Sunday, April 21, 2013

.


ഗംഗുവിന്റെ ഗാരാ സാരി

പാര്‍സികളുടെ 
സവിശേഷവസ്ത്രമായ 
ഗാരാ സാരി സ്വന്തമാക്കാന്‍ 
ഒരു വീട്ടുജോലിക്കാരി 
നടത്തുന്ന യാത്രയുടെ 
ഗതിവിഗതികളാണ് 
പ്രിയ കൃഷ്ണസ്വാമിയുടെ 
'ഗംഗൂബായ് ' എന്ന 
ഹിന്ദി സിനിമ പറയുന്നത്2ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രിയ കൃഷ്ണസ്വാമിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണ് ' ഗംഗൂബായ്'. മനുഷ്യന്റെ സ്വപ്നങ്ങളെപ്പറ്റി, അത് സാക്ഷാത്കരിക്കാനുള്ള യാത്രയെപ്പറ്റി, ആ യാത്രയുടെ ഗതിവിഗതികളെപ്പറ്റി - ഇതാണ് ഈ ചിത്രത്തിലൂടെ പ്രിയ പറയുന്നത്. ഫിലിം എഡിറ്ററാണ് പ്രിയ. പാര്‍സി സമുദായാംഗങ്ങളുമായുള്ള അടുത്ത ബന്ധം 'ഗംഗൂബായ് ' എന്ന സിനിമയുടെ നിര്‍മാണത്തിന് തന്നെ ഏറെ  സഹായിച്ചിട്ടുണ്ടെന്ന് പ്രിയ പറയുന്നു. എന്‍.എഫ്.ഡി.സി. യുടെ നീനാ ഗുപ്തയാണ് ഈ സിനിമ സാക്ഷാത്കരിക്കാന്‍ പ്രിയയെ പിന്തുണച്ചത്. നാലരക്കോടി രൂപയുടേതായിരുന്നു ആദ്യത്തെ പ്രോജക്ട്. നീനയുടെ നിര്‍ബന്ധത്താല്‍ അത് 1.8 കോടിയാക്കി കുറച്ചു. അങ്ങനെയാണ് 'ഗംഗൂബായ് ' വെളിച്ചത്തിലേക്ക് വന്നത്. നല്ലൊരു സിനിമക്ക് അവസരമൊരുക്കിയതില്‍ എന്‍.എഫ്.ഡി.സി. ക്ക് നമ്മള്‍ നന്ദി പറയണം. ചിത്രത്തിന്റെ എഴുത്തും എഡിറ്റിങ്ങും സംവിധാനവും പ്രിയ തന്നെ നിര്‍വഹിച്ചു. 

