക്യാമറ കൊടുത്തു. അതിലായി തുടര്‍ന്നുള്ള ചിത്രീകരണം. ഏതാണ്ട് ഒരു വര്‍ഷമേ അതിനും ആയുസ്സുണ്ടായിരുന്നുള്ളു. ഇതിനിടെ, എമാദിന്റെ സഹോദരന്‍ അറസ്റ്റിലായി. അറസ്റ്റിലായ ആദ്യത്തെ പ്രക്ഷോഭകന്‍. ഒരു മാസം അയാള്‍ തടവില്‍ കിടന്നു.
ജിബ്രീലിന് മൂന്നു വയസ്സായി. ദിവസങ്ങള്‍ കഴിയുന്തോറും തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കുറേശ്ശെ അവന് മനസ്സിലാവാന്‍ തുടങ്ങുന്നു. അവന്‍ പ്രകടനം കാണാന്‍ മുതിര്‍ന്ന കുട്ടികളോടൊപ്പം തെരുവിലേക്ക് വരുന്നു. ടിയര്‍ഗ്യാസ് പ്രയോഗം, വെടിവെപ്പ്, അറസ്റ്റ്, മര്‍ദനം, മരണം. എല്ലാം അവന്റെ കാഴ്ചയില്‍ നിറയുന്നു. ടിയര്‍ഗ്യാസ് പ്രയോഗിച്ചാല്‍ ഉള്ളി മണത്താല്‍ മതിയെന്ന് അമ്മ അവന് പറഞ്ഞുകൊടുക്കുന്നു. സമരഭൂവില്‍ നിന്ന് പേടിച്ചോടാനല്ല ആ അമ്മ അവനെ പഠിപ്പിക്കുന്നത്. പ്രക്ഷോഭം ചിത്രീകരിക്കുമ്പോള്‍ ക്യാമറ തന്നെ സംരക്ഷിക്കുമെന്ന് എമാദ് വിശ്വസിച്ചിരുന്നു. പക്ഷേ, ആ വിശ്വാസം മിഥ്യയാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുന്നു. രണ്ടാമത്തെ ക്യാമറ വെടിയേറ്റാണ് തകരുന്നത്. ഒരു ചെവിക്ക് പരിക്കുമേറ്റു. ക്യാമറയില്‍ പതിച്ച ആ വെടിയുണ്ട ജീവിതം എത്രമാത്രം ദുര്‍ബലമാണെന്ന് തന്നെ ഓര്‍മപ്പെടുത്തിയെന്ന് എമാദ് പറയുന്നു.

മൂന്നാമത്തെ ക്യാമറ ഏതാണ്ട് ഒരുവര്‍ഷം എമാദിനൊപ്പം നിന്നു. രണ്ടുതവണ അതിന് വെടിയേറ്റെങ്കിലും നന്നാക്കിയെടുത്തു. പക്ഷേ, വീണ്ടും തകര്‍ന്നു. നാലാമത്തേത് 2008ലെ പ്രക്ഷോഭം മുഴുവനും പകര്‍ത്തിയെടുത്തു. ഇതിനിടെ എമാദിന് ജീപ്പപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ആസ്പത്രിയിലായിരുന്നു ചികിത്സ. 20 ദിവസം എമാദ് ബോധമില്ലാതെ കിടന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അയാള്‍ കരുതിയതല്ല.പക്ഷേ, ബിലൈലിന് അയാളെ വേണ്ടിയിരുന്നു. ബിലൈലിന്റെ വീഥികളില്‍ വീഴുന്ന ഓരോ ചോരത്തുള്ളിയും പകര്‍ത്തിവെക്കാന്‍ അയാള്‍ തന്നെ വരേണ്ടിവന്നു.
സ്വപ്നം കാണുന്നതുപോലും അപകടമായിത്തീരാം എന്നു വിശ്വസിക്കുന്ന ഒരു ജനതയുടെ ഉള്‍വീര്യത്തെ അടയാളപ്പെടുത്തുന്ന രേഖയാണ് ഈ ചിത്രം. ഇസ്രായേലുകാരനായ ഗൈ ഡേവിഡിയുമായി ചേര്‍ന്നാണ് എമാദ് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ' സംവിധാനം ചെയ്തിരിക്കുന്നത്. എമാദിന്റെ കുടുംബത്തിലും തെരുവിലുമായി ചുറ്റിത്തിരിയുന്ന ക്യാമറ, വെസ്റ്റ് ബാങ്കിലെ ജനതയുടെ ജീവിതവും അനുഭവങ്ങളില്‍ നിന്നു നേടിയ കരുത്തും അവരുടെ അതിജീവനവും ലോകത്തിനു തുറന്നു കാണിച്ചുകൊടുക്കുകയാണ്. 2010ലെ വസന്തകാലത്ത് എമാദിനൊപ്പമുണ്ടായിരുന്നത് ആറാമത്തെ ക്യാമറയാണ്. അപ്പോഴേക്കും ഇസ്രായേല്‍ അധികൃതര്‍ തോറ്റ് പിന്മാറിയിരുന്നു. കമ്പിമതില്‍ പൊളിക്കാന്‍ ആ രാജ്യം നിര്‍ബന്ധിതമായി. മതിലിന്റെ തകര്‍ച്ച ചിത്രീകരിച്ചുകൊണ്ടിരിക്കെ എമാദിനുമേല്‍ ഗ്രനേഡ് വന്നു പതിച്ചു. പക്ഷേ, അയാളും ക്യാമറയും എങ്ങനെയോ രക്ഷപ്പെട്ടു. അതിപ്പോഴും എമാദിന്റെ കൂടെയുണ്ട്, ജീവിതം പകര്‍ത്തിക്കൊണ്ട്.
സംഘര്‍ഷഭൂമിയില്‍ കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലൂടെയാണ് എമാദ് ക്യാമറയുമായി സഞ്ചരിക്കുന്നത്. തന്റെ ഇളയ മകനെ അതിനൊരു നിമിത്തമാക്കുന്നു എന്നുമാത്രം. ജിബ്രീലിന്റെ അഞ്ചാം പിറന്നാളില്‍ എമാദ് സങ്കടപ്പെടുന്നു. മകന്റെ ശൈശവനിഷ്‌കളങ്കത നഷ്ടപ്പെട്ടുതുടങ്ങിയല്ലോ എന്നോര്‍ത്തായിരുന്നു ഈ സങ്കടം. അവന്‍ തിരിച്ചറിവിലേക്ക് വരികയാണ്. ഇനിയവന്‍ നേരിടേണ്ടത് ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളാണ്. വീട്ടിന് പുറത്തെത്തുന്ന ജിബ്രീല്‍ ഉച്ചരിക്കുന്ന പുതുവാക്കുകളിലൊന്ന്  'മതില്‍' എന്നാണ്. നേരത്തേയുള്ള സ്ഥലത്തുനിന്ന് മാറി കോണ്‍ക്രീറ്റില്‍ പണിത പുതിയ മതിലില്‍ സ്വന്തം പേരെഴുതിവെക്കുന്ന ജിബ്രീലിനെയാണ് ചിത്രാവസാനത്തില്‍ നമ്മള്‍ കാണുന്നത്.
പാതിരാത്രി കുട്ടികളെ പിടികൂടാന്‍ വീടുകളില്‍ അതിക്രമിച്ചു കയറുന്ന ഇസ്രായേല്‍ സൈനികര്‍. അവരെ തള്ളി പുറത്താക്കുന്ന അമ്മമാര്‍. മകനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുമ്പോള്‍ സൈനികരുടെ കവചിതവാഹനത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുന്ന വയോധികന്‍- ഇത്തരത്തിലുള്ള എണ്ണമറ്റ ദൃശ്യങ്ങളിലൂടെ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ് 90 മിനിറ്റുള്ള ഈ ഡോക്യുമെന്ററി പറയുന്നത്. 2011 ല്‍ ആംസ്റ്റര്‍ഡാം ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലും 2012ല്‍ സുഡാനീസ് ഫിലിം ഫെസ്റ്റിവലിലും അവാര്‍ഡ് നേടിയിട്ടുണ്ട് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്'. 2012ലെ ഓസ്‌കര്‍ അവാര്‍ഡിന് ഡോക്യുമെന്ററി വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രമാണിത്.
 

                                 






Tuesday, May 28, 2013

അത്‌ലറ്റും കൊള്ളക്കാരനും

ദേശീയ ചാമ്പ്യനായ ഒരു കായികതാരം
സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ 
കൊള്ളക്കാരനായി മാറിയ കഥയാണ് 
മികച്ച ചിത്രത്തിനുള്ള
 ദേശീയ അവാര്‍ഡ് നേടിയ 
' പാന്‍സിങ് തോമര്‍ ' 
എന്ന ഹിന്ദി സിനിമ പറയുന്നത്.


ചമ്പല്‍ താഴ്‌വരയിലെ ഓരോ കൊള്ളക്കാരനും സാമൂഹിക അനീതിയുടെ കയ്പുള്ള ജീവിത പശ്ചാത്തലമുണ്ട്. ആരും സ്വമേധയാ കൊള്ളക്കൂട്ടത്തില്‍ ചെന്നുചേരുന്നതല്ല. അവിടേക്ക് എത്തിപ്പെടുന്നതാണ്. നീതിനിഷേധത്തിന്റെ ക്രൂരമായ സാഹചര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി സമൂഹത്തെ ചോദ്യം ചെയ്യുന്നു എന്നതാണ് ' പാന്‍ സിങ് തോമര്‍ ' എന്ന ഹിന്ദി സിനിമയുടെ സവിശേഷത. കൊള്ളക്കൂട്ടങ്ങളുടെ കഥ പറയുന്ന ' ഷോലെ ' പോലുള്ള മുന്‍ മാതൃകകളെ പാടെ നിരാകരിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
           സംവിധായകന്‍ തിമാന്‍ശു ധൂലിയയുടെ മനസ്സില്‍ പാന്‍സിങ് തോമറിന്റെ ജീവിതകഥ പതിഞ്ഞത് 1991 ലാണ്. ഏഴ് തവണ ദേശീയ ചാമ്പ്യനായ , സൈനികനായ ഒരു കായികതാരം ചമ്പലിന്റെ മണ്ണില്‍ തോക്കേന്താനിടയായ സാഹചര്യം തിമാന്‍ശുവിനെ ആകര്‍ഷിച്ചിരുന്നു. തന്റെ ആദ്യ ഫീച്ചര്‍ സിനിമ പാന്‍സിങ്ങിന്റെ ജീവിതകഥയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പക്ഷേ, സിനിമയായില്ല. ആറേഴ് വര്‍ഷം അന്വഷണങ്ങള്‍ക്കായി ചെലവഴിച്ചു. ഒടുവില്‍, അഞ്ചാമത്തെ ചിത്രമായാണ് പാന്‍ സിങ് പുറത്തുവന്നത്.ചമ്പലില്‍ത്തന്നെയായിരുന്നു ഷൂട്ടിങ്.ഏതാണ്ട് ഒന്നര വര്‍ഷമെടുത്തു ഷൂട്ടിങ് പൂര്‍ത്തിയാവാന്‍. നാലരക്കോടി രൂപ മുടക്കിയാണ് ' പാന്‍സിങ് ' നിര്‍മിച്ചത്. ഇതുവരെ 20 കോടി രൂപ വരുമാനം കിട്ടിക്കഴിഞ്ഞു. 2012 ആഗസ്തില്‍ ചിത്രം തയ്യാറായെങ്കിലും പെട്ടെന്ന് റിലീസ് ചെയ്തില്ല. ലണ്ടന്‍, ന്യൂയോര്‍ക്ക് , അബുദാബി ചലച്ചിത്രമേളകളില്‍ ആദ്യം കാണിച്ചു. അതിനുശേഷമേ റിലീസ് ചെയ്തുള്ളു. 2012 ലെ മികച്ച ചിത്രം, നടന്‍ , സംവിധായകന്‍ എന്നിവക്കുള്ള ദേശീയ അവാര്‍ഡ് ' പാന്‍സിങ് തോമറിനാ ' ണ് ലഭിച്ചത്.
     അലഹാബാദുകാരനായ തിമാന്‍ശു ധൂലിയ എന്ന നാല്പത്തിയഞ്ചുകാരന്‍ ആറ് ഫീച്ചര്‍ സിനിമകളാണ് സംവിധാനം ചെയ്തത്. ക്യാമ്പസ് രാഷ്ട്രീയം ഇതിവൃത്തമാക്കിയ ' ഹാസില്‍ ' ആണ് ആദ്യചിത്രം (2003 ). തുടര്‍ന്ന് , ചരസ്, ഷാഗിര്‍ദ്, സാഹബ് ബീബീ ഔര്‍ ഗാങ്സ്റ്റര്‍, പാന്‍ സിങ് തോമര്‍, സാഹബ് ബീബി ഔര്‍ ഗാങ്സ്റ്റര്‍ റിട്ടേണ്‍സ് എന്നിവ പുറത്തുവന്നു.നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിച്ചിട്ടുണ്ട് ധൂലിയ. നടനായാണ് സിനിമയില്‍ തുടക്കം. പിന്നീട് തിരക്കഥാകൃത്തായി. സംവിധായകനായി പേരെടുത്തതോടെ അഭിനയം നിര്‍ത്തി. സഞ്ജയ് ചൗഹാനുമൊത്താണ് തിമാന്‍ശു പാന്‍ സിങ്ങിന്റെ തിരക്കഥ തയാറാക്കിയത്.
 
