Saturday, June 28, 2014

അടിമയുടെ 12 വർഷം


അമേരിക്കയിലെ കരിമ്പിൻ തോട്ടങ്ങളിലും 
പരുത്തിപ്പാടങ്ങളിലും മാടുകളെപ്പോലെ പണിയെടുത്തിരുന്ന  
അടിമകളായ കറുത്ത വർഗക്കാരുടെ വിമോചനത്തിന്റെ
 വീരഗാഥയാണ് സംവിധായകൻ സ്റ്റീവ് മക്വീനിന്റെ 
 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് '  എന്ന ഹോളിവുഡ് സിനിമ 



1841.ന്യൂയോർക്കിലെ സരട്ടോഗ. സോളമൻ നോർത്തപ്പ് എന്ന വയലിൻ വാദകന്റെ  ജീവിതഗതി മാറുന്നത് ഇവിടെ വെച്ചാണ്. ഹാമിൽട്ടൺ, ബ്രൗൺ എന്നീ വെള്ളക്കാരുടെ മോഹനവാഗ്ദാനമാണ് സോളമനെ ചതിച്ചത്. ഭാര്യ എലൈസയും രണ്ടു മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു അയാൾ. അതിനിടയ്ക്കാണ് അയാൾ ചതിയിൽ വീഴുന്നത്. ഒരു സർക്കസ് കമ്പനിയിൽ വയലിനിസ്റ്റിന്റെ ഒഴിവുണ്ടെന്നു പറഞ്ഞാണ് സോളമനെ വാഷിങ്ടണിലേക്ക് ക്ഷണിക്കുന്നത്. ഒരു ദിവസം ഒരു ഡോളർ കൂലി. രാത്രി ഷോയുണ്ടെങ്കിൽ  മൂന്നു ഡോളർ വേറെ. പക്ഷേ,  സോളമൻ സർക്കസ് കമ്പനിയിലല്ല എത്തിയത്. അടിമകളെ വിലക്കെടുക്കുന്ന ഒരാൾക്ക് ഹാമിൽട്ടണും ബ്രൗണും സോളമനെ വിൽക്കുകയായിരുന്നു. ഇരുട്ടുമുറിയിൽ ചങ്ങലയിൽ കിടക്കുന്ന സോളമനെയാണ് പിന്നീട് നമ്മൾ കാണുന്നത്. താൻ സ്വതന്ത്ര മനുഷ്യനാണെന്ന സോളമന്റെ വിലാപം ആ ഇരുട്ടുമുറിയിൽ ആരും കേൾക്കാതെ അമർന്നുപോയി. ജോർജിയയിൽ നിന്ന് ഓടിപ്പോന്ന അടിമയായി സോളമൻ മുദ്രകുത്തപ്പെട്ടു. അയാളുടെ സ്വന്തം പേർ വിസ്മൃതിയിലാണ്ടു. പകരം, പുതിയൊരു പേർ  ചാർത്തി നൽകി. പഌറ്റ്. 12 വർഷമാണ് പഌറ്റ് എന്ന പേരുംപേറി സോളമൻ നോർത്തപ്പ് ദുരിതജീവിതം നയിച്ചത്. കലാകാരനെന്നല്ല, ഒരു മനുഷ്യനായിപ്പോലും അയാൾക്ക് അംഗീകാരം കിട്ടിയില്ല. ഭാര്യയെയും മക്കളെയും അയാളിൽ നിന്നകറ്റി. ഒരു കന്നുകാലിയുടെ ജീവിതമാണ് അയാൾ 12 വർഷം ജീവിച്ചുതീർത്തത്. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ കടന്നുപോയ 12 വർഷങ്ങൾ. ഇരുളിൽ നിന്ന് വീണ്ടും വെളിച്ചത്തിലേക്ക് വരുന്ന സോളമൻ നോർത്തപ്പിന്റെ ജീവിതരേഖയാണ് റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് (Twelve years a slave  ) എന്ന ഹോളിവുഡ് സിനിമ. 
 
