പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ 


മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്‍കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്. 

കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്‌നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്. 

പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു. 

ഒസാക്കയിലെ ഫോട്ടോഗ്രഫി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്. 

1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര്‍ പുരസ്‌കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്‌കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '.


അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര്‍ ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്‍ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്. 


രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്‍. കെയ്‌തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്‌തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്‌തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന്‍ കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്‍. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്‍. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല.

തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്‌തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്‌തോ ഒറ്റക്കാണ്. കടലിനെ കെയ്‌തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്‌നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്‌തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന്‍ പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്‌തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം. 

ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന്‍ എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്‌തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്‌തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു. അയാള്‍ സ്‌നേഹത്തോടെ അവനെ സ്വീകരിക്കുന്നു. ഇരുവരും എന്തിനാണ് അകന്നത് എന്ന അവന്റെ ചോദ്യത്തിന് അച്ഛന്‍ കൃത്യമായ മറുപടി പറയുന്നില്ല.' 

അമ്മയെ എപ്പോഴും സംരക്ഷിക്കണം ' എന്ന നിര്‍ദേശത്തോടെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചാണ് അവനെ അയാള്‍ യാത്രയാക്കുന്നത്. കെയ്‌തോയുമായുള്ള ബന്ധത്തിന് ക്യോക്കോയുടെ അച്ഛനുമമ്മയും അംഗീകാരം നല്‍കുന്നു. നൃത്തവും പാട്ടും മേളിച്ച ഒരു രാത്രി ക്യോക്കോയുടെ അമ്മ തന്നെ വിളിച്ച ദൈവത്തിന്റെ അടുത്തേക്ക് മടങ്ങിപ്പോകുന്നു. അപഥസഞ്ചാരിണിയാണെങ്കിലും അമ്മയെ നഷ്ടപ്പെടുന്ന കാര്യം കെയ്‌തോവിന് ഓര്‍ക്കാന്‍ വയ്യ. എല്ലാ വെറുപ്പും മാറ്റിവെച്ച് അമ്മയുടെ ആശ്വാസത്തണലിലേക്ക് അവന്‍ തിരിച്ചുചെല്ലുന്നു. അതോടൊപ്പം, ക്യോക്കോയുടെ മോഹങ്ങളും അവന് തള്ളിക്കളയാനാവുന്നില്ല. നീലസമുദ്രത്തില്‍ നഗ്നരായി , പരസ്പരം കൈകോര്‍ത്ത് നീന്തിക്കളിക്കുന്ന കെയ്‌തോവിനെയും ക്യോക്കോയെയും കാണിച്ച് സിനിമ അവസാനിക്കുന്നു. 

വളരെക്കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുള്ളു. കടല്‍ത്തീരത്ത് കാണുന്ന വൃദ്ധന്‍, കെയ്‌തോ, ക്യോക്കോ, അവരുടെ അച്ഛനമ്മമാര്‍ എന്നിവരെ മാത്രം കേന്ദ്രീകരിച്ചാണ് സംവിധായിക തന്റെ ആശയലോകം തുറന്നിടുന്നത്. പാരമ്പര്യവാദത്തോടൊപ്പം നില്‍ക്കുമ്പോഴും പുതുതലമുറയുടെ ആശയാഭിലാഷങ്ങളെ തള്ളിപ്പറയുന്നില്ല അവര്‍. ചെറുപ്പക്കാര്‍ ഒരിക്കലും ഭീരുക്കളാകരുതെന്ന് പറയുന്ന ആ വൃദ്ധന്‍ സംവിധായികയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്തു ചെയ്യണമെന്നു തോന്നുന്നുവോ അതങ്ങ് ചെയ്യുക, എന്തു പറയണമെന്നു തോന്നുന്നുവോ അതങ്ങ് ഉറക്കെ വിളിച്ചുപറയുക- കെയ്‌തോവിനും ക്യോക്കോയ്ക്കും വൃദ്ധന്‍ നല്‍കുന്ന ഉപദേശമാണിത്. ദൈവകൃപയുള്ളതിനാല്‍ ക്യോക്കോയുടെ അമ്മ മരിക്കില്ലെന്ന വിശ്വാസത്തെ അയാള്‍ ചോദ്യം ചെയ്യുന്നുണ്ട്. ദൈവകൃപയുള്ളവര്‍ മാത്രമല്ല ദൈവം പോലും മരിക്കുമെന്നാണ് അയാള്‍ ഉറപ്പിച്ചു പറയുന്നത്. ടോക്കിയോവില്‍ വേരുറപ്പിച്ച കെയ്‌തോയുടെ അച്ഛന്‍ എന്തുകൊണ്ടാണ് താന്‍ ഗ്രാമത്തിലേക്ക് മടങ്ങാത്തത് എന്നതിന് കൃത്യമായ കാരണം നിരത്തുന്നുണ്ട്. മറ്റെവിടെയും കിട്ടാത്ത ഊര്‍ജം തനിക്കീ നഗരം നല്‍കുന്നുണ്ടെന്ന് അയാള്‍ അവകാശപ്പെടുന്നു. ടോക്കിയോവില്‍ മാത്രം കാണുന്ന ഒരുതരം ഊഷ്മളത. തന്റെ ആത്മാവിഷ്‌കാരത്തിന് അത് ഉത്തേജനം പകരുന്നു. ആ നഗരം അയാളെ ഇടയ്ക്കിടെ പുതുക്കിപ്പണിയുന്നുണ്ടാവണം. പിന്നെന്തിന് അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങണം? 


