Tuesday, November 6, 2007

അക്ഷരങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍


അമേരിക്കയിലെ വാഷിങ്‌ടണ്‍ ഡി.സി.യില്‍ ദേശീയതലത്തിലുള്ള സെ്‌പല്ലിങ്‌ ബീ (ഇംഗ്ലീഷ്‌ വാക്കുകളുടെ കൃത്യമായ അക്ഷരങ്ങള്‍ പറയുന്ന മത്സരം) മത്സരം നടക്കുകയാണ്‌. എലൈസ നൊമാന്‍ എന്ന പതിനൊന്നുകാരിയാണ്‌ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം. അവള്‍ മൈക്കിനുമുന്നില്‍ തനിക്കുള്ള വാക്കും പ്രതീക്ഷിച്ച്‌ നില്‍ക്കുകയാണ്‌. 'Oppidan' എന്ന വാക്കാണ്‌ അവള്‍ക്കു കിട്ടുന്നത്‌. കടുപ്പമേറിയ വാക്ക്‌. ഒരു നിമിഷം. അവള്‍ കണ്ണടയ്‌ക്കുന്നു. എവിടെ നിന്നോ വരുന്ന ഊര്‍ജപ്രവാഹം അവളെ തലോടുന്നു. അപരിചിതമായ വാക്കുകള്‍ പോലും അവളുടെ മനക്കണ്ണിലേക്ക്‌ അപ്പോള്‍ കടന്നുവരും. പാറിപ്പറക്കുന്ന തുമ്പികളെപ്പോലെ, പൂക്കളെപ്പോലെ അക്ഷരങ്ങള്‍ അവള്‍ക്കുചുറ്റം നൃത്തം വെക്കും. വാക്കുകളും അക്ഷരങ്ങളും ഈ പ്രപഞ്ചത്തിന്‍െറ എല്ലാ രഹസ്യങ്ങളും അടങ്ങുന്ന പേടകമാണെന്ന്‌ അച്ഛന്‍ അവളോട്‌ ഒരിക്കല്‍പറഞ്ഞിട്ടുണ്ട്‌. അക്ഷരരൂപങ്ങളിലും ശബ്ദങ്ങളിലും വിശേഷാല്‍ എന്തോ ഒന്ന്‌ അവള്‍ക്ക്‌ കാണാനും കേള്‍ക്കാനും കഴിയുന്നു.
സെ്‌പല്ലിങ്‌ ബീ പൂര്‍ത്തിയാക്കാതെ മത്സരവേദിയില്‍ നിന്ന്‌ പിന്മാറുന്ന ക്യാമറ പ്രൊഫസര്‍ സോള്‍ നൊമാന്‍െറ കുടുംബത്തിലേക്കാണ്‌ നമ്മളെ ഇനി കൊണ്ടുപോകുന്നത്‌. `ബീ സീസണ്‍' എന്ന ഇംഗ്ലീഷ്‌ സിനിമ ഇവിടെ തുടങ്ങുന്നു.

സര്‍വകലാശാലയില്‍ മതാധ്യാപകനാണ്‌ പ്രൊഫ. നൊമാന്‍. ഇതൊരു ജൂതകുടുംബമാണ്‌. ശാസ്‌ത്രജ്ഞയായ ഭാര്യ മിറിയം ഫ്രഞ്ച്‌ കാത്തലിക്കായിരുന്നു. വിവാഹശേഷം അവര്‍ ജൂതയായി. സ്‌കൂള്‍ വിദ്യാര്‍ഥികളായ ആറോണ്‍, എലൈസ എന്നിവരാണ്‌ മക്കള്‍. അക്ഷരങ്ങളെ ദൃശ്യവത്‌കരിക്കാനുള്ള വിദ്യ സ്വായത്തമാക്കിയ ഒരു ആത്മീയാന്വേഷകനെക്കുറിച്ച്‌ പഠിക്കുന്നയാളാണ്‌ പ്രൊഫ. നൊമാന്‍.
സ്‌കൂളിലെ `സെ്‌പല്ലിങ്‌ ബീ'യില്‍ ജയിച്ച എലൈസക്ക്‌ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കണം. പക്ഷേ, അച്ഛന്‌ തന്നില്‍ തീരെ ശ്രദ്ധയില്ലെന്ന്‌ അവള്‍ക്ക്‌ പരാതിയുണ്ട്‌. ജ്യേഷ്‌ഠനെ ഹീബ്രുഭാഷയും വയലിനും പഠിപ്പിക്കാനേ നേരമുള്ളു. അമ്മയാവട്ടെ പലദിവസങ്ങളിലും രാത്രി വൈകിയാണ്‌ വീട്ടിലെത്തുന്നത്‌. ക്ഷീണിതയായ അവര്‍ വന്നപാടെ കിടക്കയില്‍ ചെന്നുവീഴും. ജില്ലാമത്സരത്തിന്‌ സഹോദരന്‍െറ കൂടെയാണ്‌ എലൈസ പോകുന്നത്‌.

ജില്ലാ മത്സരത്തിലെ വിജയത്തോടെ പ്രൊഫസര്‍ മകളെ ശ്രദ്ധിക്കാന്‍ തുടങ്ങി. തന്‍െറ ആത്മീയാന്വേഷണത്തിന്‍െറ പാതയില്‍ മകളെയും ഒരുമിച്ചുകൂട്ടാന്‍ അദ്ദേഹം തീരുമാനിക്കുന്നു. ക്രമേണ പ്രൊഫസര്‍ മകനെ അവഗണിക്കുന്നു. അവന്‍ വയലിന്‍ വായിക്കുമ്പോള്‍ ശബ്ദം ഉച്ചത്തിലായാല്‍ അദ്ദേഹം അസ്വസ്ഥനാവും. അവനൊപ്പം വയലിന്‍ വായിക്കുന്നത്‌ നിര്‍ത്തി. വീട്ടിലെത്തിയാല്‍ ഒന്നിനും സമയമില്ല. ഏതുനേരവും എലൈസയുടെ കൂടെത്തന്നെ. അവള്‍ക്ക്‌ പുതുപുതുവാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കും. വാക്കുകള്‍ ആത്മീയാന്വേഷണത്തിലെ ഊര്‍ജമാണെന്ന്‌ പറഞ്ഞുകൊണ്ടിരിക്കും.

സാക്രമെന്‍േറാവിലെ മേഖലാമത്സരത്തിന്‌ കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ്‌ പോകുന്നത്‌. ഏറ്റവും ആഹ്ലാദം എലൈസക്കായിരുന്നു.'Dandelion' എന്ന വാക്കാണ്‌ അവള്‍ക്കാദ്യം കിട്ടുന്നത്‌. ഒരു നിമിഷം. അവള്‍ കണ്ണടയ്‌ക്കുന്നു. അവള്‍ക്ക്‌ ചുറ്റും അക്ഷരങ്ങള്‍ ആഹ്ലാദത്തോടെ പാറിനടക്കുന്നു. അവ ഒരുമിച്ചു ചേര്‍ന്ന്‌ Dandelion എന്ന്‌ വാക്കായി മാറുന്നു. കുടുംബാംഗങ്ങള്‍ ആകാംക്ഷയോടെ, പ്രാര്‍ഥനയോടെ നിമിഷങ്ങള്‍ എണ്ണവേ എലൈസ അക്ഷരങ്ങള്‍ ഒന്നൊന്നായി പറഞ്ഞുതുടങ്ങുന്നു. ഒടുവില്‍ കൊടുത്ത ബറ്റീക്ക്‌ (Batik) എന്ന വാക്കും ളരിയായി പറഞ്ഞ്‌ എലൈസ്‌ വിജയിയാവുന്നു. അഭിമാനത്തോടെ അവളെ എടുത്തുയര്‍ത്തി പ്രൊഫ. നൊമാന്‍ വിജയം കൊണ്ടാടുന്നു.

അന്നുരാത്രി അമ്മ അവള്‍ക്ക്‌ ഒരു കാലിഡോസ്‌ കോപ്പ്‌ സമ്മാനിക്കുന്നു. കുട്ടിക്കാലത്ത്‌ അവരുടെ അമ്മ നല്‍കിയതാണത്‌. കാലിഡോസ്‌ കോപ്പിലൂടെയുള്ള കാഴ്‌ച മിറിയത്തിനു എന്നും സന്തോഷം പകര്‍ന്നിരുന്നു. ഇനി അതിലൂടെ മകള്‍ വിചിത്രമായ വര്‍ണപ്രപഞ്ചം കാണട്ടെ.

പ്രൊഫ. നൊമാന്‍ എലൈസയെ അടുത്ത മത്സരത്തിന്‌ -സ്റ്റേറ്റ്‌തലം- സജ്ജയാക്കുകയാണ്‌. തന്‍െറ പ്രിയ വിദ്യാര്‍ഥികളിലൊരാളായാണ്‌ മകളെയും അദ്ദേഹം കാണുന്നത്‌. ``ആദ്യം അക്ഷരങ്ങളിലേക്ക്‌ മനസ്സ്‌ തുറക്കുക. ഏകാഗ്രതയോടെ ഓരോ അക്ഷരവും അനുഭവിക്കുക''-അദ്ദേഹം മകളെ ഉപദേശിക്കും. അമ്മ മകള്‍ക്ക്‌ വീണ്ടും ഒരു സമ്മാനം നല്‍കുന്നു. ഒരു പച്ചയുടുപ്പ്‌. അവരുടെ കുട്ടിക്കാലത്തേത്‌.

വീട്ടില്‍ ഒറ്റപ്പെടുന്നു എന്ന തോന്നലുമായി കഴിയുന്ന മകന്‍ ആറോണ്‍ ഇതിനിടെ ചാളി എന്നൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നു. ഹൈന്ദവദര്‍ശനത്തില്‍ താല്‌പര്യമുള്ള അവനെ അവള്‍ ഹരേകൃഷ്‌ണ പ്രസ്ഥാനക്കാരുമായി അടുപ്പിക്കുന്നു.
സ്റ്റേറ്റ്‌ മത്സരം തുടങ്ങുന്നു. മൂന്നുദിവസത്തെ പരിപാടിയാണ്‌. പ്രൊഫസറും മകളും മാത്രമാണ്‌ ഇത്തവണപോകുന്നത്‌. അമ്മ കൊടുത്ത ഉടുപ്പാണ്‌ അവള്‍ ഇട്ടിരിക്കുന്നത്‌. Cotyledon എന്ന വാക്കാണ്‌ അവള്‍ക്ക്‌ അവസാനം കിട്ടുന്നത്‌. പരിചിതമല്ല അവള്‍ക്കാവാക്ക്‌. ആദ്യം അവള്‍ വാക്കിന്‍െറ അര്‍ഥം ചോദിക്കുന്നു. ഏതുഭാഷയില്‍ നിന്നു വന്ന വാക്കാണ്‌ എന്നതായിരുന്നു അടുത്ത സംശയം. ഗ്രീക്കില്‍ നിന്നാണ്‌ ആ വാക്കിന്‍െറ ഉത്ഭവം. എലൈസ കണ്ണടയ്‌ക്കുന്നു. അവളുടെ ഉടുപ്പില്‍ നിന്ന്‌ വള്ളികളും പൂക്കളും അരുമയോടെ പിറക്കുന്നു (വിത്തിനുള്ളിലെ തളിരില എന്നാണ്‌ Cotyledon ന്റെ അര്‍ഥം). അവ ഓരോ അക്ഷരമായി അവളുടെ നാവിന്‍ തുമ്പിലെത്തുന്നു. ഹാളില്‍ കൈയടി മുഴങ്ങുമ്പോള്‍ പ്രൊഫസര്‍ സ്‌തബ്‌ധനായി ഇരിക്കുകയായിരുന്നു. മകള്‍ ദിവ്യത്വം ആര്‍ജിച്ചുവരികയാണെന്ന്‌ അദ്ദേഹത്തിനു തോന്നുന്നു.

മകളുമൊത്ത്‌ മത്സരത്തിന്‌ പോകുമ്പോള്‍ ഒരു സംഗീത ശില്‌പത്തിന്‌ ഈണമുണ്ടാക്കാന്‍ ആറോണിന്‌ നിര്‍ദേശം കൊടുത്തിരുന്നു. ആ കുറിപ്പ്‌ കണ്ടെങ്കിലും സംഗീതം നിര്‍വഹിക്കാനുള്ള മൂഡിലായിരുന്നില്ല അവന്‍. അവന്‍ കൂടുതല്‍ കൂടുതലായി തന്‍െറ പ്രസ്ഥാനത്തോട്‌ അടുക്കുകയായിരുന്നു.
അമ്മ തന്ന ഉടുപ്പ്‌ ഭാഗ്യമുള്ളതാണെന്ന്‌ എലൈസ വിശ്വസിക്കുന്നു. നാഷണല്‍ മത്സരത്തിനും അതുതന്നെ ധരിക്കണമെന്ന്‌ അവള്‍ തീര്‍ച്ചയാക്കുന്ന

ഇതിനിടയില്‍ മിറിയം ഇരട്ടജീവിതം നയിക്കുന്ന സ്‌ത്രീയാണെന്ന്‌ വെളിപ്പെടുന്നു. വീട്ടില്‍ പ്രൊഫസറുള്‍പ്പെടെ ആര്‍ക്കും അക്കാര്യമറിയില്ലായിരുന്നു. ക്ലെപ്‌റ്റോമാനിയ (ബോധപൂര്‍വമല്ലാതെ മോഷ്‌ടിക്കാനുള്ള പ്രവണത) ഉള്ള സ്‌ത്രീയായിരുന്നു അവര്‍. ചെറിയ ആഭരണങ്ങളും കൗതുകവസ്‌തുക്കളുമാണവര്‍ മോഷ്‌ടിച്ചിരുന്നത്‌. രാത്രി വീടുകളില്‍ അതിക്രമിച്ചു കയറിയാണ്‌ ഇവ മോഷ്‌ടിക്കുന്നത്‌. അവ ഒരിടത്ത്‌ ഒരു മുറിയില്‍ സൂക്ഷിച്ചുവെച്ചിരിക്കയാണ്‌. പോലീസ്‌ പിടിയിലായ മിറിയത്തെ മാനസിക ചികിത്സാകേന്ദ്രത്തിലാക്കുന്നു. ഭര്‍ത്താവിന്‍െറ ദര്‍ശനങ്ങളില്‍ ആകൃഷ്‌ടയായി `വെളിച്ചത്തെ പിടിച്ചുനിര്‍ത്താന്‍' ശ്രമിക്കുകയായിരുന്നു അവര്‍. തുണ്ടം തുണ്ടമായതിനെ ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു താന്‍ എന്ന്‌ അവര്‍ അവകാശപ്പെടുന്നു.
``വെളിച്ചത്തെ പിടിച്ചുനിര്‍ത്തുക എന്നൊക്കെ പറയുന്നത്‌ ആലങ്കാരികമായാണ്‌. അതൊരു കവിത''യാണ്‌ എന്നു പ്രൊഫസര്‍ വിശദീകരിക്കുമ്പോള്‍ മിറിയത്തിനു മറുപടിയുണ്ടായിരുന്നു: ``അതേ, ഞാനൊരു കവിത രചിക്കുകയായിരുന്നു.''
അമ്മയുടെ അവസ്ഥ എലൈസയെ വേദനിപ്പിച്ചു. താന്‍ മത്സരത്തിനു പോയതും വീടുവിട്ടു നിന്നതും കാരണമാണ്‌ അമ്മ ഈ നിലയിലായതെന്ന്‌ അവള്‍ സങ്കടപ്പെടുന്നു. ഇതിനിടെ, ഹരേകൃഷ്‌ണക്കാരുടെ ആസ്ഥാനത്തെത്തി പ്രൊഫസര്‍ മകനെ അവിടെനിന്ന്‌ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ടുവരുന്നു. വീട്ടിലെത്തിയതും അവന്‍ പൊട്ടിത്തെറിക്കുകയാണ്‌. അച്ഛന്‍െറ സ്വാര്‍ഥതയെക്കുറിച്ച്‌, തങ്ങളെ പരീക്ഷണവസ്‌തുവാക്കുന്നതിനെക്കുറിച്ച്‌, തനിക്കു കിട്ടാതെപോയ അംഗീകാരം മകളിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച്‌, എണ്ണിയെണ്ണിപ്പറഞ്ഞ്‌ ആറോണ്‍ അച്ഛന്‍െറ അഹംബോധത്തെ തള്ളി താഴെയിടുന്നു. ``അച്ഛനാണ്‌ അമ്മയുടെ അവസ്ഥയ്‌ക്ക്‌ കാരണക്കാരന്‍. നിങ്ങളുടെ മതം, നിങ്ങളുടെ അടിച്ചമര്‍ത്തല്‍ രീതി, നിങ്ങളുണ്ടാക്കുന്ന ഭക്ഷണം-എല്ലാം.'' അമ്മ ചെറുപ്പത്തിലേ മാനസികരോഗത്തിനു അടിമയായിരുന്നു എന്ന പ്രൊഫസറുടെ വെളിപ്പെടുത്തലൊന്നും അവനെ സാന്ത്വനിപ്പിക്കുന്നില്ല. അദ്ദേഹത്തിന്‌ പക്ഷേ അവനോട്‌ കയര്‍ക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്‍െറ കണ്ണില്‍ അവനിപ്പോഴും കുഞ്ഞാണ്‌. ഈ വഴക്കിലൊന്നും ഇടപെടാതെ എല്ലാം കേട്ട്‌ കിടക്കയില്‍ കണ്ണീരൊഴുക്കി കിടക്കുകയാണ്‌ എലൈസ. ബഹളം നിര്‍ത്താന്‍ അവള്‍ ഇടക്കിടെ ആവശ്യപ്പെടുന്നുണ്ട്‌.