  പാന്‍സിങ്ങ് എന്ന സൈനികനില്‍ നിന്നാണ് സിനിമയുടെ തുടക്കം. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ബിധോസയാണ് പാന്‍സിങ്ങിന്റെ ജന്മദേശം. തനി ഗ്രാമീണന്‍. നാലാം തരം വരെയേ പഠിച്ചിട്ടുള്ളു. പുസ്തകങ്ങളില്‍ നിന്നല്ല, ജീവിതത്തില്‍ നിന്നാണയാള്‍ എല്ലാം പഠിച്ചത്. കൃഷിയായിരുന്നു പ്രധാന വരുമാനമാര്‍ഗം. നല്ല ഓട്ടക്കാരനാണ് പാന്‍സിങ്. എത്ര ഓടിയാലും കിതക്കില്ല. ഇനിയും ഓടണോ എന്ന മട്ടില്‍ ട്രാക്കില്‍ത്തന്നെ നില്‍ക്കും.     നല്ല വിശപ്പാണ് അയാള്‍ക്ക്. സാധാരണ പട്ടാളക്കാരന് കിട്ടുന്ന റേഷന്‍ പാന്‍സിങ്ങിന് മതിയാവില്ല. സ്‌പോര്‍ട്‌സില്‍ ചേര്‍ന്നാല്‍ ഇഷ്ടം പോലെ ഭക്ഷണം കിട്ടുമെന്നയാള്‍ മനസ്സിലാക്കി. ആദ്യം 5000 മീറ്റര്‍ ഓട്ടത്തിനാണ് ഇറങ്ങിയത്. ഒരു സര്‍ദാര്‍ജിയാണ് കോച്ച്. പാന്‍സിങ്ങിന്റെ കഴിവ് കണ്ട് അയാള്‍ അമ്പരന്നു. പക്ഷേ, ഇവന്‍ ഓടിയാല്‍ തന്റെ മകളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന്റെ സഹോദരനായ ഓട്ടക്കാരന്റെ ചാന്‍സ് പോകും എന്നയാള്‍ ശങ്കിച്ചു. . അങ്ങനെ, കോച്ചിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാന്‍സിങ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ പരിശീലനം നേടുന്നു. 1950 കളിലും 60 കളിലും ഏഴ് തവണ അയാള്‍ ദേശീയ ചാമ്പ്യനായി. ഒമ്പത് മിനിറ്റും നാല് സെക്കന്റുമായിരുന്നു പാന്‍സിങ്ങിന്റെ സമയം. പത്തു വര്‍ഷത്തേക്ക് മറ്റാര്‍ക്കും ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. 1958 ലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തെങ്കിലും രണ്ടാം സ്ഥാനത്തായിപ്പോയി.
   കളിക്കളത്തില്‍ പെരുമ നേടുമ്പോഴും തന്റെ ഗ്രാമത്തില്‍ അയാളുടെ കുടുംബം സുരക്ഷിതമായിരുന്നില്ല. ബന്ധുകൂടിയായ ഭര്‍വിന്ദര്‍ അവരെ ദ്രോഹിച്ചു. പാന്‍സിങ്ങിന്റെ ഭൂമി പോലും വ്യാജപ്പേരില്‍ തട്ടാന്‍ ഭര്‍വിന്ദര്‍ ശ്രമിച്ചു. ഒരുപാട് അംഗങ്ങളുള്ള കുടുംബമാണ് ഭര്‍വിന്ദറിന്റേത്. ' ഞങ്ങളുടെ മൂത്രത്തില്‍ ഒലിച്ചുപോവാനേയുള്ളു നിങ്ങളൊക്കെ ' എന്നാണയാള്‍ അഹങ്കാരത്തോടെ പാന്‍സിങ്ങിനോട് പറയുന്നത്. മകന്‍ സൈന്യത്തിലെത്തിയ സന്തോഷത്തില്‍ നേരത്തേ റിട്ടയര്‍മെന്റ് വാങ്ങി പാന്‍സിങ് ഗ്രാമത്തിലേക്ക് മടങ്ങുന്നു. പക്ഷേ, സ്വസ്ഥമായ ഒരു കുടുംബജീവിതം അയാള്‍ക്ക് കിട്ടുന്നില്ല.ഭര്‍വിന്ദറിന്റെ അതിക്രമങ്ങള്‍വര്‍ധിച്ചുവന്നു. പോലീസില്‍ നിന്ന് നീതി കിട്ടാതെ വന്നപ്പോള്‍ പാന്‍സിങ് തന്റെ അമ്മാവന്റെ പാത പിന്തുടരുന്നു. ചമ്പലിലെ വലിയൊരു കൊള്ളക്കൂട്ടത്തിന്റെ നായകനായി മാറുന്ന പാന്‍സിങ് ഭര്‍വിന്ദറിനെത്തന്നെ ആദ്യം ഇരയാക്കുന്നു. ചമ്പലിലെത്തുന്ന ഏതൊരു കൊള്ളക്കാരന്റെയും അന്ത്യവിധി അയാളും ഏറ്റുവാങ്ങുന്നു.
         1981 ഒക്ടോബര്‍ ഒന്നിന് ചമ്പലില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പാന്‍ സിങ് തോമര്‍ എന്ന മുന്‍ അത്‌ലറ്റിന്റെ ജീവിതകഥ സത്യസന്ധമായി പറയാനാണ് തിമാന്‍ശു ശ്രമിച്ചിരിക്കുന്നത്. സിനിമയിലെ സംഭവങ്ങള്‍ 85 ശതമാനവും സത്യമാണെന്ന് പാന്‍സിങ്ങിന്റെ മകന്‍ റിട്ട.സുബേദാര്‍ സൗരംസിങ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷക്കായി പട്ടാളത്തില്‍ ചേര്‍ന്ന പാന്‍സിങ്ങിന്റെ കുടുംബം നാട്ടില്‍ തികച്ചും അരക്ഷിതരായിരുന്നു എന്ന വൈരുധ്യമാണ് തിമാന്‍ശു എടുത്തുകാട്ടുന്നത്. ശത്രുവിനെ അതിര്‍ത്തിയില്‍ പ്രതിരോധിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനാവാത്ത നിസ്സഹായാവസ്ഥ. അത്‌ലറ്റായിരുന്നപ്പോള്‍ കിട്ടാതിരുന്ന പബ്‌ളിസിറ്റി കൊള്ളക്കാരനായപ്പോള്‍ പാന്‍സിങ്ങിന് കിട്ടുന്നതിലെ ദു:ഖകരമായ അവസ്ഥയും സംവിധായകന്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗത്തിന് പാന്‍സിങ് ആരാധ്യനായിരുന്നു. കഷ്ടപ്പെടുന്നവരുടെ നേരെ അയാളുടെ തോക്ക് ഒരിക്കലും ഉയര്‍ന്നിട്ടില്ല.
    തന്റെ അമ്മാവനോ താനോ കൊള്ളക്കാരനല്ല എന്നാണ് പാന്‍സിങ് ഉറച്ചു വിശ്വസിച്ചിരുന്നത്. നീതിനിഷേധത്തിന്റെ പേരില്‍ വിമതരോ നിയമനിഷേധികളോ ആയിപ്പോയവരാണ് തങ്ങള്‍. ഈയൊരു വിശ്വാസധാരയിലൂടെയാണ് സംവിധായകന്‍ തന്റെ ചിത്രം കൊണ്ടുപോകുന്നത്.
    സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മൂന്നു പതിറ്റാണ്ടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പാന്‍സിങ് സൈന്യത്തില്‍ എത്തിച്ചേര്‍ന്ന 1950 മുതല്‍ 81 വരെ നീളുന്ന കാലം. ഗ്രാമീണന്‍, സൈനികന്‍, കരുത്തുറ്റ കായികതാരം, കൊള്ളത്തലവന്‍ - ഈ നാല് ഘട്ടങ്ങളിലൂടെയാണ് പാന്‍സിങ്ങിനൊപ്പം പ്രേക്ഷകന്‍ യാത്ര ചെയ്യുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് രാജ്യത്തിന് പെരുമയുണ്ടാക്കിക്കൊടുത്ത സാധാരണക്കാരായ ചില അത്‌ലറ്റുകളെ ഓര്‍മിപ്പിക്കുന്നുണ്ട് പാന്‍സിങ്. ആരാലും ശ്രദ്ധിക്കപ്പെടാതെ, ദാരിദ്ര്യത്തിലും അവഗണനയിലും ഞെരിഞ്ഞമര്‍ന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോയ പ്രശസ്തരായ ഏതാനും അത്‌ലറ്റുകള്‍ക്കാണ് തിമാന്‍ശു ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ നീതിബോധം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍       പാന്‍സിങ് നിയമനി ഷേധിയായി മാറില്ലായിരുന്നുവെന്നാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. അത് പ്രേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ കഥാപാത്രനിര്‍മിതി നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
    രണ്ട് വിതഘട്ടങ്ങളിലൂടെയാണ് ഇതിലെ നായകന്‍ കടന്നുപോകുന്നത്. പേരെടുത്ത കായികതാരത്തിന്റെയും കുപ്രസിദ്ധി നേടിയ കൊള്ളക്കാരന്റേതുമാണ് ഈ ഘട്ടങ്ങള്‍. ജീവിതം മുഴുവന്‍ താന്‍ ഓടുകയായിരുന്നെന്ന് പാന്‍സിങ് സങ്കടപ്പെടുന്നുണ്ട്. രാജ്യത്തിനുവേണ്ടിയും കുടുംബത്തിനു വേണ്ടിയുമായിരുന്നു ഈ ഓട്ടമത്രയും. തന്റെ ജീവിതത്തെ വെല്ലുവിളി നിറഞ്ഞ ഓട്ടമത്സരമായാണ് പാന്‍സിങ് കണ്ടിരുന്നത്. ഒരുപാട് തടസ്സങ്ങള്‍ ഉയര്‍ത്തിക്കെട്ടിയ മത്സരം. പക്ഷേ, അവസാനത്തെ ഹര്‍ഡില്‍ അയാള്‍ക്ക് ചാടിക്കടക്കാനായില്ല. ചക്രവാളത്തില്‍ തന്റെ ജീവിതത്തിന്റെ ഫിനിഷിങ് പോയന്റ് അയാള്‍ കാണുന്നു. ഏതൊരുഅത്‌ലറ്റിനെയുംപോലെ , തുടങ്ങിയ മത്സരം അയാള്‍ക്ക് പൂര്‍ത്തിയാക്കിയേ മതിയാവൂ. അവസാനത്തെ തുള്ളി ആവേശവും കാലുകളിലേക്ക് ആവാഹിച്ചാണ് അയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷേ, അയാളിലെ ഭ്രാന്തമായ വേഗത്തെ കീഴ്‌പ്പെടുത്തുന്നു പോലീസിന്റെ വെടിയുണ്ടകള്‍. സിനിമയിലെ അവസാനരംഗങ്ങള്‍ മാത്രം മതി സംവിധാനത്തിന്റെ മികവ് ബോധ്യപ്പെടാന്‍.
      ഓട്ടത്തോടും കായികക്ഷമതയോടുമുള്ള അഭിനിവേശം മരണത്തിനു തൊട്ടുമുമ്പുപോലും പാന്‍സിങ്ങില്‍ ഊര്‍ജദായനിയായി വര്‍ത്തിക്കുന്നുണ്ട്. എതിരാളിയെ വേട്ടയാടുമ്പോഴും ഓടാന്‍ കിട്ടുന്ന അപൂര്‍വാവസരം അയാള്‍ ആസ്വദിക്കുന്നു. ജീവനുവേണ്ടി കെഞ്ചി ഭര്‍വിന്ദര്‍ ഗ്രാമത്തിലൂടെ ഓടുമ്പോള്‍ ഒരു അത്‌ലറ്റിന്റെ വാശിയോടെ അയാളെ ഓടിത്തോല്പ്പിക്കുന്നു പാന്‍സിങ്. അവസാനരംഗത്ത് കാണുന്ന കനാലിന്റെ ദൃശ്യം ഓട്ടക്കാരെ കാത്തുനില്‍ക്കുന്ന ട്രാക്കിനെ ഓര്‍മിപ്പിക്കുന്നു.
   ആദ്യഘട്ടത്തില്‍ കളിക്കളത്തിലാണ് വെടിയൊച്ച മുഴങ്ങുന്നത്. പിന്നീട്, ചമ്പലില്‍നിന്നും അതേ വെടിമുഴക്കം നമ്മള്‍ കേള്‍ക്കുന്നു. ഒരു അത്‌ലറ്റിന്റെ ജീവിതപരിണാമത്തെയാണ് സംവിധായകന്‍ ഈ വെടിമുഴക്കങ്ങളിലൂടെ കൃത്യമായി ആവിഷ്‌കരിക്കുന്നത്.
       ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിലും പാന്‍സിങ്ങിലെ അത്‌ലറ്റിനെയാണ് തിമാന്‍ശു ഉയര്‍ത്തിക്കാട്ടുന്നത്. കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പാന്‍സിങ്ങിന്റെ സുവര്‍ണകാലത്തെ ഓര്‍മയില്‍നിന്ന് തിരിച്ചു കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഒരു കൊള്ളക്കാരന്റെയല്ല, അത്‌ലറ്റിന്റെ അന്ത്യമാണ് പാന്‍സിങ്ങിന്റെ മരണത്തിലൂടെ സംഭവിക്കുന്നതെന്ന് തിമാന്‍ശു രേഖപ്പെടുത്തുന്നു. പഴയ ദൃശ്യങ്ങളെ കൃത്യമായി ചേര്‍ത്തുവെച്ചാണ് അദ്ദേഹം ഇത് സാധിച്ചെടുക്കുന്നത്. അവസാന നിമിഷങ്ങളിലും പാന്‍സിങ്ങിനെ കായികതാരമായേ നമുക്ക് കാണാനാവൂ.
     മികച്ച നടനുള്ള അംഗീകാരത്തിന് ഇര്‍ഫാന്‍ ഖാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ഇന്ത്യയില്‍ ഇന്നുള്ള മികച്ച നടന്മാരുടെ കൂട്ടത്തില്‍ ഒരു പടി മുന്നില്‍ കടന്നിരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന് പാന്‍സിങ്ങിന് ഭാവം പകര്‍ന്ന ഇര്‍ഫാന്‍ ഖാന്‍ തെളിയിക്കുന്നു. അത്‌ലറ്റിന്റെയും കൊള്ളക്കാരന്റെയും ശരീരഭാഷയും പെരുമാറ്റവും സംസാരരീതിയുമൊക്കെ സൂക്ഷ്മതയോടെ, എന്നാല്‍ അനായാസമായി, പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Sunday, April 21, 2013

