Monday, February 9, 2009

അതിജീവന തന്ത്രം


രണ്ടാം ലോകമഹായുദ്ധ കാലം. നാസി ജര്‍മനിയുടെ പടയോട്ടക്കാലം. ബ്രിട്ടന്‍െറയും അമേരിക്കയുടെയും സമ്പദ്‌വ്യവസ്ഥ തകര്‍ക്കാന്‍ ജര്‍മനി ഒരു ഗൂഢപദ്ധതി തയ്യാറാക്കുന്നു. മരണത്തടവറയെന്ന്‌ അറിയപ്പെടുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ഏതാനും ജൂതത്തടവുകാരെയാണ്‌ ഇതിന്‌ ഉപയോഗപ്പെടുത്തുന്നത്‌. ബ്രിട്ടീഷ്‌ പൗണ്ടും അമേരിക്കന്‍ ഡോളറും വന്‍തോതില്‍ വ്യാജമായി അടിച്ചിറക്കുക എന്നതായിരുന്നു പദ്ധതി. `ഓപ്പറേഷന്‍ ബേണ്‍ ഹാര്‍ഡ്‌' എന്നാണ്‌ ഈ ഗൂഢവൃത്തിക്ക്‌ നല്‍കിയിരുന്ന പേര്‍. ലോകചരിത്രത്തില്‍ത്തന്നെ ഇത്രയധികം വ്യാജകറന്‍സികള്‍ നിര്‍മിച്ച സംഭവമുണ്ടായിട്ടില്ല. ബ്രിട്ടന്‍െറ വിദേശനാണ്യശേഖരത്തിന്‍െറ നാലിരട്ടി വ്യാജപൗണ്ടാണ്‌ ജര്‍മനി അടിച്ചിറക്കിയത്‌. വ്യാജ ഡോളര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തടവുകാര്‍ അമാന്തം കാണിച്ചതിനാല്‍ അമേരിക്കയെ ഈ പദ്ധതി തീരെ ബാധിച്ചില്ല. വളരെക്കുറച്ചു ഡോളറേ വ്യാജമായി അടിക്കാന്‍ കഴിഞ്ഞുള്ളൂ. പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന `ഓപ്പറേഷന്‍ ബേണ്‍ഹാര്‍ഡി'നെ ആധാരമാക്കി അഡോള്‍ഫ്‌ ബര്‍ജര്‍ എന്ന ടൈപ്പോഗ്രാഫര്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍നിന്നാണ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സ്‌' എന്ന ജര്‍മന്‍ സിനിമ രൂപമെടുത്തത്‌. 90 മിനിറ്റ്‌ നീണ്ട ഈ സിനിമയുടെ സംവിധായകന്‍ സ്റ്റെഫാന്‍ റുസോവിറ്റ്‌സ്‌കിയാണ്‌. 2007 ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സി'നായിരുന്നു.

ലോകം മറക്കാന്‍ ശ്രമിക്കുന്ന ഭീതിദമായ ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മയിലേക്ക്‌ കൊണ്ടുവരികയാണ്‌ ഈ സിനിമ. ആയിരത്തോളം പോളിഷ്‌ ജൂതന്മാരെ മരണത്തില്‍നിന്നു രക്ഷിച്ച ജര്‍മന്‍ ബിസിനസ്സുകാരനായ ഓസ്‌കര്‍ ഷിന്‍ഡ്‌ലറുടെ കഥ പറയുന്ന `ഷിന്‍ഡ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' (1993), തടങ്കല്‍പ്പാളയത്തില്‍ നേരിടാന്‍ പോകുന്ന ക്രൂരതകളില്‍നിന്ന്‌ അഞ്ചു വയസ്സുകാരനായ മകന്‍െറ ശ്രദ്ധ തിരിക്കാന്‍ മരണമുഖത്തേക്കുനോക്കി തമാശ കാണിക്കുന്ന ഗിഡോ എന്ന ഇറ്റാലിയന്‍ ജൂതന്‍െറ വേദനകള്‍ പകര്‍ത്തിയ `ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍' (1997) എന്നീ ചിത്രങ്ങള്‍ ഏല്‌പിച്ച ആഘാതം നമുക്ക്‌ മറക്കാനാവില്ല. അതേ തീവ്രാനുഭവം തന്നെയാണ്‌ തടവുകാരുടെ വ്യക്തിത്വത്തിനും അന്തഃസംഘര്‍ഷങ്ങള്‍ക്കും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന `ദ കൗണ്ടര്‍ ഫീറ്റേഴ്‌സും' സമ്മാനിക്കുന്നത്‌.