എലൈസയും പ്രൊഫസറും ആറോണും നാഷണല്‍ മത്സരത്തിനു പോകുന്നു. വലിയ ആവേശത്തിലാണ്‌ പ്രൊഫസര്‍ നൊമാന്‍. ഹോട്ടല്‍ മുറിയില്‍വെച്ചും അദ്ദേഹം മകളെ പുതിയ വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുത്ത്‌ പരിശീലിപ്പിക്കുന്നു.
മത്സരം തുടങ്ങുന്നു. അമ്മയുടെ ഉടുപ്പുതന്നെയാണവള്‍ ഇട്ടിരിക്കുന്നത്‌. സിനിമയുടെ ആദ്യ രംഗത്തിലേക്ക്‌ നമ്മള്‍ തിരിച്ചുപോവുകയാണ്‌. മത്സരാര്‍ഥികള്‍ ഒന്നൊന്നായി രംഗത്തുനിന്ന്‌ അപ്രത്യക്ഷരാകുന്നു. എലൈസയും മറ്റൊരു പെണ്‍കുട്ടിയും അവശേഷിക്കുന്നു. ഇനിയൊരു വാക്കു കൂടി തെറ്റാതെ പറഞ്ഞാല്‍ എലൈസ ജയിക്കും. ആ വാക്ക്‌ അവള്‍ കേട്ടു-Origami. പ്രൊഫസര്‍ അഭിമാനത്തോടെ സദസ്സില്‍ ഇരിക്കുകയാണ്‌. മത്സരം ജയിച്ചെന്ന്‌ അദ്ദേഹം ഉറപ്പിക്കുന്നു. കാരണം, തലേ ദിവസം ഹോട്ടല്‍ മുറിയില്‍വെച്ച്‌ അദ്ദേഹം ആ വാക്ക്‌ ചോദിച്ചതാണ്‌. പെട്ടെന്ന്‌ തന്നെ അവള്‍ അതിന്‍െറ സെ്‌പല്ലിങ്‌ കൃത്യമായി പറഞ്ഞതുമാണ്‌. എലൈസ കണ്ണടയ്‌ക്കുന്നു. മനക്കണ്ണില്‍ ഒരു പക്ഷി പാറിവരുന്നു. അത്‌ കടലാസ്‌ പക്ഷിയായി രൂപംമാറി. ഹാളിലെ ബാനറില്‍ ഓരോ അക്ഷരത്തിലായി അത്‌ പാറിപ്പാറി നടന്നു. അവള്‍ അക്ഷരങ്ങള്‍ പറയാന്‍ തുടങ്ങി-O...R...I...G...A...M...' .അവസാന അക്ഷരത്തിനു മുന്നില്‍ അവളൊന്നു ശങ്കിക്കുന്നതായി നമുക്കുതോന്നും. അക്ഷരമേതെന്ന്‌ അവള്‍ക്ക്‌ നന്നായറിയാം. പക്ഷേ, `ഐ'ക്കു പകരം `വൈ' എന്നു മാറ്റിപ്പറഞ്ഞ്‌ അവള്‍ മത്സരം തോറ്റുകൊടുക്കുന്നു. പ്രൊഫസര്‍ക്ക്‌ കണ്ണീരടക്കാനായില്ല. ആറോണ്‍ വന്ന്‌ അച്ഛനെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നു. മത്സരവേദിയില്‍നിന്ന്‌ എലൈസ എല്ലാം കാണുകയായിരുന്നു. അച്ഛനെയും ജ്യേഷ്‌ഠനെയും നോക്കി അവള്‍ പുഞ്ചിരിച്ചു. ജേതാവിന്‍െറ ചിരിയായിരുന്നു അത്‌. തന്‍െറ വീട്‌ തനിക്ക്‌ തിരിച്ചുകിട്ടിയിരിക്കുന്നു. തന്‍െറ പ്രിയപ്പെട്ട അമ്മയെ, അച്ഛനെ, ജ്യേഷ്‌ഠനെ എല്ലാവരെയും തിരിച്ചുകിട്ടിയിരിക്കുന്നു. എലൈസക്ക്‌ അതു മതി.