കറുത്ത വർഗക്കാരനായ ബ്രിട്ടീഷ് സംവിധായകൻ സ്റ്റീവ് മക്വീനിന് അടിമജീവിതം പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കേണ്ട അദ്ഭുതകഥകളല്ല. ഓർമ വെച്ച നാൾ മുതൽ  അദ്ദേഹം കേട്ടുതുടങ്ങിയതാണ് തന്റെ മുൻതലമുറയുടെ നരകജീവിതം. നെഞ്ചിലും മുതുകിലും ഒരു ഭാരം പോലെ അതെപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കരിമ്പിൻ തോട്ടങ്ങളിലും പരുത്തിപ്പാടങ്ങളിലും ആരുമറിയാതെ ചത്തൊടുങ്ങിയ ആയിരക്കണക്കിനു മനുഷ്യർ. അവരെക്കുറിച്ച് സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചിട്ട് കാലമേറെയായി. ഒരിക്കൽ ഭാര്യയാണ് ചോദിച്ചത് എന്തുകൊണ്ട് യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഈ സിനിമയെടുത്തുകൂടാ എന്ന്. ഭാര്യ തന്നെയാണ് സോളമൻ നോർത്തപ്പ് എന്ന മുൻ അടിമ എഴുതിയ ആത്മകഥ തിരഞ്ഞുപിടിച്ചത്. 1853ൽ പ്രസിദ്ധീകരിച്ച 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് ' എന്ന പുസ്തകത്തിന്റെ ഇതിഹാസ മാനമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് സ്റ്റീവ് മക്വീൻ പറയുന്നു.  അടിമസമ്പ്രദായത്തിന്റെ വിശദാംശങ്ങൾ, അതിജീവനത്തിനായുള്ള മനുഷ്യന്റെ തളരാത്ത പോരാട്ടം,  കടുത്ത ജീവിതസാഹചര്യങ്ങളിലും കൈവിടാത്ത മാനവികത-ഇതെല്ലാമുണ്ട്  സോളമന്റെ അനുഭവസാക്ഷ്യത്തിൽ. 
    കർഷകനും വയലിനിസ്റ്റുമായ സോളമൻ 32ാമത്തെ വയസ്സിലാണ്  അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സരട്ടോഗ പട്ടണത്തിലായിരുന്നു അയാളും കുടുംബവും.  വിമോചിതനാക്കപ്പെട്ട അടിമയായിരുന്നു സോളമന്റെ പിതാവ്. അടിമ സമ്പ്രദായം നിലനിന്നിരുന്ന വാഷിങ്ടണിലേക്കാണ് സോളമനെ രണ്ടുപേർ സൂത്രത്തിൽ കൊണ്ടുപോയത്. 1853 ജനവരി മൂന്നിനാണ്  അദ്ദേഹം സ്വതന്ത്രനായത്. അപ്പോഴേക്കും യാതനാജീവിതം 12 വർഷം പിന്നിട്ടിരുന്നു.  തന്റെ അനുഭവം പുറംലോകത്തെത്തിക്കുകയാണ് സോളമൻ ആദ്യം ചെയ്തത്. വിമോചിതനായ കൊല്ലം  തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. അടിമസമ്പ്രദായത്തിനെതിരെ പ്രചരണം നടത്താനാണ് സോളമൻ തന്റെ ശിഷ്ടജീവിതം മാറ്റിവെച്ചത്. 1864 ൽ 55ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. തൊട്ടടുത്ത വർഷം അമേരിക്കയിൽ എബ്രഹാം ലിങ്കൺ അടിമസമ്പ്രദായം എന്നെന്നേക്കുമായി  നിരോധിച്ചു.
