Sunday, November 25, 2007

നിസ്സഹായതയുടെ വിലാപം


സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല നടന്നത്‌ റുവാണ്ടയിലാണ്‌. 1994-ലായിരുന്നു അത്‌. മൂന്നു മാസത്തിനുള്ളില്‍ എട്ടുലക്ഷംപേരാണ്‌ (പത്തുലക്ഷമാണെന്നും അഭിപ്രായമുണ്ട്‌) കൊലചെയ്യപ്പെട്ടത്‌. `ആയിരം കുന്നുകളുടെ നാട്‌' എന്നറിയപ്പെടുന്ന ഈ പൂര്‍വ്വമധ്യാഫ്രിക്കന്‍ രാജ്യത്തിന്‍െറ ആകെ ജനസംഖ്യ 90 ലക്ഷമാണ്‌. ഹുടു, ടുട്‌സി വംശങ്ങള്‍ തമ്മിലുള്ള കലാപമാണ്‌ കൂട്ടക്കുരുതിയിലേക്ക്‌ നയിച്ചത്‌. ഈ സംഭവത്തെ ആധാരമാക്കി ഐറിഷുകാരനായ ടെറി ജോര്‍ജ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഹോട്ടല്‍ റുവാണ്ട'. `ആഫ്രിക്കന്‍ ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' എന്നറിയപ്പെടുന്ന ഈ സിനിമ 2004 ല്‍ മൂന്ന്‌ ഓസ്‌കര്‍ നോമിനേഷന്‍ (മികച്ച നടന്‍, സഹനടി, ഒറിജിനല്‍ തിരക്കഥ) നേടുകയുണ്ടായി.

വംശമഹിമയെക്കുറിച്ചോര്‍ക്കാതെ, മനുഷ്യന്‍െറ വേദനയെക്കുറിച്ചുമാത്രം ചിന്തിച്ച പോള്‍ റൂസസ്‌ബഗീന എന്ന ഹോട്ടല്‍ മാനേജരുടെ കഥയാണിത്‌.

വംശമാഹാത്മ്യം നടിച്ച്‌ പോരടിച്ച്‌ ഒടുങ്ങിയ വലിയൊരു ജനസഞ്ചയത്തില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്ന ഒരാളുടെ കഥ. അടുത്തതലമുറയുടെ വരവിനെ തടയാന്‍ കുട്ടികളെ അന്ന്‌ കൂട്ടത്തോടെ റുവാണ്ടയില്‍ കശാപ്പ്‌ ചെയ്‌തു. അപമാനിതരാക്കപ്പെട്ട അമ്മമാരുടെ വിലാപങ്ങള്‍ പുറത്തുകേള്‍പ്പിക്കാതെ കൊലക്കത്തികള്‍ നിശ്ശബ്ദമാക്കി. ഈ സിനിമ കാണുമ്പോള്‍, നിസ്സഹായതയുടെ ഒരു നിലവിളി പുറത്തേക്കുവരാതെ നമ്മുടെയുള്ളില്‍ അമര്‍ന്നൊടുങ്ങും.

കലാപത്തില്‍ കൊന്നൊടുക്കിയ മനുഷ്യരുടെ ദൃശ്യങ്ങള്‍ ഈ സിനിമയുടെ ഫ്രെയിമില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ല. കലാപത്തെ അതിജീവിച്ച നിരാലംബരുടെ ശപ്‌ത ജീവിതമാണ്‌ ക്യാമറ നമ്മളെ കാണിച്ചുതരുന്നത്‌. ഉറ്റവരും ഉടയവരും നിസ്വജീവിതത്തിലെ തുച്ഛസമ്പാദ്യവും നഷ്‌ടപ്പെട്ട പാവങ്ങള്‍. തിരിച്ചുകിട്ടിയ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ സഹിക്കുന്ന ത്യാഗങ്ങള്‍. ജീവിക്കുന്ന ഓരോനിമിഷത്തിനും അവര്‍ നന്ദിപറയുകയാണ്‌. പോളിനെപ്പോലുള്ളവരുടെ ദയകൊണ്ട്‌ അനുവദിച്ചുകിട്ടിയ ജീവിതം ഒടുവില്‍ മറ്റൊരു രാജ്യത്തേക്ക്‌ പറിച്ചുനടുകയാണവര്‍. സ്വന്തം മണ്ണില്‍ നിന്നകലെ, മുഖം നഷ്‌ടപ്പെട്ട അഭയാര്‍ഥിസംഘങ്ങളായി മാറുകയാണവര്‍.

