യുദ്ധാനന്തരം
ബോസ്‌നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന നാല്‍പ്പത്തിയാറുകാരന് ബോസ്‌നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്‌നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്‍ക്കാലത്ത് ബോസ്‌നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാ
ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( An episode in the life of an iron picker ) എന്ന സിനിമ യുദ്ധാനന്തര ബോസ്‌നിയയിലെ ദുരിതജീവിതങ്ങളെ രേഖപ്പെടുത്തുന്നു
ബോസ്‌നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന നാല്‍പ്പത്തിയാറുകാരന് ബോസ്‌നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്‌നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്‍ക്കാലത്ത് ബോസ്‌നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാതമേല്‍പ്പിച്ച സ്വന്തം ജനതയെയും കേന്ദ്രീകരിച്ച് കരുത്തുറ്റ മൂന്നു സൃഷ്ടികള്‍ തനോവിക്ക്് ലോകസിനിമക്ക്് സംഭാവന ചെയ്തിട്ടുണ്ട്. നോ മാന്‍സ് ലാന്‍ഡ് (2002 ), ബാഗേജ് (2011 ), ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ (2013) എന്നീ ചിത്രങ്ങളില്‍ യുദ്ധവും യുദ്ധാനന്തര അതിജീവനവുമാണ് അദ്ദേഹം വിഷയമാക്കിയിരിക്കുന്നത്.
യുഗോസ്ലാവിയയുടെ ശിഥിലീകരണത്തെത്തുടര്‍ന്നുണ്ടായ ബോസ്‌നിയന്‍ യുദ്ധം ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ബോസ്‌നിയ-ഹെര്‍സെഗോവിനയില്‍ 1992 ഏപ്രില്‍ ആറിന് തുടങ്ങിയ യുദ്ധം 1995 ഡിസംബര്‍ 14 നാണ് അവസാനിച്ചത്. ബോസ്‌നിയ-ഹെര്‍സെഗോവിന 1992 മാര്‍ച്ച് മൂന്നിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ് ബോസ്‌നിയന്‍ സെര്‍ബുകളെ പ്രകോപിപ്പിച്ചത്. മൂന്നര വര്‍ഷം നീണ്ട യുദ്ധത്തില്‍ 22 ലക്ഷം പേര്‍ ഭവനരഹിതരായി. കാണാതായ 10,500 ബോസ്‌നിയക്കാരെപ്പറ്റി ഇപ്പോഴും ഒരു വിവരവുമില്ല. യുദ്ധകാലത്ത് കൂട്ടക്കൊലക്കിരയായവരെ കുഴിച്ചുമൂടിയ ഒട്ടേറെ ശവക്കുഴികള്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. ഇതില്‍ ഏറ്റവുമൊടുവിലത്തേത് കണ്ടെത്തിയത് 2014 ജൂലായില്‍ റിജെദോര്‍ പട്ടണത്തിനടുത്തുള്ള തൊമാസിക്കയിലാണ്. 284 മൃതദേഹങ്ങളുണ്ടായിരുന്നു ആ ശവക്കുഴിയില്‍. യുദ്ധത്തിന്റെ ഭീകരാവസ്ഥ ഇതുമാത്രമല്ല. ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനുമിടക്ക് ബോസ്‌നിയാക് വനിതകള്‍ യുദ്ധകാലത്ത്് ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തിയത്.
ബോസ്‌നിയന്‍ യുദ്ധത്തെ ആധാരമാക്കി ഒട്ടേറെ സിനിമകള്‍ രൂപം കൊണ്ടിട്ടുണ്ട്. ദ ഹണ്ടിങ് പാര്‍ട്ടി, ബിഹൈന്‍ഡ് എനിമി ലൈന്‍സ്, ദ പീസ്‌മേക്കര്‍, ഇന്‍ ദ ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി, ബ്യൂട്ടിഫുള്‍ പീപ്പിള്‍, ടെറിട്ടോറിയോ കൊമാന്‍ഷെ, ഡമണ്‍സ് ഓഫ് വാര്‍, നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ്, സേവിയര്‍, ലൈഫ് ഈസ് എ മിറക്കിള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ് എന്നിവ ബോസ്‌നിയന്‍ സിനിമകളാണ്. സേവിയറും ലൈഫ് ഈസ് മിറക്കിളും സെര്‍ബിയന്‍ ചിത്രങ്ങളും. എല്ലാ സിനിമകളും യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ അവസ്ഥയിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. എങ്കിലും, നമ്മുടെ മനസ്സില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചത് ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' നോമാന്‍സ് ലാന്‍ഡ് ' എന്ന ചിത്രമാണ്. 2002 ല്‍ മികച്ച വിദേശഭാഷാസിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് ' നോ മാന്‍സി ' നായിരുന്നു. ബര്‍ലിന്‍ മേളയില്‍ ജൂറിസമ്മാനവും നേടി. വിവിധ ചലച്ചിത്രമേളകളില്‍ നിന്നായി 42 അന്താരാഷ്ട്ര ബഹുമതികളാണ് ഈ ചിത്രം കരസ്ഥമാക്കിയത്.
