Tuesday, March 5, 2013

ഈ ഭൂമിയുടെ തടവുകാര്‍


ഫിന്നിഷ് സംവിധായകനായ അകി കോറിസ്മാക്കിക്ക് 
ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹമുണ്ട്. 
താഴെത്തട്ടിലുള്ള സാധാരണ മനുഷ്യരാണ് 
അകിചിത്രങ്ങളിലെ നായകര്‍. സമാനവിഷയങ്ങള്‍ 
ആധാരമാക്കി മൂന്നു സിനിമാത്രയം സൃഷ്ടിച്ചിട്ടുണ്ട് 
അദ്ദേഹം. അവയില്‍ ആദ്യത്തെതാണ് 
' പ്രോലറ്റേറിയറ്റ് ട്രിലജി ' .


യൂറോപ്പിലെ എട്ടാമത്തെ വലിയ രാജ്യമാണ് ഫിന്‍ലന്‍ഡ്. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്ന്. 2011 ലെ കണക്കനുസരിച്ച് മൊത്തം ജനസംഖ്യ 54 ലക്ഷം. വര്‍ഷത്തില്‍ 20 - 25 സിനിമകള്‍ ഇവിടെ നിര്‍മിക്കുന്നു. ഫിന്നിഷ് സിനിമയില്‍ ചലനം സൃഷ്ടിച്ചവരാണ് കോറിസ്മാക്കി സഹോദരന്മാര്‍. മിക - അകി കോറിസ്മാക്കിമാര്‍. 1980 ലാണ് മികയുടെ ആദ്യസിനിമയായ 'ദ ലയര്‍' പുറത്തുവന്നത്. ജര്‍ണലിസം വിദ്യാര്‍ഥിയായിരുന്ന അനുജന്‍ അകി കോറിസ്മാക്കിയായിരുന്നു ഇതിലെ നായകന്‍. ചിത്രത്തിന് തിരക്കഥ എഴുതിയതും അകി തന്നെ. പില്‍ക്കാലത്ത് മികയേക്കാള്‍ അകി പ്രശസ്തനാവുന്നതാണ് സിനിമാലോകം കാണുന്നത്. 1983 ല്‍ അകി സംവിധായകനായി. ഡോസ്‌തോവ്‌സ്‌കിയുടെ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' ആയിരുന്നു ആദ്യസിനിമ. ഇന്ന് ഫിന്നിഷ് സിനിമ എന്നു പറയുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്ന പേര് അകി കോറിസ്മാക്കിയുടേതാണ്. ലളിതമാണ് അദ്ദേഹത്തിന്റെ കഥാഖ്യാനം. ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹം അകിയുടെ ആരാധകരായുണ്ട്.
എങ്ങനെ സംവിധായകനായി എന്നത് അമ്പത്തഞ്ചുകാരനായ അകി കോറിസ്മാക്കിക്ക് ഇന്നും ഒരദ്ഭുതമാണ്. യുവത്വത്തില്‍ ഹിപ്പിയിസത്തോടായിരുന്നു താത്പര്യം. പല ജോലികളും ചെയ്തു. ഒന്നിലും ഉറച്ചുനിന്നില്ല. നിയമം അനുസരിക്കാന്‍ വിമുഖനായിരുന്നു. കുരുത്തക്കേടിന് പലപ്പോഴും അറസ്റ്റിലായി. ഒരുപാട് രാത്രികള്‍ പോലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. 1980 കളില്‍ ജ്യേഷ്ഠന്‍ മികയാണ് അകിയെ സിനിമയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.

 'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' എന്ന ചിത്രമാണ് അകി കോറിസ്മാക്കിയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. കവര്‍ച്ചക്കിടയില്‍ തലക്കടിയേറ്റ് ഭൂതകാലം മറന്നുപോകുന്ന ഒരു മധ്യവയസ്‌കനാണ് ഇതിലെ നായകന്‍. സ്വന്തമായി പേരില്ലാത്ത അയാള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം. കോറിസ്മാക്കിക്ക് ചില വിശ്വാസങ്ങളുണ്ട്. ആ വിശ്വാസം അതികഠിനവുമാണ്. മനുഷ്യരാശിയുടെ മോചനത്തിന് തീവ്രവഴികള്‍ സ്വീകരിച്ചേ തീരൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വര്‍ഗമാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണക്കാര്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇവരെ ഉന്മൂലനം ചെയ്താലേ മനുഷ്യകുലം രക്ഷപ്പെടൂ. സമ്പന്നരെപ്പോലെ വെറുക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരും. സമ്പന്നരുടെ പാവയാണവര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. 
പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ലോകത്ത് താനെടുക്കുന്ന സിനിമകള്‍ നിരാനന്ദമോ വിരസതയോ ആണ് ഉണ്ടാക്കുന്നതെന്ന് അകി കോറിസ്മാക്കി തുറന്നുസമ്മതിക്കുന്നു. പൂര്‍ണ തൃപ്തി നല്‍കിയ ഒരു ചിത്രം താനിതുവരെ എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള തന്റെ രാജ്യത്തിന്റെ സ്ഥായിയായ വികാരം വിഷാദമാണ്. പിന്നെ താനെങ്ങനെ ആഹ്‌ളാദിക്കും. . കലാകാരിയാണ് ഭാര്യ. 26 വര്‍ഷമായി അവര്‍ വിവാഹിതരായിട്ട്. മക്കളില്ല. ജീവിതത്തെ സ്‌നേഹിക്കുന്നവളാണ് ഭാര്യ. അതുകൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് കോറിസ്മാക്കി പറയുന്നു. 
സാധാരണക്കാരുടെ കഥകളാണ് അകി സിനിമക്ക് വിഷയമാക്കുന്നത്. വലിയവര്‍ അദ്ദേഹത്തിന്റെ ഫ്രെയിമിലേക്ക് വരാറില്ല. തെരുവിലെ ഷൂ പോളിഷുകാരനും മാലിന്യങ്ങള്‍ കയറ്റുന്ന ട്രക്കിന്റെ ഡ്രൈവറും ഹോട്ടല്‍ തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജോലിക്കാരിയുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളായി. ഈ കഥാപാത്രങ്ങളൊന്നും തങ്ങളുടെ ജീവിതദുരിതങ്ങളോട് ഒരിക്കലും കലഹിക്കുന്നില്ല. ഉയരങ്ങളിലേക്ക് പറക്കാന്‍ മോഹിക്കുന്നില്ല. വഞ്ചനകള്‍ക്ക് അവര്‍ കീഴടങ്ങിക്കൊടുക്കുന്നു. അപൂര്‍വമായി മാത്രം പകരം വീട്ടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അപ്പോഴും അവര്‍ പരാജയപ്പെടാറാണ് പതിവ്. ചെറിയൊരു ജീവിതം. അതേ അവരാഗ്രഹിക്കുന്നുള്ളു. അതില്‍ നിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങള്‍ മതി അവര്‍ക്ക്. 
