Wednesday, February 27, 2008

അവസാനത്തെ ആരാച്ചാര്‍

തിരക്കിട്ട്‌ നടത്തം.ഏതോ മഹനീയകൃത്യം നിര്‍വഹിക്കാന്‍ പോകുന്നതിന്‍െറ നിശ്ചയദാര്‍ഢ്യം മുഖത്ത്‌. കനത്ത നിശ്ശബ്ദതയില്‍ ബൂട്ടിന്‍െറ ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാം. `മരണമുറി'യില്‍നിന്നു പുറത്തുവരുന്ന തടവുകാരനെ കണ്ണുകൊണ്ട്‌ ഒന്നുഴിയുന്നു. മിണ്ടാട്ടമില്ല. മുഖത്ത്‌ നിര്‍വികാരതമാത്രം. കോട്ടിന്‍െറ പോക്കറ്റില്‍ നിന്ന്‌ കയറെടുത്ത്‌ തടവുകാരന്‍െറ കൈകള്‍ പിന്നിലേക്കാക്കി കെട്ടുന്നു. തുടര്‍ന്ന്‌ ഒരാജ്ഞയാണ്‌: എന്‍െറ പിന്നാലെ വരൂ! തടവുകാരന്‍ ആ മനുഷ്യനു പിന്നാലെ മരണമുഖത്തേക്ക്‌ നീങ്ങുകയായി. രക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ നിലവിളിക്കുന്നുണ്ട്‌ തടവുകാരന്‍. ആരാച്ചാരുടെ പിന്നാലെ വരുന്ന തടവുകാരനും മരണവും തമ്മിലുള്ള അകല്‍ച്ചയ്‌ക്ക്‌ ഏതാനും സെക്കന്‍ഡുകളുടെ ആയുസ്സുമാത്രം.
ഇരയെക്കാത്ത്‌ പുതിയ കൊലക്കയര്‍. തടുവുകാരനെ കയറിനഭിമുഖമായി നിര്‍ത്തി കാലുകളും ബന്ധിക്കുന്നു. തുടര്‍ന്ന്‌, വെളുത്ത തുണികൊണ്ട്‌ തലമൂടുന്നു. കയര്‍ കഴുത്തിലിടുന്നു. എല്ലാം ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ ലിവര്‍ ഒറ്റവലി. കയറിന്‍െറ മരണനൃത്തം സെക്കന്‍ഡുകള്‍ മാത്രം. ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ തന്‍െറ ദൗത്യത്തിന്‍െറ മുക്കാല്‍ഭാഗവും നിര്‍വഹിച്ചുകഴിഞ്ഞു.??`പിയര്‍പോയന്‍റ്‌' എന്ന ബ്രിട്ടീഷ്‌ സിനിമയിലെ നായകനെ നാം പരിചയപ്പെടുകയാണിവിടെ. ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ ആണ്‌ നായകന്‍. മരണദൂതനാണയാള്‍. ബ്രിട്ടനിലെ ഏറ്റവുമൊടുവിലത്തെ മുഖ്യ ആരാച്ചാര്‍. അറുനൂറോളം കുറ്റവാളികളുടെ കഴുത്തില്‍ കുരുക്കിട്ട ആള്‍.
പിയര്‍പോയന്‍റ്‌ കുടുംബത്തില്‍നിന്നുള്ള മൂന്നാമത്തെ ആരാച്ചാരാണ്‌ ആല്‍ബര്‍ട്ട്‌. അച്ഛനിലായിരുന്നു തുടക്കം. പിന്നീട്‌ അമ്മാവനും ആരാച്ചാരായി. അമ്മാവനെ ഒരു വധശിക്ഷയില്‍ സഹായിച്ചുകൊണ്ടാണ്‌ ആല്‍ബര്‍ട്ട്‌ രംഗത്തുവരുന്നത്‌.??കൊല്ലലിലെ ധാര്‍മികതയോ ധര്‍മസങ്കടങ്ങളോ ഒന്നും ആല്‍ബര്‍ട്ട്‌ പിയര്‍പോയിന്‍റിനെ അലട്ടുന്നില്ല. അയാള്‍ക്ക്‌ ഇത്‌ ഒരു ജോലിയാണ്‌. നല്ല വേതനം കിട്ടുന്നജോലി. ആ ജോലി ഭംഗിയായി നിര്‍വഹിക്കണം. അത്രമാത്രം.

1965-ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ്‌ ബ്രിട്ടന്‍. അവിടെ ഏറ്റവും അവസാനത്തെ മുഖ്യ ആരാച്ചാരായിരുന്ന ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിന്‍െറ ജീവിതത്തെ ആധാരമാക്കിയാണീ ചിത്രം തയ്യാറാക്കിയിരിക്കുന്നത്‌. ഒന്നരമണിക്കൂര്‍ നീണ്ട ചിത്രത്തിന്‍െറ സംവിധായകന്‍ അഡ്‌റിയാന്‍ ഷെര്‍ഗോള്‍ഡാണ്‌.
ആല്‍ബര്‍ട്ട്‌ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയുടെ വിശദമായ കാഴ്‌ചകള്‍ ചിത്രത്തിന്‍െറ തുടക്കത്തില്‍ കാണാം. ഒരു ചെറുപ്പക്കാരനായിരുന്നു കുറ്റവാളി. തന്നെ വിട്ടയയ്‌ക്കണമെന്ന അയാളുടെ ദീനവിലാപം വധശിക്ഷയെ്‌ക്കതിരായ ബ്രിട്ടീഷ്‌ സമൂഹത്തിന്‍െറ ഏറ്റുപറച്ചിലായി നമുക്ക്‌ തോന്നും. പക്ഷേ, ആരാച്ചാര്‍ക്ക്‌ ഇരയുടെ സങ്കടങ്ങളിലേക്ക്‌ മനസ്സുതുറക്കാനാവില്ല. സങ്കടങ്ങള്‍ നിരത്തേണ്ടത്‌ കോടതിമുറികളിലാണെന്ന്‌ അയാള്‍ വിശ്വസിക്കുന്നു. വധശിക്ഷയ്‌ക്കുശേഷം കയറിന്‍െറ ചലനം നിലയ്‌ക്കുമ്പോള്‍ ക്യാമറ നീങ്ങുന്നത്‌ ചുമരിലെ ക്രൂശിതരൂപത്തിലേക്കാണ്‌. കഥാനായകന്‌ സംഭവിക്കാന്‍ പോകുന്ന മാനസാന്തരത്തിന്‍െറ വിദൂരസൂചനകളാണ്‌ വിറകൊള്ളുന്ന കയറും ക്രൂശിതരൂപവും.പാരമ്പര്യത്തിന്‍െറ കണ്ണിപോലെ ആല്‍ബര്‍ട്ട്‌ കൊലക്കയറിനു പിന്നില്‍ എത്തിപ്പെടുകയായിരുന്നു. അച്ഛന്‍ ആരാച്ചാരായത്‌ അമ്മ ഇഷ്‌ടപ്പെട്ടിരുന്നില്ല. മകന്‍െറ കാര്യത്തിലും അവര്‍ ദുഃഖിതയായിരുന്നു. ഉള്ളിലുള്ള കുറ്റബോധവും പാപചിന്തയും പുറത്തുചാടട്ടെ എന്നുകരുതിയാണ്‌ ആദ്യ വധശിക്ഷ നടപ്പാക്കി വീട്ടിലെത്തുന്ന മകനോട്‌ ``എങ്ങനെയുണ്ടായിരുന്നു'' എന്നവര്‍ ചോദിക്കുന്നത്‌. ആല്‍ബര്‍ട്ടിന്‌ ഒന്നും പറയാനുണ്ടായിരുന്നില്ല. പകരം തന്‍െറ നോട്ടുബുക്ക്‌ തുറന്ന്‌ അതില്‍ ആദ്യത്തെ ഇരയുടെ പേരും വിവരങ്ങളും എഴുതി വെക്കുകയാണയാള്‍ ചെയ്യുന്നത്‌. ജോലി തുടരാനുള്ള മകന്‍െറ നിശ്ചയദാര്‍ഢ്യം അമ്മയെ നിശ്ശബ്ദയാക്കുന്നു.

എന്തു ക്രൂരകൃത്യം ചെയ്‌തവരായാലും തന്‍െറ മുന്നിലെത്തുന്നവര്‍ ആദരവ്‌ അര്‍ഹിക്കുന്നു എന്നാണ്‌ ആല്‍ബര്‍ട്ടിന്‍െറ പക്ഷം. മരണ നിമിഷങ്ങള്‍ എണ്ണുന്ന കുറ്റവാളിയുടെ പേടി എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കല്‍ തന്‍െറ ദൗത്യമായി അയാള്‍ കരുതുന്നു. അതുകൊണ്ടുതന്നെ വളരെ കണിശതയോടെ, വേഗത്തില്‍ അയാള്‍ തന്‍െറ ജോലി നിര്‍വഹിക്കുന്നു. ഈ പ്രൊഫഷണല്‍ ടച്ചാണ്‌ ആരാച്ചാര്‍മാര്‍ക്കിടയില്‍ അയാളുടെ സ്ഥാനം ഉയര്‍ത്തിയത്‌. രണ്ടാം ലോകയുദ്ധാനന്തരം ജര്‍മനിയില്‍ നാസി ഭീകരരെ തൂക്കിലേറ്റാന്‍ ആല്‍ബര്‍ട്ടിനു ക്ഷണം വന്നതും ഇതേ കാരണത്താല്‍ തന്നെ. ജര്‍മനിയില്‍ ഒരു ദിവസം 13 യുദ്ധക്കുറ്റവാളികളെ ആല്‍ബര്‍ട്ട്‌ തൂക്കിലേറ്റിയിട്ടുണ്ട്‌. ഒരേ സമയം രണ്ടുപേരെ നിരത്തി നിര്‍ത്തി വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്‌.
വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞാല്‍ മൃതദേഹം തുടച്ചു വൃത്തിയാക്കി ശവപ്പെട്ടിയിലൊതുക്കുന്നതും ആല്‍ബര്‍ട്ട്‌ തന്നെ. സേ്‌നഹത്തോടെ, കരുണയോടെയാണ്‌ അയാള്‍ ജഡങ്ങളോട്‌ പെരുമാറുന്നത്‌. ശിക്ഷ നടപ്പാവുന്നതോടെ എല്ലാവരും നിഷ്‌കളങ്കരും നിരപരാധികളുമായി മാറുന്നു എന്നാണ്‌ അയാളുടെ തത്ത്വശാസ്‌ത്രം.

ഇരട്ട ജീവിതമായിരുന്നു ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിന്‍േറത്‌. തുടക്കത്തില്‍, പലചരക്കു കച്ചവടമായിരുന്നു. പിന്നീടത്‌ `പബ്ബാ'ക്കി മാറ്റി. ഈ തൊഴിലിനിടയില്‍ ആരുമറിയാതെയാണ്‌ അയാള്‍ ആരാച്ചാരുടെ വേഷം കെട്ടിയത്‌. ഭാര്യപോലും അറിഞ്ഞിരുന്നില്ല. സര്‍ക്കാറും ആരാച്ചാരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നു. ജയിലിലെ ഇരുണ്ട അന്തരീക്ഷത്തില്‍ കാണുന്ന ഗൗരവമാര്‍ന്ന മുഖമല്ല പബ്ബില്‍ നാം കാണുന്നത്‌. പബ്ബിലെത്തുന്ന സുഹൃത്തുക്കളോടൊപ്പം ആടിപ്പാടി രസിക്കുന്നുണ്ട്‌ അയാള്‍. നാസി ഭീകരരെ തൂക്കിലേറ്റാന്‍ ജര്‍മനിക്ക്‌ പോയതോടെയാണ്‌ ആല്‍ബര്‍ട്ടിന്‍െറ രഹസ്യം പുറത്താവുന്നത്‌. പ്രൊഫഷണല്‍ ടച്ചുള്ള ആരാച്ചാരുടെ പൂര്‍ണവിവരങ്ങള്‍ പത്രങ്ങള്‍ പുറത്തുവിട്ടു. ലോകത്തിനു മുമ്പില്‍ തനിക്കും ഒരു കുറ്റവാളിയുടെ പരിവേഷമാണുള്ളതെന്ന കുറ്റബോധം ക്രമേണ ആല്‍ബര്‍ട്ടില്‍ അരിച്ചു കയറുന്നത്‌ ഇതോടെയാണ്‌.
പബ്ബില്‍ വെച്ച്‌ പരിചയപ്പെട്ട്‌ ഉറ്റസുഹൃത്തായി മാറിയ ടിഷിന്‍െറ കഴുത്തില്‍ കുരുക്കിടേണ്ടിവന്നതോടെ ആല്‍ബര്‍ട്ട്‌ ആകെ തകര്‍ന്നു. വഞ്ചിച്ച കാമുകിയെ കൊന്നതിനു മരണശിക്ഷ ഏറ്റുവാങ്ങും മുമ്പ്‌ തന്നോട്‌ നന്ദി പറഞ്ഞ ടിഷിന്‍െറ മുഖം അയാളെ വേട്ടയാടി. എല്ലാ സങ്കടങ്ങളും ഭാര്യയോട്‌ തുറന്നുപറഞ്ഞാണ്‌ ആല്‍ബര്‍ട്ട്‌ കുറച്ചെങ്കിലും ശാന്തി നേടുന്നത്‌. പിന്നെ, അധികകാലം ആല്‍ബര്‍ട്ട്‌ ആരാച്ചാരുടെ കുരിശ്‌ ചുമന്നില്ല. അയാള്‍ ആ ജോലി രാജിവെക്കുകയാണ്‌.
`കൊലയ്‌ക്കു കൊല' എന്ന പ്രാകൃത ശിക്ഷാവിധിയെ ക്കുറിച്ചുള്ള നിശ്ശബ്ദമായ ചര്‍ച്ച ഈ സിനിമയുടെ അന്തര്‍ധാരയാണ്‌. ശിക്ഷാവിധിയുടെ മഹത്ത്വത്തിലേക്കല്ല, മരണക്കുരുക്കിനു മുന്നിലെ മനുഷ്യന്‍െറ നിസ്സഹായാവസ്ഥയിലേക്കാണ്‌ സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. മരണനിമിഷം നിശ്ചയിക്കപ്പെട്ട മനുഷ്യനാണ്‌ ഏറ്റവും നിസ്സഹായമായ കാഴ്‌ച എന്ന്‌ ഈ ചിത്രം വിളിച്ചുപറയുന്നു. വധശിക്ഷയെക്കുറിച്ചുള്ള നിശ്ശബ്ദ ചര്‍ച്ച ഒടുവില്‍ ജനതകളുടെ തുറന്ന പ്രതിഷേധത്തിലേക്ക്‌ വളരുകയാണ്‌. ജനരോഷം മുഴുവന്‍ ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിനു നേര്‍ക്കാണ്‌ തിരിയുന്നത്‌. വധശിക്ഷയുടെ ആള്‍രൂപമായി അവര്‍ ആല്‍ബര്‍ട്ടിനെ കാണുന്നു. തന്‍െറ രണ്ടാം തൊഴില്‍ ഉപേക്ഷിക്കാന്‍ ഈ പ്രതിഷേധവും അയാളെ പ്രേരിപ്പിക്കുന്നുണ്ട്‌.തിമോത്തി സ്‌പല്‍ എന്ന നടനാണ്‌ ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റിന്‍െറ ഇരട്ടഭാവങ്ങളെ അവതരിപ്പിക്കുന്നത്‌. അഭിമാനത്തോടെയും നിസ്സംഗതയോടെയും പ്രൊഫഷണലിസത്തോടെയും ആരാച്ചാരുടെ ജോലി ചെയ്യുന്ന ആല്‍ബര്‍ട്ടിന്‍െറ ക്രമേണയുള്ള മാനസാന്തരം പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ തിമോത്തിക്ക്‌ കഴിയുന്നുണ്ട്‌.
ബ്രിട്ടനില്‍, ഏറ്റവുമധികം കുറ്റവാളികളെ കഴുമരത്തിലേറ്റിയ ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ എന്ന ആരാച്ചാരുടെ ജീവിതമാണിതിലെ ഇതിവൃത്തം. 1932-നും 1956-നുമിടയ്‌ക്ക്‌ 17 സ്‌ത്രീകളടക്കം അറുനൂറോളം പേരെ ആല്‍ബര്‍ട്ട്‌ മരണത്തിലേക്ക്‌ അയച്ചിട്ടുണ്ട്‌. ജര്‍മനി, സൈപ്രസ്‌, ഓസ്‌ട്രിയ എന്നീ രാജ്യങ്ങളില്‍ പോയി യുദ്ധക്കുറ്റവാളികളെ ഇയാള്‍ തൂക്കിലേറ്റിയിട്ടുണ്ട്‌.

ഒടുവില്‍, ഫീസിന്‍െറ കാര്യത്തില്‍ തര്‍ക്കിച്ച്‌ `മുഖ്യആരാച്ചാര്‍' സ്ഥാനം ഒഴിയുകയാണുണ്ടായത്‌. 1956-ലായിരുന്നു സംഭവം. തോമസ്‌ ബാന്‍ക്രോഫ്‌റ്റ്‌ എന്നൊരാളെ തൂക്കിലേറ്റാനായി ആല്‍ബര്‍ട്ട്‌ ജയിലിലെത്തി. അപ്പോഴേക്കും തോമസിനെ വിട്ടയയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊലനടന്നാലും ഇല്ലെങ്കിലും തന്‍െറ ഫീസായ 15 പൗണ്ടും (ഇന്നത്തെ 200 പൗണ്ടിനു തുല്യം. ഏതാണ്ട്‌ 17,000 രൂപ) നല്‌കണമെന്ന്‌ അയാള്‍ ആവശ്യപ്പെട്ടു. ഒരുപൗണ്ട്‌ നല്‌കാനേ അധികൃതര്‍ തയ്യാറായുള്ളൂ. അവസാനം നാലു പൗണ്ടിന്‌ ഒത്തുതീര്‍പ്പായി. ഇത്‌ ആല്‍ബര്‍ട്ടിന്‌ അപമാനമായാണ്‌ തോന്നിയത്‌. അങ്ങനെയാണ്‌ `മുഖ്യആരാച്ചാരു'ടെ പദവി ആല്‍ബര്‍ട്ട്‌ പിയര്‍പോയന്‍റ്‌ രാജിവെക്കുന്നത്‌.??അവസാനകാലത്ത്‌ ആല്‍ബര്‍ട്ട്‌ വധശിക്ഷയ്‌ക്ക്‌ എതിരായിരുന്നു. വധശിക്ഷ ഒന്നിനും പരിഹാരമല്ലെന്ന്‌ `എക്‌സിക്യൂഷെണര്‍-പിയര്‍പോയന്‍റ്‌' എന്ന ആത്മകഥയില്‍ ആല്‍ബര്‍ട്ട്‌ പറയുന്നു. ``പ്രതികാരം ചെയ്യുക എന്ന പ്രാകൃത ചിന്താഗതിയുടെ അവശിഷ്‌ടമാണിത്‌'' എന്നായിരുന്നു ആല്‍ബര്‍ട്ടിന്‍െറ അഭിപ്രായം. 1992-ല്‍ 87-ാം വയസ്സിലാണ്‌ ആല്‍ബര്‍ട്ട്‌ പിയര്‍ പോയന്‍റ്‌ മരിച്ചത്‌.
ഈ സിനിമ 2005-ലെ ടൊറന്‍േറാ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. `ദ ലാസ്റ്റ്‌ ഹാങ്‌മാന്‍' (അവസാത്തെ ആരാച്ചാര്‍) എന്നായിരുന്നു ആദ്യത്തെ പേര്‌. പക്ഷേ, ബ്രിട്ടനില്‍ `പിയര്‍പോയന്‍റ്‌' എന്ന പേരിലാണ്‌ ചിത്രം റിലീസായത്‌. അമേരിക്കയിലാവട്ടെ `ദ ലാസ്റ്റ്‌ ഹാങ്‌മാന്‍' എന്ന പേരില്‍ത്തന്നെയാണ്‌ സിനിമ ഇറങ്ങിയത്‌.


2 comments:

T Suresh Babu said...

മരണമുറിയിലേക്ക്‌ ഇരയെ നിര്‍വികാരനായി കൂട്ടിക്കൊണ്ടുപോകുന്ന ആരാച്ചാരുടെ ജീവിത കഥയാണ്‌ ദ ലാസ്‌റ്റ്‌ ഹാങ്‌മാന്‍ പറയുന്നത്‌.

ഏ.ആര്‍. നജീം said...

നല്ലൊരു വിവരണത്തിന് നന്ദി....
മലയാളത്തില്‍ ആരാച്ചാരുടെ കഥ മനോഹരമായി പകര്‍ത്തിയ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രമുണ്ടായിരുന്നു.. വീണമീട്ടിയ വിലങ്ങുകള്‍ ആണെന്ന് തോന്നുന്നു..

ആരാച്ചാരുടെ മകന്‍ ആ തൊഴിലില്‍ എത്തപ്പെടുന്നതും ഒടുവില്‍ സ്വന്തം അച്ഛനെ തന്നെ കൊല്ലേണ്ടി വരുന്നതും തൂക്കുമരത്തിനരികില്‍ പോലും കൈവിറക്കരുത് എന്ന് മകനെ ഉപദേശിക്കുന്ന അച്ഛനും...