Friday, February 20, 2009

ചിറകരിഞ്ഞ പട്ടം

സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു ജനതയെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട്‌ രണ്ട്‌ ആത്മസുഹൃത്തുക്കളുടെ അടുപ്പത്തിന്‍െറയും വഴി പിരിയലിന്‍െറയും കഥപറയുകയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍' എന്ന ഹോളിവുഡ്‌ ചിത്രം. പ്രശസ്‌ത അഫ്‌ഗാന്‍ എഴുത്തുകാരനായ ഖാലിദ്‌ ഹൊസ്സീനിയുടെ `ദ കൈറ്റ്‌ റണ്ണര്‍' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്കാധാരം. 34 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ കൃതി 80 ലക്ഷം കോപ്പികള്‍ വിറ്റിട്ടുണ്ട്‌. നോവലിലെ റഷ്യന്‍, താലിബാന്‍ വിരുദ്ധ വികാരങ്ങളാവണം ഹോളിവുഡിനെ ആകര്‍ഷിച്ചത്‌.

1978 മുതല്‍ 2000 വരെയുള്ള അഫ്‌ഗാനിസ്‌താനാണ്‌ സിനിമയുടെ പശ്ചാത്തലം. 1979-ലെ സോവിയറ്റ്‌ആക്രമണവും പിന്നീടുവന്ന താലിബാന്‍ ഭരണവും ഒരുപോലെ വിമര്‍ശനത്തിനു വിധേയമാകുന്നു. പട്ടം പറപ്പിക്കുന്നതുപോലും നിരോധിച്ച ഒരു കാലഘട്ടത്തെക്കുറിച്ചാണ്‌ ഈ സിനിമ കൂടുതലായും വേവലാതിപ്പെടുന്നത്‌. കാറ്റിന്‍െറ തലോടലേറ്റ്‌, മൂളിപ്പാട്ടോടെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറക്കാന്‍ വെമ്പുന്ന ഇതിലെ വര്‍ണപ്പട്ടങ്ങള്‍ മത്സരബുദ്ധിയുടെ മാത്രം ചിഹ്നമല്ല. ഒരു ജനതയുടെ ജീവിതരീതിയുടെ, ആത്മാഭിമാനത്തിന്‍െറ, സ്വാതന്ത്ര്യ മോഹത്തിന്‍െറ കൂടി അടയാളമാണ്‌.


അമീര്‍ജാന്‍ എന്ന യുവ എഴുത്തുകാരന്‍െറ സങ്കീര്‍ണ മനസ്സിലൂടെയുള്ള യാത്രയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍'. പട്ടത്തിന്‍െറ ചിറകരിഞ്ഞ ഭൂതകാലത്തിലേക്കാണ്‌ അമീര്‍ ജാന്‍െറ മടക്കയാത്ര. സോവിയറ്റ്‌ ആക്രമണകാലത്ത്‌ അഫ്‌ഗാനിസ്‌താനില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ രക്ഷപ്പെട്ട ബിസിനസ്സുകാരന്‍ ആഗാസാഹിബിന്‍െറ മകനാണ്‌ അമീര്‍. പന്ത്രണ്ടാം വയസ്സിലാണ്‌ അമീര്‍ അമേരിക്കയിലെത്തുന്നത്‌. തങ്ങളുടെ വേലക്കാരന്‍െറ മകനായ ഹസ്സനായിരുന്നു അമീറിന്‍െറ ഉറ്റസുഹൃത്ത്‌. ഹസ്സന്‍ നിരക്ഷരനായിരുന്നു. എങ്കിലും സേ്‌നഹസമ്പന്നന്‍. അമീറിനെ അവനു ജീവനായിരുന്നു. പട്ടം പറത്തലില്‍ കേമനായിരുന്നു ഹസ്സന്‍. കാബൂളില്‍ നടന്ന പട്ടം പറത്തല്‍ മത്സരത്തില്‍ അമീറിനു ജേതാവാകാന്‍ കഴിഞ്ഞത്‌ ഹസ്സന്‍െറ പിന്തുണകൊണ്ടാണ്‌. മത്സരം നടന്ന ദിവസം ഹസ്സനെ ചില തെമ്മാടിപ്പയ്യന്മാര്‍ അപമാനിക്കുന്നു. ഭീരുവായ അമീറാകട്ടെ സുഹൃത്തിനെ രക്ഷിക്കാനോ സമാശ്വസിപ്പിക്കാനോ ശ്രമിക്കുന്നില്ല. ഈ കുറ്റബോധവും ഹസ്സനോടുള്ള തന്‍െറ പിതാവിന്‍െറ മമതയും അമീറിനെ ഹസ്സനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നു. മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഹസ്സന്‍ പിതാവിനോടൊപ്പം അമീറിന്‍െറ വീട്‌ വിട്ടു പോകുന്നു. അവനെ പിന്നീടൊരിക്കലും അമീര്‍ കാണുന്നില്ല.