.


ഗംഗുവിന്റെ ഗാരാ സാരി

പാര്‍സികളുടെ 
സവിശേഷവസ്ത്രമായ 
ഗാരാ സാരി സ്വന്തമാക്കാന്‍ 
ഒരു വീട്ടുജോലിക്കാരി 
നടത്തുന്ന യാത്രയുടെ 
ഗതിവിഗതികളാണ് 
പ്രിയ കൃഷ്ണസ്വാമിയുടെ 
'ഗംഗൂബായ് ' എന്ന 
ഹിന്ദി സിനിമ പറയുന്നത്



2ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രിയ കൃഷ്ണസ്വാമിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണ് ' ഗംഗൂബായ്'. മനുഷ്യന്റെ സ്വപ്നങ്ങളെപ്പറ്റി, അത് സാക്ഷാത്കരിക്കാനുള്ള യാത്രയെപ്പറ്റി, ആ യാത്രയുടെ ഗതിവിഗതികളെപ്പറ്റി - ഇതാണ് ഈ ചിത്രത്തിലൂടെ പ്രിയ പറയുന്നത്. ഫിലിം എഡിറ്ററാണ് പ്രിയ. പാര്‍സി സമുദായാംഗങ്ങളുമായുള്ള അടുത്ത ബന്ധം 'ഗംഗൂബായ് ' എന്ന സിനിമയുടെ നിര്‍മാണത്തിന് തന്നെ ഏറെ  സഹായിച്ചിട്ടുണ്ടെന്ന് പ്രിയ പറയുന്നു. എന്‍.എഫ്.ഡി.സി. യുടെ നീനാ ഗുപ്തയാണ് ഈ സിനിമ സാക്ഷാത്കരിക്കാന്‍ പ്രിയയെ പിന്തുണച്ചത്. നാലരക്കോടി രൂപയുടേതായിരുന്നു ആദ്യത്തെ പ്രോജക്ട്. നീനയുടെ നിര്‍ബന്ധത്താല്‍ അത് 1.8 കോടിയാക്കി കുറച്ചു. അങ്ങനെയാണ് 'ഗംഗൂബായ് ' വെളിച്ചത്തിലേക്ക് വന്നത്. നല്ലൊരു സിനിമക്ക് അവസരമൊരുക്കിയതില്‍ എന്‍.എഫ്.ഡി.സി. ക്ക് നമ്മള്‍ നന്ദി പറയണം. ചിത്രത്തിന്റെ എഴുത്തും എഡിറ്റിങ്ങും സംവിധാനവും പ്രിയ തന്നെ നിര്‍വഹിച്ചു. 

ഏറ്റവും താഴെത്തട്ടിലുള്ള, ഒട്ടും ഗ്‌ളാമറില്ലാത്ത ഒരു വയോധികയെ നായികയാക്കി ഒരു സിനിമയെടുക്കുക. അതും ഹിന്ദിയില്‍. പ്രിയയുടെ ആത്മവിശ്വാസത്തിനാണ് ആദ്യം മാര്‍ക്കിടേണ്ടത്. തന്റെ നായികയാവാന്‍ അനുയോജ്യയായ നടിയെത്തന്നെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മുംബൈയുടെ പുതിയൊരു ലോകമാണ് പ്രിയ കാണിച്ചുതരുന്നത്. വസ്ത്രവ്യാപാരത്തിന്റെയും ഫാഷന്‍ ഡിസൈനിന്റെയും പൊങ്ങച്ചങ്ങളുടെയും സിനിമയുടെയും മോഹങ്ങളുടെയും ലോകം. ആ ലോകത്ത് ഒട്ടും ചേരാത്ത ഒരു കഥാപാത്രത്തെ പ്രിയ ഇറക്കിവിടുന്നു. കാപട്യമില്ലാത്ത പെരുമാറ്റത്തിലൂടെ ഈ കഥാപാത്രം എല്ലാവരെയും കീഴ്‌പ്പെടുത്തി വിജയിയായി തിരിച്ചുപോകുന്നു. 
നാട്ടിന്‍പുറത്തുകാരിയാണ് വയോധികയായ ഗംഗൂബായ്. ഒറ്റക്ക് കഴിയുന്നു.വിവാഹിതയായി ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മരിച്ചു. കുട്ടികളില്ല. ആകെയുള്ളത് സമപ്രായക്കാരിയായ മലന്‍ എന്ന കൂട്ടുകാരി. ഏതാനും വീടുകളില്‍ ജോലിക്ക് പോയാണ് ഗംഗു ജീവിക്കാനുള്ള വകയുണ്ടാക്കുന്നത്. ചെടികളും പക്ഷികളും അവരുടെ പ്രിയ കൂട്ടുകാരാണ്. വിലപിടിപ്പുള്ള ഒരു ഗാരാ സാരി സ്വന്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ( പാര്‍സികളുടെ വിശേഷവസ്ത്രമാണ് ഗാരാ സാരി. പൂര്‍ണമായോ ഭാഗികമായോ എംബ്രോയ്ഡറി വര്‍ക്കുള്ള സാരിയാണിത്. അതുകൊണ്ടുതന്നെ വില കൂടും ). കരീന കപൂറിനുപോലും ഗാരാ സാരിയില്ലെന്നാണ് ഗംഗൂബായിയുടെ അവകാശവാദം. നാല് വര്‍ഷം അവര്‍ കഠിനമായി അധ്വാനിച്ച് ഗാരാ സാരിക്കുള്ള വകയുണ്ടാക്കി. ഒരു സാരിക്ക് ഏതാണ്ട് 
അമ്പതിനായിരത്തോളം രൂപ വില വരും. സാരി വാങ്ങാനായി ഗംഗു മുംബൈക്ക് വണ്ടി കയറുന്നു. സൂക്ഷിക്കണം, മുംബൈ മുഴുവന്‍ തട്ടിപ്പുകാരാണ് എന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തിയാണ് കൂട്ടുകാരി ഗംഗുവിനെ യാത്രയാക്കുന്നത്. പക്ഷേ, ഗംഗുവിനെ ആരും തട്ടിപ്പിനിരയാക്കിയില്ല. നഗരത്തില്‍ അപരിചിതയാണെന്നറിഞ്ഞിട്ടും ചെറുപ്പക്കാരനായ ടാക്‌സിക്കാരന്‍ ഗംഗുവിനെ ചുറ്റിക്കാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. നഗരത്തിലെ ആദ്യാനുഭവം ഗംഗുവില്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസമുണര്‍ത്തി. ഗാരാ സാരി തയാറാക്കി നല്‍കുന്ന ആര്‍ദ്ര ഹൗസിന്റെ ഉടമക്ക് ഒറ്റനോട്ടത്തില്‍ ഗംഗുവിനെ അത്ര പിടിച്ചില്ല. പക്ഷേ, ഗംഗുവിന്റെ ചുഴിഞ്ഞുള്ള ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ തോറ്റു. മോഡലുകള്‍ നടത്തിയ ഫാഷന്‍ഷോയില്‍ സമൂഹത്തിലെ വലിയവരോടൊപ്പം ഗംഗുവും അഭിമാനത്തോടെ പങ്കെടുത്തു. കിളികളും പൂക്കളും നിറഞ്ഞ ഗാരാ സാരി അവര്‍ക്കിഷ്ടമായി. തന്റെ ഹൃദയത്തില്‍ നിന്നെന്നപോലെ സാരിയില്‍ നിന്ന് പൂക്കള്‍ ഇളകിയാടുന്നത് ഗംഗു കണ്ടു. കിളികള്‍ കലപില ശബ്ദമുണ്ടാക്കി എങ്ങോട്ടോ പറന്നുപോകുന്നു. സാരിയുടെ വിലയും പ്രശ്‌നമായില്ല. അര ലക്ഷം രൂപ.