തനോവിക്കിന്റെ ആദ്യത്തെ മുഴുനീള കഥാചിത്രമാണ് ' നോ മാന്‍സ് ലാന്‍ഡ്'. ബോസ്‌നിയ-സെര്‍ബിയ അതിര്‍ത്തിക്കടുത്ത് ഇരുരാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത ഭൂമിയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിക്കി, സേര എന്നീ ബോസ്‌നിയന്‍ സൈനികരും നോനി എന്ന സെര്‍ബിയന്‍ സൈനികനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ശത്രുസൈന്യം വെച്ച ഒരു മൈനിനു മുകളില്‍ അനങ്ങാനാവാതെ, ഏതു നിമിഷവും കടന്നെത്താവുന്ന അരൂപിയായ മരണത്തെ ഭീതിയോടെ തുറിച്ചുനോക്കി മലര്‍ന്നുകിടക്കുന്ന സേര എന്ന സൈനികന്‍ എന്നും പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഓര്‍മയാണ്. സേരയെ സ്വന്തം വിധിക്കു വിട്ടുകൊടുത്താണ് തനോവിക്ക് സിനിമ അവസാനിപ്പിക്കുന്നത്. ആരുടേതുമല്ലാത്ത ആ ഭൂമിയില്‍ നിന്ന് സന്ധ്യയാവുന്നതോടെ രക്ഷപ്പെടാമെന്നായിരുന്നു മൂന്നു സൈനികരുടെയും വിശ്വാസം. പക്ഷേ, സേരയേക്കാള്‍ മുന്നേ മരണത്തിലേക്കു നടന്നുകയറി ചിക്കിയും നോനിയും. മൈന്‍ നിര്‍വീര്യമാക്കി സേരയെ രക്ഷിക്കാനെത്തുന്ന ജര്‍മന്‍ ബോംബു വിദഗ്ദന്‍ നിസ്സഹായനായി പിന്മാറുന്നതാണ് അവസാനരംഗത്ത് നമ്മള്‍ കാണുന്നത്. അതിര്‍ത്തികള്‍ക്കിടയില്‍ തീര്‍ത്ത വലിയ കിടങ്ങില്‍ ഏതു സമയത്തും ഒരു പൊട്ടിത്തെറിക്കു കാതോര്‍ത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന സേരയെ ഇരുള്‍ വന്നുമൂടുമ്പോള്‍ തനോവിക്കിന്റെ ക്യാമറ രംഗത്തുനിന്ന് കണ്ണുകള്‍ തിരിച്ചെടുക്കുകയാണ്. ഇവിടെ, ആത്യന്തികമായി ഏതെങ്കിലും യുദ്ധം ആരെങ്കിലും പൂര്‍ണമായും ജയിച്ചിട്ടുണ്ടോ എന്ന സന്ദേഹം ബാക്കിവെക്കുന്നു സംവിധായകന്‍.