യഥാര്‍ഥ സംഭവത്തില്‍ നിന്നാണ്‌ ഈ സിനിമയുടെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. കുടുംബസേ്‌നഹത്തിനപ്പുറത്തേക്ക്‌ സേ്‌നഹത്തിന്‍െറ പാത തുറക്കുന്ന പോള്‍ റൂസസ്‌ബഗീനയുടെ സമര്‍പ്പണ ബോധമാണ്‌ ഇതിവൃത്തത്തിന്‍െറ കേന്ദ്രബിന്ദു. തന്നെ വിശ്വസിച്ച്‌ തന്‍െറഹോട്ടലില്‍ അഭയംതേടിയ ഒറ്റക്കുഞ്ഞിനെപ്പോലും പോള്‍ കൈവിടുന്നില്ല. ഹോട്ടല്‍ നടത്തിപ്പിലൂടെ നേടിയെടുത്ത സ്വാധീനം ഓരോ പ്രതിസന്ധിയിലും പോള്‍ മറ്റുള്ളവര്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഹുടു, ടുട്‌സി വിഭാഗങ്ങളില്‍പ്പെട്ട ആയിരത്തോളം പേരെയാണ്‌ അയാള്‍ മരണമുഖത്തുനിന്ന്‌ തിരിച്ചുപിടിച്ചത്‌. ഇതിനയാള്‍ സേ്‌നഹവും കൗശലവും പ്രലോഭനങ്ങളും കെട്ടുകഥകളും ഭീഷണിയും വരെ പ്രയോഗിക്കുന്നുണ്ട്‌. കൈക്കൂലിയും മദ്യവും കൊടുത്ത്‌ സൈനികരെ പാട്ടിലാക്കാനും അമേരിക്കന്‍ ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകള്‍ സൈനികമേധാവികളെ നിരീക്ഷിക്കുന്നുണ്ടെന്ന്‌ തട്ടിവിടാനും പോള്‍ മടിയ്‌ക്കുന്നില്ല. യു.എന്‍.ദൗത്യസേനയുടെയും റെഡ്‌ക്രോസിന്‍െറയും സഹായമാണ്‌ പോളിന്‍െറ ശക്തി. അവരും നിസ്സഹായരായിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമാര്‍ഗം കണ്ടെത്തി അഭയാര്‍ഥികളുടെ ആയുസ്സ്‌ നീട്ടിയെടുക്കുന്നത്‌ പോളാണ്‌.

റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയാണ്‌ ഈ സിനിമയുടെ പശ്ചാത്തലം. അവിടുത്തെ ചതുര്‍ നക്ഷത്ര ഹോട്ടലാണ്‌ ഡി.മില്ലെ കോളിന്‍സ്‌. ബല്‍ജിയം കാരാണ്‌ ഇതിന്‍െറ ഉടമകള്‍ (റുവാണ്ട 1962 വരെ ബല്‍ജിയം കോളനിയായിരുന്നു). പോള്‍ റൂസസ്‌ ബഗീന ഹോട്ടല്‍ മാനേജരാണ്‌. ഹുടുവംശജനാണ്‌ പോള്‍. അതായത്‌, റുവാണ്ടയിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തില്‍പ്പെട്ടയാള്‍. (ടുട്‌സി വംശജര്‍ എവിടെനിന്നോ വന്നുപെറ്റുപെരുകിയ പാറ്റകളാണെന്നാണ്‌ ഹുടുവംശജരുടെ ആരോപണം. `ടുട്‌സികള്‍ കൈയേറ്റക്കാരാണ്‌. അവര്‍ റുവാണ്ടയുടെ ഭൂമി കവര്‍ന്നെടുത്ത്‌ അധികാരമുറപ്പിച്ചു. ബല്‍ജിയന്‍ കോളനി വാഴ്‌ചയ്‌ക്ക്‌ ഒത്താശ ചെയ്‌തു കൊടുത്തു. ഈ ശല്യക്കാരെ റുവാണ്ടന്‍ മണ്ണില്‍ നിന്ന്‌ തുരത്തുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം -അവര്‍ പറയുന്നു. ബല്‍ജിയംകാര്‍ രാജ്യം വിട്ടിട്ടും റുവാണ്ടയില്‍ അശാന്തി നിലനിന്നു. ഹുടുവംശജനായ പ്രസിഡന്‍റ്‌ 1994 ഏപ്രില്‍ ആറിന്‌ വധിക്കപ്പെട്ടു. തുടര്‍ന്ന്‌ മൂന്നുമാസം നിലനിന്ന ആഭ്യന്തരയുദ്ധമാണ്‌ ജനലക്ഷങ്ങളുടെ (ഇതില്‍ ബഹുഭൂരിഭാഗവും ടുട്‌സികളാണ്‌) ജീവനപഹരിച്ചത്‌.

