Saturday, January 5, 2008

കുതിരകളെ സ്‌നേഹിച്ച പെണ്‍കുട്ടി

സ്വീഡിഷ്‌ ഭാഷയില്‍ 'ഫ്‌ളിക്ക' എന്നാല്‍ 'സുന്ദരിയായ പെണ്‍കുട്ടി' എന്നാണര്‍ത്ഥം. കെയ്‌റ്റി എന്ന പതിനാറുകാരിക്ക്‌ അമ്മയിട്ട ഓമനപ്പേരാണിത്‌. അതവള്‍ക്ക്‌ നന്നായി ഇഷ്‌ടപ്പെട്ടു. തന്റെ വീടിനോടു ചേര്‍ന്നുള്ള കുതിരലായത്തിലേക്ക്‌ മൂന്നാം വയസ്സില്‍, ആരും കാണാതെ നിര്‍ഭയം കടന്നുചെന്നവളാണ്‌ കെയ്‌റ്റി. കുതിരകള്‍ അവളുടെ പ്രാണനാണ്‌. അവളുടെ ജീവിതത്തിന്റെ ഭാഗമാണ്‌ ശക്തിയുടെ പ്രതീകമായ കുതിരകള്‍. ലോകത്തിന്റെ നെറുകയിലാണവള്‍ താമസിക്കുന്നത്‌. ആകാശത്തേക്ക്‌ എണ്ണായിരം അടി മാത്രം അകലെ. വ്യോമിങ്ങിലെ മലനിരകളില്‍ വേനല്‍ക്കാലം ഒരിക്കലും എത്തിനോക്കാറില്ല. നീണ്ട ശൈത്യകാലത്തില്‍ നിന്നുള്ള മോചനവുമായി വസന്തമെത്തുമ്പോള്‍ മലനിരകളില്‍ വീണ്ടും ജീവിതം പൂക്കുന്നു. ഓരോ വസന്തകാലത്തിന്റെയും തുടക്കത്തില്‍ കുതിരകളെ പുറത്തിറക്കുമ്പോള്‍ വീണ്ടും ലോകം കീഴടക്കും മട്ടില്‍ അവ കുതിച്ചുപായുന്നത്‌ കണ്ടുനില്‍ക്കാന്‍ കെയ്‌റ്റിക്ക്‌ രസമാണ്‌.
തന്റെ ഉള്ളില്‍ക്കിടന്ന്‌ തിളയ്‌ക്കുന്ന ആവേശമാണവള്‍ ആ കുതിരകളില്‍ കണ്ടെത്തിയിരുന്നത്‌. സാഹസികബുദ്ധിയോടെ അവ നോക്കെത്താദൂരം പരന്നുകിടക്കുന്ന പുല്‍മേടുകളില്‍ സ്വതന്ത്രരായി ഓടിത്തിമിര്‍ക്കുമായിരുന്നു. ഈ കാഴ്‌ചകളില്‍ അഭിരമിച്ചാണ്‌ കെയ്‌റ്റി വളരുന്നത്‌. അവള്‍ നന്നായി പഠിച്ച്‌ ബിരുദമെടുക്കണമെന്നാണ്‌ കുതിര വളര്‍ത്തുകാരനായ അച്ഛന്‍ റോബിന്റെ ആഗ്രഹം. മകന്‍ ഹോവാര്‍ഡിനെ തങ്ങളുടെ പാരമ്പര്യ ബിസിനസ്സില്‍ നിലനിര്‍ത്താനായിരുന്നു ഉദ്ദേശ്യം. പക്ഷേ, നേരെ മറിച്ചായിരുന്നു കുട്ടികളുടെ ചിന്താഗതി. പഠിക്കാനായിരുന്നു ഹോവാര്‍ഡിനു താല്‌പര്യം. കെയ്‌റ്റിയുടെ മനസ്സിലാകട്ടെ കുതിരകള്‍ എന്നോ താവളമുറപ്പിച്ചിരുന്നു. പരീക്ഷാഹാളില്‍പ്പോലും കുതിരകള്‍ അവളെ പിന്തുടര്‍ന്നു. വാര്‍ഷിക പരീക്ഷയുടെ രണ്ട്‌ മണിക്കൂറുകള്‍ കടന്നുപോയത്‌ കെയ്‌റ്റി അറിഞ്ഞില്ല. അവള്‍ ജന്മനാട്ടിലെ മലനിരകളിലും അവിടത്തെ കുതിരകളുടെഇടയിലുമായിരുന്നു. ഒന്നുമെഴുതാത്ത ഉത്തരക്കടലാസാണ്‌ അവള്‍ തിരിച്ചേല്‌പിച്ചത്‌. വീട്ടിലെത്തിയപ്പോള്‍ സഹോദരനോടു മാത്രം ഇക്കാര്യം സൂചിപ്പിച്ചു. അച്ഛനറിഞ്ഞാല്‍ വീട്ടില്‍ ഭൂകമ്പം ഉണ്ടാകുമെന്ന്‌ അവള്‍ക്കറിയാം. ആ നിമിഷത്തിനായി അവള്‍ പേടിയോടെ കാത്തിരുന്നു.