     പാട്ടും പുകവലിയും മദ്യപാനവും. കോറിസ്മാക്കി ചിത്രങ്ങളില്‍ ഈ മൂന്നു ഘടകങ്ങളും മാറ്റിനിര്‍ത്താനാവാത്തവിധം ഇഴുകിച്ചേര്‍ന്നതായി കാണാം. സ്ത്രീകളടക്കം അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പുകവലിക്കും, മദ്യപിക്കും, പാട്ട് ആസ്വദിക്കും. തന്റെ ശീലങ്ങളാണ് കോറിസ്മാക്കി കഥാപാത്രങ്ങളിലേക്കും പകര്‍ന്നിരിക്കുന്നത്. ദിവസം 60 സിഗരറ്റാണ് തന്റെ കണക്കെന്ന് അദ്ദേഹം സമ്മതിക്കുന്നു. 240 എണ്ണം വരെ  വലിച്ചുതള്ളിയ ദിവസമുണ്ടത്രെ.  അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും പാട്ടുണ്ടാവും. കഥാസന്ദര്‍ഭവുമായി യോജിച്ചുപോകുന്ന അര്‍ഥസമ്പുഷ്ടമായ പാട്ടുകള്‍.  ഗായകസംഘങ്ങളാണ് മിക്കപ്പോഴും ഇവ പാടുന്നത്. ചിലപ്പോള്‍ മാത്രം പഴയ മലയാള സിനിമയിലേതുപോലെ അശരീരിഗാനങ്ങള്‍ കേള്‍ക്കാം. 
    സമാന വിഷയം ഇതിവൃത്തമാക്കി മൂന്ന്  സിനിമാത്രയം  സംവിധാനം ചെയ്തിട്ടുണ്ട് അകി കോറിസ്മാക്കി. തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി എടുത്ത  'പ്രോലറ്റേറിയറ്റ് ട്രിലജി'  (Proletariat Trilogy)യാണ് ആദ്യത്തേത്. ഈ വിഭാഗത്തിലെ ആദ്യചിത്രമായ  'ഷാഡോസ് ഇന്‍ പാരഡൈസ് ' 1986 ല്‍ പുറത്തിറങ്ങി. 88 ല്‍  'ഏരിയല്‍' എന്ന ചിത്രവും 90 ല്‍ 'മാച്ച്ഫാക്ടറി ഗേള്‍' എന്ന ചിത്രവും വന്നു. 'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ട്രിലജി'  (Leningrad Cowboys Trilogy) യാണ് രണ്ടാമത്തേത്. ഒരു റഷ്യന്‍ റോക്ക് ബാന്‍ഡ്  ആണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. ദൈന്യത കലര്‍ന്ന കറുത്ത ഫലിതങ്ങളാല്‍ സമ്പുഷ്ടമാണീ ചിത്രങ്ങള്‍.  'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ഗോ അമേരിക്ക' യാണ് ഈ പരമ്പരയിലെ ആദ്യസിനിമ. 'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് മീറ്റ് മോസസ്' , 'ടോട്ടല്‍ ബലാലെയ്ക്ക ഷോ' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.  'ഫിന്‍ലന്‍ഡ്  ട്രിലജി'  (Finland Trilogy)യാണ് മൂന്നാമത്തേത്. 1996 ലിറങ്ങിയ  'ഡിഫ്റ്റിങ് കഌഡ്‌സ്' , 2002 ലെ  'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' 2006 ലെ 'ലൈറ്റ്‌സ് ഇന്‍ ദ ഡസ്‌ക്' എന്നിവയാണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍. നാലാമതൊരു പരമ്പരക്കും കോറിസ്മാക്കി തുടക്കമിട്ടിട്ടുണ്ട്. പ്രധാന തുറമുഖ നഗരങ്ങളിലെ ജീവിതം ആധാരമാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ ആദ്യചിത്രം പ്രേക്ഷകരുടെ പ്രശംസ നേടിയ 'ലെ ഹാവ്‌റെ' യാണ്. 2011 ലാണ് ഈ ചിത്രമിറങ്ങിയത്. 2012 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ലെ ഹാവ്‌റെ' കാണിച്ചിട്ടുണ്ട്. 
