Friday, September 4, 2015

പൊളാന്‍സ്‌കിയുടെ 'നാടകങ്ങള്‍'

ടി സുരേഷ്ബാബു

പ്രശസ്ത പോളിഷ് സംവിധായകനായ റൊമാന്‍ പൊളാന്‍സ്‌കി അര നൂറ്റാണ്ടായി സിനിമാരംഗത്തുണ്ട്. ഇപ്പോള്‍ പ്രായം 82. സിനിമയാണ് അദ്ദേഹത്തിന് ജീവിതം. ഈ ചലച്ചിത്രകാരനെ പ്രായത്തിന് ഇതുവരെ തളര്‍ത്താനായിട്ടില്ല. പ്രായം കൂടുംതോറും കൂടുതല്‍ ഊര്‍ജസ്വലനാവുകയാണ് അദ്ദേഹം. ' നൈഫ് ഇന്‍ ദ വാട്ടര്‍ ' എന്ന സിനിമയിലൂടെ പൊളാന്‍സ്‌കി സംവിധാനരംഗത്ത് വന്നിട്ട് 53 വര്‍ഷമായി. ' ദ പിയാനിസ്റ്റി ' ലൂടെ അദ്ദേഹം ലോകപ്രശസ്തനായി. 2010 ല്‍ ' ദ ഗോസ്റ്റ് റൈറ്റര്‍ ' എന്ന അസാധാരണ സസ്‌പെന്‍സ് ചിത്രമെടുത്ത പൊളാന്‍സ്‌കി 2011 ലും 13 ലും ഓരോ സിനിമ സംവിധാനം ചെയ്തു. 2011 ല്‍ ' കാര്‍നിജ് ' ( Carnage ), 13ല്‍ ' വീനസ് ഇന്‍ ഫര്‍ ' ( Venus in fur ). 

പതിനാലാം വയസ്സില്‍ നാടകനടനായാണ് പൊളാന്‍സ്‌കി കലാജീവിതത്തിന് തുടക്കമിട്ടത്. ' തിയേറ്ററിന്റെ മണം ' അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. ആദ്യകാലത്ത് കുറേ നാടകങ്ങളും ഓപ്പറെകളും സംവിധാനം ചെയ്തു. തുടര്‍ന്നാണ് സിനിമയിലേക്ക് കടന്നത്. പൊളാന്‍്‌സകിയുടെ ഇരുപത്തിയൊന്നുകാരിയായ മകള്‍ മോര്‍ഗെയിന്‍ ലണ്ടനില്‍ അഭിനയം പഠിക്കുകയാണ്. ഭാര്യ ഇമാനുവല്‍ സീഗ്‌നര്‍ അറിയപ്പെടുന്ന നടിയാണ്. 

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ബ്രിട്ടീഷുകാരനായ കൂലിയെഴുത്തുകാരനാണ് ' ഗോസ്റ്റ് റൈറ്ററി ' ലെ നായകന്‍. കഥ പുരോഗമിക്കവെ എഴുത്തുകാരനില്‍ നിന്ന് അയാള്‍ക്ക് കുറ്റാന്വേഷകന്റെ റോളിലേക്കും മാറേണ്ടിവരുന്നു. പുസ്തകം പൂര്‍ത്തിയാക്കുന്നതോടൊപ്പം ഒട്ടേറെ രഹസ്യങ്ങളുടെ കലവറയും അയാള്‍ തുറന്നിടുന്നു. ഈ സിനിമയുടെ നിര്‍മാണകാലത്താണ് പഴയൊരു ലൈംഗികപീഡനക്കേസില്‍ പൊളാന്‍സ്‌കി അറസ്റ്റിലായത്. 2010 മേയില്‍ ജയില്‍മോചിതനായ അദ്ദേഹം ആദ്യം ചെയ്തത് തന്റെ സിനിമ പൂര്‍ത്തിയാക്കലാണ്. 

കാര്‍നിജ്, വീനസ് ഇന്‍ ഫര്‍ എന്നീ സിനിമകള്‍ക്ക് ഇതിവൃത്തത്തിലും അവതരണത്തിലും സിനിമയേക്കാള്‍ അടുപ്പം നാടകത്തോടാണ്. പ്രശസ്ത നാടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടു ചിത്രങ്ങളും. ഇവ ഏകരംഗസിനിമകളാണ്. ഒറ്റ സ്ഥലത്തുമാത്രം കേന്ദ്രീകരിക്കുകയാണ് ക്യാമറ. കഥാപാത്രങ്ങളും കുറവാണ്. കാര്‍നിജില്‍ നാലും വീനസ്സില്‍ രണ്ടും. തുടര്‍ച്ചയായ സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമകള്‍ മുന്നോട്ടുപോകുന്നത്. 