കെയ്‌റ്റിക്ക്‌ ഉറക്കം കുറവാണ്‌. എല്ലാവരും ഉണരും മുമ്പേ അവള്‍ പുറത്തിറങ്ങി കുതിരകളുടെ അടുത്തെത്തും. ഏതെങ്കിലും ഒന്നിന്റെ പുറത്തേറി പിന്നെ സവാരിയാണ്‌. സ്‌കൂളില്‍നിന്ന്‌ തിരിച്ചെത്തിയ അന്നും അവള്‍ പതിവുപോലെ സവാരിക്കിറങ്ങി. വഴിക്കുവെച്ച്‌ ഒരു സിംഹത്തെക്കണ്ട്‌ ഭയന്ന്‌ കുതിര വിറളി പിടിക്കുന്നു. കെയ്‌റ്റിയെ തള്ളിയിട്ടിട്ട്‌ അത്‌ ഓടി രക്ഷപ്പെടുന്നു. അപ്പോള്‍, കറുത്ത ഒരു കാട്ടുകുതിര കെയ്‌റ്റിയുടെ രക്ഷയ്‌ക്കെത്തുന്നു. ആ കുതിര സിംഹത്തെ വിരട്ടിയോടിക്കുന്നു. പരിക്കുകളോടെ കെയ്‌റ്റി വീട്ടിലെത്തുമ്പോള്‍ അവിടെ നല്ല പുകില്‌. സ്‌കൂളില്‍ നിന്ന്‌ ഹെഡ്‌മാസ്റ്ററുടെ ഫാക്‌സ്‌ സന്ദേശം വന്നിരിക്കുന്നു. കെയ്‌റ്റി പരീക്ഷയ്‌ക്ക്‌ ഒന്നുമെഴുതിയില്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം. റോബിനു ക്ഷോഭം അടക്കാനാവുന്നില്ല. എന്തുകൊണ്ട്‌ പരീക്ഷ എഴുതിയില്ല എന്ന ചോദ്യത്തിന്‌ കെയ്‌റ്റിക്ക്‌ മറുപടിയുണ്ടായിരുന്നു: ''എല്ലാം എന്റെ തലമണ്ടയിലുണ്ടായിരുന്നു. പക്ഷേ, കടലാസിലേക്ക്‌ പകര്‍ത്തിയില്ല.''
തന്നെ രക്ഷിച്ച കറുത്ത കുതിരയെത്തേടി കെയ്‌റ്റി പുറപ്പെടുന്നു. കുതിരപ്പുറത്താണ്‌ യാത്ര. കറുത്ത കുതിരയെ അവള്‍ കണ്ടെത്തുന്നു. ഓട്ടത്തില്‍ കഴുത്തില്‍ കുരുക്കിട്ടു പിടിക്കാനുള്ള ശ്രമത്തില്‍ അവള്‍ കുതിരപ്പുറത്തുനിന്നു വീഴുന്നു. അപ്പോഴേക്കും അച്ഛന്‍ അവിടെ എത്തി കാട്ടുകുതിരയെ സാഹസികമായി തളച്ച്‌ കൊണ്ടുവരുന്നു. രണ്ടു വയസ്സുള്ള ആ കാട്ടുകുതിര അപകടകാരിയാണെന്ന്‌ റോബ്‌ മകള്‍ക്കു മുന്നറിയിപ്പു കൊടുക്കുന്നു. അതിനടുത്തേക്ക്‌ പോകുന്നതുപോലും അയാള്‍ വിലക്കുന്നു. മറ്റുള്ളവയില്‍നിന്നു വേര്‍പെടുത്തി ഒറ്റയ്‌ക്കാണ്‌ ആ കാട്ടുകുതിരയെ പാര്‍പ്പിക്കുന്നത്‌.

പരിശീലനം നല്‌കിയാല്‍ കാട്ടുകുതിരയെയും അനുസരണയുള്ളതാക്കി മാറ്റാം എന്നു കെയ്‌റ്റി വിശ്വസിക്കുന്നു. അവള്‍ തന്റെ പ്രിയപ്പെട്ട ആ കാട്ടുകുതിരയ്‌ക്ക്‌ പേരിട്ടു- ഫ്‌ളിക്ക. സമയം കിട്ടുമ്പോഴൊക്കെ അവള്‍ ഫ്‌ളിക്കയുടെ അടുത്തെത്തും. കൈവരികള്‍ ചാടിക്കടന്ന്‌്‌ ഫ്‌ളിക്കയെ തലോടും. പാട്ടുപാടും. അവളോട്‌ സംസാരിക്കും. പക്ഷേ, ഫ്‌ളിക്ക അത്ര എളുപ്പം മെരുങ്ങുന്ന കൂട്ടത്തിലായിരുന്നില്ല. കെയ്‌റ്റിയുടെ നിരന്തര സമ്പര്‍ക്കവും സ്‌നേഹപ്രകടനവും ഫ്‌്‌ളിക്കയില്‍ ചലനങ്ങളുണ്ടാക്കി. ക്രമേണ കെയ്‌റ്റിയുമായി ഫ്‌ളിക്ക സൗഹൃദത്തിലാവുന്നു. വിറളി എടുത്തോടുമ്പോള്‍ കെയ്‌റ്റി ഒന്നു വിളിച്ചാല്‍ മതി, ഫ്‌ളിക്ക അപ്പോള്‍ നില്‌ക്കും. ദിവസവും രാത്രി രഹസ്യമായി അവള്‍ ഫ്‌ളിക്കയെ പരിശീലിപ്പിച്ചുപോന്നു.

റോബിന്റെ കുതിര ബിസിനസ്‌ വലിയ ലാഭത്തിലൊന്നുമല്ല. തന്റെ കൃഷിയിടങ്ങളും കുതിരലായങ്ങളും കെട്ടിടനിര്‍മാതാക്കള്‍ക്കു വില്‍ക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. കെയ്‌റ്റിക്ക്‌ അതൊരു ഷോക്കായിരുന്നു. കുതിരകള്‍ തന്റെ ജീവിതത്തിന്റെ ഭാഗമല്ലാതാവുന്നത്‌ അവള്‍ക്ക്‌ ഓര്‍ക്കാനേ വയ്യ. അന്നു രാത്രി കെയ്‌റ്റി ഫ്‌ളിക്കയുടെ പുറത്തേറി സവാരിക്കിറങ്ങുന്നു. വന്യമായ ഓട്ടത്തിനിടയില്‍ കെയ്‌റ്റിക്ക്‌ പിടിച്ചു നില്‌ക്കാന്‍ കഴിയുന്നില്ല. അവള്‍ കുതിരപ്പുറത്തുനിന്ന്‌ വീഴുന്നു. പിറ്റേന്നുതന്നെ ഫ്‌ളിക്കയെ റോബ്‌ വില്‍ക്കുകയാണ്‌. തടയാന്‍ കെയ്‌റ്റി ഏറെ ശ്രമിച്ചെങ്കിലും റോബിന്റെ തീരുമാനത്തിന്‌ ഇളക്കമില്ലായിരുന്നു. കാട്ടുകുതിരകള്‍ ശപിക്കപ്പെട്ടവരാണെന്ന്‌ കെയ്‌റ്റി വേദനയോടെ മനസ്സിലാക്കുന്നു. അവയെ ആര്‍ക്കും വേണ്ട. കുതിര വളര്‍ത്തുകാര്‍ക്കും വേണ്ട, നഗരവാസികള്‍ക്കും വേണ്ട. അതാണവയുടെ വിധി. ഫ്‌ളിക്കയെ വീണ്ടും കെയ്‌റ്റി കണ്ടെത്തുന്നത്‌ ഒരു കാര്‍ണിവെല്‍ ഗ്രൗണ്ടിലാണ്‌. സഹോദരന്റെ കാമുകി മിറാന്‍ഡയാണ്‌ ഫ്‌ളിക്കയെ കണ്ട വിവരം അവളോടു പറയുന്നത്‌. കെയ്‌റ്റിയും കുടുംബവും കാര്‍ണിവലിനു പോകുന്നു. കെയ്‌റ്റിക്കും ഹേവാര്‍ഡിനും കാമുകിക്കും ഫ്‌ളിക്കയെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. അച്ഛനുമമ്മയും കാര്‍ണിവല്‍ കണ്ടുരസിക്കുമ്പോള്‍ കെയ്‌റ്റിയും സഹോദരനും കുതിരപ്പന്തയത്തിനിറങ്ങുന്നു. കെയ്‌റ്റി ആണ്‍കുട്ടിയെപ്പോലെ വേഷം മാറിയാണ്‌ മത്സരത്തിനെത്തുന്നത്‌. അമ്പത്‌ ഡോളറാണ്‌ പന്തയഫീസ്‌. ഗ്രൗണ്ടിലുള്ള കാട്ടുകുതിരകളെ മെരുക്കിയെടുത്ത്‌ സവാരി നടത്തണം. ഇതാണ്‌ മത്സരം. ജയിച്ചാല്‍ എണ്ണായിരം ഡോളര്‍ സമ്മാനം. ഇഷ്‌ടമുള്ള കുതിരയെ തിരഞ്ഞെടുക്കാം. മത്സരത്തിനെത്തിയവരെയെല്ലാം കാട്ടുകുതിരകള്‍ തള്ളിയിടുകയും പരിക്കേല്‌പിക്കുകയും ചെയ്യുന്നു. ആര്‍ക്കും ജയിക്കാന്‍ കഴിയുന്നില്ല. ആര്‍ക്കും പിടികൊടുക്കാതെ, ബഹളമുണ്ടാക്കി ഓടിക്കൊണ്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട കുതിരയെ നോക്കി കെയ്‌റ്റി ഫ്‌ളിക്ക' എന്നു വിളിക്കുന്നു. സുപരിചിതമായ ആ വിളി ഫ്‌ളിക്ക കേള്‍ക്കുന്നു. അവള്‍ അനുസരണയോടെ കെയ്‌റ്റിയുടെ അടുത്തെത്തുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ കെയ്‌റ്റി ഫ്‌ളിക്കയുടെ പുറത്തേറി ഗ്രൗണ്ടിന്‌ പുറത്തേക്ക്‌ അതിവേഗം ഓടിച്ചുപോകുന്നു. കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ റോബും ഭാര്യയും കെയ്‌റ്റിയേയും ഫ്‌ളിക്കയെയും തിരിച്ചറിയുന്നു. അവര്‍ പന്തയസ്ഥലത്ത്‌ എത്തുമ്പേഴേക്കും കെയ്‌റ്റിയേയും കൊണ്ട്‌ ഫ്‌്‌ളിക്ക പറന്നുകഴിഞ്ഞിരുന്നു.

രാത്രിയായിട്ടും കെയ്‌റ്റി മടങ്ങിഎത്തുന്നില്ല. കനത്ത മഴ. കെയ്‌റ്റിയും ഫ്‌്‌ളിക്കയും വീട്ടിലേക്ക്‌ മടങ്ങുകയാണ്‌. പതുങ്ങിയിരിക്കുകയായിരുന്ന സിംഹം വഴിക്കുവെച്ച്‌ ഫ്‌ളിക്കയെ കടന്നാക്രമിക്കുന്നു. ഇത്തവണ ഫ്‌്‌ളിക്ക തോറ്റു. ഏറ്റുമുട്ടലില്‍ അവള്‍ മുറിവേറ്റ്‌ വീഴുന്നു. കെയ്‌റ്റിയെ കണ്ടെത്തി അച്ഛന്‍ വീട്ടിലെത്തിക്കുന്നു. മുറിവേറ്റ ്‌ള്‌ളിക്കയെ അധികം കഷ്‌ടപ്പെടുത്താതെ വെടിവെച്ചുകൊല്ലാനാണ്‌ റോബ്‌ തീരുമാനിക്കുന്നത്‌. പക്ഷേ, കെയ്‌റ്റിയുടെ കണ്ണീരിനു മുന്നില്‍ അയാള്‍ തീരുമാനം മാറ്റുന്നു.
മേരി ഒ ഹാരയുടെ 'മൈ ഫ്രണ്ട്‌ ഫ്‌ളിക്ക' എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച ഫ്‌്‌ളിക്ക' എന്ന ഈ ഹോളിവുഡ്‌ചിത്രം 2006 ലാണ്‌ പുറത്തിറങ്ങിയത്‌. ഒന്നര മണിക്കൂര്‍ നീണ്ട ചിത്രത്തിന്റെ സംവിധായകന്‍ മൈക്കേല്‍ മെയറാണ്‌. 'മൈ ഫ്രണ്ട്‌ ഫ്‌്‌ളിക്ക'യെ ആധാരമാക്കിയുള്ള ആദ്യത്തെ സിനിമ ഇറങ്ങിയത്‌ 1943 ലാണ്‌. ഇതില്‍ മുഖ്യകഥാപാത്രം ആണ്‍കുട്ടിയായിരുന്നു. കുതിരകളെ മുഖ്യകഥാപാത്രമാക്കി എടുത്തിട്ടുള്ള മറ്റു പ്രധാന ചിത്രങ്ങള്‍ ഇവയാണ്‌: ക്ലാരന്‍സ്‌ ബ്രൗണ്‍ സംവിധാനം ചെയ്‌ത 'നാഷണല്‍ വെല്‍വെറ്റ്‌' (1944), കരോള്‍ ബല്ലാഡ്‌ സംവിധാനം ചെയ്‌ത 'ദ ബ്ലാക്ക്‌ സ്റ്റാലിയന്‍' (1979).
കെയ്‌റ്റിയുടെ കുതിരക്കമ്പം മാത്രമല്ല ഫ്‌ളിക്ക'യില്‍ വിഷയമാകുന്നത്‌. കെയ്‌റ്റിയുടെ മനക്കരുത്തും ആഗ്രഹിച്ചത്‌ നേടാനുള്ള പോരാട്ടവുമാണ്‌ ഈ ചിത്രത്തെ ചടുലമാക്കി നിര്‍ത്തുന്നത്‌. കെയ്‌റ്റിക്ക്‌ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതു ബിരുദത്തിലൊതുങ്ങുന്നതല്ല. ഊര്‍ജസ്വലമായ ഒരു യുവത്വമാണ്‌ അവള്‍ സ്വപ്‌നം കണ്ടത്‌. വന്യതയിലും അവള്‍ 'ഫ്‌ളിക്ക'യെന്ന പ്രിയങ്കരിയെ കണ്ടെത്തുന്നു. അവളെ സ്വന്തമാക്കാന്‍ കുടുംബത്തോടുതന്നെ പൊരുതുന്നു.