'നോ മാന്‍സി' നു ശേഷവും ബോസ്‌നിയന്‍ യുദ്ധസ്മരണ തനോവിക്കിനെ വിട്ടുപോയില്ല. യുദ്ധം അവസാനിച്ച് 16 വര്‍ഷത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് ' ബാഗേജ് '. 25 മിനിറ്റേയുള്ളു ഈ സിനിമ. പക്ഷേ, നമ്മുടെ ഹൃദയം ആര്‍ദ്രമാക്കും ഇതിലെ കരുത്തുറ്റ ഫ്രെയിമുകള്‍ . യുദ്ധവേളയില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുള്ള മനുഷ്യരെയാണ് ഈ ചിത്രത്തില്‍ തനോവിക്കിന്റെ ക്യാമറ അന്വേഷിച്ചു ചെല്ലുന്നത്. യുദ്ധത്തില്‍ മാതാപിതാക്കള്‍ മരിച്ച അമീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനയാണ് ഈ സിനിമ പങ്കിടുന്നത്. സ്വീഡനില്‍ കുടുംബസമേതം കഴിയുന്ന അമീര്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കിട്ടി എന്ന അറിയിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്ക് വരികയാണ്. സാരോയെവോയില്‍ അധികൃതര്‍ കാട്ടിക്കൊടുത്ത മൃതദേഹങ്ങള്‍ പക്ഷേ, അവന്റെ പ്രിയപ്പെട്ടവരുടേതായിരുന്നില്ല. നിരാശനായി മടങ്ങുമ്പോഴാണ് ബാല്യകാല സുഹൃത്തിനെ കണ്ടത്. മിലാദിന്‍ എന്ന വയോധികനെ സമീപിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്ന് സുഹൃത്ത് പറയുന്നു. പക്ഷേ, അയാള്‍ക്ക് പണം കൊടുക്കണം. ചോദിക്കുന്നതെന്തും നല്‍കാന്‍ അമീര്‍ തയ്യാറായിരുന്നു. 5000 യൂറോ കിട്ടിയപ്പോള്‍ മിലാദിന്‍ ഒരു കുഴിമാടം കാട്ടിക്കൊടുക്കുന്നു. മാതാപിതാക്കളുടെ വസ്ത്രങ്ങളും ഷൂവും വാച്ചും അവന്‍ തിരിച്ചറിയുന്നു. രണ്ട് തലയോട്ടികളും കുറച്ച് എല്ലുകളുമെല്ലാം കനിവോടും ആദരവോടും പെറുക്കിയെടുത്ത് തന്റെ സ്യൂട്ട്‌കെയ്‌സിലാക്കി വിതുമ്പലോടെ അമീര്‍ തിരിച്ചുപോവുകയാണ്. യുദ്ധം അവശേഷിപ്പിക്കുന്ന മുറിപ്പാടുകള്‍ മാത്രമല്ല തനോവിക്ക് ' ബാഗേജി ' ലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദുരന്തങ്ങളില്‍ നിന്ന് , വേദനകളില്‍ നിന്ന്്് മുതലെടുക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയും അദ്ദേഹത്തെ ദു:ഖിപ്പിക്കുന്നു.
സൈനികനായിരുന്ന തന്റെ ജീവിതം പാഴിരുമ്പിനു സമാനമാണെന്നു പറഞ്ഞു കേഴുന്ന നാസിഫിന്റെ കഥയാണ് ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' എന്ന സിനിമ. എഴുപത് മിനിറ്റേയുള്ളു ഈ യുദ്ധാനന്തര സിനിമ. അധികം ആള്‍ക്കാരൊന്നുമില്ലാത്ത വിദൂരമായ ഒരു ഗ്രാമത്തിലേക്കാണ് ക്യാമറയുടെ യാത്ര. നാലു കൊല്ലം സൈന്യത്തിലുണ്ടായിരുന്ന നാസിഫിന്റെ കുടുംബത്തിലൂടെ യുദ്ധാനന്തര ഗ്രാമീണജീവിതം രേഖപ്പെടുത്തുകയാണ് സംവിധായകന്‍. ലളിതമായ കഥാഖ്യാനം. ക്യാമറക്കു മുമ്പില്‍ അഭിനയിക്കാനറിയാത്ത മനുഷ്യര്‍. ഓരോ കഥാപാത്രത്തിന്റെയും കൂടെ നടക്കുകയാണ് ക്യാമറ. ഒരു കുടുംബത്തിന്റെ രണ്ടോ മൂന്നോ ദിവസത്തെ ജീവിതം. അപ്പോഴേക്കും ബോസ്‌നിയയിലെ ഗ്രാമജീവിതത്തിന്റെ എല്ലാ ദൈന്യതയും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നു.
