Wednesday, January 14, 2009

വേട്ടക്കാരും ഇരകളും

ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള എഴുന്നൂറോളം ചേരികള്‍ കേന്ദ്രീകരിച്ച്‌ വിളയാടുന്ന അധോലോക സംഘങ്ങളും അവരുടെ ചോരക്കളിയും സിനിമയ്‌ക്ക്‌ വീണ്ടും വിഷയമായിരിക്കുന്നു. ജോസ്‌ പദില സംവിധാനം ചെയ്‌ത `എലൈറ്റ്‌ സ്‌ക്വാഡ്‌' എന്ന ബ്രസീലിയന്‍ ചിത്രമാണ്‌ ഈ ഗണത്തിലെ ഒടുവിലത്തെ സിനിമ. ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌', പൗലോ മൊറെല്ലി സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ മെന്‍' എന്നീ ബ്രസീലിയന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായി `എലൈറ്റ്‌ സ്‌ക്വാഡി'നെ വിശേഷിപ്പിക്കാം. 2008ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' എലൈറ്റ്‌ സ്‌ക്വാഡിനായിരുന്നു. ബ്രസീലില്‍ ഈ ചിത്രം വന്‍ ഹിറ്റായിരുന്നു.��1997ല്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍െറ ബ്രസീല്‍ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തിലാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ രചന. റിയോവിലെ കുപ്രസിദ്ധ ചേരിക്കടുത്തുള്ള ബിഷപ്പിന്‍െറ വസതിയിലായിരുന്നു മാര്‍പാപ്പയുടെ വിശ്രമം. നിലയ്‌ക്കാത്ത വെടിയൊച്ചയില്‍ നിന്ന്‌ മാര്‍പാപ്പയുടെ സന്ദര്‍ശന ദിവസങ്ങളിലെങ്കിലും റിയോനഗരത്തെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചു. അത്‌ നടപ്പാക്കാന്‍ പോലീസിലെ ഒരു പ്രത്യേക വിഭാഗത്തെത്തന്നെ നിയോഗിച്ചു. ഈ പ്രത്യേക പോലീസിന്‍െറ ആക്‌ഷനും അതിനു നേതൃത്വം നല്‌കുന്ന ഓഫീസറുടെ ധര്‍മസങ്കടങ്ങളുമാണ്‌ 115 മിനിറ്റുള്ള ഈ ചിത്രം പറയുന്നത്‌.
റിയോനഗരത്തിലെ പന്ത്രണ്ട്‌ പോലീസുദ്യോഗസ്ഥരും ഒരു സൈക്യാട്രിസ്റ്റും നല്‌കിയ വിവരങ്ങളാണ്‌ തിരക്കഥയ്‌ക്ക്‌ അടിസ്ഥാനം. ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥനും `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ തിരക്കഥാകൃത്തായ ബ്രോജിയോ മന്‍േറാവനിയും ചേര്‍ന്നാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ തിരക്കഥ തയ്യാറാക്കിയത്‌. ഡോക്യുമെന്‍ററിയാക്കാനായിരുന്നു ആദ്യം ജോസ്‌ പദില പരിപാടിയിട്ടിരുന്നത്‌. തന്‍െറ ജീവന്‍ പോലും അപകടത്തിലായേക്കുമെന്ന്‌ മനസ്സിലാക്കി പിന്നീടദ്ദേഹം ഫീച്ചര്‍ സിനിമയാക്കി മാറ്റുകയാണുണ്ടായത്‌.

ആദ്യത്തെ രണ്ട്‌ സിനിമകളിലേതുപോലെ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ ചിത്രത്തിലില്ല. ഇവിടെ പോലീസാണ്‌ മേല്‍ക്കൈ നേടുന്നത്‌. പോലീസ്‌ വേട്ടക്കാരും അധോലോക സംഘം ഇരകളുമായി മാറുകയാണ്‌.

രാഷ്ട്രീയക്കാരുടെയും പോലീസിന്‍െറയും തണലിലാണ്‌ ചേരികളിലെ മയക്കുമരുന്നു മാഫിയ വളരുന്നത്‌. മരണഭയമുള്ളവരാണ്‌ പോലീസിലേറെപ്പേരും. എല്ലാ നെറികേടുകള്‍ക്കും അവര്‍ കൂട്ടുനില്‍ക്കും. മാഫിയകളില്‍ നിന്ന്‌ `പടി'പറ്റി അവര്‍ പരസ്‌പരസഹകരണത്തിന്‍െറ വഴിതുറന്നു കൊടുക്കുന്നു. ഈ അവസ്ഥയിലാണ്‌ ഒരു ശുദ്ധികലശത്തിനായി നാസിമെന്‍േറാ എന്ന പോലീസ്‌ ഓഫീസര്‍ അവിടെ എത്തുന്നത്‌. അഴിമതിക്ക്‌ എതിരാണ്‌ നാസിമെന്‍േറാ. പരിശീലനകാലത്തുതന്നെ അയാള്‍ ഓരോരുത്തരെയും കര്‍ശനമായി നിരീക്ഷിക്കും. അഴിമതിക്കാരാണെന്നു കണ്ടാല്‍ പോലീസില്‍നിന്ന്‌ പറഞ്ഞുവിടും.

മാര്‍പാപ്പയുടെ `സുഖനിദ്ര' നാസിമെന്‍േറായുടെ ചുമലിലാണ്‌ വീഴുന്നത്‌. അതോടെ, നാസിമെന്‍േറായുടെ ഉറക്കം നഷ്‌ടപ്പെടുന്നു. അയാളുടെ ഭാര്യ പൂര്‍ണഗര്‍ഭിണിയാണ്‌. കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണ സ്‌ത്രീയാണവര്‍. രാത്രി വൈകിയെത്തി അതിരാവിലെ വീണ്ടും മാഫിയ വേട്ടക്കിറങ്ങുന്ന നാസിമെന്‍േറാവിന്‌ തന്‍െറ ജീവിതത്തെപ്പറ്റി ഒരുറപ്പും നല്‌കാനാവുന്നില്ല. എങ്കിലും, ഔദ്യോഗികജീവിതത്തിന്‍െറ കാഠിന്യം അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. സ്വസ്ഥമായ ഒരു കുടുംബജീവിതം അയാളും കൊതിക്കുന്നു. പ്രത്യേക പരിശീലനം നേടിയ നൂറ്‌ ചെറുപ്പക്കാരാണ്‌ ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ സേനയിലുള്ളത്‌. ഇവരില്‍നിന്ന്‌ മിടുക്കനും പ്രാപ്‌തനുമായ ഒരാളെ തന്‍െറ പിന്‍ഗാമിയായി കണ്ടെത്തണം. എന്നിട്ടുവേണം വിശ്രമമില്ലാത്ത കഠിനജീവിതത്തില്‍നിന്ന്‌ പിന്മാറാന്‍.

പകരക്കാരനെ കണ്ടെത്താനുള്ള നാസിമെന്‍േറായുടെ ശ്രമങ്ങളാണ്‌ ഈ `പോലീസ്‌ സ്റ്റോറി'യെ വ്യത്യസ്‌തമാക്കുന്നത്‌. മകന്‍െറ ജനനത്തോടെ നാസിമെന്‍േറാ തന്‍െറ ലക്ഷ്യപ്രാപ്‌തിക്കായി പ്രയത്‌നനം തുടങ്ങുന്നു. ഔദ്യോഗിക ജീവിതത്തിന്‍െറ സമ്മര്‍ദങ്ങളും കുടുംബജീവിതത്തോടുള്ള അഭിനിവേശവും അയാളില്‍ സംഘര്‍ഷമായി വളരുകയാണ്‌. മാഫിയകളെ നിര്‍ദാക്ഷിണ്യം വേട്ടയാടുകയും ഒപ്പം തന്‍െറ കര്‍ക്കശമായ വഴിയിലേക്ക്‌ ഒരു പകരക്കാരനെ കൊണ്ടുവരികയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ്‌ നാസിമെന്‍േറാ സ്വീകരിക്കുന്നത്‌. പകരക്കാരായി രണ്ട്‌ ഉശിരന്മാരെയാണ്‌ അയാള്‍ കണ്ടുവെക്കുന്നത്‌. പുതുതായി സേനയില്‍ ചേര്‍ന്ന നാറ്റോ, മത്യാസ്‌ എന്നിവരാണവര്‍. രണ്ടുപേരും കളിക്കൂട്ടുകാരാണ്‌. നാറ്റോ അല്‌പം ചൂടനാണ്‌. ചിന്തിക്കും മുന്‍പ്‌ പ്രവര്‍ത്തിച്ചുകളയും. മത്യാസ്‌ അങ്ങനെയല്ല. ചേരിയില്‍നിന്നാണവന്‍െറ വരവ്‌. റിയോവിലെ മികച്ച ലോകോളേജില്‍ പഠിക്കുകയാണവന്‍. എടുത്തുചാട്ടക്കാരനല്ല. നിയമസംരക്ഷകരാണ്‌ പോലീസും അഭിഭാഷകരും എന്നു വിശ്വസിക്കുന്നവനാണ്‌ മത്യാസ്‌. അവന്‌ ഒരാദര്‍ശലോകമുണ്ട്‌. സൂക്ഷ്‌മനിരീക്ഷണങ്ങളിലൂടെയും കടുപ്പമേറിയ പരീക്ഷണങ്ങളിലൂടെയും നാസിമെന്‍േറാ ഒടുവില്‍ മത്യാസിനെയാണ്‌ പകരക്കാരനായി തിരഞ്ഞെടുക്കുന്നത്‌.