അച്ഛനും മക്കളും തമ്മിലുള്ള ആശയസംഘട്ടനത്തെ നിയന്ത്രിച്ച്‌ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്‌ തോട്ടക്കാരിയായ അമ്മ നെല്‍ ആണ്‌. അവര്‍ക്ക്‌ ഭര്‍ത്താവിനെ അറിയാം, മക്കളെയും അറിയാം. കാര്‍ക്കശ്യത്തിനു പിന്നിലും റോബിന്റെ മനസ്സ്‌ മക്കളോടുള്ള സ്‌നേഹം കൊണ്ട്‌ സമ്പന്നമാണെന്ന്‌ നെല്ലിനറിയാം. വാശിയുടെ കാര്യത്തില്‍ ഭര്‍ത്താവും മകളും ഒരുപോലെയാണെന്ന്‌ നെല്ലിനു ബോധ്യമുണ്ട്‌. ഇരുവരും തോല്‍ക്കാതിരിക്കാന്‍ നെല്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതുകാണാം. മക്കളെക്കുറിച്ചുള്ള അതിരുകടന്ന കരുതലാണ്‌ അച്ഛനെ വാശിക്കാരനാക്കുന്നതെന്ന്‌ അവര്‍ കെയ്‌റ്റിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്‌. കാട്ടുകുതിരകള്‍ അപകടകാരികളാണെന്ന്‌ മറ്റാരെക്കാളും അറിയാവുന്നയാളാണ്‌ റോബ്‌. ''ഇനി മുതല്‍ അങ്ങ്‌ എന്റെ അച്ഛനല്ല'' എന്ന്‌ കെയ്‌റ്റി രോഷം കൊണ്ടിട്ടുപോലും അയാള്‍ വഴങ്ങാതിരുന്നത്‌ ഈ കാരണത്താലാണ്‌. കെയ്‌റ്റിയെപ്പോലെത്തന്നെ ഫ്‌ളിക്കയും ഒരു പോരാളിയാണെന്ന്‌ അവര്‍ ഭര്‍ത്താവിനോട്‌ പറയുന്നുണ്ട്‌. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന്‌ കെയ്‌റ്റിയും ഫ്‌ളിക്കയും പൊരുതിക്കയറുകയാണ്‌.

കെയ്‌റ്റിയുടെ വാക്കുകളിലാണ്‌ സിനിമ തുടങ്ങുന്നത്‌. തന്റെ നാടിനെയും അവിടെ സ്വതന്ത്രരായി വിലസുന്ന കുതിരകളെയും പരിചയപ്പെടുത്തിക്കൊണ്ടാണ്‌ തുടക്കം. ആ വാക്കുകളില്‍ നിറയുന്നത്‌ അഭിമാനമാണ്‌, സ്വാതന്ത്ര്യവാഞ്‌ഛയാണ്‌. കുതിച്ചു പായുന്ന കുതിരകളില്‍ നിന്ന്‌ ക്യാമറ നേരെ ചെല്ലുന്നത്‌ കെയ്‌റ്റിയുടെ ക്ലാസ്‌ മുറിയിലേക്കാണ്‌. അവിടെ വാര്‍ഷിക പരീക്ഷ നടക്കുകയാണ്‌. പരീക്ഷ കഴിഞ്ഞു എന്നറിയിച്ചുകൊണ്ടുള്ള മണിമുഴങ്ങുമ്പോഴാണ്‌ കെയ്‌റ്റി സ്വപ്‌നത്തില്‍നിന്നുണരുന്നത്‌. വ്യോമിങ്‌ മലനിരകളും കുതിരകളും അപ്രത്യക്ഷമാകുന്നു. മുന്നില്‍ അധ്യാപകന്‍. അയാള്‍ ഉത്തരക്കടലാസിനു കൈനീട്ടുന്നു. അപ്പോഴാണ്‌ കെയ്‌റ്റി അറിയുന്നത്‌ പരീക്ഷയ്‌ക്ക്‌ താനൊന്നും എഴുതിയിട്ടില്ലെന്ന്‌. ശൂന്യമായ പേപ്പര്‍ അധ്യാപകനു നല്‌കി വിഷണ്ണയായി അവള്‍ പുറത്തു കടക്കുന്നു. അവധിക്കാലമാണ്‌. വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനെത്തിയിട്ടുണ്ട്‌. അവിടെ നിന്ന്‌ ക്യാമറ കെയ്‌റ്റിയുടെ വീട്ടിലേക്ക്‌. കെയ്‌റ്റിയെ സ്വീകരിക്കാന്‍ ആ വീട്‌ ഒരുങ്ങുകയാണ്‌. അവള്‍ എത്തിയതും ആ വീട്‌ ആഹ്ലാദംകൊണ്ട്‌ നിറയുകയാണ്‌. പിറ്റേന്നു കാലത്ത്‌ ഹെഡ്‌മാസ്റ്ററുടെ ഫാക്‌സ്‌ സന്ദേശം വരുന്നതുവരെയേ ഈ ആഹ്ലാദം നീളുന്നുള്ളൂ. പിന്നീട്‌ വരുന്നത്‌ സംഘര്‍ഷത്തിന്റെ നാളുകളാണ്‌. ഒടുവില്‍ ചിത്രമവസാനിക്കുമ്പോള്‍ വിജയാഘോഷത്തിലാണ്‌ എല്ലാവരും. ഫ്‌ളിക്കയുടെ പുറത്തേറി കെയ്‌റ്റി പറക്കുകയാണ്‌. തന്റെ കുതിരവളര്‍ത്തുകേന്ദ്രം റോബ്‌ ആര്‍ക്കും വില്‌ക്കുന്നില്ല. മാത്രവുമല്ല, കാട്ടുകുതിരകള്‍ക്കു കൂടി ഒരു താവളം ഒരുക്കുകയും ചെയ്യുന്നു. ആര്‍ക്കും വേണ്ടാത്ത കാട്ടുകുതിരകള്‍ അവിടെ ഭ്രാന്തമായി, സ്വതന്ത്രമായി പാഞ്ഞുനടക്കുന്നു.

'ഫ്‌ളിക്ക' മാത്രമല്ല, പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുന്ന (തോട്ടത്തിലെത്തുന്ന പെരുമ്പാമ്പിനെ എടുത്ത്‌ പേരു ചൊല്ലി വിളിച്ച്‌ നെല്‍ മുത്തം കൊടുക്കുന്ന രംഗം ഓര്‍ക്കുക) ഒരു കുടുംബം കൂടി ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നിറയുന്നുണ്ട്‌.

1 comment:

ശ്രീ said...

വളരെ മണോഹരമായ വിവരണം.

ഈ ചിത്രം കാണേണ്ട ഒന്നു തന്നെ.
:)