105 മിനിറ്റ്‌ നീണ്ട ഈ ചിത്രം സേ്‌കാട്ട്‌ മക്‌ ഗഹീ, ഡേവിഡ്‌ സീഗല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. മൈല ഗോള്‍ഡ്‌ ബര്‍ഗിന്‍െറ നോവലിനെ ആധാരമാക്കി എടുത്ത `ബീ സീസണ്‍' 2005-ലാണ്‌ പുറത്തിറങ്ങിയത്‌.
ശക്തരായ നാലു കഥാപാത്രങ്ങളാണ്‌ ഈ സിനിമയിലുള്ളത്‌. നാലുപേരും വ്യക്തിത്വമുള്ളവര്‍. ഒരേ വീട്ടില്‍ കഴിയുമ്പോഴും അവര്‍ വ്യത്യസ്‌തരായി ജീവിക്കുന്നു. ഓരോരുത്തരും ഓരോ ലോകത്ത്‌. നിഗൂഢമായ ചില ദര്‍ശനങ്ങളുടെ ലഹരിയില്‍ ജീവിക്കുന്നയാളാണ്‌ പ്രൊഫ. നൊമാന്‍. മറ്റുള്ളവര്‍ക്ക്‌ എളുപ്പം പിന്‍പറ്റാനാവാത്ത ചില സിദ്ധാന്തങ്ങളാണ്‌ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കുന്നത്‌. അത്‌ ബോധപൂര്‍വം കുടുംബാംഗങ്ങളിലും അടിച്ചേല്‌പിക്കാന്‍ മുതിരുകയാണദ്ദേഹം. ഇതിനോടുള്ള കലാപമാണ്‌ ഭാര്യ മിറിയവും മകന്‍ ആറോണും നടത്തുന്നത്‌. എന്നും തന്‍െറയൊപ്പം നിന്ന മകളും മതദര്‍ശനത്തേക്കാള്‍ ജീവിതത്തിനും കുടുംബത്തിനും പ്രാധാന്യം നല്‍കുമ്പോള്‍ പ്രൊഫസര്‍ പരാജയപ്പെട്ടുപോകുന്നു.