ഇവിടെ നിന്ന് കഥ വഴിതിരിയുന്നു. സാരിയും വാങ്ങി അന്നുതന്നെ മടങ്ങാനായിരുന്നു ഗംഗൂബായിയുടെ ഉദ്ദേശ്യം. എന്നാല്‍, ഗംഗു കൊതിച്ച സാരി തരാന്‍ പറ്റില്ലെന്നായി ഡിസൈനര്‍. ആ സാരി ലോകമെങ്ങും പ്രദര്‍ശിപ്പിക്കാനുള്ളതാണ്. പകരം അതുപോലുള്ള മറ്റൊന്ന് ചെയ്തുതരാമെന്നായി അയാള്‍.സാരിക്കൊത്ത ബ്‌ളൗസും തയ്ച്ചു നല്‍കും. മനസ്സില്ലാമനസ്സോടെ ഗംഗു മടക്കയാത്ര മാറ്റിവെക്കുന്നു. ഡിസൈനറും മോഡല്‍ മൊനീഷയും അവളെ സ്‌നേഹിക്കുന്ന വാമനും ആര്‍ദ്രയുടെ ഉടമ ദക്ഷയും പാര്‍സി ബിസിനസ്സുകാരനുമൊക്കെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഗംഗുവിന്റെ ചങ്ങാതിമാരായി മാറുന്നു. ഇത്തിരിപ്പോന്ന ജീവിതംകൊണ്ട് ഗംഗു സ്വായത്തമാക്കിയ പാഠങ്ങള്‍ അവരെ ചിന്തിപ്പിക്കുന്നു. വളച്ചുകെട്ടില്ലാത്ത നാടന്‍ വര്‍ത്തമാനത്തിലൂടെ ഗംഗു അവരെ വലിയ ജീവിതസത്യങ്ങളാണ് പഠിപ്പിക്കുന്നത്. നിനയ്ക്കാത്ത വഴികളിലൂടെയാണ് സിനിമയുടെ സഞ്ചാരം. പ്രേക്ഷകനെ രസിപ്പിച്ചും അദ്ഭുതപ്പെടുത്തിയും വേദനിപ്പിച്ചും അതങ്ങനെ തുടര്‍ന്നുപോകുന്നു. 
 ഒരു നാട്ടിന്‍പുറത്തുകാരി വലിയൊരു സംഖ്യയുമായി ഒറ്റക്ക് മഹാനഗരത്തിലെത്തുമ്പോഴുണ്ടാകുന്ന ഗുലുമാലുകളാണ് സ്വാഭാവികമായും നമ്മള്‍ ഈ സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുക. ആ പ്രതീക്ഷ തുടക്കത്തിലേ തകര്‍ക്കുന്നു സംവിധായിക. കഥാസഞ്ചാരത്തിന് നല്ലൊരു ചാല് കീറിയിട്ടുണ്ട് അവര്‍. അതില്‍ നിന്ന് എങ്ങോട്ടും തെന്നുന്നില്ല തിരക്കഥ. വളരെ ലളിതമായാണ് കഥ പറയുന്നത്. 
ഗംഗൂബായ് പ്രത്യക്ഷപ്പെടാത്ത ഫ്രെയിമുകള്‍ കുറവാണ്. മിക്ക കഥാപാത്രങ്ങളും ഗംഗുവിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നു. ആ സാന്നിധ്യം ജീവിതാഭിമുഖ്യത്തിന്റെ ഊര്‍ജമാണ് അവര്‍ക്ക് നല്‍കുന്നത്. കഥാപാത്രങ്ങളുടെ മാത്രമല്ല, പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറുന്നു ഗംഗൂബായി. ഹൃദയാഭിലാഷം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നെയെന്തിനു ജീവിതം എന്നാണ് ഗംഗൂബായ് ചോദിക്കുന്നത്. സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രിയ സംസാരിക്കുന്നത്. സ്‌നേഹത്തെ, നന്മയെ തൊട്ടുണര്‍ത്തുന്ന ചിത്രമാണിത്. 

ഗാരാ സാരിയെ ഗംഗൂബായിയുടെ ജീവിതത്തിന്റെ, മോഹത്തിന്റെ സജീവബിംബമാക്കിയതിലാണ് സംവിധായികയുടെ മിടുക്ക്. അതിലെ പൂക്കള്‍ക്കും വള്ളികള്‍ക്കും കിളികള്‍ക്കും ജീവന്‍ വെക്കുമ്പോള്‍ പ്രത്യേക സംഗീതമാണ് പ്രിയ ഉപയോഗിക്കുന്നത്. പല തവണ ആവര്‍ത്തിക്കുന്ന ഈ സംഗീതം ചിത്രത്തിന്റെ ആത്മാവായി മാറുന്നു. ഗാരാ സാരി ഒടുവില്‍ ഗംഗുവിന്റെ ജീവിതാഭിലാഷത്തിന്റെ ചാരമായി പുകയുമ്പോള്‍ സംഗീതം നമ്മെ വേദനിപ്പിക്കുന്നു. അഗ്‌നിനാളത്തിന്റെ ചുവപ്പില്‍ പൂക്കളും വള്ളികളും കിളികളും സാരിയില്‍ നിന്ന് വെന്തുരുകി വീഴുന്ന ദൃശ്യത്തില്‍ പ്രിയയിലെ സംവിധായികയും എഡിറ്ററും കലാപരമായി മേളിക്കുന്നു. ഇവിടെ ഗംഗുവിനു മാത്രമല്ല നഷ്ടപ്പെടുന്നത്. സിനിമാനടിയാവാന്‍ മോഹിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതവും നഷ്ടക്കച്ചവടമായി മാറുകയാണ്. 
നാടക, ടെലിവിഷന്‍, സിനിമാനടിയായ സരിതാ ജോഷിയാണ് ഗംഗൂബായിയെ അവതരിപ്പിക്കുന്നത്. അവരെ ഈ കഥാപാത്രത്തിന് കണ്ടെത്തിയപ്പോള്‍ത്തന്നെ പ്രിയയുടെ ജോലി എളുപ്പമായി. തന്റെ റോളില്‍ അനായാസമായാണ് സരിതാ ജോഷി പെരുമാറുന്നത്. 2012 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കാണിച്ചിട്ടുണ്ട് 'ഗംഗൂബായ് '. മിയാമി, കാനഡ, ഹാനോയ് മേളകളിലും കാണിച്ചു. ഇക്കൊല്ലം ജനവരിയിലാണ് എന്‍.എഫ്.ഡി.സി. നിര്‍മിച്ച ഈ സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് സംവിധായിക 'ഗംഗൂബായ് ' സമര്‍പ്പിച്ചിരിക്കുന്നത്. 
Add caption

'ഗംഗൂബായ് ' നല്ല ചിത്രമാണെങ്കിലും ഇതിന്റെ മൗലികതയെക്കുറിച്ച് സംശയമുണ്ട്. പോള്‍ ഗള്ളിക്കോയുടെ നോവലിനെ ആധാരമാക്കി 1992 ല്‍ തയാറാക്കിയ ' മിസ്സിസ് ഹാരിസ് ഗോസ് ടു പാരീസ് ' എന്ന ടി.വി. ഫിലിമിന്റെ ഇതിവൃത്തത്തോട് സാദൃശ്യമുണ്ട് 'ഗംഗൂബായി ' ക്ക്. പക്ഷേ, മൂലകഥയെക്കുറിച്ച് സംവിധായിക സൂചനയൊന്നും നല്‍കുന്നില്ല. ലണ്ടനിലെ മിസ്സിസ് ഹാരിസ് എന്നൊരു വീട്ടുജോലിക്കാരി വിലപിടിപ്പുള്ള ഒരു സായാഹ്ന ഗൗണ്‍ സ്വന്തമാക്കാനായി പണം സ്വരൂപിച്ച് പാരീസില്‍ പോകുന്നതും മോഹം സാക്ഷാത്കരിക്കുന്നതുമാണ് ' മിസ്സിസ് ഹാരിസി ' ന്റെ കഥ. ഈ ടി.വി. ഫിലിമിലെ മറ്റു ചില കഥാപാത്രങ്ങളെയും പ്രിയ കടംകൊണ്ടതായി കാണാം. എങ്കിലും, ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചുനട്ട് വ്യത്യസ്തരീതിയില്‍ കഥ പറയാന്‍ പ്രിയ ശ്രദ്ധിച്ചിട്ടുണ്ട്. 


Sunday, April 7, 2013

ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട്


ഏഴ് ഭാഷകള്‍ കൂടിച്ചേര്‍ന്ന് കാസറഗോഡിന് നല്‍കിയ
സവിശേഷ നാട്ടുഭാഷയെ അതിന്റെ 
തനിമയോടെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് 
അപ്‌സര പബ്‌ളിക് സ്‌കൂളിലെ ' മാതൃഭൂമി സീഡ് ' പ്രവര്‍ത്തകര്‍


നടന്‍ സുരേഷ് ഗോപിയോടാണ് ചോദ്യം. ' ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട് ? ' കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഒരു വനിതാംഗമാണ് സ്‌നേഹത്തോടെ ഇങ്ങനെ ചോദിച്ചത്. ഡയലോഗ് വീരനായ നടന് ഒന്നും തിരിഞ്ഞില്ല. ' നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ഈ മുഖം ' എന്നാണ് വനിതാംഗം ഉദ്ദേശിച്ചത് എന്ന് ഒരാള്‍ നടന് പറഞ്ഞുകൊടുത്തു. തന്റെ അതിപ്രശസ്തമായ ഡയലോഗിന്റെ കാസറഗോഡന്‍ പരിഭാഷ കേട്ട് സുരേഷ് ഗോപി ചിരിച്ചു. 
    കാസര്‍കോട് പരവനടുക്കത്തെ അപ്‌സര പബ്‌ളിക് സ്‌കൂളിലെ പത്താംതരം ബി. ക്‌ളാസിലെ ' പുള്ളര്‍ ' തയാറാക്കിയ നാട്ടുഭാഷാ കൈപ്പുസ്തകത്തിലാണ് ഈ അനുഭവകഥയുള്ളത്. സുരേഷ്‌ഗോപിയെ മാത്രമല്ല പലരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട് കാസറഗോഡന്‍ ഭാഷ. ഉത്തരകേരളത്തിലെ ഏഴ് ഭാഷകളുടെ സങ്കരമാണ് കാസറഗോഡന്‍ ശൈലി. 'ഉടുത്ത ഭാഷ ഒന്നിനും കൊള്ളില്ല ' എന്ന കുഞ്ഞുണ്ണിമാഷുടെ മൊഴിയാണ് അപ്‌സരയിലെ കുട്ടികള്‍ക്ക് വഴികാട്ടിയായത്. അവര്‍ കാസറഗോഡന്‍ നാട്ടുഭാഷയുടെ തനിമയും തെളിമയും മാലോകരെ അറിയിക്കുകയാണ്. വാക്കുകളുടെ മേല്‍ പൊതിഞ്ഞുവെച്ച കൃത്രിമത്വത്തിന്റെ ആടകള്‍ അവര്‍ അഴിച്ചെറിയുന്നു. 