പോളിന്‍െറ ഭാര്യ തത്‌സിയാന ടുട്‌സി വംശജയാണ്‌. നഴ്‌സായ തത്‌സിയാനയെ പ്രേമിച്ച്‌ വിവാഹം കഴിച്ചതാണ്‌. പോളിന്‍െറ വിശ്വസ്‌തനായ ഡ്രൈവര്‍ ദുബെയും ടുട്‌സിയാണ്‌. ദുബെയുമൊത്ത്‌ ജോര്‍ജ്‌ റുറ്റഗന്‍ഡയെ കാണാന്‍ പോവുകയാണ്‌ പോള്‍. ഹുടുവംശജരുടെ നേതാവാണ്‌ ജോര്‍ജ്‌. രാഷ്ട്രീയത്തോടൊപ്പം ഇയാള്‍ക്ക്‌ ബിസിനസ്സുമുണ്ട്‌. കലാപകാരികള്‍ക്കുവേണ്ടി കത്തികള്‍ പോലും അയാള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ആഭ്യന്തരകലാപം കാരണം സാധനങ്ങള്‍ക്കൊക്കെ ക്ഷാമം നേരിടുകയാണ്‌. ഹോട്ടലിലേക്ക്‌ ബിയര്‍ വാങ്ങാനാണ്‌ പോള്‍ പോകുന്നത്‌. ജോര്‍ജിനെ സന്തോഷിപ്പിച്ചു നിര്‍ത്തിയാലേ ആവശ്യത്തിനുള്ള ബിയര്‍ കിട്ടുകയുള്ളൂ. ക്യൂബന്‍ ചുരുട്ട്‌ ജോര്‍ജിന്‍െറ ദൗര്‍ബല്യമാണ്‌. ഇതറിയാവുന്ന പോള്‍ പ്രശസ്‌തമായ കൊഹിബ ചുരുട്ടാണ്‌ അയാള്‍ക്കുവേണ്ടി കരുതിയിരിക്കുന്നത്‌. അന്ന്‌ കിഗാലിയില്‍ ഹുടു വിഭാഗക്കാരുടെ റാലി നടക്കുകയാണ്‌. അതില്‍ പങ്കുചേരാന്‍ പോളിനെ ജോര്‍ജ്‌ ക്ഷണിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരവും പണവും കൊണ്ടുവരും എന്നുപറഞ്ഞ്‌ അയാള്‍ പോളിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നു. വെറുപ്പിന്‍െറ രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തയാളാണ്‌ പോള്‍. അയാള്‍ അധ്വാനത്തിലും മനുഷ്യനന്മയിലും വിശ്വസിക്കുന്നു. പോളിന്‍െറ പെരുമാറ്റത്തിലെ സൗമ്യതയും വാക്കുകളിലെ ആര്‍ദ്രതയും ഹോട്ടല്‍ മാനേജരെന്ന നിലയില്‍ മിനുക്കിയെടുത്തതല്ല. അയാള്‍ ജോര്‍ജിന്‍െറ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിക്കുന്നു. ജോര്‍ജിന്‍െറ പെരുമാറ്റവും നഗരത്തിലെ അക്രമാസക്തമായ റാലിയുമൊക്കെ ആപത്‌സൂചനകളാണെന്ന്‌ പോളിനു മനസ്സിലാകുന്നു. എങ്കിലും രാജ്യത്ത്‌ സമാധാനക്കരാര്‍ ഒപ്പിട്ടതിലും യു.എന്‍. സമാധാനസേനയുടെ സാന്നിധ്യത്തിലും അയാള്‍ക്ക്‌ പ്രതീക്ഷയുണ്ട്‌. പക്ഷേ, അത്‌ അസ്ഥാനത്തായിരുന്നു. റുവാണ്ട പ്രസിഡന്‍റ്‌ വധിക്കപ്പെട്ടതായി വാര്‍ത്ത പരക്കുന്നു. നഗരത്തിലെങ്ങും വെടിയൊച്ച മുഴങ്ങുന്നു.

ഹുടു കലാപകാരികള്‍ക്കൊപ്പം സൈന്യവും അക്രമത്തിനിറങ്ങിയിട്ടുണ്ട്‌. നരവേട്ടയും കൊള്ളയുമാണെങ്ങും. അക്രമത്തിന്‍െറ മുന്‍പന്തിയില്‍ പട്ടാളക്കാരാണ്‌. കിട്ടുന്നതെന്തും അവര്‍ കൊള്ളയടിക്കും. കുടുംബാംഗങ്ങളുടെയും ഏതാനും അയല്‍വാസികളുടെയും ജീവന്‌ വന്‍സംഖ്യയാണ്‌ പോള്‍ പട്ടാളക്കാര്‍ക്ക്‌ കൈക്കൂലിയായി നല്‍കുന്നത്‌. ഒട്ടേറെ വിദേശടൂറിസ്റ്റുകളുമുണ്ട്‌ ഹോട്ടലില്‍. ഇവരുടെയൊക്കെ സുരക്ഷാചുമതലയും നോക്കണം. റെഡ്‌ക്രോസ്‌ പ്രവര്‍ത്തകയായ മാഡം ആര്‍ചര്‍ എന്ന വിദേശവനിത കലാപത്തിനിടയില്‍നിന്നു രക്ഷിച്ചെടുത്ത കുറേ കുട്ടികളുമായി ഹോട്ടലിലെത്തുന്നു. അവരെയും പോള്‍ ഏറ്റെടുക്കുന്നു.
രണ്ട്‌ വിദേശ ടി.വി.ജര്‍ണലിസ്റ്റുകള്‍ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ഫൂട്ടേജുകള്‍ പോളിനെ കാണിക്കുന്നു. സ്വന്തം രാജ്യത്തു നടക്കുന്ന കൊടുംക്രൂരതകള്‍ അയാളെ നടുക്കുന്നു. എങ്കിലും, ലോകമിതറിയട്ടെ. ആ ദൃശ്യങ്ങള്‍ ടി.വി.യില്‍ കാണിക്കണമെന്ന്‌ അയാള്‍ അഭ്യര്‍ഥിക്കുന്നു. അങ്ങനെയെങ്കിലും റുവാണ്ടയിലെ നരമേധം ലോകമറിയട്ടെ. കരുണയുള്ളവരുടെ മനഃസാക്ഷി ഈ കശാപ്പിനെതിരെ ഉയരുമെന്ന്‌ അയാള്‍ പ്രത്യാശിക്കുന്നു.

അഭയാര്‍ഥികള്‍ കൂട്ടത്തോടെ ഹോട്ടലിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. യു.എന്‍. സമാധാനസേനാ കമാന്‍ഡറായ കേണല്‍ ഒളിവര്‍ റുവാണ്ടക്കാരെ സഹായിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്‌. പക്ഷേ, വിരലിലെണ്ണാവുന്ന യു.എന്‍. സൈനികരേ കിഗാലിയിലുള്ളൂ. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതിനു പരിമിതിയുണ്ട്‌. വംശവൈരം മറന്നുള്ള പോളിന്‍െറ സേവനമനഃസ്ഥിതി കാണുമ്പോള്‍ ഒളിവറിന്‌ അയാളോട്‌ സേ്‌നഹവും ബഹുമാനവുമുണ്ട്‌.
ഒപ്പം, തനിക്കൊന്നും കാര്യമായി ചെയ്യാന്‍ പറ്റാത്തതില്‍ ജാള്യവുമുണ്ട്‌. കലാപത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതില്‍ ഫ്രഞ്ച്‌ സൈനികര്‍ കാട്ടുന്ന ഇരട്ടത്താപ്പില്‍ ഒളിവര്‍ ക്ഷുഭിതനാണ്‌. തൊലിവെളുപ്പില്ലാത്ത ആഫ്രിക്കക്കാരെ അവര്‍ക്കൊന്നും വേണ്ടെന്ന്‌ അയാള്‍ തുറന്നടിക്കുന്നു. അവരെയൊന്നും മനുഷ്യരായി ഫ്രഞ്ചുകാര്‍ പരിഗണിച്ചിട്ടില്ല.

ഹോട്ടലിലെ വിദേശികളെയെല്ലാം ഇതിനിടെ സുരക്ഷിതമായി ഒഴിപ്പിക്കുന്നു. റുവാണ്ടക്കാര്‍ മാത്രമാണിപ്പോള്‍ ബാക്കി. ഹോട്ടല്‍ സ്റ്റാഫായ നൂറുപേരും എണ്ണൂറോളം നാട്ടുകാരും. കലാപകാരികളെ മാത്രമല്ല, പോളിനിപ്പോള്‍ പേടി. സൈന്യവും അപകടകാരികളാണ്‌. സൈന്യം എത്തി അഭയാര്‍ഥികളെയെല്ലാം ഇറക്കിവിടാനാവശ്യപ്പെടുന്നു. സൈനികമേധാവിയോട്‌ യാചിച്ചുവാങ്ങിയ പത്തു മിനിറ്റ്‌ പോള്‍ പ്രയോജനപ്പെടുത്തുന്നു. ബല്‍ജിയത്തിലുള്ള ഹോട്ടലുടമയെ ഫോണില്‍വിളിച്ച്‌ ഉടനടി പ്രശ്‌നത്തിലിടപെടണമെന്നഭ്യര്‍ഥിക്കുന്നു. അതു ഫലിച്ചു. ഇരകള്‍ നഷ്‌ടപ്പെട്ടതിലെ രോഷം ഉള്ളിലൊതുക്കി സൈന്യം മടങ്ങിപ്പോകുന്നു. പട്ടാളക്കാര്‍ ഇനിയും വരും. എവിടെ നിന്നും സഹായം കിട്ടാനില്ല. ഹോട്ടലിലാണെങ്കില്‍ കരുതിവെച്ച ഭക്ഷ്യവസ്‌തുക്കളൊക്കെ തീരാറായി. വാനുമെടുത്ത്‌ രാത്രി പോള്‍ ജോര്‍ജിന്‍െറ താവളത്തിലെത്തുന്നു. നഗരം കത്തുകയാണ്‌. ജോര്‍ജിന്‍െറ താവളം പീഡനക്യാമ്പായി മാറ്റിയിരുന്നു. ടുട്‌സി വനിതകളെപ്പോലും പുലഭ്യം പറഞ്ഞ്‌ പീഡിപ്പിക്കുന്നത്‌ പോള്‍ കണ്ടു. സാധനങ്ങള്‍ക്കൊക്കെ ഇരട്ടി വിലയായിട്ടുണ്ട്‌. കലാപകാരികള്‍ അടുത്തുതന്നെ ഹോട്ടല്‍ കൈയടക്കുമെന്ന്‌ ജോര്‍ജ്‌ സൂചന നല്‍കുന്നു.

തിരിച്ചു പോകവെ, ഹൃദയം നിശ്ചലമാക്കുന്ന കാഴ്‌ചയാണ്‌ പോള്‍ കണ്ടത്‌. വിക്ടോറിയ തടാകത്തിലും കരയിലുമായി ജഡങ്ങളുടെ കൂമ്പാരം (40,000 പേരെയാണ്‌ ഇവിടെ കൊന്നിട്ടിരുന്നത്‌). ഇനി ഒട്ടും പ്രതീക്ഷ വേണ്ടെന്ന്‌ പോളിനു മനസ്സിലാകുന്നു. ഭാര്യയുമായി അയാളിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്‌ അന്ത്യനിമിഷങ്ങളെക്കുറിച്ചാണ്‌. താനും ഭാര്യയും മരിച്ചു വീഴുന്നത്‌ നാല്‌ മക്കളും കാണരുതേ എന്നു മാത്രമായിരുന്നു പോളിന്‍െറ പ്രാര്‍ഥന. മരണം വിളിപ്പാടകലെ എത്തിയിരിക്കുന്നു. ആരും രക്ഷിക്കാനില്ല.

കേണല്‍ ഒളിവറിന്‍െറ ശ്രമഫലമായി കുറച്ചു പേരെ രക്ഷിക്കാന്‍ നടപടികളുണ്ടായി. ആദ്യവിമാനത്തില്‍ത്തന്നെ രാജ്യത്തിനു പുറത്തു കടക്കാന്‍ പോളിനും കുടുംബത്തിനും നറുക്കുവീണു. ഭാര്യയെയും മക്കളെയും ട്രക്കില്‍ കയറ്റിവിട്ട്‌ പോള്‍ തിരിച്ച്‌ ഹോട്ടലില്‍ത്തന്നെയെത്തുന്നു. ബാക്കിയുള്ള അഭയാര്‍ഥികളെ മരണത്തിന്‌ എറിഞ്ഞു കൊടുക്കാന്‍ അയാള്‍ക്ക്‌ മനസ്സുവന്നില്ല. ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ ഹുടു റേഡിയോ അലറുന്നുണ്ടായിരുന്നു. ``പാറ്റകളെ സംരക്ഷിക്കുന്നവരും കുറ്റവാളികളാണ്‌. എല്ലാവരും ഒരുപോലെ. അവരുടെ വിധിയും ഒരുപോലെ. ശവക്കുഴികള്‍ ഇനിയും നിറയാനുണ്ട്‌.''
വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട അഭയാര്‍ഥി സംഘത്തെ കലാപകാരികള്‍ തടയുന്നു. ഹോട്ടലിലെ സ്റ്റാഫിലൊരാള്‍ ഒറ്റുകൊടുത്തതിനാലാണ്‌ അവരെ അക്രമികള്‍ തടഞ്ഞത്‌. കലാപകാരികളുടെ മര്‍ദനമേറ്റ്‌ ഹതാശരായി അവര്‍ വീണ്ടും ഹോട്ടലിലെത്തുന്നു. അന്നുരാത്രി ഹുടു കലാപകാരികള്‍ ഹോട്ടലിനു നേരെ റോക്കറ്റാക്രമണം നടത്തുന്നു. പലര്‍ക്കും പരിക്കേറ്റു. ഒടുവില്‍ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ നടപടിയെടുക്കും എന്നു സൈനിക മേധാവിയെ ഭീഷണിപ്പെടുത്തിയാണ്‌ പോള്‍ എല്ലാവരുടെയും മോചനം സാധ്യമാക്കുന്നത്‌.