1936 മുതല്‍ 45 വരെയുള്ള കാലഘട്ടമാണ്‌ സിനിമയുടെ പശ്ചാത്തലം. നാസി തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതനായ സാലി എന്ന സോളമന്‍ സൊറോവിച്ചിന്‍െറ ഓര്‍മകളിലൂടെയാണ്‌ ക്യാമറ സഞ്ചരിക്കുന്നത്‌. വ്യാജപാസേ്‌പാര്‍ട്ടും കറന്‍സിയും നിര്‍മിക്കുന്നതില്‍ വിദഗ്‌ധനാണ്‌ ജൂതനായ സാലി. കള്ളനോട്ടടി തടയുന്ന ബെര്‍ലിനിലെ സെ്‌പഷല്‍ സ്‌ക്വാഡിന്‍െറ മേധാവി ഫ്രെഡറിക്‌ ഹെര്‍സോഗ്‌ തന്ത്രപരമായി കുടുക്കി സാലിയെ അറസ്റ്റുചെയ്യുന്നു. സാക്‌സന്‍ഹോസനിലെ തടങ്കല്‍പ്പാളയത്തിലെത്തുന്നു അയാള്‍. കാണുന്നതെന്തും അതേപടി കടലാസില്‍ പകര്‍ത്താനുള്ള സാലിയുടെ കഴിവ്‌ നാസി സൈനികോദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. അയാളെ വ്യാജ കറന്‍സി നിര്‍മാണത്തിന്‌ പ്രയോജനപ്പെടുത്താന്‍ അവര്‍ തീരുമാനിക്കുന്നു. ഫ്രെഡറിക്‌ ഹെര്‍സോഗായിരുന്നു ആ തടങ്കല്‍പ്പാളയത്തിലെ മേധാവി. തടവുകാരായ പ്രൊഫഷണല്‍ ഗ്രാഫിക്‌ ആര്‍ട്ടിസ്റ്റുകളെയും പ്രിന്‍റര്‍മാരെയും റീടച്ചര്‍മാരെയും ഉള്‍പ്പെടുത്തി ഒരു വിദഗ്‌ദ്‌ധ സംഘത്തിന്‌ നാസികള്‍ രൂപംകൊടുക്കുന്നു. സാലിയും ബര്‍ജറുമായിരുന്നു അതിലെ പ്രധാനികള്‍. വ്യാജ പൗണ്ട്‌ തയ്യാറാക്കലായിരുന്നു അവരെ ഏല്‌പിച്ച ആദ്യ ദൗത്യം. ഹെര്‍സോഗിന്‌ സാലിയോട്‌ പ്രത്യേക മമതയുണ്ടായിരുന്നു. സാലിയെ അറസ്റ്റുചെയ്‌തതിനാണ്‌ അയാള്‍ക്ക്‌ പ്രൊമോഷന്‍ ലഭിച്ചത്‌. അതുകൊണ്ടുതന്നെ സാലിക്ക്‌ ചില പ്രത്യേകാവകാശങ്ങള്‍ അയാള്‍ അനുവദിച്ചിരുന്നു. ടൈപ്പോഗ്രാഫറായ ബര്‍ജര്‍ക്ക്‌ നാസി സര്‍ക്കാറിനെ സഹായിക്കുന്നതിനോട്‌ ഒട്ടും യോജിപ്പില്ല. തടവറയില്‍ കലാപമുണ്ടാക്കണമെന്നാണ്‌ രഹസ്യമായി അയാള്‍ സാലിയെ ഉപദേശിക്കുന്നത്‌. പൗണ്ടുകള്‍ വ്യാജമായി നിര്‍മിക്കുന്നതില്‍ സംഘം വിജയിക്കുന്നു. തുടര്‍ന്ന്‌, ഡോളറുണ്ടാക്കാനാണ്‌ അവരോടാവശ്യപ്പെടുന്നത്‌. മാസങ്ങള്‍ ശ്രമിച്ചിട്ടും അവര്‍ക്ക്‌ ഡോളറുണ്ടാക്കാന്‍ കഴിയുന്നില്ല. പദ്ധതി നടപ്പാകരുതെന്ന്‌ ബര്‍ജര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. ആവുന്നത്ര തടസ്സങ്ങളുണ്ടാക്കാന്‍ അയാള്‍ ശ്രമിക്കുന്നു. തടവുകാരുടെ നിസ്സഹകരണവും മെല്ലെപ്പോക്കും മണത്തറിഞ്ഞ സൈന്യം സാലിക്കും കൂട്ടര്‍ക്കും അന്ത്യശാസനം നല്‌കുന്നു. സാലിയുടെ കഠിനശ്രമത്താല്‍ ഡോളറും അവിടെ നിര്‍മിക്കപ്പെടുന്നു. അപ്പോഴേക്കും യുദ്ധം അവസാനഘട്ടത്തിലെത്തിയിരുന്നു. ജര്‍മനിയുടെ പരാജയത്തോടെ സാലിയും കൂട്ടരും സ്വാതന്ത്ര്യത്തിന്‍െറ വെളിച്ചത്തിലേക്ക്‌ കടക്കുന്നു.

ബര്‍ജറുടെ ഓര്‍മക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ തിരക്കഥയില്‍ പ്രാമുഖ്യം പക്ഷേ, സാലിക്കാണ്‌. നിര്‍വികാരനെന്ന്‌ പുറമേക്ക്‌ തോന്നിക്കുമെങ്കിലും കാരുണ്യവും സഹജീവി സേ്‌നഹവും സ്വാതന്ത്ര്യാഭിലാഷവും അയാളുടെ ഓരോ പ്രവൃത്തിയിലും കാണാം. പണം നിര്‍മിച്ച്‌ പണം സമ്പാദിക്കുന്നതാണ്‌ കൂടുതല്‍ എളുപ്പം എന്നു വിശ്വസിക്കുന്നവനാണ്‌ സാലി. കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍ തന്‍െറ ഭാര്യയും മക്കളും ഓഷ്‌വിറ്റ്‌സിലെ തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതരായേനെ എന്നയാള്‍ ഒരിക്കല്‍ സങ്കടപ്പെടുന്നുണ്ട്‌. ജീവിതാസക്തിയുള്ള കഥാപാത്രമാണ്‌ സാലി. തടവറയിലെ ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിപ്പോകരുതെന്ന്‌ അയാള്‍ക്കാഗ്രഹമുണ്ട്‌. ഒരുദിവസം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്‌ എന്നാണയാളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അതിജീവനത്തിന്‌ കീഴടങ്ങലിന്‍െറ വഴിയാണയാള്‍ സ്വീകരിക്കുന്നത്‌. ഒടുവില്‍ തടവറയില്‍നിന്നു മോചിതനായപ്പോള്‍ ജീവിതം വ്യര്‍ഥമായെന്നാണ്‌ സാലിക്ക്‌ തോന്നുന്നത്‌. അയാളെ കാത്തിരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഓഷ്‌വിറ്റ്‌സിലെ ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിയിരുന്നു അയാളുടെ കുടുംബം.

തികഞ്ഞ സ്വാതന്ത്ര്യദാഹിയും കമ്യൂണിസ്റ്റാശയക്കാരനുമായ ബര്‍ജറും ശക്തമായ കഥാപാത്രംതന്നെ. തടവറയിലും കീഴടങ്ങാനല്ല, പൊരുതാനാണയാള്‍ ആഗ്രഹിക്കുന്നത്‌. അതിജീവനത്തിന്‌ പോരാട്ടമാണ്‌ പോംവഴിയെന്ന്‌ അയാള്‍ വിശ്വസിക്കുന്നു. ഓഷ്‌വിറ്റ്‌സില്‍ മരിച്ച ഭാര്യയെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്ന ബര്‍ജര്‍ നാസികളുമായി ഒരുതരത്തിലും ഒത്തുതീര്‍പ്പ്‌ വേണ്ടെന്ന പക്ഷക്കാരനാണ്‌. പാപ്പരായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്‌ ജര്‍മനിയുടേത്‌. അതിനു ജീവന്‍കൊടുക്കാന്‍ തങ്ങള്‍ക്ക്‌ ഒരു ബാധ്യതയുമില്ലെന്ന്‌ അയാള്‍ സാലിയെ ഓര്‍മപ്പെടുത്തുന്നു. ഡോളര്‍ നിര്‍മാണം തന്നാലാവുംവിധം താമസിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. പ്രിന്‍റര്‍ (പ്രസാധകന്‍) സത്യം അച്ചടിക്കേണ്ടവനാണ്‌ എന്നയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കള്ളനോട്ടടിക്കാന്‍ ചുമതലയേറ്റതിന്‍െറ പേരില്‍ തങ്ങള്‍ക്ക്‌ പ്രത്യേകാവകാശങ്ങള്‍ ലഭിക്കുന്നതില്‍ അയാള്‍ രോഷാകുലനാണ്‌. തങ്ങളുടെ മതിലിനപ്പുറം നിത്യവും ഡസന്‍കണക്കിനു തടവുകാര്‍ തോക്കിനിരയാവുന്നത്‌ അയാളെ വേദനിപ്പിക്കുന്നു. മാര്‍ദവമുള്ള കിടക്ക അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്‌തന്നെയാണെന്ന്‌ ബര്‍ജര്‍ സഹതടവുകാരെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. ഇതിന്‍െറ പേരില്‍ പലപ്പോഴും സാലിയോട്‌ തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്‌ അയാള്‍.