  ഏറ്റവും കൂടുതല്‍ ഭാഷകള്‍ മ്ണ്ട്ന്ന ജില്ലയാണ് കാസറഗോഡ് എന്ന് കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു. ഏയ് തരം ഭാഷകളാണ് ഇവിടെ മ്ണ്ട്ന്നത്. കന്നഡ, തുളു, ബ്യാരി, മലയാളം, ഹിന്ദി, മറാത്തി, കൊങ്കണി എന്നിവ. കേരളത്തിലെ വടക്കേ മൂലയില്‍ പൈമൂന്ന് ലച്ചത്തോളം ആള്‍ക്കാര്‍ ചേയിക്ക്ന്ന ജില്ലേന്റെ ഉസാര്‍ അടിത്തട്ട്ന്ന് തൊട്ങ്ങണംന്നാണ് അവരുടെ അഭിപ്രായം. 
 സ്‌കൂളിലെ ' മാതൃഭൂമി സീഡ് ' ക്‌ളബ്ബില്‍പ്പെട്ട കുട്ടികളാണ് ' ആദിലേ പൂദിലേ ' എന്ന കൈപ്പുസ്തകത്തിന്റെ അവതാരകര്‍. ' ആദിലേ പൂദിലേ ' എന്നാല്‍ ' ആദ്യം തൊട്ടേ ' എന്നര്‍ഥം. ( സമാനമായ പ്രയോഗം കണ്ണൂരും കോഴിക്കോട്ടുമുണ്ട്. ' ആദീം പൂതീം ' എന്നാണ് കണ്ണൂരുകാര്‍ പറയുക. ' ആദ്യോം പൂദ്യോം ' എന്ന് കോഴിക്കോട്ടുകാരും) . കാസറഗോഡന്‍ ഭാഷയുടെ സംരക്ഷണത്തിന് ആദ്യം തൊട്ടേ തുടങ്ങാം എന്നാണ് അപ്‌സരയിലെ കുട്ടികള്‍ പറയുന്നത്. സീഡിന്റെ മുന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.പി. സജിരാഗാണ് 66 താളുകളുള്ള പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. അയിഷ കാപ്പില്‍ സ്റ്റൂഡന്റ് എഡിറ്ററും. ഈ ഭൂമിയുടെ മാത്രമല്ല, നാട്ടുഭാഷയുടെയും സംരക്ഷകരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് അപ്‌സരയിലെ സീഡ് പ്രവര്‍ത്തകര്‍. 
 ഈ പ്രാദേശികഭാഷാ മാഗസിന്‍ ഭാഷാഭൂപടത്തില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍. കെ. വിജയന്‍ കരിപ്പാളിന് സംശയമൊന്നുമില്ല. ' ഇംഗ്‌ളീഷ് ചെടിയിലെ നാട്ടുപൂവ് ' എന്നാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. 
 മണ്ണിന്റെ രുചിയറിഞ്ഞ നാവില്‍ നിന്ന് തുളുമ്പുന്ന ഭാഷാഭേദങ്ങള്‍. ഇവ വെറും കെട്ടുകാഴ്ചയല്ലെന്ന് ' ആദിലേ പൂദിലേ ' യുടെ അണിയറ ശില്പികള്‍ തിരിച്ചറിയുന്നു. ഭാഷാ അധിനിവേശത്തിന്റെ കാലത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്നും അവര്‍ക്കറിയാം. പ്രാദേശികഭാഷകളെ നിലംപരിശാക്കുന്ന ഭാഷാ ആക്രമണങ്ങളെ കുഞ്ഞുകൈകള്‍ കൊണ്ട് തടയാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് മുഖത്തെഴുത്തില്‍ കുട്ടികള്‍ പറയുന്നു. സ്വന്തം എന്ന വാക്കിനെ അടിച്ചൊതുക്കി, അവകാശപ്പെടാന്‍ ഓര്‍മകള്‍ മാത്രമായി കഴിയാന്‍ വിധിക്കപ്പെട്ട മലയാളികളായി നാം മാറുന്നു എന്നതാണ് അവരുടെ ദു:ഖം. ആ ദു:ഖത്തില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. 
 കുമ്പളക്കും കാഞ്ഞങ്ങാടിനുമിടയില്‍ പ്രചാരത്തിലുള്ള വാക്കുകളാണ് ' ആദിലേ പൂദിലേ ' യിലുള്ളത്. തങ്ങള്‍ക്ക് പരിചിതമായ ഇടങ്ങളില്‍ നിന്നാണ് കുട്ടികള്‍ വാക്കുകള്‍ ശേഖരിച്ചത്.കിട്ടിയ വാക്കുകള്‍ ഉപയോഗിച്ച് അവര്‍ കഥകളെഴുതി. കവിതകളും ഓര്‍മക്കുറിപ്പും പാചകക്കുറിപ്പും ഒറ്റമൂലിയും എഴുതി.കാസറഗോഡ് ജില്ലയുടെ വിശേഷങ്ങളെഴുതി. എന്തിനേറെ, ടിന്റുമോന്റെ ഫലിതങ്ങള്‍പോലും നാട്ടുഭാഷയിലാക്കി.       ഇംഗ്‌ളീഷ് മീഡിയത്തിലെ ഭാഷാപരമായ അണിഞ്ഞൊരുങ്ങലുകള്‍ക്ക് അപ്പുറം തങ്ങളുടെ ഭാഷയുടെ തനിമയെ ആവിഷ്‌കരിക്കാനുള്ള ശ്രമം ഭാഷയില്‍ പൊതുവെ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗം തന്നെയാണെന്നാണ് എന്‍. സന്തോഷ് കുമാര്‍ അവതാരികയില്‍ നിരീക്ഷിക്കുന്നത്. 
 ഉള്‍പ്പേജുകളിലെ വിഷയവിവരത്തില്‍ നിന്നേ തുടങ്ങുന്നു കാസറഗോഡന്‍ ഭാഷയുടെ തനിമ. ' ഉള്ളിലെ ബിസ്യം ' ആണ് അവര്‍ക്ക് ഉള്ളടക്ക സൂചിക. കുട്ടിച്ചിത്രങ്ങളുടെ അകമ്പടിയോടെ വിഷയങ്ങള്‍ ഒന്നൊന്നായി താളുകളില്‍ നിറയുന്നു. അയിഷ കാപ്പിലിന്റെ കവിതയിലാണ് തുടക്കം. ' മടിയാ , പണി എട്ക്ക് ' എന്ന കവിതയില്‍ മടിയനായ ആനയെ പണിയെടുപ്പിക്കുകയാണ് ആനക്കാരന്‍. അയാളുടെ വര്‍ത്തമാനം കേട്ടോളൂ: 
 

' കുന്നോളം ചോറ് ബെയ്ച്ചിറ്റ് 
ഒരു കൊല ബായക്ക തുന്നിറ്റ് 
നീ ബെര്‍ദെ നിക്ക്ന്നാ ആനക്കൊമ്പാ ? 
മരക്കണ്ടം കാണ്‍ന്നില്ലേ നിന്റെ മുമ്പില്
ബെഡ്ഡാ, നിനക്ക് കണ്ണ് കാണ്‍ന്നില്ലേ
മടിയാമറ്റം നീ കാണ്‍ച്ചങ്ക്
അന്റെ കൈല്‍ള്ള കത്തി 
ഇട്ടിറ്റ് ഞാന്‍ ചങ്ക് അര്‍ക്കും 
 പൗത്ത മാങ്ങ കൊണ്ട് എങ്ങനെ ജാമുണ്ടാക്കാം എന്നാണ് റിയാസിനി റംഷ വിവരിക്കുന്നത്. അതിങ്ങനെ : പൗത്ത മാങ്ങ - രണ്ട് കിലോ, പഞ്ചാര - മാങ്ങേന്റെ മധുരം അന്‌സരിച്ചിറ്റ് ബേണം പഞ്ചാരേ ഇടാന് , ബള്ളം - രണ്ട് ക്‌ളാസ് , നാരങ്ങ - എട്ട്. ഇണ്ടാക്കേണ്ടത് ഇങ്ങനെ : മാങ്ങ ഒപ്പിടി കണ്ടം ആക്കീറ്റ് നല്ല ഒര്‍പ്പ്ള്ള ഒരു പാത്രത്തില്‍ ഇട്ണം. അന്നിറ്റ് ഈലേക്ക് രണ്ട് ക്‌ളാസ് ബള്ളം പോര്‍ന്നിറ്റ് അട്പ്പില് ബെക്കണം. കൊര്‍ച്ച് നേരം കയിഞ്ഞിറ്റ് തള്ച്ച്റ്റായിറ്റ് പഞ്ചാരേം നാരങ്ങന്റെ നീരും ഒക്കെയാക്കീറ്റ് എള്‍ക്കിക്കൊണ്ടെന്നെ ഇരിക്കണം. ഇത് ജാമ് പോലെ ആയിറ്റ് കണ്ടങ്ക് ഒരു കുപ്പിയില്‍ ആക്കീറ്റ് ബക്കണം. 
 കാസറഗോഡ് ശൈലിയിലുള്ള ടിന്റുമോന്റെ ബിറ്റ് വായിക്കാനും രസമാണ്. ഒരു സാമ്പിള്‍: ടിന്റു : ഇന്നലെ ഞാന്‍ ഞമ്മളെ ലൗവിനെക്കുറിച്ചിറ്റ് മെല്ലെ പൊരേല് പറഞ്ഞിന്. ചിഞ്ചു : ഗുഡ്. അന്നിറ്റ് നിന്റെ ഉപ്പാ എന്ത് പറ്ഞ്ഞ് ? ടിന്റു : മെല്ലെ പര്‍ഞ്ഞോണ്ട് ആര്ക്കും കേട്ടില്ല. 
 ആര്ക്കും കേറാന്‍ കയ്യാത്ത കാറേത് എന്ന കുസൃതിച്ചോദ്യമാണ് റിസ്‌വാന ചോദിക്കുന്നത്. ഉത്തരം മഴക്കാറ്. നിങ്ങക്ക് മറ്റോര്‍ക്ക് കൊട്ക്കാന്‍ കയ്ന്ന ശ്വാസം ഏതെന്നും അവള്‍ ചോദിക്കുന്നു. ആശ്വാസം എന്ന് മറുപടി. കാസ്‌റോഡ് ബാര്‍ത്തയില്‍ കാസറോഡ് പാര്‍ട്ടി പുള്ളറും ക്‌ളബ്ബ് പുള്ളറും തല്ലായ ബാര്‍ത്തയാണ് ജസീനയും ജസീമും നല്‍കുന്നത്. 
 ഹാഷിര്‍ അബ്ദുള്‍ ഖാദറിന്റെ സംഭാവന പഴഞ്ചൊല്ലുകളാണ്. മത്തങ്ങ കുത്തിയങ്ക് കുമ്പളങ്ങ മൊള്‍ക്ക്വോ? എന്നാണ് ഹാഷിറിന്റെ ചോദ്യം. ചേന കട്ടോനും ആന കട്ടോനും കള്ളനെന്നെ എന്നും ഹാഷിര്‍ ഓര്‍മപ്പെടുത്തുന്നു. ഇഫ്‌റാന ശേഖരിച്ചത് ഏതാനും കടംകഥകളാണ്. ഉള്ളില്‍ പോമ്പോ പച്ചെ , ബയ്‌ലോട്ട് ബെര്‌മ്പോ ചോപ്പ് . വല്ലതും പിടി കിട്ടിയോ? ഇല്ലങ്കില്‍ ഉത്തരം ഇതാ: ബെത്തലെ ( വെറ്റില ). 

