Sunday, February 28, 2010

അകല്‍ച്ചയുടെ കഥകള്‍(പ്രശസ്‌ത തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെലാന്റെ ഡിസ്റ്റന്റ്‌, ക്ലൈമെറ്റ്‌സ്‌ എന്നീ സിനിമകളെക്കുറിച്ച്‌)

തുര്‍ക്കിയിലെ നവസിനിമാ പ്രസ്ഥാനക്കാരില്‍ പ്രമുഖ സ്ഥാനമുണ്ട്‌ നൂറി ബില്‍ജി സെലാന്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ഫീച്ചര്‍ ചിത്രങ്ങളാണ്‌ സെലാന്‍ സംവിധാനം ചെയ്‌തത്‌. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടവ. ഒട്ടേറെ അവാര്‍ഡുകള്‍ ഈ സിനിമ നേടിയെടുത്തിട്ടുണ്ട്‌.
1997-ല്‍ കസബ എന്ന ചിത്രത്തോടെയാണ്‌ ഈ ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ ചലച്ചിത്രജീവിതം തുടങ്ങുന്നത്‌.( 1999-ല്‍ ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌, 2003-ല്‍ ഡിസ്റ്റന്റ്‌, 2006-ല്‍ ക്ലൈമെറ്റ്‌സ്‌, 2008-ല്‍ ത്രീ മങ്കീസ്‌ എന്നിവയും പുറത്തുവന്നു.)
നഗര-ഗ്രാമങ്ങള്‍ തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്റെയും പ്രകൃതിയോടുള്ള ഇഴുകിച്ചേരലിന്റെയും വ്യക്തിബന്ധങ്ങളുടെയും കഥകള്‍ പറയാനാണ്‌ സെലാന്‌ കൂടുതല്‍ ഇഷ്ടം. പ്രകൃതി സെലാന്റെ ചിത്രങ്ങളില്‍ ജീവസുറ്റ പശ്ചാത്തലമാണ്‌. പ്രകൃതിയുടെ ഈ സാന്നിധ്യം ആത്മസംഘര്‍ഷമനുഭവിക്കുന്ന കഥാപാത്രങ്ങളെ സാന്ത്വനിപ്പിക്കുന്ന ഘടകമായി മാറുന്നു.
അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ്‌ സെലാന്‍. തന്റെ മിക്ക ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌ സെലാന്‍ തന്നെയാണ്‌. ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി ഇദ്ദേഹം സ്വയം നിര്‍മിക്കുന്നു. ചിലപ്പോള്‍ അഭിനയിക്കുന്നു. ഭാര്യയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കളാണ്‌.

