Monday, June 16, 2008

വിഭജനത്തിന്റെ ശേഷിപ്പ്‌

1947-ലെ ഇന്ത്യാവിഭജനം ഒട്ടേറെ ഇന്ത്യന്‍ സിനിമകള്‍ക്കു വിഷയമായിട്ടുണ്ട്‌. ഋത്വിക്‌ഘട്ടക്കും എം.എസ്‌. സത്യുവും ശ്യാം ബെനഗലും ഗോവിന്ദ്‌ നിഹലാനിയും വിഭജനത്തിന്‍െറ വേദന പകര്‍ത്താന്‍ ശ്രമിച്ച സംവിധായകരില്‍ പ്രമുഖരാണ്‌. പാകിസ്‌താനിലും സമാനഹൃദയരായ സംവിധായകരുണ്ടെന്ന്‌ നമ്മളെ ബോധ്യപ്പെടുത്തുകയാണ്‌ `ഖാമോഷ്‌ പാനി' (ശാന്തജലം) എന്ന പാക്‌ സിനിമ.


കറാച്ചി സ്വദേശിയായ സബിഹ സുമര്‍ എന്ന വനിതയുടെ ആദ്യഫീച്ചര്‍ ഫിലിമാണ്‌ 2003-ല്‍ പുറത്തിറങ്ങിയ ഖാമോഷ്‌പാനി. അക്കൊല്ലത്തെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, നടി എന്നിവ ഉള്‍പ്പെടെ നാല്‌ അവാര്‍ഡുകളാണ്‌ ഈ പഞ്ചാബി സിനിമ നേടിയത്‌. വേറെയും ഒട്ടേറെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ക്ക്‌ `ഖാമോഷി പാനി' അര്‍ഹമായിട്ടുണ്ട്‌.


സ്വന്തം രാജ്യത്തെ വനിതകളുടെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ്‌ തീവ്രമായൊരു കഥാബീജം മനസ്സിനെ മഥിച്ചതെന്ന്‌ സബിഹ സുമര്‍ പറയുന്നു. വിഭജനകാലത്ത്‌ ഇന്ത്യയുടെയും പാകിസ്ഥാന്‍െറയും അതിര്‍ത്തിപ്രദേശങ്ങളില്‍ ആയിരക്കണക്കിന്‌ സ്‌ത്രീകളാണ്‌ ഉപേക്ഷിക്കപ്പെട്ടത്‌. മതാന്ധത ബാധിച്ച എതിര്‍വിഭാഗങ്ങളില്‍നിന്നുള്ള ആക്രമണം ഭയന്ന്‌ പല ഗൃഹനാഥന്മാരും തങ്ങളുടെ കുടുംബത്തിലെ വനിതകളെ കൊന്നൊടുക്കുകയോ ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുകയോ ചെയ്‌തിരുന്നു, അക്കാലത്ത്‌. കുടുംബത്തിന്‍െറ `ദുരഭിമാനം' സംരക്ഷിക്കാന്‍ തയ്യാറാവാത്ത വനിതകളെ വിധിക്കു വിട്ടുകൊടുത്ത്‌ മറ്റു കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്കോ പാകിസ്‌താനിലേക്കോ രക്ഷപ്പെട്ടു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട വനിതകളെ കണ്ടെത്തി പഴയ കുടുംബങ്ങളോടു ചേര്‍ക്കാന്‍ പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ വഴി ശ്രമം നടന്നു.


ഇതിലൊരു കര്‍ശനവ്യവസ്ഥയുണ്ടായിരുന്നു. പുതിയ ബന്ധങ്ങളെ അംഗീകരിക്കില്ല എന്നതായിരുന്നു ആ വ്യവസ്ഥ. കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരില്‍ പലരും വീണ്ടും വിവാഹിതരായിരുന്നു. അതില്‍ കുട്ടികളുമുണ്ടായിരുന്നു. പുതുബന്ധം ഉപേക്ഷിച്ച്‌ കുടുംബത്തിലേക്കു തിരിച്ചുപോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. അന്യമതസ്ഥരുടെ കൂടെക്കഴിഞ്ഞു എന്ന `കുറ്റം' ചുമത്തി അവരെ തിരിച്ചെടുക്കാന്‍ കുടുംബങ്ങളും മടിച്ചു. ഈ സാമൂഹിക പശ്ചാത്തലത്തില്‍നിന്നാണ്‌ `ഖാമോഷ്‌ പാനി' രൂപം കൊള്ളുന്നത്‌.


മൂല്യങ്ങളെ തൂക്കിനോക്കി വിധി കല്‌പിക്കുകയല്ല താനീ സിനിമയില്‍ ചെയ്‌തതെന്ന്‌ സബിഹ സുമര്‍ വ്യക്തമാക്കുന്നു. ചരിത്രത്തില്‍ നമ്മള്‍ മറന്നിട്ടിട്ടുപോയതോ ഓര്‍ക്കാന്‍ മടിക്കുന്നതോ ആയ ചില നഗ്‌നനയാഥാര്‍ഥ്യങ്ങള്‍ രേഖപ്പെടുത്തുക മാത്രമായിരുന്നു തന്‍െറ ഉദ്ദേശ്യം എന്നവര്‍ പറയുന്നു. മതമൗലികതയില്‍നിന്നുയരുന്ന തീവ്രവാദം അപകടകാരിയാണെന്ന്‌ അവര്‍ക്കു ബോധ്യമുണ്ട്‌. അക്കാര്യം ശക്തമായി ആവിഷ്‌കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുമുണ്ട്‌.


പാക്‌ പഞ്ചാബിലെ ചര്‍ഖി എന്ന മലയോര ഗ്രാമമാണ്‌ കഥാപശ്ചാത്തലം. കഥ തുടങ്ങുന്നത്‌ 1979ല്‍. സൈനിക അട്ടിമറിയിലൂടെ ജനറല്‍ സിയാ ഉല്‍ഹഖ്‌ ഭരണം പിടിച്ചിട്ടേയുള്ളൂ. മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയാഭരണകൂടം തൂക്കിക്കൊല്ലുന്നു (ഒരു രാഷ്ട്രീയ പ്രതിയോഗിയുടെ വധത്തിനു കൂട്ടുനിന്നു എന്ന കുറ്റമാണ്‌ ഭൂട്ടോക്കെതിരെ ചുമത്തിയിരുന്നത്‌). സൈനിക ഭരണത്തിന്‍െറ മറപറ്റി പാകിസ്‌താനില്‍ തീവ്രവാദം തലയുയര്‍ത്തിത്തുടങ്ങിയിരുന്നു. വിഭജനകാലത്ത്‌ ഇന്ത്യയിലെ പഞ്ചാബിലേക്ക്‌ പോകാനാവാതെ ചര്‍ഖിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അയിഷ എന്ന അമ്പതുകാരിയെയും മകന്‍ പതിനെട്ടുകാരനായ സലീമിനെയുമാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. പഴയ കാലത്തിന്‍െറ വേദനിപ്പിക്കുന്ന ഓര്‍മകള്‍ മുഴുവന്‍ അയിഷയുടെ മുഖത്തുണ്ട്‌. എന്നിട്ടും അവര്‍ പ്രസന്നവതിയായിരിക്കാന്‍ ശ്രമിക്കുന്നു. മരിച്ചുപോയ ഭര്‍ത്താവിന്‍െറ പെന്‍ഷനും പെണ്‍കുട്ടികള്‍ക്ക്‌ ഖുര്‍ ആന്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍നിന്നു കിട്ടുന്ന വരുമാനവുമാണ്‌ അവര്‍ക്കാകെയുള്ളത്‌. മകന്‍ സലീം സ്വപ്‌നജീവിയാണ്‌. ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കു ശേഷമാണ്‌ അവന്‍െറ ജനനം. അതുകൊണ്ടുതന്നെ അവനെ ഏറെ ലാളിക്കുന്നുണ്ടവര്‍. ഓടക്കുഴലുമെടുത്ത്‌ മലകയറി കാമുകിയെ തിരയലാണ്‌ സലീമിന്‍െറ പ്രധാന ജോലി. ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാന്‍ ശ്രമിക്കാത്ത സലീം എളുപ്പത്തില്‍ തീവ്രവാദികളുടെ വലയില്‍ അകപ്പെടുന്നു. ലാഹോറില്‍ നിന്നെത്തിയ രണ്ട്‌ ചെറുപ്പക്കാരാണ്‌ ആ ഗ്രാമത്തില്‍ തീവ്രവാദത്തിന്‍െറ വിഷവിത്തെറിയുന്നത്‌.


ഇന്ത്യയും പാകിസ്‌താനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച്‌ ഇന്ത്യയിലെ സിഖുകാര്‍ക്ക്‌ പാകിസ്‌താനിലെ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാന്‍ അനുമതി കിട്ടുന്നു. നൂറുകണക്കിന്‌ സിഖുകാര്‍ പാകിസ്‌താനിലെത്തുന്നു. കൂട്ടത്തില്‍ ജസ്വന്തുമുണ്ടായിരുന്നു. വിഭജനകാലത്ത്‌ ചര്‍ഖി ഗ്രാമത്തില്‍ നഷ്‌ടപ്പെട്ടുപോയ വീരോ എന്ന സഹോദരിയെ കണ്ടെത്തുകയായിരുന്നു അയാളുടെ പ്രധാന ആഗമനോദ്ദേശ്യം. തീവ്രവാദികളുടെ എതിര്‍പ്പുകള്‍ക്കിടയിലും അയാള്‍ പെങ്ങളെ കണ്ടെത്തുന്നു. അയിഷയായിരുന്നു അത്‌. (സിനിമയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചില പഴയകാല ദൃശ്യങ്ങളുടെ സാംഗത്യം പ്രേക്ഷകന്‌ ബോധ്യപ്പെടുന്നത്‌ ഇവിടെ വെച്ചാണ്‌.) പിതാവ്‌ മരണശയ്യയിലാണ്‌. അദ്ദേഹത്തിന്‌ മകളെ അവസാനമായി ഒന്നു കാണണം. ജസ്വന്തിന്‍െറ ഈ അഭ്യര്‍ഥന അയിഷ നിരസിക്കുന്നു. തിരിച്ചുപോകുമ്പോള്‍ ജസ്വന്ത്‌ ഏല്‌പിച്ച മാലയിലെ ലോക്കറ്റില്‍ വീരോയുടെ പഴയ ചിത്രമുണ്ടായിരുന്നു. തന്‍െറ അമ്മ സിഖുകാരിയായിരുന്നു എന്നു സലീം മനസ്സിലാക്കുന്നു. ഈ വിവരമറിഞ്ഞ തീവ്രവാദികള്‍ സലീമില്‍ നിന്നകലുന്നു. സുബൈദയുമായുള്ള സലീമിന്‍െറ പ്രണയബന്ധവും തകര്‍ച്ചയിലെത്തുന്നു.


1947ല്‍ മരണത്തെ തോല്‌പിച്ചാണ്‌ വീരോ എന്ന അയിഷ സ്വന്തം ഗ്രാമത്തില്‍ രണ്ടാമതൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്‌. അന്യ സമുദായക്കാരനായ യുവാവ്‌ അവള്‍ക്ക്‌ അന്ന്‌ അഭയം കൊടുത്തു. ആ സേ്‌നഹത്തിനു മുന്നില്‍ കീഴടങ്ങി അവള്‍ മതം മാറി. ഒരിക്കല്‍, കുടുംബത്തിന്‍െറ `അഭിമാനം' കാക്കാന്‍ തന്നെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചയാളാണ്‌ പിതാവ്‌. അദ്ദേഹത്തെ വീണ്ടും കാണാന്‍ അവളുടെ മനസ്സ്‌ പാകപ്പെട്ടിട്ടില്ല.


പുതിയ വെളിപ്പെടുത്തലോടെ മകനില്‍നിന്നും സമുദായത്തില്‍നിന്നും താന്‍ ഒറ്റപ്പെടുകയാണെന്ന്‌ അയിഷയ്‌ക്കു ബോധ്യമായി. രാത്രി. സഹോദരന്‍ തിരിച്ചുനല്‍കിയ പഴയ മാലയണിഞ്ഞ്‌ അയിഷ ഗ്രാമത്തിലെ കിണറിനടുത്തെത്തുന്നു. താനൊരിക്കല്‍ ഭയപ്പെട്ടിരുന്ന ആ കിണറിന്‍െറ ആഴങ്ങളില്‍ അവര്‍ തന്‍െറ വേദനകള്‍ അവസാനിപ്പിക്കുന്നു.


വിഭജന കാലത്ത്‌ ഉപേക്ഷിക്കപ്പെട്ട വനിതകളുടെ പ്രതിനിധിയാണ്‌ വീരോ എന്ന അയിഷ. ഈയൊരു കഥാപാത്രത്തെ മാത്രം മുന്നില്‍നിര്‍ത്തി ആയിരങ്ങളുടെ തീക്ഷ്‌ണമായ അനുഭവങ്ങളിലേക്ക്‌ പ്രേക്ഷകനെ എത്തിക്കാന്‍ സംവിധായികയ്‌ക്ക്‌ കഴിയുന്നുണ്ട്‌. സഹോദരന്‍െറ വരവുവരെ അയിഷയുടെ ഭൂതകാലം പൂര്‍ണമായും വെളിപ്പെടുത്തുന്നില്ല സംവിധായിക. ്‌ള്‌ളാഷ്‌ബേക്കുകളില്‍ ചില സൂചനകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഓടിക്കളിക്കുന്ന പെണ്‍കുട്ടികളും വാ പിളര്‍ന്ന്‌ കിടക്കുന്ന കിണറിന്‍െറ ദൃശ്യങ്ങളും അസ്വസ്ഥതയുളവാക്കുന്ന ഓര്‍മകളുടെ ബിംബങ്ങളാണ്‌. അയിഷയുടെ ഉള്ളില്‍ പുകയുന്ന അഗ്‌നനിപര്‍വതത്തിന്‍െറ ചൂട്‌ പുറത്തേക്ക്‌ വരുന്നത്‌ സഹോദരന്‍ തേടിയെത്തുമ്പോഴാണ്‌. 32 വര്‍ഷമായി അയിഷ പുകയുകയായിരുന്നു. ആണ്‍മക്കളുമൊത്ത്‌ ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുമ്പോള്‍ പിതാവിന്‍െറ മുന്നിലുണ്ടായിരുന്നത്‌ കുടുംബത്തിന്‍െറ അന്തസ്സ്‌ മാത്രമായിരുന്നു. അമ്മയും സഹോദരിയും പിതാവിന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി കിണറ്റില്‍ച്ചാടി മരിച്ചത്‌ വീരോയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു. അവള്‍ക്ക്‌ പിതാവിനെ അനുസരിക്കാന്‍ മനസ്സുവന്നില്ല. അവള്‍ക്ക്‌ ജീവിക്കാന്‍ കൊതിയായിരുന്നു. അതുകൊണ്ടാണവള്‍ പിതാവിനെ ധിക്കരിച്ച്‌ ഓടിപ്പോയത്‌. കുടുംബത്തിന്‌ അഭിമാനക്ഷതം വരുത്തിയ മകളെ വീണ്ടും കണ്ടാല്‍ പിതാവിനു സിഖുകാരുടെ സ്വര്‍ഗം നഷ്‌ടപ്പെടുമെന്ന്‌ വീരോ പരിഹസിക്കുന്നു. പിതാവുമായുള്ള ബന്ധം ഗ്രാമത്തിലെ കിണറിനെ സാക്ഷിയാക്കി താന്‍ അവസാനിപ്പിച്ചതാണ്‌. ഇനിയത്‌ പുനരുജ്ജീവിപ്പിക്കാനാവില്ല. കുടുംബത്തിന്‍െറ ദുരഭിമാനം നിലനിര്‍ത്തേണ്ട ബാധ്യത സ്‌ത്രീകള്‍ക്കുമാത്രമോ എന്ന വലിയ ചോദ്യമാണ്‌ വീരോ എന്ന അയിഷ ഉന്നയിക്കുന്നത്‌. പുരുഷ മേധാവിത്വമുള്ള സമൂഹത്തിനു നേര്‍ക്കാണീ ചോദ്യം ഉയരുന്നത്‌.


അന്യമതങ്ങളോടുള്ള അസഹിഷ്‌ണുതയും തീവ്രവാദവും സമൂഹത്തില്‍ എങ്ങനെ വേരുപിടിക്കുന്നു എന്ന്‌ പരിശോധിക്കുക കൂടി ചെയ്യുന്നുണ്ടീ ചിത്രം. അലസരായ യുവതലമുറയെ വഴിപിഴപ്പിക്കാന്‍ എളുപ്പമാണെന്ന്‌ ചിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നു.


വിഭജനത്തിന്‍െറ ഉള്ളറകളിലേക്കോ അതേക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കോ ന്യായവിധികളിലേക്കോ കടക്കാന്‍ സംവിധായിക ശ്രമിക്കുന്നേയില്ല. വിഭജനം അവശേഷിപ്പിച്ചുപോയ സാമൂഹിക ദുരന്തത്തിലാണ്‌ അവര്‍ വേദനയോടെ സ്‌പര്‍ശിക്കുന്നത്‌.


പാകിസ്‌താനിലും ഇന്ത്യയിലും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടും എന്നതിനാലാവണം പ്രഗല്‌ഭയായ ഒരിന്ത്യന്‍ നടിയെയാണ്‌ നായികാ സ്ഥാനത്തേക്ക്‌ കണ്ടെത്തിയത്‌. നടന്‍ അനുപം ഖേറിന്‍െറ ഭാര്യ കിരണ്‍ ഖേറാണ്‌ അയിഷയെ അവതരിപ്പിക്കുന്നത്‌. നടുക്കുന്ന ഒരു കാലഘട്ടത്തിന്‍െറ സാക്ഷിയായി മാറുന്നുണ്ടവര്‍. ഓരോ ചലനത്തിലും ഭാവത്തിലും സംഭാഷണത്തിലും സ്വാഭാവികത നിലനിര്‍ത്താനവര്‍ക്കു കഴിയുന്നുണ്ട്‌. പാകിസ്‌താനില്‍ ചിത്രീകരിച്ച ഒരു പാക്‌ സിനിമയില്‍ അഭിനയിച്ച ആദ്യത്തെ ഇന്ത്യന്‍ നടി എന്ന ഖ്യാതിയും `ഖാമോഷ്‌ പാനി'യിലൂടെ കിരണ്‍ ഖേര്‍ നേടിയിട്ടുണ്ട്‌.

Friday, May 23, 2008

ശൂന്യമായ വീടുകള്‍

'ഉപേക്ഷിക്കപ്പെട്ട വീടുകളാണ്‌ നാമെല്ലാം. ആരെങ്കിലുമൊരാള്‍ വന്ന്‌ പൂട്ടുതുറന്ന്‌ മോചിപ്പിക്കുന്നതും കാത്തിരിക്കുകയാണ്‌ നമ്മള്‍''സംവിധായകന്‍ കിം കി ഡൂക്ക്‌ പറയുന്നു. മനസ്സില്‍ കുറിച്ചിട്ട ഈ ആശയം വികസിപ്പിച്ചാണ്‌ '3 അയണ്‍' എന്ന കൊറിയന്‍ ചിത്രത്തിന്‌ രൂപം കൊടുത്തത്‌. ''നമ്മള്‍ കാണുന്ന ഈ ലോകത്തേയ്‌ക്ക്‌ ഞാനെന്റെ ചിന്തകളും വിചാരങ്ങളും ചേര്‍ക്കുകയാണ്‌''-കിം വിശ്വസിക്കുന്നു.


ഒരു ലക്ഷ്യവുമില്ലാതെ അലയുന്നവനാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. പേര്‌ ടോ-സുക്ക്‌. ഈ യുവാവിന്‌ ഒരു ബൈക്കാണ്‌ സ്വന്തമായുള്ളത്‌. ജോലിയില്ല, വീടില്ല. രാവിലെ ബൈക്കില്‍ സവാരിക്കിറങ്ങും. രാത്രി താമസിക്കാനൊരിടം വേണം. അതിനവന്‍ ഒരെളുപ്പവഴി കണ്ടുപിടിച്ചു. കുറെ വീടുകളുടെ വാതിലില്‍ പരസ്യങ്ങളുടെ ലഘുലേഖകള്‍ തൂക്കിയിടും.കറങ്ങിത്തിരിഞ്ഞ്‌ പിന്നീട്‌ അവിടെ തിരിച്ചെത്തും. ലഘുലേഖ നീക്കം ചെയ്യാത്ത ഏതെങ്കിലും വീട്ടിലായിരിക്കും അന്നത്തെ താമസം. വീട്ടുകാര്‍ പുറത്തായതിനാലാണ്‌ ലഘുലഖ എടുത്തുമാറ്റാത്തതെന്ന്‌ അവനറിയാം. ഏതു പൂട്ടും തുറക്കാനുള്ള ചില ഉപകരണങ്ങള്‍, ഒരു ഗോള്‍ഫ്‌ പന്ത്‌, പന്തടിക്കാനുള്ള ഉപകരണം. ഇത്രയുമാണവന്റെ കൈമുതല്‍. പതുക്കെ വാതില്‍ തുറന്ന്‌ അന്നവിടെ കഴിയുന്നു. ടോ-സുക്ക്‌ ഒന്നും മോഷ്ടിക്കില്ല. മാന്യമായ ഭവനഭേദനക്കാരനാണവന്‍.


നന്നായി കുളിച്ച്‌, അലമാരയിലുള്ള വസ്‌ത്രങ്ങളും ധരിച്ച്‌, അവിടെയുള്ള ഭക്ഷണസാധനങ്ങളും കഴിച്ച്‌, ടെലിവിഷന്‍ കണ്ട്‌ സുഖമായുറങ്ങുന്നു.ഇതിനിടയില്‍,കേടുള്ള എന്തെങ്കിലും ഉപകരണം വീട്ടിലുണ്ടെങ്കില്‍ അവനത്‌ നന്നാക്കിയിരിക്കും. കുട്ടികളുടെ കളിത്തോക്ക്‌ നന്നാക്കും. ഭാരം നോക്കുന്ന യന്ത്രം കേടുപാടു തീര്‍ക്കും. ക്ലോക്കിന്‌ ജീവന്‍ കൊടുക്കും. ചെടി നനയ്‌ക്കും. വീട്ടുകാര്‍ അഴിച്ചിട്ട വസ്‌ത്രങ്ങള്‍ അലക്കിയിടും.ആകെപ്പാടെ വീടിനൊരു വൃത്തിയും വെടിപ്പും വരുത്തും. അഥവാ കണക്കുകൂട്ടലുകള്‍ തെറ്റി വീട്ടുകാരെങ്ങാനും എത്തിയാല്‍ ബൈക്കെടുത്ത്‌ പറപറക്കും, അടുത്ത അന്തിത്താവളം കണ്ടെത്താന്‍.


ഒരിക്കല്‍ അവന്‍ അതിക്രമിച്ചുകടന്നത്‌ ആളുള്ള വീട്ടില്‍ത്തന്നെയാണ്‌. പ്രശസ്‌ത മോഡലായ സണ്‍ഹ്വാ എന്ന യുവതിയുടേതാണ്‌ ആ വീട്‌. ഭര്‍ത്താവായ ബിസിനസ്സുകാരന്‌ അവളുടെ ശരീരം മാത്രമേ വേണ്ടൂ. അന്നും വഴക്കിട്ടാണയാള്‍ പോയത്‌. തകര്‍ന്ന ആ ബന്ധത്തിലേക്കാണ്‌ അനുവാദമില്ലാതെ ടോ-സുക്ക്‌ കടന്നുവരുന്നത്‌. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സണ്‍ ഹ്വാ അവനോടൊപ്പം രാത്രി തന്നെ രക്ഷപ്പെടുന്നു. പിന്നീട്‌ രണ്ടുപേരും ചേര്‍ന്നാണ്‌ ഭവനഭേദനം നടത്തുന്നത്‌.


ഒരുദിവസം താമസിക്കാന്‍ കയറിയ വീട്ടില്‍ ഒരു മരണം നടക്കുന്നു. ഒരു വൃദ്ധനാണ്‌ മരിക്കുന്നത്‌. അയാളുടെ മകന്‍ പരാതിപ്പെട്ടതനുസരിച്ച്‌ കൊലക്കുറ്റം ചുമത്തി ടോ-സുക്കിനെ ജയിലിലടയ്‌ക്കുന്നു. സണ്‍ ഹ്വായെ ഭര്‍ത്താവ്‌ വിളിച്ചുകൊണ്ടുപോകുന്നു.ജയിലില്‍നിന്ന്‌ അവന്‍ വരുന്നതും കാത്തിരിക്കുകയാണവള്‍. ഒടുവില്‍ അവന്‍ ജയില്‍മോചിനാകുന്നു. അവര്‍ ഒരുമിച്ച്‌ ചേരുന്നു.


2004ലെ വെനീസ്‌ ചലച്ചിത്ര മേളയില്‍ കിമ്മിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ 3 അയണ്‍. അക്കൊല്ലം തന്നെ ടൊറന്റോ മേളയിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കിം കി ഡുക്ക്‌ ചിത്രകാരന്‍കൂടിയാണ്‌.ഗോള്‍ഫ്‌ കളിയുമായി ബന്ധപ്പെട്ട വാക്കാണ്‌ ചിത്രത്തിന്റെ ശീര്‍ഷകം. ഗോള്‍ഫ്‌ ബാഗില്‍ അധികം ആവശ്യമില്ലാതെ കിടക്കുന്ന ഉപകരണമാണ്‌ പന്തടിക്കാനുപയോഗിക്കുന്ന 3 അയണ്‍.


ഉപേക്ഷിക്കപ്പെട്ട, ഒറ്റയാക്കപ്പെട്ട മനുഷ്യന്റെയോ ഒഴിഞ്ഞ വീടിന്റെയോ പ്രതീകമാണ്‌ ഈ ഉപകരണമെന്ന്‌ സംവിധായകന്‍ കരുതുന്നു. കഥാനായകനും നായികയും ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണ്‌. അവരുടെ അവസ്ഥ സൂചിപ്പിക്കാന്‍ ഈ പ്രതീകത്തിന്‌ കഴിയുന്നു. മറ്റൊന്നു കൂടിയുണ്ട്‌. സണ്‍ ഹ്വയുടെ ഭര്‍ത്താവിനെയും തന്നെ ദ്രോഹിച്ച പോലീസുകാരനെയും ടോ- സുക്ക്‌ ശിക്ഷിക്കുന്നത്‌ ഗോള്‍ഫ്‌ പന്തുകൊണ്ടാണ്‌.


ഒരുമാസം കൊണ്ടാണ്‌ കിം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്‌. ഷൂട്ടിങ്ങിന്‌ 16 ദിവസമെടുത്തു. എഡിറ്റിങ്ങിന്‌ പത്തു ദിവസവും. എല്ലാം രണ്ടു മാസം കൊണ്ടു കഴിഞ്ഞു. ''നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്‌നമാണോ എന്ന്‌ പറയുക പ്രയാസം'' എന്നെഴുതിക്കാണിച്ചുകൊണ്ടാണ്‌ ചിത്രം അവസാനിക്കുന്നത്‌. സംവിധായകന്റെ ഈ സന്ദേഹം പ്രേക്ഷകനും അനുഭവപ്പെടുന്നുണ്ട്‌. യാഥാര്‍ഥ്യവും ഭ്രമാത്മകതയും നമുക്ക്‌ എളുപ്പം വേര്‍തിരിച്ചെടുക്കാനാവില്ല. ലോലമായ അതിര്‍വരമ്പേ ഇവയ്‌ക്കിടയിലുള്ളൂ.


നന്മയുടെ പക്ഷത്തുനില്‍ക്കുന്നയാളാണ്‌ സംവിധായകന്‍. ടോ-സുക്കിനെ നന്മമാത്രം കൈമുതലായുള്ള രക്ഷകനായാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. ഇത്‌ അദ്ദേഹത്തിന്റെ സ്വപ്‌നമാണ്‌. യഥാര്‍ഥലോകം മറുപക്ഷത്താണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ വളര്‍ത്തിയെടുക്കുന്ന സുന്ദര സ്വപ്‌നത്തിന്റെ പ്രതീകമാണ്‌ ടോ-സുക്ക്‌.


ചിത്രത്തിന്റെ ഇതിവൃത്തത്തില്‍ ആറുവീടുകളാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ആറിലും കഥാനായകന്‍ നുഴഞ്ഞുകയറുകയാണ്‌. തുടക്കത്തില്‍ ആ വീടുകളില്‍ ആരെയും നമുക്ക്‌ കാണാനാവില്ല. പക്ഷെ, എല്ലാവരുടെയും ഫോട്ടോകളുണ്ട്‌. അവിടെ റെക്കോഡ്‌ ചെയ്‌തുവെച്ച സന്ദേശങ്ങളും അവിടേക്കുവരുന്ന ഫോണ്‍വിളികളും നമ്മെ കേള്‍പ്പിക്കുന്നുണ്ട്‌. ഇത്രയും കൊണ്ടുതന്നെ ആ കുടുംബങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ നല്‍കാന്‍ സംവിധായകന്‌ കഴിയുന്നുണ്ട്‌.


ഇതിലെ ഓരോ വീടും ഓരോ ലോകമാണ്‌. അസംതൃപ്‌തരുടെ ലോകം. അവിടെ ആരും വാതിലുകള്‍ തുറന്നിടുന്നില്ല. കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക്‌ കടന്നിരുന്ന്‌ മനസ്സിന്റെ വാതിലുകള്‍ കൊട്ടിയടയ്‌ക്കുകയാണ്‌, അപരിചിതരുടെ കടന്നുവരവ്‌ ഒഴിവാക്കാന്‍.എന്നാല്‍, ഓരോ വീടിനും ഓരോ ചൈതന്യമുണ്ടെന്ന്‌ സംവിധായകന്‍ വിശ്വസിക്കുന്നു. വീട്‌ ഒരിക്കലും മനുഷ്യരുടെ ശബ്ദമില്ലാതെ, ചൂരില്ലാതെ ശൂന്യമായിക്കിടക്കരുത്‌. ആ ശൂന്യത നികത്താനാണ്‌, അവിടെ ചൈതന്യം നിറയ്‌ക്കാനാണ്‌ ടോ-സുക്ക്‌ എത്തുന്നത്‌. വീട്ടുകാരുടെ അസാന്നിദ്ധ്യത്തിലും അവിടെ അവന്‍ ജീവന്‍ പകരുന്നു. സ്ഥാനം മാറിക്കിടക്കുന്ന വസ്‌തുക്കള്‍ യഥാ സ്ഥാനത്ത്‌ വെയ്‌ക്കുന്നു. കേടായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഓരോ വീട്ടിലും തന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായി തന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നു.


ദാമ്പത്യത്തിലെ സംശയം, പിണക്കങ്ങള്‍, അതൃപ്‌തി, അധീശത്വ മനോഭാവം, മുറിവുകള്‍ എന്നിവയെക്കുറിച്ചും പിതൃ-പുത്ര ബന്ധത്തിലെ സ്‌നേഹശൂന്യമായ യാന്ത്രികതയെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നു. എല്ലാറ്റിനും സാക്ഷിയായി ഒരാളുണ്ട്‌-ടോ-സുക്ക്‌. ആര്‍ദ്ര മനസ്സോടെ അവന്‍ സ്‌നേഹശൂന്യതയുടെ വിടവടയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. ശ്വാസകോശാര്‍ബുദ രോഗിയായ പിതാവിനെ പട്ടിക്കുഞ്ഞിനൊപ്പം വീട്ടില്‍ ഏകനായി വിട്ടിട്ടാണ്‌ മകനും ഭാര്യയും ടൂറിന്‌ പോകുന്നത്‌. ടോ-സുക്കും സണ്‍ഹ്വായും അവിടെയെത്തുമ്പോള്‍ രക്തം ഛര്‍ദ്ദിച്ച്‌ വൃദ്ധന്‍ മരിച്ചുകിടക്കുകയായിരുന്നു. ഈയൊരവസ്ഥയില്‍ അവിടെനിന്ന്‌ രക്ഷപ്പെടാനല്ല അവന്‍ ശ്രമിക്കുന്നത്‌. അവിടെ കണ്ടൊരു നമ്പറില്‍ മകനെ വിളിക്കുന്നു. മൂന്നു ദിവസം കഴിഞ്ഞേ തങ്ങളെ ബന്ധപ്പെടാനാവൂ എന്ന റെക്കോഡ്‌ ചെയ്‌തുവെച്ച മറുപടിയാണ്‌ അവനു കിട്ടുന്നത്‌. ഒരച്ഛനു നല്‍കേണ്ട എല്ലാ ആദരവും നല്‍കി അവന്‍ മൃതദേഹം രഹസ്യമായി സംസ്‌കരിക്കുന്നു. മൃതദേഹം പൊതിഞ്ഞുകെട്ടുമ്പോള്‍ മകന്‍ വിളിക്കുന്നുണ്ട്‌.''അച്ഛന്‍ വിളിച്ചിരുന്നോ, സുഖം തന്നെയല്ലേ''-എന്നാണയാള്‍ ചോദിക്കുന്നത്‌.


തന്റെ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും സംവിധായകന്‍ കിമ്മിന്‌ വ്യക്തമായ ധാരണയുണ്ട്‌. വികാരപ്രകടനത്തിന്‌ ഭാഷ നിര്‍ബന്ധമില്ലെന്ന്‌ ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. 95 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ ടോ-സുക്കും സണ്‍ഹ്വായും തമ്മില്‍ ഒരക്ഷരംപോലും മിണ്ടുന്നില്ല. ടോ-സുക്ക്‌ ചിത്രത്തിലുടനീളം നിശബ്ദനാണ്‌. സണ്‍ഹ്വാ ആകട്ടെ രണ്ടു തവണ മാത്രമാണ്‌ സംസാരിക്കുന്നത്‌. അതും ചിത്രത്തിനൊടുവില്‍. രണ്ടു വാചകം മാത്രം. അതേസമയം നീച കഥാപാത്രങ്ങളുടെ സംഭാഷണത്തിന്‌ സംവിധായകന്‍ തടയിടുന്നില്ല. സണ്‍ഹ്വായുടെ ഭര്‍ത്താവ്‌, ടോ-സുക്കിനെ പിടിക്കുന്ന പോലീസുദ്യോഗസ്ഥന്‍, ജയിലര്‍, ബോക്‌സര്‍, അച്ഛനെ മരണത്തിനുവിട്ട്‌ ഉല്ലാസയാത്രയ്‌ക്കുപോകുന്ന മകന്‍ എന്നിവരൊക്കെ ആവുന്നത്ര സംസാരിക്കുന്നുണ്ട്‌.


ഒരു ചിത്രകാരന്റെ സാന്നിദ്ധ്യം സിനിമയിലെങ്ങും കാണാം. ഓരോ ഫ്രെയിമും ഓരോ പെയിന്റിങ്ങാണ്‌. നിഴലും വെളിച്ചവും നിറങ്ങളും സന്ദര്‍ഭത്തിന്‌ അനുയോജ്യമാം വിധം ചേര്‍ത്ത്‌ തയ്യാറാക്കിയതാണ്‌ ഓരോ ദൃശ്യവും. അധികപറ്റായി ഒരു ദൃശ്യം പോലുമില്ല. എല്ലാം പരസ്‌പര ബന്ധിതം. പശ്ചാത്തലത്തില്‍ സ്വാഭാവിക ശബ്ദങ്ങളേയുള്ളൂ. സംഗീതമില്ല. ടോ-സുക്കും സണ്‍ഹ്വായും തമ്മിലുള്ള ഗാഢനിമിഷങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മാത്രമാണ്‌ സംഗീതം ഉപയോഗിക്കുന്നത്‌. അതും ഒരേപാട്ട്‌. പലതവണ ഇതാവര്‍ത്തിക്കുന്നുണ്ട്‌. ചിത്രാവസാനത്തില്‍ ഏറെനേരം ഈ സംഗീതം കേള്‍ക്കാം.


വെയിങ്‌ മെഷീനില്‍ കയറി മുഖാമുഖം നില്‍ക്കുന്ന ടോ-സുക്കിന്റെയും സണ്‍ഹ്വായുടെയും പാദങ്ങളുടെ ദൃശ്യം ഫ്രീസ്‌ ചെയ്‌താണ്‌ ചിത്രം അവസാനിക്കുന്നത്‌. ഈ ദൃശ്യത്തെ വെറും സ്വപ്‌നമായും നമുക്ക്‌ വ്യാഖ്യാനിക്കാം. കാരണം, സണ്‍ഹ്വായുടെ പ്രതീക്ഷകള്‍ക്കാണ്‌ അവസാന ഭാഗങ്ങളില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. ജയിലില്‍ കഴിയുന്ന ടോ-സുക്കിനെ അവള്‍ കാത്തിരിക്കുകയാണ്‌. അവന്‍ ഒരുനാള്‍ വരുമെന്ന്‌ അവള്‍ക്കറിയാം.മറ്റാര്‍ക്കും കാണാനാകാതെ, ഒരു നിഴല്‍ പോലെയാണ്‌ അവനെത്തുന്നത്‌. അതോടെ അവള്‍ ആഹ്ലാദവതിയാകുന്നു. എവിടെയോ മറന്നുവെച്ച സംസാരശേഷി അവള്‍ വീണ്ടെടുക്കുന്നു. ഒരുമിച്ച്‌, ഒരു മനസ്സായി, ഭാരമില്ലാത്ത ഒരു ലോകത്തേയ്‌ക്ക്‌ അവര്‍ ലയിച്ചുചേരുകയാണ്‌.

Tuesday, May 13, 2008

അമരനായ ലുമുംബ

പത്രീസ്‌ എമരി ലുമുംബ. ആഫ്രിക്കന്‍ വിമോചന സമരചരിത്രത്തിലെ അവിസ്‌മരണീയനായ ജനനേതാവാണ്‌ ലുമുംബ. ദീര്‍ഘകാലത്തെ പോരാട്ടത്തിനുശേഷം സ്വതന്ത്രമായ കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രി. 36-ാം വയസ്സിലായിരുന്നു ഈ സ്ഥാനാരോഹണം. പക്ഷേ, 84 ദിവസമേ അദ്ദേഹത്തിനു അധികാരത്തില്‍ തുടരാനായുള്ളൂ. സാമ്രാജ്യത്വ ശക്തികളും ഉപജാപകരും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കി, തുറങ്കിലടച്ചു. കുറ്റപത്രമില്ലാതെ, വിചാരണയില്ലാതെ വിധിപറയാതെ വെടിവെച്ചുകൊന്നു.
ഹ്രസ്വമെങ്കിലും തീക്ഷ്‌ണമായിരുന്നു ലുമുംബയുടെ ജീവിതം. സമരമുഖങ്ങളിലും ജയിലറകളിലുമായിരുന്നു അദ്ദേഹത്തിന്‍െറ യൗവനം. ശത്രുക്കള്‍ക്ക്‌ ഉറക്കമില്ലാത്തരാവുകള്‍ സമ്മാനിച്ച, കാതലുള്ള ധിക്കാരിയായിരുന്നു ലുമുംബ. കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ ആഫ്രിക്കന്‍ രാജ്യമായ കോംഗോയെ മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ധീരോജ്വലവും ത്യാഗപൂര്‍ണവുമായ ആ ജീവിതമാണ്‌ `ലുമുംബ' എന്ന ആഫ്രിക്കന്‍ സിനിമ അനാവരണം ചെയ്യുന്നത്‌.

ലുമുംബ എന്ന വ്യക്തിയിലൂടെ കോംഗോയുടെ സ്വാതന്ത്ര്യസമരചരിത്രംകൂടിയാണ്‌ സംവിധായകന്‍ റോള്‍ പെക്ക്‌ എഴുതുന്നത്‌. സമരനായകന്‍ വിശ്വാസങ്ങളോട്‌ വിട്ടുവീഴ്‌ചക്കൊരുങ്ങാത്ത ജനതല്‌പരനായ ഭരണാധികാരി, പ്രാദേശിക വാദങ്ങള്‍ക്ക്‌ ഗോത്രപ്പെരുമകള്‍ക്കുമപ്പുറത്ത്‌ രാജ്യത്തെ ഏകശിലയായി കാണാന്‍ ആഗ്രഹിച്ച ഭരണാധികാരി,സഹനശേഷിയോടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ വിപ്ലവകാരി എന്നീ നിലകളില്‍ ലുമുംബയുടെ മാതൃകാജീവിതം പകര്‍ത്തുകയാണ്‌ സംവിധായകന്‍. പത്തുവര്‍ഷം ലുമുംബയെക്കുറിച്ച്‌ പഠിച്ചശേഷമാണ്‌ ഹെയ്‌തിക്കാരനായ പെക്ക്‌ ഈ സിനിമ പാകപ്പെടുത്തിയത്‌. ലുമുംബയുടെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി എടുത്ത ഈ ചിത്രത്തില്‍ ചരിത്രത്തിന്‌ ഒടിവും ചതവുമൊന്നും പറ്റിയിട്ടില്ലെന്ന്‌ നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വാതന്ത്ര്യം ഒറ്റുകൊടുത്തവരും കോളണിവാഴ്‌ചക്കാരും ചേര്‍ന്ന്‌ നിശ്ശബ്ദനാക്കിയ ലുമുംബ ഭാര്യയോട്‌ സംസാരിക്കുന്ന രീതിയിലാണ്‌ കഥ പറയുന്നത്‌. 1961 ജനവരി പതിനേഴിന്‌ കോംഗോവിലെ കടാങ്ക പ്രവിശ്യയിലുള്ള കാടുകളില്‍ അരങ്ങേറിയ ഭീകര രാത്രിയുടെ ദൃശ്യങ്ങളോടെ സിനിമ തുടങ്ങുന്നു. ഇരുട്ടിനെ വകഞ്ഞുമാറ്റി തീക്കണ്ണുകളോടെ മൂന്നുകാറുകളും ഏതാനും സൈനിക വാഹനങ്ങളും. ലുമുംബയും അടുത്ത അനുയായികളും മന്ത്രിമാരുമായിരുന്ന മൊറീസ്‌ പോളോയും തോമസ്‌ ഒകീതോയും ആണ്‌ ആ കാറുകളിലുള്ളത്‌. അടുത്ത നിമിഷം എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ മൊറീസും തോമസും മൃതാവസ്ഥയിലാണ്‌. എല്ലാം അറിയാവുന്ന ആളായി നിസ്സംഗനായി ലുമുംബ മാത്രമാണ്‌ ഉണര്‍ന്നിരിക്കുന്നത്‌. മരണ നിമിഷങ്ങള്‍ അദ്ദേഹം എണ്ണിത്തുടങ്ങിയിരിക്കുന്നു. അങ്ങകലെ, ഏതോ രാജ്യത്തേക്ക്‌ രക്ഷപ്പെട്ട പ്രിയ ഭാര്യയുടെ ഹൃദയത്തിലേക്ക്‌ ലുമുംബ തന്‍െറ മരണവൃത്താന്തം പകരുകയാണ്‌. ``കടാങ്കായിലെ ഈ രാത്രിയെപ്പറ്റി നീയൊരിക്കലും അറിയാനിടയില്ല. നീയെന്നല്ല, ആരും എല്ലാ കാര്യങ്ങളും മക്കളോട്‌ പറയരുത്‌. അവര്‍ക്കത്‌ മനസ്സിലാവില്ല''- അദ്ദേഹം സംസാരിച്ചു തുടങ്ങുകയാണ്‌.

