Friday, February 15, 2008

ചോരപ്പാടങ്ങളില്‍ ഒടുങ്ങുന്ന ബാല്യം

തകര്‍ത്തുപെയ്യന്ന മഴ. ആ മഴയിലൂടെ നീങ്ങുന്ന കനത്ത ബൂട്ടുകള്‍. ഭൂമിയെ ചവിട്ടിഞെരിച്ച്‌ കടന്നുപോകുന്ന ബൂട്ടുകളുടെ ക്ലോസപ്പ്‌. അവര്‍ നമുക്കഭിമുഖമായി വരികയാണ്‌. യന്ത്രത്തോക്കുകള്‍ ഏന്തിയ സൈനികര്‍. തലയ്‌ക്കുപിന്നില്‍ കൈകള്‍കെട്ടി ഏതാനും കുട്ടികളുമുണ്ട്‌ അവര്‍ക്കൊപ്പം. ചവിത എന്ന ചവയും കൂട്ടുകാരുമാണത്‌. എല്ലാവര്‍ക്കും പന്ത്രണ്ട്‌ വയസ്സിനടുത്ത്‌ പ്രായം. ഒരേ ക്ലാസ്സില്‍ പഠിക്കുന്നവര്‍. കളിക്കൂട്ടുകാര്‍. സര്‍ക്കാര്‍ സേനയെ്‌ക്കതിരെ പൊരുതുന്ന ഗറില്ലാസംഘത്തിന്‍െറ ക്യാമ്പില്‍നിന്ന്‌ പിടികൂടിയതാണവരെ. രക്തം വാര്‍ന്നുപോയ മുഖങ്ങള്‍. അവര്‍ മരണമുഖത്തേക്ക്‌ അടുക്കുകയാണ്‌. പെരുമഴയിലും അവര്‍ക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ട്‌. കാലുകളില്‍ വേദന കത്തിപ്പടരുന്നു. അവര്‍ക്കുള്ള മുന്നറിയിപ്പുപോലെ വഴിയിലെ മരക്കൊമ്പില്‍ ഉറ്റ കൂട്ടുകാരന്‍െറ ജഡം ഇളകിയാടുന്നു. ഇവര്‍ തങ്ങളെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന്‌ ചവ പറയുന്നു. ഇപ്പോള്‍, സൈനികരും കുട്ടികളും അകന്നകന്നുപോവുകയാണ്‌. പിറകില്‍നിന്നുള്ള ദൃശ്യമാണ്‌ നമ്മള്‍ കാണുന്നത്‌. ``തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ എന്തിനാണിവര്‍ കൊല്ലുന്നത്‌'' എന്നാണ്‌ ചവയുടെ ചോദ്യം. പ്രേക്ഷക മനസ്സില്‍ ഉല്‍ക്കണ്‌ഠയുടെ തീമഴ തീര്‍ത്ത്‌ `ഇന്നസന്‍റ്‌ വോയ്‌സസ്‌' എന്ന സ്‌പാനിഷ്‌ ചലച്ചിത്രം ഈ ചോദ്യത്തില്‍നിന്നാണ്‌ തുടങ്ങുന്നത്‌. ഏതു സംഘര്‍ഷത്തിലും പ്രധാനമായും ഇരയാകപ്പെടുന്ന കുട്ടികളുടെ ചോദ്യമാണിത്‌. ഒരിക്കലും, ആര്‍ക്കും ഉത്തരം കണ്ടെത്താനാവാത്ത, തീപ്പിടിച്ച ചോദ്യം.
മധ്യ അമേരിക്കയിലെ ചെറിയ രാജ്യങ്ങളിലൊന്നായ എല്‍ സാല്‍വഡോര്‍ ആണ്‌ ഈ സിനിമയുടെ പശ്ചാത്തലം. രാജ്യത്ത്‌, ആഭ്യന്തര യുദ്ധം നടന്ന 1980-കളില്‍നിന്നാണ്‌ `ഇന്നസന്‍റ്‌ വോയ്‌സസി'നുള്ള ഇതിവൃത്തം കണ്ടെത്തിയത്‌. ഇവിടത്തെ ആണ്‍കുട്ടികളുടെ ബാല്യം പന്ത്രണ്ടാം ജന്മദിനത്തില്‍ ഒടുങ്ങുമായിരുന്നു. പന്ത്രണ്ടാം പിറന്നാള്‍ കുട്ടികള്‍ക്കും കുടുംബത്തിനും ആഹ്ലാദിക്കാനുള്ള അവസരമല്ല. അവരുടെ നിഷ്‌കളങ്ക ബാല്യത്തിന്‍െറ വേരറുക്കുന്ന ദിവസമാണന്ന്‌. ഭരണകൂട ഭീകരതയുടെ കഴുകന്‍ കണ്ണുകള്‍ അവരെ എപ്പോഴും നോട്ടമിട്ടുകൊണ്ടിരിക്കും. അതില്‍നിന്ന്‌ കുതറിയോടാന്‍ അവര്‍ക്കാവില്ല.