ഏറ്റവും താഴെത്തട്ടിലുള്ള, ഒട്ടും ഗ്‌ളാമറില്ലാത്ത ഒരു വയോധികയെ നായികയാക്കി ഒരു സിനിമയെടുക്കുക. അതും ഹിന്ദിയില്‍. പ്രിയയുടെ ആത്മവിശ്വാസത്തിനാണ് ആദ്യം മാര്‍ക്കിടേണ്ടത്. തന്റെ നായികയാവാന്‍ അനുയോജ്യയായ നടിയെത്തന്നെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മുംബൈയുടെ പുതിയൊരു ലോകമാണ് പ്രിയ കാണിച്ചുതരുന്നത്. വസ്ത്രവ്യാപാരത്തിന്റെയും ഫാഷന്‍ ഡിസൈനിന്റെയും പൊങ്ങച്ചങ്ങളുടെയും സിനിമയുടെയും മോഹങ്ങളുടെയും ലോകം. ആ ലോകത്ത് ഒട്ടും ചേരാത്ത ഒരു കഥാപാത്രത്തെ പ്രിയ ഇറക്കിവിടുന്നു. കാപട്യമില്ലാത്ത പെരുമാറ്റത്തിലൂടെ ഈ കഥാപാത്രം എല്ലാവരെയും കീഴ്‌പ്പെടുത്തി വിജയിയായി തിരിച്ചുപോകുന്നു. 
നാട്ടിന്‍പുറത്തുകാരിയാണ് വയോധികയായ ഗംഗൂബായ്. ഒറ്റക്ക് കഴിയുന്നു.വിവാഹിതയായി ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മരിച്ചു. കുട്ടികളില്ല. ആകെയുള്ളത് സമപ്രായക്കാരിയായ മലന്‍ എന്ന കൂട്ടുകാരി. ഏതാനും വീടുകളില്‍ ജോലിക്ക് പോയാണ് ഗംഗു ജീവിക്കാനുള്ള വകയുണ്ടാക്കുന്നത്. ചെടികളും പക്ഷികളും അവരുടെ പ്രിയ കൂട്ടുകാരാണ്. വിലപിടിപ്പുള്ള ഒരു ഗാരാ സാരി സ്വന്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ( പാര്‍സികളുടെ വിശേഷവസ്ത്രമാണ് ഗാരാ സാരി. പൂര്‍ണമായോ ഭാഗികമായോ എംബ്രോയ്ഡറി വര്‍ക്കുള്ള സാരിയാണിത്. അതുകൊണ്ടുതന്നെ വില കൂടും ). കരീന കപൂറിനുപോലും ഗാരാ സാരിയില്ലെന്നാണ് ഗംഗൂബായിയുടെ അവകാശവാദം. നാല് വര്‍ഷം അവര്‍ കഠിനമായി അധ്വാനിച്ച് ഗാരാ സാരിക്കുള്ള വകയുണ്ടാക്കി. ഒരു സാരിക്ക് ഏതാണ്ട് 
അമ്പതിനായിരത്തോളം രൂപ വില വരും. സാരി വാങ്ങാനായി ഗംഗു മുംബൈക്ക് വണ്ടി കയറുന്നു. സൂക്ഷിക്കണം, മുംബൈ മുഴുവന്‍ തട്ടിപ്പുകാരാണ് എന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തിയാണ് കൂട്ടുകാരി ഗംഗുവിനെ യാത്രയാക്കുന്നത്. പക്ഷേ, ഗംഗുവിനെ ആരും തട്ടിപ്പിനിരയാക്കിയില്ല. നഗരത്തില്‍ അപരിചിതയാണെന്നറിഞ്ഞിട്ടും ചെറുപ്പക്കാരനായ ടാക്‌സിക്കാരന്‍ ഗംഗുവിനെ ചുറ്റിക്കാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. നഗരത്തിലെ ആദ്യാനുഭവം ഗംഗുവില്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസമുണര്‍ത്തി. ഗാരാ സാരി തയാറാക്കി നല്‍കുന്ന ആര്‍ദ്ര ഹൗസിന്റെ ഉടമക്ക് ഒറ്റനോട്ടത്തില്‍ ഗംഗുവിനെ അത്ര പിടിച്ചില്ല. പക്ഷേ, ഗംഗുവിന്റെ ചുഴിഞ്ഞുള്ള ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ തോറ്റു. മോഡലുകള്‍ നടത്തിയ ഫാഷന്‍ഷോയില്‍ സമൂഹത്തിലെ വലിയവരോടൊപ്പം ഗംഗുവും അഭിമാനത്തോടെ പങ്കെടുത്തു. കിളികളും പൂക്കളും നിറഞ്ഞ ഗാരാ സാരി അവര്‍ക്കിഷ്ടമായി. തന്റെ ഹൃദയത്തില്‍ നിന്നെന്നപോലെ സാരിയില്‍ നിന്ന് പൂക്കള്‍ ഇളകിയാടുന്നത് ഗംഗു കണ്ടു. കിളികള്‍ കലപില ശബ്ദമുണ്ടാക്കി എങ്ങോട്ടോ പറന്നുപോകുന്നു. സാരിയുടെ വിലയും പ്രശ്‌നമായില്ല. അര ലക്ഷം രൂപ.