കരിങ്കടല്‍ത്തീരത്തെ തന്‍െറ ജന്മനഗരമായ ഒഡേസ്സയെപ്പറ്റി എപ്പോഴും സംസാരിക്കുന്ന കോല്യ എന്ന യുവാവാണ്‌ നമ്മുടെ മനസ്സിനെ മഥിക്കുന്ന മറ്റൊരു കഥാപാത്രം. തടവറയില്‍നിന്നുള്ള മോചനദിനം കാത്തുകഴിയുകയാണവന്‍. ക്ഷയരോഗബാധിതനായ അവനെ സൈന്യം ഏകാന്ത തടവിലാക്കുന്നു. അവിടെ മരുന്നൊന്നും കിട്ടാനില്ല. രോഗികളെ വെടിവെച്ചുകൊല്ലലാണ്‌ എളുപ്പവഴി. ഡോളര്‍ എങ്ങനെയെങ്കിലും നിര്‍മിച്ചുകൊടുക്കാമെന്ന്‌ സാലി സൈനിക മേധാവിക്ക്‌ വാക്ക്‌ കൊടുക്കുന്നത്‌ കോല്യക്കുവേണ്ടിയാണ്‌. മരുന്നുമായി സാലി എത്തുമ്പോള്‍ കാണുന്നത്‌ ഒരു സൈനികന്‍ കോല്യയെ വെടിവെച്ചു കൊല്ലുന്നതാണ്‌. ഒഡേസ്സ നഗരത്തിലേക്കുള്ള അവന്‍െറ സ്വപ്‌നയാത്രയെക്കുറിച്ചോര്‍ത്ത്‌, കനത്ത ഇരുട്ടിന്‍െറ മറപറ്റി സാലി പൊട്ടിക്കരയുന്ന രംഗം മറക്കാനാവില്ല.

2 comments:

T Suresh Babu said...

`ഓപ്പറേഷന്‍ ബേണ്‍ഹാര്‍ഡി'നെ ആധാരമാക്കി അഡോള്‍ഫ്‌ ബര്‍ജര്‍ എന്ന ടൈപ്പോഗ്രാഫര്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍നിന്നാണ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സ്‌' എന്ന ജര്‍മന്‍ സിനിമ രൂപമെടുത്തത്‌. 90 മിനിറ്റ്‌ നീണ്ട ഈ സിനിമയുടെ സംവിധായകന്‍ സ്റ്റെഫാന്‍ റുസോവിറ്റ്‌സ്‌കിയാണ്‌. 2007 ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സി'നായിരുന്നു.

chithrakaran ചിത്രകാരന്‍ said...

മനുഷ്യ ചരിത്രത്തിലേക്കുള്ള സിനിമ.
നമുക്കും ഇത്രക്ക് മഹത്തരമായ സിനിമകളുണ്ടാകാത്തത് എന്തുകൊണ്ടായിരിക്കും.
ജനിച്ചപാടെ നാം മിത്തല്‍ മാരും അംബാനിമാരുമാകുന്നതുകൊണ്ടായിരിക്കുമോ ?
പീഢനങ്ങളുടേയും,അദ്ധ്വാനത്തിന്റേയും
ചരിത്രമൊക്കെ മുന്‍‌ജന്മ പാപഫലമായതിനാല്‍
നീചജന്മമാണെന്നും,അതിനാല്‍ ഒരിക്കലും
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ലെന്നതായിരിക്കും
നമ്മുടെ തീരുമാനം!!!

വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു
സുരേഷ്ജ്ജി.തികച്ചും ഹൃദയ സ്പര്‍ശി.