വ്യക്തികള്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും കാവ്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള ചിത്രങ്ങളാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. ഇതുവരെ ഇറങ്ങിയിട്ടുള്ള തുര്‍ക്കി സിനിമകളില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നായാണ്‌ നിരൂപകര്‍ ഡിസ്റ്റന്റിനെ വിലയിരുത്തുന്നത്‌. 2003 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ്‌ പ്രി നേടിയ ചിത്രമാണിത്‌. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനും മത്സരിച്ചിട്ടുണ്ട്‌. ആകാശത്ത്‌ ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ്‌ ഓരോബന്ധവും എന്ന്‌ സെലാന്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നു. സെലാന്റെ ആത്മാംശം കലര്‍ന്നിട്ടുള്ള ഡിസ്റ്റന്റിലെയും ക്ലൈമെറ്റ്‌സിലെയും കഥാപാത്രങ്ങള്‍ക്കും സാമ്യമുണ്ട്‌.
ഏകാന്തമായ രഹസ്യജീവിതം ആഗ്രഹിക്കുന്ന ഒരു കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫറുടെ സ്വകാര്യതയിലേക്ക്‌ മറ്റൊരാള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ്‌ ഡിസ്‌റ്റന്റിന്റെ പ്രമേയം. ഇസ്‌താംബൂളിലെ ഒരു മഞ്ഞുകാലമാണ്‌ പശ്ചാത്തലത്തില്‍. ഫോട്ടോഗ്രാഫര്‍ മഹമൂദിന്റെ കസിനായ യൂസഫ്‌ ആണ്‌ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നത്‌. ഗ്രാമത്തില്‍ നിന്നാണ്‌ യൂസഫിന്റെ വരവ്‌. സാമ്പത്തിക മാന്ദ്യം കാരണം അയാളെ ഫാക്ടറിയില്‍ നിന്ന്‌ പിരിച്ചുവിട്ടതാണ്‌. മഹമൂദിന്റെ അടുത്തുതങ്ങി എന്തെങ്കിലും ജോലി തരപ്പെടുത്തണം. യൂസഫ്‌ നിത്യവും കപ്പല്‍കമ്പനികള്‍ കയറിയിറങ്ങുകയാണ്‌. സമുദ്രസഞ്ചാരികളുടെ സ്വപ്‌നലോകത്താണ്‌ അയാള്‍. ഇസ്‌താംബൂള്‍ നഗരവും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ വീഴുകയാണ്‌. യൂസഫിന്‌ ഒരിടത്തും ജോലികിട്ടുന്നില്ല. നീരസത്തോടെയാണ്‌ യൂസഫിന്റെ നഗരപ്രവേശത്തെ മഹമൂദ്‌ എതിരേല്‍ക്കുന്നത്‌. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും അയാളത്‌ പ്രകടിപ്പിക്കുന്നു. യൂസഫിന്റെ ഓരോ നടപടിയും തന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. കാണാതെ പോയ വാച്ചിന്റെ പേരില്‍ യൂസഫിനെ മഹമൂദ്‌ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാവുകയാണ്‌. ചെറിയ സംഭവങ്ങളിലൂടെ അതിസൂക്ഷ്‌മമായാണ്‌ രണ്ടുകഥാപാത്രങ്ങളെയും സെലാന്‍ പിന്തുടരുന്നത്‌. നാഗരികതയോട്‌ ഇണങ്ങാന്‍ വിമ്മിട്ടപ്പെടുന്ന ഗ്രാമീണന്റെ നിസ്സഹായതയും ഈ ചിത്രത്തില്‍ സെലാന്‍ അടയാളപ്പെടുത്തുന്നുണ്ട്‌.

സര്‍വകലാശാല അധ്യാപകനായ ഈസയും ടി.വി.പരമ്പരയില്‍ കലാസംവിധാനമൊരുക്കുന്ന കാമുകി ബ്രഹാറും തമ്മിലുള്ള വേര്‍പിരിയലിന്റെ കഥയാണ്‌ ക്ലൈമെറ്റ്‌സ്‌. ഫോട്ടോഗ്രാഫ്രര്‍ കൂടിയാണ്‌ ഈസ. പ്രായം കൊണ്ട്‌ ഇരുവരും തമ്മില്‍ വലിയ അന്തരമുണ്ട്‌. ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ കണ്ടെത്തുന്ന ന്യായം ഇതാണ്‌. വഴക്കടിച്ച്‌ അകലാന്‍ തീരുമാനിച്ചിട്ടും ഇരുവര്‍ക്കുമിടയില്‍ എവിടെയോ ഒരാകര്‍ഷകത്വം, ഒരിഷ്ടം ബാക്കിനിന്നിരുന്നു. പരസ്‌പരം അവര്‍ക്കതറിയാമായിരുന്നു. പക്ഷേ, വേണ്ട സന്ദര്‍ഭത്തില്‍ അവര്‍ക്കത്‌ വ്യക്തമായി പ്രകടിപ്പിക്കാനാകുന്നില്ല. കലാകാരന്മാരുടെ ഈഗോയുടെ കെണിയില്‍ അവര്‍ വീണുപോകുന്നു. ഒരുവേനല്‍ക്കാലത്ത്‌ തുടങ്ങുന്ന സിനിമ മനസിനെ മരവിപ്പിക്കുന്ന മഞ്ഞുകാലത്ത്‌ അവസാനിക്കുന്നു. കലഹിച്ച്‌ പ്രണയത്തിന്റെ പാതിവഴിയില്‍ അവര്‍ അകലുകയാണ്‌.
നൂറി ബില്‍ജി സെലാന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവം നന്നായി വ്യക്തമാക്കുന്നവയാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. നീണ്ട ഷോട്ടുകള്‍, വളരെക്കുറച്ച്‌ സംഭാഷണം, മനോഹരമായ ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മഴമേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശാലമായ ആകാശദൃശ്യങ്ങള്‍ എന്നിവയൊക്കെ സെലാന്‍ ചിത്രങ്ങളുടെ പ്രത്യേകതകളാണ്‌. ക്ലൈമെറ്റ്‌സില്‍ രംഗത്തിന്റെ പിരിമുറുക്കം സൂചിപ്പിക്കാന്‍ കഥാപാത്രങ്ങള്‍ സിഗററ്റുവലിക്കുന്ന ദൃശ്യം രണ്ടുതവണ അദ്ദേഹം ക്ലോസ്‌ അപ്പില്‍ കാണിക്കുന്നു. ആഞ്ഞുവലിക്കുന്ന സിഗരറ്റിന്റെ കണ്ണ്‌ ശീല്‍ക്കാരത്തോടെ ചുവക്കുന്ന ദൃശ്യം അതിമനോഹരമാണ്‌. മഞ്ഞുപൊഴിഞ്ഞുകൊണ്ടിരിക്കെ കഥാനായികയുടെ രൂപം ക്രമേണ സ്‌ക്രീനില്‍ അപ്രത്യക്ഷമാകുന്ന അവസാന രംഗത്തിനും ചാരുതയേറും. ഈ സിനിമയില്‍ നായകനായി വരുന്നത്‌ സെലാനാണ്‌. നായികയായി വരുന്നത്‌ ഭാര്യ എബ്രുവും.
സംഗീതം സിനിമയെക്കൊല്ലും എന്ന പക്ഷക്കാരനാണ്‌ സെലാന്‍. പശ്ചാത്തല സംഗീതം പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങളാണ്‌ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം. അകലെനിന്ന്‌ കേള്‍ക്കുന്ന പട്ടിയുടെ കുര, ഇടിയുടെയും തുടര്‍ന്നുപെയ്യുന്ന മഴയുടെയും ശബ്ദം, വാഹനങ്ങളുടെ ഇരമ്പല്‍ എന്നിവ സെലാന്റെ ചിത്രങ്ങളില്‍ നമുക്ക്‌ ആവര്‍ത്തിച്ചുകേള്‍ക്കാം. വേണ്ട സമയത്ത്‌ വേണ്ടത്രശക്തിയോടെ ഈ ശബ്ദങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം മിടുക്കനാണ്‌.

3 comments:

T Suresh Babu said...

ആകാശത്ത്‌ ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ്‌ ഓരോബന്ധവും എന്ന്‌ രേഖപ്പെടുത്തുന്നവയാണ്‌ നൂറി ബില്‍ജി സെലാന്റെ ചിത്രങ്ങള്‍

chithrakaran:ചിത്രകാരന്‍ said...

സെലാനേയും,അദ്ദേഹത്തിന്റെ കുടുംബസൃഷ്ടികളായ ലോക സിനിമക്കുള്ള സംഭാവനകളേയും
പരിചയപ്പെടുത്തിയതിനു നന്ദി.

Vinayaraj V R said...

സുരേഷ്‌

ഈ ബ്ലോഗിനു നന്ദി. പിന്നെ, ഓരോ പോസ്റ്റിന്റേയും തലക്കെട്ട്‌ ആ സിനിമയുടെ പേരു തന്നെ ആക്കുന്നതിനെക്കുറിച്ച്‌ എന്താണഭിപ്രായം. പിന്നീട്‌ ഓടിച്ചുപോവുമ്പോള്‍ കണ്ടുപിടിക്കാനെല്ലാം അതാണെളുപ്പമെന്നെനിക്ക്‌ തോന്നുന്നു, അത്രമാത്രം. പുതിയപോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.