വ്യത്യസ്ത ജീവിതശൈലി പിന്തുടരുന്ന രണ്ട് അമ്മമാരാണ് ഈ ചിത്രത്തിലുള്ളത്. ക്യോക്കോയുടെ അമ്മ ഇസ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നു. ആത്മീയവാദിയായ അവര്‍ക്ക് ജീവിതം ശുഭചിന്തകളേ നല്‍കുന്നുള്ളു. തന്റെ മകളിലൂടെ പുതുതലമുറയെ സ്വപ്‌നം കണ്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുന്നത്. കെയ്‌തോയുടെ അമ്മ മിസാക്കി ക്യോക്കോയുടെ അമ്മ ഇസയുടെ നേരെ എതിര്‍ദിശയിലാണ് ജീവിതത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആത്മീയതയും സദാചാരചിന്തയുമൊന്നും അവരെ വേവലാതിപ്പെടുത്തുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. 


തന്റെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകളെ സംവിധായിക ഈ ചിത്രത്തിലും സൗമ്യമായി തലോടുന്നുണ്ട്. കടല്‍ത്തീരത്തൂടെ നടന്നുവരുന്ന ക്യോക്കോയെ മുത്തശ്ശിയുമായി വൃദ്ധന്‍ താരതമ്യപ്പെടുത്തുന്ന രംഗം ഓര്‍ക്കുക. ക്യോക്കോയുടെ അത്ര പൊക്കമുണ്ടായിരുന്ന മുത്തശ്ശി ക്യോക്കോയെപ്പോലെ സുന്ദരിയുമായിരുന്നു എന്നയാള്‍ പറയുന്നുണ്ട്. ക്യോക്കോയുടെ വീട്ടുമുറ്റത്തെ ആല്‍മരം തലമുറകളുടെ ദൃക്‌സാക്ഷിയായി നിലകൊള്ളുന്നു. അതിന് നാനൂറോ അഞ്ഞൂറോ വര്‍ഷം പഴക്കമുണ്ടെന്നാണ് അച്ഛന്‍ അവളെ ഓര്‍മിപ്പിക്കുന്നത്. 


കടലിന്റെ മുരള്‍ച്ചയും കാറ്റിന്റെ നിശ്വാസവും സിനിമയിലുടനീളം നമ്മളോടൊപ്പമുണ്ട്. നമ്മുടെ കണ്ണിന്റെ സുഖത്തിനുവേണ്ടി ക്യാമറ സൃഷ്ടിച്ചെടുക്കുന്നതല്ല ഇതിലെ പ്രകൃതിദൃശ്യങ്ങള്‍. കടലിന്റെ വിവിധ ഭാവങ്ങളെ, മരങ്ങളിലെ ചടുലമായ ഇലയനക്കങ്ങളെ മനുഷ്യരുടെ വേവലാതികളും സന്തോഷങ്ങളും സന്താപങ്ങളുമായി സാമ്യപ്പെടുത്തുകയാണ് ക്യാമറ ചെയ്യുന്നത്. കാറ്റും കടലും മരങ്ങളും വിട്ട് ക്യാമറ ഒരൊറ്റത്തവണയാണ് നഗരക്കാഴ്ചകള്‍ക്കായി പോയത്. കെയ്‌തോയോടൊപ്പം അച്ഛനെക്കാണാന്‍ ടോക്കിയോവിലേക്കായിരുന്നു ആ ആഘോഷയാത്ര. തിരക്കുപിടിച്ച നഗരജീവിതത്തില്‍ നിന്ന് ക്യാമറ വളരെപ്പെട്ടെന്ന് ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു. 

tsureshbabumbi@gmail.com