പ്രൊഫസറുടെ മതപരമായ ശാസനകളിലൂടെയാണ്‌ ഭാര്യയും മക്കളും വളരുന്നതും സഞ്ചരിക്കുന്നതും. എല്ലാവരെയും തന്‍െറ സ്വാധീനവലയത്തില്‍ നിര്‍ത്തിയിരിക്കുകയാണദ്ദേഹം. അത്‌ മറികടക്കാനാണ്‌ ഓരോരുത്തരും ഓരോ ഘട്ടത്തിലായി ശ്രമിക്കുന്നത്‌. പ്രൊഫസറെ സംബന്ധിച്ചിടത്തോളം കുടുംബാംഗങ്ങളെല്ലാം പരീക്ഷണവസ്‌തുക്കളാണ്‌. ആദ്യം അദ്ദേഹം സ്വാധീനിച്ചത്‌ ഭാര്യയെ. പിന്നെ മകനെ. ഒടുവില്‍ മകളെയും. പ്രപഞ്ച നിഗൂഢത തേടിക്കൊണ്ടുള്ള അദ്ദേഹത്തിന്‍െറ അന്വേഷണവഴിയിലെ ഉപകരണങ്ങള്‍ മാത്രമായിരുന്നു അവര്‍. അംഗീകാരത്തിനും പ്രശസ്‌തിക്കും വേണ്ടിയുള്ള പരക്കംപാച്ചിലിനിടയില്‍ എല്ലാവരും നഷ്‌ടപ്പെടുന്നത്‌ അദ്ദേഹത്തിനു കാണേണ്ടിവരുന്നു. കുടുംബം ശിഥിലമാവുന്നതിനെക്കുറിച്ച്‌ പ്രൊഫസര്‍ ബോധവനായിരുന്നില്ല. പക്ഷേ, മിറിയത്തിന്‌ അതറിയാമായിരുന്നു. ചെറുക്കാന്‍ അവര്‍ കുറെ ശ്രമിക്കുന്നുമുണ്ട്‌. ``തുണ്ടം തുണ്ടമായതിനെ ഒന്നിപ്പിക്കുകയാണ്‌ ഞാന്‍'' എന്നൊക്കെ മിറിയം പറയുമ്പോള്‍ അവിടെ കടന്നുവരുന്നത്‌ കുടുംബം തന്നെയാണ്‌.

അക്ഷരം ചൊല്ലല്‍' നിരന്തര പരിശ്രമത്തിലൂടെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കഴിവാണ്‌. അതിന്‌ ദിവ്യപരിവേഷം നല്‍കുന്നതിലെ പൊള്ളത്തരമാണ്‌ സംവിധായകര്‍ ചൂണ്ടിക്കാട്ടുന്നത്‌. കുടുംബത്തിലെ പൊട്ടിച്ചിരിയും ബഹളവും കലഹവും ശാന്തതയുമാണ്‌ വലുത്‌. അതിനു പകരം നില്‍ക്കാന്‍ മറ്റൊന്നിനുമാവില്ല. ശുഭകരമായ ഈ ചിന്തയും `ബീ സീസണ്‍' അവശേഷിപ്പിക്കുന്നു.

7 comments:

T Suresh Babu said...

സ്‌പെല്ലിങ്‌ ബീ മത്സരത്തിലൂടെ ഒരു കുടംബത്തിലെ സംഘര്‍ഷങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്‌ സീസണ്‍ ബീ. റിയാലിറ്റി മത്സരങ്ങള്‍ സജീവമായ ഇക്കാലത്ത്‌ പ്രസക്തിയേറുന്ന കാഴ്‌ചകളാണ്‌ ഇതില്‍

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വിവരണം. ചിത്രം കാണുന്ന പ്രതീതി ജനിപ്പിക്കാന്‍ സഹായിച്ചു. നന്ദി.
ഇനിയും കൂടുതല്‍ സിനിമ അവലോകനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sethunath UN said...

വ‌ള‌രെ ന‌ന്നായി അവ‌ലോക‌നം.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

കണ്ണൂരാന്‍ - KANNURAN said...

തികച്ചും കാലിക പ്രാധാന്യമുള്ള സിനിമ തന്നെയിത്.. പരിചയപ്പെടുത്തിയതിനു നന്ദി...കമന്റില്‍ വേഡ് വെരിഫിക്കേഷന്‍ ആവശ്യമുണ്ടോ??

ഇട്ടിമാളു അഗ്നിമിത്ര said...

സിനിമ കണ്ട പോലെ...

Murali K Menon said...

വായന വളരെ രസിച്ചു. അഭിനന്ദനങ്ങള്‍