വെടിയൊച്ച നിലയ്‌ക്കാത്ത റിയോ നഗരമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. `സിറ്റി ഓഫ്‌ മെന്നി'ലാകട്ടെ ചേരികളിലെ ചെറുപ്പക്കാരുടെ അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ നിറഞ്ഞുനിന്നത്‌. പ്രമേയഘടനയില്‍ `സിറ്റി ഓഫ്‌ ഗോഡി'ന്‌ അടുത്തു നില്‍ക്കുന്നു `എലൈറ്റ്‌ സ്‌ക്വാഡ്‌'. നാസിമെന്‍േറായുടെ വീക്ഷണത്തിലാണ്‌ സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്‌. മാര്‍പാപ്പയുടെ സന്ദര്‍ശനം സുഗമമാക്കാനും ഒപ്പം തന്‍െറ വ്യക്തിപരമായ ആഗ്രഹം സഫലമാക്കാനുമാണ്‌ അയാള്‍ യത്‌നനിക്കുന്നത്‌. തിരക്കഥയെ ഇങ്ങനെ രണ്ട്‌ സമാന്തര സംഭവങ്ങളിലൂടെ കൊണ്ടുപോവുകയാണ്‌ സംവിധായകന്‍. നാസിമെന്‍േറായാണ്‌ കഥ പറയുന്നത്‌. അയാളുടെ പക്ഷത്താണ്‌ സംവിധായകന്‍ നിലയുറപ്പിക്കുന്നത്‌. നാസിമെന്‍േറായുടെ കാഴ്‌ചപ്പാടുകള്‍ക്കുമാത്രമാണ്‌ ഇവിടെ പ്രസക്തി. അയാള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്‌ ക്യാമറ.മികച്ച സിനിമ എന്ന ഗണത്തില്‍പ്പെടുത്താനാവാത്ത `എലൈറ്റ്‌ സ്‌ക്വാഡ്‌' പലയിടത്തും ഡോക്യുമെന്‍ററിയുടെ സ്വഭാവം കാണിക്കുന്നു. സംഭാഷണങ്ങളിലുടനീളം പോലീസിന്‍െറയും തെരുവുഗുണ്ടകളുടെയും വൃത്തികെട്ട ഭാഷയാണ്‌ ഉപയോഗിക്കുന്നത്‌. ബ്രസീലിയന്‍ പോലീസിന്‍െറ കര്‍ക്കശമായ പരിശീലനവും ക്രൂരമായ മര്‍ദന മുറകളും ദൃശ്യങ്ങളില്‍ വന്നുനിറയുന്നു. ഭരണവര്‍ഗത്തിന്‍െറ പിണിയാളുകളായ പോലീസിനെ ഒരഭിജാത വിഭാഗമാക്കി മാറ്റി അതിക്രമങ്ങള്‍ക്ക്‌ വെള്ളപൂശുകയാണ്‌ സംവിധായകന്‍ എന്ന വിമര്‍ശം ഈ ചിത്രത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌. `ബസ്‌ 174' എന്ന ഡോക്യുമെന്‍ററിയിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച ജോസ്‌പദിലക്ക്‌ വഴിതെറ്റുന്നുവോ എന്ന്‌ ചിലര്‍ ശങ്കിക്കുന്നു (ഒരു ബസ്‌റാഞ്ചിയുടെ അനുഭവത്തിലൂടെ റിയോ ഡി ജനീറോവിലെ ദാരിദ്ര്യവും തെരുവുജീവിതവും അനാവരണം ചെയ്‌ത `ബസ്‌ 174' ഏറെ പ്രശംസ നേടിയിരുന്നു).

3 comments:

T Suresh Babu said...

ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള എഴുന്നൂറോളം ചേരികള്‍ കേന്ദ്രീകരിച്ച്‌ വിളയാടുന്ന അധോലോക സംഘങ്ങളും അവരുടെ ചോരക്കളിയും സിനിമയ്‌ക്ക്‌ വീണ്ടും വിഷയമായിരിക്കുന്നു. ജോസ്‌ പദില സംവിധാനം ചെയ്‌ത `എലൈറ്റ്‌ സ്‌ക്വാഡ്‌' എന്ന ബ്രസീലിയന്‍ ചിത്രമാണ്‌ ഈ ഗണത്തിലെ ഒടുവിലത്തെ സിനിമ.

പയ്യന്‍സ് said...

ഈ ബ്ലോഗ്‌ കൊള്ളാമല്ലോ സുരേഷേട്ടന്റെ കോളം പോലെയുണ്ടല്ലോ എന്നൊക്കെ കരുതി നോക്കുമ്പോളുണ്ട്‌ ആള്‍ സുരേഷേട്ടന്‍ തന്നെ!! വളരെ സന്തോഷം..

ബിജു സി.പി.
മാതൃഭൂമി ആരോഗ്യമാസിക

Siju | സിജു said...

സിറ്റി ഓഫ് ഗോഡ് വാങ്ങിവെച്ചിട്ടുണ്ട്. ഇതു വരെ കാണാനൊത്തില്ല. സിറ്റി ഓഫ് മെന്‍ അന്ന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഇനി ഇതു കൂടി ചേര്‍ത്തന്ന്വേഷിക്കാം.