   നാല്പത്തിനാലുകാരനായ സ്റ്റീവ് മക്വീനിന്റെ മൂന്നാമത്തെ ഫീച്ചർ സിനിമയാണ് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് '.  2008 ൽ ഇറങ്ങിയ  'ഹംഗർ' സ്റ്റീവിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 'ഹംഗറും' യഥാർഥ സംഭവത്തെ ആശ്രയിച്ചുള്ള ചിത്രമായിരുന്നു. വടക്കൻ അയർലൻഡിലെ ബൽഫാസ്റ്റിലുള്ള മാസെ ജയിലിൽ ഗാന്ധിയൻ മാതൃകയിൽ 66 ദിവസം ഉപവാസം കിടന്ന് രക്തസാക്ഷിയായ ബോബി സാൻഡ്‌സിന്റെ ഇതിഹാസ ജീവിതമാണ് 'ഹംഗർ' പകർത്തിയത്. ഐറിഷ് റിപ്പബഌക്കൻ ആർമി നേതാവായിരുന്നു ബോബി സാൻഡ്‌സ്. 1981ൽ 27ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയത്തടവുകാർക്കുള്ള അവകാശങ്ങൾക്കുവേണ്ടി ശരീരത്തെ സമരായുധമാക്കി പൊരുതി വീരമൃത്യു വരിച്ചത്. 'ഷെയിം' എന്ന രണ്ടാമത്തെ സിനിമയും ശ്രദ്ധിക്കപ്പെട്ടു. ലൈംഗികാസക്തിയുള്ള   ബ്രാൻഡൻ എന്ന അഡ്വർടൈസിങ് എക്‌സിക്യുട്ടീവിന്റെ ജീവിതമാണ് ഇതിലെ പ്രതിപാദ്യം. 2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വി' നാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ്  സ്റ്റീവ് മക്വീൻ. ഓസ്‌കറിന് തിളക്കം കൂടുന്നത് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ്' പോലുള്ള സാമൂഹികചിത്രങ്ങൾ ആദരിക്കപ്പെടുമ്പോഴാണ്. 
     വളരെ വൈകാരികമായാണ് സംവിധായകൻ ഇതിവൃത്തത്തെ സമീപിക്കുന്നത്. വലിയൊരു ജനത അനുഭവിച്ച യാതനയെ അതിന്റെ എല്ലാ കാഠിന്യത്തോടെയും ചിത്രീകരിക്കുന്നു അദ്ദേഹം. അടിമയുടെ പുറത്ത് പുളഞ്ഞുവീഴുന്ന ഓരോ ചാട്ടവാറടിയുടെയും ശബ്ദം നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലിൽ പ്രാകൃതമായ ഒരു ഭൂതകാലത്തിലേക്കാണ് നമ്മൾ ചെന്നുവീഴുന്നത്.  ചോരയും കണ്ണീരും വീണ കരിമ്പിൻതോട്ടങ്ങളും പരുത്തിപ്പാടങ്ങളും എല്ലാറ്റിനും മൂകസാക്ഷിയായി നിൽക്കുന്നു. ആത്മാഭിമാനം വെടിയാതെ പൊരുതിനിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ എതിർപ്പിന്റെ സ്വരംമാത്രം ഇടയ്ക്ക് നമുക്ക് കേൾക്കാം. 
   