അടുത്ത രംഗത്തില്‍ ഒരു ട്രക്ക്‌ വരുന്നു. അതില്‍ രണ്ടുപേരുണ്ട്‌. അവര്‍ ഇറങ്ങി വലിയൊരു കുഴിതോണ്ടുകയാണ്‌. ട്രക്കില്‍ നിന്ന്‌ മൃതദേഹങ്ങള്‍ ഒന്നൊന്നായി അവര്‍ വലിച്ചിടുന്നു. ഇരുട്ടില്‍ നമുക്കിപ്പോള്‍ ലുമുംബയുടെ മൃതദേഹം കാണാം. മൂന്നുമൃതദേഹങ്ങളും കൂട്ടിയിട്ട്‌ കത്തിക്കാന്‍ പോവുകയാണ്‌. ഈ രംഗം പൂര്‍ത്തിയാക്കാതെ ക്യാമറ കഴിഞ്ഞ കാലത്തിലേക്ക്‌ നീങ്ങുന്നു. സമരദൃശ്യങ്ങള്‍ പകര്‍ത്തുകയാണാദ്യം. അവിടെ നിന്ന്‌ നീങ്ങുന്ന ക്യാമറ ആഫ്രിക്കന്‍ നേതാക്കളുടെ ഒരുയോഗത്തില്‍ ചെന്ന്‌ നിലയുറപ്പിക്കുന്നു. വ്യക്തമായ നിലപാടുകളുള്ള, ഊര്‍ജസ്വലനായ ലുമുംബയാണ്‌ ആ യോഗത്തിലെ ശ്രദ്ധാകേന്ദ്രം. അദ്ദേഹത്തിന്‍െറ അഭിപ്രായങ്ങളിലൂന്നിയാണ്‌ മറ്റ്‌ നേതാക്കള്‍ സംസാരിക്കുന്നത്‌. വിവിധ താത്‌പര്യങ്ങളുടെ സംരക്ഷകരാണവര്‍. അനോന്യമുള്ള ശത്രുതയും നീരസവുമെല്ലാം അവര്‍ യോഗത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്‌. ലുമുംബമാത്രമാണ്‌ ഐക്യത്തെപ്പറ്റി സംസാരിക്കുന്നത്‌. എണ്‍പത്‌വര്‍ഷത്തെ ബില്‍ജിയന്‍ അടിമത്തത്തില്‍ നിന്ന്‌ കോംഗോവിനും മോചനം കിട്ടാന്‍പോവുകയാണ്‌. രാജ്യത്തിന്‍െറ ഘടന എങ്ങനെയാവണം എന്നുള്ള ചര്‍ച്ചയാണ്‌ അവിടെ നടക്കുന്നത്‌. മൂവ്‌മെന്‍റ്‌ നാഷണല്‍ കോംഗോളെയ്‌സ്‌ (എം.എന്‍.സി) എന്ന പാര്‍ട്ടിയെയാണ്‌ ലുമുംബ പ്രതിനിധാനം ചെയ്യുന്നത്‌. എങ്കിലും ഏതെങ്കിലും പാര്‍ട്ടിയുടെയോ പ്രവിശ്യയുടെയോ ഗോത്രത്തിന്‍െറയോ നേതാവായി തന്നെ ഉയര്‍ത്തിക്കാട്ടരുതെന്ന്‌ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്‌. പ്രവിശ്യകളുടെ ഫെഡറേഷനല്ല, ഏകീകൃതകോംഗോ ആണ്‌ അദ്ദേഹത്തിന്‍െറ സ്വപ്‌നം. ആ സ്വപ്‌നമാണ്‌ ചില നേതാക്കള്‍ ചവിട്ടിയരച്ചത്‌.

കറവപ്പശുവായിരുന്ന കോംഗോയെ പൂര്‍ണമായും വിട്ടുകൊടുക്കാന്‍ ബല്‍ജിയത്തിനുമടിയായിരുന്നു. കോംഗോവിലെ വിലപിടിച്ച ധാതുസമ്പത്തിലായിരുന്നു അവരുടെ കണ്ണ്‌. ചില കോംഗോ നേതാക്കളോടൊപ്പം ചേര്‍ന്ന്‌ രാജ്യത്ത്‌ കലാപവും അരക്ഷിതാവസ്ഥയും സൃഷ്‌ടിക്കാന്‍ ബല്‍ജിയന്‍ ഭരണാധികള്‍ കുതന്ത്രങ്ങള്‍ നെയ്‌തു. അത്‌ ഫലപ്രാപ്‌തിയിലെത്തിയപ്പോഴാണ്‌ ലുമുംബയ്‌ക്ക്‌ അധികാരം നഷ്‌ടമായത്‌.

1960 ജൂണിലാണ്‌ കോംഗോ സ്വതന്ത്രമാവുന്നത്‌. ആദ്യത്തെ പ്രധാനമന്ത്രിയായി ജൂണ്‍ 24 ന്‌ ലുമുംബ സ്ഥാനമേറ്റു. ജോസഫ്‌ കാസാ-വുബു ആയിരുന്നു പ്രസിഡന്‍റ്‌. എന്നും ലുമുംബയുടെ എതിര്‍പക്ഷത്തായിരുന്നു കടാങ്കപ്രവിശ്യയിലെ നേതാവായ മൊയിസ്‌ ഷോംബെ. അയാള്‍ക്ക്‌ ലുമുംബയുടെ ദേശീയവാദമൊന്നും ദഹിക്കുന്ന ആശയമായിരുന്നില്ല. ധാതുക്കളാല്‍ സമ്പുഷ്‌ടമായിരുന്നു കടാങ്ക പ്രവിശ്യ. ഈ സമ്പത്തിന്‍െറ ബലത്തിലാണ്‌ ഷോംബെ ബല്‍ജിയം അധികൃതരുമായി കൂട്ടുകൂടുന്നത്‌. ലുമുംബയെ അംഗീകരിക്കാന്‍ മടിക്കുന്ന ഷോംബെ തന്‍െറ പ്രവിശ്യക്ക്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. രാജ്യത്ത്‌ അപ്പോഴും നിലയുറപ്പിച്ചിരുന്ന ബെല്‍ജിയം സൈനികരും ജനറല്‍ ജോസഫ്‌ മൊബുട്ടുവിന്‍െറ കീഴിലുള്ള കോംഗോ സൈനികരും എങ്ങും കലാപത്തിനു തീകൊളുത്തി. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുന്നു എന്ന്‌ കുറ്റുപ്പെടുത്തിക്കൊണ്ട്‌ സപ്‌തംബര്‍ 14 ന്‌ ലുമുംബയെ പ്രസിഡന്‍റ്‌ കാസാംവുബു പ്രധാനമന്ത്രിപദത്തില്‍ നിന്നുനീക്കി. ഏകാധിപതിയെന്നും കമ്യൂണിസ്റ്റെന്നും ശത്രുക്കള്‍ ലുമുംബയെ മുദ്രകുത്തി. പാര്‍ലമെന്‍റില്‍ച്ചെന്ന്‌ തന്‍െറ നിലപാടും സ്വപ്‌നവും എന്തെന്നു വെളിപ്പെടുത്തിയ ശേഷമാണ്‌ ലുമുംബ എതിരാളികള്‍ക്ക്‌ വഴങ്ങിയത്‌. കഴിഞ്ഞകാല ഭിന്നതകള്‍ മറന്ന്‌ രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിക്കുക എന്നാണദ്ദേഹം പാര്‍ലന്‍െറംഗങ്ങളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചത്‌.

സൈനികമേധാവിയായ ജനറല്‍ ജോസഫ്‌ മൊബുട്ടു ഇതിനിടെ അധികാരകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. സി.ഐ.എ. പിന്തുണയോടെ അദ്ദേഹം പ്രസിഡന്‍റിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ലുമുംബയെയും മന്ത്രിമാരായ ജോസഫിനെയും മൊറീസിനെയും അറസ്റ്റുചെയ്‌തു.

്‌ള്‌ളാഷ്‌ ബാക്കില്‍ നിന്നു ക്യാമറ ആദ്യരംഗത്തിലേക്ക്‌ തിരിച്ചെത്തുന്നു. തുടക്കത്തില്‍ കണ്ട കാറുകളും സൈനിക വാഹനങ്ങളും. കൊലക്കളത്തിലേക്ക്‌ നീങ്ങുകയാണവ. ഈ ദൃശ്യം പെട്ടെന്നു മുറിക്കുന്നു. അടുത്ത രംഗത്തില്‍ ജനറല്‍ ജോസഫിന്‍െറ ഔദ്യോഗികവസതിയാണ്‌ നമ്മള്‍ കാണുന്നത്‌. ജനറല്‍ ജോസഫ്‌ സിംഹാസനത്തിലിരിക്കുന്നു. പാട്ടും നൃത്തവും നടത്തുന്നു. പത്രീസ്‌ലുമുംബയെ ദേശീയ നായകനായി പ്രഖ്യാപിക്കുകയാണ്‌ ജനറല്‍ ജോസഫ്‌. ഉടനെ , കാട്ടിലെ ദൃശ്യം വീണ്ടും പ്രത്യക്ഷപ്പെടുന്നു. കാറിലിരിക്കുന്ന ലുമുംബയുടെ വിലങ്ങിട്ട കൈകള്‍ നമുക്ക്‌ കാണാം. ഒരാള്‍ വന്ന്‌ ആ വിലങ്ങഴിക്കുന്നു. ``വേണമെങ്കില്‍ പ്രാര്‍ഥിക്കാം''- അയാള്‍ ലുമുംബയോട്‌ പറയുന്നു. ലുമുംബയുടെ മുഖം മുഴുവന്‍ മര്‍ദനത്തിന്‍െറ അടയാളങ്ങളാണ്‌. അദ്ദേഹത്തിന്‍െറ മുറിഞ്ഞുപോയ ആത്മഗതം ഇവിടെ തുടരുന്നു. തോമസിനെയും മൊറീസിനെയും കാറില്‍ നിന്നിറക്കി കൊണ്ടുപോയി ഒരു മരത്തില്‍ക്കെട്ടി വെടിവെച്ചുകൊല്ലുന്നു. ഇനി നിമിഷങ്ങളേയുള്ളു. ലുമുംബ ആത്മഭാഷണം അവസാനിപ്പിക്കുകയാണ്‌. ``എന്‍െറ മനസ്സിലുള്ളത്‌ നീ വായിച്ചുകഴിയുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. മക്കളോട്‌ പറയണം, കോംഗോവിന്‌ മഹത്തായ ഭാവിയുണ്ട്‌. അവരാണിനി രാജ്യത്തിന്‍െറ മഹത്വം പണിതുയര്‍ത്തേണ്ടത്‌. സഹപ്രവര്‍ത്തകരും ഞാനും ജീവന്‍ കൊടുത്ത സമരത്തിന്‍െറ അന്തിമ വിജയത്തെപ്പറ്റി ഞാനൊരിക്കലും സംശയാലുവായിരുന്നില്ല. എന്നു നീ അവരോട്‌ പറയണം.'' വാക്കുകള്‍ ഇവിടെ നിലയ്‌ക്കുന്നു. ലുമുംബയെ രണ്ടുപേര്‍ ചേര്‍ന്ന്‌ മരത്തിനടുത്തേക്ക്‌ കൊണ്ടുപോവുകയാണ്‌. മരത്തിന്‍െറ ക്ലോസപ്പ്‌. വെടിയുണ്ട തുളഞ്ഞ പാടുകള്‍. ഉണങ്ങാത്ത ചോരച്ചാലുകള്‍. മരത്തില്‍ ചാരി, നെഞ്ചുവിരിച്ച്‌ നില്‍ക്കുന്ന ലുമുംബ. അദ്ദേഹം സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങളിലേക്ക്‌ ഒന്നു നോക്കുന്നു. അടുത്ത നിമിഷത്തില്‍ വെടിയുണ്ടകള്‍ ചീറിപ്പായുന്നു. ലുമുംബ വീഴുന്നു. അടുത്തഷോട്ടില്‍ വീണ്ടും ഏകാധിപതി ജോസഫിന്‍െറ മുഖം. അവിടെ വിജയിയുടെ ആഹ്ലാദം കാണാനില്ല. കുറ്റബോധ മുണ്ടെങ്കിലും നിര്‍വികാരമാണ്‌ ആമുഖം. ഔദ്യോഗിക ചടങ്ങ്‌ അവസാനിക്കുകയാണ്‌. അയാള്‍ നന്ദി പറയുമ്പോള്‍ ജനക്കൂട്ടം (അധികവും വെള്ളക്കാര്‍) കൈയടിക്കുന്നു. ക്യാമറ ഒരു നീഗ്രോയുവതിയിലേക്കും നീഗ്രോ സൈനികനിലേക്കും ഫോക്കസ്‌ ചെയ്യുന്നു. അവര്‍ രണ്ടും കൈയടിക്കുന്നില്ല. ആ കണ്ണുകളില്‍ വിഷാദമുണ്ട്‌, പകയുണ്ട്‌, ഇനിയും പോരാടാനുള്ള വീര്യവുമുണ്ട്‌.

വീണ്ടും കൊലക്കളം, രണ്ടുപേര്‍ മൃതദേഹങ്ങള്‍ കത്തിക്കുകയാണ്‌. ഒരടയാളവും ബാക്കി വെക്കുന്നില്ല. വസ്‌ത്രങ്ങള്‍ വരെ തീയിടുന്നു. ലുമുംബയുടെ ശബ്ദം മുഴങ്ങുന്നു: ``കരയരുത്‌, പ്രയമുള്ളവളെ. ചരിത്രം ഒരുനാള്‍ അക്കാര്യം വെളിപ്പെടുത്തും. ബസ്സല്‍സിലോ പാരീസിലോ വാഷിങ്‌ടണിലോ അവര്‍ പഠിപ്പിക്കുന്ന ചരിത്രത്തിലല്ല. നമ്മുടെ ചരിത്രത്തില്‍. പുതിയ ആഫ്രിക്കയുടെ ചരിത്രം.'' തീ ആളിക്കത്തുന്നു. പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ ഗീതം. തീ സ്‌ക്രീനില്‍ നിറയുന്നു. സ്വാതന്ത്ര്യദാഹത്തിന്‍െറ അനിവാര്യമായ ആളിപ്പടരല്‍ സൂചിപ്പിച്ചുകൊണ്ട്‌ സിനിമ അവസാനിക്കുന്നു.

ദീര്‍ഘമായ അവസാനരംഗം രണ്ടായി മുറിച്ച്‌ അതിനിടെ ലുമുംബയുടെ ജീവിതകഥ പറയുന്ന രീതിയാണ്‌ സംവിധായകന്‍ അവലംബിക്കുന്നത്‌. നമ്മുടെ ആകാംക്ഷ നിലനിര്‍ത്താന്‍ ഈ ടെക്‌നിക്ക്‌ സഹായിക്കുന്നുണ്ട്‌. രക്തസാക്ഷിത്വത്തിന്‍െറ വിശദാംശങ്ങള്‍ ബാക്കിവെച്ച്‌ ഏറ്റുവുമൊടുവിലാണത്‌ പൂരിപ്പിക്കുന്നത്‌.

ജനാധിപത്യത്തിന്‍െറ അന്ത്യത്തില്‍ നിന്ന്‌ ഏകാധിപതികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ്‌ `ലുമുംബ'യില്‍ നമ്മള്‍ കാണുന്നത്‌. പത്രപ്രവര്‍ത്തകനായി ജീവിതം തുടങ്ങി സൈനികനായി മാറിയ ജനറല്‍ ജോസഫ്‌ മൊബുട്ടു ബാഹ്യശക്തികളുടെ ഇച്ഛക്കൊത്ത്‌ രാജ്യത്ത്‌ ഏകാധിപത്യം നടപ്പാക്കുകയാണ്‌. തുടക്കത്തില്‍, ലുമുംബയുടെ തണല്‍ പറ്റിയാണ്‌ ഇയാള്‍ വളരുന്നത്‌. കൗശലക്കാരനായ അയാള്‍ ക്രമേണ രക്ഷകനെത്തന്നെ വിഴുങ്ങുന്നു. (അട്ടിമറിയെ `സമാധാനപരമായ വിപ്ലവം' എന്നു വിശേഷിപ്പിച്ച ജനറല്‍ ജോസഫ്‌ മൊബുട്ടു 1997 വരെ കോംഗോ ഭരിച്ചു).

കോംഗോയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആകൃഷ്‌ടനാണെങ്കിലും അമിതാവേശം കാട്ടുന്നില്ല സംവിധായകന്‍. ഇതിവൃത്തത്തിന്‌ കൃത്യമായ ഒരു കാലയളവ്‌ ആദ്യമേതന്നെ നിശ്ചയിച്ചു. അതില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട സംഭവങ്ങള്‍ മാത്രമേ അദ്ദേഹം നമുക്കുകാട്ടിത്തരുന്നുള്ളു. സ്വാതന്ത്ര്യപ്രഖ്യാപനം തൊട്ട്‌ ലുമുംബയുടെ മരണം വരെ കുറഞ്ഞൊരു കാലം. എങ്കിലും അതില്‍ നിന്ന്‌ ശക്തമായ തിരക്കഥ രൂപപ്പെടുത്താന്‍ സംവിധായകനുകഴിഞ്ഞു. ലോകം അറിയേണ്ട ചില സത്യങ്ങള്‍ തമസ്‌കരിക്കപ്പെട്ടുപോയെന്ന്‌ ഈ സിനിമ സധൈര്യം വിളിച്ചുപറയുന്നു.

ലുമുംബയുടെ വധത്തില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്നാണ്‌ 2001 വരെയും ബല്‍ജിയം പറഞ്ഞുകൊണ്ടിരുന്നത്‌. ബല്‍ജിയന്‍ സോഷ്യോളജിസ്റ്റായ ലുഡോ ഡെ വിറ്റ്‌ ആണ്‌ ഇത്‌ പൊളിച്ചത്‌. ഡെവിറ്റ്‌ 1999 ല്‍ പുറത്തിറക്കിയ `ദ മര്‍ഡര്‍ ഓഫ്‌ ലുമുംബ' എന്ന ഗ്രന്ഥത്തില്‍ ലുമുംബയുടെ വധത്തില്‍ ബല്‍ജിയം സര്‍ക്കാറിനും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന്‌ വെളിപ്പെടുത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ 2001 ല്‍ `ലുമുംബ വധ' ത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 2002 ല്‍ ബല്‍ജിയം കോംഗോ ജനതയോട്‌ മാപ്പുപറഞ്ഞു.