അമീറിനെ ഡോക്ടറാക്കാനായിരുന്നു പിതാവിന്‍െറ ആഗ്രഹം. പക്ഷേ, എഴുത്തുകാരനാകാനാണ്‌ അമീര്‍ കൊതിച്ചത്‌. കുട്ടിക്കാലത്തേ അശാന്തമായിരുന്നു അവന്‍െറ മനസ്സ്‌. സമയം കിട്ടുമ്പോഴൊക്കെ അവന്‍ കഥകള്‍ കുറിച്ചിടുമായിരുന്നു. ഒരു അഫ്‌ഗാന്‍ പെണ്‍കുട്ടിയെ അവന്‍ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നു. തന്‍െറ പുസ്‌തകം പ്രസിദ്ധീകരിച്ച ദിവസം അവനൊരു ഫോണ്‍ വരുന്നു. പിതാവിന്‍െറ ഉറ്റ സുഹൃത്ത്‌ റഹിംഖാനാണ്‌ വിളിക്കുന്നത്‌. അയാളിപ്പോള്‍ പാകിസ്‌താനിലാണ്‌. തന്നെ ഉടനെ വന്നുകാണണം എന്നായിരുന്നു ഫോണ്‍. ഹസ്സനും ഭാര്യയും താലിബാന്‍കാരുടെ വെടിയേറ്റു മരിച്ചതായി റഹിംഖാന്‍ അറിയിക്കുന്നു. ഹസ്സന്‍െറ മകന്‍ കാബൂളില്‍ ഒരനാഥാലയത്തിലാണ്‌. തന്‍െറ പിതാവിന്‌ വേലക്കാരന്‍െറ ഭാര്യയില്‍ ജനിച്ച കുഞ്ഞാണ്‌ ഹസ്സന്‍ എന്ന സത്യം മനസ്സിലാക്കുന്ന അമീര്‍ ഹസ്സന്‍െറ മകനെ രക്ഷപ്പെടുത്തി അമേരിക്കയ്‌ക്ക്‌ കൊണ്ടുപോകുന്നു.

അഫ്‌ഗാന്‍ ജനത കടന്നുപോയ ഇരുണ്ട ഒരു കാലഘട്ടം അനാവരണം ചെയ്യുന്ന `ദ കൈറ്റ്‌ റണ്ണറി'നെ കഴിഞ്ഞകൊല്ലത്തെ നല്ല ചിത്രങ്ങളിലൊന്നായാണ്‌ ചില നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. 2007-ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ ചിത്രം.


സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ട്‌ അധിനിവേശത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഹസ്സന്‍ എന്ന കഥാപാത്രമാണ്‌ നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുക. വളരെവേഗം അപ്രത്യക്ഷനാകുന്ന ഈ കഥാപാത്രത്തിന്‍െറ സാന്നിധ്യം സിനിമയില്‍ എപ്പോഴുമുണ്ട്‌. കാബൂളിലെ തെരുവുകളില്‍ വീണ്ടും പൂക്കള്‍ വിടരുന്നതും ഗൃഹസദസ്സുകളില്‍ സംഗീതം അലയടിക്കുന്നതും ആകാശത്ത്‌ പട്ടങ്ങള്‍ പാറിനടക്കുന്നതും അവന്‍ സ്വപ്‌നം കാണുന്നു. അതിരുകളില്ലാത്ത ഒരു സ്വതന്ത്രലോകമായിരുന്നു അവന്‍െറ സ്വപ്‌നം.

എവരിതിങ്‌ പുട്ട്‌ ടുഗെദര്‍', `മോണ്‍സ്റ്റേഴ്‌സ്‌ ബോള്‍', ``ഫൈന്‍ഡിങ്‌ നെവര്‍ലാന്‍ഡ്‌' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മാര്‍ക്‌ ഫോസ്റ്ററാണ്‌ `കൈറ്റ്‌ റണ്ണറി'ന്‍െറ സംവിധായകന്‍. (ഏറ്റവും പുതിയ ജയിംസ്‌ ബോണ്ട്‌ ചിത്രമായ `ക്വാണ്ടം ഓഫ്‌ സോളസും' ഫോസ്റ്ററാണ്‌ സംവിധാനം ചെയ്യുന്നത്‌.) 122 മിനിറ്റു നീണ്ട `ദ കൈറ്റ്‌ റണ്ണര്‍' സെന്‍റിമെന്‍റ്‌സും അതിരുവിട്ട വര്‍ണനയും കാരണം കുറച്ചൊക്കെ നിറംകെട്ടുപോയിട്ടുണ്ട്‌. സുഹൃത്തിന്‍െറ മകനെത്തേടി അമീര്‍ കാബൂളിലേക്കു നടത്തുന്ന യാത്രയിലും അവിടെനിന്നുള്ള തിരിച്ചുവരവിലും അവിശ്വസനീയതയും വാചാലതയും ദൃശ്യമാണ്‌. ഹോളിവുഡ്‌ ശീലങ്ങളില്‍നിന്നു രക്ഷപ്പെടാനായിട്ടില്ല സംവിധായകന്‌.

1 comment:

T Suresh Babu said...

രണ്ട്‌ ആത്മസുഹൃത്തുക്കളുടെ അടുപ്പത്തിന്‍െറയും വഴി പിരിയലിന്‍െറയും കഥപറയുകയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍' എന്ന ഹോളിവുഡ്‌ ചിത്രം. പ്രശസ്‌ത അഫ്‌ഗാന്‍ എഴുത്തുകാരനായ ഖാലിദ്‌ ഹൊസ്സീനിയുടെ `ദ കൈറ്റ്‌ റണ്ണര്‍' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്കാധാരം.