ഉപ്പ ബീഡി ബലിക്ക്ന്ന്  ഉമ്മ നനക്ക്ന്ന് ക്ടാവ് കരീന്ന്. ഉത്തരം : തീബണ്ടി. 
  സര്‍ദാര്‍ജി ഫലിതത്തിനും കാസറഗോഡന്‍ ഭാഷാഭേദമുണ്ട്. ചേലുള്ള ഒരു പെണ്ണ് നടന്നിറ്റ് പോമ്പോ സര്‍ദാര്‍ജി കെട്ടിപ്പിടിച്ച്, ബിടിന്നേയില്ല. പെണ്‍കുട്ടി : ശ്ശി , നിങ്ങോ എന്ത് ചെയ്‌ന്നേ ? സര്‍ദാര്‍ജി : ഞാനിപ്പോ എം.ബി. എ. പടിച്ചോണ്ട്ണ്ട്. ഏതാനും കാസറഗോഡന്‍ പഴഞ്ചൊല്ല് ഇതാ : ബജാറില് പൊട്ടിയേന് ഉമ്മാനോട്. കാക്ക മറേല്‍പ്പോയാല് കൊക്കായീല. കുന്തം പോയാ ചട്ടീലും പെര്തണം. ആനക്ക് അയിന്റെ ബെല്‍പ്പം അറീല. 
 എ. മുബസ്സിറ ഏതാനും മൊബൈല്‍ പഴഞ്ചൊല്ലാണ് അവതരിപ്പിക്കുന്നത്. അവയില്‍ ചിലത്: ആരാന്റെ സിം ബ്‌ളോക്കായാല്‍ കാണാന്‍ നല്ല പാങ്ങ്. ഹാന്റ്‌സെറ്റ് ചാരിനിന്നോന്‍ സിമ്മ് കൊണ്ടോയി. റേഞ്ച് പോയാലേ റേഞ്ചിന്റെ ബെലേയറിയൂ. കരീന്ന മൊബൈല്‍നേ ചാര്‍ജുള്ളു. 
  ഏറ്റവും അവസാനം ഭാഷാ വഴികാട്ടിയാണ്. കാസറഗോഡ് മാത്രം ഉപയോഗിക്കുന്ന നൂറോളം വാക്കുകളുടെ അര്‍ഥമാണ് ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഏതാനും ഉദാഹരണങ്ങള്‍ ഇതാ: ഓട്ത്തു (എവിടെ), കലമ്പുക (വഴക്ക് കൂടുക), കുച്ചില് (അടുക്കള) , ചാച്ച (മാമന്‍ / ഇക്കാക്ക) , ചെല്ലി (പറഞ്ഞു) , ജാകെ (സ്ഥലം) , ഞമ്മ (ഞങ്ങള്‍) , തണാറ് (മുടി) , തമ്പിച്ചു (സമ്മതിച്ചു) , തൊപ്പന്‍ (കുറെയധികം) , തൊണ്ടമ്മാര്‍ (വൃദ്ധര്‍) , തൈക്കണ്ട (അടിക്കണ്ട) , നൊമ്പലം (വേദന) , പ്ടിയെ (കട) , പ്‌റ്ക്ക് (കൊതുക് / പ്രാണികള്‍) , പിര്‌സം (ഇഷ്ടം) , പുള്ളര്‍ (കുട്ടികള്‍) , പൊഞ്ഞാറ് (വിഷമം) , പൊണ്ടം (ഇളനീര്) , പൊയ്യ (പൂഴി) , പൈക്ക്ന്ന് (വിശക്കുന്നു) , ബണ്ണെ (വെറുതെ) , ബദ്ക്കുക (ജീവിക്കുക) , ബയ്ട്ട് (വൈകുന്നേരം) , ബയിലം (കരച്ചില്‍) , ബയ്യത്തി (ഓടിച്ചു / വഴക്കു പറഞ്ഞു) , ബറാബറായി (കണക്കായി / ഒരേപോലെ) ,ബാണം (വേണം) , ബിസ്യം (വര്‍ത്തമാനം) , ബെരുത്തം (രോഗം) , ബോണി (പാത്രം / ആദ്യം ) , മനാരം (വൃത്തി) , മുദ്മന്‍ (മുഴുവന്‍) ,മൂട് (അടപ്പ് / മുഖം). 
 കാസറഗോഡിന്റെ സവിശേഷമായ സംസ്‌കാരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നാട്ടുഭാഷയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപ്‌സര പബ്‌ളിക് സ്‌കൂളിലെ കുട്ടികളെ പിശുക്കില്ലാതെ നമുക്ക് അഭിനന്ദിക്കാം.  


Tuesday, March 5, 2013

ഈ ഭൂമിയുടെ തടവുകാര്‍


ഫിന്നിഷ് സംവിധായകനായ അകി കോറിസ്മാക്കിക്ക് 
ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹമുണ്ട്. 
താഴെത്തട്ടിലുള്ള സാധാരണ മനുഷ്യരാണ് 
അകിചിത്രങ്ങളിലെ നായകര്‍. സമാനവിഷയങ്ങള്‍ 
ആധാരമാക്കി മൂന്നു സിനിമാത്രയം സൃഷ്ടിച്ചിട്ടുണ്ട് 
അദ്ദേഹം. അവയില്‍ ആദ്യത്തെതാണ് 
' പ്രോലറ്റേറിയറ്റ് ട്രിലജി ' .


യൂറോപ്പിലെ എട്ടാമത്തെ വലിയ രാജ്യമാണ് ഫിന്‍ലന്‍ഡ്. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്ന്. 2011 ലെ കണക്കനുസരിച്ച് മൊത്തം ജനസംഖ്യ 54 ലക്ഷം. വര്‍ഷത്തില്‍ 20 - 25 സിനിമകള്‍ ഇവിടെ നിര്‍മിക്കുന്നു. ഫിന്നിഷ് സിനിമയില്‍ ചലനം സൃഷ്ടിച്ചവരാണ് കോറിസ്മാക്കി സഹോദരന്മാര്‍. മിക - അകി കോറിസ്മാക്കിമാര്‍. 1980 ലാണ് മികയുടെ ആദ്യസിനിമയായ 'ദ ലയര്‍' പുറത്തുവന്നത്. ജര്‍ണലിസം വിദ്യാര്‍ഥിയായിരുന്ന അനുജന്‍ അകി കോറിസ്മാക്കിയായിരുന്നു ഇതിലെ നായകന്‍. ചിത്രത്തിന് തിരക്കഥ എഴുതിയതും അകി തന്നെ. പില്‍ക്കാലത്ത് മികയേക്കാള്‍ അകി പ്രശസ്തനാവുന്നതാണ് സിനിമാലോകം കാണുന്നത്. 1983 ല്‍ അകി സംവിധായകനായി. ഡോസ്‌തോവ്‌സ്‌കിയുടെ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' ആയിരുന്നു ആദ്യസിനിമ. ഇന്ന് ഫിന്നിഷ് സിനിമ എന്നു പറയുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്ന പേര് അകി കോറിസ്മാക്കിയുടേതാണ്. ലളിതമാണ് അദ്ദേഹത്തിന്റെ കഥാഖ്യാനം. ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹം അകിയുടെ ആരാധകരായുണ്ട്.
എങ്ങനെ സംവിധായകനായി എന്നത് അമ്പത്തഞ്ചുകാരനായ അകി കോറിസ്മാക്കിക്ക് ഇന്നും ഒരദ്ഭുതമാണ്. യുവത്വത്തില്‍ ഹിപ്പിയിസത്തോടായിരുന്നു താത്പര്യം. പല ജോലികളും ചെയ്തു. ഒന്നിലും ഉറച്ചുനിന്നില്ല. നിയമം അനുസരിക്കാന്‍ വിമുഖനായിരുന്നു. കുരുത്തക്കേടിന് പലപ്പോഴും അറസ്റ്റിലായി. ഒരുപാട് രാത്രികള്‍ പോലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. 1980 കളില്‍ ജ്യേഷ്ഠന്‍ മികയാണ് അകിയെ സിനിമയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.

 'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' എന്ന ചിത്രമാണ് അകി കോറിസ്മാക്കിയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. കവര്‍ച്ചക്കിടയില്‍ തലക്കടിയേറ്റ് ഭൂതകാലം മറന്നുപോകുന്ന ഒരു മധ്യവയസ്‌കനാണ് ഇതിലെ നായകന്‍. സ്വന്തമായി പേരില്ലാത്ത അയാള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം. കോറിസ്മാക്കിക്ക് ചില വിശ്വാസങ്ങളുണ്ട്. ആ വിശ്വാസം അതികഠിനവുമാണ്. മനുഷ്യരാശിയുടെ മോചനത്തിന് തീവ്രവഴികള്‍ സ്വീകരിച്ചേ തീരൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വര്‍ഗമാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണക്കാര്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇവരെ ഉന്മൂലനം ചെയ്താലേ മനുഷ്യകുലം രക്ഷപ്പെടൂ. സമ്പന്നരെപ്പോലെ വെറുക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരും. സമ്പന്നരുടെ പാവയാണവര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. 
പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ലോകത്ത് താനെടുക്കുന്ന സിനിമകള്‍ നിരാനന്ദമോ വിരസതയോ ആണ് ഉണ്ടാക്കുന്നതെന്ന് അകി കോറിസ്മാക്കി തുറന്നുസമ്മതിക്കുന്നു. പൂര്‍ണ തൃപ്തി നല്‍കിയ ഒരു ചിത്രം താനിതുവരെ എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള തന്റെ രാജ്യത്തിന്റെ സ്ഥായിയായ വികാരം വിഷാദമാണ്. പിന്നെ താനെങ്ങനെ ആഹ്‌ളാദിക്കും. . കലാകാരിയാണ് ഭാര്യ. 26 വര്‍ഷമായി അവര്‍ വിവാഹിതരായിട്ട്. മക്കളില്ല. ജീവിതത്തെ സ്‌നേഹിക്കുന്നവളാണ് ഭാര്യ. അതുകൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് കോറിസ്മാക്കി പറയുന്നു. 
സാധാരണക്കാരുടെ കഥകളാണ് അകി സിനിമക്ക് വിഷയമാക്കുന്നത്. വലിയവര്‍ അദ്ദേഹത്തിന്റെ ഫ്രെയിമിലേക്ക് വരാറില്ല. തെരുവിലെ ഷൂ പോളിഷുകാരനും മാലിന്യങ്ങള്‍ കയറ്റുന്ന ട്രക്കിന്റെ ഡ്രൈവറും ഹോട്ടല്‍ തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജോലിക്കാരിയുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളായി. ഈ കഥാപാത്രങ്ങളൊന്നും തങ്ങളുടെ ജീവിതദുരിതങ്ങളോട് ഒരിക്കലും കലഹിക്കുന്നില്ല. ഉയരങ്ങളിലേക്ക് പറക്കാന്‍ മോഹിക്കുന്നില്ല. വഞ്ചനകള്‍ക്ക് അവര്‍ കീഴടങ്ങിക്കൊടുക്കുന്നു. അപൂര്‍വമായി മാത്രം പകരം വീട്ടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അപ്പോഴും അവര്‍ പരാജയപ്പെടാറാണ് പതിവ്. ചെറിയൊരു ജീവിതം. അതേ അവരാഗ്രഹിക്കുന്നുള്ളു. അതില്‍ നിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങള്‍ മതി അവര്‍ക്ക്. 
     പാട്ടും പുകവലിയും മദ്യപാനവും. കോറിസ്മാക്കി ചിത്രങ്ങളില്‍ ഈ മൂന്നു ഘടകങ്ങളും മാറ്റിനിര്‍ത്താനാവാത്തവിധം ഇഴുകിച്ചേര്‍ന്നതായി കാണാം. സ്ത്രീകളടക്കം അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പുകവലിക്കും, മദ്യപിക്കും, പാട്ട് ആസ്വദിക്കും. തന്റെ ശീലങ്ങളാണ് കോറിസ്മാക്കി കഥാപാത്രങ്ങളിലേക്കും പകര്‍ന്നിരിക്കുന്നത്. ദിവസം 60 സിഗരറ്റാണ് തന്റെ കണക്കെന്ന് അദ്ദേഹം സമ്മതിക്കുന്നു. 240 എണ്ണം വരെ  വലിച്ചുതള്ളിയ ദിവസമുണ്ടത്രെ.  അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും പാട്ടുണ്ടാവും. കഥാസന്ദര്‍ഭവുമായി യോജിച്ചുപോകുന്ന അര്‍ഥസമ്പുഷ്ടമായ പാട്ടുകള്‍.  ഗായകസംഘങ്ങളാണ് മിക്കപ്പോഴും ഇവ പാടുന്നത്. ചിലപ്പോള്‍ മാത്രം പഴയ മലയാള സിനിമയിലേതുപോലെ അശരീരിഗാനങ്ങള്‍ കേള്‍ക്കാം. 
    സമാന വിഷയം ഇതിവൃത്തമാക്കി മൂന്ന്  സിനിമാത്രയം  സംവിധാനം ചെയ്തിട്ടുണ്ട് അകി കോറിസ്മാക്കി. തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി എടുത്ത  'പ്രോലറ്റേറിയറ്റ് ട്രിലജി'  (Proletariat Trilogy)യാണ് ആദ്യത്തേത്. ഈ വിഭാഗത്തിലെ ആദ്യചിത്രമായ  'ഷാഡോസ് ഇന്‍ പാരഡൈസ് ' 1986 ല്‍ പുറത്തിറങ്ങി. 88 ല്‍  'ഏരിയല്‍' എന്ന ചിത്രവും 90 ല്‍ 'മാച്ച്ഫാക്ടറി ഗേള്‍' എന്ന ചിത്രവും വന്നു. 'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ട്രിലജി'  (Leningrad Cowboys Trilogy) യാണ് രണ്ടാമത്തേത്. ഒരു റഷ്യന്‍ റോക്ക് ബാന്‍ഡ്  ആണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. ദൈന്യത കലര്‍ന്ന കറുത്ത ഫലിതങ്ങളാല്‍ സമ്പുഷ്ടമാണീ ചിത്രങ്ങള്‍.  'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ഗോ അമേരിക്ക' യാണ് ഈ പരമ്പരയിലെ ആദ്യസിനിമ. 'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് മീറ്റ് മോസസ്' , 'ടോട്ടല്‍ ബലാലെയ്ക്ക ഷോ' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.  'ഫിന്‍ലന്‍ഡ്  ട്രിലജി'  (Finland Trilogy)യാണ് മൂന്നാമത്തേത്. 1996 ലിറങ്ങിയ  'ഡിഫ്റ്റിങ് കഌഡ്‌സ്' , 2002 ലെ  'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' 2006 ലെ 'ലൈറ്റ്‌സ് ഇന്‍ ദ ഡസ്‌ക്' എന്നിവയാണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍. നാലാമതൊരു പരമ്പരക്കും കോറിസ്മാക്കി തുടക്കമിട്ടിട്ടുണ്ട്. പ്രധാന തുറമുഖ നഗരങ്ങളിലെ ജീവിതം ആധാരമാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ ആദ്യചിത്രം പ്രേക്ഷകരുടെ പ്രശംസ നേടിയ 'ലെ ഹാവ്‌റെ' യാണ്. 2011 ലാണ് ഈ ചിത്രമിറങ്ങിയത്. 2012 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ലെ ഹാവ്‌റെ' കാണിച്ചിട്ടുണ്ട്. 
    സ്വപ്നം കാണാന്‍ ഒരു ജീവിതമില്ലാത്ത, ഈ ഭൂമിയുടെ തടവുകാരായ ഏതാനും കഥാപാത്രങ്ങളാണ് ആദ്യത്തെ സിനിമാത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരവാസികളുടെ മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന ട്രക്ക് ഡ്രൈവര്‍ നികന്ദറും സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്‌ഗേള്‍ ഇലോനയും തമ്മിലുള്ള നിറപ്പകിട്ടില്ലാത്ത പ്രണയമാണ് ആദ്യചിത്രമായ  'ഷോഡോസ് ഇന്‍ പാരഡൈസി'  ല്‍ പറയുന്നത്. കേടായ പല്ലും വയറും കരളുമുള്ള ഒരാള്‍ എന്നാണ് നികന്ദര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ശുദ്ധമായ പ്രണയത്തിലാണ് അയാള്‍ക്ക് താത്പര്യം. ഏക സഹോദരി മാനസികരോഗാസ്പത്രിയിലാണ്. സംഗീതതല്പരനാണ് നികന്ദര്‍. കൂട്ടുകാരാരുമില്ല. അയാള്‍ക്ക് പിന്നീട്  ഒരു കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ വെച്ചാണ്. പ്രതിസന്ധികള്‍ മറികടന്ന് നികന്ദര്‍ - ഇലോന ബന്ധം ശുഭമായി കലാശിക്കുന്നു.
    രണ്ടാമത്തെ ചിത്രമായ 'ഏരിയലി ' ല്‍ കസൂരിനെന്‍ എന്ന മുന്‍ ഖനിത്തൊഴിലാളിയാണ് നായകന്‍. ഖനി പൂട്ടിയതോടെ അയാളും അച്ഛനും തൊഴില്‍രഹിതരാകുന്നു. തന്റെ ആകെ സമ്പാദ്യമായ പഴയൊരു കാര്‍ മകന് കൈമാറി അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു. പുതിയൊരു തൊഴില്‍തേടി അലയുകയാണ് കസൂരിനെന്‍. ഇറച്ചിവെട്ടുകാരിയായും രാത്രികാവല്‍ക്കാരിയുമായി ജോലി ചെയ്യുന്ന ഒരു വിവാഹമോചിതയാണ് കസൂരിനെന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാമുകിക്ക് പത്തുവയസ്സായ ഒരു മകനുമുണ്ട്. കസൂരിനെനും ഒറ്റപ്പെട്ടവനാണ്. ഇയാള്‍ക്കും കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ നിന്നാണ്. കൂട്ടുകാരന്റെ സഹായത്തോടെ കസൂരിനെനും കാമുകിയും ഒടുവില്‍ കള്ളവഴിയിലൂടെ പാസ്‌പോര്‍ട്ട് നേടി മെക്‌സിക്കോയിലേക്ക് കപ്പലില്‍ രക്ഷപ്പെടുകയാണ്. 
മുന്‍ധാരണകള്‍ക്കപ്പുറത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രമാണ് ഈ സിനിമാ പരമ്പരയിലെ അവസാനത്തേതായ 'മാച്ച്ഫാക്ടറി ഗേള്‍'. അമ്മയുടെയും രണ്ടാനച്ഛന്റെയും കറവപ്പശുവായി മാറിയ ഐറിസ് എന്ന പെണ്‍കുട്ടിയാണ് ഇതിലെ നായിക. തീപ്പെട്ടിക്കമ്പനിയിലാണ് അവള്‍ക്ക് ജോലി. കൂട്ടുകാരികളൊന്നുമില്ല. ഒരു കൂട്ട് കൊതിച്ച് ഡാന്‍സ്ഹാളില്‍ പോയാലും അവള്‍ക്ക് ഒറ്റപ്പെടാനാണ് വിധി. ഒരിക്കല്‍ അവളെയും തേടിവന്നു ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക് പക്ഷേ, അവളുടെ ശരീരമേ വേണ്ടിയിരുന്നുള്ളു. ഗര്‍ഭിണിയായ അവളെ അയാള്‍ ഉപേക്ഷിക്കുന്നു. തന്റേടത്തോടെ അയാളുടെ ഔദാര്യങ്ങള്‍ തള്ളിക്കളയുന്നു അവള്‍. ഉറ്റവരുടെ തിരസ്‌കാരങ്ങളോട് അവള്‍ പകരം വീട്ടുന്നു. സംഗീതം ആസ്വദിക്കുന്ന, പുസ്തകവായന ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളില്‍ അഗ്‌നിനാളങ്ങള്‍ കെടാതെയുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നു. സംഭാഷണമില്ലാതെയും തനിക്ക് സിനിമ മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് കോറിസ്മാക്കി വിദഗ്ദ്ധമായി തെളിയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. തുടക്കത്തില്‍ , 22 മിനിറ്റ് വരെ ആകെ മൂന്ന് സംഭാഷണമാണുള്ളത്. അതും ഒന്നോ രണ്ടോ വാക്കില്‍. എന്നിട്ടും, ചിത്രത്തിന്റെ ഒഴുക്കിന് ഒരു തടസ്സവുമില്ല. 
സാധാരണ കോറിസ്മാക്കിയുടെ ചിത്രങ്ങള്‍ക്ക് 90 മിനിറ്റാണ് നീളം. ആദ്യ സിനിമാത്രയത്തിലെ മൂന്നു ചിത്രങ്ങളും 70 മിനിറ്റിലാണ് വെട്ടിയൊരുക്കിയിരിക്കുന്നത്. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെക്കുറിച്ച് കുറച്ചേ പറയാനുള്ളു അദ്ദേഹത്തിന്. പക്ഷേ, പറയാനുള്ളത് ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട് അകി. തന്റെ ചിത്രങ്ങളില്‍ കലാപരമായ കൃത്രിമങ്ങള്‍ക്ക് അദ്ദേഹം മുതിരാറില്ല. ചെത്തിമിനുക്കിയെടുത്ത ദൃശ്യങ്ങളും നമുക്ക് കാണാനാവില്ല. ദൃശ്യഭംഗിക്കുവേണ്ടി ക്യാമറ തുറന്നുവെക്കാറില്ല അദ്ദേഹം. വളരെ പെട്ടെന്ന് കണ്‍മുന്നില്‍നിന്ന് മറയും അദ്ദേഹം ഒരുക്കുന്ന ദൃശ്യങ്ങള്‍.ചെറിയ ഷോട്ടുകളിലാണ് അകിക്ക് താത്പര്യം. ഒരു രംഗവും നീണ്ടുപോകില്ല. അധികം വിശദീകരണവും നല്‍കില്ല. ചെറിയ ഷോട്ടുകളില്‍ കഥാഖ്യാനം കൃത്യമായി നിര്‍വഹിക്കുന്നു. അകിയുടെ മുന്നില്‍ അഭിനേതാക്കള്‍ അഭിനയം മറക്കും. ആരോടും അദ്ദേഹം അഭിനയം ആവശ്യപ്പെടാറില്ല. എത്ര ഭീകരമായ അനുഭവമുണ്ടായാലും അകിയുടെ കഥാപാത്രങ്ങള്‍ ആര്‍ത്തലച്ച് കരയാറില്ല. നിശ്ശബ്ദമായി കരയാനറിയാം അവര്‍ക്ക്. എങ്കിലും, അവരുടെ ഹൃദയതാപം നമ്മെ പൊള്ളിക്കും.




Friday, February 1, 2013

അന്വേഷണത്തിന്റെ രാത്രി



ഒരു കൊലപാതക
കേസിന്റെ 
അന്വേഷണത്തിലൂടെ 
സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങള്‍ തേടുകയാണ് 
' വണ്‍സ് അപ്പോണ്‍ 
എ ടൈം ഇന്‍
 അനറ്റോലിയ ' 
എന്ന തുര്‍ക്കി സിനി