Saturday, May 3, 2008

അച്ഛനും മകനും

പ്രശസ്‌തനായ അലക്‌സാണ്ടര്‍ സുഖുറോവ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന റഷ്യന്‍ ചിത്രം സംവിധാനം ചെയ്‌തത്‌ 1997-ലാണ്‌. ഒരമ്മയും മകനും തമ്മിലുള്ള ഗാഢ ബന്ധത്തിന്‍െറയും മരണത്തിന്‍െറ നിത്യ സാന്നിധ്യത്തിന്‍െറയും കഥയാണിതില്‍ തീവ്രമായി ആവിഷ്‌കരിച്ചത്‌. ആറു വര്‍ഷത്തിനുശേഷം സമാനമായ ഒരു ചിത്രം സുഖുറോവ്‌ സംവിധാനം ചെയ്‌തു. ഒരച്ഛനും മകനും തമ്മിലുള്ള ഹൃദയൈക്യത്തിന്‍െറ ചിത്രം. പേര്‌: `ഫാദര്‍ ആന്‍ഡ്‌ സണ്‍' `കുടുംബ ചിത്രം' എന്ന ഗണത്തിലാണ്‌ ചില നിരൂപകര്‍ ഈ രണ്ടു സിനിമകളെയും ഉള്‍പ്പെടുത്തുന്നത്‌.

പ്രമേയത്തിലും ആവിഷ്‌കാര രീതിയിലും ശീര്‍ഷകത്തിലും സമാനതകളുണ്ട്‌ ഈ ചിത്രങ്ങള്‍ക്ക്‌ . സേ്‌നഹം മാത്രമല്ല, വ്യാകുലതകളും ഏകാന്തതയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു സിനിമകളും നമ്മെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നു. സുഖുറോവിന്‍െറ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍-``സേ്‌നഹവും ഉത്‌കണ്‌ഠയും വേദനയും കുറ്റബോധവുമൊക്കെ നമുക്ക്‌ തോന്നുന്നത്‌ അടുപ്പമുള്ളവരെക്കുറിച്ചാണ്‌. സേ്‌നഹിക്കപ്പെടാന്‍ വിധിക്കപ്പെട്ട കുടുംബാംഗങ്ങളാണ്‌ നമ്മുടെ ഹൃദയത്തോട്‌ അടുത്തു നില്‍ക്കുന്നത്‌.''


ആദ്യ ചിത്രമായ `മദര്‍ ആന്‍ഡ്‌ സണ്ണില്‍' രണ്ടു കഥാപാത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ, ഏതോ വിദൂര ഗ്രാമത്തില്‍ മരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീടും കുറെ പൂക്കളും പച്ചപ്പു നിറഞ്ഞ ഗ്രാമവീഥികളും. `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ല്‍ പ്രകൃതി ഒരു സജീവ സാന്നിധ്യമല്ല. പ്രകൃതിയിലേക്ക്‌ ക്യാമറ തിരിയുന്നത്‌ പ്രധാനമായും അവസാന രംഗങ്ങളിലാണ്‌. പേരില്ലാത്ത ഒരു നഗരത്തിലാണ്‌ കഥ നടക്കുന്നത്‌. എന്നും ഒരേ താളത്തില്‍ ചലിക്കുന്ന ജീവിതമാണ്‌ അവിടത്തേത്‌.


മുഖ്യകഥാപാത്രങ്ങളിലൊരാളായ അച്ഛനു പേരില്ല. ഏതാണ്ട്‌ 40 വയസ്സു പ്രായം, ഉറച്ച ശരീരം, സുന്ദരന്‍. സൈന്യത്തില്‍നിന്നു പിരിഞ്ഞ ആളാണ്‌. മകന്‍െറ പേര്‌ അലക്‌സി. 20 വയസ്സുവരും. സൈനിക അക്കാദമിയില്‍ പഠിക്കുന്നു. അലക്‌സിയുടെ അമ്മ നേരത്തേ മരിച്ചു. കുട്ടിക്കാലത്തെ ഓര്‍മകളോടൊന്നും അലക്‌സിക്ക്‌ താത്‌പര്യമില്ല. അച്ഛനെന്ന അഭയകേന്ദ്രത്തെ തിരിച്ചറിഞ്ഞ നാള്‍ തൊട്ടുള്ള ഓര്‍മകളാണ്‌ അവനിഷ്‌ടം. തന്‍െറ അമ്മയും സഹോദരനും സുഹൃത്തും എല്ലാമാണ്‌ അച്ഛന്‍. സൈനിക അക്കാദമിയിലെ പഠനം കഴിഞ്ഞാല്‍ അദ്ദേഹത്തെ വിട്ടുപിരിയേണ്ടിവരുമെന്നതാണ്‌ അവന്‍െറ ദുഃഖം. `വശ്യമധുരമായി ചിരിക്കുന്ന' അച്ഛനെ ഏകാന്തതയുടെ തടവുകാരനായി സങ്കല്‌പിക്കാന്‍ അവനു വയ്യ.


ഭാര്യ കോല്യയെക്കുറിച്ച്‌ എപ്പോഴും ഓര്‍ക്കുന്നുണ്ട്‌ ആ മുന്‍ സൈനികന്‍. ഇടയെ്‌ക്കാക്കെ ആല്‍ബം എടുത്തുനോക്കും. ചിലപ്പോള്‍ അയാള്‍ ഭാര്യയുമായി സംസാരിക്കുന്നതും കാണാം.


മകന്‌ ഒരു കാമുകിയുണ്ട്‌. ആ ബന്ധം തകരാന്‍ പോവുകയാണ്‌. അലക്‌സി ഇപ്പോഴും അച്ഛന്‍െറ തണലില്‍ കഴിയുന്ന വെറും പയ്യനാണെന്നാണ്‌ കാമുകിയുടെ അഭിപ്രായം. അവള്‍ മറ്റൊരുത്തനെ കണ്ടുവെച്ചിട്ടുണ്ട്‌. അലക്‌സിയേക്കാളും പ്രായമുള്ള ഒരുത്തനെ.


മകന്‍െറ പ്രണയബന്ധം തകരുന്നതില്‍ അച്ഛനു വിഷമമുണ്ട്‌. പക്ഷേ, തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത കാമുകിയെ തനിക്കു വേണ്ടെന്ന ഉറച്ച നിലപാടിലാണ്‌ അലക്‌സി. അച്ഛനേക്കാളും വലുതല്ല മറ്റാരും. അച്ഛന്‍ ഒരു വൃക്ഷംപോലെയാണ്‌ അവന്‌. തനിക്കു തണലും ശാന്തിയും നല്‍കുന്ന തണല്‍മരം. ദുഃസ്വപ്‌നങ്ങള്‍ കാണുമ്പോള്‍ തലോടി ആശ്വസിപ്പിക്കാന്‍ അച്ഛനുണ്ട്‌. ഭക്ഷണമൊരുക്കി കാത്തിരിക്കാനും സൈനിക അക്കാദമിയില്‍ വന്ന്‌ തന്‍െറ പരിശീലനം കണ്ട്‌ അഭിമാനിക്കാനും അച്ഛനുണ്ട്‌. അച്ഛന്‍െറ കരവലയത്തില്‍ അവന്‍ കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കൂടുന്നു. ആ നെഞ്ചില്‍ മുഖമമര്‍ത്തി പറ്റിക്കിടക്കുന്നു. അവര്‍ ഏറെ നേരം പരസ്‌പരം കണ്ണിലേക്കു നോക്കി നില്‍ക്കും. ഒന്നും സംസാരിക്കില്ല. അവരുടെ മുറിയിലെപ്പോഴും അരണ്ട വെളിച്ചമേയുള്ളൂ. ``ഇതെന്‍െറ അച്ഛനാണ്‌, ചങ്ങാതിയാണ്‌. ഞാന്‍ അച്ഛനെ ഏറെ സേ്‌നഹിക്കുന്നു''- അച്ഛനെ അലക്‌സി കൂട്ടുകാര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌.


അച്ഛന്‍െറ സേ്‌നഹത്തെക്കുറിച്ച്‌, സൗന്ദര്യത്തെക്കുറിച്ച്‌ അലക്‌സിക്ക്‌ അഭിമാനമാണ്‌. പക്ഷേ, തനിക്ക്‌ ആ സേ്‌നഹം തിരിച്ചു നല്‍കാനാവില്ലെന്ന്‌ അവനറിയാം. അക്കാദമിയില്‍നിന്ന്‌ ബിരുദം നേടിക്കഴിഞ്ഞാല്‍ താന്‍ സ്ഥലം വിടും. അതോടെ അച്ഛന്‍ ഏകനാകും. ദുഃസ്വപ്‌നങ്ങള്‍ അലക്‌സിയെ വേട്ടയാടുന്നു. അച്ഛനെ കൊല്ലുന്നതായിപ്പോലും അവന്‍ സ്വപ്‌നം കാണുന്നു. അതവന്‌ ഓര്‍ക്കാന്‍ വയ്യ. അതുകൊണ്ട്‌ രാത്രി ഉറങ്ങാന്‍ അവന്‍ ഭയപ്പെടുന്നു.


യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സിനിമയില്‍ ഇടയ്‌ക്കു കടന്നുവരുന്നുണ്ട്‌. അലക്‌സിയുടെ അച്ഛന്‍െറ സുഹൃത്തായ ഒരാളെ സൈന്യത്തില്‍നിന്നു കാണാതാവുന്നു. അയാളെ തിരക്കി മകന്‍ അലക്‌സിയുടെ അച്ഛന്‍െറ അടുത്തെത്തുന്നു. അവന്‍െറ അച്ഛനും അമ്മയും ബന്ധം വേര്‍പിരിഞ്ഞവരാണ്‌. എന്താണതിനു കാരണമെന്ന്‌ അവനറിയില്ല. അമ്മയോട്‌ അവന്‍ കാരണം തിരക്കിയതാണ്‌. അപ്പോള്‍ അച്ഛനോട്‌ ചോദിക്കാന്‍ പറഞ്ഞു. യുദ്ധത്തിനുശേഷം താന്‍ മറ്റൊരാളായി മാറി എന്നാണയാള്‍ മകനു നല്‍കിയ വിശദീകരണം. എങ്ങനെ വ്യത്യസ്‌തനായി എന്ന ചോദ്യത്തിന്‌ അച്ഛന്‍ മറുപടി പറഞ്ഞില്ല. അതിനുള്ള ഉത്തരം തേടിയാണ്‌ അവന്‍ അലക്‌സിയുടെ അച്ഛന്‍െറയടുത്തെത്തുന്നത്‌.


അലക്‌സിയുടെ അച്ഛനും വ്യക്തമായ മറുപടി പറയാനാവുന്നില്ല. അച്ഛന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടാവും എന്നാണ്‌ മകന്‍ വിശ്വസിക്കുന്നത്‌. നിയമത്തിന്‍െറ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ അപ്രത്യക്ഷനായതാവാം. അയാള്‍ക്ക്‌ ആരെയും കൊല്ലാനാവില്ലെന്ന്‌ പറഞ്ഞ്‌ അലക്‌സിയുടെ അച്ഛന്‍ അവനെ സമാധാനിപ്പിക്കുന്നു. അത്രയ്‌ക്ക്‌ നല്ലവനാണയാള്‍. ഇനി അഥവാ അച്ഛന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ത്തന്നെ താന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന്‌ മകന്‍ പറയുന്നു. അച്ഛനെ ഒന്നു കണ്ടുകിട്ടണം. അവനത്രയേ വേണ്ടൂ


സൈനികന്‍െറ ദുരൂഹമായ തിരോധാനത്തെപ്പറ്റി അച്ഛന്‌ എന്തോ അറിയാമെന്ന്‌ അലക്‌സി വിശ്വസിക്കുന്നു. അതു സത്യമായിരുന്നു. സുഹൃത്തിന്‍െറ മകനോട്‌ പറയാത്ത ആ രഹസ്യം അയാള്‍ അലക്‌സിയോട്‌ വെളിപ്പെടുത്തുന്നു. 1998-ല്‍ തന്‍െറ സുഹൃത്തിന്‌ അപകടം പിടിച്ച ഒരു ദൗത്യം ഏറ്റെടുക്കേണ്ടിവന്നു. ആ ദൗത്യത്തില്‍ അയാളുടെ കൂടെയുണ്ടായിരുന്ന സൈനികരെല്ലാം മരിച്ചു. അന്നു മുതല്‍ അയാള്‍ ഒരുതരം ഉന്മാദാവസ്ഥയിലായിരുന്നു. തനിക്ക്‌ ഉത്തരവു തന്ന മേലധികാരിയെ കൊല്ലണം എന്ന വാശിയിലായിരുന്നു അയാള്‍. താന്‍ പിരിയുന്നതിനു മുമ്പേ അയാള്‍ സൈനിക ക്യാമ്പില്‍നിന്ന്‌ അപ്രത്യക്ഷനായെന്ന്‌ അച്ഛന്‍ അലക്‌സിയോട്‌ പറയുന്നു. അതിനുശേഷം താന്‍ അയാളെ കണ്ടിട്ടില്ല.


കാണാതായ അച്ഛനെക്കുറിച്ച്‌ കുത്തിക്കുത്തി ചോദിച്ച്‌ യുവാവ്‌ തന്‍െറ അച്ഛനെ ശല്യപ്പെടുത്തുന്നതില്‍ ആദ്യമൊക്കെ അലക്‌സിക്ക്‌ ദേഷ്യം തോന്നിയിരുന്നു. ഇപ്പോഴത്‌ മാഞ്ഞുപോയി. അവനില്‍ സഹതാപം മുളപൊട്ടുന്നു. അച്ഛന്‍െറ തിരോധാനം യുവാവിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന്‌ അലക്‌സിക്ക്‌ ബോധ്യപ്പെടുന്നു. അച്ഛന്‍െറ സാമീപ്യവും സേ്‌നഹവും നഷ്‌ടപ്പെടുന്നത്‌ എത്രമാത്രം വേദനാജനകമാണെന്ന്‌ അവനറിയാം.


യുവാവിനെയും കൂട്ടി അലക്‌സി നഗരം കാണാനിറങ്ങുന്നു. ഇതുവരെ വീട്ടിനുള്ളില്‍ മാത്രം കറങ്ങിത്തിരിഞ്ഞിരുന്ന ക്യാമറ പഴയ ആ നഗരത്തിന്‍െറ കാഴ്‌ചകളിലേക്കിറങ്ങുന്നു. യാത്രയ്‌ക്കിടയില്‍ യുവാവ്‌ അച്ഛനെപ്പറ്റി വാചാലനാവുന്നു. അയാള്‍ അവനൊരു താക്കോല്‍ നല്‍കിയിട്ടുണ്ട്‌. അച്ഛനെ കാണണമെന്ന്‌ തോന്നുമ്പോഴൊക്കെ അവന്‍ അതില്‍ നോക്കും. യുദ്ധത്തിനുശേഷം മുഴുക്കുടിയനായി മാറിയ അച്ഛനെ അമ്മ നിര്‍ദാക്ഷിണ്യം വീട്ടില്‍നിന്നിറക്കി വിട്ടു എന്നവന്‍ ദുഃഖത്തോടെ അലക്‌സിയെ അറിയിക്കുന്നു. അമ്മ അച്ഛനെ ഒരിക്കലും സേ്‌നഹിച്ചിരുന്നില്ല.


താന്‍ എത്ര ഭാഗ്യവാനാണെന്ന്‌ അലക്‌സിക്ക്‌ മനസ്സിലാവുന്നു. ഇപ്പോഴും അമ്മയുടെ ഓര്‍മകളില്‍ ആര്‍ദ്രചിത്തനാവുന്ന, നിഴല്‍പോലെ തനിക്ക്‌ രക്ഷാകവചം തീര്‍ത്ത്‌ ഇപ്പോഴും കൂടെ നടക്കുന്ന അച്ഛന്‍. അധികമാരും കടന്നുവരാത്ത, കോട്ടപോലുള്ള ഈ വീട്ടില്‍ അച്ഛന്‍ തനിച്ചാവാന്‍ പോവുകയാണ്‌. അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വിവാഹം കഴിക്കണമെന്ന നിര്‍ദേശം അച്ഛന്‍ തള്ളുന്നു. ``നീ നിന്‍െറ അമ്മയെപ്പോലെത്തന്നെയാണ്‌. ദൈവമാണ്‌ നിന്നെ എന്‍റടുത്തേക്കയച്ചത്‌. നിന്നെക്കുറിച്ചുള്ള എല്ലാ ഓര്‍മകളും എനിക്ക്‌ പ്രധാനപ്പെട്ടതാണ്‌''- അച്ഛന്‍ മനുസ്സുതുറക്കുന്നു.


അസ്വസ്ഥമായ ഒരു രാവിലൂടെ അവര്‍ കടന്നുപോകുന്നു. മകന്‍െറ സ്വപ്‌നത്തില്‍ കുന്നില്‍ ചെരിവിലെ മരം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ആദ്യരംഗത്ത്‌ അവിടെ മകനുണ്ടായിരുന്നു. അവന്‍ മഴ കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ മകനില്ല. മഴയുമില്ല.


അവസാനരംഗത്ത്‌ സിനിമയുടെ അന്തരീക്ഷം പാടേ മാറുന്നു. മഞ്ഞ്‌ പെയ്‌തുകൊണ്ടേയിരിക്കുകയാണ്‌. ടെറസ്സിലെ വാതില്‍ തുറന്ന്‌ അച്ഛന്‍ പുറത്തു വരുന്നു. മഞ്ഞിലൂടെ നടക്കുന്നു. മകനോടയാള്‍ സംസാരിക്കുന്നതുകേള്‍ക്കാം. ``ഞാനിവിടെ ഏകനാണ്‌'' എന്നു പറയുന്നതോടെ സിനിമ അവസാനിക്കുന്നു.??80 മിനിറ്റുള്ള ഈ സിനിമയ്‌ക്ക്‌ വിശേഷിച്ച്‌ ഒരു കഥാരേഖയില്ല. അച്ഛനും മകനും പിന്നെ, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട്‌ കടന്നുവരുന്ന മൂന്നു ചെറുപ്പക്കാരും. അലക്‌സിയുടെ കാമുകി, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സാഷ എന്ന യുവാവ്‌, കാണാതായ സൈനികന്‍െറ മകന്‍. ഇത്രയും പേരാണ്‌ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്‌. അച്ഛനും മകനും ഒഴികെയുള്ള കഥാപാത്രങ്ങള്‍ രണ്ടോ മൂന്നോ തവണ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും അവരൊക്കെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്‌.


സ്വപ്‌നദൃശ്യങ്ങളിലാണ്‌ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ദുഃസ്വപ്‌നത്തോടെയാണ്‌ തുടക്കം. അടക്കിപ്പിടിച്ച സംസാരത്തിന്‍െറയും കിതപ്പിന്‍െറയും ശബ്ദം. രണ്ടു പുരുഷ ശരീരങ്ങള്‍ പിണയുന്നു. ``അതുകഴിഞ്ഞു, അതു കഴിഞ്ഞു'' എന്നു പറഞ്ഞ്‌ മകനെ ആശ്വസിപ്പിക്കുകയാണ്‌ അച്ഛന്‍. അവനെ ദുഃസ്വപ്‌നത്തില്‍ നിന്ന്‌ തിരികെ കൊണ്ടുവരികയാണയാള്‍. അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിന്‍െറ സൂചനകളാണിവിടെ നല്‌കുന്നത്‌. `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന സിനിമയുടെ ആദ്യദൃശ്യത്തിലും സ്വപ്‌നം കടന്നുവരുന്നുണ്ട്‌. അതില്‍ മരണമാണ്‌ മകന്‍െറ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. അച്ഛനും മകനും തമ്മിലുള്ള ആശ്ലേഷരംഗങ്ങളും ആദ്യസിനിമയെ ഓര്‍മിപ്പിക്കുന്നു.


ഉണര്‍വിലേക്ക്‌ വന്നിട്ടും മകന്‍ കണ്ണടച്ചു കിടക്കുന്നു. മഴപെയ്യുന്ന കുന്നിന്‍ ചെരിവും മരവും പാതയും അവിടെ ഏകനായി നില്‍ക്കുന്ന മകനുമാണ്‌ അടുത്ത ദൃശ്യത്തില്‍. ഏതാണ്ട്‌ ഇതിനു സമാനമാണ്‌ അവസാനരംഗവും. മഞ്ഞുപൊഴിയുന്ന ആ രംഗത്ത്‌ ആദ്യരംഗത്തിലെ സംഭാഷണങ്ങള്‍ ചിലതൊക്കെ ആവര്‍ത്തിക്കുന്നുണ്ട്‌. മകന്‍െറ സ്ഥാനത്ത്‌ അച്ഛനാണെന്നുമാത്രം.


രക്തബന്ധത്തിന്‍െറയും സേ്‌നഹത്തിന്‍െറയും അനശ്വരതയെക്കുറിച്ചും മരണത്തിന്‍െറയും ഒറ്റപ്പെടലിന്‍െറയും വേദനകളെക്കുറിച്ചുമാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍', `ഫാദര്‍ ആന്‍ഡ്‌സണ്‍' എന്നീ ചിത്രങ്ങളിലൂടെ സുഖുറോവ്‌ സംസാരിക്കുന്നത്‌. രണ്ടുചിത്രങ്ങളിലും കുടുംബത്തിലെ ഒരു പ്രധാന കണ്ണിയെ വിട്ടുകളയുന്നുണ്ട്‌ സംവിധായകന്‍. ആദ്യത്തേതില്‍ അച്ഛനെ നമ്മള്‍ കാണുന്നില്ല. രണ്ടാമത്തേതില്‍ അമ്മയെയും. രണ്ടുസിനിമകളിലും പെണ്‍മക്കളെ ഒഴിവാക്കിയിരിക്കുന്നു. ആണ്‍മക്കളുടെ കാഴ്‌ചപ്പാടിലൂടെ കുടുംബബന്ധത്തിന്‍െറ ദൃഢത പരിശോധിക്കാനാണ്‌ സുഖുറോവ്‌ താത്‌പര്യം കാട്ടുന്നത്‌.


`ഒരു പിതാവിന്‍െറ സേ്‌നഹം മകനെ കുരിശിലേറ്റി; ഒരു മകന്‍െറ സേ്‌നഹം അവനെ സ്വയം കുരിശാരോഹിതനാക്കി' എന്ന വാചകം `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ല്‍ മകന്‍ അലക്‌സി രണ്ടുതവണ ആവര്‍ത്തിക്കുന്നുണ്ട്‌. ബൈബിള്‍ ഭാഷയ്‌ക്ക്‌ സമാനമായ ഈ വാചകത്തിലൂടെ പിതൃ-പുത്ര ബന്ധത്തിന്‌ ആത്മീയതലംകൂടി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്‌ സുഖുറോവ്‌. അച്ഛന്‍െറ സേ്‌നഹത്തെക്കുറിച്ചും തണലിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം നേരിടാന്‍ പോകുന്ന ഏകാന്തതയെക്കുറിച്ച്‌ അലക്‌സി ഉത്‌കണ്‌ഠപ്പെടുന്നുമുണ്ട്‌. കാണാതായ അച്ഛനെ തിരയുന്ന യുവാവിന്‍െറ വ്യഥ കാണുമ്പോഴാണ്‌ അച്ഛന്‍ നിത്യവും ഒരുക്കിത്തരുന്ന കൈത്തലത്തിന്‍െറ സാന്ത്വനത്തെപ്പറ്റി അലക്‌സി കൂടുതല്‍ ബോധവാനാകുന്നത്‌. എന്നിട്ടും, ഒടുവില്‍ അച്ഛനെ തനിച്ചാക്കേണ്ടിവന്നു അവന്‌.


പശ്ചാത്തലങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും പ്രമേയത്തിലും ആവിഷ്‌കാരത്തിലും ദൃശ്യസംവിധാനത്തിലും രണ്ടു സിനിമകള്‍ക്കും കുറെയൊക്കെ സമാനതകളുണ്ട്‌. വീട്ടിനകത്തെ ദൃശ്യങ്ങളില്‍ വെളിച്ചത്തിന്‌ പ്രാധാന്യം തീരെയില്ല. `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ല്‍ ആദ്യപകുതിവരെ ഇളംമഞ്ഞ നിറത്തിനാണ്‌ പ്രാമുഖ്യം. പിന്നീടങ്ങോട്ട്‌ ചാരനിറമാണ്‌. അമ്മയെ കൈകളില്‍ താങ്ങിയെടുത്ത്‌ ഗ്രാമവീഥികളിലൂടെ നടന്നുനീങ്ങുന്ന മകന്‍ `മദര്‍ ആന്‍ഡ്‌ സണ്ണി'ലെ ഹൃദ്യമായ കാഴ്‌ചയാണ്‌. അതിനെ ഓര്‍മിപ്പിക്കുന്ന ഒരു ദൃശ്യം `ഫാദര്‍ ആന്‍ഡ്‌ സണ്ണി'ലുമുണ്ട്‌ (അച്ഛന്‍െറ ചുമലില്‍ കയറിയിരുന്ന്‌ അലക്‌സി പുറംകാഴ്‌ചകള്‍ കാണാന്‍ ശ്രമിക്കുന്ന ദൃശ്യം).


ജീവിതത്തിലെ ഹ്രസ്വമായ ചില അപൂര്‍വ നിമിഷങ്ങളെടുത്ത്‌ ഹൃദയസ്‌പര്‍ശിയായ സിനിമകളുണ്ടാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ സുഖുറോവ്‌. `മദര്‍ ആന്‍ഡ്‌ സണ്‍', ഫാദര്‍ ആന്‍ഡ്‌ സണ്‍' എന്നീ ചിത്രങ്ങള്‍ അതിന്‍െറ സാക്ഷ്യപത്രങ്ങളാണ്‌. സംവിധായകന്‍െറ കലയാണ്‌ സിനിമ എന്ന്‌ ധൈര്യത്തോടെ അവകാശപ്പെടാന്‍ കഴിയുന്ന ആളാണ്‌ സുഖുറോവ്‌.

Wednesday, April 23, 2008

എഴുത്തുകാരിയുടെ പശ്ചാത്താപം

കൗമാരത്തില്‍ ചെയ്‌തുപോയ ക്രൂരമായ തെറ്റിന്‌ എഴുപതാം വയസ്സില്‍ തന്‍െറ അവസാന നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുന്ന എഴുത്തുകാരിയുടെ കഥയാണ്‌ `അറ്റോണ്‍മെന്‍റ്‌'. ഇക്കഴിഞ്ഞ ഓസ്‌കറിന്‌ ഏഴു നോമിനേഷനുകള്‍ നേടിയ ചിത്രമാണിത്‌. (പശ്ചാത്തല സംഗീതത്തിനു മാത്രമേ ഓസ്‌കര്‍ അവാര്‍ഡ്‌ ലഭിച്ചുള്ളൂ.) 2007-ലെ വെനീസ്‌, വാന്‍കൂവര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു `അറ്റോണ്‍മെന്‍റ്‌'.
പതിമ്മൂന്നാം വയസ്സില്‍ ചെയ്‌ത തെറ്റിനുള്ള പ്രായശ്ചിത്തമോ പാപപരിഹാരമോ ആണ്‌ ബ്രയണി ടെല്ലിസിന്‍െറ പില്‍ക്കാല ജീവിതം. ബ്രയണിയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ്‌ സംവിധായകന്‍ ജോ റൈറ്റ്‌ അനാവരണം ചെയ്യുന്നത്‌. യൗവനത്തിലും വാര്‍ധക്യത്തിലും ബ്രയണിയെ കൗമാരകാലം വേട്ടയാടുന്നതു കാണാം. അക്ഷരങ്ങളിലൂടെ സഹൃദയ ലോകം കീഴടക്കുന്ന ബ്രയണി തീവ്രവേദന ഉള്ളിലൊതുക്കിയാണ്‌ കഴിയുന്നത്‌. തന്‍േറതുള്‍പ്പെടെ മൂന്നു ജീവിതമാണ്‌ ബ്രയണി തകര്‍ക്കുന്നത്‌. അറിവില്ലായ്‌മയും വകതിരിവില്ലാത്ത കൗമാര പ്രണയത്തിന്‍െറ ലഹരിയും ചേര്‍ന്നപ്പോള്‍ അവള്‍ തെറ്റിലേക്ക്‌ നടന്നു കയറുകയായിരുന്നു. സേവനത്തിന്‍െറ വഴിയിലേക്ക്‌ സ്വന്തം ജീവിതം തിരിച്ചുവിട്ട്‌ ബ്രയണി തന്‍െറ പാപത്തിന്‍െറ ചെറിയൊരു പങ്ക്‌ കഴുകിക്കളയുന്നുണ്ട്‌. പക്ഷേ, അപ്പോഴും സ്വന്തം ചേച്ചിയുടെയും ചേച്ചിയുടെ കാമുകന്‍െറയും നഷ്‌ടജീവിതങ്ങളോട്‌ അവള്‍ക്ക്‌ കണക്കു പറയേണ്ടി വരുന്നുണ്ട്‌.
1935-ല്‍ ഇംഗ്ലണ്ടിലാണ്‌ കഥ തുടങ്ങുന്നത്‌. ഒരു സമ്പന്ന കുടുംബം. ബ്രയണി ടെല്ലിസ്‌ എന്ന പതിമ്മൂന്നുകാരിയെയാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. അവള്‍ തിരക്കിട്ട്‌ ടൈപ്പ്‌ ചെയ്യുകയാണ്‌. ആദ്യത്തെ നാടകത്തിന്‍െറ ആഹ്ലാദത്തിലാണവള്‍. അന്ന്‌ വിട്ടിലെത്തുന്ന സഹോദരന്‍ ലിയോണിനുവേണ്ടി ബ്രയണി നാടകം തിരക്കിട്ട്‌ പൂര്‍ത്തിയാക്കുന്നു. `ദ ട്രയല്‍സ്‌ ഓഫ്‌ അറബല്ല' എന്നു പേരിട്ട നാടകം ആദ്യം വായിക്കുന്നത്‌ അമ്മയാണ്‌. അമ്മയ്‌ക്ക്‌ നല്ല അഭിപ്രായം.
ബ്രയണിയുടെ ചേച്ചിയാണ്‌ സിസിലിയ. തങ്ങളുടെ കാര്യസ്ഥന്‍െറ മകനായ റോബിയോട്‌ ബ്രയണിക്ക്‌ അല്‌പം താത്‌പര്യമുണ്ട്‌. പക്ഷേ, റോബിക്ക്‌ സമപ്രായക്കാരിയായ സിസിലിയയെ ആയിരുന്നു ഇഷ്‌ടം. ഡോക്ടറാകാനാണ്‌ റോബിക്ക്‌ മോഹം.
ഒരു ദിവസം വീട്ടിനു മുന്നിലെ ജലധാരയ്‌ക്കു സമീപം സിസിലിയയും റോബിയും ശണ്‌ഠകൂടുന്നു. പിടിവലിക്കിടയില്‍ സിസിലിയയുടെ കൈയിലിരുന്ന പൂപ്പാത്രം വീണു പൊട്ടുന്നു. മേല്‍ വസ്‌ത്രമൂരി സിസിലിയ വെള്ളത്തിലിറങ്ങി പൂപ്പാത്രത്തിന്‍െറ കഷ്‌ണം തപ്പിയെടുക്കുന്നു. തന്‍െറ കിടപ്പുമുറിയില്‍നിന്നു നോക്കുന്ന ബ്രയണി സിസിലിയയെ നനഞ്ഞൊട്ടിയ അടിവസ്‌ത്രങ്ങളോടെയാണ്‌ കാണുന്നത്‌. ഇരുവരെ ക്കുറിച്ചും ബ്രയണിയില്‍ മോശമായ ധാരണ രൂപമെടുക്കുന്നു.
ബ്രയണിയുടെ വീട്ടില്‍ മൂന്നു ബന്ധുക്കളുണ്ട്‌. വിവാഹമോചനത്തിന്‍െറ വക്കിലെത്തി നില്‍ക്കുന്ന ദമ്പതിമാരുടെ മൂന്നു മക്കള്‍. ഇരട്ടകളായ രണ്ടാണ്‍കുട്ടികളും ലോല എന്ന പെണ്‍കുട്ടിയും. സഹോദരന്‍ ലിയോണിനൊപ്പം കൂട്ടുകാരന്‍ പോള്‍ മാര്‍ഷലും അതിഥിയായെത്തുന്നു. ചോക്കലേറ്റ്‌ ഫാക്ടറി ഉടമയാണ്‌ പോള്‍ . ഹിറ്റ്‌ലറുടെ പടയോട്ടം ശ്രദ്ധിക്കുന്നയാളാണ്‌ പോള്‍. വന്‍യുദ്ധത്തിനുള്ള സാധ്യത അയാള്‍ മനസ്സില്‍ കാണുന്നു. അതില്‍നിന്നെങ്ങനെ ബിസിനസ്സുണ്ടാക്കാം എന്നതിലാണ്‌ അയാള്‍ക്ക്‌ കണ്ണ്‌. ബ്രിട്ടീഷ്‌ സൈനികര്‍ക്ക്‌ ചോക്കലേറ്റ്‌ വില്‍ക്കാനുള്ള ഒരു പദ്ധതി അയാളുടെ മനസ്സിലുണ്ട്‌.
സിസിലിയയോടുള്ള പെരുമാറ്റത്തില്‍ വിഷമം തോന്നിയ റോബി അവളോട്‌ മാപ്പുപറയാന്‍ തീരുമാനിക്കുന്നു. രണ്ടു കത്തുകള്‍ അവന്‍ തയ്യാറാക്കുന്നു. ഒന്ന്‌, മാപ്പിരന്നുകൊണ്ടുള്ളത്‌. മറ്റൊന്ന്‌, അവളോടുള്ള സേ്‌നഹം വെളിപ്പെടുത്തുന്നത്‌. അശ്ലീലപദങ്ങള്‍ കൊണ്ടാണ്‌ രണ്ടാമത്തെ കത്ത്‌ തയ്യാറാക്കിയിരുന്നത്‌. ബ്രയണിയുടെ കൈയില്‍ അവന്‍ കത്ത്‌ കൊടുത്തയയ്‌ക്കുന്നു. പക്ഷേ, അബദ്ധം പറ്റിയ കാര്യം പിന്നീടാണറിയുന്നത്‌. സിസിലിയയുടെ നനഞ്ഞ സൗന്ദര്യത്തെ അശ്ലീല വാക്കുകളാല്‍ വിശേഷിപ്പിക്കുന്ന കത്താണ്‌ കൊടുത്തയച്ചത്‌. ക്ഷമാപണക്കത്ത്‌ മേശപ്പുറത്തു തന്നെയുണ്ടായിരുന്നു. റോബിക്ക്‌ ജാള്യം തോന്നുന്നു. ബ്രയണി റോബിയുടെ കത്ത്‌ തുറന്നു വായിക്കുന്നു. അവനെക്കുറിച്ചുള്ള അവളുടെ ധാരണ ഒന്നുകൂടി ശക്തിപ്പെട്ടു. അവന്‍ വഷളനാണെന്ന്‌ അവളങ്ങ്‌ തീരുമാനിക്കുന്നു.
ബ്രയണി കത്തുവായിച്ചിട്ടുണ്ടെന്ന്‌ സിസിലിയ മനസ്സിലാക്കുന്നു. എങ്കിലും അവള്‍ക്ക്‌ നീരസമൊന്നുമില്ല. അവള്‍ക്ക്‌ റോബിയെയും ഇഷ്‌ടമായിരുന്നു. ലൈബ്രറിയില്‍ ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നത്‌ ബ്രയണി ഒളിച്ചു നിന്നു കാണുന്നു. അതോടെ, റോബിയോട്‌ എന്തെന്നില്ലാത്ത പക അവളില്‍ രൂപംകൊള്ളുന്നു.
ഡിന്നറിനിടയിലാണ്‌ വിരുന്നുകാരായ ഇരട്ടകളെ കാണാനില്ലെന്ന വിവരമറിയുന്നത്‌. എല്ലാവരും തിരച്ചിലിനിറങ്ങുന്നു. ബ്രയണിയും കൂട്ടത്തിലുണ്ട്‌. തടാകക്കരയില്‍ ഒരാള്‍ ലോലയെ പീഡിപ്പിക്കുന്നത്‌ ബ്രയണി കാണുന്നു. റോബിയോട്‌ പകരം വീട്ടാനുള്ള അവസരമായി അവളിതിനെ കണക്കാക്കുന്നു. പീഡകന്‍െറ മുഖം ലോല കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷേ, അത്‌ റോബിയാണെന്ന്‌ ബ്രയണി ഉറപ്പിച്ചു പറയുന്നു. കാണാതായ കുട്ടികളുമായി റോബി തിരിച്ചെത്തുമ്പോള്‍ അവനില്‍ കുറ്റവാളിപ്പട്ടം ചാര്‍ത്തിക്കഴിഞ്ഞിരുന്നു. റോബിയെ പോലീസ്‌ അറസ്റ്റുചെയ്‌തു കൊണ്ടുപോകുന്നു. ബ്രയണിയുടെ സാക്ഷിമൊഴി കാരണം റോബി ശിക്ഷിക്കപ്പെടുന്നു.
നാലുവര്‍ഷത്തിനുശേഷം വടക്കന്‍ ഫ്രാന്‍സില്‍ നമ്മള്‍ വീണ്ടും റോബിയെ കണ്ടുമുട്ടുന്നു. അവനിപ്പോള്‍ ബ്രിട്ടീഷ്‌ സൈന്യത്തിലാണ്‌. രണ്ടാംലോക മഹായുദ്ധം നടക്കുകയാണ്‌. ബ്രിട്ടീഷ്‌ സേന ഫ്രാന്‍സില്‍നിന്നു പിന്മാറാന്‍ പോകുന്നു. ജര്‍മന്‍ സേന മുന്നേറിവരികയാണ്‌. ബലാത്സംഗ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട റോബിയോട്‌ ജയില്‍വേണോ പട്ടാളത്തില്‍ ചേരുന്നോ എന്നതായിരുന്നു അധികൃതരുടെ ചോദ്യം. യുദ്ധ രംഗത്തെ വീരമരണമാണ്‌ റോബി ആഗ്രഹിച്ചത്‌. ഇതിനിടെ, സിസിലിയ റോബിയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്‌. അവന്‍െറ നിരപരാധിത്വം അവള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. ബ്രയണിയെ കണ്ണടച്ചു വിശ്വസിക്കാന്‍ സിസിലിയ തയ്യാറായിരുന്നില്ല. സിസിലിയയ്‌ക്ക്‌ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ല. നഴ്‌സായി പരിശീലനം നേടുകയാണവള്‍. വീണു കിട്ടുന്ന ഒഴിവിനൊക്കെ റോബി അവളെത്തേടിയെത്തും. കടല്‍ത്തീരത്ത്‌ ഒരു കോട്ടേജ്‌.അതായിരുന്നു അവരുടെ സ്വപ്‌നം. അവര്‍ പരസ്‌പരം കത്തുകളയയ്‌ക്കുന്നുണ്ട്‌. അതിലവന്‍ എപ്പോഴും സ്വപ്‌നങ്ങളെക്കുറിച്ചാണെഴുതുന്നത്‌. ``ശിക്ഷ കാലാവധി കഴിഞ്ഞ്‌ തിരിച്ചെത്തിയാല്‍ കുറ്റബോധമില്ലാതെ ആരുടെ മുന്നിലും നാണിക്കാതെ ഞാന്‍ നിന്നെ സ്വന്തമാക്കും'' എന്നവന്‍ എഴുതുന്നു.
കാംബ്രിഡ്‌ജില്‍ ഉപരിപഠനത്തിനു പോകാനുള്ള ശ്രമം ബ്രയണി ഉപേക്ഷിച്ചതായി അവളുടെ കത്തില്‍നിന്നു സിസിലിയ മനസ്സിലാക്കുന്നു. തന്‍െറ തെറ്റിനെക്കുറിച്ച്‌ ബ്രയണി മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. ലണ്ടനിലെ ഒരാസ്‌പത്രിയില്‍ ബ്രയണി നഴ്‌സായി പരിശീലനം നേടുകയാണ്‌. അപ്പോഴും അവളിലെ എഴുത്തുകാരി മരിച്ചിട്ടില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ അവളുടെ ടൈപ്പ്‌ റൈറ്റര്‍ ജീവന്‍ വെക്കും. അസ്വസ്ഥമായ മനസ്സില്‍നിന്ന്‌ വാക്കുകള്‍ കഥകളായി പുറത്തു വരും.
ഇതിനിടെ, പോള്‍ മാര്‍ഷല്‍ ലോലയെ വിവാഹം കഴിക്കുന്നു. അയാള്‍ ബ്രിട്ടനിലെ വന്‍വ്യവസായിയായി മാറിക്കഴിഞ്ഞിരുന്നു. വിവാഹത്തില്‍ ബ്രയണിയും പങ്കെടുക്കുന്നുണ്ട്‌. പോള്‍ പക്ഷേ, ബ്രയണിയെ കണ്ട ഭാവം നടിക്കുന്നില്ല. (ഇവിടെ, തടാകക്കരയിലെ പഴയ രംഗം ആവര്‍ത്തിക്കുന്നു. ബ്രയണി അന്നവിടെ വെച്ച്‌ കണ്ടത്‌ പോള്‍ മാര്‍ഷലിനെയായിരുന്നു.) ബ്രയണി സിസിലിയയുടെ അടുത്തെത്തി തനിക്ക്‌ കുറ്റങ്ങള്‍ ഏറ്റുചൊല്ലണമെന്ന്‌ പറയുന്നു. ഒരു ജഡ്‌ജിയുടെ മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞ്‌ തന്‍െറ മൊഴി തിരുത്താന്‍ അവള്‍ തയ്യാറാണ്‌. സിസിലിയയുടെ വീട്ടില്‍ വെച്ച്‌ റോബിയെ അവള്‍ കണ്ടുമുട്ടുന്നു. ആദ്യമൊക്കെ ബ്രയണിയെ രോഷത്തോടെ ചോദ്യം ചെയ്യുന്ന റോബി സിസിലിയയുടെ സാന്ത്വനിപ്പിക്കലിനു മുന്നില്‍ ക്രമേണ ശാന്തനാകുന്നു. എത്രയും പെട്ടെന്നു കുറ്റവിമുക്തനാകണമെന്ന്‌ അവനും ആഗ്രഹമുണ്ട്‌. എല്ലാ കാര്യങ്ങളും എഴുതി നിയമപ്രകാരം അധികൃതര്‍ക്ക്‌ സമര്‍പ്പിക്കാന്‍ അവന്‍ ബ്രയണിയോടാവശ്യപ്പെടുന്നു.
ഇനി, അവസാന രംഗമാണ്‌. എഴുപതുകാരിയായ ബ്രയണിയാണ്‌ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്‌. അറിയപ്പെടുന്ന എഴുത്തുകാരിയാണവര്‍. അവരുടെ ഇരുപത്തിയൊന്നാമത്തെ നോവല്‍ `അറ്റോണ്‍മെന്‍റ്‌' ഉടനെ പ്രസിദ്ധീകരിക്കും. ബ്രയണിയുടെ പിറന്നാളിലാണ്‌ അത്‌ പുറത്തിറങ്ങുക. ഇതിന്‍െറ ഭാഗമായി, ടി.വി. ചാനലില്‍ ബ്രയണിയെ ഇന്‍റര്‍വ്യൂ ചെയ്യുകയാണ്‌. ഇത്‌ തന്‍െറ അവസാനനോവലാണെന്ന്‌ അവര്‍ പ്രഖ്യാപിക്കുന്നു. അതിനുള്ള കാരണവും വിശദമാക്കുന്നു. തനിക്ക്‌ സ്‌മൃതിനാശം ബാധിച്ചിരിക്കുന്നു. തലച്ചോര്‍ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുകയാണ്‌. ക്രമേണ വാക്കുകള്‍ നഷ്‌ടപ്പെടും. ഓര്‍മ നശിക്കും. അതിനു മുമ്പേ എല്ലാം തുറന്നുപറയണമെന്നു തോന്നി. അങ്ങനെയാണ്‌ ആത്മകഥാപരമായ ഈ നോവല്‍ രൂപം കൊള്ളുന്നത്‌. തന്‍േറതടക്കം ആരുടെ പേരും മാറ്റിയിട്ടില്ല. എല്ലാ സംഭവങ്ങളും യഥാര്‍ഥം. പക്ഷേ, അവസാനത്തെ ചില രംഗങ്ങളില്‍ തന്‍െറ ഭാവന വിഹരിച്ചിട്ടുണ്ട്‌. യുദ്ധത്തിനിടയിലും റോബിയും സിസിലിയയും കണ്ടുമുട്ടുന്ന രംഗങ്ങളും സിസിലിയയെ കാണാന്‍ ബ്രയണി ചെല്ലുന്നതും ഭാവനയാണ്‌. അതൊക്കെ ബ്രയണിയുടെ ആഗ്രഹഫലമായി സൃഷ്‌ടിക്കപ്പെട്ടവയാണ്‌. താന്‍ കാരണം നിഷേധിക്കപ്പെട്ട ആനന്ദം ആ പ്രണയികള്‍ അനുഭവിച്ചു എന്നു കരുതുമ്പോഴുള്ള ആത്മസംതൃപ്‌തിക്കു വേണ്ടിയാണ്‌ ആ രംഗങ്ങള്‍ എഴുതിച്ചേര്‍ത്തത്‌. റോബിയുടെ അറസ്റ്റിനുശേഷം അവര്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. പരസ്‌പരം കാണാതെ മരിക്കുകയാണാ പ്രണയികള്‍.
രോഗബാധിതനായ റോബി ഒഴിച്ചുപോവലിന്‍െറ അവസാന ദിവസമായ 1940 ജൂണ്‍ ഒന്നിനാണ്‌ മരിക്കുന്നത്‌. അതേ കൊല്ലം ഒക്ടോബര്‍ പതിനഞ്ചിന്‌ ബല്‍ഹാമിലുണ്ടായ ബോംബാക്രമണത്തില്‍ സിസിലിയയും മരിക്കുന്നു. ദുഃഖസാന്ദ്രമായ ഇത്തരമൊരു അന്ത്യം വായനക്കാര്‍ ഇഷ്‌ടപ്പെടില്ലെന്ന്‌ ബ്രയണിക്കു തോന്നുന്നു. യഥാര്‍ഥ ജീവിതത്തില്‍ നഷ്‌ടപ്പെട്ടതെന്തോ അത്‌ ഭാവനയിലൂടെ തിരിച്ചു നല്‍കുകയാണ്‌ ബ്രയണി. വാക്കുകളും സംഭവങ്ങളും മറവിയിലേക്ക്‌ നീങ്ങും മുമ്പ്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ ആ എഴുത്തുകാരി. തന്‍െറ മനസ്സ്‌ കൊതിച്ച പ്രത്യേകകാഴ്‌ചകള്‍ കാണിച്ചു തന്ന്‌ അവര്‍ നോവല്‍ അവസാനിപ്പിക്കുന്നു. കടല്‍ തീരത്ത്‌, തങ്ങളുടെ സ്വപ്‌ന ഭവനത്തിനു സമീപം സിസിലിയയും റോബിയും ആര്‍ത്തുല്ലസിക്കുന്നത്‌ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌.
``പ്രൈഡ്‌ ആന്‍ഡ്‌ പ്രെജുഡിസ്‌'' എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ആളാണ്‌ സംവിധായകന്‍ ജോ റൈറ്റ്‌. ഇയാന്‍ മക്കീവന്‍സിന്‍െറ `അറ്റോണ്‍മെന്‍റ്‌' എന്ന നോവലാണ്‌ സിനിമയ്‌ക്കാധാരം. 2002 ലെ ബെസ്റ്റ്‌ സെല്ലറായിരുന്നു ഈ നോവല്‍.
എഴുത്തുകാരിയുടെ സങ്കീര്‍ണമായ മനസ്സിനെ വളരെ കണിശമായാണ്‌ ജോ റൈറ്റിന്‍െറ ക്യാമറ പിന്തുടരുന്നത്‌. സങ്കല്‌പവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന അവരുടെ ലോകം സൂക്ഷ്‌മമായി പകര്‍ത്താന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. പശ്ചാത്തലത്തില്‍, പ്രത്യേക താളത്തില്‍ ഇടയ്‌ക്കിടെ കേള്‍ക്കുന്ന ടൈപ്പ്‌റൈറ്ററിന്‍െറ ശബ്ദം എഴുത്തുകാരിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
ആദ്യരചനയുടെ അഭിമാനവും ഉള്‍പ്പുളകവും അനുഭവിക്കുന്ന ബ്രയണി എന്ന കൗമാരക്കാരിയില്‍ നിന്ന്‌ ജീവിത സായാഹ്നങ്ങളിലെത്തി നില്‍ക്കുന്ന, പാകം വന്ന എഴുത്തുകാരിയിലേക്കാണ്‌ ഇതിവൃത്തം സഞ്ചരിക്കുന്നത്‌.
റോബിയോട്‌ തോന്നിയ അടുപ്പം വെളിപ്പെടുത്തുന്നില്ല ബ്രയണി. ്‌ള്‌ളാഷ്‌ബാക്കായി കാണിക്കുന്ന ഒരു രംഗത്തു മാത്രമാണ്‌ ഇതിന്‍െറ സൂചനയുള്ളത്‌. വെള്ളത്തില്‍ വീണാല്‍ റോബി രക്ഷിക്കുമോ എന്നു ചോദിച്ച്‌ കുട്ടിക്കാലത്ത്‌ നദിയിലേക്ക്‌ എടുത്തുചാടുന്നുണ്ട്‌ ബ്രയണി. അവളന്ന്‌ അവന്‍െറ സേ്‌നഹം പരീക്ഷിക്കുകയായിരുന്നു. ബ്രയണിയെ രക്ഷിച്ചെങ്കിലും റോബിക്ക്‌ അത്‌ ഭീകരമായ ഓര്‍മയാണ്‌. വങ്കത്തിപ്പെണ്ണിന്‍െറ വിവരക്കേടായാണ്‌ അവനതിനെ കാണുന്നത്‌. രണ്ടുപേരും ഒഴുക്കില്‍പ്പെട്ട്‌ മരിച്ചേനെ എന്നു പറഞ്ഞ്‌ ശാസിക്കുകയാണവന്‍. ബ്രയണിയില്‍ ഈ സംഭവം ഒരു ലഹരിയായി കിടപ്പുണ്ടായിരുന്നു. കൂടുതല്‍ അവസരങ്ങളുണ്ടാക്കി അവനില്‍ പടര്‍ന്നുകയറാനായിരുന്നു അവളുടെ കൊതി. പക്ഷേ, അപ്പോഴേക്കും സഹോദരി സിസിലിയയില്‍ റോബി തന്‍െറ സഖിയെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
സിനിമയുടെ ഇതിവൃത്തത്തെ പ്രധാനമായും രണ്ട്‌ ഘട്ടങ്ങളായി തിരിക്കാം. ഒന്ന്‌, പാപത്തിന്‍േറത്‌. മറ്റൊന്ന്‌, പാപപരിഹാരത്തിന്‍േറത്‌. ആദ്യത്തേതില്‍ പകയുടെ മിന്നല്‍പ്പിണരുകള്‍. രണ്ടാമത്തേതിലാകട്ടെ മനസ്സലിവിന്‍െറ പ്രശാന്തനിമിഷങ്ങള്‍. ഇതിവൃത്തത്തിലെ ഭാവം ഉള്‍ക്കൊണ്ടാണ്‌ സംവിധായകന്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും പിന്തുടരുന്നത്‌. ആദ്യഘട്ടങ്ങളില്‍ ബ്രയണിയുടെയും സിസിലിയയുടെയും റോബിയുടെയും നടത്തത്തിനുപോലും അതിവേഗമുണ്ട്‌. പിന്നീട്‌ നമ്മള്‍ കാണുമ്പോള്‍ ആ ചടുലത നഷ്‌ടപ്പെട്ടിരിക്കുന്നു. പരിമിത വൃത്തത്തിനകത്തെ അവരുടെ സഞ്ചാരം മന്ദഗതിയിലാണ്‌.

Friday, April 18, 2008

അഭയം എന്ന മരീചിക

ലോകത്തെവിടെയും വനിതകള്‍ അഗവണിക്കപ്പെട്ടവരാണെന്ന വിശ്വാസക്കാരിയാണ് ഇറാനിയന്‍ സംവിധായിക സമീറ മഖ്മല്‍ ബഫ്. കുടുംബത്തിന്റെ, സമുദായത്തിന്റെ, രാഷ്ട്രീയത്തിന്റെ, ഭരണകൂടത്തിന്റെ തടവറയിലാണ് വനിതകള്‍. ഇതില്‍നിന്നൊരു മോചനം പലരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും അത് സാധിക്കുന്നില്ല. സാമൂഹിക ജീവി എന്ന നിലയില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാനും അവര്‍ക്ക് കഴിയുന്നില്ല.



വെളിച്ചം കൊട്ടിയടയ്ക്കുന്ന വിശ്വാസങ്ങളോടുള്ള കലഹമായിരുന്നു സമീറയുടെ ആദ്യചിത്രമായ 'ദ ആപ്പിള്‍'. പതിനേഴാം വയസ്സിലാണ് സമീറ ഈ ചിത്രം സംവിധാനം ചെയ്തത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ, മാനസിക വളര്‍ച്ചയെത്താത്ത രണ്ട് പെണ്‍കുട്ടികളെയും വ്യഥ പേറുന്ന മാതാപിതാക്കളെയും ക്യാമറയുടെ മുന്നിലെത്തിക്കാന്‍ ധൈര്യം കാട്ടി സമീറ. അവരെ ജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് കൈപിടിച്ച് പതുക്കെ നടത്തി ഈ സംവിധായിക. സമീറയുടെ രണ്ടാമത്തെ ചിത്രം 'ബ്ലാക്ക് ബോര്‍ഡ്'. മൂന്നാമത്തേത് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' (At five in the afternoon).



ഒരു സിനിമയെടുക്കുമ്പോള്‍ താനൊരു പ്രസ്താവന നടത്താനല്ല പോകുന്നതെന്ന് സമീറ വിശ്വസിക്കുന്നു. തന്റെ ഉള്ളില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് തന്റെ സിനിമകള്‍. സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതാവസ്ഥയാണ് സമീറയെ ഏറെ വേദനിപ്പിക്കുന്നത്. ഇതിനാരാണ് ഉത്തരവാദികള്‍ എന്നന്വേഷിക്കുകയും അവരെ കണ്ടെത്തുകയുമാണ് സമീറ ചെയ്യുന്നത്. ആഭ്യന്തര കലാപങ്ങളുടെയും യുദ്ധത്തിന്റെയും മുറിവുകള്‍ ഏറെയും ഏറ്റുവാങ്ങുന്നത് സ്ത്രീകളും കൂട്ടികളുമാണ്. യുദ്ധകാലത്ത് ഭീതിയും യുദ്ധാനന്തരം ഭാവിയെക്കുറിച്ചുള്ള നിരന്തര സന്ദേഹങ്ങളും അവരെ വേട്ടയാടുന്നു. ആകെയുളള്ള നിസ്വജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ബദ്ധപ്പാടില്‍ വിദ്യാഭ്യാസം അവര്‍ക്ക് അന്യമാകുന്നു. പഠിക്കാനവര്‍ക്ക് അവസരം കിട്ടുന്നില്ല. ഓരോ ദിവസവും ജീവന്‍ നിലനിര്‍ത്താനുള്ള പലായനത്തിനിടയില്‍ പാഠപുസ്തകങ്ങള്‍ അവരുടെ ചിന്തയിലേക്ക് വരുന്നില്ല. അതിജീവനം മാത്രമാകുന്നു അവരുടെ ലക്ഷ്യം.

കടുത്ത ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരം തേടലുമാണ് 2003-ല്‍ ഇറങ്ങിയ 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' എന്ന സിനിമ.

പിതാവ് മഹ്‌സിന്‍ മഖ്മല്‍ബഫിന്റെ 'കാണ്ഡഹാര്‍' എന്ന സിനിമയുടെ തുടര്‍ച്ച എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. മൈനുകള്‍ പാകിയ മരണപ്പാടങ്ങളിലൂടെ സ്വന്തം സഹോദരിയെത്തേടി നഫാസ് എന്ന യുവതി കാണ്ഡഹാറിലേക്ക് നടത്തുന്ന അപൂര്‍ണ യാത്രയാണ് 'കാണ്ഡഹാറി'ന്റെ ഇതിവൃത്തം. താലിബാന്റെ ഭരണകാലമാണ് അതിന്റെ പശ്ചാത്തലം. 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണി'ലാവട്ടെ താലിബാന്റെ പതനത്തിനുശേഷമുള്ള കാലമാണ് പശ്ചാത്തലമായി വരുന്നത്. രണ്ടു സിനിമകളിലും അഭയാര്‍ഥികളുടെ കണ്ണീരാണ് നമ്മളെ അസ്വസ്ഥരാക്കുന്നത്.



വനിതകളുടെ ശക്തിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ള നോഗ്ര എന്ന അഫ്ഗാന്‍ യുവതിയുടെ കാഴ്ചപ്പാടിലൂടെയാണ് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണി'ന്റെ ഇതിവൃത്തം വികസിക്കുന്നത്. കാബൂളിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മാറിമാറി കഴിയുകയാണ് നോഗ്രയുടെ കുടുംബം. പിതാവും സഹോദരഭാര്യയും കുഞ്ഞുമാണ് അവരോടൊപ്പമുള്ളത്. ട്രക്ക്‌ഡ്രൈവറായ സഹോദരന്‍ ചരക്കുമായി കാണ്ഡഹാറിലേക്കു പോയതാണ്. ഒരു വിവരവും കിട്ടുന്നില്ല അവനെപ്പറ്റി. ബോംബേറില്‍ തകര്‍ന്ന കെട്ടിടങ്ങളും വെടിവെച്ചിട്ട വിമാനങ്ങളുമാണ് അവര്‍ക്ക് അഭയകേന്ദ്രങ്ങളാകുന്നത്. ഭക്ഷണമോ മരുന്നോ ആവശ്യത്തിനും സമയത്തിനും കിട്ടാത്ത അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ അഭയകേന്ദ്രങ്ങളില്‍ പിഞ്ഞിക്കീറിയ തുണികള്‍ മറയാക്കി കുടുംബങ്ങള്‍ അതിരുകള്‍ വരയ്ക്കുന്നു. തലചായ്ക്കാന്‍ ഇടംതന്നവരോട് കയര്‍ക്കാനും അവരെ പരിഹസിക്കാനും മുതിരുന്നു ചിലര്‍.



പിതാവിനെ അറിയിക്കാതെ നോഗ്ര ഒരു വിദ്യാലയത്തില്‍ പഠിക്കാന്‍ പോകുന്നു. എല്ലാ പ്രായത്തില്‍പ്പെട്ട പെണ്‍കുട്ടികളുമുണ്ടവിടെ. നോഗ്രമാത്രം സ്‌കൂള്‍ യൂണിഫോം അണിയുന്നില്ല. അണിഞ്ഞാല്‍, യാഥാസ്ഥിതികനായ പിതാവിനു മനസ്സിലാകും. അതോടെ നിലയ്ക്കും അവളുടെ വിദ്യാഭ്യാസം. പുസ്തകങ്ങളും ഹൈഹീലുള്ള വെള്ള ചെരിപ്പും ബാഗില്‍ ഒളിച്ചുവെച്ചാണ് അവള്‍ പുറത്തിറങ്ങുന്നത്. സ്‌കൂളിലെത്താനാകുമ്പോള്‍ പഴയ ചെരിപ്പ് ബാഗിലിട്ട് ഹൈഹീല്‍ ചെരിപ്പ് ധരിക്കുന്നു. ക്ലാസ്സിലെത്തിയാല്‍ നോഗ്ര വാചാലയാകും. അവളുടെ മനസ്സു തുറക്കുന്നതവിടെയാണ്. തന്റെ ആശയങ്ങളോട് യോജിക്കുന്ന ചിലരെ അവള്‍ക്ക് കൂട്ടിനു കിട്ടുന്നുമുണ്ട്.

സ്‌കൂളിലും അഭയാര്‍ഥിക്യാമ്പുകളിലുമായി ചുറ്റിത്തിരിയുന്ന ക്യാമറ ഒരുനാള്‍ ക്ലാസ്ടീച്ചറില്‍ ഫോക്കസ് ചെയ്യുന്നു. (ഇവിടെ സമീറ തന്റെ പ്രധാന ചോദ്യം ഉന്നയിക്കുകയാണ്.). വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു ചോദ്യാവലി സ്‌കൂളിലെത്തിയ വിവരം അറിയിക്കുകയാണ് ക്ലാസ്ടീച്ചര്‍. ഓരോരുത്തരും എന്താകാനാഗ്രഹിക്കുന്നു എന്നതാണ് അതിലെ പ്രധാന ചോദ്യം. അധ്യാപകര്‍, എന്‍ജിനീയര്‍, ഡോക്ടര്‍. തീര്‍ന്നു. കുട്ടികളുടെ അറിവില്‍ മറ്റു തൊഴിലുകളൊന്നുമില്ല. പെട്ടെന്നാണ് അധ്യാപിക അസാധാരണമായ ഒരു ചോദ്യം അവരുടെ മുന്നിലേക്ക് എറിയുന്നത്. 'അഫ്ഗാനിസ്താന്റെ പ്രസിഡന്റാകാന്‍ താത്പര്യമുള്ളവര്‍ ആരൊക്കെ' എന്നതായിരുന്നു ആ ചോദ്യം. ആര്‍ക്കും മിണ്ടാട്ടമില്ല. ഇങ്ങനെയൊരു സ്വപ്നംകാണല്‍ ഓരോ അഫ്ഗാന്‍കാരനും അവകാശപ്പെട്ടതാണെന്ന തോന്നല്‍പോലും അവര്‍ക്കുണ്ടായിരുന്നില്ല. രാജ്യത്തിന്റെ പരമോന്നത പദവി അവരുടെ സങ്കല്പങ്ങള്‍ക്ക് അപ്പുറത്തായിരുന്നു. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് നോഗ്രയും മറ്റൊരു പെണ്‍കുട്ടിയും.



തന്റെ ആശയത്തിലേക്ക് ചിലരെങ്കിലും കടന്നു വന്നതില്‍ അധ്യാപികയ്ക്ക് ആഹ്ലാദം. തുടര്‍ന്ന്, ക്ലാസ്സിലെ ചര്‍ച്ച പ്രസിഡന്റ് പദവിയെക്കുറിച്ചായി. ഇത്തരമൊരു ചിന്തതന്നെ അസംബന്ധമാണെന്ന മട്ടിലാണ് ഭൂരിപക്ഷത്തിന്റെയും ഇരിപ്പ്. ധൈര്യവും ധിഷണയുമുള്ള പെണ്‍കുട്ടിക്ക് സ്വന്തം തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചുകൊണ്ട് മിന എന്ന തീപ്പൊരിപ്പെണ്‍കൊടി ക്ലാസ്സിനെ ഞെട്ടിക്കുന്നു. തനിക്ക് പിതാവും സഹോദരനും നഷ്ടപ്പെട്ടത് സ്ത്രീകള്‍ ഭരിച്ചപ്പോഴല്ലാ, പുരുഷ ഭരണകാലത്തായിരുന്നു എന്നു പറഞ്ഞ് അവള്‍ പൊട്ടിത്തെറിക്കുന്നു. പാകിസ്താനില്‍ കഴിയേണ്ടിവന്ന നോഗ്രയും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. അവിടെ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിട്ടുണ്ട്. തൊട്ടടുത്ത് ഇന്ത്യ. അവിടെ ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിയായിട്ടുണ്ട്. എന്തുകൊണ്ട് അഫ്ഗാനിസ്താനില്‍ വനിതാ ഭരണാധികാരി ഉണ്ടായിക്കൂടാ എന്നാണ് നോഗ്രയുടെ ചൂടുള്ള ചോദ്യം.



തുടര്‍ന്ന്, ക്ലാസ്സില്‍ ഇതേപ്പറ്റി സജീവ ചര്‍ച്ച നടക്കുന്നു. സംവിധായിക തന്റെ സിനിമയുടെ കേന്ദ്രബിന്ദുവിലേക്ക് പ്രേക്ഷകനെ കൊണ്ടുപോവുകയാണ്. സമീറ ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം സ്ത്രീശാക്തീകരണമാണ്. എന്തുകൊണ്ട് പുരുഷനൊപ്പം സ്ത്രീക്ക് എത്തിക്കൂടാ? പിതാവ് ഉള്‍പ്പെടെ നോഗ്രയുടെ പരിചിതവലയത്തിലുള്ള പുരുഷന്മാരെല്ലാം സ്ത്രീവിരുദ്ധരാണ്. നോഗ്രയുടെ അടുത്ത സുഹൃത്തായി മാറുന്ന, അഭയാര്‍ഥിയായ കവിപോലും പ്രസിഡന്റാകാനുള്ള നോഗ്രയുടെ ആഗ്രഹത്തെ തമാശയായാണ് കാണുന്നത്.



തന്റെ ആശയം സിനിമയിലേക്ക് സന്നിവേശിപ്പിക്കുമ്പോഴും യാഥാര്‍ഥ്യത്തിന്റെ ഭൂമിക വിടുന്നില്ല സംവിധായിക. അഭയാര്‍ഥിയുടെ കഠിനപര്‍വങ്ങള്‍ താണ്ടുന്ന മനുഷ്യരുടെ ഉത്ക്കണ്ഠ മുഴുവന്‍ ഇന്നിനെക്കുറിച്ചാണെന്ന് അവര്‍ മനസ്സിലാക്കുന്നു. തൊട്ടുമുന്നിലുള്ളത് പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണ്. അതിനിടയിലെവിടെ താത്വിക ചര്‍ച്ചകള്‍ക്കും സ്വപ്നം കാണലിനും നേരം? ഏതു സമയത്തും വന്നുവീഴാവുന്ന ബോംബുകള്‍ പേറി പോര്‍വിമാനങ്ങള്‍ ചീറിപ്പായുമ്പോള്‍ അവരാലോചിക്കുന്നത് അന്നന്നത്തെ ജീവന്റെ തുടിപ്പിനെക്കുറിച്ചാണ്. അവരൊക്കെ ജീവിത പരാജയങ്ങളുടെ വലിയ ഭാണ്ഡം പേറുന്നവരാണ്. നോഗ്രയോട് ഇഷ്ടം തോന്നി എപ്പോഴും പിറകെ കൂടുന്ന കവിപോലും അവളുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല. രാഷ്ട്രീയത്തോടും ഭരണകൂടങ്ങളോടും മറ്റെല്ലാവരെയും പോലും അയാള്‍ക്കും വെറുപ്പാണ്. ആരാണ് ഭരണാധികാരി എന്നതുപോലും അയാള്‍ക്ക് പ്രശ്‌നമാകുന്നില്ല.

തന്റെ മൂന്നു സഹോദരന്മാരും കൊല്ലപ്പെട്ടതാണ്. ഒരാളെ റഷ്യക്കാര്‍ കൊന്നു. മറ്റൊരാള്‍ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചു. മൂന്നാമനെ തീവ്രവാദികളും കൊന്നു. ബാക്കിയായത് താന്‍ മാത്രം. ഇതെന്തൊരു ജീവിതമാണ് എന്നതാണ് അയാളുടെ നിലപാട്. പ്രായമായ അമ്മയെയും കൊണ്ട് അഭയാര്‍ഥിക്യാമ്പുകളിലൂടെ അലയുകയാണയാള്‍. ഇവിടെ ജീവിതമാണ് പ്രശ്‌നം. രാഷ്ട്രീയമോ ഭരണകൂടമോ അധികാര ചിന്തയോ ഒന്നും ആ മനസ്സിലേക്ക് കടന്നുവരുന്നില്ല.



സിനിമയെ പൂര്‍ണമായും സ്ത്രീപക്ഷ ചര്‍ച്ചയ്ക്ക് വിട്ടുകൊടുക്കുന്നില്ല സമീറ. കാബൂളിലെ തകര്‍ന്ന കെട്ടിടങ്ങളില്‍ അവശേഷിക്കുന്ന അരച്ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി വീണ്ടും ജീവിതം കെട്ടിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരിലേക്കാണ് ഏറെ നേരവും സമീറയുടെ ക്യാമറ വേദനയോടെ കണ്ണുതുറക്കുന്നത്. അതിര്‍ത്തിപ്രദേശത്തുനിന്ന് ലോറികളിലും കാല്‍നടയായും വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥിസംഘങ്ങളെ ക്യാമറ പിന്തുടരുന്നു. ജീവിക്കാനുള്ള അവരുടെ മോഹങ്ങളെ കരുണയോടെ ഉള്‍ക്കൊള്ളുന്നു. ''എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു, ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരിടവുമില്ല'' എന്ന് ഒരു പെണ്‍കുട്ടി നോഗ്രയോട് സങ്കടത്തോടെ പറയുന്നു. കാബൂളിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നായിരുന്നു നോഗ്രയുടെ മറുപടി. ''ഇവിടെ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂ. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നമുക്ക് ജീവിക്കാം'' -അവള്‍ സമാശ്വസിപ്പിക്കുന്നു.



അവസാന ഭാഗങ്ങളില്‍ നോഗ്രയുടെ കുടുംബത്തിലേക്കാണ് സമീറയുടെ ശ്രദ്ധ പതിയുന്നത്. ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന ആഘാതങ്ങളിലൂടെ അഭയാര്‍ഥികളുടെ മൊത്തം അവസ്ഥയിലേക്കാണ് സംവിധായിക വിരല്‍ചൂണ്ടുന്നത്. അഭയാര്‍ഥി ക്യാമ്പില്‍ ഒന്നും കിട്ടാനില്ല. ഭക്ഷണം കഴിക്കാഞ്ഞ് നോഗ്രയുടെ സഹോദരഭാര്യയുടെ മുലപ്പാല്‍ വറ്റുന്നു. കുഞ്ഞിന് മറ്റൊന്നും കൊടുക്കാനില്ല. ആ കുടുംബത്തിന് ആകെയുള്ളത് ഒരു കോഴിയാണ്. അത് മുട്ടയിടുന്നില്ല. വിശന്നിട്ടും കരയാന്‍പോലും ത്രാണിയില്ല ആ കുഞ്ഞിന്. തകര്‍ന്ന കെട്ടിടത്തില്‍നിന്ന് പുറത്തുപോരേണ്ടിവന്ന ആ കുടുംബം പിന്നീട് അഭയം തേടുന്നത് തകര്‍ന്നുകിടക്കുന്ന ഒരു വിമാനത്തിന്റെ പള്ളയിലാണ്. അവിടെയും സ്വസ്ഥത കിട്ടുന്നില്ല. നിരന്തരം ശല്യംചെയ്ത് ആ കുടുംബത്തെ ചിലര്‍ ആട്ടിയോടിക്കുകയാണ്.



നഗരം വിട്ട് ഉള്ളിലേക്ക് കടന്നതോടെ നോഗ്രയുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. ട്രക്ക് ഡ്രൈവറായ ഭര്‍ത്താവ് തിരിച്ചുവന്നാല്‍ തങ്ങളെക്കാണാതെ വിഷമിക്കുമല്ലോ എന്നോര്‍ത്ത് നോഗ്രയുടെ സഹോദര ഭാര്യയ്ക്ക് ദുഃഖം. അവന്‍ മൈന്‍സേ്ഫാടനത്തില്‍ മരിച്ച വിവരം വൃദ്ധന്‍ അവളോട് പറയുന്നില്ല. ദുഃഖം ഉള്ളിലൊതുക്കി അയാള്‍ പെട്ടെന്ന് വിഷയം മാറ്റുന്നു.

അന്നു രാത്രി, നോഗ്രയുടെ സഹോദര ഭാര്യ വേവലാതിയോടെ വൃദ്ധനോട്: കുഞ്ഞ് കരയുന്നേയില്ല. വൃദ്ധന്‍: അവനുറങ്ങുകയാണ്.

യുവതി: അവന്‍ അനങ്ങുന്നേയില്ലല്ലോ? അയാള്‍ക്ക് എല്ലാം മനസ്സിലായിരുന്നു. ഒരു തുള്ളി മുലപ്പാല്‍ കിട്ടാതെ, മരുന്നു കിട്ടാതെ, ആ കുഞ്ഞ് ജീവിതത്തില്‍നിന്ന് തിരിച്ചുപോയിരിക്കുന്നു. ഒടുവില്‍, മരുഭൂമിയില്‍ ആ വൃദ്ധകരങ്ങള്‍ തന്നെ അവന് കുഴിമാടമൊരുക്കുന്നു.

ചുറ്റും നടക്കുന്നതൊന്നുമറിയാതെ ജീവിക്കുന്ന മറ്റൊരു വൃദ്ധനെ മരുഭൂമിയില്‍ നമ്മള്‍ കണ്ടെത്തുന്നു. അയാളുടെ കുതിര തൊട്ടടുത്ത് അവശനായി വീണു കിടപ്പുണ്ട്. ദിവസങ്ങളായി അതിന് എന്തെങ്കിലും കിട്ടിയിട്ട്. മരുഭൂമിയില്‍ തുള്ളി വെള്ളംപോലും കിട്ടാനില്ല. നാലു മാസമായി കുതിരയുമായി അയാള്‍ യാത്ര തുടങ്ങിയിട്ട്. കാണ്ഡഹാറിലേക്ക് പോവുകയാണ്. ഭരണം മാറിയതൊന്നും അയാള്‍ അറിഞ്ഞിട്ടില്ല. നോഗ്രയുടെ പിതാവില്‍ നിന്ന് അക്കാര്യമറിഞ്ഞപ്പോള്‍ അയാള്‍ നിരാശനാവുന്നു. യാത്ര പാഴായിരിക്കുന്നു. ഇനി കാണ്ഡഹാറിലേക്ക് പോകുന്നില്ല. 'ഞാനിനി ഇവിടെത്തന്നെ ഇരിക്കട്ടെ' എന്നയാള്‍ നിര്‍വികാരതയോടെ പറയുന്നു.



താലിബാന്റെ പതനത്തിനുശേഷം കാബൂളില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. 2003-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പ്രൈസ് നേടിയിട്ടുണ്ട്. യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ എത്രയെങ്കിലും സമീറയുടെ ഫ്രെയിമുകളില്‍ കടന്നുവരുന്നുണ്ട്. നമുക്കഭിമുഖമായി ഒരു കുതിരയും രണ്ട് സ്ത്രീകളും നടന്നുവരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. അവര്‍ തിരിച്ചുപോകുന്ന രംഗത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍, മനുഷ്യവ്യഥകളുടെ ഒരു ക്ലോസപ്പ് ഒരുക്കാനാണ് സമീറ മഖ്മല്‍ ബഫ് ശ്രമിച്ചിരിക്കുന്നത്. ആ ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എങ്കിലും, 'കാണ്ഡഹാര്‍' പോലെ അത്ര ശക്തമോ 'ദ ആപ്പിള്‍' പോലെ അത്ര ഹൃദയസ്പര്‍ശിയോ ആയിട്ടില്ല 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍ നൂണ്‍'. ആശയപ്രചാരണ വ്യഗ്രതയില്‍ ഇതിവൃത്തത്തിന് എവിടെയൊക്കെയോ താളപ്പിഴ വന്നുപോയിട്ടുണ്ട്.



സ്പാനിഷ് കവിയായ ഫെഡറികോ ഗാര്‍ഷ്യ ലോര്‍ക്കയുടെ ഒരു കവിതയില്‍ നിന്നാണ് സിനിമയുടെ ശീര്‍ഷകം എടുത്തിരിക്കുന്നത്. മൃഗങ്ങളെയും കവിതയെയും ഒരുപോലെ സ്നേഹിച്ചിരുന്ന കവി എന്നുവിശേഷിപ്പിച്ചുകൊണ്ട് സിനിമയിലെ കവിയാണ് നോഗ്രയ്ക്ക് ഈ കവിത പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഒരു കാളക്കൂറ്റന്റെ മരണത്തെക്കുറിച്ചാണ് ഗാര്‍ഷ്യ ഇതില്‍ വിലപിക്കുന്നത്. (1936- ല്‍ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ തുടക്കത്തില്‍ 38-ാം വയസ്സില്‍ ഗാര്‍ഷ്യ കൊലചെയ്യപ്പെട്ടു. സ്‌പെയിനിലെ ഫ്രാങ്കോ എന്ന ഏകാധിപതി ഗാര്‍ഷ്യയുടെ കൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 1975-ല്‍ ഫ്രാങ്കോയുടെ മരണശേഷമാണ് ഗാര്‍ഷ്യയുടെ ജീവിതവും മരണവും സ്‌പെയിനില്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്.)

Sunday, April 6, 2008

അരുതാത്ത കാഴ്‌ചകളുമായി `ദൈവത്തിന്‍െറ നഗരം'




അധോലോകപ്രവര്‍ത്തനങ്ങള്‍ ഇതിവൃത്തമാക്കിയ ഗാങ്‌സ്റ്റര്‍ സിനിമകളുടെ പൂവര്‍ഷമായിരുന്നു 2002. ഈ ഗണത്തില്‍, പ്രധാനപ്പെട്ട നാലു സിനിമകളാണ്‌ നിരൂപകശ്രദ്ധ നേടിയത്‌. ഫെര്‍ണാണ്ടോ മീറെല്ലെസിന്‍െറ `സിറ്റി ഓഫ്‌ ഗോഡ്‌', മാര്‍ട്ടിന്‍ സേ്‌കാര്‍സെസെയുടെ `ഗാങ്‌സ്‌ ഓഫ്‌ ന്യൂയോര്‍ക്ക്‌', സാം മെന്‍ഡസിന്‍െറ `റോഡ്‌ ടു പെര്‍ഡിഷന്‍', സൈ്‌പക്ക്‌ ലീയുടെ `ട്വന്‍റിഫിഫ്‌ത്ത്‌ അവര്‍' എന്നിവയാണ്‌ ഈ ചിത്രങ്ങള്‍. കൂട്ടത്തില്‍ മികച്ചത്‌ പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ബ്രസീലിയന്‍ ചിത്രമായ `സിറ്റി ഓഫ്‌ ഗോഡ്‌' ആണെന്നാണ്‌ നിരൂപകമതം.

ബ്രസീലിലെ പ്രധാന നഗരമായ റിയോ ഡി ജനീറോവില്‍ 1960-കളില്‍ തുടങ്ങിയ ഭവനപദ്ധതിയുടെ പേരാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌'. പാവങ്ങള്‍ക്ക്‌ ഒരു വീട്‌ എന്ന മഹത്തായ സ്വപ്‌നമായിരുന്നു ഇതിനുപിന്നില്‍ എന്നാണ്‌ ഭരണകൂടത്തിന്‍െറ വ്യാഖ്യാനം. പക്ഷേ, സത്യം മറ്റൊന്നായിരുന്നു. നഗരഹൃദയത്തിലെ സമ്പന്നസമൂഹത്തില്‍നിന്ന്‌ അകറ്റി പാവങ്ങളെ ചേരികളില്‍ ഒതുക്കാനായിരുന്നു ശ്രമം. നിയമപാലകര്‍ തിരിഞ്ഞുനോക്കാതായതോടെ ചേരികളില്‍ അധോലോകം പിടിമുറുക്കി. അവിടെ അക്രമവും മയക്കുമരുന്ന്‌ വ്യാപാരവും തഴച്ചുവളര്‍ന്നു. മയക്കുമരുന്നുമാഫിയകള്‍ കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി. അവരുടെ ബാല്യവും കൗമാരവും യൗവനവും തെരുവുകളിലെ ചേറില്‍ പുതഞ്ഞു. ഇരുപതുവയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക്‌ ബോണസ്‌പോലെയായി.


1960-കളുടെ അവസാനത്തിലും എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോകസംസ്‌കാരത്തിന്‍െറ വ്യാപനവുമാണ്‌ ഈ ചിത്രം അനാവരണം ചെയ്യുന്നത്‌. മുഖ്യധാരയില്‍നിന്ന്‌ അകറ്റപ്പെട്ട, പ്രാന്തവല്‌ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമേല്‍ എങ്ങനെയെല്ലാം തിന്മയുടെ ശക്തികള്‍ അധീശത്വം നേടുന്നു എന്നു വേദനയോടെ കാണുകയാണ്‌ സംവിധായകന്‍. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഒഴിഞ്ഞുപോന്ന വലിയൊരു വിഭാഗം ചേരികളിലാണ്‌ അഭയം കണ്ടെത്തുന്നത്‌. വെള്ളമോ വെളിച്ചമോ അധികാരികള്‍ അവര്‍ക്ക്‌ നല്‍കിയില്ല. ഇരുട്ടിലും ചൂടിലും അവര്‍ ജീവിതവും ദാരിദ്ര്യവും പങ്കുവെച്ചു. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിലെ ഇരുട്ടിലേക്കാണിറങ്ങിയത്‌. കുറ്റകൃത്യങ്ങള്‍ അവര്‍ക്ക്‌ അതിജീവനത്തിനുള്ള മാര്‍ഗമായി. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തുനിന്ന അധോലോകസംഘങ്ങള്‍ക്ക്‌ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയംവെച്ചു. അവരുടെ കൈകളില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുചിന്തകള്‍ അവര്‍ക്ക്‌ അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. `ചത്തും കൊന്നും അടക്കിക്കൊള്ളാന്‍' തെരുവിലേക്കിറങ്ങുന്ന ഇത്തരം യൗവനങ്ങളാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌.

ചേരികളിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്‌ കഥ മുന്നോട്ടുപോകുന്നത്‌. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ ഏറെയും കുട്ടികളും കൗമാരക്കാരും യുവാക്കളുമാണ്‌. നിയന്ത്രണമില്ലാത്ത ജീവിതമാണ്‌ ചേരികളിലേത്‌. അവിടെ, തെറ്റിനടക്കാന്‍ വഴികളേറെയുണ്ട്‌. തെറ്റിക്കാന്‍ ആളുകളും. പ്രലോഭനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിയൂ. അത്തരത്തില്‍, പുതുവഴി തേടുന്ന റോക്കറ്റ്‌ എന്ന ചെറുപ്പക്കാരനാണ്‌ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന കഥാപാത്രം. മറ്റൊന്ന്‌, സിനിമ മുഴുവന്‍ നിറഞ്ഞുനില്‌ക്കുന്ന നായകനാണ്‌. തിന്മയുടെ ആള്‍രൂപമായ ലിറ്റില്‍ ഡിസ്‌ എന്ന കഥാപാത്രം.