പന്ത്രണ്ട്‌ തികയുന്ന ദിവസം സൈനികര്‍ സ്‌കൂളിലോ ഗ്രാമത്തിലോ എത്തിയിരിക്കും. നാട്ടുകാര്‍ക്കെതിരെ, സ്വന്തം കുടുംബത്തിനെതിരെ പോരാടാന്‍ അവരെ `കുട്ടിപ്പട്ടാള'ത്തില്‍ ചേര്‍ക്കാനാണ്‌ സൈനികര്‍ എത്തുന്നത്‌. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ ഉറ്റവരെ വിട്ട്‌ അന്യരാജ്യത്തേക്കുള്ള ഒളിച്ചോട്ടം. `കുട്ടിപ്പട്ടാള'ത്തില്‍ ചേരാനാഗ്രഹിക്കാത്തവര്‍ക്ക്‌ ഇതേവഴികളുള്ളൂ. ആണ്‍മക്കളുടെ പന്ത്രണ്ടാം പിറന്നാള്‍ അടുക്കുന്തോറും ഓരോ അമ്മയുടെയും മനസ്സില്‍ കനലാണ്‌. ബാല്യകുതൂഹലങ്ങള്‍ ആസ്വദിച്ചുതീരാതെ, കൗമാരത്തിന്‍െറയും യൗവനത്തിന്‍െറയും ആഹ്ലാദഘോഷങ്ങളറിയാതെ അവരുടെ ജന്മം ഒടുങ്ങുകയാണെന്ന്‌ ആ അമ്മമാര്‍ക്കറിയാം. തെരുവില്‍ അവസാനമില്ലാതെ തുടരുന്ന നിശാനിയമവും അവിടെനിന്നുയരുന്ന വെടിയൊച്ചയും പിളര്‍ക്കുന്നത്‌ അമ്മമാരുടെ ഹൃദയങ്ങളെയാണ്‌. പാറിനടക്കുന്ന വെടിയുണ്ടകളേല്‍ക്കാതെ, അഭ്യാസികളെപ്പോലെ ഓടിയണയുന്ന മക്കളെകാത്തിരിക്കുകയാണവര്‍. ആഭ്യന്തരകലാപം തകര്‍ത്തെറിഞ്ഞ എല്‍സാല്‍വഡോറിലെ സാധാരണക്കാരുടെ കഥയാണിത്‌. കനത്തമഴയിലും ഇരുട്ടിലും ഊളിയിട്ടെത്തുന്ന വെടിയുണ്ടകള്‍ കൊണ്ടുപോകുന്ന ജീവിതങ്ങളുടെ ദൃശ്യരേഖയാണിത്‌. കഠിനമായ എല്ലാ അനുഭവങ്ങളെയും മനോധൈര്യം കൊണ്ട്‌ നേരിടുന്ന അമ്മമാരുടെ കഥയാണിത്‌. പെള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച്‌, കുടുംബത്തെ യുദ്ധത്തിനു നടുവില്‍ ഉപേക്ഷിച്ച്‌, സ്വന്തം ജീവിതം കാക്കാന്‍ മറുനാടുകളിലേക്കു പോകുന്ന സ്വാര്‍ഥരായ പുരുഷന്മാരുടെ കഥകൂടിയാണ്‌ ഈ ചിത്രം.

1821-ല്‍ സെ്‌പയിനില്‍നിന്നു സ്വാതന്ത്ര്യം നേടിയ രാജ്യമാണ്‌ എന്‍സാല്‍വഡോര്‍. ഏതാണ്ട്‌ എഴുപത്‌ ലക്ഷമാണ്‌ ജനസംഖ്യ. പ്രധാനമായും കൃഷിയെ ആശ്രയിച്ചു കഴിയുന്ന രാജ്യം. ഗ്രാമങ്ങളില്‍ എഴുപത്‌ ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലാണ്‌. കൃഷിഭൂമിയെച്ചെല്ലിയുണ്ടായ തര്‍ക്കമാണ്‌ രാജ്യത്ത്‌ ആഭ്യന്തരയുദ്ധത്തിനു വഴിവെച്ചത്‌. 1980-ലാണ്‌ കലാപത്തിനുതുടക്കം. കര്‍ഷകര്‍ സംഘടിച്ച്‌ എഫ്‌.എം.എന്‍.എല്‍. (ഫറബന്‍ഡോ മര്‍തി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്‌) എന്ന ഗറില്ലാ സംഘടനയുണ്ടാക്കി വലതുപക്ഷ സര്‍ക്കാറിനെതിരെ പോരാട്ടം തുടങ്ങുകയായിരുന്നു. പന്ത്രണ്ടുവര്‍ഷം നീണ്ട കിരാതയുദ്ധമായി മാറി ആ കലാപം. 75,000 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ നാടുവിട്ടോടി. എണ്ണായിരം പേരെ കാണാതായി. ആയിരക്കണക്കിനു കുട്ടികള്‍ പട്ടാളക്കാരായും മനുഷ്യപ്പരിചയായും ലൈംഗിക അടിമകളായും നരകയാതന അനുഭവിച്ചു. പലരും സ്വന്തം നാട്ടുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ചോരപ്പാടങ്ങളില്‍ ലയിച്ചൊടുങ്ങി. ഈ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. ചിത്രത്തിന്‍െറ തിരക്കഥാകൃത്തായ എഴുത്തുകാരന്‍ ഓസ്‌കര്‍ ടൊറസ്സിന്‍െറ അനുഭവകഥയാണിത്‌. 1986-ല്‍ എല്‍ സാല്‍വഡോറിലെ ഗറില്ലകളുടെ കുട്ടിപ്പട്ടാളത്തില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ രക്ഷപ്പെട്ടയാളാണ്‌ ടൊറസ്സ്‌.
പന്ത്രണ്ടുകാരനായ ചവയുടെ ഓര്‍മകളിലൂടെയാണ്‌ സിനിമ വികസിക്കുന്നത്‌.ആദ്യരംഗത്തെ മഴയുടെ ദൃശ്യം കട്ടുചെയ്യുന്നത്‌ മറ്റൊരു മഴക്കാഴ്‌ചയിലേക്കാണ്‌. ഗ്രാമത്തില്‍ മഴ പെയ്യുകയാണ്‌. ആ മഴയിലേക്ക്‌ ഒരു പെട്ടിയുമായി ചവയുടെ അച്ഛന്‍ ഇറങ്ങുന്നു. അയാള്‍ക്കു പിന്നാലെ ഓടിയെത്തി അവന്‍ യാത്രപറയുന്നു. അമ്മ കെല്ല അയാളെയാത്രയാക്കാന്‍ പുറത്തേക്കു വരുന്നില്ല. അയാള്‍ പോകുന്നതില്‍ കെല്ലയ്‌ക്ക്‌ എതിര്‍പ്പുണ്ടായിരുന്നു എന്ന്‌ വ്യക്തം. അമ്മ, അനിയത്തി, അനിയന്‍ എന്നിവരടങ്ങിയതാണ്‌ ചവയുടെ കുടുംബം. ആസ്‌ബസ്റ്റോസ്‌ ഷീറ്റുകള്‍ മേഞ്ഞ ഒറ്റമുറി വീട്‌. സദാ ദാരിദ്ര്യം തങ്ങുന്ന വീട്‌. മഴപെയ്‌താല്‍ പകുതി വെള്ളവും വീട്ടിനകത്തുതന്നെ. യുദ്ധം തുടങ്ങിയ നാളുകളിലാണ്‌ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിക്കുന്നത്‌. കെല്ലയുടെ ചെറിയൊരു ജോലിയെ ആശ്രയിച്ചാണ്‌ അവര്‍ മുന്നോട്ടുപോയിരുന്നത്‌. അച്ഛന്‍ പോയതോടെ കുടുംബനാഥനായിത്തീര്‍ന്നു ചവ. അമ്മയെ അവന്‍ ആവുന്നത്ര സഹായിക്കുന്നുണ്ട്‌. കെല്ലയുടെ സേ്‌നഹവും ശ്രദ്ധയും മാത്രമാണ്‌ ആ കുട്ടികളുടെ സുരക്ഷ. തെരുവില്‍ വെടിയൊച്ച മുഴങ്ങാത്ത ഒറ്റദിവസവുമില്ല. കുട്ടികളെ തനിച്ചാക്കി പോകുന്നത്‌ സുരക്ഷിതമല്ലെന്ന്‌ മനസ്സിലാക്കിയ കെല്ല ജോലി ഉപേക്ഷിക്കുന്നു. പിന്നീട്‌, ഒരു തയ്യല്‍മെഷീനില്‍ ജീവിതം കരുപ്പിടിപ്പിക്കാനായി ശ്രമം. അമ്മ തുന്നുന്ന ഉടുപ്പുകള്‍ ചവ കടയില്‍ കൊണ്ടുപോയി വില്‍ക്കും. അതിനുപുറമെ, സാന്‍ സാല്‍വഡോറിലേക്കു പോകുന്ന ബസ്സില്‍ യാത്രക്കാരെ വിളിച്ചുകയറ്റുന്ന ജോലിയും അവന്‍ ചെയ്യുന്നു.
തെരുവിലെപ്പോഴും പട്ടാളക്കാരാണ്‌. നിശാനിയമം പ്രാബല്യത്തിലുണ്ട്‌. നിശാനിയമത്തിന്‍െറ കാര്‍ക്കശ്യം കുട്ടികളുടെ വൈകുന്നേരങ്ങളെ നിറംകെടുത്തുന്നു. എവിടെയും അവര്‍ക്ക്‌ വിലക്കാണ്‌-സ്‌കൂളില്‍, തെരുവില്‍, വീട്ടില്‍. ചവയുടെ അമ്മാവനാണ്‌ ബെറ്റ. ഒളിപ്പോരാളിയായ ഈ യുവാവ്‌ ഒരുദിവസം ചവയുടെ വീട്ടിലെത്തുന്നു. അന്നുതന്നെ സൈന്യത്തിന്‍െറ ആക്രമണമുണ്ടായി. അയല്‍പക്കത്തെ ഒരു പെണ്‍കുട്ടി സൈന്യത്തിന്‍െറ വെടിയേറ്റു മരിച്ചു. ചവയെ താന്‍ കൊണ്ടുപോകുമെന്ന്‌ ബെറ്റ സഹോദരിയോട്‌ പറയുന്നു. താന്‍ കൊണ്ടുപോയില്ലെങ്കില്‍ അവനെ സൈന്യം റിക്രൂട്ട്‌ ചെയ്യും. ഇതിനിടയ്‌ക്ക്‌ സ്‌കൂളിലെത്തിയ സൈനികര്‍ ചവയുടെ ഒട്ടേറെ കൂട്ടുകാരെ `കുട്ടിപ്പട്ടാള'ത്തില്‍ ചേര്‍ക്കാന്‍ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയിരുന്നു. ഗറില്ലകളുടെ റേഡിയോനിലയത്തില്‍നിന്നുള്ള പരിപാടികള്‍ കേള്‍ക്കുന്നതിനായി ബെറ്റ ചവയ്‌ക്ക്‌ ഒരു റേഡിയോ സമ്മാനിക്കുന്നു. കര്‍ഫ്യൂവിനും സൈനികരുടെ ക്രൂരതകള്‍ക്കും പോരാട്ടങ്ങള്‍ക്കും നടുവില്‍ കുട്ടികളുടെയും സ്‌ത്രീകളുടെയും ജീവിതം കടുത്ത പരീക്ഷണമായി മാറുകയാണ്‌. ഓരോ ദിവസവും അവര്‍ക്ക്‌ അതിജീവനത്തിന്‍േറതാണ്‌. നിരോധിക്കപ്പെട്ട വിപ്ലവഗാനത്തില്‍ അവര്‍ പാടുന്നതിങ്ങനെയാണ്‌: ``ഇന്നും ഞങ്ങള്‍ക്ക്‌ ഇന്നലത്തെപ്പോലെത്തന്നെ. നാളെ എന്നൊന്നില്ലാത്തതാണ്‌ ഞങ്ങളുടെ ദിവസങ്ങള്‍.''

തീരെ സുരക്ഷിതമല്ലാത്ത സ്വന്തം വീടുപേക്ഷിച്ച്‌ ചവയും കുടുംബവും പുഴയ്‌ക്കക്കരെയുള്ള അമ്മൂമ്മയുടെ വീട്ടിലേക്കു പോകുന്നു. പന്ത്രണ്ടുവയസ്സുകാരെ പിടിക്കാനായി ഒരുദിവസം സൈന്യം ഗ്രാമത്തിലെത്തുന്നു. നേരത്തേ, ഗറില്ലകളില്‍നിന്നു വിവരം കിട്ടിയ ചവയും കൂട്ടുകാരും സൈന്യത്തിന്‍െറ കണ്ണില്‍പ്പെടാതെ വീടുകളുടെ മേല്‍ക്കൂരയില്‍ പതുങ്ങിക്കിടക്കുന്നു. ജനപക്ഷത്തു നില്‍ക്കുന്നതിന്‍െറ പേരില്‍ ഗ്രാമത്തിലെ ക്രിസ്‌ത്യന്‍ പള്ളിയിലെ പുരോഹിതനെ പട്ടാളം പിടിച്ചുകൊണ്ടുപോകുന്നു. ചവയ്‌ക്ക്‌ വലിയ ഇഷ്‌ടമായിരുന്നു ഈ പുരോഹിതനെ. പ്രിയ കൂട്ടുകാരി ക്രിസ്റ്റീന മറിയയെയും അവനു നഷ്‌ടപ്പെടുന്നു. ചവയും കൂട്ടുകാരും സൈന്യത്തിനെതിരെപോരാടാനായി തോക്കേന്താന്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച്‌ രാത്രി അവര്‍ ഗറില്ലാ ക്യാമ്പിലെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ സൈന്യം ക്യാമ്പ്‌ വളഞ്ഞു. എല്ലാ കുട്ടികളെയും പിടിച്ച്‌ വെടിവെച്ചുകൊല്ലാന്‍ ഉള്‍ക്കാട്ടിലേക്കു കൊണ്ടുപോകുന്നു. എല്ലാവരെയും മുട്ടുകുത്തിനിര്‍ത്തുന്നു. രണ്ടുകൂട്ടുകാര്‍ സൈന്യത്തിന്‍െറ വെടിയേറ്റുവീണു. മരണത്തിലേക്കുള്ള അടുത്ത ഊഴം ചവയുടേതാണ്‌. തലയില്‍ വെടിയുണ്ട തുളഞ്ഞുകയറുന്നതും കാത്ത്‌ അവന്‍ മരണനിമിഷങ്ങളെണ്ണുകയാണ്‌. പെട്ടന്നതാ തന്നെ ഉന്നം വെച്ചുകൊണ്ടിരുന്ന സൈനികന്‍ വെടിയേറ്റുവീഴുന്നു. ഗറില്ലകള്‍ സൈന്യത്തെ തുരത്താനെത്തിയിരിക്കുകയാണ്‌. വെടിവെപ്പിനിടയിലൂടെ ഓടി രക്ഷപ്പെട്ട്‌ ഗ്രാമത്തിലെത്തിയ ചവ കാണുന്നത്‌ അവിടം മുഴുവന്‍ കത്തുന്നതാണ്‌. കത്തിയമര്‍ന്ന വീട്ടിനകത്ത്‌ മകനെ തിരയുകയായിരുന്നു അമ്മ കെല്ല. ചവയെ നാട്ടില്‍ നിര്‍ത്താന്‍ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും മനസ്സുവരുന്നില്ല. അവര്‍ അവനെ അമേരിക്കയിലേക്കയയ്‌ക്കുകയാണ്‌. ``കരുത്തനായി തിരിച്ചുവരൂ'' എന്നാശംസിച്ചുകൊണ്ടാണ്‌ അമ്മ മകനെയാത്രയാക്കുന്നത്‌. അനിയനു പന്ത്രണ്ട്‌ വയസ്സ്‌ തികയും മുമ്പ്‌ താന്‍ തിരിച്ചെത്തുമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ ചവ തന്‍െറ കഥ അവസാനിപ്പിക്കുന്നത്‌. പക്ഷേ, സിനിമ ഇവിടെ അവസാനിക്കുന്നില്ല. അടുത്ത ഇരകളിലേക്ക്‌ അത്‌ നീളുകയാണ്‌. ചവയുടെ കൊച്ചനിയനിലൂടെ, ആയിരക്കണക്കിന്‌ കുട്ടികളിലൂടെ ഈ ദുരന്തരകഥ ആവര്‍ത്തിക്കാനിരിക്കുകയാണ്‌. ലോകത്തിന്‍െറ യുദ്ധവിചാരത്തിനെതിരെയാണ്‌ ഈ സിനിമ. ഓരോ യുദ്ധവും ബാക്കിവെക്കുന്നത്‌ നഷ്‌ടത്തിന്‍െറ കണക്കാണ്‌. ഓരോ യുദ്ധവും ഓര്‍മയിലെത്തിക്കുന്നത്‌ അമ്മമാരുടെയും കുട്ടികളുടെയും ദീനമുഖങ്ങളാണ്‌. നിരപരാധികളുടെ കുരുതിയിലാണ്‌ ഓരോ യുദ്ധവും ആര്‍ത്തട്ടഹസിച്ച്‌ വിജയം നേടുന്നത്‌. തീക്ഷ്‌ണമായ ഈ സത്യങ്ങളാണ്‌ `നിഷ്‌കളങ്ക ശബ്ദങ്ങളി'ലൂടെ മെക്‌സിക്കന്‍ സംവിധായകന്‍ ലൂയി മന്‍ഡോക്കി ആവിഷ്‌കരിക്കുന്നത്‌. എല്‍ സാല്‍വഡോര്‍ പോലുള്ള രാജ്യങ്ങളിലെ രാഷ്ട്രീയാവസ്ഥ കുട്ടികളുടെ ബാല്യം മാത്രമല്ല കവര്‍ന്നെടുക്കുന്നത്‌. സ്‌ത്രീകളെയും അത്‌ ഇരുട്ടിന്‍െറ ലോകത്തേക്ക്‌ തള്ളുന്നു. ആത്മസംഘര്‍ഷങ്ങളിലൂടെ തങ്ങളുടെ യൗവനവും ജീവിതവുമാണ്‌ അവര്‍ ബലി കൊടുക്കുന്നത്‌. ചവയുടെ അമ്മ കെല്ലയുംഅമ്മൂമ്മയും ഒന്നോ രണ്ടോ രംഗങ്ങളില്‍ നാം കണ്ടുമുട്ടുന്ന മറ്റു സ്‌ത്രീകളും ജീവിതത്തെ പോരാട്ടമായിത്തന്നെയാണ്‌ എടുക്കുന്നത്‌. ``യുദ്ധം തീരണേ എന്ന്‌ അമ്മൂമ്മ പ്രാര്‍ഥിക്കുമോ'' എന്ന്‌ ചവ ചോദിക്കുമ്പോള്‍ അവരുടെ മറുപടിയിതാണ്‌: ``പ്രാര്‍ഥനകൊണ്ടൊന്നും തീരുന്നതല്ല മോനേ അത്‌.'' അമ്മ വീട്ടിലുണ്ടെങ്കില്‍ യുദ്ധം അത്രവലിയ പ്രശ്‌നമായി തോന്നില്ല എന്നാണ്‌ ചവ ഒരിക്കല്‍ പറയുന്നത്‌. ഇവിടെ, അമ്മ അവര്‍ക്ക്‌ രക്ഷാകവചമായി മാറുകയാണ്‌. കര്‍ഫ്യൂവിനെപ്പറ്റി മുന്നറിയിപ്പു നല്‍കാനും പോരാട്ടം നടക്കുന്ന തെരുവില്‍ മക്കള്‍ക്ക്‌ സാന്ത്വനവുമായി ഓടിയെത്താനും ആ അമ്മമാരുണ്ട്‌. സര്‍ക്കാര്‍ സേനയെ്‌ക്കതിരെ അവര്‍ ഗറില്ലകള്‍ക്ക്‌ എല്ലാ പിന്തുണയും സഹായവും നല്‍കുന്നുണ്ട്‌. ചവ ഗറില്ലകള്‍ക്കൊപ്പം പോയേക്കുമെന്ന്‌ ശങ്കിച്ച്‌ അവന്‍െറ റേഡിയോ കെല്ല ഒരിക്കല്‍ പിടിച്ചുവാങ്ങുന്നുണ്ട്‌. പിന്നീടിത്‌ അവനുതന്നെ തിരിച്ചുനല്‍കുകയാണ്‌. മനസ്സില്‍ എല്ലാ പ്രാര്‍ഥനയോടും കൂടെ മകന്‍െറ പോരാട്ടവീര്യത്തെഅംഗീകരിക്കുകയായിരുന്നു ആ അമ്മ. സൈനികരെ പഠിപ്പിക്കാനെത്തിയ അമേരിക്കന്‍ ഭടനില്‍നിന്ന്‌ ച്യൂയിംഗം വാങ്ങി ചവച്ചരയ്‌ക്കുന്ന ചവയോട്‌ അത്‌ തുപ്പിക്കളയാന്‍ പറയുന്ന പ്രായംചെന്ന സ്‌ത്രീയില്‍ രോഷം കത്തിനില്‍ക്കുന്നത്‌ നാമറിയുന്നു.
ഈ ലോകത്ത്‌ ജീവിക്കാന്‍ കുട്ടികള്‍ക്ക്‌ എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന്‌ സംവിധായകന്‍ പറയുന്നു. സേ്‌നഹിക്കാനും സ്വപ്‌നം കാണാനും അവര്‍ക്കവകാശമുണ്ട്‌. പക്ഷേ, അവരുടെ ബാല്യം പന്ത്രണ്ടാം വയസ്സില്‍ കെട്ടുപോവുകയാണ്‌. തങ്ങളുടെ കൈയിലൊതുങ്ങാത്ത യന്ത്രത്തോക്ക്‌ ഏന്താനാണ്‌ അവര്‍ക്ക്‌ നിയോഗം. ഈ കുട്ടികളുടെ മുഖത്ത്‌ നിഷ്‌കളങ്കതയില്ല. അവിടെ, എപ്പോഴും ഭീതിയാണ്‌. ഇന്നിനെക്കുറിച്ചുള്ള ഭീതി. നാളെയെക്കുറിച്ചുള്ള ആശങ്ക.

ഇത്‌ തന്നെക്കുറിച്ച്‌ മാത്രമുള്ള കഥയല്ലെന്ന്‌ ടൊറസ്സ്‌ പറയുന്നു. പട്ടാളത്തിലേക്ക്‌ എന്ന പേടി സ്വപ്‌നവുമായി കഴിയുന്ന എല്ലാ കുട്ടികളുടേതുമാണ്‌. ലോകത്തെങ്ങുമുള്ള കുട്ടിപ്പട്ടാളത്തിന്‍െറ ദൈന്യത്തിലേക്ക്‌ കണ്ണുതുറക്കാനാണ്‌ ടൊറസ്സും മന്‍ഡോക്കിയും ഈ ചിത്രം എടുത്തത്‌. (18 വയസ്സില്‍ താഴെ പ്രായമുള്ളവരെ സൈന്യത്തിലെടുക്കരുതെന്നാണ്‌ യു.എന്‍. അനുശാസിക്കുന്നത്‌. എന്നിട്ടും 40 രാജ്യങ്ങളിലായി മൂന്നു ലക്ഷം കുട്ടികള്‍ പട്ടാളത്തിലുണ്ടെന്നാണ്‌ കണക്ക്‌.) 2004-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള വിഭാഗത്തില്‍ അക്കാദമി അവാര്‍ഡിനായി `ഇന്നസന്‍റ്‌ വോയ്‌സസ്‌' മത്സരിച്ചിട്ടുണ്ട്‌. 2005-ല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍െറ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.??മരണമില്ലാത്ത രണ്ടു കഥാപാത്രങ്ങളുണ്ടീ ചിത്രത്തില്‍- ചവയും അവന്‍െറ അമ്മ കെല്ലയും. യുദ്ധത്തിന്‍െറ ഇരകളാണിവര്‍. കാര്‍ലോസ്‌ പാഡില്ല എന്ന ബാലനടനാണ്‌ ചവയായി നിറഞ്ഞുനില്‍ക്കുന്നത്‌. ആഹ്ലാദവും ഭീതിയും മാറിമാറി നിഴലിക്കുന്ന ആ മുഖത്ത്‌ ഇഷ്‌ടക്കാരി ക്രിസ്റ്റീനയെപ്പറ്റി പറയുമ്പോള്‍ വിരിഞ്ഞുവരുന്ന നാണം ആര്‍ക്കു മറക്കാനാവും? എല്ലാം സഹിക്കുമ്പോഴും ഇല്ലായ്‌മയില്‍ വേവലാതിപ്പെടാതെ കുട്ടികള്‍ക്ക്‌ അതിജീവനത്തിന്‍െറ പാഠം പകര്‍ന്നുനല്‍കുന്ന കെല്ലയായി അഭിനയിക്കുന്നത്‌ മെക്‌സിക്കന്‍ നടി ലിയോണാര്‍ വെറേലയാണ്‌.