ഇവിടെ നിന്ന് കഥ വഴിതിരിയുന്നു. സാരിയും വാങ്ങി അന്നുതന്നെ മടങ്ങാനായിരുന്നു ഗംഗൂബായിയുടെ ഉദ്ദേശ്യം. എന്നാല്‍, ഗംഗു കൊതിച്ച സാരി തരാന്‍ പറ്റില്ലെന്നായി ഡിസൈനര്‍. ആ സാരി ലോകമെങ്ങും പ്രദര്‍ശിപ്പിക്കാനുള്ളതാണ്. പകരം അതുപോലുള്ള മറ്റൊന്ന് ചെയ്തുതരാമെന്നായി അയാള്‍.സാരിക്കൊത്ത ബ്‌ളൗസും തയ്ച്ചു നല്‍കും. മനസ്സില്ലാമനസ്സോടെ ഗംഗു മടക്കയാത്ര മാറ്റിവെക്കുന്നു. ഡിസൈനറും മോഡല്‍ മൊനീഷയും അവളെ സ്‌നേഹിക്കുന്ന വാമനും ആര്‍ദ്രയുടെ ഉടമ ദക്ഷയും പാര്‍സി ബിസിനസ്സുകാരനുമൊക്കെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഗംഗുവിന്റെ ചങ്ങാതിമാരായി മാറുന്നു. ഇത്തിരിപ്പോന്ന ജീവിതംകൊണ്ട് ഗംഗു സ്വായത്തമാക്കിയ പാഠങ്ങള്‍ അവരെ ചിന്തിപ്പിക്കുന്നു. വളച്ചുകെട്ടില്ലാത്ത നാടന്‍ വര്‍ത്തമാനത്തിലൂടെ ഗംഗു അവരെ വലിയ ജീവിതസത്യങ്ങളാണ് പഠിപ്പിക്കുന്നത്. നിനയ്ക്കാത്ത വഴികളിലൂടെയാണ് സിനിമയുടെ സഞ്ചാരം. പ്രേക്ഷകനെ രസിപ്പിച്ചും അദ്ഭുതപ്പെടുത്തിയും വേദനിപ്പിച്ചും അതങ്ങനെ തുടര്‍ന്നുപോകുന്നു. 
 ഒരു നാട്ടിന്‍പുറത്തുകാരി വലിയൊരു സംഖ്യയുമായി ഒറ്റക്ക് മഹാനഗരത്തിലെത്തുമ്പോഴുണ്ടാകുന്ന ഗുലുമാലുകളാണ് സ്വാഭാവികമായും നമ്മള്‍ ഈ സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുക. ആ പ്രതീക്ഷ തുടക്കത്തിലേ തകര്‍ക്കുന്നു സംവിധായിക. കഥാസഞ്ചാരത്തിന് നല്ലൊരു ചാല് കീറിയിട്ടുണ്ട് അവര്‍. അതില്‍ നിന്ന് എങ്ങോട്ടും തെന്നുന്നില്ല തിരക്കഥ. വളരെ ലളിതമായാണ് കഥ പറയുന്നത്. 
ഗംഗൂബായ് പ്രത്യക്ഷപ്പെടാത്ത ഫ്രെയിമുകള്‍ കുറവാണ്. മിക്ക കഥാപാത്രങ്ങളും ഗംഗുവിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നു. ആ സാന്നിധ്യം ജീവിതാഭിമുഖ്യത്തിന്റെ ഊര്‍ജമാണ് അവര്‍ക്ക് നല്‍കുന്നത്. കഥാപാത്രങ്ങളുടെ മാത്രമല്ല, പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറുന്നു ഗംഗൂബായി. ഹൃദയാഭിലാഷം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നെയെന്തിനു ജീവിതം എന്നാണ് ഗംഗൂബായ് ചോദിക്കുന്നത്. സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രിയ സംസാരിക്കുന്നത്. സ്‌നേഹത്തെ, നന്മയെ തൊട്ടുണര്‍ത്തുന്ന ചിത്രമാണിത്. 