തുടക്കത്തില്‍, ഗൂസ്‌, ഷാഗി, ക്ലിപ്പര്‍ എന്നീ ചെറുപ്പക്കാരെയാണ്‌ നാം പരിചയപ്പെടുന്നത്‌. ഇത്‌ 1960-കളുടെ ഒടുവിലാണ്‌. ചേരിയിലെ പ്രധാന വില്ലന്മാരാണ്‌ ഈ മൂവര്‍സംഘം. അധോലോകവുമായി ബന്ധമൊന്നുമില്ലെങ്കിലും കുറച്ചൊക്കെ ക്രിമിനല്‍ ചരിത്രമുണ്ടിവര്‍ക്ക്‌. മോട്ടലുകള്‍ ആക്രമിച്ച്‌ പണം കവരുക, പാചകവാതകം കൊണ്ടുപോകുന്ന വണ്ടികള്‍ പിടിച്ചെടുത്ത്‌ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുക, ചെറിയതോതില്‍ അവിഹിതബന്ധങ്ങള്‍ ഒപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇവര്‍ വ്യാപൃതരാണ്‌. ഗൂസിന്‍െറ അനിയനാണ്‌ റോക്കറ്റ്‌. ഈ സിനിമയില്‍ കഥപറയുന്നത്‌ റോക്കറ്റാണ്‌. അവന്‍െറ കാഴ്‌ചപ്പാടിലൂടെയാണ്‌ സംഭവങ്ങള്‍ ഓരോന്നും അവതരിപ്പിക്കുന്നത്‌. അക്രമത്തിന്‍െറ വഴി റോക്കറ്റിനിഷ്‌ടമല്ല. ജ്യേഷ്‌ഠന്‍ വഴിതെറ്റിയവനാണെന്ന്‌ അറിയാമെങ്കിലും റോക്കറ്റിന്‌ അവനെ വെറുക്കാനാവുന്നില്ല. അനിയന്‍ പഠിച്ചു വളരണം എന്നാഗ്രഹിക്കുന്നവനാണ്‌ ഗൂസും. ഫോട്ടോഗ്രാഫിയിലായിരുന്നു റോക്കറ്റിന്‌ താല്‌പര്യം. ജീവിതസത്യങ്ങള്‍ അതേപടി പകര്‍ത്തുക. ഇതാണ്‌ തന്‍െറ ദൗത്യമെന്ന്‌ അവന്‍ ചെറുപ്പത്തിലേ തിരിച്ചറിയുന്നു. റോക്കറ്റിന്‍െറ സമപ്രായക്കാരനാണ്‌ ലിറ്റില്‍ഡിസ്‌. റോക്കറ്റില്‍നിന്നും തികച്ചും ഭിന്നന്‍. അക്രമവാസന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവന്‍. കുട്ടിക്കാലത്തേ തോക്കേന്തിയവനാണ്‌ ലിറ്റില്‍ ഡിസ്‌. ആരെയും കൊല്ലാന്‍ മടിയില്ല. പണത്തിനുവേണ്ടി എന്തും ചെയ്യും. മൂവര്‍ സംഘത്തോടൊപ്പം മോട്ടല്‍ കൊള്ളയടിക്കാന്‍ പോയ ലിറ്റില്‍ ഡിസ്‌ കൊലയാളിയായിമാറുന്നത്‌ അവിടെ വെച്ചാണ്‌. ഒട്ടേറെപേരെ അവന്‍ വെടിവെച്ചു കൊല്ലുന്നു. അന്നവന്‌ പ്രായം പത്തില്‍താഴെ.
മൂവര്‍സംഘത്തിന്‍െറ തിരോധാനത്തോടെയാണ്‌ ലിറ്റില്‍ ഡിസ്‌ മുന്‍നിരയിലേക്ക്‌ വരുന്നത്‌. കാമുകിയുമൊത്ത്‌ ഒരു കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ഷാഗി പോലീസിന്‍െറ വെടിയേറ്റാണ്‌ മരിക്കുന്നത്‌. ഗൂസിനെ ലിറ്റില്‍ ഡിസ്‌ വെടിവെച്ചുകൊല്ലുന്നു. മൂന്നാമന്‍ ക്ലിപ്പറാവട്ടെ, അക്രമപാത ഉപേക്ഷിച്ച്‌ ദൈവവഴിയിലേക്ക്‌ തിരിച്ചുപോകുന്നു. ഇതോടെ, ലിറ്റില്‍ ഡിസ്‌ നായകനാവുകയാണ്‌. പതിനെട്ടാം ജന്മദിനമായപ്പോഴേക്കും അവന്‍ `സിറ്റി ഓഫ്‌ ഗോഡി'ലെ അധോലോകസംഘത്തിന്‍െറ തലവനായിത്തീര്‍ന്നിരുന്നു. നിക്കറുമിട്ട്‌, കൈയില്‍ തോക്കുമായേ എപ്പോഴും നടക്കൂ. തോക്കുകളുമായി ഒരു സംഘം അനുയായികളും കൂടെയുണ്ടാവും. ലിറ്റില്‍ ഡിസ്‌ എന്ന പേര്‌ ചുരുങ്ങി `ലില്‍സ്‌' എന്നായി മാറി. എതിര്‍സംഘങ്ങളെ ഒന്നൊന്നായി വകവരുത്തി അവന്‍ മേധാവിത്വം ഉറപ്പിക്കുന്നു. കൊള്ളയും മയക്കുമരുന്നുവ്യാപാരവും വഴി സമ്പത്ത്‌ വാരിക്കൂട്ടുന്നു. മുന്തിയതരം ആയുധങ്ങള്‍ വാങ്ങുന്നു. ഭീകരപ്രവര്‍ത്തനത്തിലൂടെ പണവും അധികാരവും നേടുകയായിരുന്നു അവന്‍െറ ലക്ഷ്യം. ഇപ്പുറത്ത്‌, ലിറ്റില്‍ ഡിസ്സിന്‍െറ കണ്‍വെട്ടത്തുനിന്ന്‌ മാറിനില്‌ക്കാനായിരുന്നു എന്നും റോക്കറ്റിന്‌ താത്‌പര്യം. ഒരു ക്യാമറ സ്വന്തമാക്കാന്‍ അവന്‍ പല ജോലികളും ചെയ്‌തു. തന്‍െറ പ്രണയിനി ആഞ്‌ജലിക്കയെ സുഹൃത്തായ ബെന്നി സ്വന്തമാക്കിയത്‌ അവന്‍ വേദനയോടെ അറിഞ്ഞു. ലിറ്റില്‍ ഡിസ്സിന്‍െറ വലംകൈ ആയിരുന്നു ബെന്നി. അല്‌പം മനുഷ്യത്വമൊക്കെയുണ്ട്‌ ഈ ചെറുപ്പക്കാരന്‌. എല്ലാറ്റില്‍നിന്നും ഒഴിഞ്ഞ്‌ ആഞ്‌ജലിക്കയുമൊത്ത്‌ സ്വസ്ഥമായ ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന്‌ ബെന്നി ആഗ്രഹിച്ചെങ്കിലും അത്‌ നടന്നില്ല. കൂട്ടുകാരോട്‌ വിടപറയാനായി ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ബെന്നി വെടിയേറ്റുമരിക്കുന്നു. ലിറ്റില്‍ ഡിസ്സിനെ ലക്ഷ്യമാക്കി വെച്ച വെടിയാണ്‌ ബെന്നിക്ക്‌ കൊണ്ടത്‌. ബെന്നിയുടെ മരണം ഡിസ്സിനെ തളര്‍ത്തി. അന്നാദ്യമായി അവന്‍ കരഞ്ഞു.
ഒരു പത്രത്തില്‍ എത്തിപ്പെട്ട റോക്കറ്റ്‌ അധോലോകസംഘത്തിന്‍െറ ചിത്രങ്ങളിലൂടെ പ്രശസ്‌തനായി. ബെന്നി അവന്‌ സമ്മാനിച്ച ക്യാമറകൊണ്ടാണ്‌ ചിത്രങ്ങളെടുത്തത്‌. മറ്റൊരു ഫോട്ടോഗ്രാഫര്‍ക്കും കടന്നുചെല്ലാനാവാത്ത `സിറ്റി ഓഫ്‌ ഗോഡി'ല്‍ റോക്കറ്റിന്‌ ലിറ്റില്‍ ഡിസ്‌ എല്ലാ സഹായവും ചെയ്‌തുകൊടുക്കുന്നു. എങ്ങനെയും തന്‍െറ ചിത്രങ്ങള്‍ പത്രത്തില്‍ അടിച്ചുവരാന്‍ അവന്‍ മോഹിച്ചു. ലിറ്റില്‍ ഡിസ്സിന്‍െറയും സംഘത്തിന്‍െറയും ചിത്രം ഒന്നാംപേജില്‍ത്തന്നെയാണ്‌ അടിച്ചുവരുന്നത്‌. അതുവരെ, പത്രവിതരണത്തില്‍ സഹായിച്ചിരുന്ന റോക്കറ്റ്‌ ഫോട്ടോഗ്രാഫറുടെ റോളിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. ലിറ്റില്‍ ഡിസ്സിന്‍െറ സംഘത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ അവന്‌ കിട്ടിയ നിര്‍ദേശം.

ലിറ്റില്‍ ഡിസ്സിന്‌ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു അധോലോകസംഘമായിരുന്നു കാരറ്റിന്‍േറത്‌. അവര്‍ ഇടയ്‌ക്കിടെ ഏറ്റുമുട്ടി. റോക്കറ്റിന്‍െറ സാന്നിധ്യത്തിലായിരുന്നു അവസാനത്തെ ഏറ്റുമുട്ടല്‍. ഇരുഭാഗത്തും ഒട്ടേറെപ്പേര്‍ വെടിയേറ്റുവീണു. കാരറ്റും ലിറ്റില്‍ഡിസ്സും പോലീസ്‌ പിടിയിലായി. പക്ഷേ, പണം വാങ്ങി പോലീസ്‌ ഡിസ്സിനെ മോചിപ്പിച്ചു. തലവനില്‍നിന്ന്‌ തോക്കുകള്‍ സമ്മാനമായി ഏറ്റുവാങ്ങിയ സംഘാംഗങ്ങള്‍തന്നെ ലിറ്റില്‍ ഡിസ്സിനെ വെടിവെച്ചുകൊല്ലുന്നു. ഈ രംഗങ്ങളെല്ലാം ചൂടോടെ ക്യാമറയില്‍ പകര്‍ത്തിയ റോക്കറ്റ്‌ അവയെല്ലാം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. മറ്റാര്‍ക്കും കിട്ടാത്ത എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങള്‍. ഡിസ്സിന്‍െറ അനുയായികള്‍ കൂടുതല്‍ ആവേശത്തോടെ തോക്കുമേന്തി തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നിടത്ത്‌ സിനിമ അവസാനിക്കുകയാണ്‌. `ദൈവത്തിന്‍െറ നഗര'ത്തില്‍ വെടിയൊച്ചകള്‍ നിലയ്‌ക്കുന്നില്ലെന്ന്‌ സംവിധായകന്‍ പറയുന്നു.
റിയോ ഡി ജനീറോവിലെ ചേരിയില്‍ വളര്‍ന്നുവലുതായ പൗലോ ലില്‍സിന്‍െറ ആത്മാംശമുള്ള നോവലാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌'. നന്നായി വിറ്റുപോയ കൃതിയാണിത്‌. ഇതിന്‍െറ ശീര്‍ഷകത്തില്‍ത്തന്നെ വൈരുധ്യത്തിന്‍െറ കറുത്ത ചിരി ഒളിഞ്ഞിരിപ്പുണ്ട്‌. ഇതായിരിക്കണം ഒരുപക്ഷേ, സംവിധായകനെ ഈ കൃതിയിലേക്കാകര്‍ഷിച്ച പ്രധാന ഘടകം. 2002-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്‌. മികച്ച ഛായാഗ്രഹണം, എഡിറ്റിങ്‌, തിരക്കഥ, സംവിധാനം എന്നിവയ്‌ക്കുള്ള അക്കാദമി അവാര്‍ഡിന്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. ലോകത്ത്‌ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറു സിനിമകളില്‍ ഒന്നായി `സിറ്റി ഓഫ്‌ ഗോഡി'നെ `ടൈം' വാരിക തിരഞ്ഞെടുത്തിട്ടുണ്ട്‌. `പ്രേക്ഷകരെ അസ്വസ്ഥരും സ്‌തബ്‌ധരുമാക്കുന്ന സിനിമ' എന്നാണ്‌ ടൈമിന്‍െറ വിശേഷണം. ബ്രസീലില്‍ വന്‍ ബോകേ്‌സാഫീസ്‌ വിജയം നേടിയ ചിത്രമാണിത്‌.

ഇതിവൃത്തത്തിന്‍െറ സ്വഭാവത്തിനിണങ്ങിയ മട്ടിലാണ്‌ ചിത്രീകരണം. വരച്ചുതയ്യാറാക്കിയ, ചെത്തിമിനുക്കി ഭംഗിയാക്കിയ ദൃശ്യങ്ങള്‍ ഈ സിനിമയില്‍ കാണാനാവില്ല. ഡോക്യുമെന്‍ററി രീതിയിലുള്ള നേരിട്ടുള്ള കാഴ്‌ചകള്‍ക്കാണ്‌ മുന്‍തൂക്കം. ഇരുട്ടാണ്‌ പല രംഗങ്ങളെയും കീഴടക്കുന്നത്‌. പല രംഗങ്ങളിലും കഥാപാത്രങ്ങളില്‍നിന്ന്‌ കഥാപാത്രങ്ങളിലേക്ക്‌ ക്യാമറ ചാഞ്ചാടി നടക്കുകയാണ്‌. ദൃശ്യങ്ങള്‍ ചിലപ്പോള്‍ മിന്നല്‍വേഗത്തിലാണ്‌ വന്നുമറയുന്നത്‌. ഒരു കഥാപാത്രത്തെയും ക്യാമറ തുടര്‍ച്ചയായി നിരീക്ഷിക്കുന്നില്ല. ഭാവതീവ്രത പ്രകടപ്പിക്കാനുള്ള ക്ലോസപ്പ്‌ ഷോട്ടുകള്‍ തീരെ കുറവാണ്‌. സ്ലോമോഷന്‍, ഒരു രംഗത്തുതന്നെ രണ്ടു ദൃശ്യങ്ങള്‍ ചേര്‍ത്തുവെക്കുന്ന രീതി, ഒരു ദൃശ്യം മറ്റൊന്നില്‍ ലയിപ്പിക്കുന്ന രീതി-ഇങ്ങനെ എല്ലാ സങ്കേതങ്ങളും സംവിധായകന്‍ അവലംബിക്കുന്നതു കാണാം. ആദ്യം കാണിച്ച ചില രംഗങ്ങള്‍ പിന്നീട്‌ ആവര്‍ത്തിക്കുന്നതും കാണാം. വെറുതെ ആവര്‍ത്തിക്കുകയല്ല. ആദ്യം പറയാതെ വിട്ടുകളഞ്ഞ ചില ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌ ഈ രംഗങ്ങളില്‍.സിനിമ ചിത്രീകരിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന നിയന്ത്രണം പിന്നീട്‌ അയഞ്ഞുപോയെന്ന്‌ സംവിധായകന്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അവസാനഭാഗങ്ങളില്‍ അഭിനേതാക്കളുടെ ചെയ്‌തികള്‍ക്കു പിന്നാലെ ക്യാമറ നീങ്ങുകയാണ്‌. അവരുടെ പെരുമാറ്റങ്ങളെ അതേപടി പകര്‍ത്തുകയാണ്‌ ക്യാമറ. ചിലയിടത്ത്‌ എഡിറ്റിങ്‌ നിയമങ്ങളും ലംഘിക്കുന്നതു കാണാം. തീരെ ദൃശ്യസുഖം തരാത്ത, ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയ രൂപങ്ങള്‍പോലും മുറിച്ചുമാറ്റാതെ അതേപടി ഉപയോഗിച്ചിട്ടുണ്ട്‌. ഇതൊക്കെ മനഃപൂര്‍വം തന്നെ നിലനിര്‍ത്തിയതാണെന്ന്‌ സംവിധായകന്‍ പറയുന്നു.
നായകന്‍ ഉള്‍പ്പെടെ മിക്ക കഥാപാത്രങ്ങളും നേരെ തെരുവില്‍നിന്ന്‌ വന്നുകയറുകയായിരുന്നു. മുമ്പ്‌, ക്യാമറ കണ്ടിട്ടുള്ളവരും ക്യാമറയ്‌ക്കുമുന്നില്‍ നിന്നിട്ടുള്ളവരും നന്നേ കുറവ്‌. അറുപതോളം പേരെ സിനിമയ്‌ക്കായി വേണ്ടിവന്നു. അഞ്ചോ ആറോ മാസം അവര്‍ക്ക്‌ പരിശീലനം കൊടുത്തു. എങ്ങനെ അഭിനയിക്കണമെന്നു പഠിപ്പിക്കാനല്ല; എങ്ങനെ ക്യാമറയ്‌ക്കു മുന്നില്‍ പെരുമാറണമെന്നു പഠിപ്പിക്കാന്‍. (1988-ല്‍ ഇറങ്ങിയ മീരാ നായരുടെ `സലാം ബോംബെ'യിലും ഇതേപോലെ ഒട്ടേറെ തെരുവുസന്തതികള്‍ അഭിനയിച്ചിട്ടുണ്ട്‌. അന്ന്‌, ഈ കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പടം റിലീസായിക്കഴിഞ്ഞപ്പോള്‍ `സലാം ബാലക്‌ ട്രസ്റ്റ്‌' രൂപവത്‌കരിച്ച്‌ ഈ കുട്ടികളെ തെരുവില്‍നിന്ന്‌ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി.) `ക്യാമറയ്‌ക്കുമുന്നില്‍ എന്താണ്‌ ചെയ്യേണ്ടതെന്നു ഞങ്ങള്‍ അവരെ പഠിപ്പിച്ചു. പകരം, ചേരികളിലെ യഥാര്‍ഥ ജീവിതം എന്തെന്ന്‌ അവര്‍ ഞങ്ങളെയും പഠിപ്പിച്ചു'-സംവിധായകന്‍ പറയുന്നു. സിനിമ പുറത്തിറങ്ങിയശേഷം ഈ കുട്ടികള്‍ക്കായി സന്നദ്ധ സംഘടനയുണ്ടാക്കി സംവിധായകനും മറ്റും അവരെ സഹായിക്കുകയുണ്ടായി.
പ്രമേയത്തിന്‍െറ അടിസ്ഥാനസ്വഭാവത്തിലേക്ക്‌ സൂചന നല്‍കിക്കൊണ്ടാണ്‌ ചിത്രം തുടങ്ങുന്നത്‌. അധോലോകത്തെ ഒരു ആഘോഷവേളയിലേക്കാണ്‌ ആദ്യം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. കത്തിയണയ്‌ക്കുന്ന ദൃശ്യമാണ്‌ തുടക്കത്തില്‍. കൊലക്കത്തിക്കിരയാകുന്ന കോഴികളും അവയെ ചുട്ടെടുക്കുന്ന ദൃശ്യങ്ങളും കൊട്ടും നൃത്തച്ചുവടുകളും ഗ്ലാസില്‍ നിറയുന്ന മദ്യവുമൊക്കെ അതിവേഗമാര്‍ന്ന കട്ടുകളിലൂടെ മിന്നിമറയുന്നു. കെട്ടിയിട്ട ചരടില്‍നിന്ന്‌ മോചനം നേടുന്ന ഒരു കോഴി ജീവനുംകൊണ്ടോടുന്ന ദൃശ്യമാണ്‌ അടുത്തത്‌. കോഴിയെ പിടിക്കാനായി തെരുവുനിറഞ്ഞോടുന്ന കുറെ ചെറുപ്പക്കാര്‍. എല്ലാവരുടെ കൈകളിലും തോക്ക്‌. ലിറ്റില്‍ ഡിസ്സും സംഘവുമാണത്‌. എതിര്‍ദിശയില്‍, ക്യാമറയും തോളില്‍ത്തൂക്കി കൂട്ടുകാരനൊപ്പം നടന്നുവരുന്ന റോക്കറ്റ്‌. നടുറോഡില്‍ ഇരുവരും അധോലോക സംഘവുമായി മുഖാമുഖം നില്‍ക്കുന്ന ദൃശ്യമാണ്‌ അടുത്തത്‌. പിന്നില്‍ പോലീസും നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. അന്തരീക്ഷസൃഷ്‌ടിക്കുശേഷം സംവിധായകന്‍ കഥയിലേക്ക്‌ കടക്കുകയാണ്‌. റോക്കറ്റിനു ചുറ്റും കറങ്ങുന്ന ക്യാമറ ചെന്നെത്തിനില്‍ക്കുന്നത്‌ അറുപതുകളിലെ ഒരു സായാഹ്നത്തില്‍. മഞ്ഞവെയിലില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്‌. അവിടെ എല്ലാ കഥാപാത്രങ്ങളുമുണ്ട്‌. അവരുടെ സ്വഭാവവിശേഷങ്ങളിലേക്കുള്ള ഒരെത്തിനോട്ടത്തിനുശേഷം കഥ തുടങ്ങുകയായി. നിയമങ്ങളില്ലാത്ത, നിയന്ത്രണങ്ങളില്‍ ഒതുങ്ങാത്ത തെരുവുകളില്‍ ജീവിച്ച്‌ ഒടുങ്ങേണ്ടിവരുന്ന കുറെ ചെറുപ്പക്കാരുടെ കഥ. `ദൈവത്തിന്‍െറ നഗര'ത്തില്‍ കാണാന്‍ പാടില്ലാത്ത കാഴ്‌ചകളൊരുക്കി അവര്‍ നമ്മെ വിളിക്കുകയാണ്‌-``വരൂ, വന്നീ തെരുവിലെ രക്തം കാണൂ.''