Sunday, September 6, 2009

കോളറക്കാലത്തെ പ്രണയം

കാമുകിയായിരുന്ന ഫെര്‍മിന ഡാസയോട്‌ ഫേ്‌ളാറന്‍റിനൊ അരിസ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുന്നത്‌ കൃത്യം 51 വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും പിന്നിട്ടപ്പോഴാണ്‌. ഫെര്‍മിനയുടെ ഭര്‍ത്താവിന്‍െറ ശവസംസ്‌കാര ദിനമായിരുന്നു അന്ന്‌. അപ്പോള്‍ ഫെര്‍മിനയുടെ പ്രായം 72 വയസ്സ്‌. ഫേ്‌ളാറന്‍റിനൊയ്‌ക്ക്‌ 76. അത്യപൂര്‍വമായൊരു പ്രണയസാഫല്യത്തിന്‍െറയും ഒട്ടേറെ പ്രണയനാട്യങ്ങളുടെയും കഥ പറയുന്ന ചിത്രമാണ്‌ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' (കോളറക്കാലത്തെ പ്രണയം). കൊളംബിയന്‍ എഴുത്തുകാരനും നോബല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌ എഴുതിയ ഇതേ ശീര്‍ഷകത്തിലുള്ള നോവലാണ്‌ 2007ന്‍െറ ഒടുവിലിറങ്ങിയ ഈ ഹോളിവുഡ്‌ സിനിമയ്‌ക്കാധാരം. 1985ല്‍ സ്‌പാനിഷ്‌ ഭാഷയിലാണ്‌ മാര്‍കേസിന്‍െറ നോവല്‍ പുറത്തിറങ്ങിയത്‌. 88ല്‍ ഇംഗ്ലീഷ്‌ പരിഭാഷവന്നു. 97ല്‍ മലയാളത്തിലും പരിഭാഷ ഇറങ്ങി.
പ്രശസ്‌തമായ സാഹിത്യകൃതി സിനിമയാക്കുമ്പോള്‍ സംവിധായകന്‍െറ ഉത്തരവാദിത്വം ഏറും. ആദ്യം, ആ കൃതിയോട്‌ അയാള്‍ സത്യസന്ധത പുലര്‍ത്തണം. പിന്നെ, എഴുത്തുകാരന്‍െറ വാങ്‌മയ ചിത്രങ്ങളെ പരിചയപ്പെട്ട വായനക്കാരന്‍െറ ആകാംക്ഷയെ തൃപ്‌തിപ്പെടുത്തണം. ഈ രണ്ട്‌ കാര്യങ്ങളിലും നീതി പുലര്‍ത്താനാവാതെ വരുമ്പോള്‍ സംവിധായകന്‍ പരാജയപ്പെടുകയാണ്‌. മാര്‍കേസിന്‍െറ നോവല്‍ വായിച്ചിട്ടുള്ളവരെ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' എന്ന, 130 മിനിറ്റ്‌ നീണ്ട സിനിമ നിരാശപ്പെടുത്തും. ആഹ്ലാദകരമായ ഒരു വായനാനുഭവത്തിന്‍െറ ഓര്‍മയുമായി സിനിമയെ സമീപിക്കുമ്പോള്‍ മാര്‍കേസിന്‍െറ രചനാവൈഭവമോ ജീവിതവീക്ഷണമോ അവിടെ നമുക്ക്‌ കണ്ടെത്താനാവില്ല. മാര്‍കേസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയ ഒരു സംവിധായകന്‍െറ പരുങ്ങല്‍ നമുക്ക്‌ എളുപ്പം ബോധ്യപ്പെടും.