    സ്വപ്നം കാണാന്‍ ഒരു ജീവിതമില്ലാത്ത, ഈ ഭൂമിയുടെ തടവുകാരായ ഏതാനും കഥാപാത്രങ്ങളാണ് ആദ്യത്തെ സിനിമാത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരവാസികളുടെ മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന ട്രക്ക് ഡ്രൈവര്‍ നികന്ദറും സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്‌ഗേള്‍ ഇലോനയും തമ്മിലുള്ള നിറപ്പകിട്ടില്ലാത്ത പ്രണയമാണ് ആദ്യചിത്രമായ  'ഷോഡോസ് ഇന്‍ പാരഡൈസി'  ല്‍ പറയുന്നത്. കേടായ പല്ലും വയറും കരളുമുള്ള ഒരാള്‍ എന്നാണ് നികന്ദര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ശുദ്ധമായ പ്രണയത്തിലാണ് അയാള്‍ക്ക് താത്പര്യം. ഏക സഹോദരി മാനസികരോഗാസ്പത്രിയിലാണ്. സംഗീതതല്പരനാണ് നികന്ദര്‍. കൂട്ടുകാരാരുമില്ല. അയാള്‍ക്ക് പിന്നീട്  ഒരു കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ വെച്ചാണ്. പ്രതിസന്ധികള്‍ മറികടന്ന് നികന്ദര്‍ - ഇലോന ബന്ധം ശുഭമായി കലാശിക്കുന്നു.
    രണ്ടാമത്തെ ചിത്രമായ 'ഏരിയലി ' ല്‍ കസൂരിനെന്‍ എന്ന മുന്‍ ഖനിത്തൊഴിലാളിയാണ് നായകന്‍. ഖനി പൂട്ടിയതോടെ അയാളും അച്ഛനും തൊഴില്‍രഹിതരാകുന്നു. തന്റെ ആകെ സമ്പാദ്യമായ പഴയൊരു കാര്‍ മകന് കൈമാറി അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു. പുതിയൊരു തൊഴില്‍തേടി അലയുകയാണ് കസൂരിനെന്‍. ഇറച്ചിവെട്ടുകാരിയായും രാത്രികാവല്‍ക്കാരിയുമായി ജോലി ചെയ്യുന്ന ഒരു വിവാഹമോചിതയാണ് കസൂരിനെന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാമുകിക്ക് പത്തുവയസ്സായ ഒരു മകനുമുണ്ട്. കസൂരിനെനും ഒറ്റപ്പെട്ടവനാണ്. ഇയാള്‍ക്കും കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ നിന്നാണ്. കൂട്ടുകാരന്റെ സഹായത്തോടെ കസൂരിനെനും കാമുകിയും ഒടുവില്‍ കള്ളവഴിയിലൂടെ പാസ്‌പോര്‍ട്ട് നേടി മെക്‌സിക്കോയിലേക്ക് കപ്പലില്‍ രക്ഷപ്പെടുകയാണ്. 
മുന്‍ധാരണകള്‍ക്കപ്പുറത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രമാണ് ഈ സിനിമാ പരമ്പരയിലെ അവസാനത്തേതായ 'മാച്ച്ഫാക്ടറി ഗേള്‍'. അമ്മയുടെയും രണ്ടാനച്ഛന്റെയും കറവപ്പശുവായി മാറിയ ഐറിസ് എന്ന പെണ്‍കുട്ടിയാണ് ഇതിലെ നായിക. തീപ്പെട്ടിക്കമ്പനിയിലാണ് അവള്‍ക്ക് ജോലി. കൂട്ടുകാരികളൊന്നുമില്ല. ഒരു കൂട്ട് കൊതിച്ച് ഡാന്‍സ്ഹാളില്‍ പോയാലും അവള്‍ക്ക് ഒറ്റപ്പെടാനാണ് വിധി. ഒരിക്കല്‍ അവളെയും തേടിവന്നു ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക് പക്ഷേ, അവളുടെ ശരീരമേ വേണ്ടിയിരുന്നുള്ളു. ഗര്‍ഭിണിയായ അവളെ അയാള്‍ ഉപേക്ഷിക്കുന്നു. തന്റേടത്തോടെ അയാളുടെ ഔദാര്യങ്ങള്‍ തള്ളിക്കളയുന്നു അവള്‍. ഉറ്റവരുടെ തിരസ്‌കാരങ്ങളോട് അവള്‍ പകരം വീട്ടുന്നു. സംഗീതം ആസ്വദിക്കുന്ന, പുസ്തകവായന ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളില്‍ അഗ്‌നിനാളങ്ങള്‍ കെടാതെയുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നു. സംഭാഷണമില്ലാതെയും തനിക്ക് സിനിമ മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് കോറിസ്മാക്കി വിദഗ്ദ്ധമായി തെളിയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. തുടക്കത്തില്‍ , 22 മിനിറ്റ് വരെ ആകെ മൂന്ന് സംഭാഷണമാണുള്ളത്. അതും ഒന്നോ രണ്ടോ വാക്കില്‍. എന്നിട്ടും, ചിത്രത്തിന്റെ ഒഴുക്കിന് ഒരു തടസ്സവുമില്ല. 