പരസ്‌പരമുള്ള വെറുപ്പ്‌. അതില്‍ നിന്നുണ്ടാകുന്ന ഭ്രാന്തമായ പ്രതികാരം. റുവാണ്ടയില്‍ സംഭവിച്ചത്‌ ഇതാണെന്ന്‌ പോള്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യം വന്നവരും പിന്നാലെ വന്നവരും അവരവരുടെ സംസ്‌കാരങ്ങളെ അടിച്ചേല്‌പിക്കാന്‍ മുതിര്‍ന്നപ്പോഴാണ്‌ റുവാണ്ട ചോരക്കളമായതെന്ന്‌ പോള്‍ വിശ്വസിക്കുന്നു. നിയമമില്ലാത്ത നാട്ടില്‍ എന്തു നേടാനും കൈക്കൂലിയാണ്‌ ശരണം. ഈ സൂത്രവാക്യം നന്നായി മനസിലാക്കിയിട്ടുണ്ട്‌ പോള്‍. സിനിമയുടെ തുടക്കത്തില്‍ത്തന്നെ രാജ്യത്തിന്‍െറ ഈയവസ്ഥ വെളിപ്പെടുന്നുണ്ട്‌. ഒരു രാജ്യത്തെ ഒരു ഹോട്ടലിലേക്ക്‌ ചുരുക്കിക്കൊണ്ടുവരികയാണ്‌ സംവിധായകന്‍ ചെയ്യുന്നത്‌. റുവാണ്ടയുടെ തന്നെ പ്രതീകമാണ്‌ പോളിന്‍െറ ഹോട്ടല്‍. അവിടെ അരങ്ങേറുന്ന സംഭവങ്ങളെല്ലാം രാജ്യത്ത്‌ നടക്കുന്ന ക്രമരാഹിത്യത്തിന്‍െറ വ്യക്തമായ ചിത്രം നല്‍കുന്നു.
മരണം തൊട്ടകലെ നില്‍ക്കുമ്പോഴും അതറിയാതെ കളിയില്‍ മുഴുകുന്ന കൊച്ചുകുട്ടികള്‍. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട്‌ ഒന്നു പൊട്ടിക്കരയാന്‍ പോലുമാവാതെ വിമ്മിട്ടപ്പെടുന്ന പോള്‍. അനാഥാലയത്തിലെ പെണ്‍കുട്ടികളെ കണ്‍മുന്നിലിട്ട്‌ വെട്ടിനുറുക്കുന്നതു കാണേണ്ടിവന്ന റെഡ്‌ക്രോസ്‌ പ്രവര്‍ത്തക. മരണത്തിനു മുന്നിലും തൊലിയുടെ നിറം നോക്കുന്ന പക്ഷപാതികളായ സൈനികര്‍. ഇത്തരം ദൃശ്യങ്ങള്‍ നമ്മെ വല്ലാതെ അസ്വസ്ഥരാക്കും. ഇവയൊന്നും കെട്ടുകഥയല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞെട്ടിത്തെറിച്ചുപോകും.
സ്റ്റീവന്‍ സ്‌പില്‍ബര്‍ഗിന്‍െറ `ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' എന്ന ചിത്രവുമായി ഹോട്ടല്‍ റുവാണ്ടയ്‌ക്ക്‌ സാമ്യമുണ്ട്‌. ആയിരത്തിലധികം പോളിഷ്‌ ജൂതന്മാരെ കൂട്ടക്കൊലയില്‍ നിന്നു രക്ഷിച്ച ജര്‍മന്‍ ബിസിനസ്സുകാരന്‍ ഓസ്‌കര്‍ ഷിന്‍റ്‌ലറുടെ കഥയാണ്‌ `ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌'.
റുവാണ്ട കൂട്ടക്കൊല പ്രമേയമാക്കി വേറെയും ചില ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. മൈക്കല്‍ കാറ്റന്‍ ജോണ്‍സ്‌ സംവിധാനം ചെയ്‌ത `ഷൂട്ടിങ്‌ ഡോഗ്‌സ്‌', റോള്‍ പെക്‌ സംവിധാനം ചെയ്‌ത `സംടൈംസ്‌ ഇന്‍ ഏപ്രില്‍' എന്നീ സിനിമകളാണ്‌ കൂട്ടത്തില്‍ ശ്രദ്ധേയം.

2 comments:

T Suresh Babu said...

ഐറിഷുകാരനായ ടെറി ജോര്‍ജ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഹോട്ടല്‍ റുവാണ്ട'. `ആഫ്രിക്കന്‍ ഷിന്‍റ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' എന്നറിയപ്പെടുന്ന ഈ സിനിമ 2004 ല്‍ മൂന്ന്‌ ഓസ്‌കര്‍ നോമിനേഷന്‍ (മികച്ച നടന്‍, സഹനടി, ഒറിജിനല്‍ തിരക്കഥ) നേടുകയുണ്ടായി.

Roby said...

ഈ ബ്ലോഗ് ഇന്നാണു കാണുന്നത്. നന്നായിരിക്കുന്നു.
ഈ സിനിമയും എനിക്കു വളരെ ഇഷ്‌ടപ്പെട്ട ഒന്നാണ്‌.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണോ ജോലി ചെയ്യുന്നത്? ഡോണിനെ അറിയാമോ.

ഗോവയില്‍ പോയിരുന്നോ...?