കുട്ടികള്‍ തമ്മില്‍ കളിക്കളത്തിലുണ്ടാകുന്ന തല്ല് തീര്‍ക്കാന്‍ രണ്ട് ദമ്പതിമാര്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകള്‍ കാടുകയറിപ്പോകുന്നതാണ് ' കാര്‍നിജി ' ന്റെ ഇതിവൃത്തം. യാസ്മിന റീസയുടെ നാടകമാണ് ഈ സിനിമക്കാധാരം. ഒരു വീട്ടിനകത്താണ് സംഭവങ്ങള്‍ നടക്കുന്നത്. അഭിഭാഷകനായ അലന്‍, ഓഹരിദല്ലാളായ ഭാര്യ നാന്‍സി, സെയില്‍സ്മാനായ മൈക്കിള്‍, എഴുത്തുകാരിയായ ഭാര്യ പെനെലോപ് എന്നിവരാണ് കഥാപാത്രങ്ങള്‍. അലന്റെ മകന്റെ തല്ലുകൊണ്ട് മൈക്കിളിന്റെ മകന് രണ്ടു പല്ലുകള്‍ നഷ്ടപ്പെടുന്നു. പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ അലനും ഭാര്യയും മൈക്കിളിന്റെ വീട്ടിലെത്തുന്നു. ഒത്തുതീര്‍പ്പുചര്‍ച്ചക്കിടെ വാക്കുകള്‍ പിടിവിട്ടുപോകുന്നതോടെ ദമ്പതിമാര്‍ തമ്മിലായി പിന്നെ വാക്കേറ്റം. നാലുപേരും നാലു വ്യക്തികളായി നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. പല കാര്യങ്ങളിലും അവര്‍ തമ്മില്‍ പൊരുത്തമില്ലെന്നും നമുക്ക് ബോധ്യപ്പെടുന്നു. 

ഒരു സംഭവത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി ദാമ്പത്യത്തിലെ പൊരുത്തക്കേടും രസക്കേടും വെളിപ്പെടുത്തുകയാണ് സംവിധായകന്‍. സ്വന്തം മക്കളെ ന്യായീകരിക്കാനുള്ള കഥാപാത്രങ്ങളുടെ അമിതവാഞ്ഛ, ഞാനെന്ന ഭാവത്തില്‍ നിന്നുണ്ടാകുന്ന വിട്ടുവീഴ്ചയില്ലായ്മ, സ്വന്തം തൊഴിലിനോടുള്ള അതിവൈകാരികബന്ധം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം സംവിധായകന്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നു. എല്ലാ പൊട്ടിത്തെറികളുടെയും നിരര്‍ഥകതയിലേക്ക് വിരല്‍ ചൂണ്ടിയാണ് സിനിമ അവസാനിക്കുന്നത്. ചിത്രാവസാനത്തില്‍ ദമ്പതിമാരെ വിട്ട് കളിക്കളത്തിലേക്ക് പോകുന്ന ക്യാമറ വിദൂരദൃശ്യത്തില്‍ നമുക്ക് കാട്ടിത്തരുന്നത് വഴക്ക് മറന്ന് വീണ്ടും സുഹൃത്തുക്കളായി മാറിയ കുട്ടികളെയാണ്. എല്ലാം കണ്ട് ഊറിച്ചിരിക്കുന്ന സംവിധായകനുണ്ട് ആ ക്യാമറക്കു പിന്നില്‍. 

രണ്ടു വിദൂരദൃശ്യങ്ങളിലാണ് ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. പ്രമേയത്തിനാധാരമായ പിള്ളേരുടെ കലഹവും അടിപിടിയും നടക്കുന്നത് ഒരു പാര്‍ക്കിലെ കളിക്കളത്തിലാണ്. ആ കളിക്കളത്തിലേക്കാണ് ക്യാമറ രണ്ടു തവണ വീടുവിട്ട് സഞ്ചരിക്കുന്നത്.് കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള വ്യത്യാസം കാട്ടിത്തരികയാണിവിടെ സംവിധായകന്‍. കടുത്ത പ്രശ്‌നങ്ങള്‍ എത്ര നിസ്സാരമായാണ് കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് എന്ന് മുതിര്‍ന്നവരെ ബോധ്യപ്പെടുത്തി ക്യാമറ പിന്‍വാങ്ങുകയാണ്. 