1870 മുതല്‍ 1930വരെയാണ്‌ കഥയുടെ കാലഘട്ടം. മഗ്‌ദലിന നദിക്കരയിലെ ഒരു കരീബിയന്‍ നഗരമാണ്‌ പശ്ചാത്തലം. ടെലിഗ്രാഫ്‌ മെസഞ്ചറായി ജീവിതം തുടങ്ങി വന്‍ കപ്പല്‍ക്കമ്പനിയുടെ ഉടമയായി മാറുന്ന ഫേ്‌ളാറന്‍റിനൊ അരിസയുടെ ഭൗതിക വളര്‍ച്ചയും പ്രണയസാഫല്യത്തിനായുള്ള അനന്തമായ കാത്തിരിപ്പുമാണ്‌ ഇതിവൃത്തം. ദാരിദ്ര്യം പിടിച്ച തെരുവില്‍ അമ്മയെ്‌ക്കാപ്പമായിരുന്നു ഫേ്‌ളാറന്‍റിനൊയുടെ താമസം. കപ്പല്‍ക്കമ്പനി ഉടമകളിലൊരാളായിരുന്നു അവന്‍െറ അച്ഛന്‍. പക്ഷേ, പരസ്യമായി പിതൃത്വം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. കവികൂടിയായ ഫേ്‌ളാറന്‍റിനൊയുടെ മനസ്സിലേക്ക്‌ കോവര്‍ക്കഴുത വ്യാപാരിയുടെ മകള്‍ ഫെര്‍മിന ഡാസ കടന്നുവരുന്നു. അവളുടെ അച്ഛന്‌ ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. കോളറക്കാലത്ത്‌ മകളെ ചികിത്സിക്കാനെത്തിയ അഭിജാത കുടുംബാംഗമായ ഡോ. ജുവനാല്‍ അര്‍ബിനൊയുടെ വിവാഹാഭ്യര്‍ഥന ഫെര്‍മിനയുടെ അച്ഛന്‍ സസന്തോഷം സ്വീകരിക്കുന്നു. പ്രേമം വെറും മിഥ്യയാണെന്നു പ്രഖ്യാപിച്ച്‌ , തങ്ങളുടെ ഹ്രസ്വമായ പ്രണയവര്‍ഷങ്ങളെ മറക്കാന്‍ ഫെര്‍മിനയും തയ്യാറാവുന്നു. ഫേ്‌ളാറന്‍റിനൊ പക്ഷേ, നിരാശനാവുന്നില്ല. കാമുകിക്കുവേണ്ടി തന്‍െറ `പ്രണയപരിശുദ്ധി' കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുന്നു അയാള്‍. ഫെര്‍മിനയുടെ ഭര്‍ത്താവ്‌ മരിക്കുന്ന സുദിനത്തിനുവേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പ്‌. തന്‍െറ വികൃതിയായ തത്തയെ പിടിക്കാനുള്ള ശ്രമത്തില്‍ 81-ാം വയസ്സില്‍ ഡോ. അര്‍ബിനൊ മരത്തില്‍നിന്ന്‌ വീണ്‌ മരിക്കുന്നു. ശവസംസ്‌കാരദിനത്തില്‍ ഫേ്‌ളാറന്‍റിനൊ ഫെര്‍മിനയുടെ അടുത്തെത്തി പ്രണയാഭ്യര്‍ഥന ആവര്‍ത്തിക്കുന്നു. കുറച്ചുകാലത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ഫെര്‍മിനയുടെ മനസ്സില്‍ അയാള്‍ വീണ്ടും ഇടം നേടുന്നു.
പ്രണയവും പ്രണയനിരാസവും വഞ്ചനയും പ്രതീക്ഷയും വാര്‍ധക്യവും ജീവിതവും മരണവുമെല്ലാം മാര്‍കേസിന്‍െറ നോവലില്‍ കത്തിപ്പടര്‍ന്നുനില്‍ക്കുന്നു. ഓരോ കഥാപാത്രവും നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണ്‌. മൈക്ക്‌ നെവില്‍ സംവിധാനം ചെയ്‌ത സിനിമയിലാവട്ടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം മങ്ങിപ്പോകുന്നു. രണ്ട്‌ നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ഇതിവൃത്തത്തിലെ രാഷ്‌ട്രീയ, സാമൂഹിക ചരിത്രമെല്ലാം സിനിമയില്‍ അപ്രത്യക്ഷമായിരിക്കുന്നു.

വിചിത്രമായ സ്വഭാവഘടനയുള്ളവനാണ്‌ ഇതിലെ മുഖ്യകഥാപാത്രമായ ഫേ്‌ളാറന്‍റിനോ അരിസ. അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും നോവലിസ്റ്റ്‌ പിന്തുടരുന്നുണ്ട്‌. ഓരോ ചിന്തയും രേഖപ്പെടുത്തുന്നുണ്ട്‌. പക്ഷേ, അതൊന്നും സിനിമയിലേക്ക്‌ കൊണ്ടുവരാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടില്ല. കാമുകിയോടുള്ള പ്രണയത്തിന്‍െറ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്‍െറ ജീവിതത്തിലേക്ക്‌ ആകസ്‌മികമായി കടന്നുവന്ന ധാരാളം സ്‌ത്രീകളെ ഫേ്‌ളാറന്‍റിനോ സേ്‌നഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്‌ത്രീകളാണ്‌ അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്‌. അതില്‍ പലരും വിധവകളായിരുന്നു. തന്‍െറ രതിവേട്ടയുടെ ചരിത്രരേഖകള്‍ 25 നോട്ടുബുക്കുകളിലായി അയാള്‍ പകര്‍ത്തിവെച്ചു. ഫേ്‌ളാറന്‍റിനൊയുടെ ഈയൊരു സ്വഭാവവിശേഷത്തിനാണ്‌ സംവിധായകന്‍ ഊന്നല്‍ നല്‍കിയത്‌. ഭോഗാസക്തനായ ഒരു ഞരമ്പുരോഗിയുടെ തലത്തിലേക്ക്‌ ഫേ്‌ളാറന്‍റിനൊയെ സംവിധായകന്‍ വലിച്ചുതാഴ്‌ത്തിക്കളഞ്ഞു. അവഹേളനത്തിന്‍െറ ബാല്യവും യൗവനവും പിന്നിടുകയും മരണത്തെക്കാളും വാര്‍ധക്യത്തെ ഭയപ്പെടുകയും പ്രണയസാക്ഷാത്‌കാരത്തിനായി ജീവിതം നീക്കിവെക്കുകയും ചെയ്‌ത ഫേ്‌ളാറന്‍റിനോയുടെ മനസ്സ്‌ കാണാന്‍ സംവിധായകന്‌ കഴിഞ്ഞില്ല. ഫേ്‌ളാറന്‍റിനോയുടെ രതിവേട്ടയാണ്‌ ക്യാമറയുടെ ദൃശ്യപരിധിയില്‍ പ്രാധാന്യം നേടുന്നത്‌.

നോവലിന്‍െറ ഇതിവൃത്തഘടനയെ അതേപടി പിന്തുടരുകയാണ്‌ സിനിമ. പക്ഷേ, പല കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഉപേക്ഷിക്കുകയോ വേണ്ട രീതിയില്‍ പരിഗണിക്കുകയോ ചെയ്യാതെയാണ്‌ സിനിമ മുന്നോട്ടുപോകുന്നത്‌. വാര്‍ധക്യത്തെ പേടിച്ച ജെറിമെ ഡി സെന്‍റ്‌ അമോര്‍ എന്ന കഥാപാത്രം തന്നെ ഉദാഹരണം. വികലാംഗനായിത്തീര്‍ന്ന ഈ യുദ്ധവീരന്‍െറ ആത്മഹത്യ ചിത്രീകരിച്ചുകൊണ്ടാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. സ്വര്‍ണസയനൈഡിന്‍െറ തീക്ഷ്‌ണഗന്ധമുള്ള പുക ശ്വസിച്ച്‌ ഓര്‍മയുടെ പീഡനങ്ങളില്‍ നിന്ന്‌ അയാള്‍ രക്ഷപ്പെടുകയായിരുന്നു. ഡോ.ജുവനാല്‍ അര്‍ബിനൊയുടെ മരണചിന്തകളിലേക്ക്‌ ഒരു പാലമിടാനാണ്‌ മാര്‍കേസ്‌ ജെറിമെയുടെ ആത്മഹത്യയിലൂടെ ശ്രമിച്ചത്‌. പക്ഷേ, സിനിമയില്‍ ആ ഭാഗം പാടെ ഉപേക്ഷിക്കപ്പെട്ടു.

60 വയസ്സിനപ്പുറം ജീവിതം വേണ്ടെന്ന്‌ ശഠിച്ചയാളാണ്‌ ജെറിമെ. ഡോ.അര്‍ബിനൊയുടെ സുഹൃത്തായിരുന്നു അയാള്‍. ഇരുവര്‍ക്കും ചതുരംഗം ഏറെ ഇഷ്‌ടമായിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ടേ ജറിമെ കളിച്ചിരുന്നുള്ളൂ. 60-ാം വയസ്സില്‍ മരണത്തിന്‍െറ കറുത്ത കള്ളിയില്‍ അയാള്‍ സ്വയം അര്‍പ്പിച്ചു. അയാളെ കാണാനെത്തിയ ഡോ. അര്‍ബിനൊയുടെ ചിന്തകളാണ്‌ ആദ്യ അധ്യായത്തിന്‍െറ ഏറെ ഭാഗവും. ജീവിതത്തെക്കുറിച്ചും ജരാനരയെക്കുറിച്ചും ചിന്തിക്കുന്ന അര്‍ബിനൊയുടെ മനസ്സിലേക്ക്‌ മരണഭയവും വലിഞ്ഞുകയറുന്നു. ഫേ്‌ളാറന്‍റിനൊ അരിസയിലും മരണചിന്ത അരിച്ചെത്തുന്നത്‌ ഈ അധ്യായത്തില്‍ നമുക്ക്‌ വായിച്ചെടുക്കാം. ഇത്തരം വായനാനുഭവമാണ്‌ സിനിമയില്‍ പാടെ നഷ്‌ടമായിരിക്കുന്നത്‌