ഗാരാ സാരിയെ ഗംഗൂബായിയുടെ ജീവിതത്തിന്റെ, മോഹത്തിന്റെ സജീവബിംബമാക്കിയതിലാണ് സംവിധായികയുടെ മിടുക്ക്. അതിലെ പൂക്കള്‍ക്കും വള്ളികള്‍ക്കും കിളികള്‍ക്കും ജീവന്‍ വെക്കുമ്പോള്‍ പ്രത്യേക സംഗീതമാണ് പ്രിയ ഉപയോഗിക്കുന്നത്. പല തവണ ആവര്‍ത്തിക്കുന്ന ഈ സംഗീതം ചിത്രത്തിന്റെ ആത്മാവായി മാറുന്നു. ഗാരാ സാരി ഒടുവില്‍ ഗംഗുവിന്റെ ജീവിതാഭിലാഷത്തിന്റെ ചാരമായി പുകയുമ്പോള്‍ സംഗീതം നമ്മെ വേദനിപ്പിക്കുന്നു. അഗ്‌നിനാളത്തിന്റെ ചുവപ്പില്‍ പൂക്കളും വള്ളികളും കിളികളും സാരിയില്‍ നിന്ന് വെന്തുരുകി വീഴുന്ന ദൃശ്യത്തില്‍ പ്രിയയിലെ സംവിധായികയും എഡിറ്ററും കലാപരമായി മേളിക്കുന്നു. ഇവിടെ ഗംഗുവിനു മാത്രമല്ല നഷ്ടപ്പെടുന്നത്. സിനിമാനടിയാവാന്‍ മോഹിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതവും നഷ്ടക്കച്ചവടമായി മാറുകയാണ്. 
നാടക, ടെലിവിഷന്‍, സിനിമാനടിയായ സരിതാ ജോഷിയാണ് ഗംഗൂബായിയെ അവതരിപ്പിക്കുന്നത്. അവരെ ഈ കഥാപാത്രത്തിന് കണ്ടെത്തിയപ്പോള്‍ത്തന്നെ പ്രിയയുടെ ജോലി എളുപ്പമായി. തന്റെ റോളില്‍ അനായാസമായാണ് സരിതാ ജോഷി പെരുമാറുന്നത്. 2012 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കാണിച്ചിട്ടുണ്ട് 'ഗംഗൂബായ് '. മിയാമി, കാനഡ, ഹാനോയ് മേളകളിലും കാണിച്ചു. ഇക്കൊല്ലം ജനവരിയിലാണ് എന്‍.എഫ്.ഡി.സി. നിര്‍മിച്ച ഈ സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് സംവിധായിക 'ഗംഗൂബായ് ' സമര്‍പ്പിച്ചിരിക്കുന്നത്. 
Add caption

'ഗംഗൂബായ് ' നല്ല ചിത്രമാണെങ്കിലും ഇതിന്റെ മൗലികതയെക്കുറിച്ച് സംശയമുണ്ട്. പോള്‍ ഗള്ളിക്കോയുടെ നോവലിനെ ആധാരമാക്കി 1992 ല്‍ തയാറാക്കിയ ' മിസ്സിസ് ഹാരിസ് ഗോസ് ടു പാരീസ് ' എന്ന ടി.വി. ഫിലിമിന്റെ ഇതിവൃത്തത്തോട് സാദൃശ്യമുണ്ട് 'ഗംഗൂബായി ' ക്ക്. പക്ഷേ, മൂലകഥയെക്കുറിച്ച് സംവിധായിക സൂചനയൊന്നും നല്‍കുന്നില്ല. ലണ്ടനിലെ മിസ്സിസ് ഹാരിസ് എന്നൊരു വീട്ടുജോലിക്കാരി വിലപിടിപ്പുള്ള ഒരു സായാഹ്ന ഗൗണ്‍ സ്വന്തമാക്കാനായി പണം സ്വരൂപിച്ച് പാരീസില്‍ പോകുന്നതും മോഹം സാക്ഷാത്കരിക്കുന്നതുമാണ് ' മിസ്സിസ് ഹാരിസി ' ന്റെ കഥ. ഈ ടി.വി. ഫിലിമിലെ മറ്റു ചില കഥാപാത്രങ്ങളെയും പ്രിയ കടംകൊണ്ടതായി കാണാം. എങ്കിലും, ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചുനട്ട് വ്യത്യസ്തരീതിയില്‍ കഥ പറയാന്‍ പ്രിയ ശ്രദ്ധിച്ചിട്ടുണ്ട്. 


1 comment:

T Suresh Babu said...

പാര്‍സികളുടെ
സവിശേഷവസ്ത്രമായ
ഗാരാ സാരി സ്വന്തമാക്കാന്‍
ഒരു വീട്ടുജോലിക്കാരി
നടത്തുന്ന യാത്രയുടെ
ഗതിവിഗതികളാണ്
പ്രിയ കൃഷ്ണസ്വാമിയുടെ
'ഗംഗൂബായ് ' എന്ന
ഹിന്ദി സിനിമ പറയുന്നത്