ലൂയിസിയാനയിലെ കരിമ്പിൻതോട്ടത്തിൽ പണിക്കെത്തിയ അടിമകളുടെ ദീനാവസ്ഥയിൽനിന്നാണ് സിനിമ തുടങ്ങുന്നത്. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ അനുഭവങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്.  ഭാര്യയും മക്കളുമായി കഴിഞ്ഞിരുന്ന കാലം. മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിച്ചാണ് അയാൾ സർക്കസ് കമ്പനിയിൽ ചേരാൻ പോകുന്നത്. അതൊരു ചതിയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും സോളമന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരുന്നു. പഌറ്റ് എന്ന അപരനാമത്തിലായി അവിടുന്നങ്ങോട്ട് അയാളുടെ ജീവിതം. എഴുത്തും വായനയും അറിയാമെന്ന വെളിപ്പെടുത്തൽ പോലും അപകടമായിരുന്നു. ഭാര്യയെയും മക്കളെയും കണ്ണെത്താദൂരത്തെ ഏതോ അടിമപ്പാളയത്തിലേക്ക് മാറ്റിയിരുന്നു. എന്നെങ്കിലും ഏതെങ്കിലും രക്ഷകൻ വരുന്നതും കാത്ത് അയാളിരുന്നു. അപ്പോഴും, അനീതിയോട് പൊരുതാനുള്ള ശേഷി അയാൾ ആർക്കും അടിയറ വെച്ചില്ല. മനസ്സിലെ സംഗീതവും അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചു. 
    അടിമക്കച്ചവടം  പാപമല്ലെന്നായിരുന്നു വെള്ളക്കാരുടെ വാദം. അടിമകൾ അവർക്ക് സ്വകാര്യ സ്വത്ത് പോലെയായിരുന്നു. ആ സ്വകാര്യസ്വത്ത് അവർക്ക് എന്തും ചെയ്യാം. തല്ലാം, കൊല്ലാം, ലൈംഗികദാഹം തീർക്കാം, കൂടുതൽ തുക കിട്ടിയാൽ മറ്റുള്ളവർക്ക് വിൽക്കാം. എങ്കിലും, ആ നരാധമന്മാർക്കിടയിലും ഒറ്റപ്പെട്ട നല്ല മനുഷ്യരുണ്ടായിരുന്നു. കാലവും നിയമവും മാറുന്നുണ്ടെന്ന് മനസ്സിലാക്കിയവർ.  കറുത്തവനും മനുഷ്യനാണെന്ന അവരുടെ തിരിച്ചറിവിൽ നിന്നാണ് സോളമൻ നോർത്തപ്പിന്റെ മോചനം സാധ്യമാകുന്നത്. 
      സോളമൻ നോർത്തപ്പ് കഴിഞ്ഞാൽ നമ്മുടെ ശ്രദ്ധനേടുന്ന മറ്റൊരു പ്രധാന കഥാപാത്രം പാറ്റ്‌സി എന്ന യുവതിയാണ്. അടിമക്കച്ചവടക്കാരുടെ ലൈംഗിക അരാജകത്വത്തിന്റെ ഇരയാണവൾ. കഠിനമായി ജോലിയെടുക്കാനും കാമം തീർക്കാനും യജമാനപത്‌നിയുടെ കോപാഗ്‌നി ഏറ്റുവാങ്ങാനും വിധിക്കപ്പെട്ടവൾ. ഏതൊരു ആണിനേക്കാളും പരുത്തി പറിച്ചെടുക്കുന്നുണ്ടവൾ. എന്നിട്ടും, ദേഹം വൃത്തിയാക്കാൻ ഒരു കഷണം സോപ്പുപോലും അവൾക്ക് കിട്ടുന്നില്ല. മറ്റൊരു തോട്ടമുടമയുടെ ഭാര്യയിൽ നിന്ന് സോപ്പ് വാങ്ങാൻ പോയ കുറ്റത്തിനാണ് അവൾ ശിക്ഷിക്കപ്പെടുന്നത്. നഗ്‌നദേഹത്ത് ചാട്ടവാറടിയേറ്റ് അവൾ ബോധമറ്റുവീഴുമ്പോൾ  ക്യാമറാഫ്രെയിമിൽ വെളുത്ത ആ  സോപ്പുകഷണം നമുക്ക് കാണാം. 
     അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട്  സമീപകാല സിനിമകളാണ് 'അമിസ്റ്റഡ് ' (എൗഹീറമല), 'ലിങ്കൺ' എന്നിവ. രണ്ടിന്റെയും സംവിധായകൻ പ്രശസ്തനായ സ്റ്റീവൻ സ്പിൽബർഗാണ്. ലാ അമിസ്റ്റഡ് എന്ന കപ്പലിൽ ക്യൂബയിലെ അടിമച്ചന്തയിലേക്ക് വിൽക്കാൻ കൊണ്ടുപോകുന്ന ആഫ്രിക്കക്കാർ കലാപമുണ്ടാക്കുന്നതും തുടർന്നുള്ള  അവരുടെ മോചനവുമാണ് 1997ൽ ഇറങ്ങിയ 'അമിസ്റ്റഡി'ന്റെ ഇതിവൃത്തം. അടിമസമ്പ്രദായം അവസാനിപ്പിച്ചതിന്റെ പേരിൽ വെടിയേറ്റു മരിച്ച അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതമാണ് 'ലിങ്കൺ' (2012) എന്ന ചിത്രത്തിന്റെ പ്രമേയം.

3 comments:

T Suresh Babu said...

അമേരിക്കയിലെ കരിമ്പിൻ തോട്ടങ്ങളിലും
പരുത്തിപ്പാടങ്ങളിലും മാടുകളെപ്പോലെ പണിയെടുത്തിരുന്ന
അടിമകളായ കറുത്ത വർഗക്കാരുടെ വിമോചനത്തിന്റെ
വീരഗാഥയാണ് സംവിധായകൻ സ്റ്റീവ് മക്വീനിന്റെ
'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് ' എന്ന ഹോളിവുഡ് സിനിമ

Unknown said...

വിലയിരുത്തുന്ന സിനിമകളുടെ ഹൃദയം തൊട്ടറിഞ്ഞ എഴുത്ത്‌, ലളിതമായ ഭാഷ, നല്ല വായനാനുഭവം, വിജ്ഞാനപ്രദം.... വളരെ നന്ദി സർ..

Unknown said...

http://www.malayalamsubtitles.org/2014/10/12-years-slave-2013.html