6 comments:

T Suresh Babu said...

``തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ എന്തിനാണിവര്‍ കൊല്ലുന്നത്‌'' എന്നാണ്‌ ചവയുടെ ചോദ്യം. പ്രേക്ഷക മനസ്സില്‍ ഉല്‍ക്കണ്‌ഠയുടെ തീമഴ തീര്‍ത്ത്‌ `ഇന്നസന്‍റ്‌ വോയ്‌സസ്‌' എന്ന സ്‌പാനിഷ്‌ ചലച്ചിത്രം ഈ ചോദ്യത്തില്‍നിന്നാണ്‌ തുടങ്ങുന്നത്‌. ഏതു സംഘര്‍ഷത്തിലും പ്രധാനമായും ഇരയാകപ്പെടുന്ന കുട്ടികളുടെ ചോദ്യമാണിത്‌. ഒരിക്കലും, ആര്‍ക്കും ഉത്തരം കണ്ടെത്താനാവാത്ത, തീപ്പിടിച്ച ചോദ്യം.

കണ്ണൂരാന്‍ - KANNURAN said...

നല്ലൊരു സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നന്ദി. സുരേഷ്‌ ബാബു, അഭ്രപാളികളില്‍ ഇത്തരം ജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ നിറയുംബോള്‍ തന്നെയാണ്‌ സിനിമ എന്ന മാധ്യമം അതിന്റെ സമൂഹികമായ ധാര്‍മ്മികവശം നിറവേറ്റുന്നത്‌, താങ്കളുടെ വാക്കുകള്‍ താങ്കളൂടെ കാഴ്ചപാടില്‍ സുന്ദരമായി ആഖ്യാനപ്പെടുത്തിയിരിക്കുന്നു, പകര്‍ത്തല്‍ നോവിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു. നന്ദി....
മജീദ്‌ മജീദിയുടെ ഫാദറിനെയും വായിച്ചു, എനിക്കേറ്റവും ഇഷ്ടമുള്ള സംവിധയകനാണ്‌, ചില്‍ഡ്രന്‍ ഒഫ്‌ ഹെവെന്‍സില്‍ ഇടുങ്ങിയ തെരുവുകളിലൂടെ കുട്ടികള്‍ ഷൂ കൈ മാറന്‍ വേണ്ടി ഓടുംബോഴുള്ള ആ ടക്‌, ടക്‌ ശബ്ദം ഇന്നുമെന്റെ നെഞ്ചിലെ നീറ്റലാണ്‌

T Suresh Babu said...

ഏല്ലാവര്‍ക്കും നന്ദി.

കുറുമാന്‍ said...

വളരെ നന്ദി സുരേഷ് ബാബു. ഈ ചിത്രത്തിനെ പരിചയപെടുത്തിയതിന്

Dinkan-ഡിങ്കന്‍ said...

ഈ സിനിമ കണ്ടിട്ടില്ല സുരേഷ് .
ബാല്യം-യുദ്ധം-പട്ടാളം എന്നീ ത്രിത്വത്തില്‍ അധിഷ്ഠിതമായ സിനിമകളില്‍ അവസാനം ആയി മനസില്‍ തട്ടുന്ന ഒരെണ്ണം കണ്ടത് ഗൊപ്പാഡിയുടെ “ടര്‍ട്ടില്‍‌സ് ക്യാന്‍ ഫ്ലൈ” ആയിരുന്നു. ഇത് കാണാന്‍ ശ്രമിക്കും.
ദൃശ്യങ്ങള്‍ വാചികമായി പുനസൃഷ്ടിക്കാന്‍ താങ്കള്‍ക്കാവുന്നുണ്ട്. നന്ദി/അഭിനന്ദനങ്ങള്‍