ഭാര്യ സെനാദയും ചെറിയ രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് നാസിഫിന്റെ കുടുംബം. വീണ്ടും ഗര്‍ഭിണിയാണ് സെനാദ. വേണ്ട രീതിയിലുള്ള പരിചരണം കിട്ടാത്തതിന്റെ ക്ഷീണം അവളുടെ മുഖത്തു കാണാം. പഴയ വാഹനങ്ങള്‍ തല്ലിപ്പൊളിച്ച് നഗരത്തിലെ ഇരുമ്പു കച്ചവടക്കാര്‍ക്ക് കൊണ്ടുകൊടുത്താണ് നാസിഫ് കുടുംബം പുലര്‍ത്തുന്നത്. ഒരു പഴയ കാറുണ്ടയാള്‍ക്ക്്. വല്ലപ്പോഴുമേ അത് പുറത്തെടുക്കൂ. മഞ്ഞിന്റെ ആവരണത്തില്‍ സദാ ഉറങ്ങിക്കിടക്കുന്ന ഒരു ചുവന്ന കാര്‍. നാലു കൊല്ലം നാസിഫ് സൈന്യത്തിലുണ്ടായിരുന്നു. പിരിഞ്ഞത്് വെറും കൈയോടെ. ഗ്രാമത്തിലുണ്ടായ ബോംബാക്രമണത്തില്‍ ഒരു സഹോദരനും മരിച്ചു. പെന്‍ഷനില്ല നാസിഫിന്. ക്ഷേമാനുകൂല്യങ്ങളില്ല. മക്കള്‍ക്ക്്് കിട്ടുന്ന അലവന്‍സില്ല. യുദ്ധകാലത്ത്് കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമായിരുന്നു എന്നയാള്‍ സങ്കടപ്പെടുന്നു. സെനാദക്ക്് അടിവയറ്റില്‍ വേദന വന്നപ്പോള്‍ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. ഗര്‍ഭസ്ഥശിശു മരിച്ചുപോയി. അവള്‍ക്കുടനെ സര്‍ജറി വേണം. ഇന്‍ഷുറന്‍സുണ്ടെങ്കിലേ സൗജന്യ ചികിത്സ കിട്ടൂ. ഭാര്യക്ക്്് ഇന്‍ഷുറന്‍സില്ല. പണമടയ്ക്കാന്‍ നാസിഫിന് നിവൃത്തിയുമില്ല. ആസ്പത്രിക്കാര്‍ അവരെ നിഷ്‌കരുണം തിരിച്ചയക്കുന്നു. ഒടുവില്‍, സെനാദയുടെ സഹോദരിയുടെ ഇന്‍ഷുറന്‍സ് കാര്‍ഡ് വാങ്ങി ആള്‍മാറാട്ടം നടത്തിയാണ് ആ കുടുംബം ചികിത്സ നേടുന്നത്.
ലോകത്തെക്കുറിച്ച് ഒരാള്‍ക്കുള്ള കാഴ്ച്ചപ്പാടാണ് സിനിമയിലൂടെ വ്യക്തമാകുന്നത് എന്നു വിശ്വസിക്കുന്നയാളാണ് ഡാനിസ് തനോവിക്ക്. ' ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. പക്ഷേ, അവിടെ നടക്കുന്നതൊന്നും എനിക്കിഷ്ടപ്പെടുന്നില്ല. അതിലെനിക്ക് രോഷവും ദു:ഖവുമുണ്ട് ' -ഒരഭിമുഖത്തില്‍ തനോവിക്ക് പറഞ്ഞു. ആ രോഷവും ദു:ഖവുമാണ് ' ആന്‍ എപ്പിസോഡി ' ലൂടെ തനോവിക്ക് പ്രകടിപ്പിക്കുന്നത്. ഭരണകൂടത്തോടുള്ള കടുത്ത പ്രതിഷേധമായിത്തീരുന്നു ഈ സിനിമ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ഈ സിനിമയെടുത്തത്. ഭരണകൂടത്തിന്റെ അവഗണനക്കിരയായ ആ കുടുംബത്തെത്തന്നെ ചിത്രത്തില്‍ കഥാപാത്രങ്ങളാക്കുകയും ചെയ്തു. അതുകൊണ്ടാവാം പല സന്ദര്‍ഭങ്ങളിലും ഡോക്യുമെന്ററിയോട് അടുത്തുപോകുന്നുണ്ട്് ഈ സിനിമ.