സാധാരണ കോറിസ്മാക്കിയുടെ ചിത്രങ്ങള്‍ക്ക് 90 മിനിറ്റാണ് നീളം. ആദ്യ സിനിമാത്രയത്തിലെ മൂന്നു ചിത്രങ്ങളും 70 മിനിറ്റിലാണ് വെട്ടിയൊരുക്കിയിരിക്കുന്നത്. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെക്കുറിച്ച് കുറച്ചേ പറയാനുള്ളു അദ്ദേഹത്തിന്. പക്ഷേ, പറയാനുള്ളത് ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട് അകി. തന്റെ ചിത്രങ്ങളില്‍ കലാപരമായ കൃത്രിമങ്ങള്‍ക്ക് അദ്ദേഹം മുതിരാറില്ല. ചെത്തിമിനുക്കിയെടുത്ത ദൃശ്യങ്ങളും നമുക്ക് കാണാനാവില്ല. ദൃശ്യഭംഗിക്കുവേണ്ടി ക്യാമറ തുറന്നുവെക്കാറില്ല അദ്ദേഹം. വളരെ പെട്ടെന്ന് കണ്‍മുന്നില്‍നിന്ന് മറയും അദ്ദേഹം ഒരുക്കുന്ന ദൃശ്യങ്ങള്‍.ചെറിയ ഷോട്ടുകളിലാണ് അകിക്ക് താത്പര്യം. ഒരു രംഗവും നീണ്ടുപോകില്ല. അധികം വിശദീകരണവും നല്‍കില്ല. ചെറിയ ഷോട്ടുകളില്‍ കഥാഖ്യാനം കൃത്യമായി നിര്‍വഹിക്കുന്നു. അകിയുടെ മുന്നില്‍ അഭിനേതാക്കള്‍ അഭിനയം മറക്കും. ആരോടും അദ്ദേഹം അഭിനയം ആവശ്യപ്പെടാറില്ല. എത്ര ഭീകരമായ അനുഭവമുണ്ടായാലും അകിയുടെ കഥാപാത്രങ്ങള്‍ ആര്‍ത്തലച്ച് കരയാറില്ല. നിശ്ശബ്ദമായി കരയാനറിയാം അവര്‍ക്ക്. എങ്കിലും, അവരുടെ ഹൃദയതാപം നമ്മെ പൊള്ളിക്കും.




1 comment:

T Suresh Babu said...

ഫിന്നിഷ് സംവിധായകനായ അകി കോറിസ്മാക്കിക്ക്
ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹമുണ്ട്.
താഴെത്തട്ടിലുള്ള സാധാരണ മനുഷ്യരാണ്
അകിചിത്രങ്ങളിലെ നായകര്‍. സമാനവിഷയങ്ങള്‍
ആധാരമാക്കി മൂന്നു സിനിമാത്രയം സൃഷ്ടിച്ചിട്ടുണ്ട്
അദ്ദേഹം. അവയില്‍ ആദ്യത്തെതാണ്
' പ്രോലറ്റേറിയറ്റ് ട്രിലജി ' .