അമ്പത്തിരണ്ടുകാരനായ നൂറി ബില്‍ജി ജെലാന്‍ എന്ന തുര്‍ക്കി സംവിധായകന്‍ 14 വര്‍ഷത്തിനിടക്ക് ചെയ്തത് ആറ് ചിത്രങ്ങളാണ്. എല്ലാം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവ. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് അദ്ദേഹം രണ്ടു തവണ ' ഗ്രാന്റ് പ്രീ ' നേടിയിട്ടുണ്ട്. 2003 ല്‍ 'ഡിസ്റ്റന്റ് ' എന്ന ചിത്രവും 2011 ല്‍ ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (Once upon a time  in Anatolia) ' എന്ന ചിത്രവുമാണ് ജെലാന് ഈ ബഹുമതി നേടിക്കൊടുത്തത്. 
  ഇലക്ട്രിക്കല്‍ എന്‍ജിനിയറും ഫോട്ടോഗ്രാഫറുമായ ജെലാന്‍ 1997 ല്‍ ' കസബ' യിിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നത്. പട്ടണത്തിലേക്ക് മിഴി നട്ടിരിക്കുന്ന ഒരു ഗ്രാമീണ യുവാവിന്റെ സ്വപ്നങ്ങളാണിതിന്റെ പ്രമേയം. പിന്നീട് പുറത്തുവന്ന ' ഡിസ്റ്റന്റി' ലും ' ക്‌ളൗഡ്‌സ് ഓഫ് മെയി ' ലും ഏകാകികളായ കലാകാരന്മാരുടെ വേദനകള്‍ അദ്ദേഹം വിഷയമാക്കി. ഡിസ്റ്റന്റില്‍ ഫോട്ടോഗ്രാഫറും ക്‌ളൗഡ്‌സില്‍ സിനിമാ സംവിധായകനുമായിരുന്നു നായകര്‍. രണ്ട് പേര്‍ക്കും ജെലാന്റെ ഛായാസാദൃശ്യമുണ്ടായിരുന്നു. പിന്നീട് ' ക്‌ളൈമെറ്റ്‌സ് ' സംവിധാനം ചെയ്തു. മനസ്സുകൊണ്ട് അകന്നപ്പോഴും എവിടെയോ ഒരല്‍പ്പം സ്‌നേഹം ബാക്കിവെച്ച ദമ്പതിമാരാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. 
  ഈ നാല് ചിത്രങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ജെലാന്റെ ജീവിതപരിസരമുണ്ടായിരുന്നു. അടുപ്പവും അകല്‍ച്ചയുമാണ് ഇവയിലൊക്കെ അദ്ദേഹം വിഷയമാക്കിയത്. എന്നാല്‍, അടുത്ത ചിത്രത്തില്‍ അദ്ദേഹം ആത്മകഥാംശമുള്ള ഇതിവൃത്തം കൈവിട്ടു. സ്വാര്‍ഥിയും കൗശലക്കാരനുമായ ഒരു രാഷ്ട്രീയ നേതാവ് പാവപ്പെട്ട ഒരു കുടുംബത്തെ അപവാദക്കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്നതാണ് 2008 ല്‍ ഇറങ്ങിയ ' ത്രീ മങ്കീസി ' ന്റെ പ്രമേയം. ഏറ്റവുമൊടുവിലത്തെ സിനിമയാണ് ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ '. ' ത്രീ മങ്കീസി 'ലെപ്പോലെ ഈ ചിത്രത്തിലും ആത്മകഥാംശമില്ല. ഒരു ക്രൈം ത്രില്ലറിന്റെ മാതൃകയാണ് ഇതില്‍ കാണാനാവുക. എന്നാല്‍, പൂര്‍ണമായും കുറ്റകൃത്യത്തിന് പുറകെ പോകുന്ന സിനിമയല്ലിത്. സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങളും ജീവിതത്തിന്റെ അര്‍ഥതലങ്ങളും തേടാനാണ് സംവിധായകന്‍ പ്രധാനമായും ശ്രമിക്കുന്നത്. ജെലാന്റെ ഏറ്റവും മികച്ച ചിത്രമാണിത് എന്നാണ് നിരൂപകമതം.
  മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് തന്റേതെന്ന് ജെലാന്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ ഓരോ സന്ദര്‍ഭത്തിലും വിചിത്രരീതിയിലാണ് പെരുമാറുന്നത്. ചിലതിന് നമുക്ക് യുക്തിസഹമായ ഒരുത്തരം കണ്ടെത്താനാവില്ല. എല്ലാവരിലും എവിടെയോ നന്മയുടെ അംശമുണ്ടെന്ന് ജെലാന്‍ കരുതുന്നു. കൊലപാതകികള്‍ പോലും നന്മയുടെ വെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന് ' വണ്‍സ് അപ്പോണ്‍ എ ടൈ ' മിലൂടെ പറഞ്ഞുവെക്കുന്നു അദ്ദേഹം. 
    ഒരു കേസന്വേഷണത്തിനു പുറകെ പോകുന്ന പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും . ഇവര്‍ ഓര്‍ത്തുവെക്കാനും മറക്കാനും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു രാത്രി. തുര്‍ക്കിയിലെ അനറ്റോലിയ എന്ന പീഠഭൂമിയിലെ ആ രാത്രിയാണ് നൂറി ബില്‍ജി ജെലാന്‍ ' വണ്‍സ് അപ്പോണ്‍ എ ടൈമി ' ല്‍ ആവിഷ്‌കരിക്കുന്നത്. 
     ഒരു നാടോടിക്കഥയുടെ തുടക്കംപോലുള്ള സിനിമാശീര്‍ഷകത്തിനു തന്നെയുണ്ട് പ്രത്യേക ആകര്‍ഷകത്വം. മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നില്‍ക്കുന്ന അനറ്റോലിയയുടെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. കാലം മരവിച്ചു നില്‍ക്കുന്ന പ്രശാന്തമായ സ്ഥലം. പുല്‍മേടിനെ പകുത്ത്ഇഴഞ്ഞുപോകുന്ന പാത. അവിടവിടെ ഏകാകികളായ മരങ്ങള്‍. അടുത്തുചെന്നാല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഇലകളുടെ മര്‍മരം. ഇരുട്ടിനെ കീറിമുറിച്ച് അവിടേക്ക് മൂന്നു വാഹനങ്ങള്‍ എത്തുന്നു. രണ്ട് കാറും ഒരു പോലീസ് ജീപ്പും. ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനാണവര്‍ വരുന്നത്. പട്ടണത്തില്‍ ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു . പ്രതികള്‍ രണ്ടും അറസ്റ്റിലായി. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷേ, മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളുമായാണ് പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും അവിടേക്ക് എത്തിയത്. എല്ലായിടവും ഒരേപോലെ തോന്നിക്കുന്ന ഭൂപ്രകൃതി കുറ്റവാളികളെയും കബളിപ്പിക്കുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതിക്ക് തിരിച്ചറിയാനാവുന്നില്ല. സംശയം തോന്നി അയാള്‍ കാട്ടിക്കൊടുക്കുന്ന സ്ഥലങ്ങളെല്ലാം പോലീസ് മേധാവിയും സഹായികളും ഇളക്കിമറിക്കുന്നുണ്ട്. പക്ഷേ, മൃതദേഹം കിട്ടുന്നില്ല. അന്വേഷണസംഘം അന്നു രാത്രി ഗ്രാമത്തലവന്റെ അതിഥികളായി കഴിയുന്നു. പിറ്റേന്ന് മുഖ്യപ്രതി വളരെ കൃത്യമായി സ്ഥലം ചൂണ്ടിക്കാട്ടുന്നു. പിന്നെ, അന്വേഷണറിപ്പോര്‍ട്ട് തയാറാക്കലും പോസ്റ്റ്‌മോര്‍ട്ടവും. 
     ഒരു രാവും പകലുമാണ് കഥയുടെ സമയപരിധി. ഈ ചിത്രത്തില്‍ കഥക്കല്ല, കഥാപരിചരണരീതിക്കാണ് പ്രാധാന്യം. രഹസ്യം നിറഞ്ഞ ഒരു രാത്രിയിലാണ് സിനിമയുടെ തുടക്കം. അടച്ചിട്ട മുറിയില്‍ മൂന്നു സുഹൃത്തുക്കള്‍ മദ്യപിക്കുകയാണ്. അവരില്‍പ്പെട്ട യാസറാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് മറ്റ് രണ്ടുപേരും അറസ്റ്റിലാവുന്നു. ഇവരില്‍ മുഖ്യപ്രതിയെമാത്രമേ സംവിധായകന്‍ കാര്യമായി ശ്രദ്ധിക്കുന്നുള്ളു. അയാളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. യാസറിനെ എന്തിന് കൊന്നു എന്നതിലേക്കാണ് സിനിമയുടെ അന്വേഷണം പോകുന്നത്. ഇതിനിടയില്‍ത്തന്നെ മറ്റ് പ്രധാന കഥാപാത്രങ്ങളേയും സംവിധായകന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍രംഗത്തും കുടുംബ ബന്ധങ്ങളിലും അവര്‍ നേരിടുന്ന സമ്മര്‍ദങ്ങളെ മുഖ്യ ഇതിവൃത്തത്തിനൊപ്പം ചേര്‍ത്തുവെക്കാനും ശ്രമിക്കുന്നുണ്ട്. 
     ഇരുട്ടും വെളിച്ചവും ചേര്‍ത്തുവെച്ച് കഥാപാത്രങ്ങളുടെ ഉള്ളറകളെ ജെലാന്‍ തുറന്നുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും അതിസമര്‍ഥമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആദ്യം നമ്മുടെ ശ്രദ്ധ നേടുന്നത് പോലീസ് ചീഫാണ്. മൃതദേഹം കണ്ടെത്തുന്നതോടെ പ്രോസിക്യൂട്ടറുടെ ഊഴമായി. ഏറ്റവുമൊടുവില്‍, മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കായി പ്രാധാന്യം. 
    അന്വേഷണയാത്രക്കിടയില്‍ പ്രോസിക്യൂട്ടറും ഡോക്ടറും തമ്മില്‍ ഒരപൂര്‍വ സ്‌നേഹബന്ധം വളരുന്നുണ്ട്. അവര്‍ തമ്മിലുള്ള ദീര്‍ഘസംഭാഷണം പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒട്ടും അസ്വാഭാവികത ഇല്ലാത്ത മട്ടില്‍ ആ സംഭാഷണത്തിനുള്ള പശ്ചാത്തലം സംവിധായകന്‍ ഓരോ ഘട്ടത്തിലും ഒരുക്കിക്കൊടുക്കുന്നു. അസ്വാരസ്യം നിറഞ്ഞ ദാമ്പത്യവും ജീവിതവും മരണവും പ്രതികാരവുമൊക്കെ അവരുടെ സംഭാഷണത്തില്‍ കടന്നുവരുന്നു. അന്ത്യദിനം പ്രവചിച്ച് , മറ്റുള്ളവരുടെ കണ്‍മുന്നില്‍വെച്ച് മരണത്തിലേക്ക് പോയ ഒരു സുന്ദരിയുടെ കഥയാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്.ആ കഥ പൂര്‍ത്തിയാകുമ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഒരുപാട് അര്‍ഥതലങ്ങളിലേക്കാണ് ജെലാന്‍ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണം ജീവിതത്തിന്റെ വിലയിരുത്തലായി രൂപാന്തരപ്പെടുകയാണ്. 
    . ഗ്രാമത്തലവന്റെ വീട്ടിലെ സത്കാരമാണ് ചിത്രത്തില്‍ പ്രധാന വഴിത്തിരിവായി മാറുന്നത്. ഇടക്കിടെ വൈദ്യുതി കണ്ണുചിമ്മുന്ന ഗ്രാമമാണത്. സത്കാരത്തിനിടെ വൈദ്യുതി പോകുന്നു.തുടര്‍ന്ന്, വിളക്കും താലത്തില്‍ തേന്‍ നിറച്ച കുപ്പികളുമായി ഗ്രാമത്തലവന്റെ മകള്‍ പ്രത്യക്ഷപ്പെടുന്നു. ആ സൗന്ദര്യവും അവള്‍ പരത്തിയ പ്രകാശവും ഓരോ കഥാപാത്രത്തിലും വ്യത്യസ്ത ഭാവങ്ങളാണുണര്‍ത്തിയത്. മഞ്ഞ വെളിച്ചത്തില്‍ തെളിയുന്ന പെണ്‍കുട്ടിയുടെ ചിത്രം അവര്‍ ഹൃദയത്തിലേക്ക് ആവാഹിക്കുകയാണ്. നന്മയുടെ ആ വെളിച്ചം തന്റെ കഠിനചിന്തകളെ മൃദുവായി വന്നു തലോടിയതായി കൊലയാളിക്ക് തോന്നുന്നു. തൊട്ടടുത്ത നിമിഷം അയാള്‍ കരയുകയാണ്. ഇവിടംതൊട്ടയാള്‍ മാനസാന്തരപ്പെടുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കുന്നു. 
      രണ്ടര മണിക്കൂര്‍ നീണ്ട സിനിമയുടെ  ഏതാണ്ട് പകുതിയും രാത്രിദൃശ്യങ്ങളാണ്. ജെലാന്‍ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ പ്രകൃതി എല്ലാ മനോഹാരിതയോടുംകൂടി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. കാഴ്ചസുഖത്തിനുവേണ്ടിയല്ല ഈ പ്രകൃതിദൃശ്യങ്ങള്‍. പ്രമേയഘടനയില്‍ ഈ ദൃശ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കഥാപാത്രങ്ങളുടെ മനസ്സിന്റെ പ്രതിബിംബങ്ങളാണവ. അവരുടെ ആത്മസംഘര്‍ഷത്തിന്റെ സൂചനകള്‍ ഇവിടെ നിന്ന് നമുക്ക് കിട്ടും. അതുവരെ നിശ്ചലമായിരുന്ന മരം ചിലപ്പോള്‍ ശരീരമാകെ ഇളക്കി ഇല പൊഴിക്കുന്നതു കാണാം. ഇലകളുടെ മര്‍മരം നമുക്ക് കേള്‍ക്കാം. 
    പശ്ചാത്തല സംഗീതത്തിന് ഉപകരണങ്ങളെ തീരെ ആശ്രയിക്കാത്ത സംവിധായകനാണ് ജെലാന്‍. ശക്തിയോടെ വീശുന്ന കാറ്റ്, ഇടിയുടെയും മഴയുടെയും ശബ്ദം, പട്ടിയുടെ കുര , തീവണ്ടിയുടെ ശബ്ദം .ഇതൊക്കെ മതി അദ്ദേഹത്തിന് പശ്ചാത്തലസംഗീതമായിട്ട്. ആദ്യചിത്രം മുതല്‍ ഇതാണ് രീതി. ആവര്‍ത്തനത്താല്‍ മുഷിപ്പ് തോന്നാത്തവിധം ഈ ശബ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ ജെലാനറിയാം.