എടുത്തുപറയാന്‍ ഭാവതീവ്രതയുള്ള ഒരു ഇതിവൃത്തമില്ല ഈ ചിത്രത്തിന്. പക്ഷേ, ഓരോ ദൃശ്യത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരുതരം ദൈന്യതയുണ്ട്്. അതാണ് ഈ സിനിമയെ നമുക്ക്് പ്രിയപ്പെട്ടതാക്കുന്നത്. യുദ്ധകാലമായിരുന്നു ഇതിലും ഭേദമെന്ന്് പറയുന്നതിലേക്ക് നാസിഫിനെ കൊണ്ടു ചെന്നെത്തിച്ച രാജ്യത്തിന്റെ ദുരവസ്ഥയാണ് തനോവിക്കിനെ വേദനിപ്പിക്കുന്നത്. ഒരു സൈനികന്റെ ആത്മാഭിമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്ന നാസിഫിനു ആകെയുണ്ടായിരുന്നത്് ആ പഴഞ്ചന്‍ കാറാണ്. ഭാര്യയുടെ തുടര്‍ചികിത്സക്ക്്് മരുന്നു വാങ്ങാനും കറണ്ട്് ബില്ലടയ്ക്കാനും അയാള്‍ക്ക് ആ കാര്‍ തല്ലിപ്പൊളിച്ച് വില്‍ക്കേണ്ടി വരുന്നു. നാസിഫിന്റെ ജീവിതത്തിന് ഇങ്ങനെയൊരു വ്യതിയാനം വരുത്തി ഇരുമ്പു സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന ഒരാളുടെ ജീവിതത്തില്‍ നിന്ന് എന്ന സിനിമാശീര്‍ഷകത്തെ സംവിധായകന്‍ ന്യായീകരിക്കുന്നു. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി ആള്‍മാറാട്ടം നടത്തിയതിന് നാസിഫും ഭാര്യയും ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കാന്‍ യുദ്ധമുന്നണിയില്‍ പൊരുതിയ സൈനികന് കററന്റ്് ബില്ലടയ്ക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്‍കാത്ത അധികൃതരുടെ നിഷ്ഠുരത തനോവിക്ക് നമുക്ക് കാണിച്ചുതരുന്നുണ്ടല്ലോ?
നാസിഫ് ഭാര്യയുടെ ചികിത്സക്കും പഴയ ഇരുമ്പസാധനങ്ങള്‍ വില്‍ക്കാനും പോകുമ്പോള്‍ മാത്രമാണ് ഈ സിനിമയില്‍ നഗരക്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രാമത്തിലെ സൗഹൃദമോ സഹകരണമോ കാരുണ്യമോ ഒന്നും നഗരത്തില്‍ കാണുന്നില്ല. അവിടെ നാസിഫും ഭാര്യയും ഒറ്റപ്പെട്ടുപോവുകയാണ്. കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്രമങ്ങളുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ അവര്‍ നിസ്സഹായരായി , വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദരായി നിന്നുപോകുന്നു. രാജ്യപുരോഗതി സൂചിപ്പിക്കാനെന്നോണം കാര്‍യാത്രക്കിടെ ഒന്നുരണ്ടു തവണ ബോസ്‌നിയയിലെ വൈദ്യുതനിലയങ്ങള്‍ സംവിധായകന്‍ പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്്. ഇപ്പുറത്ത്, കറന്റ് ബില്ലടയ്ക്കാന്‍ വൈകിയ നാസിഫിന്റെ വീട്ടിലെ ഫ്യൂസൂരാന്‍ വൈദ്യുതിവകുപ്പ് കൈക്കൊള്ളുന്ന തിടുക്കവും അദ്ദേഹം കാണിച്ചുതരുന്നു.
' നോ മാന്‍സ് ലാന്‍ഡി ' നു പുറമേ ' സര്‍ക്കസ് കൊളംബിയ ( 2010 ), ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( 2013 ) എന്നീ തനോവിക്ക് ചിത്രങ്ങളും മികച്ച വിദേശഭാഷാസിനിമക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുകയുണ്ടായി.
tsureshbabumbi@gmail.com
No comments:
Post a Comment