പൊളാന്‍സ്‌കിയുടെ ആദ്യത്തെ ഫ്രഞ്ചു സിനിമയാണ് ' വീനസ് ഇന്‍ ഫര്‍ '. 1870 ല്‍ ഇറങ്ങിയ ' വീനസ് ഇന്‍ ഫര്‍സ് ' എന്ന പ്രശസ്ത നോവലിനെ ആധാരമാക്കി 2010 ല്‍ ഡേവിഡ് ഐവ് എഴുതിയ നാടകമാണ് സിനിമയാക്കിയത്.(ജര്‍മന്‍ ഭാഷയിലുള്ള ഈ നോവലിന്റെ കര്‍ത്താവ് ആസ്ട്രിയക്കാരനായ ലിയോ പോള്‍ വോന്‍ സാക്കര്‍ - മസോക്കാണ്.). ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ഒരു നാടകശാലയില്‍ രാത്രിയാണ് കഥ നടക്കുന്നത്. യാഥാര്‍ഥ്യവും ഭാവനയും ഈ സിനിമയില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. തന്റെ നാടകത്തില്‍ സെക്‌സിയായി അഭിനയിക്കാന്‍ ധൈര്യവും കഴിവുമുള്ള നടിയെത്തേടുന്ന എഴുത്തുകാരനും സംവിധായകനുമായ തോമസ് നൊവാച്ചെക്കാണ് നായകന്‍. അന്നത്തെ ഓഡിഷന്‍ ടെസ്റ്റ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ് അയാള്‍. ഇടിയും മഴയുമുള്ള ആ രാത്രി അയാളുടെ അടുത്തേക്ക് സുന്ദരിയായ നടി എത്തുന്നു. 

നാടകത്തില്‍ റോള്‍ കിട്ടുമെന്നു ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് അവളുടെ വരവ്. കഥാപാത്രത്തിനുവേണ്ട വസ്ത്രങ്ങള്‍പോലും വന്ദ ജോര്‍ദെയ്ന്‍ എന്ന നടി കരുതിയിട്ടുണ്ട്. നാടകവും അവള്‍ക്ക് കാണാപ്പാഠമാണ്. അവള്‍ക്ക് സമയം അനുവദിക്കാന്‍ സംവിധായകന് ഒട്ടും താത്പര്യമില്ലായിരുന്നു. ഒടുവില്‍, അവളുടെ നിര്‍ബന്ധത്തിന് അയാള്‍ വഴങ്ങുന്നു. നാടകത്തിന്റെ ആദ്യരംഗമൊന്ന് അഭിനയിക്കാമെന്നായി അയാള്‍. അവളുടെ അഭിനയവും സംഭാഷണം ഉരുവിടുന്ന രീതിയും സംവിധായകനെ ആകര്‍ഷിക്കുന്നു. സ്റ്റേജില്‍ എത്ര വെളിച്ചം വേണമെന്നുവരെ അവളാണ് തീരുമാനിക്കുന്നത്. നാടകശാല വിടാന്‍ തിടുക്കം കാട്ടിയിരുന്ന സംവിധായകന്‍ നടിയുടെ ആജ്ഞാശക്തിക്ക് കീഴടങ്ങുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്. മൃദുരോമം കൊണ്ടുള്ള മേല്‍വസ്ത്രമണിഞ്ഞ് അര്‍ധനഗ്നയായി അവള്‍ നിന്നപ്പോള്‍ അയാളുടെ മുന്നില്‍ വീനസ് പുനര്‍ജനിക്കുകയായിരുന്നു. അവരിരുവരും കഥാപാത്രങ്ങളായിമാറി നാടകം ആടിത്തീര്‍ക്കുന്നു. 

നാടകത്തിനാധാരമായ നോവല്‍ മനോഹരമായ പ്രണയകഥയാണെന്നാണ് സംവിധായകന്റെ പക്ഷം. എന്നാല്‍, നടിയുടെ കാഴ്ചപ്പാടില്‍ അതൊരു അശ്‌ലീലകൃതിയാണ്. ഇണയുടെ ക്രൂരതയിലും മേല്‍ക്കോയ്മയിലും ആനന്ദം അനുഭവിക്കുന്ന ' സാഡോ മസോക്കിസം ' ( Sado - Masochism ) ആണ് അതിലെ ഇതിവൃത്തം എന്ന് അവള്‍ പറയുന്നു.
നാടകത്തിലും വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് സിനിമ കാണുമ്പോള്‍ നമുക്കും വ്യക്തമാകുന്നു.

' വീനസ് ഇന്‍ ഫര്‍ ' ഒരു നാടകം കാണുന്ന അനുഭവമാണ് നമുക്ക് തരുന്നത്. രംഗവേദി, കഥാപാത്രങ്ങളുടെ ചലനം, സംഭാഷണം, ദീപവിതാനം എന്നിവയൊക്കെ നാടകത്തിലേതുപോലെത്തന്നെ. ഒരു നാടകശാലയിലും അതിന്റെ രംഗവേദിയിലുമായാണ് ഒന്നര മണിക്കൂര്‍ നീണ്ട സിനിമ ദൃശ്യപ്പെടുത്തുന്നത്. തൊട്ടുമുമ്പ് അവിടെ വേറെയേതോ നാടകം കളിച്ചിട്ടുണ്ട്. അതിന്റെ അവശിഷ്ടം പോലെ ഒരു തൂണ്‍ സ്റ്റേജില്‍ അനാഥമായി നില്‍ക്കുന്നുണ്ട്. സംവിധായകനും നടിയും തമ്മില്‍ നാടകത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെ അവരിരുവരും സ്വയം കഥാപാത്രങ്ങളായി മാറുകയാണ്. നഗ്‌നയായി പ്രത്യക്ഷപ്പെടുന്ന വീനസ്സിനെ അവതരിപ്പിക്കാന്‍ തനിക്ക് തെല്ലും മടിയില്ലെന്ന് അവള്‍ പ്രഖ്യാപിക്കുന്നു. അവര്‍ അടിമയും ഉടമയുമായി മാറുന്നു. അടിമയാണെന്ന് പറയുമ്പോഴും സംവിധായകന്‍ തന്റെ മേലാളനാകാനാണ് ശ്രമിക്കുന്നതെന്ന് നടി കുറ്റപ്പെടുത്തുന്നു. അയാളില്‍ പൂര്‍ണ അധീശത്വമാണ് അവള്‍ കൊതിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള അവ്യാഖ്യേയ ബന്ധം, അധീശത്വം നേടാനും കീഴ്‌പ്പെടാനുമുള്ള പരസ്പര മത്സരം, പ്രണയം, കാമം എന്നീ വിഷയങ്ങളൊക്കെ പൊളാന്‍സ്‌കി ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു.

ഫ്രഞ്ച് നടന്‍ മാത്യു അമല്‍റിക്, ഫ്രഞ്ച് നടി ഇമാനുവല്‍ സീഗ്‌നര്‍ എന്നിവരാണ് കഥാപാത്രങ്ങളായി വരുന്നത്. സീഗ്‌നര്‍ പൊളാന്‍സ്‌കിയുടെ ഭാര്യയാണ്. രണ്ടാഴ്ചത്തെ റിഹേഴ്‌സലും 27 ദിവസത്തെ ഷൂട്ടിങ്ങും കൊണ്ടാണ് ചിത്രം തീര്‍ത്തത്. പൊളാന്‍സ്‌കിയുടെ നാലാമത്തെ ചിത്രത്തിലാണ് സീഗ്‌നര്‍ അഭിനയിക്കുന്നത്. മാത്യു അമല്‍റിക്കുമൊത്ത് ' ഡൈവിങ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ ' എന്ന ഫ്രഞ്ച് സിനിമയില്‍ സീഗ്‌നര്‍ അഭിനയിച്ചിട്ടുണ്ട്. 

വിശ്രമജീവിതത്തിലേക്ക് കടക്കാനായിട്ടില്ലെന്നാണ് 82 ാം വയസ്സിലും പൊളാന്‍സ്‌കി കരുതുന്നത്. ഫ്രഞ്ച് പൗരത്വവുമെടുത്തിട്ടുള്ള പൊളാന്‍സ്‌കി ഇപ്പോള്‍ പാരീസിലാണ് കഴിയുന്നത്. വിശ്രമിക്കുന്നതിലല്ല, ജോലി ചെയ്യുന്നതിലാണ് യഥാര്‍ഥ ആനന്ദം താന്‍ കണ്ടെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ഫിബ്രവരിയിലോ മാര്‍ച്ചിലോ തുടങ്ങുകയാണ്. റോബര്‍ട്ട് ഹാരിസ് എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ' ആന്‍ ഓഫീസര്‍ ആന്‍ഡ് എ സ്‌പൈ ' ( An Officer and a Spy ) എന്ന നോവലാണ് പുതിയ ചിത്രത്തിനാധാരം. രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫ്രഞ്ച് സൈനികനായ ആല്‍ഫ്രെഡ് ഡ്രെഫ്യൂസ് എന്ന ജൂതന്റെ കഥയാണ് ജൂതനായ പൊളാന്‍സ്‌കി സിനിമയാക്കുന്നത്. ജര്‍മന്‍കാര്‍ക്ക് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന സംശയത്തിലാണ് ആല്‍ഫ്രെഡിനെ ഫ്രഞ്ച് സര്‍ക്കാര്‍ ശിക്ഷിച്ചത്. നിരപരാധിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് വിട്ടയച്ചു. 

tsureshbabumbi@gmail.com


No comments: